രാമുട്ട്യേട്ടന്റെ ചായപ്പീടികയില്‍ എന്നും രാവിലെ മുടങ്ങാതെ പേപ്പറു വായിക്കാന്‍ വരുന്ന ആറു വയസ്സുകാരന്‍ നാട്ടുകാരിലാകെ അത്ഭുതം നിറച്ചു. ചായ കുടിക്കാനും പേപ്പര്‍ വായിക്കാനുമായി എത്തുന്നവരെക്കൊണ്ട് പീടികയില്‍ ആകെയുള്ള മൂന്നാല് ബെഞ്ചുകള്‍ അതിരാവിലെ തന്നെ നിറയും. പിന്നെ നാട്ടുകിസകള്‍ തുടങ്ങുകയായി.

മേലഴിയത്തെയും ചേകനൂരിലെയും എല്ലാ വിശേഷങ്ങളും അവിടെയിരുന്നാലറിയാം. വര്‍ത്തമാനത്തിനും വായനയ്ക്കുമിടയില്‍ ചായ രണ്ടും മൂന്നുമാകും. പണിക്കു പോകേണ്ടവര്‍ വിശേഷം പാതിയില്‍ നിര്‍ത്തി വേഗം ചായ കുടിച്ചുതീര്‍ത്ത് 'ഇനി നാളെപ്പറയാ ട്ടാ' എന്നു പറഞ്ഞ് ഇറങ്ങിനടക്കും. ഒരു പണിക്കും പോകാതെ ചായപ്പീടികയിലിരുന്ന് നേരം പോക്കാന്‍ വരുന്നവര്‍ പേപ്പറില്‍ അലസമായി കണ്ണോടിച്ച് വിശേഷം പറയാനായി അടുത്തയാളെ കാത്തിരിക്കും.

മാതൃഭൂമി പേപ്പറിന്റെ ഓരോ പേജും ഓരോരുത്തരുടെയും കൈയിലായിരിക്കും. മാറിമാറി വായിക്കാന്‍ കിട്ടണമെങ്കില്‍ സമയമെമ്പാടാകും. മുതിര്‍ന്നവരൊക്കെ വായിച്ചു കൈമാറി കഴിഞ്ഞിട്ടാണ് കുട്ടിക്കു കിട്ടുക. കാത്തിരുന്നു കിട്ടിയ പേപ്പര്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ 'എന്താ കുട്ട്യേ ഇയ്യ് ഇത്ല് വായിക്ക്ണ്, ആ പേപ്പറ്ണ്ട് തന്നാ' എന്നും പറഞ്ഞ് പീടികയിലേക്ക് അപ്പോള്‍ കയറിവന്ന ആരെങ്കിലും യാതൊരു ദാക്ഷിണ്യവുമില്ലാതെ പേപ്പര്‍ പിടിച്ചുവാങ്ങും. അല്ലെങ്കിലും മുതിര്‍ന്നവര്‍ അങ്ങനെയാണ്. തങ്ങളുടെ ലോകത്ത് പരിഗണക്കപ്പെടേണ്ടവരേയല്ല കുട്ടികള്‍ എന്ന വിചാരമാണ് അവരെ ഭരിച്ചുപോരുന്നത്.

നിത്യേനയുള്ള ഈ പേപ്പര്‍വായന പൊല്ലാപ്പായത് രാമുട്ട്യേട്ടന്റെ മകന്‍ സുഭാഷിനാണ്. സുഭാഷും പേപ്പര്‍വായനക്കാരന്‍ കുട്ടിയും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. സുഭാഷ് പഠിക്കാനല്പം പിന്നിലാണ്. ഒരു കൊല്ലം തോല്‍ക്കുകയും ചെയ്തു. അപ്പോഴാണ് എരിതീയിലെണ്ണയൊഴിക്കും വിധം പീടികയിലെത്തി സഹപാഠിയുടെ പേപ്പര്‍വായന.

'ടാ യ്യ് ആ കുഞ്ഞുട്ടന്റെ ചെക്കനെ നോക്ക്. അതിനെ കണ്ടുപഠിക്ക്. അന്റത്രീം ല്ല്യല്ലോ അത്. ന്ന്ട്ട് അതെന്നും രാവ്ലെ വന്ന് പേപ്പറ് വായ്ക്കും. യ്യെന്താടാ ഇങ്ങനേയത്' രാമുട്ട്യേട്ടന്‍ എല്ലാ ദിവസവും സുഭാഷിനോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

അതു കേട്ടിരിക്കുമ്പോള്‍ തെല്ല് അഭിമാനം തോന്നാറുണ്ടെങ്കിലും സുഭാഷിനോട് പാവവും തോന്നും. ഇനി അവന് വല്ല ശത്രുതയും തോന്നുമോ എന്ന ഭയവും ഉള്ളിലുണ്ടായി. അവനാണെങ്കില്‍ നല്ല ആരോഗ്യമുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വഴി നസ്രാണിക്കുന്നിലോ ഞാവല്‍ക്കാട്ടിലോ ഇട്ട് ഇടിക്കുമോ എന്നായിരുന്നു പേടി. പക്ഷേ ദിവസേനയുള്ള രാമുട്ട്യേട്ടന്റെ ഉപദേശമൊന്നും സുഭാഷിന്റെ തൊലിയില്‍ പോലും തൊട്ടില്ല. അവന്‍ ഇതിനെപ്പറ്റി സംസാരിച്ചതുമില്ല, പേപ്പര്‍വായനക്കാരനെയൊട്ട് ഗൗനിച്ചതുമില്ല.

സ്വന്തം വഴിയെന്തെന്ന് നന്നേ ചെറുപ്പത്തിലേ നിശ്ചയിച്ചവനായിരുന്നു സുഭാഷ്. ഡ്രൈവറാകണമെന്നാണ് അവന്റെ ആഗ്രഹം. സ്‌കൂളില്‍ പോയി പഠിച്ചു പാസായില്ലെങ്കിലും ഡ്രൈവറാകാന്‍ കഴിയുമെന്നുള്ള തിരിച്ചറിവും അവനുണ്ടായിരുന്നു. പിന്നെ നാട്ടുനടപ്പുപോലെ വയസ്സ് അഞ്ചാറായാല്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ പറഞ്ഞയക്കും. എതിര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് സുഭാഷും പോയി. അത്രയേ ഉള്ളൂ. അധികം ക്ലാസുകള്‍ കഴിയാതെ സ്‌കൂളില്‍ നിന്ന് ചാടുമെന്നും ഡ്രൈവറാകുമെന്നും സുഭാഷ് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇക്കാര്യം ഇടയ്ക്കിടെ അഭിമാനത്തോടെ കൂട്ടുകാരോട് പറയുകയും ചെയ്തു.

സുഭാഷിനോടുള്ള രാമുട്ട്യേട്ടന്റെ ഉപദേശം കേട്ടുകൊണ്ടിരിക്കുന്ന സ്ഥിരം ചായകുടിക്കാരും കുട്ടിയുടെ പത്രപാരായണ ശീലത്തെ അവസരം കിട്ടുമ്പോഴെല്ലാം പുകഴ്ത്തിപ്പോന്നു. എല്ലാ പുകഴ്ത്തലുകളും കേട്ട് ഞാനിതൊന്നും കേള്‍ക്കുന്നില്ലെന്നും മറ്റേതോ ലോകവാസിയാണെന്നുമുള്ള ഭാവത്തില്‍ കുട്ടി പേപ്പറില്‍ കണ്ണുകളാഴ്ത്തിയിരുന്നു.

പക്ഷേ കുട്ടി ആ ഭയങ്കര സത്യം എല്ലാവരോടും മറച്ചുവച്ചു. ചുറ്റുമുള്ളവരിപ്പറയുന്ന മാതിരി കുട്ടിയത്ര വിജ്ഞാനകുതുകിയൊന്നുമല്ലായിരുന്നു. ലോകവിവരമുണ്ടാക്കാനുമായിരുന്നില്ല എല്ലാ ദിവസവും രാവിലെ പോയി പേപ്പര്‍ വായിച്ചിരുന്നത്. മാതൃഭൂമി പേപ്പറിലെ ഇന്നത്തെ സിനിമാ കോളം മാത്രമായിരുന്നു കുട്ടിയുടെ ലക്ഷ്യം. ഇതു വല്ലതും ചായപ്പീടികയില്‍ കൂടിയിരിക്കുന്നവര്‍ക്കറിയോ! രാമുട്ട്യേട്ടനറിയോ! സുഭാഷിനറിയോ! വീട്ടുകാര്‍ക്കറിയോ! അവര്‍ക്കെല്ലാം കുഞ്ഞുട്ടന്റെ മകന്‍ മിടുക്കന്‍. ഇത്രയും ചെറുപ്പത്തില്‍ പത്രവായന തുടങ്ങിയ അത്ഭുതബാലന്‍. ഇന്നത്തെ സിനിമാ കോളമുള്ള പേജ് കൈയില്‍ കിട്ടുന്നതുവരെ ചായക്കടയില്‍ തട്ടിമുട്ടി നില്‍ക്കും. ആള്‍ക്കാര്‍ ചായ കുടിക്കും. ചിലര്‍ കറുമുറ ശബ്ദമുണ്ടാക്കി പപ്പടം കടിച്ചു തിന്നുകൊണ്ട് ചായ കുടിക്കും. ചിലര്‍ പുട്ടും പപ്പടവും കൂട്ടി ചായ കുടിക്കും.

രാമുട്ട്യേട്ടന്റെ പീടികയില്‍ നിന്ന് ചായ കുടിക്കാന്‍ ആകെ അവസരം കിട്ടുന്നത് അച്ഛന്‍ മുടിവെട്ടാന്‍ കൊണ്ടുപോകുമ്പോഴാണ്. രാമുട്ട്യേട്ടന്റെ ചായപ്പീടികയോടു ചേര്‍ന്നാണ് വാവക്കാന്റെ ബാര്‍ബര്‍ ഷാപ്പ്. മുടിവെട്ടിക്കഴിഞ്ഞ് ബാര്‍ബര്‍ ഷാപ്പില്‍ നിന്നിറങ്ങിയാല്‍ അച്ഛന്‍ ചായപ്പീടികയില്‍ കൊണ്ടുപോകും. ആ നേരത്തിനു വേണ്ടിയാണ് അത്രയും നേരത്തെ കാത്തിരിപ്പ്.

'ഒരു വെള്ളച്ചായ, ഒരു കാലിച്ചായ' അച്ഛന്‍ ഉറക്കെ വിളിച്ചു പറയും. ആള്‍ക്കാര്‍ ഇരുന്ന് പുട്ടും വെള്ളപ്പവും തിന്നുന്നുണ്ടാകും. അതു കാണുമ്പോള്‍ 'ഒരു കഷണം പുട്ട്' എന്നു കൂടി അച്ഛന്‍ രാമുട്ട്യേട്ടനോട് പറയും. രാമുട്ട്യേട്ടന്‍ ചെറിയൊരു പ്ലേറ്റില്‍ ഒരു കഷണം പുട്ട് മുന്നില്‍ കൊണ്ടുവയ്ക്കും. 'കഴിക്ക്' എന്നു പറഞ്ഞ് അച്ഛന്‍ പ്ലേറ്റ് നീക്കിവച്ചു തരും. കൂട്ടാനും പപ്പടവുമൊന്നുമുണ്ടാകില്ല. എന്നാലുമതിന്റെ രുചിഗുണം ഒരിക്കലും വീട്ടില്‍നിന്ന് കിട്ടാറില്ല. അതുകൊണ്ട് നല്ല രസംപിടിച്ച് തിന്നും.

രാമുട്ട്യേട്ടന്‍ മേശപ്പുറത്ത് അടിച്ചു കൊണ്ടുവയ്ക്കുന്ന വെള്ളച്ചായ പതഞ്ഞുപൊങ്ങി ഗ്ലാസിന്റെ മുകളറ്റം വരെയുണ്ടാകും. ഗ്ലാസിനു മുകളില്‍ കുറേ കുമിളകള്‍. അതില്‍ നോക്കിയാല്‍ ഓരോന്നിലും മുഖം കാണാം. പരന്ന മുഖം. ചിരിച്ചാല്‍ വീണ്ടും പരക്കും. നല്ല മധുരമാണ് ആ ചായയ്ക്ക്. വീട്ടിലെന്നും വാടക്കട്ടഞ്ചായ മാത്രമേയുള്ളൂ. അതിന് ഒരു രസവുമില്ല.

മുടി വളര്‍ന്നാല്‍ പിന്നെ ആകെ സന്തോഷമാണ്. അച്ഛന്‍ മുടിവെട്ടാന്‍ കൊണ്ടുപോകും. മുടി വെട്ടിക്കഴിഞ്ഞ് കഴുത്തിലോ ചെവിക്കോ പിറകില്‍ കത്രിക കൊണ്ടിട്ടുണ്ടായ ചെറുമുറിവിന്റെ വേദനയ്ക്കൊപ്പം ചൂടു വെള്ളച്ചായ അതിമധുരത്തില്‍ ഊതിയൂതി കുടിക്കാം. അച്ഛനെക്കുറിച്ചുള്ള ആകെ മധുരതരമായ ഓര്‍മ്മ ഈ മുടിവെട്ടും വെള്ളച്ചായയുമാണ്. ഓര്‍മ്മകള്‍ക്ക് കനം വച്ചു തുടങ്ങും മുമ്പേ അച്ഛന്‍ മരിച്ചു. അതില്‍പിന്നെ അമ്മയാണ് മുടിവെട്ടാന്‍ കൊണ്ടുപോകുന്നത്. അപ്പോള്‍ വെള്ളച്ചായയുമില്ല, പുട്ടുമില്ല. 'പറ്റെ വെട്ടിക്കോ ട്ടാ' എന്നു വാവക്കയോടു പറഞ്ഞ് മുടിവെട്ടുന്നതു നോക്കി അമ്മ പീടികയുടെ ചുമരു ചാരി നില്‍ക്കും. മുടി വെട്ടിക്കഴിഞ്ഞാല്‍ 'ബാ പൂവാം' എന്നു പറഞ്ഞ് കൈപിടിച്ച് നടക്കാന്‍ തുടങ്ങും.

രാമുട്ട്യേട്ടന്റെ പീടികയിലെ മരഡെസ്‌കിനു പുറത്ത് ആള്‍ക്കാര്‍ കുടിച്ചുവച്ച ചായഗ്ലാസുകളിലേക്ക് തിരിഞ്ഞുനോക്കി നടക്കുമ്പോള്‍ അച്ഛന്‍ മുടിവെട്ടാന്‍ കൊണ്ടുപോകുമ്പോള്‍ വെള്ളച്ചായ വാങ്ങിത്തരാറുണ്ടായിരുന്നുവെന്ന കാര്യം അമ്മയെ ഓര്‍മ്മപ്പെടുത്തി. അവ്യക്തമായൊരു മൂളലല്ലാതെ വേറെയൊന്നും അമ്മ പറഞ്ഞില്ല. കൈയില്‍ ഒന്നുകൂടി മുറുക്കിപ്പിടിച്ച് വീട്ടിലേക്ക് നടന്നു.

അല്ലെങ്കിലും ദൈവങ്ങള്‍ക്ക് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശേഷിയൊന്നുമില്ല. അമ്പലത്തിലും കാവിലും പടിഞ്ഞാറ്റിയിലുമെല്ലാമായി വീട്ടില്‍ ഇഷ്ടം പോലെ ദൈവങ്ങളുണ്ട്. അമ്മയ്ക്കാകട്ടെ ഇടയ്ക്കിടയ്ക്ക് ദൈവവിളിയും കിട്ടാറുണ്ട്. എന്നിട്ടും ദൈവങ്ങള്‍ വീടിനെ രക്ഷിച്ചില്ല. ഓരോ ദിവസവും വീട് ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്ക് ആണ്ടു. എല്ലാം ശരിയാവും, ഭഗവതിയമ്മ ശരിയാക്കും എന്നൊക്കെ വീട്ടുകാര്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ടെങ്കിലും കുട്ടിക്കതില്‍ അത്ര വിശ്വാസം തോന്നിയില്ല. അങ്ങനെയെങ്കില്‍ എന്നേ അത്ഭുതം പ്രവര്‍ത്തിക്കണമായിരുന്നു. ഇത് തലമുറകളായി ദാരിദ്ര്യമാണ്. ഇപ്പോഴും അതേപടി തുടരുന്നു. ദാരിദ്ര്യം മാറണമെങ്കില്‍ മനുഷ്യന്‍ തന്നെ വിചാരിക്കണം. വിശപ്പാണ് ഒരു കുട്ടിയില്‍ ഏല്‍ക്കുന്ന ആദ്യത്തെ മുറിവ്.

ഏറെനേരം കാത്തിരുന്ന് ഇന്നത്തെ സിനിമാക്കോളമുള്ള പേജ് കൈയില്‍ കിട്ടിയാല്‍ വായന തുടങ്ങുകയായി. മലപ്പുറം ആനന്ദ്, ഡിലൈറ്റ്, കോട്ടക്കല്‍ താര, സംഗീത, രാധാകൃഷ്ണ, മഞ്ചേരി ശ്രീകൃഷ്ണ, ശ്രീദേവി, നര്‍ത്തകി, തിരൂര്‍ സെന്‍ട്രല്‍, ഖയാം, വിശ്വാസ്, ചിത്രസാഗര്‍, പൊന്നാനി അലങ്കാര്‍, ലക്ഷ്മി, പൗര്‍ണമി, ഐശ്വര്യ, ശക്തി, വസന്തം..

എത്രയാവര്‍ത്തി വായിച്ചാലും കൗതുകം തീരാത്ത സിനിമാ ടാക്കീസുകളുടെയും അവിടെ കളിക്കുന്ന സിനിമകളുടെയും പേരുകള്‍. സ്‌കൂളില്‍ നിന്ന് പഠിപ്പിക്കാറുള്ള ഗുണനപ്പട്ടികയോ പദ്യമോ ഒരിക്കല്‍പോലും ഇങ്ങനെ മന:പാഠമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതാകട്ടെ ഒരു സ്ഥലം പറഞ്ഞാല്‍ അപ്പൊഴേ ടാക്കീസുകളുടെ പേര് നാവിന്‍തുമ്പത്തു വരും. മറവി എന്നൊന്ന് അരികില്‍പോലും വന്നെത്തി നോക്കിയില്ല.

ഇഷ്ടമുള്ളതു പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം വേണം. അവര്‍ക്ക് ഒട്ടും താത്പര്യമില്ലാത്ത കാര്യങ്ങളാണെങ്കിലും പഠിച്ചിരിക്കണമെന്നാണ് സ്‌കൂളുകള്‍ ശീലിപ്പിച്ചു വച്ചിട്ടുള്ള ചട്ടം. ഈ രീതി മാറണം. സ്‌കൂളില്‍ ആദ്യ ക്ലാസ് മുതല്‍ സിനിമ കൂടി പഠിപ്പിക്കണം. സിനിമാ ടാക്കീസുകളുടെ പേരുകള്‍ പഠിക്കുക, സിനിമാപ്പേര് പഠിക്കുക, ടാക്കീസുകള്‍ കാണാന്‍ പോകുക, സിനിമ കാണുക.. എന്തു രസമായിരിക്കും! വേണമെങ്കില്‍ കേട്ടെഴുത്ത് എന്ന നിലയ്ക്ക് ടാക്കീസുകളുടെ പേരും അവിടെ കളിക്കുന്ന സിനിമയുടെ പേരും എഴുതിക്കട്ടെ. അറിയാമല്ലോ, എന്തുമാത്രം ഓര്‍മ്മശക്തിയും അക്ഷരജ്ഞാനവുമുണ്ടെന്ന്. ഇനി ഒറ്റവാക്കില്‍ പോരാ, വിവരിച്ച് ഉത്തരമെഴുതണമെങ്കില്‍ അതുമാകാം. ടാക്കീസിലേക്ക് സിനിമ കാണാന്‍ പോയതിന്റെ യാത്രാവിവരണവും ടാക്കീസിനെപ്പറ്റിയും കണ്ട സിനിമയുടെ വിശേഷവും എത്ര വാക്കില്‍ വേണമെങ്കിലും തെറ്റുകൂടാതെ എഴുതാം. സ്‌കൂളുകളിലെ പാഠാവലികള്‍ ഉടനടി തിരുത്തേണ്ടിയിരിക്കുന്നു.

ആഴ്ചയിലൊരിക്കലേ പടം മാറൂ. എന്നാലും എല്ലാ ദിവസവും ടാക്കീസുകളുടെയും സിനിമകളുടേയും പേരുവായന നിര്‍ബന്ധമാണ്. അത് രാവിലെ പല്ലുതേയ്ക്കുന്നതും കുളിക്കുന്നതും പോലെ ശീലത്തിന്റെ ഭാഗമായി. അങ്ങനെ രാവിലെ പല്ലു തേച്ചാലുടന്‍ രാമുട്ട്യേട്ടന്റെ പീടികയിലേക്കുള്ള ഓട്ടം തുടര്‍ന്നുപോന്നു. തുടര്‍വായന അനുശീലിച്ചതിന്റെ ഫലമായി അക്ഷരമാലാ ക്രമം പോലെ മലപ്പുറം ജില്ലയിലെ മുഴുവന്‍ സിനിമാ ടാക്കീസുകളുടെയും പേരുകള്‍ കാണാപാഠമായി. അമ്പത്തൊന്നക്ഷരം ക്രമത്തില്‍ തെറ്റുകൂടാതെ പറയാനും എഴുതാനും ശീലിച്ചത് പിന്നെയും പല ക്ലാസുകള്‍ കഴിഞ്ഞിട്ടാണ്. ഇംഗ്ലീഷ് അക്ഷരമാലയൊക്കെ വര്‍ജ്യമായ ഏതോ വസ്തുവെന്നോണം പിന്നെയുമേറെക്കാലം അടുക്കാതെ നിന്നു.

നടുവിലേടത്ത് പറമ്പില്‍ നിന്നും വടക്കുവശത്തേക്കുള്ള നടത്തത്തില്‍ ചെറിയ നൊട്ടനാലുക്കല്‍ അമ്പലത്തിനടുത്ത് സു്രേബട്ടന്റെ പീടികയില്‍നിന്ന് പാലക്കാട്ടെ ടാക്കീസുകളുടെ പേരെഴുതിയ പേപ്പര്‍ കിട്ടും. പാലക്കാട് ഗൗഡര്‍, ഹൃദയ, ശ്രീദേവിദുര്‍ഗ, സെന്‍ട്രല്‍, പ്രിയ, പ്രിയദര്‍ശിനി, അരോമ, സിനി അരോമ, ന്യൂ അരോമ നിറയെ ടാക്കീസുകള്‍. ഈ ടാക്കീസിലെല്ലാം കൂടി സിനിമ കാണാന്‍ എത്ര ആളുകള്‍ വേണ്ടി വരും!  അപ്പോള്‍ എന്തൊരു പട്ടണമായിരിക്കും പാലക്കാട്! ഈ അത്ഭുതങ്ങളെല്ലാം അറിയേണ്ടിയിരിക്കുന്നു..

കൊല്ലങ്കോട് തങ്കരാജ്, ഉദയ, ഗായത്രി, ആലത്തൂര്‍ ആനന്ദ്, സ്വാതി, മണ്ണാര്‍ക്കാട് ഒക്കാസ്, പ്രതിഭ, കലാവതി, ഒറ്റപ്പാലം ലക്ഷ്മി, ജാസ്, ഇമ്പീരിയല്‍, ഷൊര്‍ണൂര്‍ മേളം, സുമ, അനുരാഗ്, ഗീത...അങ്ങനെ തുടര്‍ന്ന് കല്ലടിക്കോട് ദീപയെന്നും ശ്രീകൃഷ്ണപുരം അമ്പാടിയെന്നും മുടപ്പല്ലൂര്‍ സലീനയെന്നും മംഗലം ഡാം രതീഷെന്നും ചെറിയ ഗ്രാമങ്ങളിലെ ഒറ്റടാക്കീസുകളുടെ പേരുകള്‍ വരെ വിട്ടുപോകാതെ കൂടെപ്പോന്നു.

ഈ ടാക്കീസുകളൊന്നും കാണാനായില്ലെങ്കിലും അവയെല്ലാം മേലഴിയം ശ്രീകൃഷ്ണാ ടാക്കീസിന്റെ കൂടപ്പിറപ്പുകളായി തോന്നി. ചിലപ്പോള്‍ ശ്രീകൃഷ്ണാ ടാക്കീസിലും പേപ്പറിലെ ടാക്കീസുകളിലും ഒരേ പടമായിരിക്കും കളിക്കുന്നത്. ഒരേ നേരം രണ്ടു നാടുകളിലിരുന്ന് പരസ്പരം അറിയാത്ത കാണികള്‍ ഒരേ പടം കാണുന്നു. രണ്ടിടത്തും ഒരേ നേരം ഒരേ സീനായിരിക്കുമോ കാണിക്കുന്നത്. അതോ തെല്ല് വ്യത്യാസമുണ്ടായിരിക്കുമോ! എവിടെയായിരിക്കും കാണികള്‍ കൂടുതല്‍? രണ്ടാം വാരമോടുമോ? ചോദ്യം ചോദിക്കാനുള്ള ശീലവും ചുറ്റുപാടിനെ കുറിച്ചുള്ള സംശയങ്ങളും സിനിമാ ടാക്കീസുകള്‍ പോഷിപ്പിച്ചുകൊണ്ടിരുന്നു.

പാലക്കാട്ടെയും മലപ്പുറത്തെയും സിനിമാ ടാക്കീസുകകള്‍ പഠിച്ചതുകൊണ്ടു മാത്രമായില്ല, ഉപരിപഠനം വേണ്ടേ! മറ്റു നാടുകളിലെ ടാക്കീസുകളുടെ പേരറിയിക്കാനായി വെള്ളിയാഴ്ചകള്‍ പേപ്പറില്‍ സിനിമാ പരസ്യങ്ങള്‍ നിറച്ചുവന്നു. നിറയെ പരസ്യങ്ങള്‍. ചിലപ്പോള്‍ ഒരു പേജ് മുഴുവന്‍. പേപ്പറിലെ മറ്റു പേജുകള്‍ക്കൊന്നുമില്ലാത്ത ഭംഗിയായിരുന്നു അതിന്. അതിലേക്കങ്ങനെ നോക്കിയിരിക്കുമ്പോള്‍ രാമുട്ട്യേട്ടന്റെ പീടിക തന്നെ ഇല്ലാതാകും. കണ്‍മുന്നില്‍ നിറഞ്ഞ് സിനിമാ പരസ്യങ്ങള്‍. കട്ടിയിലും കട്ടി കുറച്ചും വളഞ്ഞും നേര്‍രേഖയിലും രണ്ടു തട്ടായും എഴുതിയിരിക്കുന്ന സിനിമാ പേരുകള്‍. അതിലെല്ലാം ചിരിച്ച മുഖങ്ങളുമായി പ്രിയപ്പെട്ട താരങ്ങള്‍. 2-ാം വാരമെന്നും 3-ാം വാരമെന്നും 25-ാം ദിവസമെന്നും 50-ാം ദിവസമെന്നും 100-ാം ദിവസമെന്നുമെല്ലാം ഭംഗിയില്‍ എഴുതിയിരിക്കുന്നു. വലിയ പട്ടണങ്ങളിലെ ടാക്കീസുകളില്‍ അമ്പതും എഴുപത്തഞ്ചും ദിവസം കഴിഞ്ഞും സിനിമ പ്രദര്‍ശനം തുടരുകയാണ്. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും മൂന്നും നാലും വാരമോടുന്നതിന്റെ കണക്കുകള്‍.

ഇത്രയും ടാക്കീസുകളുടെ പേരുകള്‍ വായിച്ചപ്പോഴാണ് കേരളത്തില്‍ ഇത്രമാത്രം സ്ഥലങ്ങളുണ്ടല്ലോയെന്ന തോന്നലുണ്ടായത്. കൊച്ചുകേരളമെന്നാണ് എപ്പോഴും പറഞ്ഞുകേള്‍ക്കാറ്. ഒരു പടവലങ്ങയോളമോ കയ്പയ്ക്കയോളമോ വലുപ്പത്തില്‍ ഭൂപടത്തിന്റെ ഒരു മൂലയില്‍ കടലിനോടു ചേര്‍ന്നുകിടക്കുന്ന ചെറിയ പ്രദേശമായതു കൊണ്ടായിരിക്കണം അങ്ങനെയൊരു വിശേഷണത്തിനു പ്രചാരം കിട്ടിയത്. പക്ഷേ ഇതിപ്പോള്‍ വടക്കുതൊട്ട് തെക്കുവരെ എത്രയെത്ര നാടുകളാണ്. അവിടെയൊക്കെ സിനിമാ ടാക്കീസുകള്‍. മിക്കയിടത്തും മൂന്നും നാലും ടാക്കീസുകള്‍. അവിടെയെല്ലാം സിനിമ കാണാന്‍ പോകുന്ന മനുഷ്യര്‍. ഇക്കണ്ട നാടുകളിലെല്ലാം പോയി സിനിമ കണ്ടിട്ടുള്ള ഏതെങ്കിലുമൊരു മനുഷ്യനുണ്ടായിരിക്കുമോ! ഇല്ലെങ്കില്‍ ആ മനുഷ്യനാകണം. അതിനായി മാത്രം പെട്ടെന്ന് വലുതാകണം.

Content Highlights: Cinema Talkies part two; Malayalam cinema memories by NP Murali Krishnan