സിനിമ ടാക്കീസ്- 21
ഹൈസിന്ത് ഹോട്ടലിലെ ബോര്‍ഡ് റൂമിന് പുറത്തെ കസേരയില്‍ നെഞ്ചിടിപ്പോടെ ഇരിക്കുകയാണ്. അകത്തൊരാളുണ്ട്. അയാളെ കാണാനാണ്, സംസാരിക്കാനാണ്. ചെറിയൊരാളല്ല. ഒട്ടും ചെറിയ ആളേയല്ല. മൊബൈലില്‍ നെറ്റ് ഓണാക്കി അകത്തിരിക്കുന്ന മനുഷ്യന്റെ പേര് ഗൂഗിള്‍ ചെയ്തു. നിറയെ സെര്‍ച്ച് ഫലങ്ങള്‍. എല്ലാം വായിക്കാനും കാണാനും ഇഷ്ടമുള്ള കാര്യങ്ങള്‍. ഫോണില്‍ നിന്ന് കണ്ണെടുത്ത് പുറത്തെ ആകാശത്തേക്ക് നോക്കിയപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു. നസ്രാണിക്കുന്നിലെ ആകാശമാണതെന്നു തോന്നി. ചോറ്റുപാത്രത്തിലെ ഒറ്റരൂപക്കിലുക്കം തൊട്ടടുത്തു നിന്നു കേട്ടു. പുഷ്പക്കുന്നില്‍ നിന്നും പറക്കുളം കുന്നില്‍ നിന്നും ഇറങ്ങിവന്ന കാറ്റ് നസ്രാണിക്കുന്നിലെ കാറ്റുമായി ചേര്‍ന്ന് നാട്ടുവര്‍ത്തമാനം പറഞ്ഞു ചിരിച്ചു. ദൂരെ അമ്മപ്പുഴ പതിയെ ഒഴുകുന്നുണ്ട്. അമ്മപ്പുഴയ്ക്ക് കുറേക്കൂടി വയസ്സായിരിക്കുന്നു. പഴയ ഒഴുക്കും ഊര്‍ജ്ജവുമില്ല. കുട്ടി പറങ്കിമാവിന്‍ കൊമ്പിലിരുന്ന് ചിറിയിലൂടെ ചാറൊലിപ്പിച്ച് പറങ്കിമാങ്ങ തിന്നുകയാണ്. ആരോഗ്യമുള്ള പറങ്കിയണ്ടിയുമായി നില്‍ക്കുന്ന ചുവന്ന പറങ്കിമാങ്ങയെ തൊട്ടുനോക്കി. നസ്രാണിക്കുന്നിലെ പറങ്കിമാവുകളൊന്നിച്ചു പൂത്ത മണം മൂക്കില്‍ വന്നു നിറഞ്ഞു. ഹൈസിന്ത് ഹോട്ടലൊരു പറങ്കിമാവിന്‍കാടായി.
ആ നേരം ബോര്‍ഡ് റൂമിന് അകത്തേക്ക് വരാനുള്ള വിളിയെത്തി. എഴുന്നേറ്റു. ഒരു വാതിലിനപ്പുറം ആ വലിയ മനുഷ്യനുണ്ട്. പെട്ടെന്ന് നെഞ്ച് അതിവേഗം മിടിച്ചുതുടങ്ങി. ജീവിതം കാത്തുവയ്ക്കാറുള്ള ആകസ്മികതകളുടെ കൂട്ടത്തിലേക്കും വച്ചുള്ള അത്ഭുതമാണ് അടുത്ത നിമിഷത്തില്‍ സംഭവിക്കാന്‍ പോകുന്നത്.
വാതില്‍ തുറക്കപ്പെട്ടു.
ഒരു ദീര്‍ഘനിശ്വാസത്തോടെ കണ്ണുകള്‍ അടച്ചുതുറന്നു.
മുമ്പില്‍ മജീദ് മജീദി!
അലിയും സാഹ്‌റയും ടെഹ്‌റാന്‍ തെരുവില്‍ നിന്ന് ഓടിവന്ന് കിതപ്പോടെ ഒപ്പം നിന്നു. രണ്ടുപേരുടേയും കാലുകളില്‍ പുതിയ ഷൂസ്. ഞാന്‍ മജീദ് മജീദിയെ തൊഴുതു. കേരളത്തിന്റെ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹവും തൊഴുതു. ഇപ്പോള്‍ ആയിരക്കണക്കിന് മൈലുകള്‍ക്കകലെയിരുന്ന് മജീദ് മജീദിയെ ഓര്‍മ്മിക്കുകയല്ല. അദ്ദേഹം തൊട്ടുമുന്നിലുണ്ട്, യാഥാര്‍ഥ്യമാണ്. കൈയെത്തിച്ചാല്‍ തൊടാം. ചില നേരങ്ങള്‍ക്ക് ഇത്രയും അവിശ്വസനീയതയായിരിക്കും ജീവിതം കരുതിവച്ചിട്ടുണ്ടാകുക. തൊടാവുന്ന അകലത്തില്‍ കസേരയില്‍ മുഖാമുഖം ഇരുന്നു. ഞാനാ വിരലുകള്‍ തൊട്ടു. കണ്ണീര്‍ കൈകളില്‍ വീഴുന്നതിനു മുമ്പ് കണ്‍പോളകളെ നിയന്ത്രിച്ചു. ഒന്നും പറയാതെ തെല്ലുനേരം ആ മുഖത്തേക്കു നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ചിരിച്ചു. സാഹ്‌റയുടെയും അലിയുടെയും മുഹമ്മദിന്റെയും മുഖത്തുകണ്ട അതേ നിഷ്‌കളങ്കത. ഞങ്ങള്‍ സംസാരിച്ചു തുടങ്ങി.
രണ്ട് വിദൂരദേശങ്ങളിലുള്ളവരായിരുന്നിട്ടും ആദ്യമായി കാണുന്നവരായിരുന്നിട്ടും ഒരാള്‍ ലോകമറിയുന്ന വിഖ്യാത സംവിധായകനും മറ്റേയാള്‍ കേവലമൊരു കാണിയുമായിരുന്നിട്ടും വാക്കുകള്‍ക്ക് വരള്‍ച്ചയുണ്ടായില്ല. മജീദിയുടെ സിനിമകളും കഥാപാത്രങ്ങളും ബോര്‍ഡ് റൂമിനുള്ളില്‍ വന്നുനിറഞ്ഞു. അവര്‍ വിശേഷം പറഞ്ഞുതുടങ്ങി. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന തീരാകൗതുകത്തെ പറ്റി ചോദിച്ചപ്പോള്‍ എല്ലാവരും ആ സിനിമയെപ്പറ്റിയാണ് ഇപ്പോഴും ചോദിക്കുന്നതെന്ന കൗതുകം തിരികെ പ്രകടിപ്പിച്ചു. ലോകസിനിമയിലേക്ക് വാതില്‍ തുറന്നിട്ടുതന്നത് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ആണെന്ന് നായര്‍ ഹോട്ടലിലെ കണ്ണാടിയിലെ പുതിയ കാണിയുടെ മുഖം ഓര്‍മ്മിച്ച് പറഞ്ഞു. കളര്‍ ഓഫ് പാരഡൈസിലെ കാഴ്ചയില്ലാത്ത മുഹമ്മദിന്റെ ഉള്‍ക്കണ്ണിനെപ്പറ്റിയായി പിന്നെ സംസാരം.
'ഞാന്‍ തന്നെയാണ് എന്റെ സിനിമയിലെ കുട്ടി. എന്റേതും ഞാന്‍ കണ്ടറിഞ്ഞതുമായ അനുഭവങ്ങളുമാണ് സിനിമകളിലെ കുട്ടികളിലുള്ളത്. എന്റെ സിനിമകളെല്ലാം എന്റെ പരിസരത്തു സംഭവിച്ചതാണ്. എന്തു ചെയ്യാനും ഇഷ്ടമുള്ള ഊര്‍ജ്ജസ്വലനായ, സിനിമയെ സ്‌നേഹിച്ച ഒരു കുട്ടിയായിരുന്നു ഞാന്‍.'
എന്റെ കൗതുകങ്ങള്‍ക്കെല്ലാം സ്ഥായിയായ നിഷ്‌കളങ്കതയോടെ അദ്ദേഹം മറുപടി തന്നുകൊണ്ടിരുന്നു. ഉള്ളില്‍ നിഷ്‌കളങ്കതയും കുട്ടിത്തവും സൂക്ഷിക്കുന്ന ഒരാള്‍ക്കേ കുട്ടികളുടെ ഭാഷ വശമാകൂ. ഇറാനിലെയും ഇന്ത്യയിലെയും സിനിമകളെപ്പറ്റി സംസാരം തുടര്‍ന്നു. സംസാരത്തിലുടനീളം സിനിമയില്‍ മാത്രം ജീവിച്ച മനുഷ്യനെ കണ്ടു.സംസാരം കഴിഞ്ഞ് ഒന്നുകൂടി പരസ്പരം കണ്ണുനിറയെ ചിരിച്ചു. കൈകൂപ്പി യാത്രപറഞ്ഞ് ഇറങ്ങി.
ഇനി ഒരിക്കല്‍കൂടി നേരില്‍ കാണുമോ എന്നറിയില്ല. പല രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറത്താണ്. തൊട്ടുമുമ്പ് സംഭവിച്ചതെല്ലാം യാഥാര്‍ഥ്യമാണോ എന്ന് ഒരുവേള സംശയിച്ചു. അതിയായ ആനന്ദം വന്നുമൂടി. ഇനിയൊരിക്കലും വിട്ടുപോകാനാകാത്ത വിധം സിനിമ തലയില്‍ കൈവച്ച് അനുഗ്രഹിച്ചതു പോലെ തോന്നി.
'സിനിമയയെ സ്‌നേഹിച്ച കുട്ടിയാണ് ഞാനും'
ആ നേരം ഭഗവതിയമ്പലത്തിന്റെ പിറകിലെ കാഞ്ഞിരമരത്തിലെ കാര്‍ഡ് ബോര്‍ഡില്‍ ശ്രീകൃഷ്ണാ ടാക്കീസിലെ സിനിമാ പരസ്യം ഒട്ടിക്കാന്‍ രാത്രിയിരുട്ടില്‍ നടന്നുപോകുകയായിരുന്നു കുട്ടി. കൂടെ അലിയും സാഹ്‌റയുമുണ്ടായിരുന്നു. അലി വറ്റുപശ സിനിമാ പോസ്റ്ററിനു പിറകില്‍ തേച്ചു. സാഹ്‌റ കാര്‍ഡ് ബോര്‍ഡില്‍ പോസ്റ്ററൊട്ടിച്ചു. പൊങ്ങിനില്‍ക്കുന്ന വറ്റുകള്‍ ഒന്നുകൂടി അമര്‍ത്തിപ്പതിച്ച് പോസ്റ്ററിലെ സിനിമാ പേര് ഞങ്ങള്‍ വായിച്ചു. 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍'. ഹൈസിന്തില്‍ നിന്നിറങ്ങി നഗരവഴിയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുപോകുമ്പോള്‍ വഴിയരികിലെ മതിലുകളിലെ സിനിമാ പോസ്റ്ററുകള്‍ക്കെല്ലാം ചിറകുവച്ചു. അവ സ്‌കൂട്ടറിനെ പൊതിഞ്ഞു. അതൊരു സിനിമാവണ്ടിയായി. അലിയും സാഹ്‌റയും പിറകിലിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അനൗണ്‍സ്‌മെന്റുമായി നഗരം വലംവച്ചു. ശ്രീകൃഷ്ണയില്‍ ഇന്ന് ഒരുപാടാളുകള്‍ സിനിമ കാണാന്‍ വരും.
(അവസാനിച്ചു)
മുന്‍ ലക്കങ്ങള്‍ വായിക്കാം
Content Highlights: Cinema Talkies part twenty one ; Malayalam cinema memories by NP Murali Krishnan