സിനിമ ടാക്കീസ്- 19
 
കാശത്തിനു കീഴിലെ എന്തും കൊണ്ടുവന്നു നല്‍കാമെന്നു പറയുന്ന കൂട്ടുകാരനോട് പഴയ കോവിലകം മാത്രം മതിയെന്നു പറയുന്ന ജഗന്നാഥനില്‍ അവള്‍ അവനെ കണ്ടു. ജഗന്നാഥന് വന്‍കിട ക്വട്ടേഷന്‍ ഏര്‍പ്പാടുകളും അതിനിടയില്‍ സമയം കിട്ടുമ്പോള്‍ ചെന്ന് ധാരാവി ഒഴിപ്പിക്കലുമാണ് ജോലിയെന്നും നോട്ടുകെട്ടുകള്‍ക്ക് കടലാസിന്റെ മാത്രം വിലയാണെന്നും, നോട്ടുകെട്ടുകള്‍ കണ്ടിട്ടേയില്ലാത്ത അവളുടെ പ്രിയപ്പെട്ടവനാകട്ടെ ചില്ലറ മാത്രം തടയുന്ന, അംഗീകാരമില്ലാത്ത സാധു സ്‌കൂളിലെ വാധ്യാര് പണിയാണെന്നും അവള്‍ മറന്നു. ജഗന്നാഥനെ പോലെ പഴയ തറവാട് തിരിച്ചെടുത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിക്കു പകരം സ്വപിതാവിനെ മനസ്സില്‍ ധ്യാനിച്ച് അവന്‍ ബലിക്കല്ലില്‍ കൈകള്‍ വച്ചു നില്‍ക്കുമെന്നും അക്കരക്കാവിലേതിനു സമാനമായി മുടങ്ങിപ്പോയ നടുവിലേടത്ത് പറമ്പ് ഭഗവതിയുടെ ഉത്സവം നടത്തുമെന്നും അവള്‍ കരുതി. 
 
ഓരോതവണ ആറാം തമ്പുരാന്‍ കാണുമ്പോഴും അവള്‍ ഇതുതന്നെ സങ്കല്‍പ്പിച്ചുകൊണ്ടിരുന്നു. ഗന്ധര്‍വനും കാവും വേലയും ആല്‍ച്ചുവടും മിത്തുകളുമുറങ്ങുന്ന വള്ളുവനാടിന്റെ നിലപാടുതറയില്‍ തലചായ്ച്ചിരുന്നു കഥകള്‍ കേട്ട വള്ളുവനാട്ടുകാരിക്ക് ഇങ്ങനെയുള്ള അത്ഭുതങ്ങളില്‍ വിശ്വാസമര്‍പ്പിക്കാതെ തരമില്ലായിരുന്നു. അവള്‍ ആവര്‍ത്തിച്ച് സങ്കല്‍പ്പിച്ചപ്പോള്‍ ഒരുവേള അങ്ങനെ തന്നെ സംഭവിക്കുമെന്ന് അവനും തോന്നി. അവള്‍ വയലറ്റ് നിറത്തെ പ്രണയിച്ചു. മയില്‍പീലികളും വളപ്പൊട്ടുകളും അവളുടെ കൂട്ടുകാരായി. കൈകളില്‍ നിറയെ കുപ്പിവളകളണിഞ്ഞു. നിലാവും നക്ഷത്രങ്ങളും നിറഞ്ഞ സ്വപ്‌നങ്ങള്‍ കണ്ടു. സ്വപ്‌നങ്ങളെല്ലാം ആവേശത്തോടെ ഡയറിയിലേക്ക് പകര്‍ത്തി. അവളുടെ ഡയറിക്കുറിപ്പുകളെല്ലാം അവളുടെ കണ്ണുകളോളം തന്നെ ആഴമുള്ള കവിതകളായി. അവളവനെ പ്രണയിക്കാന്‍ പഠിപ്പിച്ചു. അവന്‍ പ്രണയമായി. നട്ടുച്ചകളില്‍ നിലാവ് പെയ്തു. ദിവസങ്ങള്‍ അവളില്‍ പുലര്‍ന്നിരുട്ടി. അവര്‍ ഒരുമിച്ച് ധാരാളം സിനിമകള്‍ കണ്ടു. സിനിമ അവള്‍ക്കും ആവേശമായിരുന്നു. സിനിമ മടുക്കാത്ത കൂട്ടുകാരിയെ കിട്ടിയതില്‍ അവനും സന്തോഷിച്ചു.
.........................
വഴിയടഞ്ഞ് കാടുപിടിച്ചു കിടക്കുന്ന നടുവിലേടത്ത് പറമ്പിലേക്ക് കാടും പടര്‍പ്പും വകഞ്ഞുമാറ്റി നടന്നുചെന്നു. മുറ്റം കാടുകയറി അപ്രത്യക്ഷമായിരുന്നു. മേല്‍ക്കൂരയിലെ ഓടുകള്‍ പോയി കഴുക്കോലുകള്‍ ദ്രവിച്ചുതൂങ്ങി ചുമരുകള്‍ വീണ് പാതിയിലേറെ ജീവന്‍ നഷ്ടമായ രോഗിയെപ്പോലെ വീട്. പല മഴക്കാലങ്ങള്‍ പിന്നിട്ടതിന്റെയും ഉച്ചിയില്‍ വെയിലു കൊണ്ടതിന്റെയും ക്ഷീണം വീടിനുണ്ട്. വീടെന്ന് മുഴുവനായി പറയുക വയ്യ. ഉടമസ്ഥര്‍ പോയതില്‍പിന്നെ ദൈവങ്ങളും നാഗങ്ങളും രക്ഷസ്സും കാരണവന്‍മാരുമുറങ്ങുന്ന നടുവിലേടത്ത് പറമ്പില്‍ പാര്‍ക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. മനുഷ്യസ്പര്‍ശം ഇല്ലാതായതോടെ വീട് ഇടിഞ്ഞുപൊളിഞ്ഞു. പറമ്പ് കാടുകയറി. വീടിനകത്തു കയറിപ്പോള്‍ അകവും പുറവും ഒരുപോലെ തോന്നി. അകത്തുനിന്നാലും ആകാശം കാണാം. എപ്പോഴും ഇരുട്ടായിരുന്ന പടിഞ്ഞാറ്റിയില്‍ പോലും നിറയെ വെളിച്ചം. തെക്കാകവും വടക്കാകവും ഇടനാഴിയും അടുക്കളയുമെല്ലാം ഒരുപോലെ. ഒന്നും ഏതേതെന്നു തിരിച്ചറിയാനാകുന്നില്ല. 
 
പുരകെട്ടിന് ഓലയഴിച്ചു തീര്‍ന്നാലാണ് വീടിനകത്തു നിന്ന് ഇതുപോലെ ആകാശം കാണാന്‍ പറ്റാറ്. പുര കെട്ടിത്തീരാന്‍ രണ്ടു ദിവസമെടുക്കും. അദ്യത്തെ ദിവസം ഓലയഴിക്കലാണ്. പഴയ ഓലയഴിച്ച് കേടായ കഴുക്കോലും മുളങ്കമ്പുകളും മാറ്റിക്കെട്ടുമ്പോഴേക്ക് വൈകുന്നേരമാകും. അന്നത്തെ രാത്രി മേല്‍ക്കൂരയില്ലാത്തെ വീട്ടിലെ നിലത്താണ് കിടപ്പ്. അങ്ങനെ നോക്കിക്കിടക്കുമ്പോള്‍ ആകാശം താഴെയിറങ്ങി വരുന്നതായി തോന്നും. രാത്രി ഏറെച്ചെല്ലുമ്പോള്‍ നക്ഷത്രങ്ങള്‍ക്കൊക്കെ തിളക്കം കൂടും. എത്ര ഇറുക്കിയടച്ചാലും നക്ഷത്രവെളിച്ചം കണ്ണിലുണ്ടാകും. ഉറക്കം അകന്നകന്നു പോകും. പിന്നെയും പല യാമങ്ങള്‍ കഴിയുമ്പോള്‍ മഞ്ഞുപെയ്യാന്‍ തുടങ്ങും. ആ തണുപ്പില്‍ അറിയാതെ കണ്ണടഞ്ഞുപോകും. വെയില്‍ വന്നു തട്ടിവിളിക്കുമ്പോഴാണ് കണ്ണിനു മുകളില്‍ പരന്നു തെളിഞ്ഞുകിടക്കുന്ന ആകാശച്ചോട്ടിലേക്ക് ഉറക്കമുണരുക. തലമുറതലമുറയായി ഒരു നൂറ്റാണ്ടിലേറെക്കാലം ആളുകള്‍ പാര്‍ത്തുപോന്നിരുന്ന വീടായിരുന്നു. എത്ര സന്തോഷങ്ങള്‍, സന്താപങ്ങള്‍, ജനനം, മരണം, മാംഗല്യം, ചിരി, കരച്ചില്‍, ദാരിദ്ര്യം..എന്തെല്ലാം കടന്നുപോയി. 
 
തെക്കാകത്തിന് പണ്ട് നെല്ലു സൂക്ഷിച്ചിരുന്നതിന്റെ പത്തായത്തിന്റെ സമൃദ്ധി, കാരണവന്‍മാരും ദൈവങ്ങളും കുടിയിരിക്കുന്ന പടിഞ്ഞാറ്റി, തീണ്ടാരിപ്പെണ്ണുങ്ങളുടെ വടക്കാകം, തെക്കാകത്തിനും പടിഞ്ഞാറ്റിക്കും വടക്കാകത്തിനും മുമ്പിലായി നീളന്‍ ഇടനാഴി, മുകളില്‍ സ്ഥാവരജംഗമങ്ങളുടെ കൂടിയിരിപ്പിടമായ തട്ടിന്‍പുറം, ഇല്ലായ്മയുടെ രുചിമണം പരത്തിയ അടുക്കള, നാട്ടുവര്‍ത്തമാനങ്ങളുടെയും പെണ്ണുങ്ങളുടെയും വടക്കോറം, ആണുങ്ങളുടെയും ഗൗരവ വര്‍ത്തമാനങ്ങളുടെയും ഉമ്മറം.. ഓരോ അകത്തിനുമുണ്ടായിരുന്നു ഏറെ കഥകള്‍. പാമ്പിന്‍കാവ് കുറേക്കൂടി കാടായി മാറിയിരിക്കുന്നു. മണിനാഗങ്ങള്‍ പോയി ഇപ്പോഴതില്‍ വന്യസര്‍പ്പങ്ങള്‍ അധിവസിക്കുന്നുണ്ടാകാം. തെക്കേപ്പറമ്പിലെ ഇരുട്ട് പിന്നെയും കട്ടപിടിച്ചിരിക്കുന്നു. ഭഗവതിപ്രതിഷ്ഠയില്ലാത്ത അമ്പലം മുക്കാലും തകര്‍ന്നുപോയി. തെണ്ടന്‍തറ പൊളിഞ്ഞുതുടങ്ങി. ദീപസ്തംഭം കാടുകയറി മുകളറ്റം മാത്രം കാണാം.
 
ശ്രീകൃഷ്ണാ ടാക്കീസിന്റെ വെള്ളിത്തിരയെ ഭ്രമിപ്പിച്ച നൂറുനൂറു സിനിമകള്‍ അടക്കംചെയ്ത കാഞ്ഞിരമരത്തിലെ ആണി മാത്രം തുരുമ്പെടുത്തിട്ടില്ല. ആണി പറിച്ചെടുത്താല്‍ അവയെല്ലാം പുറത്തുവന്ന് നടുവിലേടത്ത് പറമ്പൊരു സിനിമാപ്പറമ്പായി മാറും. വേണ്ട, നാഥനില്ലാതെ സിനിമകള്‍ അലഞ്ഞുതിരിയേണ്ട. അവ നല്ലൊരു സിനിമാക്കാലത്തിന്റെ ഓര്‍മ്മകളില്‍ കാഞ്ഞിരമരത്തില്‍ ജീവിക്കട്ടെ. ശ്രീകൃഷ്ണാ ടാക്കീസിന്റെ ഒരേയൊരു തിരുശേഷിപ്പായി ആവാഹനം ചെയ്തു തറയ്ക്കപ്പെട്ട ബാധയായി ആണി കാഞ്ഞിരമരത്തില്‍ തറഞ്ഞുകിടക്കട്ടെ. എല്ലാം തിരിച്ചെടുത്ത് ഉണ്ണിമായയുമൊത്ത് നാടിന്റെ ആറാംതമ്പുരാനായി ജഗന്നാഥന്‍ വാഴുന്നതോര്‍മ്മിച്ച് കാടായി മാറിയ നടുവിലേടത്ത് പറമ്പില്‍ നിന്ന് തിരിച്ചുനടന്നു.
 
ജീവിതത്തില്‍ ഒന്നും പഴയതു പോലെയാകില്ല, യാതൊന്നും തിരിച്ചെടുക്കാനുമാകില്ല. ജീവിതം കരയാനുള്ളതാണ്. അതിനൊരിക്കലും ശുഭപര്യവസായിയായ കച്ചവട സിനിമയാകാന്‍ കഴിയില്ല. വെയില്‍ചൂടേറ്റു തിളച്ചു വാടിയും തലയില്‍ പെരുമഴ ആര്‍ത്തുതല്ലിയും നിലയില്ലാക്കയത്തിലകപ്പെട്ടു നരകിച്ചും ഒടുക്കം മണ്ണിലേക്കു തന്നെ അലിഞ്ഞുചേരുന്ന ജനിമൃതി പരമ്പരയുടെ കണ്ണികളായി ഒടുങ്ങുന്ന ജീവിത ചക്രത്തിന്റെ തുടര്‍ച്ച മാത്രമാണ് സിനിമയിലേതല്ലാത്ത മനുഷ്യന്‍.
 
അവള്‍ വള്ളുവനാടു വിട്ട് ചെറുതുരുത്തിപ്പാലം കടന്ന് വടക്കുംനാഥന്റെ മണ്ണിലേക്കു പോയി അര്‍ധനാരീശ്വര സങ്കല്പം പൂണ്ട് മറ്റൊരു പുരുഷനൊപ്പം കഴിഞ്ഞുപോന്നു. അതില്‍പിന്നെ അവള്‍ പല രാത്രികളില്‍ അവനോടൊപ്പമിരുന്ന് അതേ സിനിമ കണ്ടിട്ടുണ്ടാകും. ജഗന്നാഥന്റെ വീരസ്യമെല്ലാം പുതിയ പുരുഷനില്‍ കണ്ട് അവന്റെ നെഞ്ചില്‍ തലചായ്ച്ച് അവള്‍ ഉറങ്ങും. നടുവിലേടത്ത് പറമ്പോ ഭഗവതിയോ നാഗങ്ങളോ അവളുടെ ഉറക്കത്തെ വേട്ടയാടിയതേയില്ല. നടുവിലേടത്ത് വീടിന്റെ തിരിച്ചെടുപ്പ് അവളുടെ ചിന്തയുടെ താഴേത്തട്ടിലെവിടെയോ ഉറഞ്ഞുകൂടിയിരിക്കും. ഇനിയതിനൊരു ഉരുവംകൊള്ളലിനിടയില്ല. 
 
ചിനക്കത്തൂര്‍കാവില്‍ കോമരം ഉറഞ്ഞുതുള്ളുന്നതും കൊട്ടിന്റെ താളത്തിനൊത്ത് തിറയും പൂതനും ചുവടുവയ്ക്കുന്നതും അവനില്‍ നിന്നു പെറ്റുകൂട്ടിയ കിടാങ്ങള്‍ക്കൊപ്പം മുത്തശ്ശിയാല്‍ത്തറയില്‍ നിന്ന് കാണുകയാണ് അവള്‍. കുങ്കുമവര്‍ണത്തില്‍ കരയുള്ള കസവുസാരിയുടുത്ത് ഭര്‍ത്താവിന്റെ ഐശ്വര്യത്തിനു വേണ്ടി നെറുകയില്‍ സിന്ദൂരമണിഞ്ഞ് പെറ്റെഴുന്നേറ്റ പെണ്ണായി അവള്‍ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു. കൈകളില്‍ അപ്പൊഴും നിറയെ കുപ്പിവളകള്‍. ഒരു മഴക്കാലം കൂടി കഴിഞ്ഞപ്പോള്‍ വീടിന്റെയും അമ്പലത്തിന്റെയും ബാക്കി ഭാഗം കൂടി മണ്ണോടു ചേര്‍ന്ന് നടുവിലേടത്ത് പറമ്പെന്നത് ആരും കയറാത്തൊരു കാടായി മാറി. 
 
പിന്നെയത് ഇടയ്ക്കിടെ സ്വപ്‌നത്തില്‍ കടന്നുവന്നു. സ്വപ്‌നത്തില്‍ ഒരു വീടു കാണുന്നുവെങ്കില്‍ അതു നടുവിലേടത്തു പറമ്പായിരിക്കും. പല നാടുകളില്‍ അലഞ്ഞിട്ടും പലയിടങ്ങളില്‍ പാര്‍ത്തിട്ടും അവയൊന്നും സ്വപ്‌നത്തിന്റെ ചെറുകോണില്‍ പോലും വന്നെത്തി നോക്കിയില്ല. എല്ലാ പ്രൗഢിയോടും കൂടി തരിമ്പു പോലും കേടുപറ്റാതെ സ്വപ്‌നത്തിലെ നടുവിലേടത്ത് പറമ്പങ്ങനെ വിലസിതമായി നിലകൊണ്ടു. കുടുംബത്തില്‍ പുതുതായി വന്നുചേര്‍ന്ന മരുമക്കള്‍ വീടിന്റെ ഉമ്മറത്തിരുന്ന് വര്‍ത്തമാനം പറയുന്നു. അവരുടെ മക്കള്‍ തെക്കേ മുറ്റത്ത് ഓടിക്കളിക്കുന്നു. ഇടനാഴിയിലും അടുക്കളയിലും തട്ടിന്‍പുറത്തുമെല്ലാം പഴയതുപോലെ നിറയെ ആളുകള്‍. 
 
അമ്പലവും കാവും പഴയ പ്രാസാദശുദ്ധിയില്‍ തെളിഞ്ഞുനില്‍ക്കുന്നു. ദീപസ്തംഭത്തിന്റെ മൂന്നു തട്ടിലെ ഇരുപത്തൊന്ന് കല്ലുകളിലും നിറച്ചൊഴിച്ച എണ്ണയില്‍ തിരികള്‍ തെളിഞ്ഞുകത്തി ധ്യാനനിമഗ്നമായൊരു സന്ധ്യാനേരത്തില്‍ വിലയിച്ചു നില്‍ക്കുന്ന വീടിനെ നോക്കി വഴിവക്കിലൂടെ നടന്നുപോകുന്നവര്‍ തെല്ലുനേരം തൊഴുതുനില്‍ക്കുന്നു. എല്ലാം കണ്ടു പ്രസന്നവതിയായ ഭഗവതിയമ്മ തെല്ലഭിമാനത്തോടെ പീഠത്തിലെ ചുവന്ന പട്ടില്‍ നിവര്‍ന്നിരിക്കും.
 
മുന്‍ ലക്കങ്ങള്‍ വായിക്കാം
 
Content Highlights: cinema Talkies part Nineteen ; Malayalam cinema memories by NP Murali Krishnan