സിനിമ ടാക്കീസ്- ഭാഗം 11
 
കാശത്തേക്ക് നോക്കി വീടിനു മുകളില്‍ സമ്പന്നതയുടെയും ആഭിജാത്യത്തിന്റെയും അടയാളമായി നിന്നിരുന്ന ഏരിയലുകളെല്ലാം ഒരു നാള്‍ ഡിഷ് ആന്റിനയെന്ന പുത്തന്‍ കുടയ്ക്ക് വഴിമാറി. ടീവിയുള്ളവരെന്നും ടീവിയില്ലാത്തവരെന്നും രണ്ടു വിഭാഗം വീട്ടുകാരെ സൃഷ്ടിച്ച് ദീര്‍ഘകാലം ഓട്ടിന്‍പുറത്തും ടെറസിന്‍പുറത്തും വിലസിയ ഏരിയലുകള്‍ താഴെയിറങ്ങി. കുട വന്ന വീടുകള്‍ക്ക് പ്രത്യേക പരിഗണന കിട്ടി. ദൂരദര്‍ശന്‍ കാലത്തിന്റെ ആവര്‍ത്തനം പോലെ കുടയുള്ള വീടുകളിലേക്ക് ആളുകള്‍ കൂട്ടമായി സിനിമ കാണാനെത്തി.
 
അങ്ങനെ പുതുതായി കുട വന്നൊരു വീട്ടില്‍ സിനിമ കാണാന്‍ പോയപ്പോഴാണ് കുറച്ചു ദിവസം മുമ്പ് അതേ വീടിന്റെ ഓട്ടിന്‍പുറത്ത് തൊടാന്‍ പറ്റാത്തത്ര ഉയരത്തില്‍ എഴുന്നുനിന്ന ഏരിയല്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ മഴയും വെയിലും കൊണ്ട് നിറം മങ്ങി നിലത്തുകിടക്കുന്നതു കണ്ടത്. ടീവിയില്‍ ചിത്രം വരുത്താനുള്ള അതിന്റെ അത്ഭുതശേഷിയൊക്കെ നഷ്ടപ്പെട്ട് വെറും അലുമിനിയക്കമ്പിയായി മാറിയിരിക്കുന്നു. 
 
കൗതുകത്തോടെ അടുത്തുചെന്ന് തൊട്ടുനോക്കി. ആകാശത്ത് എഴുന്നുനില്‍ക്കുമ്പോള്‍ അതിനെയൊന്നു തൊടാന്‍ ഏറെ കൊതിച്ചതായിരുന്നു. ഇപ്പോള്‍ ആഗ്രഹം സഫലമായിരിക്കുന്നു. അതിന്റെ തിളക്കവും ഗാംഭീര്യവുമൊക്കെ പോയിരിക്കുന്നു. രണ്ടുമൂന്ന് കമ്പികളൊക്കെ ഇളകിമാറിയിട്ടുണ്ട്. ഇനി ആരുമത് നേരെയാക്കാന്‍ പോകുന്നില്ല. അതിനു പ്രായമായതായി തോന്നി. സാരമില്ലെന്നു പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും തന്റെ കാലം കഴിഞ്ഞെന്നും ഇനി പഴയ കുപ്പിയും പാട്ടയും പെറുക്കാന്‍ വരുന്നവര്‍ക്ക് വീട്ടുകാര്‍ തന്നെ കൊടുക്കുമെന്നും അതിനറിയാമായിരുന്നു. 
 
ഒരുച്ച നേരം, ഡിഷ് ആന്റിന കാണിച്ചുകൊടുക്കുന്ന പുതിയ നിറക്കാഴ്ചകളില്‍ വീട്ടുകാര്‍ മതിമറന്നിരിക്കുമ്പോള്‍ കുപ്പിപ്പാട്ടക്കാരന്‍ ഏരിയലിനെ ചാക്കില്‍ കയറ്റാന്‍ പാകത്തില്‍ അടിച്ചൊതുക്കും. കുപ്പിപ്പാട്ടക്കാരന്റെ ചുമലിലെ ചാക്കുകെട്ടിലിരുന്ന് ശ്വാസം മുട്ടി ഏരിയല്‍ പടിയിറങ്ങും. ചാക്കിന്റെ ചെറിയ നൂലിഴ വിടവിലൂടെ മുറ്റത്ത് മാനം നോക്കിയിരിക്കുന്ന പുതിയ അതിഥിയെ നോക്കി അത് വേദനയോടെ പുഞ്ചിരിക്കും. വീട്ടുകാര്‍ തന്നെ ഓര്‍ക്കുന്നേയില്ലല്ലോയെന്നു ഏരിയല്‍ ഗദ്ഗദപ്പെടും. പിന്നെ വീടിന്റെ ഉച്ചിയിലേക്ക് നോക്കി നീണ്ടൊരു നെടുവീര്‍പ്പിട്ട് ചാക്കിലമരും.
 
ഏരിയല്‍ അവശേഷിച്ചിരുന്ന അപൂര്‍വം വീടുകള്‍ പെട്ടെന്ന് ദൂരദര്‍ശന്‍ വീടുകള്‍ മാത്രമായി ആരാരും തിരിഞ്ഞുനോക്കാതെ ഓരം ചേര്‍ക്കപ്പെട്ടു. ഞായറാഴ്ച വൈകുന്നേരങ്ങളില്‍ സജീവമായിരുന്ന ഉമ്മറങ്ങളില്‍ ഭീകരമായ ഏകാന്തത രൂപപ്പെട്ടു. കുശലം പറയാനെങ്കിലും ആരെയെങ്കിലും പ്രതീക്ഷിച്ച് ഇടയ്ക്ക് പുറത്തേക്ക് നോക്കി പാതി ചാരിയിട്ടിരുന്ന ഉമ്മറവാതില്‍ മലര്‍ക്കെ തുറന്നിട്ട് വീട്ടുകാര്‍ നാലുമണി സിനിമ കണ്ടു. പിന്നെ ഒന്നുരണ്ടു ഞായറാഴ്ചകള്‍ കൂടി കഴിഞ്ഞ് അവരും ഏരിയലിനെ താഴെയിറക്കി മുറ്റത്ത് ഡിഷ് ആന്റിന വച്ചു. മീന്‍മുള്ള് പോയി വീട്ടുമുറ്റങ്ങളില്‍ പകരം വന്നത് ആകാശത്തേക്ക് മലര്‍ത്തിവച്ചൊരു കൂണ്‍. വീട്ടുമുറ്റത്ത് ഡിഷ് ആന്റിന വയ്ക്കുന്നത് അഭിമാനവും ഏരിയല്‍ കുറച്ചിലുമായി. എങ്ങനെയും വീടുകളില്‍ ഡിഷ് ആന്റിന ഫിറ്റ് ചെയ്യണമെന്ന വാശി ആളുകളിലുണ്ടായി. 
 
അധികം ഇടവേളയില്ലാതെ മേലഴിയത്തെ മുറ്റങ്ങളില്‍ ഒരുപാട് കൂണുകള്‍ ഒന്നിച്ചു മുളച്ചുപൊങ്ങി. മേലഴിയത്തെ സ്ഥിരം സിനിമകാണല്‍ സംഘങ്ങള്‍ ദൂരദര്‍ശനെ പാടേ മറന്നു, ഏഷ്യാനെറ്റിനെ വരിച്ചു. ഞായറാഴ്ച സിനിമയെന്ന സങ്കല്പം പോയി. എന്നും ഉച്ചയ്ക്ക് രണ്ടുമണിക്ക് സിനിമ. ഞായറാഴ്ചകളില്‍ രാവിലെയും വൈകിട്ടും സിനിമ. ആനന്ദലബ്ധിക്കിനിയെന്തു വേണം! പിന്നെയുമുണ്ടായി മാറ്റം. ടീവിയുടെ അടുത്തുപോയി സ്വിച്ച് ഞെക്കണ്ട. റിമോട്ട് വന്നു. അകലെയിരുന്ന് സിനിമ വയ്ക്കാം, ചാനല്‍ മാറ്റാം, ശബ്ദം കൂട്ടാം, കുറയ്ക്കാം. ചാനല്‍ എന്ന പുതിയ വാക്കും രൂപപ്പെട്ടു. ദൂരദര്‍ശന്‍ ഒരിക്കലും ചാനലായിരുന്നില്ല. അത് ഞായറാഴ്ച സിനിമ കാണിക്കുന്ന ഒരു ടീവി മാത്രമായിരുന്നു. 
 
മൂത്തേടത്ത് വളപ്പിലായിരുന്നു ആദ്യം കുട വന്നത്. മിക്ക ദിവസവും ഉച്ചയ്ക്ക് മൂത്തേടത്ത് വളപ്പിലേക്ക് സിനിമ കാണാന്‍ ചെല്ലും. സ്ഥിരം കൂട്ടാളി സഹപാഠിയായ സന്ദീപ്. അക്രാര്‍മ്പത്തെ സന്ദീപിനെ മൂത്തേടത്ത് വളപ്പുകാര്‍ക്ക് അറിയാം. ഒപ്പമുള്ള കുട്ടി ഏതാണെന്ന് അവര്‍ സന്ദീപിനോട് ചോദിച്ചു. നടുവിലേടത്ത് പറമ്പില്‍ നിന്ന് മൂത്തേടത്ത് വളപ്പിലേക്ക് സാമാന്യം നല്ല ദൂരമുണ്ടായിരുന്നു. പറഞ്ഞുവന്നപ്പോള്‍ 'ഹൊ, ഇത്ര ദൂരത്ത് ന്നാ ഈ കുട്ടി സിനിമ കാണാന്‍ വര്ന്നത്' എന്ന അതിശയം വീട്ടുകാരില്‍. എന്തിനിത്ര അതിശയം! മഞ്ചീരത്ത് വളപ്പിലേക്ക് എടോഴിയിലൂടെ ചൂട്ടും കത്തിച്ച് രാത്രി സിനിമ കാണാന്‍ പോകാമെങ്കില്‍, കുണ്ടനെടോഴിയും പടിഞ്ഞാറേ പാടവും അമ്മപ്പുഴയും കടന്ന് കുറ്റിപ്പുറം മീനയിലേക്ക് സിനിമ കാണാന്‍ പോകാമെങ്കില്‍, വേറെ കുറേ എടോഴികളും തോടും പറമ്പും വീട്ടുമുറ്റങ്ങളും കടന്ന് മൂത്തേടത്ത് വളപ്പിലേക്കും സിനിമയ്ക്കു വരാം. 
 
വീട്ടുകാരുടെ അതിശയങ്ങള്‍ക്ക് പ്രതി അതിശയങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കാതെ അവരുടെ മുഖത്തുനിന്ന് കണ്ണെടുത്ത് സിനിമയില്‍ ശ്രദ്ധവച്ചു. അതോടെ അവരും ടീവിയില്‍ നോക്കി. ഏഷ്യാനെറ്റില്‍ നല്ല സിനിമയാണെങ്കില്‍ ഉച്ചയ്ക്കു ശേഷം ഞങ്ങള്‍ ക്ലാസിലുണ്ടാകില്ല. ഒരിക്കലും പിടിക്കപ്പെട്ടില്ല. അതോടെ ഇതു കൊള്ളാമല്ലോ എന്നു കണ്ട് മറ്റു കുട്ടികളും ഒപ്പം കൂടി. 'നിങ്ങക്ക് സ്‌കൂളില്ലേ കുട്ട്യോളേ' എന്ന മൂത്തേടത്ത് വളപ്പിലെ വല്ല്യമ്മയുടെ ചോദ്യത്തിന് 'ഇന്ന് ഉച്ച വരേള്ളൂ' എന്ന മറുപടി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരേ ഉത്തരം പതിവായപ്പോള്‍ അവര്‍ അന്വേഷണവും നിര്‍ത്തി. ഞങ്ങള്‍ക്കതൊരു ആശ്വാസവുമായി.
 
ഉച്ചയ്ക്ക് കുട്ടികള്‍ ക്ലാസ് കട്ട് ചെയ്യുന്നുവെന്ന പരാതി വ്യാപകമായതോടെ ഉച്ചയ്ക്കു ശേഷമുള്ള ആദ്യ പിരീഡില്‍ ടീച്ചര്‍ ഹാജരെടുക്കാന്‍ തുടങ്ങി. ടീച്ചര്‍ ഹാജരെടുത്തു പോയാലുടന്‍ പിറകുവശത്തെ ജനലു വഴി ഒരു സംഘം ചാടിയിറങ്ങി പുറത്തേക്ക് ഓടും. വിവിധ ആവശ്യങ്ങള്‍ക്കായി ക്ലാസ് കട്ട് ചെയ്യാനുള്ള സൗകര്യത്തിനായി ക്ലാസിലെ ആണ്‍കുട്ടികള്‍ ഒത്തൊരുമയോടെ പരിശ്രമിച്ചു പൊളിച്ചതാണ് ആ ജനല്‍. ക്ലാസ് കട്ട് ചെയ്യുന്നവരില്‍ ഭൂരിഭാഗവും നസ്രാണിക്കുന്നിന്റെ വിശാലതയിലേക്കായിരിക്കും പോകുക. ഒരു സംഘം നസ്രാണിക്കുന്നിന്റെ ഏകാന്തതയിലിരുന്ന് സദാനേരം തുണ്ടുപുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് പഠനം, ഗ്രൗണ്ടിലെ ക്രിക്കറ്റ് കളി, സിനിമ കാണല്‍, നസ്രാണിക്കുന്നിലെ അണ്ടിമോഷണം തുടങ്ങി മറ്റു കാര്യങ്ങളിലൊന്നും താത്പര്യമില്ല. തുണ്ടുപുസ്തകത്തില്‍ തുടങ്ങിയൊതുങ്ങുന്നതായിരുന്നു അവരുടെ സ്‌കൂള്‍ ദിവസം. എങ്ങനെയെന്നറിയില്ല, അവര്‍ സ്ഥിരമായി പുതിയ പുസ്തകങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടുവരും. ചിലര്‍ക്ക് ചിത്രങ്ങള്‍ കണ്ടാല്‍ മതി. അവര്‍ക്ക് വായിച്ച് ബുദ്ധിമുട്ടാന്‍ വയ്യ. മറ്റൊരു വിഭാഗത്തിന് വായന നിര്‍ബന്ധമാണ്. ചിത്രങ്ങള്‍ അവരെ ആസക്തരാക്കിയതേയില്ല. വായന അവര്‍ക്ക് നല്‍കിയതാകട്ടെ അത്യാനന്ദകരമായ അനുഭൂതിയും. 
 
ഒരു പാഠഭാഗം പോലും നേരെ വായിക്കാനറിയാത്ത മുസ്തഫയും ബാബുവും സാമാന്യം അക്ഷരജ്ഞാനമുള്ളവരേക്കാള്‍ വേഗത്തിലും കഥയുള്‍ക്കൊണ്ടും തുണ്ടുപുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കും. വായിച്ച ശേഷം മറ്റുള്ളവരില്‍ വികാരവിക്ഷോഭങ്ങള്‍ ഉണ്ടാക്കത്തക്ക വിധം കഥ പറയുന്നതിലും ഇവരാണ് മുമ്പില്‍. പുസ്തകത്തിലെ സവിശേഷമായ പദപ്രയോഗങ്ങള്‍ ക്ലാസില്‍ അലസമായി വിളിച്ചു പറയുന്നതും ഇവര്‍ പതിവാക്കി. വിളിച്ചുപറഞ്ഞ ശേഷം ഒന്നുമറിയാത്ത പോലെ താടിക്കു കൈയും കൊടുത്ത് ക്ലാസില്‍ ശ്രദ്ധിക്കുന്നതു പോലെയിരിക്കും. പക്ഷേ ഇതുകേട്ട് ചിരിയടക്കാന്‍ പറ്റാത്തവര്‍ ഉച്ചത്തില്‍ ചിരിച്ച് അധ്യാപകര്‍ക്കു മുന്നില്‍ കുറ്റവാളികളായി ക്ലാസില്‍ നിന്ന് പുറത്താക്കപ്പെടും.
 
രാധ ടീച്ചറോ ജമീല ടീച്ചറോ ഒരു പാഠഭാഗം വായിപ്പിക്കാന്‍ എഴുന്നല്‍പ്പിച്ചു നിര്‍ത്തിയാല്‍ പണ്ഡിതരായ മുസ്തഫയും ബാബുവും അന്ധന്‍മാരെപ്പോലെ പുസ്തകത്തില്‍ പരതും. പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ മുസ്തഫയ്ക്കും ബാബുവിനും മുമ്പില്‍ തീര്‍ത്തും അപരിചിതമായൊരു ലോകം തീര്‍ത്തു. ഈ രണ്ടു പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ഒന്നു പ്രാപ്യവും മറ്റേത് അപ്രാപ്യവുമാകുന്നതിനു പിന്നിലെ രഹസ്യമെന്തെന്ന് ആര്‍ക്കും പിടികിട്ടിയില്ല. നസ്രാണിക്കുന്നിലെ പാറയിടുക്കുകളും കരിയിലക്കാടുകളുമായിരുന്നു തുണ്ടുപുസ്തകങ്ങള്‍ സ്ഥിരമായി ഒളിപ്പിച്ചുവയ്ക്കപ്പെട്ടിരുന്ന ഇടങ്ങള്‍. വായനാ സംഘത്തിലെ സ്ഥിരാംഗങ്ങള്‍ക്കു മാത്രമാണ് ഈ രഹസ്യ ഇടം അറിഞ്ഞിരുന്നത്. ക്ലാസുകള്‍ വിരസത തീര്‍ത്ത് മുന്നോട്ടുപോകവേ പറങ്കിമാവിന്‍ ചുവട്ടിലെ കരിയില മറവുകളിലിരുന്ന് കാമനകള്‍ ഒളിപ്പിച്ചുവച്ച പുസ്തകങ്ങള്‍ കുട്ടികളെ മാടിവിളിക്കും. അതോടെ അവര്‍ പിറകുജനാല വഴി ചാടിയിറങ്ങും. ജനലു വഴി ചാടിയാല്‍ സ്‌കൂളിനു പിറകിലെ മരങ്ങള്‍ക്കും കാട്ടുപടര്‍പ്പുകള്‍ക്കുമിടയിലൂടെ നസ്രാണിക്കുന്നത്തേക്ക് ഓടിമറയാം. ആരും കാണില്ല. 
 
തുണ്ടുപുസ്തകം വായിച്ച് വികാരാലസ്യത്തിലായവര്‍ കാടുമൂടിയ പറങ്കിമാവിന്‍ ചുവട്ടിലിരുന്ന് രഹസ്യമായി കൊണ്ടുവന്ന ബീഡി വലിക്കും. ഒറ്റ ബീഡി മാറിമാറി വലിക്കാന്‍ എല്ലാവരും കൂടും. ആദ്യമായി ബീഡി വലിക്കുന്നവരുടെ ചുമ കേട്ട് ബീഡിയുടെ ഉടമ അവരെ കളിയാക്കി ചിരിക്കും. അങ്ങനെയല്ല, ദാ ഇങ്ങനെ എന്നുപറഞ്ഞ് ബീഡി വാങ്ങി അകത്തേക്കാഞ്ഞു വലിച്ച് മൂക്കിലൂടെയും വായിലൂടെയും പുക വിടും. അതുകണ്ട് അത്ഭുതത്തിന്റെ പരകോടിയില്‍ കണ്ണുതള്ളി മറ്റു കുട്ടികള്‍ ഇരിക്കും. മൂക്കില്‍കൂടി പുകവിടാന്‍ സാധിച്ചാല്‍ ഒരുവന്‍ ബീഡി വലിക്കാനുള്ള ടെസ്റ്റ് പാസായിരിക്കുന്നുവെന്നര്‍ഥം. ബീഡിവലി ശീലിക്കുന്നതിനു മുമ്പ് അതിനു പ്രാപ്തനാണോ എന്നു തെൡയിക്കാന്‍ കടലാസ് ചുരുട്ടി വലിച്ച് പുക അകത്തേക്കു വിട്ട് മൂക്കിലൂടെ തിരിച്ചുവിടുന്നൊരു പരീക്ഷണമുണ്ട്. ഇത് മിക്കവാറും പരാജയത്തില്‍ കലാശിക്കും. പുകയും കടലാസ് കരിഞ്ഞ മണവും വായ്ക്കകത്തു ചെന്ന് ചുമയും ഓക്കാനവും വരും. അതോടെ ഇതു തങ്ങള്‍ക്കു പറ്റിയ പണിയല്ലെന്നു കണ്ട് മിക്കവരും ബീഡിവലിയില്‍ നിന്നു പിന്‍മാറും.
 
മൂത്തേടത്ത് വളപ്പിലെ കേബിള്‍ ടീവി കാലത്താണ് അതുവരെ പേരുപോലും കേട്ടിട്ടില്ലാത്ത കുറേയധികം സിനിമകള്‍ കാണുന്നത്. സിനിമ ഏതെന്നല്ല, പരമാവധി സിനിമ കാണുക എന്നതായിരുന്നു ലക്ഷ്യം. അതെന്തിനാണെന്നൊന്നും അറിയില്ല. പക്ഷേ സ്‌കൂളിലെ ക്ലാസുകള്‍ പോലെ സിനിമ ഒരിക്കലും മടുപ്പുണ്ടാക്കിയില്ല. മാത്രമല്ല, ഓരോ ദിവസവും കൗതുകയും ഏറ്റുകയും ചെയ്തുകൊണ്ടിരുന്നു. ഈ കൗതുകം മൂത്താണ് വിയറ്റ്‌നാം കോളനി ആദ്യമായി ഏഷ്യാനെറ്റില്‍ വന്ന തിരുവോണ ദിവസം സദ്യ പോലും വേണ്ടെന്നുവച്ച് മൂത്തേടത്ത് വളപ്പിലെ ടീവിയുടെ മുമ്പില്‍ ഇരുന്നുപോയത്. രാവിലെ പതിനൊന്നരയ്ക്ക് സിനിമ തുടങ്ങി ആസ്വദിച്ചു കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വാര്‍ത്ത വരുന്നത്. ദൂരദര്‍ശന്‍ കാലം തൊട്ടേയുള്ള രസംകൊല്ലി. സിനിമയ്ക്കിടയില്‍ വാര്‍ത്തയിടുന്ന പരിപാടി കണ്ടെത്തിയവനെ സ്റ്റുഡിയോയില്‍ കയറി വാര്‍ത്ത വായിക്കുമ്പോള്‍ തന്നെ തല്ലിക്കൊല്ലണം.
 
കാല്‍ മണിക്കൂറാണ് വാര്‍ത്തയുടെ ദൈര്‍ഘ്യം. വീട്ടില്‍ പോയി ചോറു കഴിച്ചുവരാന്‍ സമയമില്ല. ഇനി പോയാല്‍തന്നെ തിരിച്ചുവരുമ്പോഴേക്കും ഒന്നുകില്‍ റാവുത്തര്‍ മോഹന്‍ലാലിനെ കൊന്നിട്ടുണ്ടാകും, അല്ലെങ്കില്‍ മോഹന്‍ലാല്‍ റാവുത്തറിനെ കൊന്നിട്ടുണ്ടാകും. രണ്ടായാലും കാണണം. കൂടെ സിനിമ കാണാന്‍ ഇരുന്നവരെല്ലാം വാര്‍ത്തയായപ്പോള്‍ തിരുവോണസദ്യ കഴിക്കാന്‍ പോയി. ചോറുണ്ണാനായി ജനിച്ചവന്‍മാര്‍, സിനിമയോടും മോഹന്‍ലാലിനോടും സ്‌നേഹമില്ലാത്തവര്‍. വീട്ടില്‍ പോകാതെ ടീവിക്കുമുന്നില്‍ വേരുറച്ചു പോയവനെ കണ്ടപ്പോള്‍ മൂത്തേടത്ത് വളപ്പുകാര്‍ക്കു ചെറിയ ബുദ്ധിമുട്ട്. 'കുട്ടി വീട്ടില്‍ പോണില്ല്യേ, തിരുവോണല്ലേ, ചോറു കഴിക്കണ്ടേ, പോയില്ലെങ്കി വീട്ട്ന്ന് ചീത്ത കേക്ക്ല്ല്യേ' തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം കൂടി, 'അത് കൊഴപ്പല്ല്യ' എന്നു മാത്രം മറുപടി പറഞ്ഞ് യാതൊരു താത്പര്യവുമില്ലെങ്കിലും ടീവിയിലെ വാര്‍ത്തയിലേക്ക് വലിയ കൗതുകം നടിച്ച് നോക്കിയിരുന്നു. 
'ന്നാ കുട്ടി ഇവ്ടന്ന് കഴിക്ക്'
'ഏയ് വേണ്ട, ഞാന്‍ വീട്ടിന്ന് കഴിച്ചോളാ'
പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലാക്കി കുറച്ചുനേരം കൂടി നോക്കിനിന്നിട്ട് അവര്‍ ഓണസദ്യ കഴിക്കാന്‍ പോയി. അധികം വൈകാതെ സിനിമ തുടങ്ങി. 
 
അല്പം കഴിഞ്ഞപ്പോള്‍ നേരത്തെ ചോറുണ്ണാന്‍ പോയ സംഘം കാളന്റേയും അവിയലിന്റേയും സാമ്പാറിന്റേയും മണവുമായി കയറിവന്നു. അതോടെ വിശപ്പ് തുടങ്ങി. അതേനേരം ടീവിയില്‍ മോഹന്‍ലാലിനും ഇന്നസെന്റിനും വിശപ്പ് തുടങ്ങി. ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കുമായി കനക 'പാതിരവായി നേരം' എന്നു പാടാന്‍ തുടങ്ങി. മോഹന്‍ലാലിനു മാത്രം പാട്ട് ഇഷ്ടപ്പെട്ടില്ല. ഞാനാകട്ടെ ഗോഡ്ഫാദര്‍ കണ്ടതു മുതല്‍ കനകയെ പ്രേമിച്ചു തുടങ്ങിയിരുന്നതുകാരണം തെല്ലു നേരത്തേക്ക് വിശപ്പറിഞ്ഞില്ല.
 
'സിനിമ കുറേ ആയി. ഇന്ന് വാര്‍ത്ത കുറച്ചേ ഉണ്ടായിരുന്നുള്ളൂ. നിങ്ങള് പോയ നേരം ഭയങ്കര കോമഡിയായിരുന്നു. ചിരിച്ചുചിരിച്ച് വയ്യാതായി. നിങ്ങക്ക് ഭയങ്കര നഷ്ടമായി' സദ്യ കഴിച്ചു വയറുനിറച്ചു വന്നവര്‍ ഇതു കേട്ടിട്ടെങ്കിലും വിഷമിക്കട്ടെ എന്നു കരുതി പറഞ്ഞു. തിരുവോണ ദിവസം ഉച്ചയ്ക്ക് വയറ്റില്‍നിന്നുണ്ടായ വിശപ്പിന്റെ വിളികളെ സഹിച്ച് റാവുത്തറിനെയും ജോണിനെയും സ്രാങ്കിനെയുമൊക്കെ ഇടിച്ച് കോളനി ഒഴിപ്പിച്ച് പോകുന്നതു വരെയും മോഹന്‍ലാലിനൊപ്പം ഇരുന്നു. സിനിമ കഴിഞ്ഞപ്പോള്‍ സമയം മൂന്നുമണി! മൂത്തേടത്ത് വളപ്പില്‍ നിന്ന് ഇറങ്ങിയോടി.
 
ഓടിക്കിതച്ച് വീട്ടിലെത്തിയപ്പോള്‍ റാവുത്തറും സ്രാങ്കും ജോണും വട്ടപ്പള്ളിയുമൊക്കെ ദാ അവിടെ നിരനിരയായി നില്‍ക്കുന്നു. പുളിവാറലും നീരോലിത്തണ്ടുമൊക്കെയായി കൈയില്‍ മാരകായുധങ്ങളുമുണ്ട്. പിറകെ നോക്കിയപ്പോള്‍ ഒപ്പം കൃഷ്ണമൂര്‍ത്തിയുമില്ല, കെ.കെ.ജോസഫുമില്ല. അവരൊക്കെ വിയറ്റ്‌നാം കോളനി ഒഴിപ്പിച്ച് അവനവന്റെ പാടുനോക്കി പോയിരിക്കുന്നു. 
 
പിന്നെ കുറച്ചുനേരം കോളനി ഒഴിപ്പിച്ചതിനെക്കാള്‍ വലിയ മേളമാണ് നടുവിലേടത്ത് പറമ്പില്‍ നടന്നത്. വീട് ഇളക്കിമറിച്ച് തലകീഴെ വച്ചശേഷം ഇലയിട്ട് ചോറു വിളമ്പിത്തന്നു. ഒറ്റയ്ക്കിരുന്ന് തിരുവോണ സദ്യയുണ്ടു. 'എന്നാലും, വല്ലാത്തൊരു സിനിമ കാണല് തന്നെ ഇത്, ഒരു തിരുവോണായിട്ട് ഓനിത് തോന്നിയല്ലോ. ഇനി സിനിമയ്ക്ക് ന്നും പറഞ്ഞ് ഇവ്ട്ന്ന് എറങ്ങ്യാ അന്റെ കാല് തച്ചൊടിക്കും'. ഇവ്വിധമുള്ള വാചകശകലങ്ങള്‍ വീടിനകത്ത് ഉയര്‍ന്നുകൊണ്ടിരുന്നു. ഇതെല്ലാം കേട്ടിട്ടും യാതൊരു കുറ്റബോധവും തോന്നിയില്ല. വിയറ്റ്‌നാം കോളനി ആദ്യമായി ടീവിയില്‍ വന്നിട്ട് മുഴുവനായി കണ്ടില്ലെങ്കില്‍ എന്തൊരപരാധമായിരിക്കുമത്! ഇതു വല്ലതും വീട്ടുകാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുമോ, തിരുവോണം എല്ലാ വര്‍ഷവുമുണ്ടല്ലോ, അതു പോലെയാണോ ഇത്.
 
ഇത്തരം ന്യായമായ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവച്ച് കൂടുതലൊന്നും ഏറ്റുവാങ്ങാന്‍ മെനക്കെടാതെ ഓണത്തിനും വിഷുവിനും മാത്രം പ്രാപ്യമായിരുന്ന കാളനിലേക്കും ഓലനിലേക്കും എരിശ്ശേരിയിലേക്കും അവിയലിലേക്കുമെല്ലാം കൈവിരലുകള്‍ അതിവേഗം പായിച്ചുകൊണ്ടിരുന്നു.
 
Content Highlights: Cinema Talkies part Ten; Malayalam cinema memories by NP Murali Krishnan