സിനിമാ ടാക്കീസ്- 13
 
വീട്ടുകാരുടെ തുണയില്ലാതെ ഒറ്റയ്ക്ക് സിനിമ കാണാന്‍ ടാക്കീസില്‍ പോകുന്ന ദിവസമാണ് ഒരു ആണ്‍കുട്ടി ആണായി മാറുന്നത്. അതുവരെ വീട്ടുകാരുടെ ഒപ്പം യാത്ര ചെയ്യുകയും അവരുടെ കൈത്തുണയില്‍ സിനിമയ്ക്കു പോകുകയും ചെയ്തിരുന്ന ആണ്‍കുട്ടി പെട്ടെന്നൊരു ദിവസം ഒറ്റയ്ക്ക് ബസ് കയറിപ്പോയി ഒരു ടൗണിലിറങ്ങി, അവിടത്തെ ടാക്കീസ് ലക്ഷ്യമാക്കി ആള്‍ത്തിരക്കിലൂടെ നടന്നുപോകുന്നു. പുരുഷന്‍മാര്‍ എന്നെഴുതിയ കൗണ്ടറിനുമുന്നില്‍ തന്നേക്കാള്‍ മുതിര്‍ന്ന ഒട്ടനവധി പുരുഷന്‍മാര്‍ക്കൊപ്പം ക്യൂ നില്‍ക്കുന്നു. അപ്പുറത്ത് സ്ത്രീകളുടെ ക്യൂവിലേക്ക് നോക്കി, അവര്‍ പെണ്ണുങ്ങളും ഞങ്ങള്‍ ആണുങ്ങളുമാണെന്ന് ശകലം പുച്ഛത്തോടെ പ്രഖ്യാപിച്ച് സ്വയം വലിയൊരാണാകുന്നു. തൊട്ടുപിറകില്‍ നിന്ന് ബീഡി വലിക്കുന്ന ചേട്ടനെ അത്യാദരവോടെ നോക്കി 'ഒരു നാള്‍ ഞാനും അണ്ണനെപ്പോലെ' എന്നു പ്രതിജ്ഞയെടുക്കുന്നു. 
 
ടിക്കറ്റ് കൊടുക്കാനുള്ള മണി മുഴങ്ങുമ്പോള്‍ ഗൗരവത്തില്‍ പോക്കറ്റില്‍നിന്ന് പണമെടുക്കുന്നു. മുമ്പ് പലതവണ എണ്ണിക്കണക്കാക്കി പോക്കറ്റില്‍ സൂക്ഷിച്ചതായിട്ടും ആ പൈസയെടുത്ത് വീണ്ടും വെറുതേ എണ്ണിനോക്കുന്നു. ഒരു സെക്കന്റ് ക്ലാസ് എന്നു ഗൗരവത്തില്‍ പറഞ്ഞ് കൗണ്ടറിനുള്ളിലേക്ക് പൈസ നീട്ടി ടിക്കറ്റ് വാങ്ങി ടാക്കീസിനകത്ത് ഒഴിഞ്ഞ ഇരിപ്പിടം കണ്ടെത്തി അതിലിരുന്ന് ചുറ്റിലും കണ്ണോടിക്കുന്നു. ടാക്കീസിലാകെ മുഴങ്ങുന്ന പുതിയ സിനിമാപ്പാട്ടിനൊത്ത് കസേരപ്പിടിയില്‍ താളം പിടിക്കുന്നു. വെളിച്ചങ്ങള്‍ അണയുന്നു. സ്‌ക്രീനില്‍ എഴുത്തുകള്‍ തെളിയുന്നു. സിനിമ തുടങ്ങുന്നു, ആണ്‍കുട്ടി സിനിമ കണ്ടുതുടങ്ങുന്നു, അണ്‍കുട്ടി വലിയൊരാണായി മാറുന്നു.
 
ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന സിനിമ കാണാന്‍ തലേന്ന് രാത്രി ഉറക്കം വരാതെയുള്ള മനസ്സൊരുക്കം കഴിഞ്ഞ് രാവിലെ മുതല്‍ തയ്യാറെടുപ്പു തുടങ്ങി. പതിവിലും നേരത്തെ എണീറ്റു. പതിവിലും വേഗത്തില്‍ കുളിച്ചു. നൂലു പൊങ്ങിത്തുടങ്ങിയ ഷര്‍ട്ടെടുത്തിട്ടപ്പോള്‍ അത് അന്നു വാങ്ങിയ പുതിയ ഷര്‍ട്ടെന്നു തോന്നി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ അതില്‍ സുന്ദരനായൊരു ആണിനെ കണ്ടു. 
 
അയാള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും വെറുതേ എന്തെല്ലാമൊക്കെയോ ചെയ്തുനോക്കിയിട്ടും സമയം പത്തു കടക്കുന്നില്ല. കഷ്ടി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കുറ്റിപ്പുറം 50 കിലോമീറ്റര്‍ അകലെയാണെന്നുറപ്പിച്ച് പത്തുമണിക്കേ വീട്ടില്‍ നിന്നിറങ്ങി. സൂക്ഷിച്ചുപോണേ എന്ന വീട്ടുകാരുടെ പിന്‍വിളിക്ക്, 'പത്താം ക്ലാസ് റിസള്‍ട്ട് കാത്തിരിക്കുന്ന വലിയൊരാണിനോടാണ് സൂക്ഷിച്ചുപോകണമെന്ന് പറയുന്നത്, ബ്ലാഡി ഫുള്‍സ്' എന്ന പുച്ഛഭാവം മറുപടിയാക്കി വീടിനുമുന്നിലെ ടാറില്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലേക്കു കയറി. 
 
ബസ് കയറാന്‍ ഒന്നര കിലോമീറ്റര്‍ അപ്പുറം പള്ളിപ്പടി വരെ നടക്കണം. സമയത്തിന് ബസ് കിട്ടുമോ എന്ന വേവലാതിയില്‍ വേഗത്തില്‍ നടന്നു. പത്തരയ്ക്ക് മുമ്പേ പള്ളിപ്പടിയില്‍ എത്തി. കുറച്ചു നേരം കാത്തിരിക്കേണ്ടിവന്നു കുറ്റിപ്പുറത്തേക്കുള്ള ബസ് വരാന്‍. ആദ്യമായി ഒറ്റയ്ക്കു സിനിമ കാണാനുള്ള യാത്രയാണ്. ബസ്സില്‍നിന്നുള്ള പുറംകാഴ്ചകള്‍ക്കൊക്കെ പതിവിലും തെളിച്ചം തോന്നി. പടിഞ്ഞാറേ പാടത്തെ പച്ചപ്പാകെ ചിരിച്ചുനില്‍ക്കുന്നു. അമ്മപ്പുഴമണലിലെ വെയിലിനും ഇന്ന് തിളക്കം കൂടുതലാണ്. പുഴയുടെ മഴവില്‍പാലം കടക്കുമ്പോള്‍ ദൂരെ കാറ്റാടിക്കടവു കണ്ടു. 
പുഴ കടന്നു മീനയിലെ സിനിമയ്ക്കു പോയിരുന്നവരുടെ ശബ്ദഘോഷങ്ങള്‍ കാറ്റാടിക്കടവില്‍ നിറയുന്നു. ഒരിക്കല്‍ കുഞ്ഞാട്ടനും മണിക്കാക്കയും ഭരതേട്ടനും കൂടി കുറ്റിപ്പുറം മീനയില്‍ സെക്കന്റ് ഷോയ്ക്ക് പോയി വരുന്ന വഴി പുഴയിലെ ആകാശവും നിലാവും നക്ഷത്രങ്ങളും കൂടിച്ചേരുന്ന കാഴ്ചയില്‍ മതിമറന്ന് പുഴമണലില്‍ ഇരുന്നുപോയി. കുറേനേരം കാഴ്ച കണ്ട് ഇരുന്നപ്പോള്‍ മഞ്ഞുപെയ്തു തണുത്ത മണലില്‍ കിടക്കാന്‍ തോന്നി. 
 
കണ്ണെത്താത്ത ദൂരത്തോളം മണലുവിരിച്ച് പരന്നുകിടക്കുന്ന പുഴയിലേക്ക് നിലാവ് ആവോളം വെളിച്ചം കോരിപ്പകര്‍ന്നു കൊടുത്തിട്ടുണ്ടായിരുന്നു. അതും വാരിച്ചൂടിയാണ് പുഴയുടെ ഏകാന്തസഞ്ചാരം. പുഴമണലില്‍ ആകാശം നോക്കി കിടക്കുമ്പോള്‍ സര്‍വദു:ഖങ്ങളും നക്ഷത്രങ്ങളോട് അലിഞ്ഞുചേര്‍ന്ന് ആവാച്യമായ ആനന്ദം അനുഭവിക്കുന്നതായി ആ ചെറുപ്പക്കാര്‍ക്ക് തോന്നി. ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കണ്ട് ലോകത്തേക്കുവച്ച് ഏറ്റവും സുന്ദരമായ ആകാശച്ചുവട്ടില്‍ അവര്‍ കിടന്നു. അമ്മമണ്ണിന്റെ തണുപ്പറിഞ്ഞ സുഖലാളനയില്‍ അധികം വൈകാതെ മയങ്ങിപ്പോയി. നേരമേറെച്ചെന്നു.
 
ഉറക്കത്തിനിടയ്ക്ക് തെല്ലു സ്ഥലകാലബോധം വന്നപ്പോള്‍ മണിക്കാക്ക പാതി കണ്ണു തുറന്നു ചുറ്റും നോക്കി. അപ്പോഴാണ് ദൂരെനിന്ന് ഒരു വെളിച്ചം പാഞ്ഞുവരുന്നതു കണ്ടത്. മണിക്കാക്ക ഒന്നുകൂടി കണ്ണുതിരുമ്മി നോക്കി. പേടിയും പരിഭ്രാന്തിയും കാരണം മണിക്കാക്കയ്ക്ക് തെല്ലുനേരത്തേക്ക് ശബ്ദം പുറത്തെടുക്കാനായില്ല. ആ അങ്കലാപ്പില്‍ വീണ്ടും നോക്കിയപ്പോള്‍ തോന്നലല്ല, അതു പാഞ്ഞുവരുന്നത് തങ്ങളുടെ നേര്‍ക്കു തന്നെയാണെന്നു മനസ്സിലായി. ഒരു നിമിഷം മണിക്കാക്കയുടെ മനസ്സില്‍ ആ വാക്ക് പാഞ്ഞെത്തി. പൊട്ടിച്ചൂട്ട്! 
 
അയ്യോ, എന്ന് അലറാനാഞ്ഞെങ്കിലും തൊണ്ടയില്‍ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഒരുവിധേന ധൈര്യം സംഭരിച്ച് ഭരതേട്ടനെയും കുഞ്ഞാട്ടനെയും തട്ടിയുണര്‍ത്തി. വിറച്ചുകൊണ്ട് പാഞ്ഞുവരുന്ന വെളിച്ചത്തിനു നേരെ കൈചൂണ്ടി. ഉറക്കച്ചടവിലായിട്ടു പോലും അവരും പേടിച്ച് ഞെട്ടിവിറച്ചു. കാങ്കക്കടവില്‍ നിന്ന് അക്കരെമണലും താണ്ടി വെള്ളത്തിലൂടെ ആളില്ലാത്തൊരു ചൂട്ടുവെളിച്ചം പാഞ്ഞടുക്കുകയാണ്. തപ്പിത്തടഞ്ഞെണീറ്റ പാടേ മൂന്നുപേരും കാറ്റാടിക്കടവ് ലക്ഷ്യമാക്കി പാഞ്ഞു. പിന്നാലെ പൊട്ടിച്ചൂട്ടും. തിരിഞ്ഞുനോക്കാന്‍ ധൈര്യമില്ല. ചിലപ്പോള്‍ തൊട്ടടുത്തായിരിക്കും. ആ കാഴ്ച കണ്ടാല്‍ ബോധമറ്റു മണലില്‍ വീഴും. കിതച്ചുവിറച്ച് പുഴമണലിലൂടെ കാലുകള്‍ ആഞ്ഞുവലിച്ചു വച്ച് അവര്‍ ഓടി. 
 
പുഴമണലും കടന്ന് പുഴവഴിയിലെ കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ ഓടി റോഡില്‍ കയറി. എന്നിട്ടും ഓട്ടം നിര്‍ത്തിയില്ല. പാതിരാത്രിയില്‍ പകലത്തെ കൃഷിയാളരുടെ വിയര്‍പ്പുമണം പോലും ശേഷിപ്പിക്കാതെ പരന്നുകിടക്കുന്ന പടിഞ്ഞാറേപ്പാടം വഴി ഓടാന്‍ ധൈര്യമില്ല. അതുകൊണ്ട് ആള്‍പ്പാര്‍പ്പുള്ള കര്യേമ്പാട്ടുപാടത്തിന്റെ വക്കത്തു കൂടിയുള്ള നടവഴിയിലൂടെ ഓടി. പാടത്തും പറമ്പിലും പണിക്കുപോയി തളര്‍ന്നുറങ്ങുന്ന മേലഴിയം അതിന്റെ യാമങ്ങള്‍ പലതു പിന്നിട്ടുകാണണം. ഒരു വീട്ടിലും വെളിച്ചത്തിന്റെ തരിമ്പില്ല. വഴിവക്കിലൊരു തെരുവുപട്ടി പോലുമില്ല. കര്യേമ്പാട്ടു പാടത്തിന്റെ വക്കത്തു കൂടെയുള്ള വഴി തീര്‍ന്ന് ചെറിയ നൊട്ടനാലുക്കല്‍ അമ്പലവും കഴിഞ്ഞ് പരതേക്കാട്ടു വീടിന്റെ പടിക്കലെത്തിയാണ് ഓട്ടം അവസാനിച്ചത്. 
 
തെരുവുവിളക്കില്ലാത്ത വഴിപ്പാതയില്‍ നിലാവെളിച്ചത്തില്‍ മൂന്നുപേരും പരസ്പരം കണ്ടു. അണച്ചുകൊണ്ട് നെഞ്ചുതാങ്ങി അവര്‍ നടുറോട്ടിലിരുന്നു. തെല്ലു ഭയാശങ്കകളോടെ വന്ന വഴിയിലേക്ക് പിന്തിരിഞ്ഞു നോക്കി. ഇല്ല, ആ വെളിച്ചമില്ല. അതു പോയിരിക്കുന്നു. എത്ര ദൂരം അതു പിന്തുടര്‍ന്നിട്ടുണ്ടാകും! പുഴ തീരുന്നതു വരെ? അതോ കര്യേമ്പാട്ടു പാടം വരേയ്ക്കും! അതോര്‍ത്തപ്പോള്‍ പിന്നെയും പേടി തോന്നി. കര്യേമ്പാട്ടു പാടം കഴിഞ്ഞിട്ട് അധിക ദൂരം പിന്നിട്ടിട്ടില്ല. ആരും പരസ്പരം ഒന്നും പറഞ്ഞില്ല. തിരിഞ്ഞുനോക്കാതെ വേഗം വീട്ടിലേക്ക് നടന്നു. എല്ലാവരും കൂടി അന്ന് ഒരിടത്തു കിടന്നു. ആര്‍ക്കും ഉറക്കം വന്നില്ല. പകല്‍വെളിച്ചത്തിനായി അവര്‍ ഒരുപോലെ ദാഹിച്ചു. നടുവിലേടത്ത് വീടിന്റെ ഉമ്മറത്ത് പരസ്പരം വിട്ടുപോകാനനുവദിക്കാതെ കൈകള്‍ ചേര്‍ത്തണച്ച് കണ്ണുകള്‍ ഇറുക്കിയടച്ച് അവര്‍ കിടന്നു. വെയില്‍ച്ചൂട് കാലില്‍ തട്ടി വിളിച്ചത് ആരും അറിഞ്ഞില്ല. 
 
ഏറെ വൈകി കണ്ണു തുറന്നപ്പോള്‍ ചുറ്റും പകല്‍വെളിച്ചം കണ്ട് അവര്‍ ആശ്വാസപ്പെട്ടു. തലേന്നു രാത്രിയിലെ ഭീകര സംഭവം വന്നു തികട്ടിയപ്പോള്‍ വീണ്ടും ഭീതി തോന്നിയെങ്കിലും ചുറ്റിലെ പകല്‍വെളിച്ചം അവര്‍ക്ക് ധൈര്യമേകി. ചൂടു കട്ടന്‍ചായ ഊതിക്കുടിച്ചുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാനാകാതെ അവര്‍ അതിനപ്പറ്റി തന്നെ ചിന്തിച്ചു. എന്നാലും എന്തായിരിക്കുമത്! ഒരാളുടെ തോന്നലല്ല. എല്ലാവരും കണ്ടതാണ്. ഉള്ളിലൊതുക്കാന്‍ പറ്റാതായപ്പോള്‍ മൂന്നുപേരും വീട്ടില്‍ പറഞ്ഞു. വീടുകള്‍ അയല്‍വീടുകളില്‍ പറഞ്ഞു. അതോടെയത് മേലഴിയത്തെ ആ ദിവസത്തെ പ്രധാന വര്‍ത്തമാനമായി. ചെറുപ്പക്കാരെ പുഴയില്‍നിന്ന് പൊട്ടിച്ചൂട്ട് ഓടിച്ച കഥ കുറേക്കൂടി വിസ്തരിച്ച രൂപത്തില്‍ പ്രചരിക്കപ്പെട്ടു. 
 
നസ്രാണിക്കുന്നത്തു നിന്ന് ആളുകളെ പൊട്ടി വഴിതെറ്റിച്ച കഥകള്‍ നേരത്തെ തന്നെ പ്രചാരത്തിലുണ്ടായിരുന്നു. പുഴയില്‍ നിന്ന് പൊട്ടിച്ചൂട്ട് കണ്ട കഥ കൂടി ചേര്‍ന്നപ്പോള്‍ പൊട്ടിക്കഥകള്‍ക്ക് കുറേക്കൂടി ബലം വച്ചു. നസ്രാണിക്കുന്നത്തു വച്ച് പലരെയും പൊട്ടി വഴി തെറ്റിച്ചിട്ടുണ്ട്. അപ്പുണ്ണ്യേട്ടനെ പൊട്ടി വഴിതെറ്റിച്ചതാണ് ഏറ്റവുമൊടുവിലത്തെ കഥ. അപ്പുണ്ണ്യേട്ടന്‍ മൊതയങ്ങാടിയില്‍ പോയി സാധനങ്ങള്‍ വാങ്ങി നസ്രാണിക്കുന്നിലൂടെ വരികയായിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയതേയുള്ളൂ സാധാരണ എന്നും ആ നേരത്താണ് അപ്പുണ്ണ്യേട്ടന്‍ പണി മാറ്റി സാധനങ്ങള്‍ വാങ്ങി വരുന്നത്. കുന്നത്തെ കളി കഴിഞ്ഞുപോകുന്ന കുട്ടികളുമുണ്ടാകും. പക്ഷേ അന്ന് ആരെയും വഴിയിലൊന്നും കണ്ടില്ല. കുന്നില്‍ മൂടല്‍മഞ്ഞു നിറഞ്ഞതായി അപ്പുണ്ണ്യേട്ടന് തോന്നി. മുമ്പിലെ വഴിയടഞ്ഞതു പോലെ. നാലു ദിക്കും ഒരുപോലെ മൂടിക്കെട്ടി നില്‍ക്കുന്നു. വഴി തെളിയുന്നില്ല. മുമ്പോട്ടോ പിറകോട്ടോ പോകാന്‍ പറ്റുന്നില്ല. 
 
നസ്രാണിക്കുന്നിറങ്ങിയാല്‍ എടോഴിയുടെ തുടക്കത്തിലാണ് അപ്പുണ്ണ്യേട്ടന്റെ വീട്. പക്ഷേ അങ്ങോട്ടുള്ള വഴി തെളിയുന്നില്ല. രാത്രിയായിട്ടില്ല, പകല്‍ തീര്‍ന്നിട്ടുമില്ല. ത്രിസന്ധ്യാ നേരമാണ്. നിലാവോ നക്ഷത്രങ്ങളോ ഇല്ല. ആകാശത്തിന്റെ തുണ്ടു പോലുമില്ല. ആകെ അങ്കലാപ്പിലായി അപ്പുണ്ണ്യേട്ടന്‍. എന്തു ചെയ്യണമെന്നറിയാതെ തലയ്ക്ക് കൈകൊടുത്ത് നിലത്തിരുന്നുപോയി. ഏറെനേരം കഴിഞ്ഞിട്ടും വഴി തെളിയുന്നില്ല. എന്തോ ആലോചിച്ചുറപ്പിച്ചതു പോലെ ഒരൂഹം വച്ച് എണീറ്റ് മുന്നോട്ടുനടന്നു. കുറേ ദൂരം മുന്നോട്ടുപോയി. പക്ഷേ എത്രയായിട്ടും നടന്നുതീരുന്നില്ല. എങ്ങുമെത്തുന്നുമില്ല. ദിക്കു മാറി നടന്നുനോക്കി. വഴി തീരുന്നില്ല. അത്രയുമായപ്പോള്‍ അപ്പുണ്ണ്യേട്ടന് കാര്യം മനസ്സിലായി. ഇത് മൂടല്‍മഞ്ഞല്ല, പൊട്ടിയുടെ പണിയാണ്. പൊട്ടി വഴിതെറ്റിച്ചതാണ്. 
 
നീണ്ടുപരന്നുകിടക്കുന്ന പുഴമണലിലും അതിരുകാണാത്ത പാടവരമ്പത്തും നടന്നുതീരാത്ത കുന്നിന്‍പുറത്തും ഒറ്റയ്ക്കാകുന്നവരെ പൊട്ടി വഴി തെറ്റിക്കും. പൊട്ടിക്ക് രൂപമൊന്നുമില്ല. പൊട്ടിയെ കണ്ടവരായിട്ടും ആരുമില്ല. പക്ഷേ പൊട്ടി വഴിതെറ്റിക്കാറുണ്ടെന്നത് പലരുടെയും അനുഭവമാണ്. ഒരുപക്ഷേ പൊട്ടിയെന്നത്, അതിവിശാലമായൊരിടത്ത് ഒറ്റയ്ക്കായിപ്പോകുന്നവരുടെ തോന്നലോ ഭാവനയോ ഭയമോ ഒക്കെ ആയിരിക്കും. ചുറ്റിലും ഒരു മനുഷ്യക്കുഞ്ഞോ പറവയോ നാല്‍ക്കാലിയോ ഇല്ലാതായി ഒറ്റപ്പെട്ടുപോകുന്നൊരു ജീവിക്ക് സ്വാഭാവികമായി ഉണ്ടായേക്കാവുന്ന സ്ഥലകാല സംഭ്രമം. ചിലപ്പോള്‍ അല്പനേരം കഴിഞ്ഞ് മുന്നിലെ തടസ്സം മാറി വഴി തെളിഞ്ഞുവരും. ചിലപ്പോള്‍ ഏറെ നേരമെടുക്കും. അപ്പോഴേക്കും സ്ഥലകാലബോധം മറഞ്ഞ് മാനസികനില മറ്റൊന്നായി മാറിയിട്ടുണ്ടാകും. 
 
മുന്നില്‍ വഴിയില്ലാതായിപ്പോകുന്ന തോന്നലിനൊടുക്കം പലരും അപകടത്തില്‍ ചെന്നു ചാടിയിട്ടുണ്ടെന്ന് ഓര്‍ത്തപ്പോള്‍ അപ്പുണ്ണ്യേട്ടന്റെ ഉള്ളു കിടുങ്ങി. അപ്പോഴും താന്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന ഭയപ്പെടുത്തുന്ന വിചാരവും അയാളിലുണ്ടായി. ഏറെ നേരമായി നടക്കുന്നു. ഇത്ര ദൂരം നടക്കേണ്ടതില്ല നസ്രാണിക്കുന്നു തീരാന്‍. ഇതിപ്പോ കുന്ന് അഞ്ചാറുവട്ടം നടന്നുതീരേണ്ട സമയമായി. ലക്ഷ്യമില്ലാതെ പിന്നെയും മുന്നോട്ടുനടന്നു. പെട്ടെന്ന് മുന്‍പില്‍ ഒരു കുഴിയിലേക്ക് കാല്‍ വച്ചതുപോലെ അപ്പുണ്ണ്യേട്ടനു തോന്നി. കാല്‍ പിന്‍വലിക്കും മുമ്പ് അടുത്ത കാലും മുമ്പോട്ട് വച്ചുകഴിഞ്ഞിരുന്നു. പാറക്കെട്ടും കാടും പൊന്തയും മുള്ളും നിറഞ്ഞ കുന്നിന്റെ താഴ്വാരത്തേക്കായിരുന്നു ആ വീഴ്ച. സാമാന്യം നല്ല താഴ്ചയുണ്ട്. 
 
പണി മാറ്റി വരുന്ന നേരം കഴിഞ്ഞിട്ടും അപ്പുണ്ണ്യേട്ടനെ കാണാഞ്ഞ് വീട്ടുകാര്‍ പരിഭ്രാന്തരായി. അവര്‍ അയല്‍ക്കാരെയും കൂട്ടി നാലുപാടും തിരഞ്ഞു. ആ രാത്രി തിരഞ്ഞവര്‍ക്കാര്‍ക്കും അപ്പുണ്ണ്യേട്ടനെ കണ്ടെത്താനായിയില്ല. പിറ്റേന്ന് രാവിലെ പശുവിനെ മേയ്ക്കാന്‍ വന്നവരാണ് കുന്നിന്റെ താഴ്വാരത്ത് ഒരു പാറക്കൂട്ടത്തിനോടു ചേര്‍ന്ന പൊന്തക്കാട്ടില്‍ അപ്പുണ്ണ്യേട്ടനെ കണ്ടത്. തല പൊട്ടി ദേഹമാകെ മുറിഞ്ഞ് എഴുന്നേല്‍ക്കാന്‍ പറ്റാത്ത നിലയിലായിരുന്നു. ഒരു നേര്‍ത്ത ഞരക്കം മാത്രം ബാക്കി. ഈ സംഭവത്തോടെ പൊട്ടിയുടെ കഥയ്ക്ക് നാട്ടില്‍ കുറേക്കൂടി ഭീതിയുടെ ചിത്രം കൈവന്നു.
 
ബസ് കുറ്റിപ്പുറം സ്റ്റാന്‍ഡിലെത്തി. ബസ്സിറങ്ങി മീനയിലേക്ക് നടന്നു. വീട്ടുകാര്‍ക്കൊപ്പമാണ് മുമ്പ് മീനയില്‍ വന്നിട്ടുള്ളത്. വീട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ വന്നാല്‍ അവര്‍ക്കൊപ്പം തന്നെ നില്‍ക്കണം. കൈവിട്ട് എങ്ങോട്ടും നടക്കാന്‍ പറ്റില്ല. കൂട്ടം തെറ്റുമെന്ന്, കാണാതാകുമെന്ന്. ഇതിപ്പോ ഒറ്റയ്ക്കാണ്. സമയം ഇഷ്ടം പോലെയുണ്ട്. മീന ടാക്കീസിനെ ശരിക്കുമൊന്നു കാണണം, ചുറ്റിലും നടക്കണം. ടാക്കീസിന്റെ ഗേറ്റിനടുത്ത് കുഞ്ചാക്കോ ബോബനും ശാലിനിയും ചിരിച്ചുനില്‍ക്കുന്ന വലിയ പോസ്റ്റര്‍. മുമ്പ് ആദ്യമായി മീനയില്‍ വന്നപ്പോള്‍ മമ്മൂട്ടിയാണ് ഇതുപോലെ ചിരിച്ച് സ്വാഗതം ചെയ്തത്. 
 
ഗേറ്റിനകത്തേക്കു കയറി. സമയം പതിനൊന്നര പോലുമായിട്ടില്ല. ആരും എത്തിയിട്ടില്ല. നൂണ്‍ഷോ എന്ന് എഴുതിയിരിക്കുന്നതിനു താഴെ വേറൊരു ചെറിയ പോസ്റ്റര്‍ കൂടി ടാക്കീസില്‍ ഒട്ടിച്ചിരിക്കുന്നതു കണ്ടു. ഇംഗ്ലീഷ് പടമാണ്. എ എന്ന് ഇംഗ്ലീഷില്‍ എഴുതി വട്ടമിട്ടിട്ടുണ്ട്. കാര്യം മനസ്സിലായി. 12 മണിക്കാണ് നൂണ്‍ഷോ. അതു കഴിഞ്ഞിട്ടു വേണം മാറ്റിനി തുടങ്ങാന്‍. ഇനി നൂണ്‍ഷോ കാണാനാണ് വന്നതെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമല്ലോ എന്നു പേടിച്ചു. ആളുകള്‍ വന്നുതുടങ്ങി. അവര്‍ ക്യൂ നിന്നു. ചിലരൊക്കെ 'ഇവന്‍ കൊള്ളാലോ' എന്ന് അര്‍ഥം വച്ച് നോക്കി. കാര്യം പന്തിയല്ലെന്ന് മനസ്സിലായതോടെ പുറത്തിറങ്ങി ബസ്റ്റാന്‍ഡിലേക്ക് നടന്നു. ഇത്രയും നേരത്തെ വന്നതാണ് പ്രശ്‌നമായത്. കോഴിക്കോട്ടേക്കും തൃശ്ശൂരിലേക്കുമുള്ള വന്‍കിട ബസ്സുകളുടെയും വളാഞ്ചേരിക്കും കൂറ്റനാട്ടേക്കും തിരൂരിലേക്കുമുള്ള പാവം ബസ്സുകളുടെയും പോക്കുവരവ് നോക്കി സ്റ്റാന്‍ഡില്‍ ഒരിടത്ത് നിന്നു. ആളുകള്‍ ബസ്സില്‍ വന്നിറങ്ങുകയും കയറിപ്പോകുകയും ചെയ്തുകൊണ്ടിരുന്നു. 
 
സൂറത്തിലും സീബ് എംപോറിയത്തിലും തുണി വാങ്ങാനെത്തിയവരുടെ തിരക്ക്. പച്ചക്കറിയും ഉണക്കമീനും വില്‍ക്കുന്നിടത്തും ആളുകള്‍ കൂടിനില്‍ക്കുന്നു. കുറ്റിപ്പുറത്തെ ഉണക്കമീന്‍ മൊത്തകച്ചവടം പ്രസിദ്ധമാണ്. മാന്തളും മത്തിയും തളേനും സ്രാവുമായി പലജാതി മീനുകളുണ്ടാകും. മീന്‍ വില്പന കണ്ടുനില്‍ക്കാന്‍ തന്നെ രസമാണ്. റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള വഴിയിലും നിറയെ ആളുകള്‍. കോഴിക്കോട്ടേക്കും കോയമ്പത്തൂര്‍ക്കും പോകുന്നവരായിരിക്കും. ഇതുവരെ ട്രെയിനില്‍ കയറാന്‍ പറ്റിയിട്ടില്ല. സിനിമ കാണാന്‍ ഒറ്റയ്ക്കു വന്നതുപോലെ ഒരിക്കല്‍ ട്രെയിനില്‍ കയറി ഒറ്റയ്ക്കു യാത്ര പോകണം. അല്പം കഴിഞ്ഞപ്പോള്‍ വിശന്നുതുടങ്ങി. സിനിമ കാണാനും ബസ്സിനു കൊടുക്കാനുമുള്ള പൈസയേ കൈയിലുള്ളൂ. വിശപ്പ് സഹിക്കുകയേ നിവൃത്തിയുള്ളൂ. 
 
കുറേ നേരം കൂടി സ്റ്റാന്‍ഡില്‍ അലഞ്ഞു. പിന്നെ മീനയിലേക്ക് നടന്നു. അപ്പോഴേക്കും നൂണ്‍ഷോ തുടങ്ങിയിരുന്നു. ആശ്വാസമായി. പുറത്തൊന്നും ആരുമില്ല. ടാക്കീസിനു ചുറ്റും നടന്നു. അകമേ വിസ്മയങ്ങളൊളിപ്പിച്ച് പുറമേയ്ക്ക് സാധാരണത്വം മേഞ്ഞുനില്‍ക്കുന്നൊരു കെട്ടിടം. അല്ല, പുറമേയും അത്ര സാധാരണമല്ല. മറ്റൊരു കെട്ടിടങ്ങള്‍ക്കുമില്ലാത്തൊരു ഭംഗിയും എടുപ്പുമുണ്ട് സിനിമാ ടാക്കീസിന്. സ്‌കൂളിന് ഇത്ര ഭംഗിയില്ല. തുണിക്കടയ്‌ക്കോ ചായക്കടയ്‌ക്കോ പലചരക്കുകടയ്‌ക്കോ ഇത്ര ഭംഗിയില്ല. സിനിമാ ടാക്കീസാണ് ലോകത്തിലേക്കും വച്ച് മികച്ച കെട്ടിട മാതൃക. 
 
മീനയ്ക്കു ചുറ്റും നടക്കുമ്പോള്‍ ഒറ്റയ്ക്കു യാത്ര ചെയ്ത് ഇഷ്ടമുള്ള കാര്യങ്ങള്‍ കാണുന്നതിലെ സ്വാതന്ത്ര്യം അനുഭവിച്ചു. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഒറ്റയ്ക്കാകുന്നതു തന്നെയാണ് നല്ലത്. ഒരാളുടെ ഭ്രാന്തല്ല മറ്റൊരാളുടെ ഭ്രാന്ത്. ഒരാളുടെ ഇഷ്ടങ്ങളേയല്ല അപരന്റെ ഇഷ്ടങ്ങള്‍. മാറ്റിനിക്ക് ആളുകള്‍ വന്നുതുടങ്ങി. നൂണ്‍ഷോ കഴിഞ്ഞ് ആളുകള്‍ ഇറങ്ങി. കയറിപ്പോയതു പോലെയല്ല, ആരെയും നോക്കാതെ വേഗത്തിലാണ് റോഡ് ലക്ഷ്യമാക്കി ഇപ്പോഴവരുടെ നടപ്പ്. കൗണ്ടറില്‍ മാറ്റിനിക്കുള്ള ക്യൂ രൂപപ്പെട്ടു. ക്യൂവിലുള്ളവര്‍ സിനിമാ വര്‍ത്തമാനങ്ങളൊക്കെ പറയുന്നുണ്ട്. അതു കേള്‍ക്കാന്‍ ചെവിവട്ടം പിടിച്ചു. അവര്‍ സ്ഥിരമായി ടാക്കീസില്‍ സിനിമ കാണുന്നവരാണ്. ഇനിയങ്ങോട്ട് ഞാനും സ്ഥിരമായി സിനിമ കാണുന്നയാളാകാന്‍ പോകുകയാണ്. ഇന്നത്തോടെ ഒറ്റയ്ക്കു സിനിമ കാണാന്‍ പ്രാപ്തനായെന്ന് വീട്ടുകാര്‍ക്ക് ബോധ്യപ്പെടുമല്ലോ. 
 
കാത്തിരിപ്പും ചര്‍ച്ചകളും ചിന്തയും അവസാനിപ്പിക്കണമെന്നു പറഞ്ഞ് ടിക്കറ്റ് കൊടുക്കാനുള്ള അതിസുന്ദരമായ ആ മണിനാദം മുഴങ്ങി. ക്യൂ നിന്നവര്‍ ഒന്നനങ്ങി തയ്യാറെടുത്തു. ആള്‍ക്കാര്‍ പൈസയെടുക്കാന്‍ പോക്കറ്റില്‍ കൈയിട്ടു. നേരത്തെ കൈയില്‍ പൈസ എടുത്തുവച്ചവര്‍ ഒന്നുകൂടി അതില്‍ പിടുത്തമിട്ടു. മുമ്പില്‍ മൂന്നാലു പേരെയുള്ളൂ. ടിക്കറ്റ് വാങ്ങിയവര്‍ ടാക്കീസിന്റെ വാതിലിനടുത്തേക്ക് നടന്നുപോയി. ഊഴമെത്തി. ടിക്കറ്റ് കൊടുക്കുന്ന കിളിവാതിലിനകത്തേക്കു പാളി നോക്കി.
'എത്രയെണ്ണം' അകത്തുനിന്ന് ചോദ്യമെത്തി 
നേരത്തെ പലതവണ പറഞ്ഞു തയ്യാറെടുത്തിരുന്ന ആ വാചകം പുറത്തുവന്നു. 
'ഒരു സെക്കന്റ് ക്ലാസ്'.
'ഏഴ് രൂപ'.
പൈസ കൊടുത്തു. ടിക്കറ്റ് വാങ്ങി. 
ഒന്നോരണ്ടോ നിമിഷം കൊണ്ട് എന്തൊരാളായിപ്പോയിരിക്കുന്നു!
 
ടിക്കറ്റില്‍ തന്നെ നോക്കി കുറച്ചു നേരം നിന്നു. പിന്നെ ടാക്കീസിന്റെ വാതിലിനടുത്തേക്ക് നടന്നു. എപ്പൊഴും സിനിമ കാണാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന്റെയടുത്തെത്തി. കുഞ്ഞിമാനിക്കായുടെ പീടികയില്‍ കുറ്റിപ്പുറം മീനയിലെ പോസ്റ്ററൊട്ടിച്ചു പിടിതരാതെ പോകുന്ന അത്ഭുത മനുഷ്യനെ അവിടെയെങ്ങും കണ്ടില്ല. പകുതി കീറിത്തന്ന ടിക്കറ്റുമായി മീനയുടെ അകം ലോകത്തേക്ക് കടന്നു. അരണ്ട വെളിച്ചം, ബീഡിയുടെയും കടലയുടെയും ചോളാപ്പൊരിയുടെയും മണം. നീളന്‍ കാലുകളുള്ള പ്രായം ചെന്ന ഫാനുകളുടെ അലസഗമനം, ഉയരത്തില്‍ ആസ്ബസ്റ്റോസ് മേല്‍ക്കൂര, മീനയുടെ യമണ്ടന്‍ സ്‌ക്രീന്‍. ഈ അകം തരുന്ന കൗതുകവും ഏകാന്തതയും മറ്റൊന്നിലും അനുഭവിക്കാനാകില്ല. ഇത് ആവോളം അനുഭവിക്കണം.
 
ബസ്സിലേതുപോലെ ഒരു അരികുസീറ്റ് കണ്ടെത്തി അതിലിരുന്നു. ടിക്കറ്റ് പോക്കറ്റിലിട്ടു. സിനിമാ ടാക്കീസില്‍ നിന്നു കീറിത്തരുന്ന ടിക്കറ്റുകളുടെ വന്‍ ശേഖരണ പദ്ധതിക്കാണ് ആ പോക്കറ്റിലിടല്‍ കര്‍മ്മത്തിലൂടെ തുടക്കമായത്. ഇനി ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ടു തന്നെ പോക്കറ്റ് നിറഞ്ഞുകവിയും. വലുതായാല്‍ എല്ലാ പടവും കാണാന്‍ മീനയില്‍ വരണമെന്ന് 'മൃഗയ'യ്ക്ക് വന്നപ്പഴേ തീരുമാനിച്ചിരുന്നു. ഇനി എപ്പോള്‍ വേണമെങ്കിലും വരാം. ഇഷ്ടമുള്ള സിനിമകള്‍ക്കൊക്കെ വരാം. പൈസ കിട്ടിയാല്‍ മാത്രം മതി. പൈസ കിട്ടും, നസ്രാണിക്കുന്നില്‍ പറങ്കിമാവുകള്‍ ഉണ്ടല്ലോ. ടാക്കീസില്‍ പാട്ടുവച്ചു. വൈകിവന്ന ആളുകള്‍ സീറ്റു പിടിക്കുന്ന തിരക്കിലാണ്. തെല്ല് കഴിഞ്ഞപ്പോള്‍ വിളക്കുകള്‍ അണഞ്ഞു. വാതിലിനരികെ ഭാഗ്യവാനായ മനുഷ്യന്‍ കര്‍ട്ടന്റെ നീലവിരികള്‍ നീക്കി. വാതിലുകള്‍ അടഞ്ഞു. മീനാ ടാക്കീസ് കാണികളെ സ്വാഗതം ചെയ്തു. 
 
പല വര്‍ണങ്ങളിലായി എഴുതിയ സിനിമാപ്പേര് സ്‌ക്രീനില്‍ തെളിഞ്ഞു. 'മിന്നിത്തെന്നും നക്ഷത്രങ്ങള്‍ വിണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ' എന്നു പാടി കുഞ്ചാക്കോ ബോബനും ശാലിനിയും സ്‌ക്രീനിലെ രാത്രിവെളിച്ചത്തില്‍ ഡാന്‍സ് കളിച്ചുതുടങ്ങിയ നേരം മേലഴിയത്തെ ടെലിവിഷന്‍ സ്‌ക്രീനുകളെല്ലാം നിശ്ചലമായി കാതങ്ങള്‍ക്കു പിറകിലാകുകയും അസംഖ്യം സിനിമാ ടാക്കീസുകള്‍ പകരം വന്നുചേരുകയും ചെയ്തു. മീനാ ടാക്കീസില്‍ അനേകം മനുഷ്യര്‍ക്കു നടുവിലിരുന്ന് ഓരോ മനുഷ്യനും ഒറ്റയ്ക്കു സിനിമ കണ്ടുതുടങ്ങി. കാലം സിനിമാ ടാക്കീസിന്റെ രൂപത്തില്‍ മുന്നില്‍ അവതരിച്ച് കാഴ്ചയുടെ അതിവിശാലമായ ലോകത്തേക്ക് ഇരുകൈകളും നീട്ടി വിളിച്ചു. സിനിമയോട് തീരാകൗതുകം സൂക്ഷിച്ച കുട്ടി ആ കൈകളിലേക്ക് നടന്നുചെന്നു.
 
മുന്‍ ലക്കങ്ങള്‍​ വായിക്കാം
 
Content Hihlights: Cinema Talkies part Thirteen ; Malayalam cinema memories by NP Murali Krishnan