സിനിമാ ടാക്കീസ് - 20
വലിയ നഗരമാണ്. ആകെ പരിചയമുള്ളത് തിപ്പലശ്ശേരിക്കാരന്‍ അനിലേട്ടനെയാണ്. നഗരത്തിലെ ഓഫീസുകൡും വീടുകളിലും ആവശ്യക്കാര്‍ക്ക് സിനിമകളുടെ സീഡി എത്തിച്ചു കൊടുക്കുന്നതാണ് അനിലേട്ടന്റെ ജോലി. മൊത്തക്കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ പുതിയതും പഴയതും മലയാളത്തിലും അന്യഭാഷയിലുള്ളതുമായ സിനിമകളുടെ സീഡികള്‍ എപ്പോഴും അനിലേട്ടന്റെ സഞ്ചിയിലുണ്ടാകും. തറയും ചുവരും ഇടിഞ്ഞുപൊളിഞ്ഞ് ഓടുകള്‍ ഇളകി പ്രാകൃതമായൊരു വാടകവീട്ടില്‍ ആറേഴു പേര്‍ക്കൊപ്പമാണ് അനിലേട്ടന്റെ താമസം. ആ വലിയ മനുഷ്യന്റെ കാരുണ്യത്തില്‍ വീടെന്നു വിളിക്കാവുന്ന ഒറ്റമുറി കെട്ടിടത്തിലെ പായുടെ ഒരറ്റത്ത് ചുരുണ്ടുകൂടി. രണ്ടു കാലുകളുമില്ലാത്ത ലോട്ടറി കച്ചവടക്കാരന്‍, നഗരത്തിലെ പാര്‍ക്ക് പരിസരത്ത് കളിപ്പാട്ടം വില്‍ക്കുന്നയാള്‍, ചായത്തട്ടിലെ സഹായി, തൊഴിലന്വേഷിച്ചു നഗരത്തില്‍ വന്ന ചെറുപ്പക്കാരന്‍, ട്യൂഷന്‍ മാസ്റ്റര്‍, പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തൊരാള്‍ തുടങ്ങി പരുഷമായ ചുറ്റുപാടിന്റെ പരിച്ഛേദങ്ങളെന്നു തോന്നാവുന്ന ഒരു കൂട്ടം മനുഷ്യരാണ് അവിടെ പാര്‍ത്തിരുന്നത്.
ഒന്നാം ദിവസവും രണ്ടാംദിവസവും മൂന്നാം ദിവസവും അനിലേട്ടന്‍ ഭക്ഷണം വാങ്ങിത്തന്നു. നാലാം ദിവസം ആ വലിയ സന്ദേഹം പ്രകടിപ്പിച്ചു. 'കുറച്ചു സീഡി വിറ്റുപോയ വകയില്‍ കൈയില്‍ ഇത്തിരി പൈസയുണ്ടായിരുന്നു. അതു തീര്‍ന്നു. എല്ലാ ദിവസവും ഭക്ഷണം വാങ്ങിത്തരാന്‍ പൈസയുണ്ടാവില്ല. അപ്പോള്‍ നീയെന്തു ചെയ്യും?' പറയാനായി ഒരു മറുപടിയില്ലായിരുന്നു. അനിലേട്ടന്‍ പിന്നെയും പറ്റുന്നതു പോലെ സഹായിച്ചു. പ്രത്യേകിച്ച് ലക്ഷ്യമുണ്ടായിട്ടല്ലെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ നിന്നിറങ്ങി. അനിലേട്ടനെപ്പോലെ ദൈവരൂപം കെട്ടിയ മനുഷ്യര്‍ നഗരത്തിലെ പലയിടങ്ങളില്‍ വച്ച് കൈനീട്ടി വിളിച്ചു. അവര്‍ അന്നമായും കരുതലായും കിടപ്പാടമായും തൊഴിലായും അനുഗ്രഹിച്ചു. അതോടെ കല്ലുകളിലാവാഹിച്ചും മന്ദിരങ്ങള്‍ കെട്ടിയും മനുഷ്യര്‍ സുരക്ഷിതരായി പാര്‍പ്പിച്ചുപോരുന്ന അനേകമനേകം ദൈവങ്ങള്‍ മണ്‍തരിയായി. നോക്കിനില്‍ക്കേ കണ്‍മുന്നില്‍ ആകാശത്തോളം വളര്‍ച്ച പ്രാപിച്ച രൂപമായി മനുഷ്യന്‍ എഴുന്നുനിന്നു.
മനുഷ്യന്‍ നന്‍മയായും തിന്‍മയായും മുന്നില്‍ വന്നേക്കാം. രണ്ടായാലും അതൊരു യാഥാര്‍ഥ്യമാണ്. ദൈവത്തെയാകട്ടെ, ഇതുവരെ കണ്ടുകിട്ടിയിട്ടേയില്ല. കാണാത്തൊരു വസ്തു ഉണ്ടെന്നു പറയുക വയ്യ. കണ്ടതെല്ലാം മനുഷ്യരെയാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തെക്കാള്‍ പ്രസക്തി മനുഷ്യനു തന്നെയാണ്. അവരതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ദൈവത്തിന്റെ ഇടപെടലിനും അനുഗ്രഹത്തിനുമായി കാത്തുനില്‍ക്കില്ല. സവിശേഷ ബുദ്ധിയോടെ അനുഗ്രഹിച്ചു കിട്ടിയ ജീവിതത്തെ കുറേക്കൂടി ബഹുമാനിക്കാനും അതു സന്തോഷമാക്കാനും ഭയങ്ങളെ മറികടക്കാനും ശീലിക്കും. നട്ടവെയിലിലേക്ക് ഇറങ്ങിനടന്ന് കുറേ കഴിയുമ്പോള്‍ ഒരു തണല്‍മരം വരും. അതിനു ചുവട്ടില്‍ ഇളവേല്‍ക്കും. തെല്ലു ചൂടാറിയാല്‍ പിന്നെയും വെയിലിലേക്ക് ഇറങ്ങിനടക്കും. കുറേ വെയിലു കൊള്ളുമ്പോള്‍ വെയിലും തണലായി മാറും. മരൂഭൂമിക്കപ്പുറം ശവം മണക്കുന്നൊരു കാടുണ്ടാകും. അതും കടന്നുചെന്നാല്‍ പിന്നെ പൂക്കാലമാണ്.
...................
നഗരത്തില്‍ ചലച്ചിത്രമേള നടക്കുകയാണ്. ചലച്ചിത്ര മേളയെപ്പറ്റിയോ അതിന്റെ നടത്തിപ്പിനെപ്പറ്റിയോ ധാരണയില്ല. സിനിമ കാണിക്കുന്ന ടാക്കീസുകളുടെ പരിസരത്ത് പോയപ്പോള്‍ ജനസഞ്ചയം. എല്ലാവരും സിനിമാപ്രേമികളാണ്. സിനിമ ഇഷ്ടപ്പെടുന്ന ഇത്രയധികം മനുഷ്യര്‍! ആള്‍ക്കാര്‍ക്ക് എന്തിനോടെങ്കിലും അതിയായ പ്രണയം വേണം. അതു സിനിമയോടാണെങ്കില്‍ വളരെ നന്നായി. സിനിമാ ടാക്കീസുകളില്‍ പലകുറി പോയി കണ്ടുപരിചയിച്ചതു പോലുള്ള കാണികളല്ല ഇവിടെ. ഇതുവരെ സിനിമാ ടാക്കീസുകളില്‍ പോയി കണ്ട സിനിമകളുമല്ല ഇവിടെ കാണിക്കുന്നത്.
കഴുത്തില്‍ ടാഗും തോളില്‍ സഞ്ചിയും തൂക്കിനടക്കുകയും കൂടിനിന്ന് ഗൗരവത്തോടെ സിനിമകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന മനുഷ്യര്‍. അവര്‍ക്കിടയില്‍ തുറന്ന സ്‌നേഹവും സൗഹൃദവും രൂപപ്പെട്ടു നില്‍ക്കുന്നതു കാണാം. അവരുടെ വേഷത്തില്‍ പോലും പ്രത്യേകതയുണ്ട്. നടപ്പില്‍ സ്വാതന്ത്ര്യപ്രഖ്യാപനമുണ്ട്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളുമെന്ന വേര്‍തിരിവ് കാണാനില്ല. കണ്ടുപരിചയിച്ച ടാക്കീസുകള്‍ക്കും കാണികള്‍ക്കുമെല്ലാം ഒറ്റമുഖമായിരുന്നു. നാടുകളും ടാക്കീസുകളും ക്ലാസ് വ്യത്യാസവും കാണികളുടെ ഏറ്റക്കുറച്ചിലുമല്ലാതെ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവും അവയില്‍ അനുഭവപ്പെട്ടില്ല. ചലച്ചിത്ര മേളയിലങ്ങനെയല്ല. പല നാടുകളില്‍ നിന്നുള്ള മനുഷ്യര്‍, സിനിമകള്‍, പല ഭാഷകള്‍, സംസ്‌കാരം. എല്ലാവര്‍ക്കും വിനിമയം ചെയ്യുന്ന സിനിമയുടെ ഒറ്റഭാഷ. ദേശത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാത്തൊരു ലോകം. എന്തൊരു ലോകമായിരിക്കുമത്! എങ്ങനെ അക്കൂട്ടത്തിലൊരു കാണിയാകാന്‍ സാധിക്കും?
മൂന്നുദിവസം കഴിഞ്ഞു. ടാക്കീസിന്റെ ഗേറ്റിനകത്തേക്ക് കടക്കാന്‍ ധൈര്യം തോന്നിയില്ല. ആരും ശ്രദ്ധിക്കാനിടയില്ലാത്ത മെലിഞ്ഞുണങ്ങിയ ശരീരം, പാസുമില്ല. അകത്തുകയറാന്‍ ശ്രമിച്ചാല്‍ തന്നെ ഇത്തരം കോലങ്ങള്‍ കാണുമ്പോള്‍ ഗേറ്റിനരികില്‍ സുരക്ഷാച്ചുമതല വഹിക്കുന്നവര്‍ക്ക് പെട്ടെന്നൊരു ഭൂതാവേശം കടന്നുവരാറുണ്ട്. അവര്‍ ആസുരമായി പാഞ്ഞുവന്ന് കഴുത്തില്‍ തൂക്കിയെടുത്ത് പുറത്തുകൊണ്ടുപോയി തള്ളും. അതിനൊപ്പം ചുറ്റുമുള്ളവരുടെ സഹതാപം മുഴുവന്‍ ഏറ്റുവാങ്ങേണ്ടിയും വരും. മുമ്പ് പലയിടങ്ങളിലും വച്ച് അങ്ങനെയുള്ള അനുഭവമുണ്ടായിട്ടുണ്ട്. ലോകം, നിങ്ങള്‍ മെലിഞ്ഞവരുടെയും കറുത്തവരുടെയും ചെറിയ ശരീരമുള്ളവരുടെയുമല്ലെന്ന് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. അവരെ സദാ ഉള്‍വലിയാന്‍ പ്രേരിപ്പിക്കും. സമൂഹം ഉള്ളില്‍ പേറിത്തന്നിട്ടുള്ള അപകര്‍ഷബോധം ഉണര്‍ന്നെണീറ്റപ്പോള്‍ ടാക്കീസ് ഗേറ്റില്‍ നിന്ന് പിടിവിട്ട് റോഡിലേക്ക് നടന്നു.
മേളയിലെ സിനിമ കാണാന്‍ കഴിയില്ലെന്നു തന്നെ ഉറപ്പിച്ചു. മേളയുടെ അവസാനദിനമായി. പ്രതീക്ഷയറ്റ് ഇരിക്കുമ്പോള്‍ ഒരിക്കല്‍കൂടി അത്ഭുതം പ്രവര്‍ത്തിച്ചു. പരിചയക്കാരന്റെ പാസ് കിട്ടി. സമയം കളയാതെ അതും തൂക്കി ടാക്കീസിലെത്തി. കാണാന്‍ പോകുന്ന സിനിമ ഏതാണെന്നൊന്നും അറിയില്ല. നല്ല തിരക്കുണ്ട്. ക്യൂ മുറിഞ്ഞു. തിരക്കിനിടയില്‍പെട്ട് വായുമാര്‍ഗേണ ടാക്കിസിനകത്തേക്ക് എത്തപ്പെട്ടു. ചലച്ചിത്രമേളയുടെ കാണികള്‍. തീര്‍ത്തും അപരിചിതമായ മുഖങ്ങളുള്ളവര്‍. അവര്‍ക്കൊപ്പം ഇരിക്കാന്‍ അങ്കലാപ്പ് തോന്നി. തെല്ല് നേരം അങ്ങനെ തന്നെ നിന്നുപോയി. അന്നേരം മുഖത്തുണ്ടായ സങ്കോചം ഇരുട്ടില്‍ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. സീറ്റുകള്‍ പെട്ടെന്ന് നിറയുന്നതുകണ്ട് വേഗം ഒരിടത്തു പോയിരുന്നു.
മീനാ ടാക്കീസില്‍നിന്ന് ഒരുപാടകലെ എത്തിയിരിക്കുന്നു. കാലം പലജാതി പരീക്ഷണങ്ങളും വേഷങ്ങളും കെട്ടിച്ചു. എല്ലാ നാടുകളിലെയും ടാക്കീസുകളില്‍ നിന്ന് സിനിമ കാണുന്ന കാണിയാകാന്‍ വേണ്ടി എത്രയും പെട്ടെന്ന് വലുതാകാന്‍ കൊതിച്ച കുട്ടി പല നാടുകള്‍ കണ്ടിരിക്കുന്നു. നയിക്കാനും മാര്‍ഗം കാണിക്കാനും ആരുമില്ലാതാകുന്നവര്‍ അലയുന്ന വഴികളിലെല്ലാം അലഞ്ഞു. ചിരിച്ചതിനെക്കാള്‍ കരഞ്ഞു. ഭക്ഷിച്ചതിനെക്കാള്‍ വിശന്നു. കൂടെയുണ്ടായിരിക്കുമെന്ന് നിനച്ചവരില്‍ പലരും പാതിവഴി പിരിഞ്ഞു. ഒപ്പമുണ്ടായിരുന്ന കവിത പോലും വിരല്‍വെടിഞ്ഞ മട്ടാണ്. സിനിമ മാത്രം ഏതു ശൂന്യതയിലും ഒളിമങ്ങാതെ നെഞ്ചോടു ചേര്‍ന്നിരിക്കുന്നു. രണ്ടു വെളുത്ത പെണ്‍കുട്ടികള്‍ സ്‌ക്രീനിനു മുന്നില്‍ വന്നുനിന്ന് മൈക്കില്‍ കാണികളെ സ്വാഗതം ചെയ്തു. സിനിമയെക്കുറിച്ച് രണ്ടു ഭാഷയില്‍ ഹ്രസ്വമായ അവതരണം നടത്തിയ ശേഷം സുന്ദരമായി പുഞ്ചിരിച്ച് അവര്‍ വേദിയില്‍ നിന്ന് വിരമിച്ചു.
പൊടുന്നനെ വെളിച്ചമണഞ്ഞ് പരസ്യമോ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശനമോ നന്ദിപ്രകാശനമോ ഇല്ലാതെ അതിവേഗം കാണികളെ സിനിമയിലേക്ക് എടുത്തിട്ടു. ഗൗരവമുള്ള സിനിമയാണ് കാണാന്‍ പോകുന്നതെന്ന വിചാരം അതോടെ കാണികളിലുമുണ്ടായി. പരിചയസമ്പന്നരായ കാണികള്‍ക്കൊപ്പം മജീദ് മജീദിയെന്നും ചില്‍ഡ്രന്‍ ഓഫ് ഹെവനെന്നുമുള്ള രണ്ടു പേരുകളുടെ മാത്രം പൂര്‍വബലത്തില്‍ ലോകസിനിമ കാണാന്‍ ചേര്‍ന്നു. ചില്‍ഡ്രന്‍ ഓഫ് ഹെവന്റെ അനുഭവതീവ്രതയും ലാളിത്യവും പകര്‍ന്നുകിട്ടിയില്ലെങ്കിലും ഈ സിനിമയുടെയും വിനിമയഭാഷ പുതിയ അനുഭവമായി. കാണികള്‍ അതീവഗൗരവത്തോടെ സ്‌ക്രീനില്‍ കണ്ണു നട്ടിരിക്കുന്നു. അവരെ അനുശീലിച്ച് ഞാനും മൗനിയായി. ഇവരില്‍ മിക്കവരും വര്‍ഷങ്ങളായി ചലച്ചിത്രമേളയുടെ കാണികളായിരിക്കണം. തഴക്കം ചെന്ന കാണികള്‍. സിനിമയെ അതിരറ്റ് സ്‌നേഹിക്കുന്നവര്‍. അതിനായി മാത്രം വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്നവര്‍.
ഇടവേളയില്ലാതെ പ്രദര്‍ശിപ്പിച്ച സിനിമ രണ്ടുമണിക്കൂറില്‍ പൂര്‍ത്തിയായി. കാണികള്‍ എഴുന്നേറ്റ് കൈയടിച്ചശേഷം ശാന്തരായി തിരിച്ചിറങ്ങി. പരിചിതമല്ലാത്ത കാഴ്ചസംസ്‌കാരത്തെ മാറിനിന്ന് വീക്ഷിച്ചു. സിനിമയെ ബഹുമാനിക്കാന്‍ ശീലിച്ചവരാണ് ഈ കാണികള്‍. ഞാനും ചലച്ചിത്രമേളയുടെ കാണിയായിരിക്കുന്നു. സിനിമയുമായി അഞ്ചാറ് വയസ്സില്‍ തുടങ്ങിയ പൊക്കിള്‍കൊടി ബന്ധം തിരിച്ചറിഞ്ഞിട്ടാകാം, പിന്നീടുള്ള വര്‍ഷങ്ങളില്‍ ചലച്ചിത്രമേളയും നഗരവും കൈവിടാതെ കൂടെക്കൂട്ടി. സിനിമയ്ക്കായി വാതില്‍ തുറന്നിട്ട നഗരമായിരുന്നു അത്. നിറയെ ടാക്കീസുകള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, സിനിമാ ചര്‍ച്ചകള്‍. ചലച്ചിത്രമേളകളും ഫിലിം സൊസൈറ്റികളും സാംസ്‌കാരിക കേന്ദ്രങ്ങളും സിനിമയുടെ വലിയ ആകാശം കാത്തുവച്ചു. ഒന്നും അകലെയായില്ല.
ലോകസിനിമയുടെ സംസ്‌കാരവും നാള്‍വഴികളും നെഞ്ചില്‍ സൂക്ഷിക്കുന്ന ഒരു കൂട്ടം മനുഷ്യരിലേക്കാണ് എത്തപ്പെട്ടത്. സിനിമയുടെ സൗന്ദര്യശാസ്ത്രവും ഭിന്ന കാഴ്ചപ്പാടുകളും അവര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. അവരെ സിനിമാ മനുഷ്യരെന്നു വിളിക്കുന്നു. സിനിമയിലേക്ക് ഉണര്‍ന്നെണീക്കുന്നതായിരുന്നു അവരുടെ ദിവസങ്ങള്‍. അവര്‍ ജീവിതചക്രത്തെ ഫിലിം റോളുമായി ഘടിപ്പിച്ചിട്ടു. സിനിമ അവര്‍ക്ക് ജീവജലവും പ്രാണവായുവുമായി. സൈക്കിള്‍ ചവിട്ടാന്‍ പരിശീലിപ്പിക്കുന്നതു പോലെ ആദ്യം പിറകില്‍ പിടുത്തമിട്ടും നിര്‍ദേശങ്ങള്‍ പറഞ്ഞും പിന്നെ പിടി മെല്ലെ അയച്ചും സിനിമയുടെ ചരിത്രപാഠങ്ങളും ഭാഷയും വര്‍ത്തമാനവും അവരില്‍നിന്നും പകര്‍ന്നുകിട്ടി. സിനിമയോടുള്ള കൗതുകം വിടാതെ സൂക്ഷിച്ചുപോന്ന കുട്ടി പിറകിലെ പിടിയയഞ്ഞത് അറിയാതെ സൈക്കിള്‍ ചവിട്ടി മുന്നോട്ടുപോയി. മജീദ് മജീദിയെന്ന പേരിന് സെര്‍ജെ ഐസെന്‍സ്റ്റീന്‍, ആന്ദ്രേ തര്‍ക്കോവ്‌സ്‌കി, ഡി.ഡബ്ല്യു.ഗ്രിഫിത്ത്, വിക്ടോറിയ ഡി സികാ, ഫെഡറികോ ഫെല്ലിനി, ഇംഗ്മര്‍ ബെര്‍ഗ്മാന്‍, ജീന്‍ ലുക് ഗൊദാര്‍ദ്, അകിരാ കുറൊസോവ, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, ചാര്‍ലി ചാപ്ലിന്‍, ബസ്റ്റര്‍ കീറ്റണ്‍, റോമന്‍ പൊളാന്‍സ്‌കി എന്നിങ്ങനെ വലിയ പേരുകള്‍ തുടര്‍ച്ചകളായി.
നൂറ്റാണ്ടിലേറെ പഴക്കം ചെന്ന കല. നൂറുകണക്കിന് ഇതിഹാസ ചലച്ചിത്രകാരന്മാര്‍. ലക്ഷക്കണക്കിന് സിനിമകള്‍. ഒരു മനുഷ്യന് എത്ര സിനിമ കാണാനാകും? മരിച്ചാല്‍ പിന്നെങ്ങനെ സിനിമ കാണും! സിനിമാ മനുഷ്യര്‍ പകര്‍ന്നുതന്ന പാഠങ്ങള്‍ ആന്‍ ഒക്ക്വറന്‍സ് അറ്റ് ആള്‍ ക്രീക്ക് ബ്രിഡ്ജില്‍ തുടങ്ങി ഗ്രേറ്റ് ട്രെയിന്‍ റോബറിയിലും ബാറ്റില്‍ഷിപ്പ് പൊട്ടംകിനിലും റാഷമോണിലും തുടര്‍ന്ന് ടൊര്‍നാട്ടോറെയുടെ സിനിമാ പാരഡിസോയിലെത്തി സാല്‍വറ്റോറിനെ കണ്ടപ്പോള്‍ ശ്രീകൃഷ്ണാ ടാക്കീസിന്റെ നടത്തിപ്പുകാരന്‍ കുട്ടിയെന്താണ് സ്‌ക്രീനില്‍ കയറിനില്‍ക്കുന്നതെന്നു തോന്നി. ഓര്‍മ്മകളും പേരറിയാത്ത സങ്കടവും കൊണ്ട് ആല്‍ഫ്രഡോയുടെ ഓപ്പറേറ്റിംഗ് മുറിയേയും സിനിമാ ടാക്കീസിനേയും കെട്ടിപ്പുണര്‍ന്നു.
സിനിമാ പാരഡിസോ കേവലമൊരു സിനിമയായി ഒതുങ്ങിയില്ല. ദിവസങ്ങളോളം അത് പിന്തുടര്‍ന്നു. നാടിനെക്കുറിച്ചും പഴയ കാലത്തെക്കുറിച്ചും ഓര്‍ക്കരുതെന്നായിരുന്നു യാത്രയാക്കുമ്പോള്‍ ആല്‍ഫ്രഡോ സാല്‍വറ്റോറിനെ ഉപദേശിച്ചത്. പക്ഷേ ഓര്‍മ്മകളിലേക്കു മടങ്ങിച്ചെല്ലാതിരിക്കാന്‍ സാല്‍വറ്റോറിനും എനിക്കുമാകില്ല.
മുന്‍ ലക്കങ്ങള്‍ വായിക്കാം
Content Highlights: Cinema Talkies part twenty ; Malayalam cinema memories by NP Murali Krishnan