സിനിമ ടാക്കീസ്- ഭാഗം 10
 
ഞ്ചീരത്ത് വളപ്പില്‍ നിന്ന് വല്ലീട്ടിലേക്കും മാഷടെ വീട്ടിലേക്കും ഉണ്ണിനായരുടെ വീട്ടിലേക്കും ദൂരദര്‍ശന്‍ കാലം വളര്‍ന്നു. അപ്പോഴേക്ക് മേലഴിയത്തെ ടീവികളുടെ എണ്ണവും ഒറ്റയക്കത്തില്‍ നിന്ന് രണ്ടക്കത്തിലേക്കു കടന്നിരുന്നു. വീടുകള്‍ മാറിയാലും എല്ലായിടത്തുമുണ്ടായ പൊതുവായ കാര്യം, ഈ നായര്‍ വീടുകളുടെയെല്ലാം ഉമ്മറത്തേക്കുള്ള കീഴ്ജാതിക്കാരുടെ പ്രവേശന വിളംബരമായിരുന്നു ഞായറാഴ്ച സിനിമ സാധ്യമാക്കിയത് എന്നതായിരുന്നു. വിപ്ലവം ദൂരദര്‍ശനിലൂടെയുമെന്ന് മേലഴിയത്തുകാര്‍ തെളിയിച്ചു. നായര്‍ വീടുകളിലെ പ്രായത്തില്‍ താഴെയുള്ളവരെ പോലും അമ്മ പേരു വിളിച്ചു കേട്ടിട്ടില്ല. തിരിച്ച് അവിടത്തെ ചെറുപ്രായക്കാരും കുഞ്ഞുകുട്ടികളും അമ്മയെ 'ശാരദേ'യെന്ന് നീട്ടിവിളിക്കുന്നതും കേട്ടിട്ടുണ്ട്. അമ്മയെ മാത്രമല്ല കാളിയമ്മയെയും കോച്ചിയമ്മയെയുമെല്ലാം പേരായിരുന്നു വിളിച്ചിരുന്നത്. അമ്മ ഈ വീടുകളുടെയൊന്നും ഉമ്മറത്ത് കയറാറില്ല. കാളിയും കോച്ചിയും വേലായിയും താമിയും തുപ്പയുമൊന്നും കയറാറില്ല. പിറകുവശത്തു കൂടെ മാത്രമേ പോകൂ. 
 
അമ്മ അരി ചേറാനും നെല്ലുകുത്താനും പോകുമ്പോള്‍ ഇടയ്ക്ക് കൂട്ടിനു പോകാറുണ്ട്. ഒരു തവണ അമ്മയ്‌ക്കൊപ്പം വല്ലീട്ടിലെ വടക്കോറത്തിരുന്ന് ചോറു തിന്നു. നായര്‍ വീട്ടിലെ ചോറിന് ഞങ്ങടെ വീട്ടിലെ ചോറിനെക്കാള്‍ വെളുത്ത നിറമുണ്ടായിരുന്നിട്ടും ഒന്നില്‍ കൂടുതല്‍ കറിയുണ്ടായിരുന്നിട്ടും അതിനൊക്കെ നല്ല രുചിയുണ്ടായിരുന്നിട്ടും പിന്നീട് വീടിന്റെ പിറകുവശത്തിരുന്ന് ചോറു തിന്നാന്‍ പോയില്ല. മാഷടെ വീട്ടില്‍ ഒരിക്കലും മാഷിനെ കണ്ടിട്ടില്ല. അവിടെ ശരിക്കും ഒരു മാഷുണ്ടായിരുന്നുമില്ല, എങ്കിലും മാഷോടെ പോവ്വാ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ക്രമേണ ആ വീടിന്റെ യഥാര്‍ഥ പേരും മറന്നു. സിനിമ കാണാന്‍ മാഷടെ വീട്ടിലെ ഉമ്മറത്തെ നിലം നിറയെ ആളുകളുണ്ടായിരുന്നു. പെണ്ണുങ്ങളുടെയും കുട്ടികളുടെയും അമ്മമാരുടെയും ആള്‍പ്പട. വീട്ടുകാര്‍ അകത്ത് കസേരയിലും സോഫയിലും ഇരുന്നു. കാണികള്‍ക്കിടയില്‍ സിനിമയിലെ ചിരിയും ബഹളവും കരച്ചിലുമെല്ലാം അതിന്റെ ഉച്ചസ്ഥായിയിലാണ്.
 
സിനിമയില്‍ ഇടിയുണ്ടെങ്കില്‍ സ്ഥിരം ഇടിക്കാരുടെ അടുത്തിരിക്കുന്നവരുടെ കാര്യത്തില്‍ ഒരു തീരുമാനമാകും. ടീവിയില്‍ കാണുന്നതുപോലെ ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്തിട്ട് ഇടിക്കും. അപ്പോഴേക്കും ദൂരദര്‍ശനില്‍ സുരേഷ്‌ഗോപിയുടെ ആക്ഷന്‍ പടമൊക്കെ വന്നു തുടങ്ങിയിരുന്നു. സുരേഷ്‌ഗോപിയും ബാബു ആന്റണിയുമൊക്കെ ടീവിയിലുണ്ടെങ്കില്‍ പിന്നൊന്നും പറയേണ്ട. സുരേഷ് ഗോപി വില്ലന്‍മാരെ ഇടിക്കുന്നതുകണ്ട് ആവേശം മൂത്ത് 'കൊടുത്തൂടാണ്ട്' എന്നും പറഞ്ഞ് ടീവിയില്‍ കാണുന്നതിനെക്കാള്‍ മുട്ടനിടി കാണികള്‍ക്കിടയില്‍ നടക്കും. ഇടിയുടെ കാര്യത്തില്‍ സുലൈമാനായിരുന്നു മേലഴിയത്തിന്റെ സുരേഷ് ഗോപി. സുലൈമാന്റെ ഇടി സിനിമ തീര്‍ന്ന് പിറ്റേന്നും അതിന്റെ പിറ്റേന്നും ചിലപ്പോള്‍ വരുന്ന ഞായറാഴ്ച വരേയ്ക്കും തുടരും. എടോഴിയില്‍ തുടങ്ങുന്ന ഇടി പടിഞ്ഞാറേ പാടത്തെ വരമ്പും നസ്രാണിക്കുന്നും പിന്നിട്ട് സ്‌കൂള്‍ വരാന്ത വരെയെത്തും. കഥ പറഞ്ഞിട്ടാണ് സുലൈമാന്റെ ഇടി. നായകന്‍, വില്ലന്‍, ഗുണ്ട എന്നീ പ്രയോഗങ്ങളൊന്നും സുലൈമാന്റെ നിഘണ്ടുവിലില്ല. എല്ലാം 'കൊള്ള'-യാണ്. കൊള്ളക്കാര്‍ എന്ന വാക്കിന്റെ ചുരുക്കമായി സുലൈമാന്‍ കണ്ടുപിടിച്ചതാണിത്.
 
'ഓളേണ്ട് പിടിക്കും. അപ്പൊ ഓന്‍ തടയാന്‍ നോക്കും. അപ്പൊ കൊള്ള ണ്ട് വരും..ട്ടേം ട്ടേം..ട്ടും ട്ടും ട്ടും..(വില്ലന്റെ വരവിനെ ധ്വനിപ്പിക്കുന്ന അതിഗംഭീര പശ്ചാത്തലസംഗീതം) ന്ന്ട്ട് തടയാന്‍ നോക്ക്യേരൊക്കെ പിടിച്ച്ട്ട് ഡ്ഹ്വാ..ബ്ഹ്വാ, ബ്ഹ്വാാ..എന്നാണ്ട് കൊടുക്കും' 
ഇതു പറയുമ്പോള്‍ അടുത്തുനിന്ന് കഥ കേട്ടവനെ കുനിച്ചുനിര്‍ത്തിയും കൂട്ടിപ്പിടിച്ചും വലിച്ചിട്ടുമൊക്കെ ഇടിയോടിടിയായിരിക്കും. ദൂരദര്‍ശന്‍ സിനിമകളിങ്ങനെ ആഴ്ചയാഴ്ചാന്തരം പുതുമയുള്ള കാഴ്ച തന്നുകൊണ്ടിരുന്നു. ഞങ്ങള്‍ ഞായറാഴ്ചകളാകാന്‍ കാത്തിരുന്നു. അങ്ങനെ ദൂരദര്‍ശനില്‍ ഞായറാഴ്ച സിനിമ കണ്ടുകണ്ട് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ് സകലരെയും കുഴക്കിയ ആ ചോദ്യം കാണികള്‍ക്കിടയില്‍ കിടന്ന് വിമ്മിഷ്ടപ്പെട്ടത്.
 
'മമ്മൂട്ടിയും മോഹന്‍ലാലും ഇടി കൂടിയാല്‍ ആരു ജയിക്കും'
സിനിമ കഴിഞ്ഞ് വീട്ടിലേക്കു നടക്കുമ്പോഴും സ്‌കൂളിലേക്ക് പോകുമ്പോള്‍ നസ്രാണിക്കുന്നത്തെ പാറപ്പുറത്തിരുന്നും ക്ലാസിനകത്തെ കിസയിലും ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ക്ലാസിലെ പതിവു ചോദ്യങ്ങളൊന്നും ഇത്ര ആശയക്കുഴപ്പം ഉണ്ടാക്കിയില്ല. അതു ടീച്ചര്‍ ചോദിക്കും, ഞങ്ങള്‍ കൈ നീട്ടും, അവര്‍ അടിക്കും, അയ്യോ എന്നും പറഞ്ഞ് ബെഞ്ചില്‍ ഇരുന്ന് കൈ ഉഴിയും. തീര്‍ന്നു. അത്രേയുള്ളൂ. പക്ഷേ 'മമ്മൂട്ടിയും മോഹന്‍ലാലും..' അതിനു കൃത്യമായൊരു ഉത്തരം കണ്ടെത്താന്‍ എത്രയാലോചിച്ചിട്ടും ആര്‍ക്കും കഴിഞ്ഞില്ല. കുറേപ്പേര്‍ മോഹന്‍ലാലെന്നും വേറെ കുറേപ്പേര്‍ മമ്മൂട്ടിയെന്നും കാര്യകാരണ സഹിതവും പല സിനിമകളിലേയും ഇരുവരുടേയും ഇടിയുടെ തീവ്രതയും ദൈര്‍ഘ്യവും വില്ലന്‍മാരുടെ എണ്ണവും വലുപ്പവും ചൂണ്ടിക്കാട്ടി സമര്‍ഥിച്ചു. എങ്കിലും അന്തിമ ഉത്തരം അപ്പോഴും കിട്ടിയില്ല.
 
അങ്ങനെ ആ ചോദ്യമൊരു പ്രഹേളികയായി തുടരവെയാണ് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ഗംഭീരനിടിയുമായി സുരേഷ്‌ഗോപി ഞങ്ങള്‍ക്കിടയില്‍ അവതരിച്ചത്. ഏകലവ്യനും മാഫിയയും കമ്മീഷണറും കാശ്മീരവും വന്നതോടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യത്തില്‍ ഒരു തീരുമാനമായി. സിനിമയിലെ കഥയെക്കാള്‍ ഇടിയെ സ്‌നേഹിച്ച ഞങ്ങളെല്ലാവരും സുരേഷ് ഗോപിയുടെ തീവ്രാരാധകരായി. ഫാന്‍സ് അസോസിയേഷനും കട്ടൗട്ട് വയ്ക്കലും പാലഭിഷേകവുമൊന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളം കടമെടുത്തു തുടങ്ങിയിട്ടില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്‍ ആനക്കര സ്വാമിനാഥ വിദ്യാലയം യൂണിറ്റ് എന്നെഴുതി ഉഗ്രനൊരു കട്ടൗട്ട് സ്‌കൂളിനു മുന്‍പില്‍ ഉയരുമായിരുന്നു. 
 
സുരേഷ് ഗോപിയുടെ പൊളിഞ്ഞുപോയ പടങ്ങള്‍ പോലും ഇടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ അവയെല്ലാം ഞങ്ങളെ അതിയായി ത്രസിപ്പിച്ചു. ഞായറാഴ്ചകള്‍ സുരേഷ് ഗോപി പടത്തിനായുള്ള കാത്തിരിപ്പു ദിവസങ്ങളായി മാറി. അറേക്കാവിലെയും കുന്നത്തമ്പലത്തിലെയും പോട്ടൂര്‍ക്കാവിലെയും പൂരപ്പറമ്പില്‍ ഞങ്ങള്‍ കളിത്തോക്കന്വേഷിച്ചു. അന്വേഷണത്തിനൊടുവില്‍ ന്യായവിലയ്ക്ക് തോക്കു കിട്ടിയപ്പോള്‍ ഞങ്ങളെല്ലാം നാട്ടിലെ അനീതിയും അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ സുരേഷ്‌ഗോപിമാരായി അവതരിച്ചു. ഗോട്ടികളിയുടെയും ഓടിത്തൊട്ടുകളിയുടെയും ഉച്ചനേരങ്ങള്‍ ഗുണ്ടകളും നായകനും കളിയായി മാറി. ആറാംക്ലാസിനു പിറകിലെ ഞാവല്‍ക്കാടും കുന്നും പൊളിഞ്ഞ കെട്ടിടവും ഒന്നാന്തരം അധോലോക കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. അവിടെനിന്ന് ഗുണ്ടകള്‍ക്കും അഴിമതിക്കാര്‍ക്കും തീവ്രവാദികള്‍ക്കും നേരെ പ്രാസമൊപ്പിച്ച സംഭാഷണ ശകലങ്ങളുടെ തീപ്പൊരി പുറത്തേക്കുയര്‍ന്നു. ഇടിച്ചും വെടിവച്ചും ബോംബ് വച്ച് കെട്ടിടം കത്തിച്ചും നീതി നടപ്പിലാക്കി പിറകില്‍ കത്തുന്ന തീഗോളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം സുരേഷ്‌ഗോപിമാര്‍ സ്ലോ മോഷനില്‍ ആറാം ക്ലാസിനു പിറകിലെ കുന്നിലൂടെ നടന്നുനീങ്ങി.
 
ദൂരദര്‍ശനിലെ സിനിമ കണ്ടാല്‍ അതിന്റെ കഥപറച്ചിലിന്റെ കാലാവധി പിറ്റേ ഞായറാഴ്ച വരെയായിരുന്നു. അത് വീട്ടിലൊരു വക, നാട്ടിലൊരു വക, നസ്രാണിക്കുന്നിലൂടെ സ്‌കൂളിലേക്കുള്ള പോക്കിലും തിരിച്ചുവരവിലും ഓരോന്നു വീതം, സ്‌കൂളിലെത്തിയാല്‍ കളിക്കാന്‍ വിടുന്ന ഇടവേളയില്‍, ഉച്ചക്കഞ്ഞി സമയത്ത് അതിവിശാലമായ മറ്റൊരു കഥ പറച്ചിലും കൂടി. അങ്ങനെ ഒരു സിനിമയ്ക്ക് ഒരാഴ്ചക്കാലത്തെ സജീവമായ പരിഗണനയും പരിലാളനയും കിട്ടിപ്പോന്നു. ഇടി നിര്‍ത്താന്‍ പറ്റാത്തവരെപ്പോലെ ചിരി നിര്‍ത്താനും കരച്ചില്‍ നിര്‍ത്താനും കഴിയാത്തവരുമുണ്ടായിരുന്നു മാഷടെ വീട്ടിലെ ഉമ്മറത്തെ കാണികളില്‍. സിനിമയിലെ കോമഡി സീന്‍ കഴിഞ്ഞാലും 'ഇഹ് ഇഹ്' എന്ന് അവര്‍ ഓര്‍ത്തോര്‍ത്ത് ചിരിച്ചുകൊണ്ടിരിക്കും. ടീവിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന സിനിമയേക്കാള്‍ വലിയ കാഴ്ചയായി ഇക്കൂട്ടര്‍ മാറും.
 
ഇതിനിടയില്‍ അതിദയനീയമായ മറ്റൊരു കാഴ്ചയുണ്ട്. ചിരിയും കരച്ചിലുമൊന്നും ഏശാത്തൊരു വിഭാഗമാണത്. സിനിമ കാണാന്‍ ആദ്യമെത്തി ഏറ്റവും മുമ്പില്‍ തന്നെ സ്ഥലം പിടിക്കുകയെന്നത് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമാണ്. അതില്‍ എല്ലാ ഞായറാഴ്ചയും അവര്‍ വിജയിക്കും. ആരെങ്കിലും മുമ്പില്‍ കയറിയിരിക്കാന്‍ ശ്രമിച്ചാല്‍ തിക്കിത്തിരക്കി അവരെ നീക്കി സ്വന്തം ഇരിപ്പിടം വിശാലമാക്കും. പിന്നെയാ മഹത്തുക്കള്‍ സിനിമ കാണാന്‍ തുടങ്ങുകയാണ്. ഒരൊറ്റ ഭാവം, ഒരേയൊരു ഭാവം. അത് രണ്ടര മണിക്കൂര്‍ നീളും. ചിരിയില്ല, കരച്ചിലില്ല, ആവേശമില്ല, ഉദ്വേഗമില്ല. നിര്‍വികാരതയുടെ അങ്ങേയറ്റത്ത് വിരാജിക്കുകയായിരിക്കും ആ ഉദാത്തകാണി. 'താമരശ്ശേരി ചുരമല്ല', 'ഗാഥാ ജാമല്ല' 'എന്‍ജിന്‍ ഔട്ട് കംപ്ലീറ്റ്‌ലി' ആയി തൊട്ടടുത്തിരിക്കുന്നവന്‍ തലകുത്തി ചിരിച്ചു മറിയുമ്പോഴും അവര്‍ അതേ നിര്‍വാണാവസ്ഥയില്‍ ടീവിയില്‍ തന്നെ നോക്കിയിരിക്കും. അവര്‍ ഗൗരവക്കാരായിട്ടല്ല, എന്തോ അവര്‍ക്ക് തമാശരംഗങ്ങള്‍ പെട്ടെന്നൊന്നും മനസ്സിലാകാറില്ല. എല്ലാവരും ചിരിക്കുന്നതു കാണുമ്പോള്‍ അവര്‍ കാര്യമെന്തെന്നറിയാതെ മുഖത്തു നോക്കും. പിന്നെ പഴയ നിര്‍വികാരാവസ്ഥയില്‍ ടീവിയിലേക്കു തന്നെ ശ്രദ്ധ തിരിക്കും. 
 
ചിരിക്കുന്നവര്‍ക്കും ചിരിക്കാത്തവര്‍ക്കും ഇടിക്കാര്‍ക്കുമൊപ്പം കരയാനായി ജനിച്ച മറ്റൊരു കൂട്ടരുമുണ്ടായിരുന്നു. 'മാഗി ആന്റിക്ക് എന്നെ മോനായി കണ്ടൂടെ' എന്നു മോഹന്‍ലാല്‍ സുകുമാരിയോട് ചോദിച്ചപ്പോള്‍ ഞങ്ങളെല്ലാവരും ഒരുപോലെ കരഞ്ഞു. 'എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ' എന്ന് സോമനോട് മോഹന്‍ലാല്‍ പറഞ്ഞപ്പോഴും ഞങ്ങടെ നെഞ്ചില്‍നിന്നൊരു ആന്തല്‍ കയറിവന്ന് കണ്ണിനറ്റത്തു കൂടി മാഷടെ വീടിന്റെ ഉമ്മറത്തു വീണു. 'അവനൊരു സാധുവാ പാവം' എന്ന് തൊണ്ടയിടറി മമ്മൂട്ടി പറഞ്ഞപ്പോള്‍ എല്ലാവരുടെയും തൊണ്ടയെ വേദനിപ്പിച്ചു കൊണ്ടൊരു ഉമിനീര് കണ്ണിലേക്കിറങ്ങി വന്നു.
അങ്ങനെ കാണികള്‍ ഒരുപോലെ കരഞ്ഞ്, കണ്ണും മൂക്കും തുടച്ച് അടുത്ത സീന്‍ കാണാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു വിഭാഗം കരച്ചില്‍ തുടരുകയാണ്. അവര്‍ക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റുന്നില്ല. ഏങ്ങിയേങ്ങിക്കരയുകയാണ്. സംഘത്തിലെ ഒന്നുരണ്ടു പേര്‍ എഴുന്നേറ്റു പോയി മുറ്റത്ത് ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ പോയി പച്ചപ്പിനെ നോക്കി കരഞ്ഞു. കുറേക്കഴിഞ്ഞ് ചുവന്നുചീര്‍ത്ത കണ്ണുകളുമായി തിരിച്ചുവന്ന് അടുത്ത കണ്ണീര്‍ സീനിനായി കാത്തിരുന്നു.
 
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ദൂരദര്‍ശനില്‍ 'ആകാശദൂത്' വന്നു. സിനിമയെപ്പറ്റി കേട്ടറിഞ്ഞ പ്രധാന കരച്ചിലുകാരും അതില്‍ കോമഡിയും ഇടിയുമില്ലെന്നറിഞ്ഞ് മറ്റു രണ്ടു പ്രബല വിഭാഗവും ആ ദിവസം സിനിമ കാണലില്‍ നിന്ന് വിടുതി പ്രഖ്യപിച്ചു. മധ്യമാര്‍ഗേ സഞ്ചരിക്കുന്ന കാണികളെല്ലാം നാലുമണിക്ക് ആസനസ്ഥരായി. സിനിമ തുടങ്ങിയപ്പോഴാണ് എല്ലാവരും ഒരാളെ ശ്രദ്ധിച്ചത്. കാണികളുടെ കൂട്ടത്തിലതാ കരച്ചില്‍ സംഘത്തിലെ പ്രധാനിയായ ഗീത ചേച്ചി. അവരെ കണ്ടവരൊക്കെ അയ്യോ, എന്ന് ഒരേ താളത്തില്‍ തലയില്‍ കൈവച്ചു. 
'ഇവരിതെന്തു ഭാവിച്ചാ!' 
എല്ലാവരിലും അപകടമണി മുഴങ്ങി. 
'കാട്ടിലെ മൈനയെ പാട്ടുപടിപ്പിച്ചതാര്' എന്നൊക്കെ പാടി ആകാശദൂത് മുന്നോട്ടുപോയി. മാധവിക്ക് കാന്‍സര്‍ വന്നു. മുരളിക്ക് അപകടം പറ്റി. രാപ്പാടി കേഴുന്നുവോ പാട്ടു വന്നു, കുട്ടികളെ ഓരോരുത്തരെയായി ആളുകള്‍ വന്നു കൊണ്ടുപോകുന്നു. കാണികളുടെ ഉള്ള് തേങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി. പാടുപെട്ടു പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിട്ടും ചെറിയ ഏങ്ങല്‍ പുറത്തുവന്നു. മറ്റു കാണികളിങ്ങനെ പലവിധേന സ്വയം നിയന്ത്രണം പാലിച്ചപ്പോള്‍ അപ്പുറത്ത് ഗീതചേച്ചിയാകട്ടെ അലമുറയിട്ടു കരച്ചില്‍. എന്തൊക്കെ പറഞ്ഞുനോക്കിയിട്ടും ഗീതചേച്ചി തെല്ലും പിന്നോട്ടില്ല. കരച്ചിലും ഏങ്ങലടിയും ഉയര്‍ന്നുകൊണ്ടിരുന്നു. എല്ലാവരും വല്ലാതായി. കിരീടത്തിനും തനിയാവര്‍ത്തനത്തിനും ദശരഥത്തിനും ചിത്രത്തിനും വാത്സല്യത്തിനും ഉണ്ടായതൊന്നുമായിരുന്നില്ല കരച്ചില്‍. ആകാശദൂത് അതുവരെയുള്ള സര്‍വകാല കരച്ചില്‍ റെക്കോര്‍ഡും ഭേദിച്ചുകൊണ്ട് തലയുയര്‍ത്തി നിന്നു. 
 
സിനിമ കഴിഞ്ഞിട്ടും ഗീതചേച്ചി കരച്ചില്‍ തുടര്‍ന്നു. മാഷടെ വീട്ടില്‍ നിന്ന് സ്വന്തം വീടു വരെ കരഞ്ഞുകൊണ്ടു പോയി. ആശ്വസിപ്പിക്കാന്‍ നോക്കിയിട്ട് കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട് ആരും കൂടെപ്പോയില്ല. വഴിവക്കിലുള്ളവര്‍ കാര്യം അന്വേഷിച്ചു. കരച്ചിലു കാരണം അവര്‍ക്ക് ഗീത ചേച്ചിയില്‍ നിന്ന് മറുപടി കിട്ടിയില്ല. എന്തോ അത്യാപത്ത് സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ച് ആള്‍ക്കാരെല്ലാം കരച്ചിലുകാരിക്കൊപ്പം കൂടി. വീടെത്തി. അതോടെ ഒന്നുകൂടി ആഞ്ഞു കരഞ്ഞുവിളിച്ചുകൊണ്ട് ഗീതചേച്ചി അകത്തേക്കോടിപ്പോയി. സംഗതി മനസ്സിലായ വീട്ടുകാര്‍ അത്യാപത്തറിയാന്‍ വന്നവരോട് കാര്യം പറഞ്ഞു. 
'ഹാ പ്ര്.' എന്നു ശബ്ദമുണ്ടാക്കി സുധേട്ടന്‍ തിരിച്ചൊരൊറ്റ നടത്തം നടന്നു. വെറുതെ സമയം കളഞ്ഞതോര്‍ത്തും അത്യാപത്തൊന്നുമില്ലെന്ന നിരാശയിലും ബാക്കിയുള്ളവരും അവനവന്റെ പണിനോക്കി തിരിച്ചുപോയി. ചോറു പോലും തിന്നാതെ അന്നു രാത്രി മുഴുവന്‍ ഗീതചേച്ചി കരഞ്ഞു. 
 
അടുത്ത ദിവസം മുതല്‍ ആകാശദൂതിന്റെ കഥ ആരോടെങ്കിലും പറഞ്ഞ്, കേട്ടിരിക്കുന്നവര്‍ കരഞ്ഞില്ലെങ്കിലും സ്വയം കരയുന്നത് അവര്‍ ഒരു ശീലമാക്കി. കഥ പറയാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ സിനിമയുടെ കഥ ഓര്‍ത്ത് ഒറ്റയ്ക്കിരുന്നു കരഞ്ഞു. ഇടയ്ക്ക് ആകാശദൂതിനെ മറന്നിരിക്കുന്ന നേരത്തായിരിക്കും തൃശ്ശൂര്‍ ആകാശവാണിയില്‍ ഗാനതരംഗിണിയിലോ രഞ്ജിനിയിലോ 'രാപ്പാടി കേഴുന്നുവോ' എന്നു കേള്‍ക്കുക. അനന്തരം ആകാശദൂത് ഓര്‍മ്മവരികയും ഗീതചേച്ചി പൂര്‍വാധികം ശബ്ദത്തോടെ അലമുറ തുടരുകയും ചെയ്തുപോന്നു. കൂടുതല്‍ വീടുകളില്‍ ടീവി വന്നതോടെ ആണുങ്ങള്‍ സിനിമ കാണാന്‍ ശങ്കുണ്ണി ചേനാരുടെ ഉമ്മറം തെരഞ്ഞെടുത്തു. ആണ്‍കുട്ടികളും ആണുങ്ങളും ഉമ്മറത്തെയും പെണ്ണുങ്ങള്‍ ഇടനാഴിയിലെയും കാണികളായി. മഞ്ചീരത്ത് വളപ്പിലെയും മാഷടെ വീട്ടിലെയും ഉമ്മറത്തിന്റെയത്ര വലിപ്പമില്ലായിരുന്നു ശങ്കുണ്ണിച്ചേനാരുടെ ഉമ്മറത്തിന്. ആണുങ്ങളുടെ സിനിമ കാണല്‍ മറ്റൊരു ലോകമായിരുന്നു. ചെറിയ ഡ്രസ്സിട്ട് സിനിമയില്‍ പെണ്ണുങ്ങള്‍ വന്നാലോ കെട്ടിപ്പിടിത്തമോ ഉമ്മവപ്പോ ബലാത്സംഗമോ മറ്റോ കണ്ടാലോ 'ഊം ഊം' എന്ന പറച്ചിലും 'ഇഹ് ഇഹ്' എന്ന ചിരിയും അമര്‍ത്തിപ്പിടിച്ചുള്ള അശ്ലീല കമന്റുകളും തോണ്ടലും പിച്ചലുമൊക്കെ കാണികള്‍ക്കിടയില്‍ നടക്കും. അതിനു വലിയ സീനൊന്നും വേണ്ട. ചെറുതായി എന്തെങ്കിലും കണ്ടാലും മതി.
 
ബ്ലൂ ഫിലിം കാസറ്റുകളോ, ഇനി അതു കിട്ടിയാല്‍ സ്വകാര്യമായി കാണാന്‍ ടീവിയോ വീസിആറോ പ്രാപ്യമാകാതിരുന്ന പ്രദേശത്ത് നസ്രാണിക്കുന്നത്തെ പറങ്കിമാവിന്‍കൊമ്പില്‍ കിടന്ന് മുത്തും മുത്തുച്ചിപ്പിയും മനോരമ ആഴ്ചപ്പതിപ്പിലെ കണ്ണീരും കിനാവും പംക്തിയും വായിച്ച് ലൈംഗിക ആസക്തികളെ അടക്കിയിരുന്ന ചെറുപ്പക്കാരെ ദൂരദര്‍ശന്‍ പടത്തില്‍ നായികയുടെ തുണി കാറ്റില്‍ അല്പം ഉലഞ്ഞാല്‍ കാണുന്ന നഗ്നത പോലും തീവ്രാസക്തരും തൃപ്തരുമാക്കി മാറ്റി. 
 
നിലമുള്ള നായന്‍മാര്‍ക്കും ഗള്‍ഫുപണമുള്ള മാപ്ലമ്മാര്‍ക്കും പുറമേ ഗള്‍ഫില്‍ പോയി വന്ന തീയ്യന്‍മാരുടെയും മറ്റു താണ ജാതിക്കാരുടെയും കൈയില്‍ പൈസയുണ്ടാകുകയും അവര്‍ ടീവി വാങ്ങാന്‍ പ്രാപ്തിനേടുകയും ചെയ്തതായിരുന്നു അധികം വൈകാതെ മേലഴിയത്ത് സംഭവിച്ച സാമൂഹിക വിപ്ലവം. 
കാണികള്‍ പല വീടുകളിലേക്കായി ചിതറിപ്പോയതോടെ ഞായറാഴ്ച വൈകുന്നേരങ്ങള്‍ നായര്‍ തറവാടുകളുടെ ഉമ്മറങ്ങളില്‍ തീര്‍ത്ത തിരക്കിനും ബഹളത്തിനും ശമനമായി. കീഴ്ജാതിക്കാരുടെ വീടകങ്ങളിലേക്ക് കാണികള്‍ സ്വാഗതം ചെയ്യപ്പെട്ടു. സോഷ്യലിസത്തിന്റെ കുറേക്കൂടി ഊഷ്മളമായ പന്ഥാവിലേക്കായിരുന്നു പിന്നീട് കാണികള്‍ സിനിമ കാണാന്‍ ക്ഷണിക്കപ്പെട്ടത്. അവരത് ശരിക്കും ആസ്വദിച്ചു. തിക്കുമുട്ടലില്ലാതെ കൈകാലുകള്‍ കുറേക്കൂടി നിവര്‍ത്തിവച്ചും ഇടയ്ക്ക് എഴുന്നേറ്റുപോയും തിരിച്ചുവന്നും ആള്‍ക്കാരോട് കുശലം പറഞ്ഞും വീട്ടുകാര്‍ക്കൊപ്പം കസേരയിലിരുന്നും കൈ തലയില്‍ ചായ്ച് നിലത്തുകിടന്നും അവര്‍ സിനിമ കാണാന്‍ തുടങ്ങി. 
 
Content Highlights: Cinema Talkies part Ten; Malayalam cinema memories by NP Murali Krishnan