സിനിമ ടാക്കീസ് - 17
 
ബുധനാഴ്ചക്കാരന്‍ അണ്ണാച്ചിയുടെ കൈയില്‍ നിന്ന് പലിശയ്ക്ക് കടമെടുത്താണ് ഏട്ടന്‍ ടീവിയും ഡിഷ് ആന്റിനയും വാങ്ങിയത്. ജീപ്പില്‍ ടീവിയും ആന്റിനയും കൊണ്ടുവന്ന് ഇറക്കിയപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. 'അരി ഇട്ട് വയ്ക്കാന്‍ ഗതി ഇല്ല, അതിനെടേല് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ ഓരോരോ കാട്ടിക്കൂട്ടല്' എന്നായിരുന്നു ടീവി വന്നതിനെക്കുറിച്ചുള്ള അമ്മയുടെ ആദ്യ പ്രതികരണം. ഏട്ടന്‍ അതു കാര്യമാക്കിയില്ല. കറന്റ് കിട്ടിയിട്ട് അധികമായിട്ടില്ല. കറന്റ് വന്നത് എന്തോ അത്ഭുതം പ്രവര്‍ത്തിച്ചതു പോലെയായിരുന്നു. ആ ദിവസം കുറേത്തവണ സ്വിച്ചിടുകയും ഓഫാക്കുകയും ചെയ്തു. മണ്ണെണ്ണവിളക്കിനെ വാതിലിന്റെ മൂലയിലേക്കു മാറ്റി വൈദ്യുതപ്രകാശം വന്നപ്പോള്‍ വീട്ടിലെ മറ്റു ഭൗതിക സാഹചര്യങ്ങളും ഉടനടി മെച്ചപ്പെടുമെന്നു കരുതി. എന്നാല്‍ ഇല്ലായ്മയില്‍ നിന്ന് കൂടുതല്‍ ഇല്ലായ്മയിലേക്ക് പോയതല്ലാതെ യാതൊരു മാറ്റവും സംഭവിക്കുകയുണ്ടായില്ല. ഇപ്പോഴിതാ ടീവി കൂടി വന്നിരിക്കുന്നു. ഇനി ഉറപ്പായും ജീവിതനിലവാരം മെച്ചപ്പെട്ടേക്കും.
 
നസ്രാണിക്കുന്നത്ത് എന്നത്തെയും പോലെ വൈകുന്നേരം ക്രിക്കറ്റ് കളിക്കുമ്പോഴാണ് വീട്ടില്‍ ടീവി കൊണ്ടുവന്നിരിക്കുന്നു എന്ന് കളിക്കാന്‍ വൈകിവന്ന മജീദ് പറയുന്നത്. അതു കേട്ടയുടന്‍ ബാറ്റ് ചെയ്യുകയായിരുന്ന റൈറ്റ് ഹാന്‍ഡര്‍, ലെഫ്റ്റ് ഹാന്‍ഡര്‍ സൗരവ് ഗാംഗുലിയുടെ സ്ട്രെയിറ്റ് സിക്സറിനെ അനുസ്മരിപ്പിക്കുന്ന വിധം മൂന്നാല് സ്റ്റെപ്പ് മുന്നോട്ടുകയറി മുന്‍വശത്തെ പറങ്കിമാവിന്‍ കാട്ടിലേക്ക് പന്തു പറപ്പിച്ചു. അതുവരെ തട്ടിയും മുട്ടിയും ബാറ്റില്‍ കൊള്ളാതെയും ക്രീസില്‍ നിന്ന ഒരുത്തന്‍ പൊടുന്നനെ മാരക ഷോട്ട് കളിച്ചതു കണ്ട് ഫീല്‍ഡര്‍മാരായ ഷജിലും സിദ്ദിയും സുമനും സുദര്‍ശനും ഷമിയും അന്തം വിട്ട് പരസ്പരം നോക്കി. വീട്ടില്‍ ടീവി കൊണ്ടുവന്നെന്നും ഡിഷ് ആന്റിനയുണ്ടെന്നും കേട്ടതോടെ മനസ്സ് പെട്ടെന്ന് സിക്സറടിക്കാന്‍ പ്രാപ്തമായതാണ്. സത്യത്തില്‍ ടീവി വാങ്ങുന്നതിനെ കുറിച്ചോ ഡിഷ് വയ്ക്കുന്നതിനെ കുറിച്ചോ വീട്ടില്‍ യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. ഏട്ടന്‍ ഇങ്ങനെ സ്വന്തം ഇഷ്ടത്തിന് ഓരോന്നു ചെയ്യാറുണ്ട്. അതുപോലെയാണിതുമെന്ന് മനസ്സിലായി. എങ്കിലും അതു പുറത്തുകാണിക്കാതെ എല്ലാം നേരത്തെ അറിഞ്ഞുവെന്ന ഭാവത്തില്‍ 'ആ ഡിഷ് ആന്റിനയല്ലേ, നാളെ വരുമെന്നാണ് പറഞ്ഞിരുന്നത്. ഇന്നുതന്നെ എത്തിയല്ലേ' എന്ന് ബാറ്റിംഗിനിടയില്‍ മറുപടി കൊടുത്തു. 
 
വലിയ അത്ഭുതമില്ലാതെ ഇതു പറഞ്ഞെങ്കിലും ഉള്ളില്‍ സന്തോഷപ്പെരുമഴ ആര്‍ത്തലച്ചു പെയ്തുതുടങ്ങിയിരുന്നു. സൂര്യന്‍ പെട്ടെന്നൊന്നും അസ്തമിക്കരുതേ, ഒരു നാലോവര്‍ കളി കൂടി കളിക്കാം എന്നാണ് എല്ലാ ദിവസത്തെയും പ്രാര്‍ഥന. പക്ഷേ 'എത്രയും വേഗം ഇരുട്ടാകണേ, വീട്ടില്‍ പോകണേ' എന്നായിരുന്നു ആ നേരം ആഗ്രഹിച്ചത്. കളി അവസാനിച്ച ഉടന്‍ കുത്തനെ ഇറക്കമുള്ള തുപ്പാപ്പന്റെ പറമ്പും പാത്തുമ്മവല്ല്യുമ്മ കുട്ടന്‍നായര്‍ക്ക് വിറ്റ പറമ്പും ഓടിക്കടന്ന് വീട്ടിലേക്കോടി. വീട്ടില്‍ ചെന്നപ്പോള്‍ തെക്കേപ്പറമ്പില്‍ ആകാശം നോക്കി നില്‍ക്കുന്നൊരു കുട. മൂത്തേടത്ത് വളപ്പിലും സുമന്റെ വീട്ടിലുമൊക്കെയുള്ള കുട. ഈ കുടയ്ക്ക് അതിനേക്കാളൊക്കെ വലിപ്പമുണ്ടെന്നു തോന്നി. അകത്തേക്കു കയറിയപ്പോള്‍ ഇടനാഴിയില്‍ ബി.പി.എല്‍ എന്നെഴുതിയ വലിയൊരു ടീവി. ടീവി ഡിഷ് ആന്റിനയുമായി കണക്ട് ചെയ്തിട്ടില്ല. അതിന്റെ പണിക്കാര്‍ നാളെ വന്ന് ശരിയാക്കി തരും എന്നു പറഞ്ഞ് ഏട്ടന്‍ ടീവി വച്ചു കാണിച്ചു. ഞാനും സ്വിച്ച് ഓണ്‍ ചെയ്ത് ടീവി വച്ചുനോക്കി. തീരെ അപ്രതീക്ഷിതമായൊരു ആനന്ദം ഇടനാഴിയില്‍ വന്നുചേര്‍ന്നിരിക്കുന്നു.
 
പിറ്റേന്ന് കുട ഫിറ്റ് ചെയ്ത് ചാനല്‍ ദിശ ശരിയാക്കി. ഏഷ്യാനെറ്റും കൈരളിയും വീടിന്റെ മുഖങ്ങളായി. കൈയില്‍ റിമോട്ട് പിടിച്ച് ഇടനാഴിയില്‍ ഇരുന്നും കിടന്നും സിനിമ കണ്ടു. ഏറ്റവും സ്വാതന്ത്ര്യത്തോടെ സിനിമ പ്രാപ്യമായതിലെ അപാരമായ സന്തോഷം അനുഭവിക്കുകയായിരുന്നു. ഏഷ്യാനെറ്റില്‍ ശനിയും ഞായറും നല്ല പടം വരും. കൈരളിയിലും സൂര്യയിലും സിനിമയുണ്ട്. തമിഴ് ചാനലുകളിലും സിനിമ കാണാം. ആകെ സിനിമാമയം. ടീവിയിലെ വര്‍ണ്ണക്കാഴ്ചകളില്‍ മതിമറന്നിരിക്കുമ്പോള്‍ ഉമ്മറത്ത് നിറമില്ലാത്ത കാഴ്ചയായി അണ്ണാച്ചി വന്ന് പലിശയടവ് ചോദിച്ചുകൊണ്ടിരുന്നു. എട്ടന്‍ വീട്ടിലില്ല എന്ന് ആവര്‍ത്തിക്കേണ്ടിവന്നു. ഇടയ്ക്ക് പൈസ കൊടുക്കും. പിന്നെ നാലോ അഞ്ചോ അടവ് മുടങ്ങും. 'കാസ് കൊടടേ' എന്ന് അണ്ണാച്ചി ശബ്ദമുയര്‍ത്തും. അടുത്തയാഴ്ച ഉറപ്പായും കാശ് തരാമെന്നു പറഞ്ഞ് എല്ലാത്തവണയും അണ്ണാച്ചിയെ തടഞ്ഞു. അടവ് തുടര്‍ച്ചയായി തെറ്റിയപ്പോള്‍ അണ്ണാച്ചി ടീവി എടുത്തുകൊണ്ടുപോകാന്‍ നോക്കി. വീട്ടുകാര്‍ എങ്ങനെയൊക്കെയോ അണ്ണാച്ചിയെ തടഞ്ഞ് ശാന്തനാക്കി. 
 
ആഴ്ചകളും മാസങ്ങളും അടവ് മുടങ്ങിയെങ്കിലും ഒടുവില്‍ പൈസ കൊടുത്തുതീര്‍ത്ത് ടീവി ശരിക്കും സ്വന്തമായി. ടാക്കീസില്‍ നിന്നുള്ള സിനിമയ്ക്കു പുറമേ ടീവിയിലെ സിനിമകളും. സമ്പൂര്‍ണമായൊരു സിനിമാക്കാലം. കാണാത്ത സിനിമകള്‍ കണ്ടും കണ്ടവ ആവര്‍ത്തിച്ചും ദിവസങ്ങള്‍ സിനിമകളില്‍ പുലര്‍ന്നിരുട്ടിപ്പോന്നു. സിനിമ ആവോളം മാനസികോല്ലാസം തന്നുകൊണ്ടിരുന്നപ്പോഴും മറുപുറത്ത് നടുവിലേടത്ത് പറമ്പില്‍ വീട് ഇല്ലായ്മയുടെയും ദുരിതത്തിന്റെയും അസ്വസ്ഥ ശബ്ദങ്ങള്‍ കേള്‍പ്പിച്ചു. മണ്ണില്‍ വേരുറപ്പിച്ചു നില്‍ക്കാനാകാതെ അടിത്തറ ഉലഞ്ഞുതുടങ്ങി. ഭഗവതിയമ്മയുടെയും നാഗങ്ങളുടെയും മുമ്പില്‍ കരിന്തിരികള്‍ കത്തി. മനുഷ്യരൂപങ്ങള്‍ക്ക് അസ്വസ്ഥത വസ്ത്രമായി. ടീവിയിലെ നിറങ്ങളെ പൊടുന്നനെ നിശ്ചലമാക്കിക്കൊണ്ട് പടിഞ്ഞാറേ വളപ്പുകാരുടെ വിധിത്തുടര്‍ച്ച നടുവിലേടത്ത് പറമ്പിലും സംഭവിച്ചു. കടം കേറി വീട് ജപ്തിയിലെത്തി. വീടുവിറ്റ് നാടുവിട്ട് മറ്റൊരു നാട്ടിലേക്ക് ഓടിപ്പോകേണ്ട അവസ്ഥ വന്നു. പതിയെ ഒഴുകിയിരുന്ന കൈത്തോടിനു മുന്നില്‍ പെട്ടെന്ന് രൂപപ്പെട്ട കയം കണ്ട് എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നുപോയി.
 
നസ്രാണിക്കുന്നില്‍ അന്ന് മൂടല്‍മഞ്ഞ് പെയ്തില്ല. പൊട്ടി ആരെയും വഴി തെറ്റിച്ചതുമില്ല. ആകാശത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞു. നിലാവ് പരന്നു. അവയൊക്കെയും ഇനി തിരിച്ചുവരാത്ത നഷ്ടങ്ങളാണ്. ഇനിയുള്ളത് വേറെയേതോ നാട്ടിലെ ആകാശമാണ്. അപരിചിതങ്ങളായ നക്ഷത്രങ്ങളായിരിക്കും അവിടെയെല്ലാം. ആ വൈകുന്നേരം ക്രിക്കറ്റ് കളിക്കാനല്ലാതെ സുമനോട് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ നസ്രാണിക്കുന്നില്‍ പോയി. വീടു വിറ്റ്, നാടു വിട്ട് പോകുന്ന കാര്യം പറഞ്ഞു. സുമന്‍ കരഞ്ഞു, ഞാന്‍ കരഞ്ഞു. ക്രിക്കറ്റ് ഗ്രൗണ്ടും പറങ്കിമാവുകളും ഞാവല്‍ക്കാടും കരഞ്ഞു. അപ്പോഴേക്കും നസ്രാണിക്കുന്നിലാകെ ഇരുട്ട് പരന്നിരുന്നു. കണ്ണുകള്‍ ആരും പരസ്പരം കണ്ടില്ല. ഇരുട്ടായതു നന്നായി. അല്ലെങ്കില്‍ കരയുന്നത് അമ്മപ്പുഴ കാണും. അതു കാറ്റാടിക്കടവില്‍നിന്ന് കൈമാടി വിളിക്കും. അടുത്തുചെന്നാല്‍ മടിത്തട്ടിലിരുത്തി കാര്യം ചോദിക്കും. സങ്കട വര്‍ത്തമാനമറിഞ്ഞാല്‍ അമ്മപ്പുഴ കരയും. അമ്മപ്പുഴ കരഞ്ഞാല്‍ വെള്ളത്തിലാകെ കണ്ണീരുപ്പു നിറയും. പിന്നെ മഴവില്‍പാലവും ചെമ്പിക്കലും കടന്ന് സങ്കടപ്പെട്ട് ഒഴുകണം. 
 
പോകും വഴി കുറ്റിപ്പുറത്തത്തിയാല്‍ മീനാ ടാക്കീസ് ചോദിക്കും, 'എന്താ പുഴയമ്മേ ഇത്രയ്ക്കും സങ്കടം?' മറുപടി കേട്ട് ഇനിയൊരിക്കലും കുട്ടി എന്റെയടുത്ത് സിനിമ കാണാന്‍ വരില്ലല്ലോയെന്ന തീരാസങ്കടത്തില്‍ മീനാ ടാക്കീസ് അമ്മപ്പുഴയ്‌ക്കൊപ്പം ഏങ്ങിയേങ്ങി കരയും. മീന കരഞ്ഞാലത് സഹിക്കാനാകില്ല. മറ്റൊരു ടാക്കീസും പോലെയല്ല മീന. മീനയാണ് ആദ്യം സിനിമ കാണിച്ചുതന്നത്. പൊടിതിന്നുന്ന വെളിച്ചക്കുഴല്‍ ആദ്യമായി കണ്ടത് മീനയില്‍നിന്നാണ്. സിനിമ തീര്‍ക്കുന്ന കൗതുകങ്ങളെല്ലാം കാട്ടിത്തന്നതും കുട്ടിയെ സിനിമാ മനുഷ്യനാക്കിയതും മീനയാണ്. തിരുനാവാ മണപ്പുറത്തെത്തിയാല്‍ ത്രിമൂര്‍ത്തികള്‍ ചോദിക്കും, 'എന്താ പുഴയമ്മേ ഇത്രയ്ക്കും സങ്കടം?' 'എന്റെ കുട്ടി എന്നെയും നാടും വിട്ട് വേറെയെങ്ങോ പോവ്വാണ്, അപ്പൊ പിന്നെ സങ്കടാവാണ്ടിരിക്ക്യോ?' താടിക്കു കൈകൊടുത്ത് ഇമവെട്ടാതെ കുറച്ചു നേരം സങ്കടപ്പുഴയെ നോക്കിനിന്ന് ത്രിമൂര്‍ത്തികള്‍ മൂന്നു ദിക്കിലേക്കു തിരിച്ചുപോയി ശ്രീകോവിലില്‍ കടന്നിരുന്ന് ആലോചന തുടരും.
 
പരിചിതമല്ലാത്ത ഉപ്പുരസവുമായി ഒഴുകി ചമ്രവട്ടത്തെത്തിയാല്‍ കടലമ്മ അമ്മപ്പുഴയോടു കാര്യം ചോദിക്കും. കാര്യമറിഞ്ഞാല്‍ കടലമ്മയ്ക്കും സങ്കടമാകും. അവര്‍ രണ്ടുപേരും പിന്നെയും കരയും. വേണ്ട, ആരുമറിയണ്ട. ആരും സങ്കടപ്പെടണ്ട. ഞാന്‍ ഒന്നും മിണ്ടാതെ പൊക്കോളാം. അതുവരേയ്ക്കും കാലുറപ്പിച്ചു നിന്നിരുന്ന മണ്ണെല്ലാം തെല്ലുനേരം കൊണ്ട് ചോര്‍ന്നൊലിച്ചുപോയി. നടുവിലേടത്ത് പറമ്പിലെ മനുഷ്യജീവികളുടെയെല്ലാം വേരറ്റ് കാലുകള്‍ തറനിരപ്പില്‍നിന്ന് ഉയര്‍ന്നു. പിന്നെയാ കാലുകള്‍ നിലം തൊടുകയുണ്ടായില്ല. തെക്കേപ്പറമ്പിലെ മണ്ണില്‍ ഉറങ്ങിയിരുന്നവരെല്ലാം മറ്റാരുടേയോ പറമ്പിലുറങ്ങുന്നവരായി. ഒന്നിടവിട്ട കൊല്ലങ്ങളില്‍ കായ്ച്ച് ആ രണ്ടു കൊല്ലത്തേക്കും കൂടിയുള്ള വലുപ്പത്തില്‍ ഫലം തന്നുപോന്ന തെക്കേപ്പറമ്പിലെ മൂവാണ്ടന്‍ മാവിന്റെ പടര്‍ന്നുപന്തലിച്ച തണലിന്‍ചുവട്ടിലെ കുഴിമാടത്തിലുറങ്ങുന്ന അച്ഛന്‍ പിന്നീടൊരിക്കലും കാണാനാകാത്ത വിധം അന്യനായി. 
 
കരിങ്കുട്ടിയെയും തെണ്ടനെയും കുടിയിരുത്തിയ തറയും മണ്ഡപവും ഒരിക്കലും മതിയാകുവോളം എണ്ണ കുടിക്കാന്‍ കിട്ടാതിരുന്ന ദീപസ്തംഭവും തെക്കേപ്പറമ്പില്‍ കാടോളം ഇരുട്ടും തണുപ്പുമുണ്ടാക്കിയ പാമ്പിന്‍കാവും ചിത്രോടകക്കല്ലുകളും രക്ഷസിന്റെ തറയും കാരണവന്‍മാരെ കുടിയിരുത്തിയ പീഠങ്ങളും അനാഥമായി. സന്ധ്യാനേരത്ത് അവര്‍ക്കൊക്കെയും ഒരു വിളക്കുനാളം കാണിക്കാന്‍ ആരുമില്ലാതെയായി. പാമ്പിന്‍കാവിലെ മണിനാഗങ്ങള്‍ ചിത്രോടകകല്ലില്‍ പിണഞ്ഞുചുറ്റി തലചായ്ച്ചുകിടന്നു. നൂറും പാലും കിട്ടാതെ ദാഹിക്കുമ്പോള്‍ ഇത്തിരി വെള്ളം കൊടുക്കാന്‍ തറവാട്ടമ്മയില്ലാതെ അവ ചിത്രോടകക്കല്ലില്‍ തലതല്ലി ചാകുമായിരിക്കും. ധനുമാസത്തില്‍ പാമ്പിന്‍കാവില്‍ പാലപൂക്കുന്ന മണമറിയാന്‍ ഇനിയാരുമില്ല. പാല പൂത്ത് കാറ്റില്‍ പമ്പരം പോലെ തിരിഞ്ഞുവരുന്ന പാലപ്പൂ നിലം തൊടാതെ പിടിക്കാന്‍ തെക്കേപ്പുറത്തെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടിയില്ല. 
 
അമ്പലത്തിനു പിറകില്‍ ശ്രീകൃഷ്ണാ ടാക്കീസിലെ വെള്ളിത്തിരയില്‍ നിന്ന് ഗദ്ഗദങ്ങളുയരും. ആളും ആരവവുമില്ലാതെ അനാഥമാകാന്‍ പോകുന്ന കൊട്ടകയില്‍ കളിക്കാനാതെ പോയ അനേകമനേകം സിനിമകളോട് നിറയെ ആളുകളുമായി കളിച്ചിരുന്ന സൂപ്പര്‍ഹിറ്റ് സിനിമകള്‍ അവയുടെ പോയകാല കഥകള്‍ പറയും. വൈകുന്നേരങ്ങളില്‍ നേരംപോക്കിനായി ശ്രീകൃഷ്ണാ ടാക്കീസില്‍ സിനിമ കാണാന്‍ വന്നിരുന്നവര്‍ പഴയപോലെ പീടികവരാന്തയിലും റോഡുവക്കിലും ചെന്നുനിന്ന് വര്‍ത്തമാനം പറഞ്ഞ് നേരം പോക്കും. മേലഴിയത്തിന്റെ നാട്ടുവഴികളിലൂടെ ആ സിനിമാവണ്ടി ഇനിയൊരിക്കലും അനൗണ്‍സ്‌മെന്റ് മുഴക്കി നോട്ടീസ് വിതരണം ചെയ്ത് കടന്നുപോകില്ല. വെള്ളിയാഴ്ചകള്‍ പലതു കഴിഞ്ഞിട്ടും പുതിയ പോസ്റ്ററുകള്‍ മാറുന്നതു കാണാതെ കാഞ്ഞിരമരത്തിലെ കാര്‍ഡ് ബോര്‍ഡ് ശ്രീകൃഷ്ണാ ടാക്കീസിനെ നോക്കി വ്യസനപ്പെടും. ഇനിയൊരിക്കലും മാറ്റാനിടയില്ലാതെ ഒടുവില്‍ കളിച്ച പടത്തിന്റെ പോസ്റ്റര്‍ ശ്രീകൃഷ്ണാ ടാക്കീസിന്റെ സ്മാരകമെന്നോണം മൂകസാക്ഷിയായി കാറ്റിലാടും. പിന്നെ പല പാതിരാമഴകളില്‍ നനഞ്ഞൊലിച്ച് മണ്ണോടുചേരും. കാഞ്ഞിരമരത്തിലെ ആണി മാത്രം പ്രേതബാധയെ ആവാഹിച്ചു തറച്ചതുപോലെ അവശേഷിക്കും. 
 
കാരണവന്‍മാരും പുസ്തകക്കെട്ടുകളും സിനിമാ നോട്ടീസും നിറഞ്ഞ് എപ്പോഴും ഇരുട്ടു പരന്നുകിടന്ന പടിഞ്ഞാറ്റിയില്‍ മൗനം കനത്തുമൂടി. നീളന്‍ ഇടനാഴിയില്‍ അതിഭീകരമായ ഏകാന്തത രൂപപ്പെട്ടു. അടുക്കളയടുപ്പ് ഒരു മണവും പുറത്തുവിട്ടില്ല. ആളനക്കമില്ലാതായ നടുവിലേടത്തു പറമ്പിലേക്കു നോക്കി വടക്കേപ്പുറത്തെ ചേത്ത്യാരും പടിഞ്ഞാറേപ്പറമ്പിലെ പാണരോടത്തെ ശങ്കുത്തന്തയും വള്ളിയമ്മയും കിഴക്കേമുറ്റത്തു നിന്ന് കാളിയമ്മയും കോച്ചിയമ്മയും തെക്കേപ്പറമ്പിലെ അതിരത്തെ മുള്ളുവേലിക്കല്‍ നിന്ന് കക്കഞ്ചേരിയിലെ മാളുട്ടി ചേത്ത്യാരും ദീര്‍ഘമായി നെടുവീര്‍പ്പിടും. ഏതു കുട്ടിക്കും വലിഞ്ഞുകേറാന്‍ പാകത്തില്‍ തായ്ത്തടിയില്‍നിന്ന് താഴേക്കു കൈകള്‍ നിവര്‍ത്തിനിന്ന തെക്കേമുറ്റത്തെ വരിക്കപ്ലാവും പുളിയുറുമ്പുകള്‍ കൊട്ടാരം കെട്ടി പാര്‍ക്കുന്ന വടക്കേമുറ്റത്തെ പുളിയന്‍ മാവും അകം ചുവപ്പും നിറയെ കുരുക്കളും അതിമധുരവുമുള്ള കായ്കള്‍ തന്നിരുന്ന കിഴക്കേതൊടിയിലെ പേരയും അവര്‍ക്ക് പ്രതിനിശ്വാസമര്‍പ്പിക്കും. 
 
പോകാന്‍ നേരം എല്ലാ വാതിലുകളുമടച്ച് ഒടുക്കം ഇരുപൊളിയന്‍ ഉമ്മറവാതിലിന് സാക്ഷയിടുമ്പോള്‍ അതുവരെ നെഞ്ചില്‍ കനത്തു തങ്ങിക്കിടന്നതെല്ലാം തൊണ്ടക്കുഴി ഭേദിച്ച് കണ്ണിലൂടെ ഓടിവന്ന് ഉമ്മറമുറ്റത്ത് വീണു. പിന്നെയെത്രയാവര്‍ത്തി അമര്‍ത്തിത്തുടച്ചിട്ടും കണ്ണുകള്‍ തോര്‍ന്നില്ല. എത്ര അലമുറയിട്ടിട്ടും ദേഹമാകെ ഒരുമിച്ച് കരഞ്ഞിട്ടും കണ്ണുനീര്‍ തീര്‍ന്നില്ല. കണ്ണ് എവിടെയൊളിപ്പിച്ചതായിരുന്നോ ഇത്രയും കണ്ണുനീര്‍!എല്ലാവരേയും തനിച്ചാക്കി വണ്ടി കയറിയപ്പോഴും ഭഗവതിവിഗ്രഹവും പട്ടും പീഠവും കൈവിളക്കും താലങ്ങളും ചാക്കുകളില്‍ കയറി നാടുവിട്ടു പോകുന്ന മനുഷ്യര്‍ക്കൊപ്പം പോന്നു. നസ്രാണിക്കുന്നിലേക്കുള്ള എടോഴിയും തെക്കുംപറമ്പിലെ കുറുമ്പയുടെ വീടും ഉണ്ണിക്കാന്റെയും രാമുട്ട്യേട്ടന്റെയും പീടികകളും പിറകിലേക്കായി. 
 
അതോടെ ഇടയ്‌ക്കൊന്നു തോര്‍ന്നിരുന്ന കണ്ണുകള്‍ പിന്നെയും പെയ്തു തുടങ്ങി. പരിചിതമായ നാട്ടുവഴികളെല്ലാം പിന്നിട്ട് വണ്ടി അപരിചിതമായൊരു നാട്ടിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അതില്‍പിന്നെ ഗതികെട്ടലഞ്ഞ നാടുകളിലും വീടുകളിലും ഭഗവതിയും കൂടെയലഞ്ഞു. പട്ടില്‍ പൊതിഞ്ഞ പീഠത്തില്‍ നടുനിവര്‍ത്തി ഇരിക്കാനാകാതെ, വിഗഹത്തില്‍ ലയിച്ചു ചേരാനാകാതെ ചാക്കുകെട്ടില്‍ കിടന്ന് ഭഗവതിക്ക് ശ്വാസം മുട്ടി. അങ്ങനെ തുടര്‍ന്നുപോന്ന ഏതോ അസ്വസ്ഥരാത്രിയില്‍ ആരും കാണാതെ ഒരു ഇലയനക്കം പോലും കേള്‍പ്പിക്കാതെ കുഞ്ഞുമക്കളെ പേടിപ്പിക്കാതെ ചാക്കുകെട്ടില്‍ നിന്നിറങ്ങി ഭഗവതിയമ്മ കാടും മേടും ചുറ്റി അമ്മപ്പുഴ കടന്ന് നസ്രാണിക്കുന്നിറങ്ങി നടുവിലേടത്ത് പറമ്പിലെത്തിയിട്ടുണ്ടാകും. മണ്ണോടു ചേര്‍ന്ന വീടും അമ്പലവും കണ്ട് വിഷമവൃത്തത്തില്‍പെട്ട് അവിടെത്തന്നെ അലയുന്നുണ്ടാകും. അതല്ലെങ്കില്‍ പാമ്പിന്‍കാവില്‍ പരമ്പരയറ്റു പോകാതെ ചിത്രോടകക്കല്ലില്‍ വസിക്കുന്ന കുഞ്ഞന്‍ നാഗത്തിനൊപ്പം അവിടെ പാര്‍പ്പുറപ്പിച്ചിട്ടുമുണ്ടാകാം.
 
Content Hghlights: Cinema Talkies part seventeen ; Malayalam cinema memories by NP Murali Krishnan