സിനിമാ ടാക്കീസ്- 9
 
ല കാലങ്ങളില്‍ കുട്ടികളായിരുന്ന ഏഴു മനുഷ്യര്‍ അവരുടെ ബാല്യകൗമാരങ്ങളില്‍ നാട്ടുവഴിയിലൂടെ അനൗണ്‍സ്‌മെന്റ് മുഴക്കി പോയ നോട്ടീസുവണ്ടികള്‍ക്കു പിറകേ പാഞ്ഞു സമ്പാദിച്ച വലിയൊരു കെട്ട് സിനിമാ നോട്ടീസ് ഉണ്ടായിരുന്നു നടുവിലേടത്ത് പറമ്പില്‍. ആ വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യം. അതൊരു പാരമ്പര്യസ്വത്തെന്ന പോലെ കൈമാറ്റം ചെയ്ത് ഇളയ സന്തതിയുടെ കൈകളിലെത്തി. നോട്ടീസുകള്‍ ഇടയ്ക്കിടെ എടുത്തുനോക്കി സിനിമാപ്പേരുകളും സിനിമാക്കഥയും വായിച്ച് നോട്ടീസുകെട്ടിന്റെ സൂക്ഷിപ്പുകാരനെന്ന നിലയില്‍ അവന്‍ അഭിമാനം കൊണ്ടു.
 
കല്ലില്ലാതെ മണ്‍കട്ടകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ ആ ഓലവീട്ടില്‍ ദൈവങ്ങളെയും കാരണവന്‍മാരെയും കുടിവെച്ച പടിഞ്ഞാറ്റിയും അവിടെ നിന്ന് തട്ടിന്‍പുറത്തേക്ക് പോകാനായി മുള കൊണ്ടുള്ള ഒരു കോണിയുമുണ്ടായിരുന്നു. പടിഞ്ഞാറ്റിയിലെ ഇരുട്ടിലും തട്ടിന്‍പുറത്തുമായിട്ടാണ് ഈ ഏഴു പേരുടേയും പാഠപുസ്തകങ്ങളും അല്ലറചില്ലറ വാരികകളും കര്‍ക്കിടക മാസത്തില്‍ പൂജയ്ക്കു വയ്ക്കുന്ന രാമായണവും ഭാഗവതവും മുമ്പ് അവരുടെ പിതാവ് കേസ് നടത്തി നഷ്ടപ്പെടുത്തിയ പറമ്പുകളുടേയും പാടങ്ങളുടേയും കോടതിരേഖകളും വരെ സൂക്ഷിച്ചുപോന്നിരുന്നത്. അതിനിടയില്‍ ദൈവങ്ങളുടെയും കാരണവന്‍മാരുടെയും പീഠങ്ങളും പ്രാചീന സാധന സാമഗ്രികളും കൃഷിയുണ്ടായിരുന്ന കാലത്തെ പറയും പണിയായുധങ്ങളും. ഇവ്വിധ ഏടാകൂടങ്ങള്‍ക്കിടയില്‍നിന്ന് എന്തെങ്കിലും കണ്ടെടുക്കുകയെന്നത് വലിയ ബദ്ധപ്പാടും ഏറെ നേരത്തെ പരിശ്രമവും അന്വേഷണത്വരയും വേണ്ടുന്ന പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ അത്യാവശ്യക്കാരല്ലാതെ ആരും പടിഞ്ഞാറ്റിയില്‍ കയറിയുള്ള തെരച്ചിലിന് മെനക്കെട്ട് ഊര്‍ജ്ജവും സമയവും പാഴാക്കാറില്ല. മണ്ണെണ്ണ വിളക്കിന്റെ മുനിഞ്ഞുകത്തുന്ന വെട്ടം മാത്രമായിരുന്നു ഇക്കണ്ട ഇടങ്ങളിലേക്കെല്ലാമുള്ള വഴികാട്ടി. 
 
ദൈവങ്ങളുടെ പടിഞ്ഞാറ്റിയില്‍ പകല്‍ പോലും ഇരുട്ടാണ്. എലിയും പല്ലിയും പാറ്റയും ചിതലും യഥേഷ്ടം അവകാശികളായി വിഹരിച്ചു കൊണ്ടിരുന്നു. ഒരുപക്ഷേ ഇരുട്ടിലെ തണുപ്പിലൊരു മാളം കണ്ടെത്തി പാമ്പിന്‍കാവില്‍ നിന്ന് ഇറങ്ങിവന്ന പാമ്പുകളുമുണ്ടായിരുന്നിരിക്കാം ആ ചെറിയ ഭൂമിയുടെ അവകാശിയായി. ഇങ്ങനെയെല്ലാമായ പടിഞ്ഞാറ്റിയില്‍ തന്നെയാണ് ഏക പാരമ്പര്യസ്വത്തായ സിനിമാ നോട്ടീസുകളുടെയും ഇരിപ്പ്. ഇങ്ങനെ നൂറു വസ്തുവകകള്‍ക്കിടയിലായിരുന്നെങ്കിലും നോട്ടീസ് ഇരിക്കുന്ന സ്ഥലം അനന്തരാവകാശിക്ക് കൃത്യമായി അറിയാമായിരുന്നു. ഇടയ്ക്ക് ആരെങ്കിലും എന്തെങ്കിലും സാധനങ്ങള്‍ വലിച്ചുവാരി സ്ഥലം മാറ്റിയിടുമ്പോഴാണ് പാട്. പടിഞ്ഞാറ്റിയിലെ ഇരുട്ടില്‍ തപ്പി മടുക്കും. വിളക്ക് കത്തിച്ചുവച്ച് നോക്കിയാല്‍ എന്നേ പുക കയറി കറുത്തുപോയ ചുമര് വെളിച്ചത്തെ ആട്ടിയകറ്റും. 
 
അങ്ങനെയിരിക്കെ ഒരു ഒഴിവുദിവസം ഇടയ്ക്കിടെയുള്ള ശീലത്തിന്റെ ഭാഗമായി സിനിമാ നോട്ടീസ് കാണാനും നോട്ടീസിനു പിറകിലെ ശേഷം സ്‌ക്രീനില്‍ വരെയുള്ള സിനിമാക്കഥ വായിച്ച് രസിക്കാനും നോട്ടീസുകള്‍ ഒന്നുകൂടി അടുക്കിയൊതുക്കി വയ്ക്കാനും വേണ്ടി അനന്തരാവകാശി പടിഞ്ഞാറ്റിയില്‍ കയറി. നേരത്തെ വച്ചിരുന്നിടത്ത് നോക്കിയപ്പോള്‍ നോട്ടീസ് കാണുന്നില്ല. അതിനടുത്തുള്ള പെട്ടികളിലും ചാക്കുകളിലും നോക്കി. കണ്ടില്ല. വലിയ ചാക്കുകെട്ട് മറിച്ചിട്ട് പിറകുവശത്ത് നോക്കി. സഞ്ചികള്‍ പുറത്തേക്ക് മാറ്റിയിട്ടു തിരഞ്ഞു. അവിടെയൊന്നും കണ്ടില്ല. തെരച്ചിലിനൊടുവില്‍ കൂട്ടത്തില്‍ കീറിയൊരു ചാക്കുകെട്ടിനുള്ളില്‍ നിന്ന് പാരമ്പര്യസ്വത്ത് കണ്ടു കിട്ടി. തെരച്ചിലിനിടെ തെല്ലു മുമ്പു തോന്നിയ ആശങ്ക പോലെ തന്നെ സംഭവിച്ചിരുന്നു. കണ്ടുകിട്ടിയത് ചിതലു തിന്നുതീര്‍ത്ത ഒരു കെട്ട് നോട്ടീസ്! 
 
അനുഭവങ്ങള്‍ പാളിച്ചകളും അരനാഴിക നേരവും സത്യവാന്‍ സാവിത്രിയും നിഴലാട്ടവും പിക്‌നിക്കും തച്ചോളി അമ്പുവും ആ രാത്രിയും ഇതാ ഇവിടെ വരെയും പടയോട്ടവും നായാട്ടും അങ്ങാടിയും മുതല്‍ ഇങ്ങ് കിലുക്കവും അമരവും സര്‍ഗവും മണിച്ചിത്രത്താഴും വരെയുള്ള തിരുശേഷിപ്പുകള്‍! കനം കുറഞ്ഞു നേര്‍ത്തുമങ്ങിയ ചുവപ്പിലും നീലയിലും പച്ചയിലുമായി സന്തോഷത്തിന്റെ പരകോടികള്‍ പ്രദാനം ചെയ്ത കടലാസുകള്‍. രണ്ടര ദശാബ്ദക്കാലത്തെ മലയാള സിനിമയുടെ ചരിത്രരേഖ! എവിടെ നിന്നെന്നറിയില്ല, അധികം ചിന്തയ്ക്കിട നല്‍കാതെയൊരു കരച്ചില്‍ ഓടിപ്പാഞ്ഞെത്തി പടിഞ്ഞാറ്റിയിലെ ഇരുട്ടില്‍ നിന്ന് അലയടിച്ചുയര്‍ന്നു. ആര്‍ക്കോ എന്തോ പറ്റിയതുപോലുള്ള കരച്ചില്‍ കേട്ട് 'പറ്റിച്ചല്ലോ' എന്നും പറഞ്ഞ് അമ്മയുടെ നേതൃത്വത്തില്‍ വീട്ടുകാര്‍ ഓടിപ്പാഞ്ഞു വന്നു. കരച്ചില്‍ കേട്ട പടിഞ്ഞാറ്റിക്കു മുമ്പിലെത്തി അകത്തേക്കു നോക്കിയപ്പോള്‍ ചിതലുതിന്ന ഒരു കെട്ട് നോട്ടീസുമായി കരഞ്ഞുവിളിച്ച മുഖവുമായി അനന്തരാവകാശി നില്‍ക്കുന്നു.
 
'ഈ ചെക്കന്‍ ആള്‍ക്കാരെ വെറുതെ വേജാറാക്ക്വോലോ' എന്നും പറഞ്ഞ് ഓടിപ്പാഞ്ഞെത്തിയവരെല്ലാം ആ മഹത്തായ സങ്കടാവസ്ഥയില്‍ പങ്കുചേരാതെയും ചെറുദാക്ഷിണ്യം പോലും കാണിക്കാതെയും അവരവരുടെ പാടുനോക്കിപ്പോയി. കരച്ചില്‍ അടക്കാനായില്ല. അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്ന് പലതവണ സങ്കല്‍പ്പിച്ചു നോക്കിയെങ്കിലും യാഥാര്‍ഥ്യം സങ്കടക്കടലില്‍ അകപ്പെടുത്തി കഴിഞ്ഞിരുന്നു. കരച്ചിലിനിടെ മുന്നില്‍ കൂടിക്കിടന്ന കടലാസുകഷണങ്ങള്‍ എടുത്തുനോക്കി. ചിതലരിക്കാത്തതായി ഒന്നുപോലും ശേഷിക്കുന്നില്ല. എന്തോ പറയാനായുന്ന നസീറിന്റെ മീശയും, പാതിവഴിക്ക് നിന്നുപോയ ഭാവാഭിനയ സൂചകമായി മധുവിന്റെ കണ്ണും, എന്തോ പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്ന ജയന്റെ കൈമസിലും, ജയഭാരതിയുടെ പാതിമയക്കത്തിലുള്ള കണ്ണും, സീമയുടെ തടിച്ച ചുണ്ടുമൊക്കെയായി എന്തൊക്കെയോ അവ്യക്തതകള്‍ കടലാസുരൂപത്തില്‍ മുമ്പില്‍ കൂടിക്കിടന്നു. പല കാലങ്ങളില്‍ സിനിമാ ടാക്കീസുകളെ ഇളക്കിമറിച്ച സിനിമകളുടെ തിരുശേഷിപ്പുകളാണിവ.
 
ചിതലരിച്ചതും പഴകിയതുമായ സാധനങ്ങളും തുണികളും കത്തിച്ച കൂട്ടത്തില്‍ നസീറും ഷീലയും ഉമ്മറും അടൂര്‍ ഭാസിയും ശാരദയും സോമനും സുകുമാരനും ജയനും ശ്രീവിദ്യയും ജയഭാരതിയും സീമയും റഹ്മാനും രോഹിണിയും മമ്മൂട്ടിയും മോഹന്‍ലാലും കത്തിയമര്‍ന്നു. തിരിച്ചെടുക്കാനാകാത്ത നഷ്ടം. നോട്ടീസുവണ്ടികള്‍ക്ക് പിറകെ എത്ര പാഞ്ഞതാണ് ഏഴുപേരും. അതിനിടയില്‍ വര്‍ഷങ്ങളെത്ര കടന്നുപോയി. എത്ര സിനിമകളും എത്രയെത്ര നായകന്‍മാരും നായികമാരും മാറിവന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പാടേ പോയി സിനിമകളെല്ലാം കളറിലായി. 
 
ആദ്യം നോട്ടീസുവണ്ടിക്ക് പിറകെ പാഞ്ഞയാള്‍ പ്രേംനസീര്‍ യുഗത്തിലുള്ളതാണ്. പിന്നെ പ്രേംനസീര്‍ യുഗം പോയി ജയനും സോമനും സുകുമാരനും സൂപ്പര്‍താരങ്ങളായി. അപ്പോഴേക്കും ഏഴില്‍ രണ്ടാമത്തെയും മൂന്നാമത്തെയും മനുഷ്യര്‍ നോട്ടീസുവണ്ടിക്കു പിറകെ പായുന്ന കുട്ടികളായി. പിന്നാലെ ശങ്കറും ജോസും രതീഷും വന്നു. യുവതലമുറയെയാകെ ഭ്രമിപ്പിച്ച് ആട്ടവും പാട്ടും പ്രേമവുമായി റഹ്മാന്‍ വന്നു. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളായി. ഷീലയുടേയും ശാരദയുടേയും ജയഭാരതിയുടേയും ശ്രീവിദ്യയുടേയും ലക്ഷ്മിയുടേയും ഉണ്ണിമേരിയുടേയും സൗന്ദര്യം സീമയ്ക്കും സുമലതയ്ക്കും മേനകയ്ക്കും കാര്‍ത്തികയ്ക്കും രോഹിണിക്കും ശോഭനയ്ക്കും മോനിഷയ്ക്കും വഴിമാറി. ഈ മാറ്റങ്ങള്‍ ഓരോന്നു സംഭവിക്കുമ്പോഴും ഏഴിലൊരാള്‍ നോട്ടിസുവണ്ടിക്കു പിറകെയുണ്ടായിരുന്നു.
 
ഒരിക്കല്‍ ആനക്കരയങ്ങാടിയില്‍ മണികണ്ഠന്‍ ഹോട്ടലിനു മുന്നില്‍ ചേച്ചിയുടെ കൂടെ നില്‍ക്കുമ്പോഴാണ് 'ഊട്ടിപ്പട്ടണം പൂട്ടിക്കെട്ടണം സൊന്നാവാടാ' എന്ന പാട്ട് കാറ്റിനൊപ്പം ദൂരെനിന്നു കേട്ടത്. കേട്ടപ്പൊഴേ കാര്യം മനസ്സിലായി. ഉള്ളം കുളിര്‍ത്തു. രണ്ടുവശത്തും ആകെ പച്ചച്ചുനില്‍ക്കുന്ന നെല്‍പ്പാടത്തില്‍ വീതികൂടിയൊരു വരമ്പു പോലെയുള്ള നീലിയാട് റോഡിലൂടെ ഒരു ജിപ്പ് ആനക്കരയങ്ങാടിയിലേക്ക് വരികയാണ്. 'എടപ്പാള്‍ ദീപയില്‍ കിലുക്കം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ്.' 'കിലുകില്‍പമ്പരം തിരിയും മാനസം' എന്ന് ഇമ്പത്തോടെ കേള്‍പ്പിച്ച് സിനിമയുടെ അത്ഭുതവിജയത്തെപ്പറ്റി വിവരിച്ച് അങ്ങാടിയിലെ ആളുകള്‍ക്കു മുന്നില്‍ നോട്ടീസ് വാരിവിതറി ജീപ്പ് മണികണ്ഠന്‍ ഹോട്ടലിനു മുന്നിലൂടെ കടന്നുപോയി. ആവേശം വാരിച്ചൂടിനിന്ന എന്റെ മുന്നിലും വീണു നോട്ടീസ്. ഒന്നല്ല, രണ്ടല്ല, മൂന്നെണ്ണം. എനിക്കു മാത്രം കിലുക്കത്തിന്റെ മൂന്ന് നോട്ടീസ്! മോഹന്‍ലാലും ജഗതിയും രേവതിയും ഇന്നസെന്റും തിലകനും ശരത് സക്‌സേനയും പിറകില്‍ സിനിമയുടെ കഥയുമുള്ള നോട്ടീസ്.
 
ആനക്കരപ്പാടത്തിന്റെ നടുവിലെ വീതികുറഞ്ഞ റോഡിലൂടെ അനൗണ്‍സ്‌മെന്റ് മുഴക്കി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന കിലുക്കത്തിന്റെ നോട്ടീസുവണ്ടി ആ നേരം ലോകത്തിലേക്കും വച്ച് അതിമനോഹരമായ കാഴ്ചയായും സകലലോകരേയും ആനന്ദവാന്‍മാരാക്കിത്തീര്‍ക്കുന്നതായും അനുഭവപ്പെട്ടു. നോട്ടീസിലെ മോഹന്‍ലാലിനെയും രേവതിയേയും കണ്ണുനിറയെ നോക്കി, കഥ വായിച്ച് ശേഷം സ്‌ക്രീനില്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുകയെന്ന് ആലോചിച്ച് കിലുക്കം എത്രയും പെട്ടെന്ന് ദൂരദര്‍ശനില്‍ വരണേ എന്നു പ്രാര്‍ഥിച്ചുകൊണ്ട് നടന്നു. വീടിനടുത്തു കൂടി അപൂര്‍വമായേ നോട്ടീസുവണ്ടി വരാറുള്ളൂ. സ്‌കൂളിനു മുന്നിലെ റോഡിലൂടെ എടപ്പാള്‍ ഗോവിന്ദയിലെയോ ദീപയിലെയോ മുരളിയിലെയോ പടങ്ങള്‍ മാറിയതു വിളിച്ചുപറഞ്ഞ് മിക്ക വെള്ളിയാഴ്ചകളിലും വണ്ടി വരും. ചിലപ്പോള്‍ രണ്ടാം വാരവും മൂന്നാം വാരവും പ്രദര്‍ശിപ്പിക്കുന്ന വിവരം ഉച്ചഭാഷിണിയില്‍ മുഴക്കിക്കൊണ്ടായിരിക്കും നോട്ടീസുവണ്ടിയുടെ വരവ്. അമരത്തിന്റെയും ഭരതത്തിന്റെയും ഗോഡ് ഫാദറിന്റെയും എന്റെ സൂര്യപുത്രിയുടേയും വിയറ്റ്‌നാം കോളനിയുടെയുമെല്ലാം നോട്ടീസ് കിട്ടിയത് സ്‌കൂളിനു മുന്നിലെ റോഡില്‍ കൂടി പോയ നോട്ടീസുവണ്ടിയില്‍ നിന്നാണ്.
 
സ്‌കൂളിന് മതിലില്ലായിരുന്നു. വലിയ വളപ്പില്‍ എവിടെ വേണമെങ്കിലും കുട്ടികള്‍ക്ക് ഇഷ്ടം പോലെ ഓടിപ്പാഞ്ഞു നടക്കാം. സ്‌കൂളില്‍ പലയിടങ്ങളിലായി ഞാവല്‍മരങ്ങളുണ്ട്. ആറാം ക്ലാസിനു പിറകിലെ കുന്നിന്‍പുറത്തെ ഞാവല്‍ക്കാടാണ് കുട്ടികളുടെ പ്രധാന താവളം. മഞ്ഞുകാലം തുടങ്ങിയാല്‍ ഞാവലുകള്‍ പൂത്തുതുടങ്ങും. പിന്നെ നാലഞ്ചു മാസം ചന്ദനനിറത്തിലുളള യൂണിഫോം കുപ്പായത്തിലെല്ലാം ഞാവല്‍പഴങ്ങള്‍ ആധുനിക ചിത്രകല അഭ്യസിക്കും. കുപ്പായത്തിലും നാവിലും ഞാവല്‍ക്കറയില്ലാത്ത ഒരു കുട്ടിയും സ്‌കൂളിലുണ്ടായിരുന്നില്ല. ഉച്ചക്കഞ്ഞി കുടിച്ച് കഴുകിയ ചോറ്റുപാത്രങ്ങളും തൂക്കുപാത്രങ്ങളും ഞാവല്‍പഴങ്ങള്‍ നിറഞ്ഞാണ് വീട്ടിലേക്കു തിരിച്ചുപോകുക. വീട്ടിലെത്തിയാല്‍ ഏറ്റവും വലിയ കിണ്ണത്തിലേക്ക് ഞാവല്‍പഴം പകര്‍ന്ന് അതില്‍ ഉപ്പു വിതറും. ഉപ്പുരസവും ഇളം പുളിയും മധുരവുമാര്‍ന്ന ചെറിയ തക്കാളി വലുപ്പത്തിലുള്ള ഉണ്ടന്‍ ഞാവല്‍പഴങ്ങള്‍ ഉമിനീരിലൂര്‍ന്ന് പുതിയ രുചിമുകുളങ്ങളുണ്ടാക്കും. വെള്ളിയാഴ്ചത്തെ ഉച്ചക്കഞ്ഞികുടിക്ക് മറ്റു ദിവസങ്ങളെക്കാള്‍ വേഗക്കൂടുതലാണ്. മറ്റെല്ലാ ദിവസങ്ങളിലും കഞ്ഞി കുടിച്ച് ഓടിത്തൊട്ടു കളിക്കാനും ഒളിച്ചു കളിക്കാനും ഗോട്ടി കളിക്കാനും പോകുമ്പോള്‍ വെള്ളിയാഴ്ചകളില്‍ പതിവുകള്‍ തെറ്റും. സിനിമാ നോട്ടീസുവണ്ടി വരുന്ന ദിവസമാണ്. 
 
ഉച്ചബെല്ലടിക്കുമ്പോള്‍ 'കഞ്ഞിക്കിേേട്ടേ...'എന്നു കൂകിവിളിച്ച് കുട്ടികള്‍ കഞ്ഞിപ്പുരയിലേക്ക് പായും. ഓടു പൊട്ടിപ്പൊളിഞ്ഞും കഴുക്കോലു തൂങ്ങിയും നിലത്തെ സിമന്റ് അടര്‍ന്നുപോയി മണ്ണു പൊങ്ങിയും കരിയും ഇരുട്ടും പുകയും നിറഞ്ഞും പ്രാകൃതമായ കഞ്ഞിപ്പുരയില്‍ കഞ്ഞിവയ്ക്കുന്ന അമ്മമാര്‍ ബക്കറ്റുകളില്‍ കഞ്ഞി നിറച്ചുവച്ചിട്ടുണ്ടാകും. ടീച്ചര്‍മാര്‍ വിളമ്പിത്തരുന്നതിനു കാത്തുനില്‍ക്കുന്ന പതിവു തെറ്റിച്ച് അവര്‍ കാണാതെ കഞ്ഞിയും പയറും കയിലു കൊണ്ട് ചോറ്റുപാത്രത്തിലേക്ക് പകര്‍ത്തും. ചുടുകഞ്ഞിയിലേക്ക് പയര്‍ മുങ്ങാംകുഴിയിടും. കഞ്ഞിയുടെ ചൂടിലേക്ക് കൈയിട്ട് ഇളക്കി ചൂടാറ്റി വേഗം വേഗം വാരിത്തിന്നും. പാത്രത്തിനടിയില്‍ പയറും കഞ്ഞിയും ചേര്‍ന്നു രുചിയായ വെള്ളം കിണറ്റിന്‍കരയിലേക്ക് ഓടിക്കൊണ്ടു കുടിച്ചുതീര്‍ത്ത് കഞ്ഞിപ്പാത്രം ഒരു പരുവത്തില്‍ കഴുകി ജനലിലൂടെ ക്ലാസിലേക്കെറിഞ്ഞ് റോഡിലേക്ക് ഓടും. ഇതേ വേഗത്തില്‍ കഞ്ഞി കുടിച്ചുതീര്‍ത്ത് സിനിമാ നോട്ടീസിനായി മത്സരിക്കാന്‍ റോഡിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കുട്ടികള്‍ വേറെയുമുണ്ടാകും. അങ്ങനെ സ്‌കൂളിനു മുന്നിലെ റോഡരികില്‍ നോട്ടീസുവണ്ടിയെ കാത്തുനില്‍ക്കുന്നത് വലിയൊരു കൂട്ടമായിരിക്കും. 
 
സിനിമാ വണ്ടിയില്‍നിന്നുള്ള അനൗണ്‍സ്‌മെന്റും പാട്ടും ദൂരെ നിന്നു കേട്ടാല്‍ എല്ലാവരും ഒന്നുകുലുങ്ങിച്ചാടി തയ്യാറായി നില്‍ക്കും. താമസിയാതെ കയറ്റം കയറി വളവുതിരിഞ്ഞ് മേലാകെ സിനിമാ പോസ്റ്ററൊട്ടിച്ച് മുകളില്‍ കോളാമ്പി കെട്ടിയ അതിസുന്ദരനായ നോട്ടീസുവണ്ടി സ്‌കൂളിനു മുന്നിലേക്ക് പ്രവേശിക്കും. വഴിവക്കില്‍ പലയിടങ്ങളിലായി കാത്തുനില്‍ക്കുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് നോട്ടീസുകള്‍ പറന്നു വീഴും. ചിലര്‍ വായുവില്‍ വച്ചുതന്നെ കൈക്കലാക്കും. നോട്ടീസ് എടുക്കുന്നതില്‍ പരാജയപ്പെട്ടവര്‍ വണ്ടിയുടെ പിറകെ കൈനീട്ടി പായും. ഒരു നോട്ടീസ് കിട്ടി മതിയാകാത്തവരും മറ്റുള്ളവരോടു മത്സരിച്ച് വണ്ടിക്കു പിറകേ വച്ചുപിടിക്കും. 
 
കുട്ടികളുടെ ഓട്ടമത്സരം നോട്ടീസു വിതരണക്കാരനെ രസിപ്പിക്കും. അയാള്‍ വണ്ടിയില്‍ നിന്ന് ഒരു കെട്ട് നോട്ടീസു കൂടി എടുത്ത് വായുവില്‍ ഉയര്‍ത്തിയെറിയും. നോട്ടീസിന്റെ വായുസഞ്ചാരത്തിനൊപ്പം കുട്ടികളുടെ ശരീരം ഇരുവശത്തേക്കും മുന്നോട്ടും പിന്നോട്ടും ഒരുപോലെ ആടിയുലയും. റോഡിലും റോഡരികിലെ ചെടിക്കൂട്ടത്തിലുമൊക്കെയായി ഭൂമി തൊടുന്ന നോട്ടീസുകള്‍ക്കു നേരെ കുട്ടികള്‍ മത്സരബുദ്ധിയോടെ പാഞ്ഞടുക്കും. വെള്ളിയാഴ്ച ഉച്ചകളും സിനിമാവണ്ടിയിലെ നോട്ടീസ് വിതരണക്കാരനും കുട്ടികളുടെ മത്സരബുദ്ധിയെയും കായികക്ഷമതയെയും പോഷിപ്പിച്ചുകൊണ്ടിരുന്നു. ഒരു വീട്ടില്‍ പല കാലങ്ങളില്‍ കുട്ടികളായിരുന്ന ഏഴുപേര്‍ ഇതുപോലെ മറ്റു കുട്ടികളോട് യുദ്ധംചെയ്ത് സ്വന്തമാക്കിയ നോട്ടീസുകളാണ് ചിതലും തീയും തിന്നുതീര്‍ത്തത്. അത്രയെളുപ്പം തീരുമോ സങ്കടം. തീ തിന്നു തീര്‍ത്ത നോട്ടീസുകള്‍ വീണ്ടെടുക്കാന്‍ പറ്റാത്തതിലെ സങ്കടം ഇരട്ടിപ്പിച്ചുകൊണ്ടാണ് ഉച്ചഭാഷിണി നിരോധനം വന്നത്. അധികം വൈകാതെ സ്‌കൂളിനു മുന്നിലെ റോഡില്‍ നോട്ടീസുവണ്ടികള്‍ ഇല്ലാതായി. സിനിമാ ടാക്കീസുകള്‍ പരസ്യപ്രചാരണം പോസ്റ്ററൊട്ടിക്കലില്‍ ഒതുക്കി. വെള്ളിയാഴ്ച ഉച്ചകള്‍ വീണ്ടും മറ്റുച്ചകള്‍ പോലെ പതിവു ഗോട്ടികളിയിലേക്കും ഒളിച്ചുകളിയിലേക്കും ചുരുക്കപ്പെട്ടു. 
 
Content Highlights: Cinema Talkies part nine; Malayalam cinema memories by NP Murali Krishnan