സിനിമ ടാക്കീസ്- 16
 
മുറുക്കാന്‍തുപ്പല്‍ നിറഞ്ഞ തറയും ഇളകിയ സീറ്റുകളും പാക്കും മദ്യവും വിയര്‍പ്പും ശുക്ലവും സംഗമിച്ച നാറ്റവുമുള്ള ഒരു സമ്പൂര്‍ണ ആണ്‍ ടാക്കീസായിരുന്നു ത്രിവേണി. നേരത്തെ കുടുംബങ്ങള്‍ കൂട്ടത്തോടെ സിനിമ കാണാന്‍ വന്നിരുന്നു ത്രിവേണിയില്‍. കുടുംബ ചിത്രങ്ങള്‍ പകര്‍ന്നുകൊടുത്ത കണ്ണീരിന്റെയും നന്‍മയുടെയും നര്‍മ്മത്തിന്റെയും കഥകളില്‍ നിറഞ്ഞ് തൃപ്തിയോടെ ആള്‍ക്കാര്‍ ത്രിവേണിയില്‍ നിന്ന് സിനിമ കണ്ടിറങ്ങി. പിന്നീട് സമ്പത്ത് ക്ഷയിച്ച തറവാടിന്റെ ഗതിയായി ആ കുടുംബ ടാക്കീസിന്. ക്ഷയം തുടങ്ങിയ കാലത്ത് നിലനില്പിനുവേണ്ടി തത്കാലത്തേക്ക് എ പടം കാണിച്ചു തുടങ്ങിയതായിരുന്നു. പിന്നീടൊരിക്കലും ത്രിവേണിയില്‍ നിന്ന് കണ്ണീരും പൊട്ടിച്ചിരികളും ഉയര്‍ന്നില്ല. 
 
പട്ടണത്തിലെ മറ്റു ടാക്കീസുകളില്‍ മാറിവരുന്ന പടങ്ങളുടെ പോസ്റ്ററുകള്‍ മതിലുകളിലുടനീളം നിരക്കുമ്പോള്‍ അവയ്ക്കിടയില്‍ ത്രിവേണിയുടെതായി ഒറ്റ പോസ്റ്ററും കാണില്ല. ടാക്കീസിന്റെ നേരെ മുമ്പില്‍ ഒന്നോ രണ്ടോ പോസ്റ്റര്‍ ഒട്ടിച്ചാലായി. യൗവനമോഹമെന്നോ കാമദാഹമെന്നോ കാമറാണിയെന്നോ പേരിട്ട് തമിഴോ മലയാളമോ സംസാരിക്കുന്ന പടമായിരിക്കും ത്രിവേണിയില്‍ കാണിച്ചുതുടങ്ങുക. പടം തുടങ്ങി പത്തുപതിനഞ്ച് മിനിറ്റ് ആകുമ്പോള്‍ സ്ഥിരം കാഴ്ചക്കാര്‍ 'ബിറ്റിടടാ, തുണ്ടിടടാ' എന്നു വിളിച്ചുകൂവാന്‍ തുടങ്ങും. പരിചിതകണ്ഠങ്ങളില്‍ നിന്നുള്ള നിലവിളി കേട്ടാലുടന്‍ ഓപ്പറേറ്റര്‍ ഓടുന്ന പടം നിര്‍ത്തും. കൂവല്‍ പെട്ടെന്ന് നിലയ്ക്കും. അവര്‍ക്കറിയാം ഓപ്പറേറ്ററുടെ മുറിയില്‍ എന്തിനോ വേണ്ടിയുള്ള പരതല്‍ നടക്കുകയാണെന്ന്. 
 
മിനിറ്റുകള്‍ക്കുള്ളില്‍ ത്രിവേണിയുടെ സ്‌ക്രീന്‍ വീണ്ടും സജീവമാകുകയാണ്. സ്‌ക്രീനില്‍ നേരത്തെ മലയാളമോ തമിഴോ സംസാരിച്ച പടങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോള്‍ കാണികളെ അവരുടെ ഏകാന്തതയിലേക്കു ചുരുക്കി, സജീവശ്രദ്ധ ഒറ്റയിടത്തില്‍ കേന്ദ്രീകരിക്കുന്ന വിതാനത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് ഭാഷയില്ല. സിനിമ ആത്യന്തികമായി ദൃശ്യകലയാണെന്നും അതില്‍ ശബ്ദത്തിന് പ്രസക്തി രണ്ടാമതേയുള്ളൂവെന്നുമുള്ള കാഴ്ചയുടെ ഉന്നത തലത്തിലുള്ള തിരിച്ചറിവിന് ശേഷി നേടിയിട്ടുള്ള ത്രിവേണിയിലെ കാണികള്‍ പോണ്‍ സിനിമയിലെ അഭിനേതാക്കളുടെ ചേഷ്ടകള്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കും. 
 
ദുരന്തങ്ങളില്‍ മാത്രമല്ല, ഇത്തരം സവിശേഷ സാമൂഹിക സാഹചര്യങ്ങളിലും ഇടങ്ങളിലും മനുഷ്യര്‍ ഒറ്റക്കെട്ടും ഒരേ വികാരമുള്ളവരുമാണ്. അവിടെയവര്‍ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് ആദിമ ചോദനകള്‍ക്കു മുന്നില്‍ ഒന്നായിത്തീരും. ഏറെ നേരത്തെ സംഭാഷണമില്ലായ്മക്കൊടുവില്‍ സ്‌ക്രീനിലും കാണികളിലും സംതൃപ്തിയുടെ നിശ്വാസങ്ങളുയരും. പൈസ മുതലായില്ലെന്ന തോന്നലുള്ളവര്‍ വീണ്ടും 'ബിറ്റിടടാ, തുണ്ടിടടാ' എന്നുറക്കെ വിളിച്ചുകൂവും. ത്രിവേണിയില്‍ ഈ വിളി അവകാശമായി കണ്ടുപോരുന്നവരുണ്ട്. അവര്‍ക്ക് പുറംകാണികളുടെ വിളിച്ചുപറയല്‍ ഇഷ്ടമാകില്ല. 'ആരടാ അത്' എന്ന അധികാരത്തില്‍ ഇരുട്ടില്‍ നിന്ന് ചോദ്യം ഉയരും. 'ഞാനെടാ, എന്തു വേണം' എന്നു വല്ല മറുപടിയും കേട്ടാല്‍ 'പൊക്കടാ അവനെ, പടം കാണാന്‍ വന്നാല്‍ കണ്ടിട്ട് പോണം' എന്ന ആക്രോശത്തില്‍ ടോര്‍ച്ചുവെളിച്ചമടിച്ച് ശബ്ദം വന്ന ദിക്കു തേടി തെരച്ചില്‍ തുടങ്ങും. 
 
അങ്ങനെ ത്രിവേണിയുടെ സെക്കന്റ് ഷോ പെട്ടെന്ന് ആക്ഷന്‍ പടമായി മാറും. അടി ഒഴിവാക്കാന്‍ സ്‌ക്രീനില്‍ വീണ്ടും ആദിമചോദനകളുടെ വെളിച്ചം തെളിയും. അതുവരെ അടിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അതോടെ ഏകോദരജാതരായി സ്‌ക്രീനിലെ പച്ചമനുഷ്യരുടെ ജീവിതാവസ്ഥകളിലേക്ക് കൈമെയ് സമര്‍പ്പിച്ച് ഒന്നാകും. ത്രിവേണിയുമായി ഉറ്റബന്ധമുള്ള ആരോ ആയി അമ്പിളിയെ തോന്നി. ഗ്രാമദേശത്തെ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്ന് ക്ഷേത്രമതില്‍ ചേര്‍ന്ന് ഇടത്തോട്ടുള്ള വഴി നടന്നാല്‍ അമ്പിളിയായി. വരദയും ത്രിവേണിയുമൊന്നുമല്ല അമ്പിളിയായിരുന്നു യഥാര്‍ഥ പരിശുദ്ധ കൊട്ടക. ടിക്കറ്റില്ല, ക്യൂ ഇല്ല. നേരെ വാതിലിനടുത്ത് പോകുക. അവിടെ ഒരാള്‍ നില്‍ക്കുന്നുണ്ടാകും. അയാളുടെ കൈയില്‍ പത്തുരൂപ കൊടുക്കുക, അകത്തുകയറുക, സിനിമ കണ്ടുതുടങ്ങുക. ഇതായിരുന്നു അമ്പിളിയില്‍ പ്രാവര്‍ത്തികമാക്കി പോന്നിരുന്ന രീതി.
 
പ്രാകൃതമായ കെട്ടിടം. കാലൊടിഞ്ഞും പിഞ്ഞിക്കീറിയും അലങ്കോലപ്പെട്ട കസേരകള്‍. ഫസ്റ്റ് ക്ലാസും സെക്കന്റ് ക്ലാസുമൊന്നുമില്ല. പത്തുരൂപ കൊടുത്തവര്‍ക്ക് നല്ല സീറ്റ് എവിടെയെന്നു കണ്ടുപിടിച്ച് എവിടെ വേണമെങ്കിലും കയറിയിരിക്കാം. സമ്പൂര്‍ണ സോഷ്യലിസം നടപ്പിലാക്കിയ ആദ്യ ടാക്കീസ്. കെട്ടിടം തകര്‍ന്നുവീഴുന്നതു വരെ പടം ഓടിക്കാമെന്നായിരിക്കാം അമ്പിളിയുടെ ഉടമസ്ഥന്‍ ചിന്തിച്ചിരിക്കുക. അമ്പിളിയില്‍ പടത്തിന് ഇന്റര്‍വെല്‍ ഒന്നല്ല, രണ്ടാണ്. അങ്ങനെ ആകെ മൂന്നു ഭാഗമാണ് പടത്തിന്. ത്രിവേണിയിലേതു പോലെ പടത്തിന്റെ പേരിനും ഭാഷയ്ക്കുമൊന്നും പ്രസക്തിയില്ല. ടാക്കീസിനു പുറത്തോ പരിസരത്തെ മറ്റേതെങ്കിലും മതിലിലോ അമ്പിളിയില്‍ കളിക്കുന്ന പടത്തിന് പ്രസിദ്ധി കിട്ടാന്‍ വേണ്ടിയുള്ള പോസ്റ്ററുകളൊന്നും കാണില്ല. ഇക്കാര്യത്തില്‍ ടാക്കീസിനു മുമ്പില്‍ ഒന്നുരണ്ടു പോസ്റ്ററൊട്ടിച്ച് എന്നെ നോക്കൂ എന്നു പറഞ്ഞ് ഉപഭോക്താക്കളെ ക്ഷണിക്കുന്ന ത്രിവേണിയെക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള ചിന്താഗതി പുലര്‍ത്തുന്നവളായിരുന്നു അമ്പിളി. 
 
പരസ്യപ്രചാരണം നടത്താതെ തന്നെ തേടിയെത്തേണ്ടവര്‍ തന്നിലേക്ക് എത്തുമെന്ന് അമ്പിളിക്കറിയാമായിരുന്നു. അമ്പിളിയില്‍ കളിക്കുന്നത് ഏതു പടമാണെന്ന് ആര്‍ക്കുമറിയില്ല. ഏതാണ് പടമെന്ന് ഷോയ്ക്ക് എത്തിയവരും അന്വേഷിക്കാറില്ല. 'ഒരു പേരിലെന്തിരിക്കുന്നു' എന്ന വിഖ്യാത വാചകത്തിന്റെ അര്‍ഥാതിര്‍ത്തികളും ആഴവും ഉള്‍ക്കൊള്ളാന്‍ ശേഷി നേടിയിരുന്ന അമ്പിളിയിലെ കാണികളെ പടത്തിന്റെ പേരെന്തെന്ന ചിന്ത അലട്ടിയതേയില്ല. ത്രിവേണിയെപ്പോലെ അമ്പിളിക്കും പറയാനുണ്ടായിരുന്നു ആയ കാലത്തെ ഒരു കുടുംബകഥ. പരിപാവനമായ ക്ഷേത്രാങ്കണത്തോട് അധികമകലെയല്ലാതെ ജീവിക്കുകയും പ്രഭാതകാലേ തുടിച്ചുകുളിച്ച് ദാവണി ചുറ്റി മഹാദേവനെ തൊഴുത് പ്രസാദവും വാങ്ങി സകലരുടേയും നോട്ടവും ഇഷ്ടവും ഏറ്റുവാങ്ങിയിരുന്ന പെണ്‍കുട്ടിയായിരുന്നു അമ്പിളി. അമ്പിളിയുടെ കടാക്ഷത്തിനായി ആളുകള്‍ കുടുംബസമേതമെത്തി ക്യൂ നിന്നു. സി ക്ലാസ് എന്ന ലേബലിലും സദാ ആളുകളെ ആകര്‍ഷിക്കാന്‍ അമ്പിളിക്ക് കഴിഞ്ഞു. 
 
ടീവിയില്‍ സിനിമകള്‍ വന്നു നിറഞ്ഞതോടെ ആളുകള്‍ സിനിമ കാണാന്‍ എത്തുന്നതു കുറഞ്ഞു. ചുറ്റുവട്ടത്തെ ടാക്കീസുകള്‍ പലതും പൂട്ടിപ്പോയിട്ടും അമ്പിളി പിടിച്ചുനിന്നു. ഒടുവില്‍ നിലനില്പ് അപകടത്തിലാകുമെന്നായപ്പോള്‍ നീലയുടുപ്പെടുത്തണിയാന്‍ തീരുമാനിച്ചു. ഒടുവില്‍ സുകൃതക്ഷയം പോലെ അമ്പിളിയുടെ അവസ്ഥ ഇങ്ങനെയായി.  പടം തുടങ്ങി. ആദ്യഭാഗം സ്വാഭാവികമായ കഥയുമായി മുന്നോട്ടുപോയി. അത്യാവേശം നിറയ്ക്കില്ലെങ്കിലും ചെറുചലനങ്ങളും നേരിയ വിസ്‌ഫോടനങ്ങളും സൃഷ്ടിക്കാന്‍ പാകത്തിലുള്ള ദൃശ്യസമന്വയങ്ങളാല്‍ സമ്പന്നമായിരുന്നു ആദ്യപാതി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇടവേളയായി. ഇത്ര പെട്ടെന്നോ എന്ന് ആദ്യമായി അമ്പിളിയില്‍ ചെന്നര്‍ക്കെല്ലാം അത്ഭുതം. 
 
രണ്ടാംപകുതി തുടങ്ങി. ഇപ്പോള്‍ സ്‌ക്രീനില്‍ ഓടുന്നത് നേരത്തെ കാണിച്ചതുമായി യാതൊരു ബന്ധവുമില്ലാത്തൊരു പോണ്‍ സിനിമയാണ്. ആദ്യപകുതിയിലെ ദ്രാവിഡ ഗോത്രത്തില്‍പെട്ട അഭിനേതാക്കള്‍ ആര്യന്‍മാരുടെ കേളികള്‍ക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു. ഈ രണ്ടാം പകുതിയിലാണ് അമ്പിളി കാണികളെ അവരവരുടെ ഏകാന്തതയിലേക്കും വികാരാവേഗങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്നത്. തുടക്കത്തില്‍ കയറാതെ ഇടവേളയ്ക്കു ശേഷം കയറിവന്ന കാണികളുമുണ്ടായിരുന്നു. തീര്‍ച്ചയായും അവര്‍ അമ്പിളിയിലെ നിത്യസന്ദര്‍ശകരും പറ്റുബുക്ക് സ്വന്തമായി ഉള്ളവരുമായിരിക്കണം.
 
രണ്ടാം ഭാഗം കഴിഞ്ഞ ഉടന്‍ മുക്കാല്‍ പങ്ക് കാണികളും എഴുന്നേറ്റുപോയി. എണീക്കാന്‍ നോക്കിയപ്പോള്‍ 'പടം കഴിഞ്ഞില്ലാ' എന്ന് പിറകില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു. അതനുസരിച്ച് നവാഗതര്‍ അവിടെ തന്നെയിരുന്നു. എഴുന്നേറ്റു പോയവരാരും ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയില്ല. അവര്‍ അമ്പിളിയിലെ പതിവുകാരായിരുന്നു. രണ്ടാം ഇടവേളയ്ക്കു ശേഷം അമ്പിളിയിലെ മൂന്നാം പകുതി കാത്തുവച്ചിരുന്നത് അതിഗംഭീര കുടുംബ കഥയായിരുന്നു. സെന്റിമെന്റ്‌സും കരച്ചിലും പകപോക്കലുമെല്ലാമായി ഹൃദയസ്പര്‍ശിയായ ഡ്രാമ. രണ്ടാം പകുതിയില്‍ കണ്ടതെല്ലാം മറന്നുപോകുന്ന വിധത്തിലുള്ള ശോകപ്രകടനങ്ങള്‍. രണ്ടാം ഇടവേള ആയപ്പോള്‍ പടം തീര്‍ന്നില്ല എന്നു വിളിച്ചുപറഞ്ഞവര്‍ മുമ്പ് വന്ന് ചതി പറ്റിയവര്‍ ആയിരുന്നു. അവര്‍ അമ്പിളിയുടെ ഏറ്റവും പുതിയ അതിഥികള്‍ക്ക് ആ അനുഭവം പകര്‍ന്നു കൊടുക്കുകയായിരുന്നു. നേരത്തെ കണ്ടതിന്റെ ഓളവും കൂടി പോയി അമ്പിളിയില്‍ നിന്ന് ഇറങ്ങിനടന്നു. പോകുന്ന പോക്കില്‍ നടയടച്ചെങ്കിലും പുറത്തുനിന്ന് മഹാദേവനെ ഒന്നുകൂടി തൊഴുതു.
 
 
Content Highlights: Cinema Talkies part sixteen  ; Malayalam cinema memories by NP Murali Krishnan