സിനിമ ടാക്കീസ് 12
 
നാട്ടിലൊരു സിനിമാ ഷൂട്ടിംഗ് വന്നിരിക്കുകയാണ്. ആകാശത്തുനിന്ന് സിനിമാക്കാരൊക്കെ ഞങ്ങടെ ദേശത്തെ മണ്ണില്‍ വന്നിറങ്ങിയിരിക്കുന്നു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള അവരെയൊക്കെ നേരില്‍ കാണാനുള്ള അവസരമാണ്. ഒരു നാടിന്റെ മുഴുവന്‍ കണ്ണുകളും ഭാഗ്യം ചെയ്തവയാകാന്‍ പോകുന്നു. പോട്ടൂരിലെ പഴയൊരു മനയിലാണ് ഷൂട്ടിംഗ്. സിനിമാ ഷൂട്ടിംഗിന് ജയറാം വന്നിരിക്കുന്ന കാര്യം പെട്ടെന്നുതന്നെ നാട്ടില്‍ പാട്ടായി. കുട്ടികള്‍ക്കിടയില്‍ അതു മാത്രമായി സംസാരം. ജയറാം കത്തിനില്‍ക്കുന്ന സമയമാണ്. ജയറാം ഇത്രയുമടുത്ത് വന്നിട്ട് കാണാതിരിക്കുന്നതെങ്ങനെ! പോട്ടൂരില്‍ കുറച്ചു ദിവസത്തെ ഷൂട്ടിംഗേ ഉള്ളൂ. അതിനിടയില്‍ കാണണം. 
 
ജയറാമിനെ കണ്ടവരൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു സൗന്ദര്യവിവരണം നടത്തി. ഷൂട്ടിംഗ് കണ്ടവര്‍ കാണാത്തവര്‍ക്കിടയില്‍ ആളായി. ജയറാം മാത്രമല്ല ജോമോളുമുണ്ടെന്ന് പോയി വന്നതിലൊരാള്‍ പറഞ്ഞു. അതു കേട്ടതും മനസ്സൊന്നു കുളിര്‍ത്തു. വേറൊരാള്‍ ബിജുമേനോനെയും കണ്ടെന്ന്. ഉറ്റകൂട്ടുകാരന്‍ സുബീഷിന്റെ വീടിന്റെ തൊട്ടടുത്താണ് ഷൂട്ടിംഗ് നടക്കുന്നത്. അവന്‍ എന്നും ഷൂട്ടിംഗ് കാണാന്‍ പോകും. സ്‌കൂളുവിട്ടാല്‍ നേരെ അങ്ങോട്ടാണ് ഓട്ടം. ഷൂട്ടിംഗ് തീരാന്‍ ഒറ്റ ദിവസം ബാക്കിയുള്ളപ്പോഴാണ് യാത്രയ്ക്കുള്ള അനുമതി കിട്ടിയത്. വീട്ടില്‍നിന്ന് ആറേഴ് കിലോമീറ്ററുണ്ട് ഷൂട്ടിംഗ് സ്ഥലത്തേക്ക്. നടവഴിയിലെല്ലാം ഷൂട്ടിംഗ് കാണാന്‍ പോകുന്ന സംഘങ്ങള്‍ പല ദിക്കുകളില്‍നിന്ന് ഒപ്പം കൂടിക്കൊണ്ടിരുന്നു. കുടുംബമായി പൂരത്തിനു പോകുന്നതു പോലെ ആഘോഷമായിട്ടാണ് ആള്‍ക്കാരുടെ പോക്ക്. പോട്ടൂര്‍ക്കാവില്‍ മകരം പത്താന്തി പൂരത്തിന് പോകുമ്പോള്‍ മാത്രമേ ഈ സ്ഥലത്തൊക്കെ മുമ്പ് ഇത്ര തിരക്ക് കണ്ടിട്ടുള്ളൂ. ഇത്രയും ആളുകള്‍ കൂട്ടത്തോടെ നടന്നുപോകുന്നതു കാണാന്‍ പോട്ടൂരുകാര്‍ വീടിന്റെ ഉമ്മറത്തും കടവരാന്തയിലും ഇറങ്ങിനിന്നു. ആദ്യമായി ഷൂട്ടിംഗ് കാണാന്‍ പോകുകയാണ്. അതുമല്ല, ആദ്യമായി ഒരു നടനെ കാണാന്‍ പോകുകയാണ്, അതും ജയറാമിനെ. നടത്തത്തിനിടെ സന്തോഷം ചെണ്ട കൊട്ടിവന്നു.
 
ജയറാമിനെ കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നത് ദീപ ചേച്ചിയാണ്. ദീപചേച്ചി അയല്‍ക്കാരിയാണ്. മാധവിചേച്ചിയുടെ മകള്‍. ജയറാമിന്റെ കടുത്ത ആരാധികയാണ്. ദീപചേച്ചിയുടെ പുസ്തകത്തിലെല്ലാം നാനയില്‍ നിന്നും വെള്ളിനക്ഷത്രത്തില്‍ നിന്നും ചിത്രഭൂമിയില്‍ നിന്നും വെട്ടിയെടുത്ത ജയറാമിന്റെ ഫോട്ടോകളാണ്. ജയറാമിന്റെ ഏതു പടം റിലീസ് ചെയ്താലും അതു പേപ്പറില്‍നിന്ന് വെട്ടിയെടുത്ത് പുസ്തകത്തില്‍ ഒട്ടിച്ചുവയ്ക്കും. വേറൊരു സിനിമാ പരസ്യവും ചേച്ചി വെട്ടിയെടുത്ത് സൂക്ഷിക്കാറില്ല. ചേത്ത്യാരടെ മുറ്റത്ത് ഒളിച്ചു കളിക്കുമ്പോഴും ഓടിത്തൊട്ടു കളിക്കുമ്പോഴും ചോറും കൂട്ടാനും വച്ചു കളിക്കുമ്പോഴുമെല്ലാം ദീപചേച്ചി ജയറാമിനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കും. ജയറാമിന്റെ അഭിനയത്തെപ്പറ്റിയും ഭംഗിയെപ്പറ്റിയുമാണ് പറച്ചില്‍. ചേച്ചിയുടെ വിവരണം കേട്ടാല്‍ മറ്റൊരു നടന്‍മാര്‍ക്കും ജയറാമിന്റെയത്ര ഭംഗിയില്ലെന്ന് കേള്‍വിക്കാര്‍ക്കും തോന്നിപ്പോകും. അത്ര ഇഷ്ടത്തോടെയാണ് വിശദീകരണം. ദീപചേച്ചിയും കാണാന്‍ നല്ല സുന്ദരിയായിരുന്നു. ജയറാമിനെപ്പറ്റി ഇത്രയേറെ വിശേഷണങ്ങള്‍ പറയുമ്പോഴും പാര്‍വതിയെപ്പറ്റി ഒരു വാക്കും ചേച്ചി പറഞ്ഞില്ല. ആരും അതിനെപ്പറ്റിയൊട്ടു ചോദിച്ചതുമില്ല.
 
കുറ്റിപ്പുറം മീനയില്‍ ജയറാമിന്റെ പടം വന്നാല്‍ ദീപചേച്ചി വീട്ടുകാരെ നിര്‍ബന്ധിച്ച് സിനിമ കാണാന്‍ വിളിച്ചുകൊണ്ടുപോകും. ഞായറാഴ്ച ടീവിയില്‍ ജയറാമിന്റെ പടം വന്നാല്‍ അതു കാണാനുള്ള ഒരുക്കം രാവിലെ തുടങ്ങും. ടീവിയില്‍ ജയറാമുള്ള ദിവസം കൂടുതല്‍ ഒരുങ്ങി സുന്ദരിയായിട്ടാണ് ദീപചേച്ചി സിനിമ കാണാന്‍ പോകുക. എന്നെങ്കിലും 'എന്റെ ജയറാമിനെ കാണും' ദീപചേച്ചി എപ്പോഴും പറയും. 'കണ്ടാല്‍ കെട്ടിപ്പിടിക്കും, ഉമ്മ കൊടുക്കും'. ഇത്ര സന്തോഷവതിയായിരുന്നിട്ടും എപ്പോഴും ചിരിക്കുന്നവളും സ്‌നേഹം സൂക്ഷിക്കുന്നവളുമായിരുന്നിട്ടും എന്തിനാണ് ജയറാമിനെ കാണാന്‍ കാത്തുനില്‍ക്കാതെ പെട്ടെന്നൊരു ദിവസം ദീപചേച്ചി ഒരു കയറിനറ്റത്ത് കഴുത്തു മുറുക്കിയത്! ചേച്ചി എന്തിനാണങ്ങനെ ചെയ്തതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. കളിക്കൂട്ടത്തിലൊരാള്‍ പെട്ടെന്ന് ഇല്ലാതായിപ്പോയതിന്റെ സങ്കടം സഹിക്കാനായില്ല. കളിക്കൂട്ടം കൂടിയിരുന്ന് ഒരുപാട് കരഞ്ഞു. ഞങ്ങള്‍ കളിച്ചിരുന്ന മുറ്റത്താണ് ചേച്ചിയെ വെള്ളപുതപ്പിച്ച് കിടത്തിയത്. പിന്നെയാ മുറ്റത്ത് ഒളിച്ചുകളിയോ ചോറും കൂട്ടാനും വച്ചു കളിയോ ഉണ്ടായില്ല. കളിച്ചാല്‍ ദീപചേച്ചിയും ഒപ്പമുണ്ടാകും. ചായ്പിലോ മുറിയിലോ കല്ലുവെട്ടു കുഴിയിലോ ഒളിച്ചാല്‍ ഒപ്പം ദീപചേച്ചിയുണ്ടാകും. ചോറും കൂട്ടാനും വച്ചു കളിച്ചാല്‍ സാരിയുടുത്ത് അമ്മവേഷത്തില്‍ ദീപചേച്ചിയുണ്ടാകും. ദീപചേച്ചി മരിച്ച് അധികമായിട്ടില്ല, അപ്പോഴാണ് ജയറാം പോട്ടൂരില്‍ വരുന്നത്. ദീപചേച്ചിയുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചായിരിക്കും ഷൂട്ടിംഗ് കാണാന്‍ പോകുന്നത്.
 
ഷൂട്ടിംഗ് സ്ഥലത്ത് എത്ര തിരക്കുണ്ടായിരുന്നാലും ചേച്ചി ജയറാമിന്റെ അടുത്തുപോയി ഓട്ടോഗ്രാഫ് വാങ്ങും. പുസ്തകത്തില്‍ ഒട്ടിച്ചുവച്ച ജയറാമിന്റെ ഫോട്ടോകളും സിനിമാ പരസ്യങ്ങളും കാണിച്ചുകൊടുക്കും. അതെല്ലാം കണ്ട് ജയറാമിന് സന്തോഷമാകും. ദീപചേച്ചിക്ക് ജയറാം കൈ കൊടുക്കുമായിരിക്കും. കാത്തുവച്ച പ്രണയമെല്ലാം കണ്ണില്‍വരുത്തി ചേച്ചി ജയറാമിന് ഒരു സുന്ദരന്‍ ചിരി കൊടുക്കും. ഒന്നും മിണ്ടാതെ ജയറാമും തിരികെ ചിരിക്കും. അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലാകുമായിരിക്കും ആരാധികയുടെയുള്ളിലെ പ്രണയം. ഇതൊന്നും സാധിച്ചില്ലല്ലോ ചേച്ചീ.. എന്നാലും എന്തായിരുന്നു ആ വലിയ സങ്കടം? ഷൂട്ടിംഗ് നടക്കുന്ന സ്ഥലം എത്താറായി. അല്പനേരം കൂടി കഴിഞ്ഞാല്‍ ജയറാമിനെ കാണാം. അതോടെ പുതിയൊരാളാകും. സിനിമാ നടനെ കണ്ടയാളാകും. ഷൂട്ടിംഗ് സ്ഥലത്ത് എത്തിയപ്പോള്‍ ജനപ്രളയം. ജയറാമിനെ അടുത്തുപോയി കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. തൊട്ടടുത്തു കണ്ടാല്‍ ഒന്നു തൊട്ടുനോക്കണമെന്ന് വിചാരിച്ചിരുന്നു. അതു നടന്നാല്‍ 'ഞാന്‍ ജയറാമിനെ തൊട്ടു' എന്നുപറഞ്ഞ് വീട്ടിലും സ്‌കൂളിലും വീമ്പിളക്കാം. തൊട്ടപ്പോള്‍ ജയറാം എന്നെ നോക്കി ചിരിച്ചു എന്നുകൂടി വേണമെങ്കില്‍ കൂട്ടിപ്പറയാം. 
 
ഇതിപ്പോള്‍ തിരക്കിനിടയില്‍ ജയറാമിനെ കാണാന്‍ പറ്റുമോ എന്നു തന്നെ സംശയമായി. ഉയരമുള്ള മനുഷ്യര്‍ മുന്നില്‍ ഷൂട്ടിംഗ് മറച്ച് കോട്ടമതില്‍ തീര്‍ത്തിരിക്കുന്നു. അവര്‍ ഷൂട്ടിംഗ് കാണുകയാണ്, ജയറാമിനെ കാണുകയാണ്. സന്തോഷത്തില്‍ ചിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അത്രയുമായപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കോട്ടമതിലില്‍ വിടവുണ്ടാക്കി മുന്നോട്ടുനീങ്ങി. ആരോഗ്യം കുറഞ്ഞ ഒരു സൂക്ഷ്മശരീരമെന്ന പരിഗണനയില്‍ ഒന്നു നോക്കി സഹതപിച്ചതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. മാത്രമല്ല, ആ ശരീരം മുന്നില്‍ നിന്നാലും അവര്‍ക്ക് ഷൂട്ടിംഗ് കാണാന്‍ തടസ്സമുണ്ടാകില്ല. കാണികള്‍ അനുവദിച്ചുതന്ന ആനുകൂല്യത്തില്‍ മുന്‍നിരയിലെത്തി. ീട്ടുപറമ്പിനോടു ചേര്‍ന്ന അരമതിലിലാണ് കാണികളുടെ നില്പ്.  വീടിന്റെ ഉമ്മറത്താണ് ഷൂട്ടിംഗ് നടക്കുന്നത്. അവിടെ ക്യാമറയും ലൈറ്റും മറ്റു സാധനങ്ങളും പിടിച്ച് ഷൂട്ടിംഗ് സംഘത്തിലെ ആളുകള്‍. അവര്‍ക്കിടയിലെവിടെയോ ആണ് കാണേണ്ട ആള്‍. അന്നേരം ഷൂട്ടിംഗ് സംഘത്തില്‍ നിന്ന് ഒരാള്‍ 'ആക്ഷന്‍' എന്നു വിളിച്ചുപറഞ്ഞു. അതുകേട്ട് കാണികളിലൊരാള്‍ 'ജയരാജ്' എന്ന് ഉറക്കെ പറഞ്ഞു. ഞാന്‍ അയാളെ നോക്കി. സംവിധായകനെയൊക്കെ കണ്ടാല്‍ തിരിച്ചറിയുന്നയാള്‍. തീര്‍ച്ചയായും ആ മനുഷ്യന് സിനിമയെപ്പറ്റി നല്ല വിവരമുണ്ടായിരിക്കും. അയാളൊരു സിനിമാപ്രേമിയായിരിക്കും.
 
ജയരാജ് ആക്ഷന്‍ പറഞ്ഞുകഴിഞ്ഞ് നോക്കിയപ്പോള്‍ കഴുത്തില്‍ തുളസിയിലയും തെച്ചിപ്പൂവും കെട്ടിയ മാലയിട്ട് ജയറാം ഉമ്മറത്തേക്ക് നടന്നുവരുന്നു. ജയറാമിന്റെ കൈപിടിച്ച് പിറകില്‍ ജോമോളും. ജോമോളുടെ കഴുത്തിലും മാലയുണ്ട്. കണ്ണുകള്‍ വിടര്‍ന്നുവികസിച്ചു. ജയറാമിനെ കണ്ടിരിക്കുന്നു, ജയറാമിനെ മാത്രമല്ല ജോമോളെയും കണ്ടിരിക്കുന്നു. ഒരേസമയം ഒരു നടനെയും നടിയെയും കാണുക. ഭാഗ്യംചെയ്ത കണ്ണുകള്‍. ഒരു കല്യാണസീനാണ് ഷൂട്ട് ചെയ്യുന്നത്. കല്യാണച്ചെക്കനും പെണ്ണുമായി ജയറാമും ജോമോളും. അവര്‍ കൈപിടിച്ച് ഉമ്മറത്ത് പ്രദക്ഷിണം വച്ചു കഴിഞ്ഞപ്പോള്‍ ജയരാജ് ഓകെ പറഞ്ഞു. ജയറാം കസേരയില്‍ ഇരുന്നു. ഒരാള്‍ വന്ന് ടവലുകൊണ്ട് മുഖത്തെ വിയര്‍പ്പ് തുടച്ചുകൊടുത്തു. ജയറാം കണ്ണാടിയില്‍ നോക്കി എണ്ണ തേച്ച് നെറ്റിയില്‍ പതിച്ചുചീകിയ മുടിയില്‍ ഒന്നു വിരലോടിച്ചു. കറുത്ത ഫ്രേയിമുള്ള കട്ടിക്കണ്ണട കൈയിലെടുത്തു. 
 
ജോമോള്‍ അല്പം മാറിയാണ് ഇരുന്നത്. അതുകൊണ്ട് അങ്ങോട്ട് നോട്ടം എത്തിയില്ല. ഇടയ്ക്ക് ജയറാം ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയതായി തോന്നിയപ്പോള്‍ കാണികള്‍ മന്ദഹസിക്കാന്‍ ശ്രമിച്ചു. അത് ശൂന്യതയില്‍ തട്ടി അവരവരുടെ ചിറികളിലേക്കു തന്നെ ഗൗരവത്തില്‍ മടങ്ങി. ജയരാജ് കൈകള്‍ നിവര്‍ത്തിയും മടക്കിയും ഒപ്പമുള്ളവര്‍ക്ക് നിര്‍ദേശം കൊടുക്കുന്നു. ജയരാജ് തൊപ്പി വച്ചിട്ടുണ്ട്. സംവിധായകരെല്ലാം തൊപ്പി വയ്ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതെന്തിനാണെന്ന് അറിയില്ല. എന്തായാലും തൊപ്പിവച്ച ഒരു സംവിധായകനയും നേരില്‍ കണ്ടിരിക്കുന്നു. 
 
ശ്രദ്ധ വീണ്ടും ജയറാമിലേക്കായി. ജയറാമിനെ കാണാന്‍ കഴിഞ്ഞ ഭാഗ്യത്തില്‍ കണ്ണെടുക്കാതെ ആ ശരീരത്തിലേക്കു തന്നെ നോക്കിക്കൊണ്ടു നില്‍ക്കുമ്പോഴാണ് ഷൂട്ടിംഗ് കഴിഞ്ഞെന്നു പറയുന്നതു കേട്ടത്. അയ്യോ, ഇത്ര പെട്ടെന്നോ! ലൈറ്റ് കുറവായതു കാരണമാണ് ഷൂട്ടിംഗ് മതിയാക്കിയതെന്ന്. ചുറ്റും നല്ല വെളിച്ചമുണ്ട്. ഇനി പോരെങ്കില്‍ സിനിമാക്കാരുടെ കൈയിലതാ സ്റ്റാന്‍ഡില്‍ സ്വിച്ചിട്ടുനിര്‍ത്തിയ വേറെയും ലൈറ്റുകള്‍. എന്നിട്ടും അവര്‍ക്ക് ലൈറ്റ് പോരെന്ന്. എന്തൊരു കഷ്ടമാണ്. ഷൂട്ടിംഗ് എന്നു പറഞ്ഞാല്‍ സിനിമ കാണുന്നതു പോലെ തന്നെ കാണാന്‍ സാധിക്കുന്ന എന്തോ സംഗതി ആണെന്നാണ് കരുതിയിരുന്നത്. ഇതിപ്പോ വളരെ പതുക്കെയാണല്ലോ കാര്യങ്ങള്‍ നീങ്ങുന്നത്. ഇങ്ങനെ ഷൂട്ട് ചെയ്താല്‍ ഇവരിതെത്ര കാലമെടുക്കും ഈ സിനിമ തീര്‍ക്കാന്‍! ഷൂട്ടിംഗ് മതിയാക്കിയതോടെ ജയറാം വീടിനകത്തേക്ക് കയറിപ്പോയി. ഞങ്ങളെ ഒന്നു നോക്കിയതു പോലുമില്ല. എന്നാലും വിഷമം തോന്നിയില്ല. ജയറാമിനെ കണ്ടല്ലോ, അതു മതി. ജോമോളെ ഒരുപാട് നേരം കാണാന്‍ പറ്റിയില്ല. കുറേക്കൂടി കാണണമായിരുന്നു. നല്ല രസമുണ്ടായിരുന്നു കാണാന്‍. അധികം ഉയരമൊന്നുമില്ല. ഈ നടിമാരൊക്കെ നടന്‍മാരെ പോലെ ഉയരമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. ജോമോള്‍ ചെറുതാണ്. പക്ഷേ എന്തൊരു സുന്ദരിയാണ്. തിരിച്ചുനടക്കുമ്പോള്‍ ജോമോളുടെയും ജയറാമിന്റെയും വെളുപ്പിനെ പറ്റിയായിരുന്നു ആലോചന. സിനിമാ നടന്‍മാരൊക്കെ വെളുത്ത് ചുവന്നിരിക്കുമെന്ന് കേട്ടിരുന്നു. ശരിയാണ്, ജയറാമും ജോമോളും വെളുത്ത് ചുവന്നിരിക്കുന്നു.
 
കറുത്തവരാരും സിനിമയില്‍ അഭിനയിക്കില്ലേ. ഇനി അവരെ സിനിമയില്‍ എടുക്കാത്തതാണോ! സിനിമയില്‍ കൂടുതലും വെളുത്തവരാണ്. പക്ഷേ മനുഷ്യര്‍ വെളുത്തിട്ടു മാത്രമല്ലല്ലോ. മനുഷ്യരുടെ ജീവിതമല്ലേ സിനിമയില്‍ കാണിക്കുന്നത്. അപ്പോള്‍ സിനിമയിലും ചുറ്റുപാടിലേതു പോലെ കറുത്തവരും ഇരുനിറക്കാരുമൊക്കെ വേണ്ടേ! സിനിമയില്‍ വെളുത്തവരെ വീണ്ടും വെളുപ്പിക്കാന്‍ ചായമിടുന്നു, കറുത്തവരെ വെളുപ്പിക്കാന്‍ ചായങ്ങള്‍ തേയ്ക്കുന്നു. കറുത്തവരെയും ക്യാമറയില്‍ വെളുപ്പിച്ച് കാണിക്കുന്നു. ഇങ്ങനെയൊക്കെ വേണമെന്ന് ആരാണ് ശീലിപ്പിച്ചത്. കണ്ടുകണ്ട് വെളുപ്പില്‍ എന്തോ വിശേഷമുണ്ടെന്ന് കാണികളും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നു. 'എന്തൊരു വെളുപ്പാണോ' എന്നു മാത്രമേ ചുറ്റും കേള്‍ക്കുന്നുള്ളൂ.
 
മുതിര്‍ന്ന ആളുകള്‍ അങ്ങനെ പറയുന്നതു കേട്ട് കുട്ടികളും അതുതന്നെ പറഞ്ഞുശീലിക്കുന്നു, 'എന്തൊരു വെളുപ്പാണോ'. പന്നിയൂരമ്പലത്തില്‍ പൈതൃകം സിനിമയുടെ ഷൂട്ടിംഗ് കണ്ടുവന്ന് വല്ല്യേച്ചി പറഞ്ഞതും നടന്‍മാരുടെ വെളുപ്പിനെപ്പറ്റിയായിരുന്നു. 'ഹൊ! എന്തൊരു വെളുപ്പാണോ സുരേഷ് ഗോപിക്കും ജയറാമിനും. വല്ല്യേ ഒര് മനുഷ്യര്, ആറടി ഉയരണ്ട്. അതിനൊത്ത വണ്ണോം. വെളുപ്പെന്ന് പറഞ്ഞാ, വെളുത്ത് ചോന്നാ ഇരിക്ക്ണ്. പക്ഷേ ഗീതയ്ക്കാ വെളുപ്പ് കൂടുതല്. ഗീത പാകിസ്താന്‍കാരിയെ പോലെ വെളുത്തിട്ടാണ്.'
 
പാകിസ്താന്‍കാര്‍ ഇത്ര വെളുത്തിട്ടാണെന്ന് വല്ല്യേച്ചി എങ്ങനെ മനസ്സിലാക്കിയെന്ന് അറിയില്ല. പുറംലോകത്തിനോടുള്ള ഏകബന്ധം വീട്ടിലെ ഫിലിപ്‌സ് റേഡിയോയും രാമുട്ട്യേട്ടന്റെ പീടികയിലെ മാതൃഭൂമി പേപ്പറുമാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള മാതൃഭൂമി പേപ്പറില്‍ പാകിസ്താന്‍കാരും ഇന്ത്യക്കാരും ഒരുപോലിരിക്കും. റേഡിയോയിലൊട്ട് കാണാനും പറ്റില്ല. എന്നിട്ടുമെങ്ങനെ ഗീത പാകിസ്താന്‍കാരിയെ പോലെന്ന്!
 
Content Highlights: Cinema Talkies part twelve ; Malayalam cinema memories by NP Murali Krishnan