ടി.ആര്‍, എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ടി.രാമചന്ദ്രന്‍ എന്ന കഥാകാരന്‍ ഓര്‍മയായിട്ട് ഇരുപത്തൊന്ന് കൊല്ലം. ടി.ആറിന്റെ കഥകളെന്ന പോലെത്തന്നെ ടി.ആറിന്റെ ജീവിതവും ഇപ്പോഴും ഒരു പ്രഹേളികയായി അവശേഷിക്കുന്നു.
ടി. ആര്‍. രചിച്ച ഏറ്റവും വിഭ്രാമകമായ, ഏറ്റവും മികച്ച കഥ, ടി.ആറിന്റെ ജീവിതം തന്നെയായിരിക്കണം. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ട് ഗാഢമായ ബന്ധത്തിലേക്ക് എത്തുമ്പോഴേക്കും ടി. ആര്‍. ഏതാണ്ട് കഥയെഴുത്ത് നിര്‍ത്തിയിരുന്നു എന്നുപറയാം.പിന്നീടങ്ങോട്ടുള്ള കാലം കഥ എഴുതുകയല്ല കഥ ആടുകയായിരുന്നു അദ്ദേഹം. ജീവിതത്തെത്തന്നെ ഒരു കഥയാട്ടമാക്കി മാറ്റല്‍. ഒരേ ആള്‍ തന്നെ കഥാപാത്രവും കഥാകാരനും പ്രകാശകനുമായി പകര്‍ന്നാടുന്ന കഥനാട്ടം. കഥാകളിയാട്ടം. ''കോനാരി'', ''കോരുന്ന്യേടത്ത് കോമുട്ടി'' എന്നീ കഥകള്‍ ''ആട്ട''ക്കഥകളായിരുന്നുവല്ലോ. അതിനു ശേഷമുള്ള കഥകളിലാകട്ടെ ആട്ടം നിലയ്ക്കുകയോ നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിരുന്നു. കഥയുടെ നീരൊഴുക്ക് കടലാസ്സില്‍ നിലച്ചപ്പോള്‍  ഉടലില്‍, ഉയിരില്‍, ദൈനന്ദിന ജീവിതത്തില്‍, പകര്‍ന്നാടേണ്ട ഒരു കലാരൂപമായി വികസിപ്പിക്കപ്പെട്ടു പിന്നീടങ്ങോട്ട് കഥ. അതോടെ കഥയും ജീവിതവും കുഴമറിഞ്ഞു. ഞാന്‍ കാണുമ്പോഴേയ്ക്കും ഒരു മുഴുനീള കഥയാട്ടക്കാരനായിക്കഴിഞ്ഞിരുന്നു ടി.ആര്‍.
 
ഭാരതീയവിദ്യാഭവനില്‍ ഒരു സാഹിത്യ യോഗം നടക്കുന്ന സന്ദര്‍ഭത്തിലാണ് ടി.ആറിനെ ആദ്യമായിക്കാണുന്നത് . കോട്ടയം ഗവണ്മെന്റ് കോളേജില്‍ ബി.എ. എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരേ സമരം നടത്തിയതുമായി ബന്ധപ്പെട്ട കുഴപ്പങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ ടി.സി. വാങ്ങി എറണാകുളം മഹാരാജാസില്‍ ബി.എ. മൂന്നാം കൊല്ല വിദ്യാര്‍ഥിയായി ചേര്‍ന്ന കാലം. എഴുപതുകളുടെ അപരാര്‍ദ്ധം. രാവിലെ 10 മണിക്ക് യോഗം ആരംഭിച്ചു. സുകുമാര്‍ അഴീക്കോടിനെപ്പോലുള്ള പ്രഗത്ഭമതികള്‍ സന്നിഹിതരായിട്ടുണ്ട്. പതിവുപോലെ സംഘാടകനും പ്രാസംഗികനും യോഗസംവിധായകനുമായി എന്റെ പിതാവ് സി.പി. ശ്രീധരന്‍ അങ്ങോളമിങ്ങോളമുണ്ട്. പ്രഗത്ഭ സാഹിത്യകാരന്മാരുടെ ഒരു നീണ്ടനിര തന്നെ വേദിയില്‍ എഴുന്നള്ളിയിട്ടുണ്ട്. ടി. ആര്‍. എന്ന കഥകാരനെ, 'നാടോടിപ്പാട്ടുകളില്‍', 'ഇതിഹാസപുരാണങ്ങളില്‍', കേട്ടിട്ടുണ്ടെന്നല്ലാതെ നേരില്‍ കണ്ടിട്ടില്ല.  അന്നദ്ദേഹം മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് പ്രഫസറാണ്. യോഗത്തിന്റെ ഇടവേളയില്‍, ഏതാണ്ട് പതിനൊന്നര, പന്ത്രണ്ട് മണി സമയത്ത്, പൂര്‍ണ്ണമായും ഷേവു ചെയ്ത്, മുണ്ട് മടക്കിക്കുത്തി, മുറുക്കിച്ചുവപ്പിച്ച അധരങ്ങളോടെ, ശരീരമുടനീളം പടര്‍ന്നുവിടര്‍ന്നൊഴുകുന്ന, ഒരു പ്രത്യേകതരം ചിരി ഉതിര്‍ത്തുകൊണ്ട്  കൂട്ടുകാരാല്‍ പരിവൃതനായി ഒരു യുവസുഭഗന്‍ അവിടെ എത്തി. ആരോ പരിചയപ്പെടുത്തി: ''ഇതാണ് ടി.ആര്‍''. കറുത്ത് ചുരുണ്ട തലമുടി, വിശാലമായ നെറ്റിത്തടം, കുസൃതി നിറഞ്ഞ കണ്ണുകള്‍. ഏതോ ജന്മാന്തരബന്ധുവിനെ പ്പോലെ വാല്‍സല്യത്തോടെ ചിരിച്ച്, അദ്ദേഹം എന്നെ ഏറ്റുവാങ്ങി. ഞാന്‍ തേടി നടന്നയാള്‍, പരാജിതരുടെ വീരനായകന്‍,  കുരുത്തം കെട്ടവരുടെ ഗുരു, ഇതു തന്നെ എന്ന് ഉള്ളം കൃതാര്‍ത്ഥമായി. പിന്നീടങ്ങോട്ട് പലതരം ചിരികള്‍ ടി.ആറിന്റെ മുഖഭാവത്തില്‍ മിന്നി മറയുന്നത് ഞാന്‍ കണ്ടു. പുച്ഛവും പരിഹാസവും, സ്‌നേഹവും, സൗഹൃദവും, വാല്‍സല്യവും, ക്രോധവും,സ്വപ്നവും  ഒക്കെ മിന്നി മായുന്ന ഒരു പ്രത്യേകതരം ചിരി. ചിരി പരമ്പരകള്‍.ഒരു ചാക്യാറിന്റെ ചിരി. കോമരച്ചിരി, അവധൂതച്ചിരി. ചിലപ്പോള്‍ യോഗിയുടെ ചിരി. ചിലപ്പോള്‍ യോഗഭ്രഷ്ടന്റെ ചിരി. ചിരിയാട്ടം തുടര്‍ന്ന് കൊണ്ടേയിരുന്നു. യോഗത്തിന്റെ അദ്ധ്യക്ഷന്‍, ഉദ്ഘാടകന്‍, എന്നിങ്ങനെ വേദിയില്‍ പ്രതാപികളായി തിളങ്ങിനില്‍ക്കുന്ന, ഗര്‍ജ്ജിക്കുന്ന സാഹിത്യ കേസരികളെല്ലാം തന്നെ സംബന്ധിച്ചിടത്തോളം പരിഹാസ വസ്തുക്കള്‍ എന്ന ഭാവം. അതേ സമയം അവരുടെ അധഃപതനത്തെയോര്‍ത്ത് സഹതപിക്കുന്ന ഭാവം. ചിലപ്പോള്‍ അവരിലെ പ്രതിഭാ സ്ഫുരണങ്ങളെ ആദരിക്കുന്ന, ആസ്വദിക്കുന്ന ഭാവം. സാഹിത്യ യശഃപ്രാര്‍ഥികളായവരെ കളിയാക്കിക്കൊല്ലുന്ന ചിരി. പതിവ് പോലെ അദ്ദേഹം മദ്യപിച്ചിരുന്നിരിക്കണം. മദ്യഗന്ധം മറ്റുള്ളവരില്‍ നിന്നു മറച്ചു വയ്ക്കാനായി ഇടയ്ക്കിടെ കൈത്തലങ്ങള്‍ കൊണ്ട് വായ്‌പൊത്തിപ്പിടിക്കുന്ന ആംഗ്യപ്രകടനം ഇതിനകം കഥകളി മുദ്രയായി വികസിക്കപ്പെട്ടിരുന്നു. കലാമണ്ഡലത്തില്‍ താന്‍ കഥകളി അഭ്യസിച്ചിരുന്നു എന്നദ്ദേഹം ഒരു സൗഹൃദസദസ്സില്‍ പ്രസ്താവിച്ചപ്പോള്‍ അത് കഥയോ വാസ്തവമോ എന്ന സംശയത്തോടു കൂടിയാണ് ഞങ്ങള്‍ കേട്ടതെങ്കിലും അഭിനയകലയില്‍ ടി.ആര്‍.അദ്വിതീയനായിരുന്നുവെന്ന കാര്യം ഇപ്പോള്‍ എനിക്ക് വ്യക്തമാവുന്നു. ചിരകാലപരിചിതനായ ഒരു ബന്ധുവെപ്പോലെ, സുഹൃത്തിനെപ്പോലെ, അടിമുടി ചിരി തൂകിക്കൊണ്ടിരുന്ന ആ തേജസ്വരൂപത്തെ  ഹൃദയത്തില്‍ ഏറ്റുവാങ്ങി. ആ ചിരിയില്‍ ജ്ഞാനസ്‌നാനം ചെയ്തു. ടി.ആറിന്റെ കളരിയില്‍ ഞാനംഗമാവുന്നതന്നു മുതലാണ്. 
ടി. ആറിന്റെ ഗുരുകുലത്തില്‍, സാഹിത്യക്കളരിയില്‍ പഠിച്ചു കളിച്ചു വളര്‍ന്നവരായിരുന്നു ഞങ്ങള്‍: വേണു ദേശം, കെ. എന്‍ ഷാജി, ശങ്കരന്‍ നമ്പൂതിരി, ഗോപകുമാര്‍, സുനില്‍, ''പട്ടാളം'' വേണു, ''ആലുവാ'' ഗോപി, അങ്ങനെ പലരും. എല്ലാവരും കോളേജ് വിദ്യാര്‍ഥികളായിരുന്നു. ഒന്നുകില്‍ മഹാരാജാസ് കോളേജ് അല്ലെങ്കില്‍ ആലുവാ യു.സി. കോളേജ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള വന്‍കളരികളിലെല്ലാം ഇതിനകം അംഗത്വം നേടിയിരുന്ന ബാലന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ളവരും ഇടയ്ക്കിടെ ആ കളരിയില്‍ അന്തേവാസികളായെത്തിയിരുന്നു. പ്രസിദ്ധ ശില്പിയും ചിത്രകാരനുമായ ഷംസുദ്ദീന്‍ മൂസ,  കലാമണ്ഡലം കേശവന്റെ മകന്‍ ശശിധരന്‍, വയനാട്ടുകാരനായ പ്രദീപ്കുമാര്‍, തുടങ്ങിയ പലരും കളരിയ്ക്ക് താങ്ങും തണലുമായുണ്ടായിരുന്നു. 
കലയില്‍, കഥയില്‍, അഭിനിവേശമുള്ളവരായിരുന്നു ആ ഗുരുകുലത്തിലെ അംഗങ്ങള്‍. എഴുത്തില്‍ രഹസ്യമായി പരാജയമടഞ്ഞ, കലയുമായുള്ള ആദ്യപ്രേമം പൊളിഞ്ഞ് സാഹിത്യ(പ്രണയ) നൈരാശ്യം ബാധിച്ചവര്‍, സമകാലീന എഴുത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് എഴുത്താണി എവിടെയോ വലിച്ചെറിഞ്ഞവര്‍ (ടി. ആറിന്റെ കോണാര്‍ വാള്‍ മടയിലെറിഞ്ഞപോലെ), കലയോടും കാലത്തോടുമുള്ള സത്യസന്ധതയും പ്രതിബദ്ധതയും മൂത്ത് എഴുത്ത് നിര്‍ത്തിയവര്‍ (അക്കാലത്ത് അതൊരു ഫാഷനും കൂടിയായിരുന്നു), സിദ്ധികള്‍ ധൂര്‍ത്തടിച്ച മുടിയരായ പുത്രന്മാര്‍, അങ്ങനെ പലതരത്തിലുള്ള കലാരോഗികള്‍.  കഥയെഴുതുന്നവരെക്കാള്‍ കഥയാട്ടക്കാര്‍ക്കായിരുന്നു മുന്‍ഗണന. ഓരോരുത്തരും അവിടെ കഥാപാത്രങ്ങളായി.കഥ ജീവിതത്തില്‍ perform ചെയ്യുക. ടി.ആറിന്റെ നാടകീയമായ ഡയലോഗുകള്‍ക്കായി ശിഷ്യന്മാര്‍ കാതോര്‍ത്തു. ശിഷ്യന്മാരുടെ ഡയലോഗുകള്‍ ഗുരു ആസ്വദിക്കുകയും തിരുത്തുകയും ശ്രേഷ്ഠമായതിന് ഉയര്‍ന്ന മാര്‍ക്കുകള്‍ നല്‍കുകയും ചെയ്തു.
 
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ഉല്‍സവകാലത്തിന്റെ കേളികൊട്ടായിരുന്നു അത്. ചരിത്രാതീതമായ ഒരു ഗോത്രകാലം, പ്രാകൃത കമ്മ്യൂണിസം. കള്ളവും ചതിയും പൊളിവചനവുമില്ലാത്ത കാലം. ഉറഞ്ഞാടുന്ന കോമരമായി, ചാക്യാരായി, ഗോത്രനട്ടുവനായി, കേളീ നായകനായി, മേളപ്രമാണിയായി ടി.ആര്‍. ഒരേ സമയം പച്ചയും കത്തിയുമാടി. രൗദ്രപുഛം എന്ന നവീനരസത്തെ മുഖ്യസ്ഥാനത്ത് നിര്‍ത്തി നവരസങ്ങള്‍ പുതുതായി ചിട്ടപ്പെടുത്തി. ഓരോ ദിവസവും നവനവീനമായി. ഓരോ രാത്രിയും നവരാത്രിയായി. ചിലത് കാളരാത്രിയും. അറിവ് ആഘോഷമാണെന്ന് ആനന്ദമാണെന്ന് കേളിയാണെന്ന് ആദ്യമായി പഠിപ്പിച്ച് തന്നത് ടി.ആര്‍. ആണ്.
 
 പത്രപ്രവര്‍ത്തകനും ആസ്ഥാനദിവ്യനും പുറമേ സിനിക്കും അകമേ സ്‌നേഹവാനുമായ പൈലി സാറിനേയും, കഥാകോവിദനായ, സ്‌നേഹപ്രഭുവായ കാക്കനാടനേയും ടി.ആര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നു. ഇംഗ്ലീഷ് ഭാഷയിലേക്കും, ലോക സാഹിത്യത്തിലേക്കും, കലയിലേക്കും വാതില്‍ തുറന്നു. മാര്‍ഷല്‍ മക് ല്യൂഹനെയും,  ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ്, താരീക്ക് അലി, തുടങ്ങിയ നിയോലെഫ്റ്റുകളെയും, ഗുന്തര്‍ ഗ്രാസ്സ് തുടങ്ങിയ നോവലിസ്റ്റുകളെയും പരിചയപ്പെടുത്തിത്തന്നത് ടി.ആറായിരുന്നു. സമകാലീന ലോകസംഭവങ്ങളെയും ചിന്തകളേയും അനുഭവങ്ങളേയും പിന്തുടരുവാനും തിരിച്ചറിയുവാനുമുള്ള ഔല്‍സുക്യം സൃഷ്ടിച്ചതും ടി.ആര്‍. തന്നെ.  ഗൗരവമായ വായനകളിലേക്കും അതോടൊപ്പം മദ്യപാനസദസ്സുകളിലേക്കും ആ സൗഹൃദം ഞങ്ങളെ ആനയിച്ചു. പലപ്പോഴും താമസം ടി.ആറിന്റെ വീട്ടില്‍ തന്നെയാക്കി. പാചകവിദുഷിയായിരുന്ന വല്‍സലച്ചേച്ചി ഞങ്ങള്‍ക്ക് ചോറും കറിയും സ്‌നേഹവും വാല്‍സല്യവും വിളമ്പിത്തന്നു. സ്‌നേഹവും, ആഘോഷവും, പഠനവും സൗഹൃദമേളകളും മാത്രം. നീത്‌ചെയുടെ ഭാഷയില്‍ പറഞ്ഞാല്‍ ടി. ആര്‍. ഗുരു എന്നതിനേക്കാള്‍ സഹപ്രവര്‍ത്തകനും സഹകേളീകാരനും സഹാഘോഷകനും ആയിരുന്നു. ഞങ്ങള്‍ ഒരു കമ്മ്യൂണ്‍ ആയി. ഒരു സമാന്തര സമൂഹമായി. വീട്ടുകാര്‍ ഉദാരമതികളായിരുന്നതിനാല്‍ ടി.ആറിന്റെ വീട്ടില്‍പ്പോകുവാനും താമസിക്കുവാനുമുള്ള അനുമതി എപ്പൊഴും ഉണ്ടായിരുന്നു. പഠനമേളകളോടൊപ്പം മദ്യപാനമേളകളും ആഘോഷങ്ങളും മുറുകി. ഉന്മാദത്തിന്റെ പടിവാതിലെത്തും വരെ, ബോധാബോധാടനങ്ങളുടെ,സ്വപ്നാടനങ്ങളുടെ, മദ്യാടനങ്ങളുടെ, നടുവരമ്പുകളിലൂടെ, കാലാടാതെ, ഇടറാതെ, നടുവളയാതെ, നടക്കുവാന്‍ പഠിപ്പിച്ചത് ടിആറാണ്.
 
'ജാസ്സക്കിനെ കൊല്ലരുത്'' എന്ന പുതിയ കഥാസമാഹാരം പ്രസിദ്ധീകരിക്കുമ്പോള്‍ അതിനവതാരികയായി കൊടുക്കുവാന്‍ ഒരു ചെറു പഠനം എഴുതിത്തരണമെന്ന് ടി.ആര്‍. എന്നോട് നിര്‍ദ്ദേശിച്ചു. എന്റെ അനഭിജ്ഞതയെപ്പറ്റി പൂര്‍ണ്ണബോധവാനായിരുന്ന ഞാന്‍ ഞെട്ടി.  ''എനിക്ക് കഥയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും ഒന്നും അറിയില്ല'' എന്ന് ജാമ്യം തേടി. ''അത് കൊണ്ടാണ് വിനോദ് തന്നെ എഴുതണമെന്ന് പറയുന്നത്'' എന്നായി ടി.ആര്‍. എഴുത്തിനെപ്പറ്റിയുള്ള എല്ലാ മുന്‍വിധികളും തകര്‍ക്കുന്ന ആ മനഃശാസ്ത്ര-സര്‍ഗ്ഗ നിര്‍ദ്ദേശം ഒരു പുതിയ വെളിവായി എന്നിലുദിച്ചു. ഞാനറിയാതെ തന്നെ ടി.ആര്‍. എന്നെ എഴുത്തിനിരുത്തുകയായിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കുന്നു. സര്‍ഗ്ഗാത്മകതയെ സംബന്ധിക്കുന്ന ഒരു വലിയ പാഠം. (പക്ഷേ വിലപ്പെട്ട മറ്റെല്ലാപാഠങ്ങളും പോലെ അതും ഞാന്‍ വഴിയിലുപേക്ഷിക്കുകയുണ്ടായി). അങ്ങനെയാണ് മഹാരാജാസ്സില്‍ ബി.എ.കഴിഞ്ഞ് ആലുവാ യു.സി. കോളേജില്‍ എം.എ.യ്ക്ക് ചേരുന്നതിനിടയ്ക്കുള്ള ആ അന്തരാളഘട്ടത്തില്‍ ''ജാസ്സക്കിനെക്കൊല്ലരുത്'' എന്ന കഥാസമാഹാരത്തിന് മുപ്പതോളം പേജ് നീണ്ട അവതാരിക ഞാനെഴുതുന്നത്. തീര്‍ച്ചയായും അതൊരു കേളീ ബിരുദമായി. 
TR and wife Valsala
ടി.ആറും ഭാര്യ വത്സലയും
ഉല്ലാസം നിറഞ്ഞ ഒരു ക്ലാസ്സ് മുറിയായിരുന്നു ടി.ആറിന്റെ വീട്. ഞങ്ങളെക്കൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളെഴുതിപ്പിച്ച് ഭാഷാശുദ്ധി വരുത്തിത്തന്നു. ആംഗലവ്യാകരണം മസ്തിഷ്‌ക്കത്തില്‍ മായാത്തവിധം കൊത്തിവച്ചു. ഇംഗ്ലീഷ് പഠനത്തിനായി എളുപ്പവഴി തേടി വന്ന പലരും ആ ഗുരുകുലത്തില്‍ ഇടക്കാലം അന്തേവാസികളായിച്ചേര്‍ന്നിരുന്നു. സിദ്ധികള്‍ കൈമോശം വന്നവരെ, 'തോല്‍വി'' ഐഛിക വിഷയമായെടുത്തവരെ എഴുത്തിനിരുത്തുന്ന കലാപീഠം. ''ഴ''കാരത്തിന്റെ വാമൊഴി, വരമൊഴി, വഴികളുടെ എഴുത്തഛന്‍.
ഞാന്‍ യു.സി. കോളേജില്‍ ചേര്‍ന്ന കാലത്താണ്  കേരളയൂണിവേഴ്‌സിറ്റി ഒരു സാഹിത്യക്യാമ്പ് നടത്തുന്നത്.  ആലുവാപ്പുഴയുടെ തീരത്തിലുള്ള തോട്ടുംമുഖം YMCAയുടെ മനോഹരമായ ഹരിതാങ്കണത്തിലായിരുന്നു ക്യാമ്പ്. ആ ക്യാമ്പിലെ സാഹിത്യ ചര്‍ച്ചയില്‍ ടി.ആര്‍. നടത്തിയ പ്രഭാഷണം, കഥയിലെയും സാഹിത്യത്തിലെയും ജീര്‍ണ്ണതകളെ അനാവരണം ചെയ്യുന്നതും പുതിയ കലാ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതും ആയിരുന്നു. ആ പ്രഭാഷണവും ചോദ്യങ്ങള്‍ക്കദ്ദേഹം നല്‍കിയ ഞെട്ടിക്കുന്ന ഉത്തരങ്ങളും, ടി.ആറിന്റെ പ്രതിഭയുടെ വിശ്വരൂപമെന്തെന്ന് വെളിവാക്കുന്നതായിരുന്നു. അന്നു രാത്രി ആലുവായു.സി.യിലെ സാഹിത്യകലാതല്പരായ പുതിയകൂട്ടുകാരും മഹാരാജാസ്സിലെ പഴയകൂട്ടുകാരും പലകളരികള്‍ കേറിമറിഞ്ഞവരും, കളരികള്‍ക്ക് വെളിയിലായവരും എല്ലാവരും ഒത്ത് ചേര്‍ന്ന് തെയ്യങ്ങളായി,പൂതങ്ങളായി പകര്‍ന്നാടിക്കൊണ്ട്  തോട്ടുംമുഖത്ത് നിന്ന് ആലുവാ പറവൂര്‍ക്കവല തിരിഞ്ഞ് യു.സി. കോളേജ് കവലവരെ ഒരു കലാഘോഷയാത്ര നടത്തി. പൂട്ടിയിട്ട കള്ളുഷാപ്പുകളെല്ലാം തട്ടിത്തുറന്ന്, താഴിട്ട മദ്യശാലകളുടെ കിളിവാതിലുകളില്‍ തെരുതെരെ മുട്ടി വിളച്ച്, തെരുവു നാടകങ്ങളാടി ടി.ആറിന് സ്‌നേഹാഭിവാദ്യങ്ങളര്‍പ്പിച്ചു മടങ്ങി.  ഗുരുകുലം വളര്‍ന്ന് തിടം വച്ചു. 
 
പിന്നീടങ്ങോട്ട് വിധ്വംസകമായ ഒരു സാഹിത്യ സാംസ്‌ക്കാരിക വിമര്‍ശന പ്രസ്ഥാനമായി ടി. ആര്‍.കളരി മാറുകയാണ്. പതുക്കെ പതുക്കെ എഴുത്തില്‍ നിന്നും പൊതുസമ്മേളനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങുന്ന ഒരു പ്രവണതയിലേക്ക് ടി.ആര്‍. മാത്രമല്ല ഞങ്ങളെല്ലാമെത്തിച്ചേര്‍ന്നു. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലേയും ജീവിതത്തിലേയും കാപട്യങ്ങളെ വെറുക്കുകയും, വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും ചെയ്തു. പ്രസിദ്ധിയ്ക്കും കയ്യടിക്കുമായി പൊള്ളയായ എഴുത്തിലും പ്രസംഗത്തിലും കരിയറിസത്തിലും വ്യാപൃതരായ സാഹിത്യ സാംസ്‌ക്കാരിക കലാതാരങ്ങളെ, വ്യവസ്ഥാപിതത്വത്തിന്റെ ഭാഗമായി മാറിയ പ്രഫസര്‍മാരെ, എല്ലാം അധിക്ഷേപിക്കുന്ന, ആക്രമിക്കുന്ന, ഒരു തീവ്രവിമര്‍ശനപ്രസ്ഥാനമായി പതുക്കെ ടി.ആര്‍. കളരി മാറുകയായിരുന്നു. 
 
സ്ഥാപകവല്‍ക്കൃതമായ എല്ലാ ജീര്‍ണ്ണതകളും ചോദ്യം ചെയ്യപ്പെട്ടു. പൊയ്മുഖങ്ങള്‍ വലിച്ചു കീറപ്പെട്ടു.വിപണീകൃതമായ എല്ലാ സംസ്‌ക്കാരിക പ്രസ്ഥാനങ്ങളും ജാര്‍ഗണുകളും, പഴഞ്ചന്‍ ഭാവുകത്വങ്ങളും ആക്രമിക്കപ്പെട്ടു. നവീനമാവുക, സത്യസന്ധമാവുക, വ്യത്യസ്ഥമാവുക അല്ലെങ്കില്‍ നശിക്കുക എന്നതായിരുന്നു മുദ്രാവാക്യം. സാംസ്‌ക്കാരിക സാഹിത്യ, കലാമേഖലയിലെ കപടവിഗ്രഹങ്ങളെ പരിഹസിച്ച് വിവസ്ത്രരാക്കുക എന്നതായി കളരിയുടെ മിനിമം പരിപാടി. ലോകപുച്ഛത്തിന്റെയും സാംസ്‌ക്കാരിക വിമര്‍ശനത്തിന്റെയും തെരുവുനാടകങ്ങളിലവസാനിച്ചു മദ്യപാനാഘോഷങ്ങള്‍. സാഹിത്യ യോഗങ്ങള്‍ കലക്കുക, സാഹിത്യനായകന്മാരെ വീടുകേറി ആക്ഷേപിക്കുക എന്നിവ ദൈനന്ദിനപരിപാടികളായി. കടം കൊണ്ട സംഭാഷണശൈലികളുമായി എത്തിച്ചേരുന്നവര്‍, തോപ്പില്‍ ഭാസിയുടെയും, കേശവദേവിന്റെയും ഒക്കെ ഡയലോഗുകള്‍ സംഭാഷണത്തില്‍ തിരുകിക്കയറ്റുന്നവര്‍ എല്ലാം തന്നെ ഗുരുശിഷ്യഭേദമെന്യേ നിഷ്‌ക്കരുണം ആക്രമിക്കപ്പെട്ടിരുന്നു.
 
 ഒരിക്കല്‍ ടി.ആറിനെക്കാണുവാനായി ഒരു സന്ധ്യാസമയത്ത്, തേവരയിലെ ഫ്‌ലാറ്റിലെത്തി അദ്ദേഹത്തെക്കാണാനുള്ള ധൃതിയോടെ ബെല്ലടിക്കാതെ തന്നെ ഓടി അകത്തേക്ക് പ്രവേശിച്ചു. അപരിചിതരായ പലരെയും അവിടെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ടി.ആറിന്റെ ഫ്‌ലാറ്റ് ആണെന്ന് കരുതി തെറ്റുപറ്റിപ്പോയതാണെന്നു പറഞ്ഞ് ഞാന്‍ ക്ഷമാപണം ചെയ്യുവാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്ന സ്ത്രീ എന്നെ സാന്ത്വനിപ്പിച്ചു. ''വിഷമിക്കേണ്ട, ടി.ആര്‍. മാഷും ഇടയ്ക്കിടെ ഇവിടെ തെറ്റിക്കേറാറുണ്ട്''. അതായത് ശിഷ്യന്മാര്‍ മാത്രമല്ല ഗുരുവും അവിടെ വഴി തെറ്റി എത്താറുണ്ടെന്ന് എന്ന് ചുരുക്കം. അവരുടെ സഹതാപ പൂര്‍ണ്ണമായ നോട്ടം ഏറ്റുവാങ്ങാനാകാതെ വിഷണ്ണനായി ഞാന്‍ അവിടെ നിന്ന് നിഷ്‌ക്രമണം ചെയ്തു. 
 
കരിയറിനോടും, അദ്ധ്യാപകവേഷത്തോടും, പ്രശസ്തിയോടും, സ്ഥാനമാനങ്ങളോടുമുള്ള ഭ്രമം മുളയിലേ നുള്ളിക്കളഞ്ഞു ടി.ആറിന്റെ ഗുരുകുലം. എസ്റ്റാബ്ലിഷ്മെന്റുകളോട് സന്ധിയില്ലാ സമരം ചെയ്യുക എന്നത് ആജന്മവ്രതമായി ദീക്ഷിച്ചവരായിരുന്നു ഗുരുവും ശിഷ്യന്മാരും (ചില ഗുരുതരമായ അപവവാദങ്ങളുണ്ടായിരുന്നുവെങ്കില്‍പ്പോലും). എന്നാല്‍ ഞങ്ങള്‍ക്ക് വഴിപിരിയേണ്ട കാലമായി. ഞങ്ങള്‍ ചിതറി. കേരളവര്‍മ്മ കോളേജില്‍ അദ്ധ്യാപകനായി ഞാന്‍ തൃശ്ശൂരേക്ക് മാറി. പലരും ജോലി നേടി മറ്റു സ്ഥലങ്ങളിലേക്ക് കാലങ്ങളിലേക്ക് പിരിഞ്ഞു. ആത്മസ്‌നേഹിതരില്ലാതെ ടി.ആര്‍. എറണാകുളത്ത് ഒറ്റപ്പെട്ടു. മദ്യപാനത്തില്‍ കൂടുതല്‍ വ്യാപൃതനായി. സ്വന്തം പ്രതിഭയെ തിരിച്ചറിയാനാവാത്തവരുടെ ഇടയില്‍പ്പെട്ടു. കഥമുട്ടി. വഴി മുട്ടി. കഥയായിരുന്നു ടി.ആറിന്റെ മതം. ആ മതം ടി.ആറിനെയോ ടി.ആര്‍. ആ മതത്തെയോ ഒടുവില്‍ കൈവെടിഞ്ഞുവോ എന്ന് തോന്നി. കഥയെഴുതുവാനാകായ്ക. സമ്പ്രദായിക കഥയെഴുത്തില്‍ വിശ്വാസമില്ലായ്ക. ഭാവുകത്വത്തില്‍ അനുരഞ്ജനത്തിന് തായാറാകായ്ക. ബോധാബോധങ്ങളുടെ പരീക്ഷണങ്ങള്‍ ആവര്‍ത്തനങ്ങള്‍ക്കു വഴിമാറി. വീട്ടു തടങ്കലിലടയ്ക്കപ്പെട്ട ഒരു അവധൂതന്‍, വീടുപൊളിച്ച് പുറത്തുവരുന്ന പോലെ, കൂട്ടിലടയ്ക്കപ്പെട്ട മൃഗം കൂട് തകര്‍ത്ത് പുറത്തേക്ക് ചാടുന്ന പോലെ, ആര്‍ക്കും മെരുക്കാനാവാത്ത തളയ്ക്കാനകാത്ത ഒരു നാടോടിയെപ്പോലെ, കാടോടിയെപ്പോലെ, ഒരിടത്തും ഇരിപ്പുറപ്പിക്കാതെ പലാരിവട്ടത്തും,  കലൂരിലും ആലിന്‍ ചുവടിലും, വെണ്ണലയിലുംഎല്ലാം തന്നെ രാപകല്‍ ഒറ്റയ്ക്ക് ചിന്തിച്ച് ഉഴറി നടന്നു. വഴിയമ്പലങ്ങളില്‍ തങ്ങാതെ, പൊള്ളുന്ന പാതകളിലൂടെ, തേഞ്ഞുകീറിയ വള്ളിച്ചെരിപ്പുകള്‍ ഊരിവയ്ക്കാതെ. പെരുവഴിയിലൂടെയുള്ള അത്തരം ഒരു നടത്തത്തില്‍ ത്തന്നെ അദ്ദേഹത്തിന്റെ ജീവിതം ശമിച്ചു. കിടക്കാതെ, ഇരിക്കാതെ, നടന്നു നടന്നു മരിക്കുക, മരിക്കും വരെ നടക്കുക  എന്ന അവധൂതനിയോഗത്തെസാക്ഷാല്‍ക്കരിച്ച് കൊണ്ട്.     
കഥയുടെ പ്രതിസന്ധി ടി.ആറിന്റെ ജീവിതത്തെയോ ടി.ആറിന്റെ എഴുത്തിനേയോ വിലയിരുത്തുവാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. മുമ്പറഞ്ഞവണ്ണം ടി.ആറിന്റെ ജീവിതം പോലെത്തന്നെ പ്രഹേളികകളായിരുന്നു അദ്ദേഹത്തിന്റെ കഥകളും. ആധുനികതയുടെ ഉച്ചകോടിയില്‍ രചിക്കപ്പെട്ട കഥകളാണ് ടി.ആറിന്റേത്. 
 
രൂപപരവും ഭാവപരവുമായ തീവ്രപരീക്ഷണങ്ങള്‍ കഥയില്‍ കൊടുമ്പിരിക്കൊള്ളുന്ന കാലം. സ്വകീയമായ ഒരു ഭാഷ, ഒരു സ്വകാര്യഭാഷ സൃഷ്ടിക്കുവാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് ടി.ആര്‍., മേതില്‍, എന്‍.എസ്. മാധവന്‍ എന്നിവര്‍. ''കോനാരി'', ''കോരുന്ന്യേടത്ത് കോമുട്ടി'', ''സംവര്‍ത്തനന്‍'', ''ഉല്പത്തി വിചാരം'' തുടങ്ങിയ കഥകളിലും ഈ പരീക്ഷണം സംഗീതത്തോടും തോറ്റം പാട്ടുകളോടും, സമീപസ്ഥമായ ഒരു ഗുപ്ത ഭാഷയുടെ നിര്‍മ്മിതിയില്‍ കലാശിക്കുന്നു. ആദിമദ്ധ്യാന്ത കഥന രീതികളുടെയോ, കഥാപരിണാമങ്ങളുടെയോ സുഖസാന്ത്വനങ്ങള്‍ അനുവദിക്കാത്ത, കഥയില്‍ നിന്ന് ലിറിസിസത്തെ, നാര്‍സിസത്തെ ഉച്ചാടനം ചെയ്യുന്ന, യാതൊരു തരത്തിലുള്ള വിരേചനങ്ങളും അനുവദിക്കാത്ത, കഥാവസ്തുവിനെ കഥയില്‍ ഗളഹസ്തം ചെയ്യുന്ന, കാല്പനിക ഭാവുകത്വത്തെ, ബോധധാരാ സമ്പ്രദായങ്ങളുടെ ജഡികാവര്‍ത്തനത്തെ കടന്നാക്രമിക്കുന്ന കഥകള്‍. നൂലാമാലകളായിപ്പടരുന്ന കഥാതന്തുക്കള്‍, വായനക്കാരനെ തമോഗര്‍ത്തങ്ങളിലേക്ക് വലിക്കുന്ന ആഖ്യാനത്തിന്റെ ഉള്‍ച്ചുഴികള്‍, ഉള്‍ച്ചുഴലികള്‍. വാങ്ങ്മയക്കുരുക്കുകള്‍, സമസ്യകള്‍. പിടിതരാത്ത കടംകഥകള്‍, വിഭ്രമിപ്പിക്കുന്ന കെട്ടുകഥകള്‍.  എന്‍.എസ്. മാധവനെപ്പോലുള്ളവര്‍ ലിറിസിസത്തിന്റെയും നാര്‍സിസത്തിന്റെയും നുറുങ്ങുഭാവുകങ്ങളെ സമര്‍ത്ഥമായി കഥയിലേക്ക് ഒളിച്ചു കടത്തിയപ്പോള്‍ അവസാനം വരെ വിട്ടുവീഴ്ചയില്ലാത്ത പരീക്ഷണവ്യഗ്രതയുമായി ടി.ആര്‍. കഥകള്‍ വായനക്കാരനു വെല്ലുവിളികള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു. 
 
ആദ്ധ്യാത്മികതയുടെയോ, വിപ്ലവരാഷ്ട്രീയത്തിന്റെയോ, മായിക ഭാവുകത്വത്തിലേക്ക് കൂടുമാറുവാന്‍ ടി.ആര്‍. തയാറായില്ല. മദ്യമൊഴിച്ച് വിശ്വാസത്തിന്റെയോ, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, പ്രശസ്തിയുടെയോ യാതൊരുതരത്തിലുള്ള ലഹരി മരുന്നുകള്‍ക്കും അദ്ദേഹം വഴിപ്പെട്ടില്ല. മറ്റെല്ലാ ലഹരികളില്‍ നിന്നും ഉന്മാദത്തില്‍ നിന്നും രക്ഷനല്‍കുന്ന ഒരു പ്രതി- ലഹരി, പ്രത്യുന്മാദം അതായിരുന്നു മദ്യം ടി. ആറിന്. ജീവിതത്തിന്റെയും സമൂഹത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും, ചരിത്രത്തിന്റെയും കഥയില്ലായ്മയെ കഥാരൂപത്തിലൂടെ നേരിടുവാനുള്ള തീവ്രശ്രമങ്ങള്‍ക്കിടയില്‍, രൂപാന്വേഷണത്തിന്റെ കൊടും തപസ്യകള്‍ക്കിടയില്‍,  കഥ വരണ്ടു. അത് ടി. ആറിന്റെ പരാജയമായിരുന്നില്ല. ചെറുകഥ എന്ന കലാരൂപത്തിന്റെ പ്രതിസന്ധികൂടിയായിരുന്നു. വിജയന്റെയും സക്കറിയയുടെയും, വി.കെ.എന്റെയും എം.പി.നാരായണ പിള്ളയുടെയും മറ്റും സുപ്രധാനകഥകള്‍ ഇതിനകം രചിക്കപ്പെട്ടു കഴിഞ്ഞിരുന്നു.അത്യാധുനികതയുടെ പരീക്ഷണ തീവ്രമായ കഥാകാലം അവസാനിക്കുകയായിരുന്നു. ടി.ആറിനുശേഷം കഥയില്‍ പരീക്ഷണങ്ങളുടെ, പുതിയ രൂപങ്ങള്‍ക്കായുള്ള അന്വേഷണങ്ങളുടെ കാലം അസ്തമിച്ചു എന്നു പറയാം. ചെറുകഥയുടെ പില്‍ക്കാല ചരിത്രം കാട്ടുന്നത്  സാംസ്‌ക്കാരികവിപണിയുമായുള്ള അനുരഞ്ജനത്തിന്റെയും വിട്ടുവീഴ്ചകളുടെയും കഥകളാണ്. മൗലികമായ പരീക്ഷണങ്ങളെയെല്ലാം അപഥ സഞ്ചാരങ്ങളെന്നും ഉന്മാദങ്ങളെന്നും തള്ളിക്കൊണ്ട് വിപണീ ഭാവുകത്വത്തിന്റെ കരിനിയമങ്ങള്‍ കഥാകാരന്മാരെ ഭരിച്ചു തുടങ്ങി. അതായത് ടി.ആറിനെപ്പോലുള്ളവര്‍ നിര്‍ത്തിവച്ച ബിന്ദുവില്‍ നിന്നു ഒരടി പോലും മുന്നേറുവാന്‍ ചെറുകഥാ സാഹിത്യത്തിനു കഴിഞ്ഞില്ലെന്നര്‍ഥം. 
 
പാടാത്ത പാട്ടുകളെന്ന പോലെ എഴുതാത്ത കഥകളുടെ അനന്ത സാധ്യതകള്‍ പേറുന്ന ഒരു പ്രതീത (virtual)ലോകത്തെയാണ് ടി.ആറിന്റെ ജീവിതവും അനുഭവസ്മരണകളും പ്രതിനിധാനം ചെയ്യുന്നത്. ടി.ആര്‍ എന്ന നാമധേയം പോലും എഴുത്തില്‍ എഴുത്തുകാരന്റെ സ്വയംപ്രമാണിത്വത്തെ ചോദ്യം ചെയ്യുന്ന, കഥാകര്‍ത്താവിനെ പ്രശ്‌നവല്‍ക്കരിക്കുന്ന, അനാമവല്‍ക്കരിക്കുന്ന, ഒന്നായിരുന്നു. മലയാള സാഹിത്യത്തില്‍ സര്‍വ്വശക്തനായി, സര്‍വ്വവ്യാപിയായി വാഴുന്ന 'അമ്പെട ഞാനേ' കൊന്നു കൊലവിളിച്ചു ടി.ആറിന്റെ ഓരോകഥകളും. ആ കഥകളില്‍ ഞാനായി അവതരിച്ചത് ''എതിര്‍'' ഞാനുകളായിരുന്നു. ജീവിച്ച കാലത്തിന്റെ  കാപട്യങ്ങളെ, കലയിലെ കഥയിലെ അസത്യങ്ങളെ, കലാകാരന്റെ ബുദ്ധിജീവിയുടെ സാംസ്‌ക്കാരിക നായകന്മാരുടെ കള്ളത്തരങ്ങളെ, വിപണീദാസ്യത്തെ, നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുന്ന, പൊളിവചനങ്ങളെ അരിഞ്ഞുവീഴ്ത്തുന്ന, അവനവനെത്തന്നെ അടിതോണ്ടുന്ന, ആത്മവിദ്ധംസകമായ, ലോകവിദ്ധ്വംസകമായ, ഉന്മാദിയായ ചിരിയായിരുന്നു ചിരിപരമ്പരകളായിരുന്നു, ടി.ആറിന്റെ, ജീവിതം, കല, കഥ. 
ടി. ആറിനെപ്പോലുള്ളവര്‍ നിര്‍ത്തിവച്ച പരീക്ഷണബിന്ദുവില്‍ നിന്ന് കഥയുടെ സത്യപ്രക്രിയയില്‍ നിന്ന് വീണ്ടും ആരംഭിക്കുക, മുന്നോട്ട് പോവുക എന്നതാണ് ടി. ആറിന്റെ ഓര്‍മ്മകള്‍ പുതിയ സാഹിത്യകാരന്മാരോട് ആവശ്യപ്പെടുന്നത്. ടി.ആറിനെ അനുസ്മരിക്കുമ്പോള്‍, മലയാളകഥയിലെ സാഹിത്യത്തിലെ, സംസ്‌ക്കാരത്തിലെ, ഒരു കേളീകാലം, സര്‍ഗ്ഗപരീക്ഷണത്തിന്റെ ഉല്‍സവകാലം പുനരാവാഹിക്കപ്പെടുകയാണ്. 'ടി.ആര്‍.ക്കാലത്തിന്റെ' ഈ ഉയര്‍ത്തെണീപ്പ് കലയുടെ കഥയുടെ, എഴുത്തിന്റെ ഉന്മാദസത്യത്തിന്റെ ഉയിര്‍ത്തെണീപ്പു കൂടിയാണ്. 
 
Content Highlights :Dr K Vinodchandran Writes about the Veteran Writer TR Alias T Ramachanran