സിനിമ ടാക്കീസ്- 7

സിനിമാ ടാക്കീസുകള്‍ കത്തിപ്പോകുന്നത് ആയിടയ്ക്ക് സ്ഥിരസംഭവമായി മാറി. മേലഴിയത്തെ പീട്യേക്കോലായകളിലും വഴിവക്കിലുമൊക്കെ ആളുകളുടെ സംസാരത്തില്‍ ഇതു കേള്‍ക്കുന്നുണ്ട്. ആരാണ് ടാക്കീസുകള്‍ കത്തിക്കുന്നത്. അങ്ങനെ ചെയ്യുന്നവര്‍ എത്രമാത്രം ഹൃദയമില്ലാത്തവരായിരിക്കും. എങ്ങനെയാണ് മറ്റു കെട്ടിടങ്ങളൊന്നും കത്താതെ സിനിമാ ടാക്കീസുകള്‍ മാത്രം കത്തിപ്പോകുന്നത്! 

സിനിമ നടക്കുന്ന സമയത്ത് ടാക്കീസ് കത്തിയാല്‍ ആളുകളൊക്കെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഓടുമായിരിക്കും. പക്ഷേ ടാക്കീസ് കത്തി ആര്‍ക്കും പൊള്ളലേറ്റതായോ മരിച്ചതായോ ഉള്ള വാര്‍ത്ത കേട്ടതേയില്ല. അല്ലെങ്കിലും സിനിമ കാണിപ്പിച്ച് രസിപ്പിക്കാനല്ലാതെ ആരെയും വേദനിപ്പിക്കാനോ മുറിപ്പെടുത്താനോ ഒന്നും ടാക്കീസിന് കഴിയുകയില്ല. ആള്‍ക്കാരുടെ സന്തോഷം മാത്രമാണ് അതിന്റെ പരമമായ ലക്ഷ്യം.

ടാക്കീസുകള്‍ കത്തിപ്പോകുന്നതായി രാമുട്ട്യേട്ടന്റെ പീടികയിലെ പ്രധാന ചായക്കിസ. അറിയാത്ത കാര്യമാണെങ്കിലും എല്ലാം അറിയുന്നതു പോലെ വിഷയം പെരുപ്പിച്ച് ചര്‍ച്ച കത്തിക്കയറി. പറയുന്നവരില്‍ മിക്കവരും ജീവിതത്തില്‍ ഒരിക്കല്‍ പോലും സിനിമാ ടാക്കീസില്‍ പോയിട്ടുളളവരായിരുന്നില്ല. കൂടിയിരിക്കുന്നവര്‍ അത്യധികം അത്ഭുതം അഭിനയിച്ച് പറച്ചിലുകാരെ മൂളിക്കൊണ്ട് പ്രോത്സാഹിപ്പിച്ചു. 

ചൂട്ടു കൊണ്ടുപോയി കത്തിക്കുന്നതാണെന്നും, രാത്രി കക്കാനിറങ്ങുന്ന കള്ളന്‍മാര്‍ ഒരു രസത്തിന് കത്തിക്കുന്നതാണെന്നും, പടം കൂടുതല്‍ ഓടാന്‍ വേണ്ടി മറ്റു ടാക്കീസുകാര്‍ കത്തിക്കുന്നതാണെന്നും, ഇന്‍ഷ്വറന്‍സ് കിട്ടാന്‍ വേണ്ടി ഉടമസ്ഥന്‍ തന്നെ ടാക്കീസ് കത്തിക്കുന്നതാണെന്നും, ടാക്കീസുകള്‍ കത്തിക്കുന്ന ഒരു പ്രത്യേക സംഘം ഇറങ്ങിയിട്ടുണ്ടെന്നും ഏതെങ്കിലും ടാക്കീസ് കത്തിക്കണമെങ്കില്‍ അവരെ കണ്ട് പൈസ കൊടുത്താല്‍ മതിയെന്നുമൊക്കെ കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. നിജസ്ഥിതി ആര്‍ക്കുമറിയില്ലെങ്കിലും കൂട്ടത്തില്‍ വിശ്വസനീയമായി നുണ പറയാന്‍ ശേഷിയുണ്ടായിരുന്നവര്‍ പണ്ഡിതരായി അവരോധിക്കപ്പെട്ടു. അവര്‍ക്ക് നാട്ടില്‍ അസംഖ്യം കേള്‍വിക്കാരുണ്ടായി. മുതിര്‍ന്നവരുടെ സംസാരത്തില്‍ കുട്ടികള്‍ക്ക് ഇടമോ അഭിപ്രായപ്രകടനസ്വാതന്ത്ര്യമോ ഇല്ലാതിരുന്നതിനാല്‍ അവരുടെ അന്തംവിട്ട കഥകള്‍ കേട്ട് കണ്ണുതള്ളി തിരിച്ചുപോന്നു.

രാമുട്ട്യേട്ടന്റെ പീടികയില്‍ പേപ്പറിലെ ഇന്നത്തെ സിനിമാ കോളം വേറെയാരും വായിക്കുന്നതു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ കത്തിപ്പോയ ടാക്കീസുകളുടെ പേര് അവര്‍ക്കെല്ലാം പുതുമയായിരുന്നു. പേപ്പറില്‍ അതു മാത്രം വായിച്ചിരുന്ന എനിക്കാകട്ടെ അത്രമാത്രം അടുപ്പമുള്ള ഒരു ചങ്ങാതിക്ക് അപകടം പിണഞ്ഞെന്ന തോന്നലാണുണ്ടായത്. 

ടാക്കീസുകള്‍ കത്തിപ്പോകുന്ന സങ്കടം പറയാന്‍ കുഞ്ഞുട്ടിക്കാടെ റേഷന്‍പീടികച്ചുമരിലെ സിനിമാ പോസ്റ്ററിലെ താരങ്ങളില്‍ അഭയം കണ്ടെത്തി. അവരെക്കാള്‍ നന്നായി വേറെയാര്‍ക്കും ഈ സങ്കടം മനസ്സിലാകില്ലല്ലോ. അവര്‍ സ്‌ക്രീനില്‍ ഇടിയും പാട്ടുമൊക്കെയായങ്ങനെ അഭിനയിച്ചു തകര്‍ക്കുന്ന നേരത്തല്ലേ ടാക്കീസ് കത്തിപ്പോകുന്നത്. ഇനി അല്ലാത്ത നേരത്താണെങ്കിലും സ്‌ക്രീനിനു പിന്നില്‍ ഒളിച്ചിരിക്കുന്ന അവരൊക്കെയും ടാക്കീസ് കത്തുന്ന നേരം പുറത്തിറങ്ങി ഓടണ്ടേ. അവര്‍ക്ക് മാത്രമേ ഈ സങ്കടത്തിന്റെ തീവ്രത മനസ്സിലാകൂ. അവര്‍ സങ്കടം പറഞ്ഞു. ഞാനവരുടെ കണ്ണുതുടച്ചു കൊടുത്തു. ഇനി ഒരു ടാക്കീസും കത്താതിരിക്കാന്‍ പ്രാര്‍ഥിക്കാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ച് ഞങ്ങള്‍ പിരിഞ്ഞു. 

പ്രാര്‍ഥന ഫലിച്ചില്ല. ചുറ്റുവട്ടത്തെ ടാക്കീസുകളും കത്തിത്തുടങ്ങി. കുറ്റിപ്പുറം മീനയും ആലൂര്‍ കീര്‍ത്തിയും തൃത്താല ബാബുവും ചങ്ങരംകുളം സബീനയും പാലപ്പെട്ടി താജും കത്തി. തൃത്താല ബാബുവും ആലൂര്‍ കീര്‍ത്തിയും ആസ്ബസ്റ്റോസ് ഉടുപ്പിട്ട് പുനര്‍ജനിച്ചില്ല. തൃത്താലക്കാരുടെയും ആലൂരുകാരുടെയും സിനിമാ സ്വപ്‌നങ്ങളും കീര്‍ത്തിക്കും ബാബുവിനുമൊപ്പം കത്തിയമര്‍ന്നു. സിനിമ കാണാതെ വയ്യെന്നുള്ളവര്‍ എടപ്പാളിലേക്കും പട്ടാമ്പിയിലേക്കും ബസ് കയറിപ്പോയി. കുറ്റിപ്പുറം മീന കത്തിയതായിരുന്നു സഹിക്കാനാകാത്ത കാര്യം. ഏറ്റവുമടുത്തുള്ള ടാക്കീസാണ്. പുഴ കടന്ന് സിനിമ കാണാന്‍ പോയിട്ടുള്ളതാണ്. ആദ്യമായി സിനിമ കണ്ട ടാക്കീസാണ്. അമ്മയുടെ വീട്ടില്‍ പോകുമ്പോഴൊക്കെയും ബസ്സിലിരുന്ന് കാണുന്നതാണ്. മീനയോടുള്ള വൈകാരികത വലുതായിരുന്നു. മറ്റൊരു ടാക്കീസിനോടും ഇത്രയും അടുപ്പം തോന്നിയിട്ടില്ല. 

മീന കത്തിപ്പോയ ദിവസം ഒന്നും കഴിക്കാന്‍ കൂടി തോന്നിയില്ല. എപ്പോഴും കൂടെയുള്ളൊരാള്‍ പെട്ടെന്ന് ഭൂമിയില്‍ ഇല്ലാതായതു പോലൊരു സങ്കടം വന്നു മൂടി. പുഴ കടന്ന് മീനയിലേക്ക് സിനിമ കാണാന്‍ പോയതും മീനയിലെ പൊടിതിന്നുന്ന വെളിച്ചക്കുഴലുമായിരുന്നു ഉള്ളു നിറയെ. കെട്ടിടത്തിനു മുകളില്‍ മീനയുടെ പേരെഴുതിയത് തീയില്‍ കരിപിടിച്ച് മായ്ഞ്ഞു കാണും. ഓലയും കഴുക്കോലുമെല്ലാം കത്തിപ്പോയി അസ്ഥിക്കൂടം പോലെയൊരു കരിഞ്ഞ സിമന്റ് മതില്‍ മാത്രമായിരിക്കും ഇപ്പോള്‍ മീന. എന്തൊരു സങ്കടകരമായ അവസ്ഥ. അതു കാണുന്നവരെല്ലാം സങ്കടം സഹിക്കാതെ അവിടെനിന്ന് ഓടിപ്പോയിട്ടുണ്ടാകും. മീനയുടെ ഉടമസ്ഥരും സിനിമ കാണിച്ചു തരുന്നയാളും ടിക്കറ്റ് കീറിക്കൊടുക്കുന്ന വലിയ മനുഷ്യനും നാടുനീളെ മീനയിലെ പോസ്റ്ററൊട്ടിച്ചു നടക്കുന്ന വീരപുരുഷനും ഇതെങ്ങനെ സഹിക്കും! എല്ലാവരും ഒരുപാട് കരഞ്ഞിട്ടുണ്ടാകും. ടാക്കീസ് കത്തിപ്പോയതറിയാതെ ആരെങ്കിലുമൊക്കെ മീനയില്‍ മാറ്റിനി കാണാന്‍ ചെന്നിട്ടുണ്ടാകും. കത്തിപ്പോയ സിനിമാപ്പുര കണ്ട് അവര്‍ ആകെ അന്ധാളിച്ചു നിന്നുപോയിട്ടുണ്ടാകും. മീനയിലെ ഒരു സിനിമയും മുടങ്ങാതെ കാണുന്ന ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കും. അവരൊക്കെ കരഞ്ഞു തളര്‍ന്നിട്ടുണ്ടാകും.

മീന കത്തിയത് മേലഴിയത്ത് വലിയ സംസാരമായി. മുമ്പ് ദൂരദേശങ്ങളിലെ ടാക്കീസുകള്‍ കത്തിപ്പോയതു പോലെയല്ല, തൊട്ടടുത്തുള്ള ടാക്കീസാണ് ഇല്ലാതായത്. മേലഴിയത്തുകാര്‍ ഏറ്റവുമധികം സിനിമ കണ്ട ടാക്കീസാണ്. കുറ്റിപ്പുറം മീനാ ടാക്കീസ് കത്തിപ്പോയെന്നു മാതൃഭൂമി പേപ്പറില്‍ വന്ന വാര്‍ത്ത എല്ലാവരും പലയാവര്‍ത്തി ഒറ്റയ്ക്കും കൂടിനിന്നും വായിച്ചു. വായിച്ചവരും വായിക്കാത്തവരും വാര്‍ത്തയിലെ വിവരം വഴിയില്‍ കണ്ടവരോടൊക്കെ പറഞ്ഞു. എല്ലാവര്‍ക്കും വലിയ സങ്കടമായി. ടാക്കീസ് കത്തിച്ചവരെ ആളുകള്‍ ശപിച്ചു. നാട്ടിലെ ആണുങ്ങളില്‍ ചിലര്‍ ബസ് കയറി കത്തിയ ടാക്കീസ് കാണാന്‍ പോയി. കത്തിയ ചാമ്പലും കഴുക്കോലും കണ്ടുവന്നവര്‍ അതും വലിയ ചര്‍ച്ചയാക്കി. 

കത്തുന്ന സമയത്ത് ടാക്കീസില്‍ ആളുകളുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നു പറഞ്ഞ് പെണ്ണുങ്ങള്‍ താടിയില്‍ കൈകൊടുത്തു. പാതിരാത്രി ഷോ ഇല്ലാത്ത സമയത്താണ് ടാക്കീസ് കത്തിയതെന്ന് പറഞ്ഞെങ്കിലും അവര്‍ അതുതന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഈ വക ബഹളമൊക്കെ കേട്ട് 'ആ കുരിപ്പാള്‍ക്ക് അത് കത്തിത്തൊടങ്ങ്യേപ്പൊ തന്നെ ഒരു കൊടം വെള്ളം ഒഴിച്ചങ്ങട് കെട്ത്തായ്‌ര്ന്ന്‌ല്ല്യേ, ന്നാ പ്പൊ ഈ പുലിവാലൊക്കെ ണ്ടാവോ' എന്ന് അടുക്കളയിലെ കൈക്കലത്തുണിക്ക് തീപിടിക്കുമ്പോള്‍ ഒരു കോപ്പ വെള്ളം കോരിയൊഴിച്ച് കെടുത്തുന്ന ലാഘവത്തോടെ വള്ളിയമ്മ പറഞ്ഞു. വള്ളിയമ്മയ്ക്ക് സകലതിനും പരിഹാരമുണ്ട്. അതറിയാവുന്നതു കൊണ്ടുതന്നെ ടാക്കീസ് കത്തിയ കാര്യം വള്ളിയമ്മയോട് ചര്‍ച്ചചെയ്ത് വശം കെടാന്‍ ആരും മെനക്കെട്ടില്ല.

കുറ്റിപ്പുറം മീന കത്തിയതോടെ മേലഴിയത്തുകാര്‍ക്ക് സിനിമാ കാണാന്‍ പോകാന്‍ പേടിയായി. സിനിമ കാണുമ്പോള്‍ മുകളില്‍ നിന്ന് തീ പടര്‍ന്നിറങ്ങുന്ന ദൃശ്യം സ്ഥിരം സിനിമാപ്രേമികളുടെ സ്വപ്‌നങ്ങളില്‍ വന്നു പേടിപ്പെടുത്തി. കുറേക്കാലമെടുത്തു ഈ പേടി മാറാന്‍. പിന്നെയൊരു ഓണക്കാലത്ത് മീന ആസ്ബസ്റ്റോസ് മേല്‍ക്കൂരയിട്ട് ഒരു സൂപ്പര്‍ഹിറ്റ് പടവുമായി വന്നതോടെ എല്ലാവരും വലിയ സന്തോഷത്തിലായി. പുഴ കടന്നു ചെന്ന് പുതിയ ഉടുപ്പിട്ടു വന്ന മീനയെ പുല്‍കാന്‍ മേലഴിയത്തുകാര്‍ മത്സരിച്ചു. ഓലയുടെ തണുപ്പും ഗൃഹാതുരതയും പോയെങ്കിലും ഇനിയൊരിക്കലും കത്തിപ്പോകാത്ത ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയുമായിട്ടാണല്ലോ മീന വന്നതെന്ന ആശ്വാസത്തില്‍ അവര്‍ കസേരയില്‍ ചാഞ്ഞിരുന്ന് സിനിമ പകര്‍ന്നുനല്‍കിയ ആനന്ദത്തില്‍ മുഴുകി.

Content Highlights: Cinema Talkies part seven; Malayalam cinema memories by NP Murali Krishnan