ഉടമസ്ഥനും ഓപ്പറേറ്ററും പോസ്റ്ററൊട്ടിക്കുന്നയാളും കാണിയും ഒരാളായി മാറുന്ന അത്യപൂര്‍വ പ്രതിഭാസമാണ് ശ്രീകൃഷ്ണാ ടാക്കീസില്‍ സംഭവിച്ചത്. ശ്രീകൃഷ്ണ ഒരു സി ക്ലാസ് ടാക്കീസാണ്. വേണമെങ്കില്‍ ഡി എന്നും വിളിക്കാം. എല്ലാ വെള്ളിയാഴ്ചയും പടം മാറും. കാണാന്‍ ആളില്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു പടം കളിക്കും. അപൂര്‍വമായി രണ്ടാംവാരവും ഓടും. അതൊരാഘോഷമാണ്. രണ്ടാംവാരത്തിന് സ്‌പെഷ്യല്‍ നോട്ടീസ് ഇറക്കും.
'മേലഴിയം ശ്രീകൃഷ്ണയില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍-ശോഭന-ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ്, മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്, ശ്രീകൃഷ്ണയില്‍ ദിവസേന മൂന്ന് കളികള്‍, 2.30, 6.30, 9.30'. സിനിമയുടെ വിശേഷ വര്‍ത്തമാനങ്ങള്‍ ഉച്ചഭാഷിണിയില്‍ മുഴക്കി കേള്‍വിക്കാരെ രസിപ്പിച്ച് ആ സിനിമാവണ്ടി മേലഴിയത്തെ നാട്ടിടവഴികളിലൂടെ നോട്ടീസ് വിതരണം ചെയ്ത് കടന്നുപോകും. വഴിവക്കില്‍ ഇട്ടുപോയ നോട്ടീസെടുത്തു വായിച്ച് ആശ്ചര്യം കൊള്ളുന്ന സിനിമാപ്രേമികള്‍ അന്നുതന്നെ ശ്രീകൃഷ്ണയില്‍ സിനിമ കാണാന്‍ പോകണമെന്ന് തീരുമാനിക്കും.
മേലഴിയത്തെ കൂലിപ്പണിക്കാരും കൃഷിക്കാരുമായ സാധാരണ മനുഷ്യരുടെ വിരസതയും നൈരാശ്യവും അകറ്റി അവരെ ആനന്ദിപ്പിക്കാന്‍ വേണ്ടി എടപ്പാള്‍ ഗോവിന്ദയില്‍ നിന്നും കുറ്റിപ്പുറം മീനയില്‍ നിന്നും നാലഞ്ച് സിനിമകള്‍ കണ്ട മഹത്തായ അനുഭവം കൈമുതലാക്കി നടുവിലേടത്ത് പറമ്പിലെ ഭഗവതിയമ്പലത്തിനു പിന്നില്‍ തുടങ്ങിയ മഹാസംരംഭമായിരുന്നല്ലോ ശ്രീകൃഷ്ണാ ടാക്കീസ്.
ഞാന്‍ നോക്കുമ്പോള്‍ നാട്ടില്‍ ഒരുപാട് മനുഷ്യരുണ്ട്. അവരൊക്കെ ദിവസവും പാടത്തും പറമ്പിലും പണിക്കു പോകുന്നു. വൈകുന്നേരം പണി മാറ്റി വന്ന് പീടികക്കോലായിലും റോഡുവക്കിലും നിന്ന് വഴിയിലൂടെ പോകുന്നവരോടും വരുന്നവരോടുമെല്ലാം വെറുതെ വര്‍ത്തമാനം പറയുന്നു.
'എങ്ങട്ടാ?'
'പീട്യേല്ക്കാ'
'പീട്യേല്ക്കാവും ലേ?'
'ആ പീട്യേല്ക്കാ'
'ന്ന് പണിണ്ടാര്‍ന്നാ?'
'ആ ണ്ടാര്‍ന്ന്'
'ന്ന് പണ്യെവ്‌ടേര്ന്ന്?'
'ആ കുട്ടന്‍ മേലാന്റെ പറമ്പ്‌ല്'
'ന്താ കോള്?'
'ഒന്നുല്ലടോ, കൊറച്ച് പിട്യേസാമാനങ്ങള്'
'മീന് ണ്ടാ അവ്‌ടെ മേലേ അങ്ങാടീല്?'
'അവ്‌ടെ കാര്യായ്‌ട്ടൊന്നൂല്ലാ, കൊറ്ച്ച് പുത്യാപ്ലക്കോരടെ കുട്ട്യാള്, പിന്നെ കൊറ്ച്ച് തളേനും'
വര്‍ത്തമാനമിങ്ങനെ ആളുകളില്‍നിന്ന് ആളുകളിലേക്ക് നീങ്ങും. മണിക്കൂറുകളിടവിട്ട് റോഡിലൂടെ കടന്നുപോകുന്ന വണ്ടികളിലേക്ക് പാളിനോക്കി കണ്ണില്‍നിന്നു മറയുന്നതു വരെയും അതിനു പിറകെ ചെല്ലും. പിന്നെ ശ്രദ്ധ വീണ്ടും വഴിയിലൂടെ പോകുന്നവരിലേക്കാകും. ആര്‍ക്കും കണ്ണില്‍കണ്ണില്‍ കാണാന്‍ പറ്റാത്തത്രയും നേരമിരുട്ടിയാല്‍ മൂന്നുകട്ട ടോര്‍ച്ചിന്റെ മങ്ങിയ വെളിച്ചത്തില്‍ എടോഴിയിലൂടെ തപ്പിത്തടഞ്ഞ് വീടുകളിലേക്കു പോകും.
എല്ലാ ദിവസത്തെയും കഥ ഇതു തന്നെ. യാതൊരു പുതുമയുമില്ല. ഇതിനൊരു മാറ്റം വരുത്തണം, ആള്‍ക്കാരെ ആനന്ദിപ്പിക്കണം എന്നു തുടങ്ങിയ ആലോചനകളില്‍ നിന്നായിരുന്നു ശ്രീകൃഷ്ണാ ടാക്കീസിന്റെ തുടക്കം. രണ്ടു നിലയില്‍ ഓലമേഞ്ഞ നടുവിലേടത്ത് പറമ്പില്‍ വീടിന്റെ തെക്കേമുറ്റത്ത് ആര്‍ഭാടങ്ങളൊന്നുമില്ലാതെ ഓലമേല്‍ക്കൂരയും ചാണകനിലവും തീരെ ചെറിയ വരാന്തയുമുള്ള രണ്ടു ചെറിയ അമ്പലങ്ങളുണ്ടായിരുന്നു.
ഒന്നില്‍ ഭദ്രകാളിയെയും മറ്റേതില്‍ കരിങ്കുട്ടിയെയുമാണ് കുടിയിരുത്തിയിരിക്കുന്നത്. രണ്ടമ്പലങ്ങള്‍ക്കുമിടയ്ക്ക് അശോകത്തെച്ചിയുടെ തണല്‍ച്ചുവട്ടില്‍ തെണ്ടന്‍തറ. തെണ്ടനാണ് അവിടത്തെ മുഖ്യദൈവം. ഭഗവതിയമ്പലത്തിനു നേരെ മുന്നിലായി വിശാലമായ മുറ്റത്ത് മൂന്നു പടവുകളുള്ള ദീപസ്തംഭം. അമ്പലത്തിന്റെ തെക്കുഭാഗത്ത് പാമ്പിന്‍കാവും കാരണവന്‍മാരെ മറവ് ചെയ്ത ചുടലയും രക്ഷസിന്റെ തറയുമുള്ള പറമ്പാണ്. കാടുകയറിക്കിടക്കുന്ന തെക്കേപ്പറമ്പില്‍ പകലുപോലും ഇരുട്ടു കുത്തിയുറഞ്ഞു കിടക്കും. രാത്രിയാകുമ്പോള്‍ പിന്നെയും ഇരുട്ടെടുത്തണിഞ്ഞ് തെക്കേപ്പറമ്പൊരു ഭീമന്‍ കരിക്കട്ടയാകും.
അമ്പലത്തിന്റെ പിറകില്‍ സെയ്താലിക്കാന്റെ പറമ്പിനോടു ചേര്‍ന്നുള്ള ചെറിയ മുറ്റത്ത് കൂട്ടിയിട്ട അല്ലറചില്ലറ മരക്കഷണങ്ങളുടെയും ഓല, കൊതുമ്പ്, കോച്ചാടക്കൂട്ടത്തിന്റെയും ഇടയില്‍ നാലു മരപ്പലകകള്‍ താങ്ങാക്കി നാലു വശങ്ങളിലും മുകളിലും പഴയ തുണി കൊണ്ട് മറച്ചാണ് ശ്രീകൃഷ്ണാ ടാക്കീസ് എന്ന വലിയ സിനിമാ ലോകം ഒരുക്കിയിരിക്കുന്നത്. പിന്‍ഭാഗത്തെ മറയ്ക്കകത്ത് മരക്കമ്പില്‍ ഒരു വെള്ളത്തുണി കൂടി താഴേക്ക് വിതാനിച്ചിരിക്കുന്നു. അതാണ് ശ്രീകൃഷ്ണാ ടാക്കീസിന്റെ വെള്ളിത്തിര.
മുറ്റത്ത് ഒരു കാഞ്ഞിരമരമുണ്ട്. അതില്‍ ആണിയടിച്ച് ഒരു കുഞ്ഞന്‍ കാര്‍ഡ് ബോര്‍ഡ് തൂക്കിയിട്ടിട്ടുണ്ട്. അതിലാണ് ശ്രീകൃഷ്ണാ ടാക്കീസില്‍ കളിക്കുന്ന പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത്. മറ്റെല്ലാ സി ക്ലാസ് ടാക്കീസുകളിലെയും പോലെ ശ്രീകൃഷ്ണയിലും ദിവസേന മൂന്നു കളികളാണ്. സിനിമാപ്രദര്‍ശനം നടക്കുന്ന സമയങ്ങളില്‍ ടിക്കറ്റ് കീറുന്നയാളും കാണിയും ഓപ്പറേറ്ററും സ്‌ക്രീനിലെ അഭിനേതാവുമായി പിടിപ്പതു പണിയായിരുന്നു ടാക്കീസുടമയ്ക്ക്.
ഫസ്റ്റ് ഷോയ്ക്കും സെക്കന്റ് ഷോയ്ക്കുമാണ് കൂടുതല്‍ തിരക്ക്. കൂലിപ്പണി കഴിഞ്ഞ് ഗോപ്യേട്ടന്റെ ഷാപ്പില്‍ നിന്ന് കള്ളു കുടിച്ച് മത്തിക്കൂട്ടാനും പൂളക്കിഴങ്ങും കോഴിമുട്ടയും തിന്നതിന്റെ മണവുമായി ശ്രീകൃഷ്ണയില്‍ സിനിമ കാണാന്‍ വരുന്നവരുടെ തിരക്കില്‍ രാത്രിപ്രദര്‍ശനങ്ങള്‍ സംഭവബഹുലമാകും. അവര്‍ ടാക്കീസിലിരുന്ന് ഉച്ചത്തില്‍ ചിരിക്കുകയും അലമുറയിട്ട് കരയുകയും ചെയ്തു. സിനിമ കണ്ടിറങ്ങിയവര്‍ ടാക്കീസുടമയോടു കഥയും വിശേഷങ്ങളും പറഞ്ഞു. വരാന്‍ പോകുന്ന അത്യുഗ്രന്‍ സംഘട്ടനങ്ങളടങ്ങിയ പടങ്ങളെപ്പറ്റി പറഞ്ഞ് ടാക്കീസുടമ കാണികളെ പ്രചോദിതരാക്കിക്കൊണ്ടിരുന്നു. സിനിമ കഴിഞ്ഞ് പരസ്പരം കഥ പറഞ്ഞുകൊണ്ട് കാണികള്‍ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു.
തങ്ങളുടെ ജീവിതത്തില്‍ ശ്രീകൃഷ്ണ ടാക്കീസിന്റെ നിരന്തരമായ ഇടപെടലുകൊണ്ട് മേലഴിയത്തെ ആളുകള്‍ അനുദിനം സിനിമാപ്രേമികളും കലാഹൃദയമുള്ളവരുമായി മാറിക്കൊണ്ടിരുന്നു. അമരവും കിലുക്കവും അഭിമന്യുവും വാത്സല്യവും തേന്‍മാവിന്‍ കൊമ്പത്തും കമ്മീഷണറുമെല്ലാം ശ്രീകൃഷ്ണാ ടാക്കീസില്‍ നിറഞ്ഞോടി. വെള്ളിയാഴ്ചകളാകാനും പുതിയ പടം വരാനും കാണികള്‍ കാത്തിരുന്നു.
പേപ്പറില്‍നിന്ന് വെട്ടിയെടുത്ത് സൂക്ഷിച്ചുവച്ച സിനിമാ പരസ്യം വ്യാഴാഴ്ച രാത്രിയിലാണ് കാഞ്ഞിരമരത്തിലെ കാര്‍ഡ് ബോര്‍ഡില്‍ ഒട്ടിക്കുക. പകല്‍ പോസ്റ്ററൊട്ടിച്ചാല്‍ വെള്ളിയാഴ്ച രാവിലെ പുതിയ പടത്തിന്റെ പോസ്റ്റര്‍ കാണുന്നതിന്റെ കൗതുകം ആള്‍ക്കാര്‍ക്ക് ഇല്ലാതെ പോകും. അതു പാടില്ല.
രാത്രി ചോറുണ്ണുമ്പോള്‍ ആരും കാണാതെ ഇത്തിരി വറ്റെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലിടും. ശ്രീകൃഷ്ണയിലെ സിനിമാ പോസ്റ്റര്‍ മാറ്റിയൊട്ടിക്കാന്‍ പോകുന്ന മുതിര്‍ന്ന മനുഷ്യനായി പരകായപ്രവേശം ചെയ്തതുകൊണ്ടു മാത്രം രാത്രി അമ്പലത്തിനു പിന്നില്‍ പോകാന്‍ പേടി തോന്നില്ല. തെക്കേപ്പറമ്പിലെ ഇരുട്ടിലേക്കും കാവിലേക്കും അറിയാതെ പോലും നോക്കിപ്പോകരുതെന്ന നിഷ്‌കര്‍ഷയിലാണ് ആ നടപ്പ്.
പല പച്ചകളായി പലജാതി മരങ്ങളും ചെടികളും നിറഞ്ഞൊരു കാടായി നിലകൊണ്ട കാവ് ഐശ്വര്യത്തിന്റെ ലക്ഷണമെന്നാണ് മുതിര്‍ന്നവര്‍ പറഞ്ഞുകേള്‍ക്കാറ്. കുട്ടികള്‍ക്കാകട്ടെ, നിറയെ ഇരുട്ടും നാഗദൈവങ്ങളും രക്ഷസ്സുമുള്ള കാവ് പകലു പോലും പേടിപ്പെടുത്തുന്ന ഇടമായി അനുഭവപ്പെട്ടു. പകല്‍ തെക്കേപ്പറമ്പിനടുത്തുള്ള വഴിയിലൂടെ പോകുമ്പോള്‍ കാവില്‍ നിന്നവര്‍ പരിചിതമല്ലാത്ത ശബ്ദങ്ങള്‍ കേട്ടു. കാവിലെ ചിത്രോടക കല്ലുകളില്‍ മാത്രമല്ല, പാലമരത്തില്‍ വരെ പാമ്പുകള്‍ തൂങ്ങിയാടുന്നതായി തോന്നി. മരക്കൊമ്പുകളിലും തുഞ്ചത്തും വരെ പാമ്പുകള്‍. വലിയൊരു കാറ്റു വീശിയാല്‍ തുഞ്ചത്തുനിന്ന് ശരീരത്തിന്റ പിടിയയഞ്ഞ് അന്തരീക്ഷത്തിലൂടെ പറന്നുവരുന്ന പാമ്പുകള്‍. പാമ്പുകള്‍ക്ക് പറക്കാനാകുമോ? ചിത്രകഥയിലെ പാമ്പുകള്‍ പറക്കാറുണ്ട്. പറന്നുവരുന്ന പാമ്പുകള്‍, പറന്നുകൊത്തുന്ന പാമ്പുകള്‍, കാവിനു പേരു തന്നെ പാമ്പിന്‍കാവ്. പാമ്പുകളെക്കുറിച്ചുള്ള ചിന്ത നിരന്തരം വേട്ടയാടിയിരുന്നതു കാരണം കാവില്‍ ആകാശം തൊടുന്ന വലുപ്പവും വിസ്താരമുള്ള പാലമരത്തിലേക്ക് നോക്കാന്‍ പോലും കുട്ടികള്‍ തയ്യാറായില്ല.
പാലമരത്തില്‍ പാമ്പുകളുടെ വിളയാട്ടത്തെപ്പോലെ മറ്റൊന്നു കൂടി വല്ലാതെ പേടിപ്പെടുത്തി. അതവരെ അടിമുടി ഭയമുള്ളവരാക്കി മാറ്റി. മേലഴിയത്തെ ഒരു കുട്ടി പോലും ആ ഭയത്തില്‍നിന്ന് മോചിതനായില്ല. കുട്ടികളെ ഇവ്വിധം പേടിയുള്ളവരാക്കി മാറ്റിയത് നാട്ടിലെ പ്രായമായവര്‍ തന്നെയായിരുന്നു.
നടുവിലേടത്ത് പറമ്പിലെ തെക്കേപ്പറമ്പിലെ പാമ്പിന്‍കാവില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പാലമരത്തില്‍ യക്ഷിയുണ്ടെന്നായിരുന്നു പ്രായമായവര്‍ കുട്ടികളെ ചെറുപ്പത്തിലേ പറഞ്ഞു പേടിപ്പിച്ചിരുന്നത്.
അനുസരണക്കേടുള്ള കുട്ടികളെയെല്ലാം യക്ഷിയുടെ പേരു പറഞ്ഞ് പേടിപ്പിച്ചു. യക്ഷി എന്ന വാക്ക് എന്തെന്നു പോലും അറിയാത്ത കുട്ടികള്‍ അങ്ങനെ പുതിയൊരു വാക്ക് കേട്ടു. പേടിയെന്തെന്നറിയാത്ത കുട്ടികള്‍ പുതിയൊരു വികാരത്തെ ശീലിച്ചു. ആരുമാരും കണ്ടില്ലെങ്കിലും രൂപമെന്തെന്നറിയില്ലെങ്കിലും യക്ഷി തലമുറകളുടെ ചിന്തകളിലേക്ക് ഭയം പ്രേഷണം ചെയ്ത് പടര്‍ന്നു. പലരും പല രൂപത്തില്‍ യക്ഷിയെ സങ്കല്‍പ്പിച്ചു. മിക്കതും ആകാശം മുട്ടുന്ന ഭീകര രൂപിണികളായിരുന്നു. ചിലര്‍ യക്ഷിയെ അഴിഞ്ഞുലഞ്ഞ കേശഭാരവും മുറുക്കിച്ചുവന്ന ചുണ്ടുകളും ആകര്‍ഷകമായ ശരീരകാന്തിയുമുള്ള സുന്ദര രൂപമായി കണ്ടു. സുന്ദരീ രൂപത്തിലും ദന്തനിരകളുടെ ഇരുവശത്തുമായി രണ്ട് ദംഷ്ട്രകള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ അവരും മറന്നില്ല. പക്ഷേ ഒരാളും യക്ഷിയെ ഒരാണായി സങ്കല്പിച്ചില്ല. ജീവിതത്തിലെ ഭീകര, ഹിംസാത്മക പ്രവൃത്തികളില്‍ ഏറിയ പങ്കും ചെയ്യുന്നത് ആണുങ്ങളായിരുന്നിട്ടും ആളുകളെ പേടിപ്പിക്കുകയും ചോര കുടിക്കുകയും എല്ലും തോലുമാക്കി ശേഷിപ്പിക്കുകയും ചെയ്യുന്ന ഭീകരരൂപിയെ പെണ്ണായി തന്നെ കണക്കാക്കിപ്പോന്നു.
പല തലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ടുപോന്ന പാലമരത്തിലെ യക്ഷിയെ കണ്ടവരായി ആരുമില്ലെങ്കിലും കണ്ടതായി നിരൂപിച്ച് നിരവധി കഥകള്‍ ചമയ്ക്കപ്പെട്ടു. രാത്രിയാത്രയില്‍ ചുണ്ണാമ്പ് ചോദിക്കുകയും ആകാശനിലയിലേക്ക് കയറ്റിക്കൊണ്ടു പോകുകയും പിറ്റേന്ന് കരിമ്പനച്ചുവട്ടില്‍ എല്ലും തലയോട്ടിയും മാത്രം ശേഷിക്കുകയും ചെയ്ത കള്ളിയങ്കാട്ട് നീലിയുടെ കഥ തന്നെയായിരുന്നു എല്ലാത്തിലും. പുതുമകളേതും അവകാശപ്പെടാനില്ലെങ്കിലും കഥകളിലെല്ലാം ഭയമെന്ന അടിസ്ഥാന വികാരം പ്രേഷണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.
കുട്ടികളുടെ സ്വപ്നങ്ങളില്‍ നസ്രാണിക്കുന്നിലൂടെ സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കൊപ്പം പാലമരത്തിലെ ഉയരക്കൊമ്പിലൊന്നില്‍ ഊഞ്ഞാലാടുന്ന യക്ഷിയും കടന്നുവന്നുകൊണ്ടിരുന്നു. ഊഞ്ഞാലാടി ഉല്ലസിക്കുന്ന യക്ഷിയെ നോക്കുന്നതു കണ്ടാല്‍ അതിഷ്ടപ്പെടാതെ യക്ഷിയുടെ ഭാവം പെട്ടെന്നു മാറും. എവിടെ നിന്നോ ഒരു കാറ്റു വന്നു പാലമരത്തെ മൂടും. യക്ഷിയുടെ നീണ്ട മുടി മരച്ചില്ലകള്‍ പോലെ കാറ്റിനൊപ്പം ഇളകിപ്പറക്കും. കണ്ണുകള്‍ ക്രുദ്ധമാകും. അന്നേരമാ ദംഷ്ട്രകള്‍ വായില്‍നിന്ന് പുറത്തുവരും. ഉറക്കത്തില്‍ അടിയേറ്റതു പോലെ കുട്ടികള്‍ ഞെട്ടിയുണര്‍ന്നു നിലവിളിക്കും. പൂക്കുല പോലെ വിറച്ചെണീറ്റിരിക്കുമ്പോള്‍ ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ടാകും.
നിലാവെളിച്ചത്തില്‍ സിനിമാ പരസ്യത്തിനു പിറകില്‍ വറ്റുപശ തേച്ച് കാര്‍ഡ് ബോര്‍ഡില്‍ ഒട്ടിച്ച് പൊങ്ങിനില്‍ക്കുന്ന വറ്റുകള്‍ തള്ളവിരലുകൊണ്ട് ഒന്നുകൂടി അമര്‍ത്തിപ്പതിപ്പിച്ച് മേലഴിയം ശ്രീകൃഷ്ണയില്‍ ദിവസേന മൂന്നു കളികള്‍ എന്ന കടലാസുതുണ്ടു കൂടി ഒട്ടിച്ച ശേഷം ആ ടാക്കീസ് ഉടമ അഭിമാനത്തോടെ പോസ്റ്ററില്‍ നോക്കി. രാവിലെ ശ്രീകൃഷ്ണയിലെ പുതിയ പടത്തിന്റെ പോസ്റ്റര്‍ കണ്ട് ആളുകള്‍ ആശ്ചര്യപ്പെടുന്നത് ആലോചിച്ചപ്പോള്‍ ചുണ്ടില്‍ ഗൂഢമായ ചിരി പരന്നു. അതേനേരം പിടിച്ചുവച്ച നോട്ടം അറിയാതെ പോസ്റ്ററില്‍ നിന്ന് പാമ്പിന്‍കാവിലേക്കു മാറി.
പാമ്പിന്‍കാവിനു നേരെ മുമ്പിലാണ് ബ്രഹ്മരക്ഷസ്സിന്റെ തറ. രക്ഷസ് എല്ലാ ദിവസവും രാത്രിസഞ്ചാരത്തിനിറങ്ങുമെന്നാണ് കേട്ടുകേള്‍വി. രക്ഷസ്സിന്റെ തറയിലേക്ക് നോക്കിയപ്പോള്‍ ഇരുട്ടില്‍ വെളുത്ത നീളന്‍ താടിയുള്ളൊരു രൂപം തിരികെ നോക്കുന്നതും അടുത്തു വരുന്നതുമായി തോന്നി. പിന്നെയൊരു നോട്ടത്തിനോ ചിന്തയ്‌ക്കോ ഇട കിട്ടിയില്ല. സെക്കന്റില്‍ ആറോ ഏഴോ കാല്‍വെപ്പ് എന്ന കണക്കില്‍ ഉമ്മറത്തെത്തിയാണ് ഓട്ടം അവസാനിച്ചത്.
'എവ്ട പോയതാടാ'
കിതച്ചുകൊണ്ടുള്ള ഓടിവരവ് കണ്ട് അമ്മയുടെ ചോദ്യം
'മൂത്രാഴിക്കാന്‍ പോയതാ'
'രക്ഷസ്ന്തറേം പോക്ക്വരവും ഒക്കെ ള്ളതാണ്, ഓന്റൊരു മൂത്രൊഴിക്കാന്‍ പോക്ക്'
ഉമ്മറത്തെ മണ്ണെണ്ണവിളക്കിന്റെ നേര്‍ത്ത വെട്ടത്തിലേക്കെത്തിയതോടെ അല്പം മുമ്പ് ചോര്‍ന്നുപോയ ധൈര്യം ഇരുട്ടില്‍നിന്ന് തിരികെവന്ന് ദേഹത്തു കയറി. പിന്നെ ശ്രീകൃഷ്ണയില്‍ മാറിയ പടത്തിന്റെ പോസ്റ്റര്‍ ആളുകള്‍ കാണുന്നതിനെപ്പറ്റി മാത്രമായി ചിന്ത.
വരുന്ന ആഴ്ചകളില്‍ ശ്രീകൃഷ്ണയില്‍ കളിക്കാനുള്ള സിനിമകളുടെ പോസ്റ്ററുകള്‍ മുന്‍കൂട്ടി ഒരുക്കിവയ്ക്കുകയാണ് പതിവ്. വെള്ളിയാഴ്ചകളില്‍ കാര്‍ഡ് ബോര്‍ഡില്‍ പതിയാനുള്ള ഊഴം കാത്ത് സിനിമകള്‍ പഴയ നോട്ടുപുസ്തകത്തിന്റെ അകത്തിരിക്കും. സിനിമാ പരസ്യമുള്ള പേപ്പര്‍ സംഘടിപ്പിക്കുകയെന്നത് വലിയൊരു യജ്ഞമാണ്. അതിനായി ഉണ്ണിക്കാടെ പീടികയില്‍നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുതരുന്ന പേപ്പറില്‍ സിനിമാ പരസ്യമുണ്ടാകണേയെന്നാണ് പ്രാര്‍ഥന. സിനിമാപരസ്യമുള്ള പേപ്പര്‍ ഉണ്ണിക്കാടെ കൈയില്‍ തടയുമ്പോള്‍ സന്തോഷം ആര്‍ത്തുതള്ളി കണ്ണില്‍ വരും. പക്ഷേ ഒരു ദാക്ഷിണ്യവുമില്ലാതെ പരസ്യത്തിന്റെ ഒത്തനടുക്ക് ഒരൊറ്റ കീറലാണ്. ഉണ്ണിക്കാടെ ഈ പ്രവൃത്തി കാണുമ്പോള്‍ നെഞ്ചു തകരും.
സാധനങ്ങള്‍ വാങ്ങാന്‍ ഊഴം കാത്തുനില്‍ക്കുമ്പോള്‍ അട്ടിയിട്ടു വച്ചിട്ടുള്ള പേപ്പര്‍ കെട്ടിലായിരിക്കും നോട്ടം. കെട്ടില്‍ നിന്ന് ഓരോ പേപ്പറെടുത്ത് പകുതിയും മുക്കാലുമായി കീറി ഉണ്ണിക്ക സാധനങ്ങള്‍ പൊതിഞ്ഞുകൊടുക്കും. ഓരോ പേപ്പറും എടുക്കുമ്പോള്‍ അതില്‍ സിനിമാപരസ്യം ഉണ്ടോയെന്നു പാളിനോക്കും. സിനിമാപരസ്യം കണ്ടാല്‍ ആ പേപ്പര്‍ തരുമോയെന്ന് ഉണ്ണിക്കയോട് ചോദിച്ചാലോ എന്നാലോചിക്കും. പക്ഷേ ധൈര്യമില്ല. കാരണം ഞാന്‍ സാധനം വാങ്ങാന്‍ വരുന്നതേ ഉണ്ണിക്കയ്ക്ക് ഇഷ്ടമല്ല. കിട്ടാവുന്നതില്‍ ഏറ്റവും ചെറിയ അളവിലായിരിക്കും സാധനങ്ങള്‍ വാങ്ങുന്നത്. അമ്പതും നൂറും ചിലപ്പോള്‍ ഇരുപത്തഞ്ച് ഗ്രാമിലും വരെ. മിക്കപ്പോഴും പൈസയുണ്ടാവില്ല. കടം പറയേണ്ടിവരും. അല്ലെങ്കില്‍ പൈസയ്ക്കു പകരം തേങ്ങ കൊണ്ടായിരിക്കും ചെല്ലുന്നത്. അതു കാണുമ്പൊഴേ ഉണ്ണിക്കയ്ക്ക് ചൊറിഞ്ഞുവരും. 'കുട്ടി അവിടെ നിക്ക്' എന്നു പറഞ്ഞ് മാറ്റിനിര്‍ത്തി ബാക്കിയുള്ളവര്‍ക്കെല്ലാം സാധനങ്ങള്‍ കൊടുക്കും. എല്ലാവരും പോയതിനു ശേഷമാണ് പിന്നെ സാധനം പൊതിഞ്ഞുതരിക.
ഉണ്ണിക്കയെ പറഞ്ഞിട്ട് കാര്യമില്ല. പീടികയില്‍ തിരക്കുള്ള സമയത്ത് തേങ്ങയും കൊണ്ട് ചെന്നാല്‍ ആര്‍ക്കായാലും ദേഷ്യം വരും. എല്ലാവരും പൈസയുമായി സാധനം വാങ്ങാന്‍ ചെല്ലുമ്പോള്‍ ഒരു സഞ്ചിയില്‍ ആറോ ഏഴോ തേങ്ങയുമായി ചെല്ലാന്‍ എനിക്കും നാണക്കേടുണ്ട്. പക്ഷേ, എന്തു ചെയ്യാം, വീട്ടില്‍ കുറേ തെങ്ങുള്ളതുകൊണ്ട് തേങ്ങയ്ക്കു മാത്രം മുട്ടില്ല.
ബാലേട്ടനാണ് വീട്ടില്‍ തേങ്ങയിടാന്‍ വരുന്നത്. ബാലേട്ടനാണ് മേലഴിയത്തെ എല്ലാ പറമ്പിലെയും തേങ്ങയിടുന്നത്. തളപ്പും തേങ്ങാക്കത്തിയും ബീഡിയുമില്ലാത്ത ബാലേട്ടനെ കാണാന്‍ പറ്റില്ല. എടോഴിയിലൂടെ നടന്നു പോകുമ്പോഴും പീടികക്കോലായില്‍ നില്‍ക്കുമ്പോഴും അവയവങ്ങള്‍ പോലെ ശരീരത്തോടു ചേര്‍ന്ന് അതു മൂന്നും ബാലേട്ടന്റെ ദേഹത്തുണ്ടാകും. തേങ്ങയിട്ടു തേങ്ങയിട്ട് തെങ്ങിന്റെ മണമാണ് ബാലേട്ടന്. ചിലപ്പോള്‍ ഓലയുടെ, ചിലപ്പോള്‍ തേങ്ങാവെള്ളത്തിന്റെ, വേറെ ചിലപ്പോള്‍ തെങ്ങിന്‍പൂക്കുലയുടെ.
തേങ്ങയിട്ടു കഴിഞ്ഞാല്‍ തേങ്ങാമണമുള്ള വിയര്‍പ്പുമായി മമ്പണി കഴിഞ്ഞ് ചാണം തേച്ച അരിത്തിണ്ടിലിരുന്ന് ബാലേട്ടന്‍ മുണ്ടിന്റെ കോന്തലയില്‍ നിന്ന് കാജാ ബീഡിയുടെ കെട്ട് പുറത്തടുക്കും. 'കുട്ടി പോയി അടുക്കളേന്ന് ഇത്തിരി തീയ് എട്‌ത്തോണ്ടന്നാ' എന്ന പറച്ചില്‍ കേള്‍ക്കേണ്ട താമസം, ഓടിപ്പോയി അടുപ്പില്‍ നിന്ന് കത്തുന്ന ഒരു തീക്കൊള്ളിയുമായി വരും.
തീകെടുത്തി കനലില്‍ ഊതി ബാലേട്ടന്‍ ബീഡി കത്തിക്കും. തെങ്ങുകയറി കുളിച്ചതു പോലെ വിയര്‍ത്ത ശരീരത്തിന് ആശ്വാസം പകര്‍ന്ന് ബാലേട്ടന്‍ ബീഡി ആഞ്ഞുവലിക്കും. അതു നോക്കിക്കൊണ്ടു നില്‍ക്കുന്ന കുട്ടിയെ നോക്കി മുറുക്കാന്‍ കറയും വിടവുമുള്ള പല്ലുകാട്ടി ബാലേട്ടന്‍ ചിരിക്കും. അതു കണ്ട് പല്ലു മുഴുവന്‍ പുറത്തുകാട്ടി കുട്ടിയും ചിരിക്കും. മറ്റുള്ളവര്‍ കാണാത്ത എന്തെല്ലാം കാഴ്ചകള്‍ ബാലേട്ടന്‍ കണ്ടിട്ടുണ്ടാകും! മറ്റാര്‍ക്കും കാണാനാകാത്ത ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍, അതില്‍ എത്ര രഹസ്യങ്ങളുണ്ടായിരിക്കും. ആരോടും പങ്കുവയ്ക്കാത്തവ. ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍ കണ്ടുകണ്ട് താഴെയെത്തിയാല്‍ ബാലേട്ടന് എന്തായിരിക്കും തോന്നുക! ചിലപ്പോള്‍ പെട്ടെന്ന് മടുക്കുമായിരിക്കും. അതുകൊണ്ടായിരിക്കും എപ്പോഴും എല്ലാ പറമ്പിലെയും തെങ്ങുകള്‍ കയറി നടക്കുന്നത്. തെക്കേ പറമ്പിലെ തെങ്ങിന്റെ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ പാലമരത്തിന്റെ മുകള്‍ക്കൊമ്പില്‍ ഊഞ്ഞാലാടുന്ന യക്ഷി ബാലേട്ടനെ നോക്കി ചിരിച്ചിട്ടുണ്ടാകണം. ആദ്യമായി അത്രയും സുന്ദരമായ ചിരി കിട്ടിയ ബാലേട്ടന്‍ പിന്നെ മറ്റു തെങ്ങുകളെക്കള്‍ തെക്കേപ്പറമ്പിലെ തെങ്ങിനെ സ്‌നേഹിക്കുന്നുണ്ടാകും. എല്ലാ തെങ്ങും അന്നം നല്‍കിയപ്പോള്‍ അന്നവും പ്രണയവും നല്‍കിയ തെങ്ങിനെ എങ്ങനെ മറക്കാനാകും! കുട്ടികള്‍ക്കല്ലേ പാലമരത്തെയും യക്ഷിയെയും പേടി. ബാലേട്ടന്‍ വലിയ ആളല്ലേ. നാട്ടില്‍ ഏറ്റവും ഉയരത്തില്‍ നിന്ന് കാഴ്ചകള്‍ കാണുന്നയാള്‍. ബാലേട്ടനെയല്ലാതെ മറ്റാരെയാണ് യക്ഷി പ്രേമിക്കുക. പാലപ്പൂവിന്റെ മണമുള്ള യക്ഷിയും തെങ്ങിന്‍പൂക്കുലയുടെ മണമുള്ള ബാലേട്ടനും. അവര്‍ പ്രണയിക്കട്ടെ. ഉയരങ്ങളില്‍ വാഴട്ടെ.
കൈയില്‍ തേങ്ങാസഞ്ചിയുമായി ഉണ്ണിക്കാടെ പീടികയില്‍ ഊഴം കാത്തുനില്‍ക്കുമ്പോള്‍ മൂന്നും നാലും സിനിമാ പരസ്യങ്ങളുള്ള പേപ്പറില്‍ വലിയ അളവില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നവരെ കാണാം. അവര്‍ പണക്കാരായിരിക്കും. ചിലപ്പോള്‍ ഒരു മുഴുവന്‍ പേജ് സിനിമാ പരസ്യമൊക്കെ അവര്‍ക്കു കിട്ടും. അവര്‍ക്കത് കൊണ്ടുപോയിട്ട് ഒരാവശ്യവുമില്ല. സാധനം എടുത്ത് അവരാ പേപ്പര്‍ ചുരുട്ടി പറമ്പിലേക്ക് വലിച്ചെറിയും. ചുരുട്ടിയെറിഞ്ഞ പേപ്പര്‍ വഴിവക്കില്‍ കിടക്കുന്നതു കണ്ടാല്‍ ഓടിപ്പോയി എടുത്ത് നിവര്‍ത്തിനോക്കാറുണ്ട്. ചിലപ്പോഴൊക്കെ മണ്ണുപറ്റി അല്പം കീറിയതെങ്കിലും അതില്‍ സിനിമാപരസ്യം ഉണ്ടാകും. വീട്ടിലെത്തി കടലാസിലെ ചുളിവു നിവര്‍ത്തി ബ്ലേഡു കൊണ്ട് ചതുരവടിവില്‍ വെട്ടിയൊതുക്കി നോട്ടുപുസ്തകത്തിനകത്തെ സിനിമാ പരസ്യങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ചാല്‍ ശ്രീകൃഷ്ണയില്‍ കളിക്കാനുള്ള ഒരു പടം കൂടിയായി.
പിറകിലേക്ക് പിന്‍മാറ്റപ്പെട്ട് പീടികച്ചുമരും ചാരി നില്‍ക്കുമ്പോള്‍ കൈയില്‍ പൈസയുള്ള വലിയ അളവ് സാധനക്കാര്‍ക്ക് ചിരിച്ചും കുശലം പറഞ്ഞും ഉണ്ണിക്ക സാധനങ്ങള്‍ പൊതിഞ്ഞുകൊടുത്തു കൊണ്ടേയിരിക്കും. അവര്‍ക്ക് പീടികയില്‍ പ്രത്യേക പരിഗണനയാണ്.
'ഉണ്ണിക്ക നോക്കിക്കോ, ഒരിക്കല്‍ ഞാനും ഒരു ഫുള്‍ പേപ്പറില്‍ പൊതിഞ്ഞു തരാവുന്നത്രയും അളവില്‍ സാധനങ്ങളൊക്കെ വാങ്ങും. അന്ന് ഞാന്‍ പറയുന്ന സിനിമാ പരസ്യമുള്ള പേപ്പറില്‍ നിങ്ങളെനിക്ക് സാധനങ്ങള്‍ പൊതിഞ്ഞുതരും'.
Content Highlights: Cinema Talkies part one; Malayalam cinema memories by NP Murali Krishnan