സിനിമ ടാക്കീസ് 14

കുറ്റിപ്പുറം മീനയില്‍ നിന്ന് ഒറ്റയ്ക്കു പടം കണ്ട് കഴിവു തെളിയിച്ചതോടെ വര്‍ഷത്തില്‍ ഒന്നെന്നോ ഒന്നുമില്ലെന്നോ ഉള്ള സ്ഥിതിയില്‍ നിന്ന് എല്ലാ ആഴ്ചയിലും സിനിമാ ടാക്കീസില്‍ പോകുകയെന്ന വിപ്ലവകരമായ മാറ്റത്തിലേക്കാണ് ജീവിതം മാറിയത്. എന്റെ സിനിമകാണലിനെ പ്രോത്സാഹിപ്പിക്കാനെന്നോണം ആ കാലയളവില്‍ കുമരനെല്ലൂര്‍ സ്‌കൂളിന് രണ്ടുകിലോമീറ്റര്‍ പരിധിയില്‍ പടിഞ്ഞാറങ്ങാടിയില്‍ വരദയെന്നും സരിഗയെന്നും പേരില്‍ രണ്ട് ടാക്കീസുകള്‍ തുടങ്ങി. രണ്ടിനും മൂന്നാല് വര്‍ഷമേ ആയുസ്സുണ്ടായുള്ളൂ. മലയാള സിനിമാ വ്യവസായം അതിഭീമമായ നഷ്ടത്തിലായിരുന്ന കാലത്ത് തുടങ്ങി എന്നതാണ് ഈ ടാക്കീസുകളുടെ പെട്ടെന്നുള്ള പൂട്ടിപ്പോകലിനിടയാക്കിയത്. എങ്കിലും കുമരനെല്ലൂരിലെ പഠനകാലം പൂര്‍ത്തിയാകുന്നതു വരെ സരിഗയും വരദയും പിടിച്ചുനിന്നു.

വരദയിലെയും സരിഗയിലെയും നിത്യസന്ദര്‍ശകനായതു പോലെ അടുത്തുള്ള മറ്റു പട്ടണങ്ങളിലെ ടാക്കീസുകളിലും കൃത്യമായ ഇടവേളകളില്‍ ചെന്ന് ബന്ധം പുതുക്കി. സിനിമാ ടാക്കീസിലേക്കുള്ള വഴി തുറന്നുകിട്ടിയത് ആഘോഷമാക്കി. പാഠ്യദിവസങ്ങളും സിനിമാ ദിവസങ്ങളും തുല്യപ്രാധാന്യത്തില്‍ വിഭജിക്കപ്പെട്ടു. ഒന്നും കൂടിയോ കുറഞ്ഞോ ഇല്ല. മലയാളത്തിന്റെ പരിധി വിട്ട് സിനിമയുടെ വിസ്മയക്കാഴ്ച തമിഴിലേക്കും ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും കടന്നുചെന്നു. സിനിമ തീര്‍ക്കുന്ന കൗതുകം ദേശാന്തരങ്ങളിലേക്ക് ഉയര്‍ന്നു. പൊന്നാനി ലക്ഷ്മിയില്‍ പടത്തിനു മുമ്പ് സ്‌ക്രീനിനു മുന്നിലെ കര്‍ട്ടന്‍ ഉയര്‍ത്തി. പശ്ചാത്തല സംഗീതത്തിന്റെയും വര്‍ണ ബള്‍ബുകളുടേയും അകമ്പടിയില്‍ ലക്ഷ്മിയിലെ കര്‍ട്ടന്‍ ഉയരുമ്പോള്‍ സിനിമാ ടാക്കീസുകളെപ്പറ്റി കുട്ടിക്കാതുകളില്‍ അത്യതിശയകരമായി കേട്ടിരുന്ന കൗതുകങ്ങള്‍ ഒറ്റയ്ക്കു ചെന്നെത്തി കീഴടക്കുന്നതിലെ അനിര്‍വചനീയമായ ആനന്ദം അനുഭവിക്കുകയായിരുന്നു.

സിനിമാ ടാക്കീസുകളില്‍ മനുഷ്യരെ തമ്മില്‍ വിഭജിക്കുന്ന ക്ലാസുകള്‍ക്കെല്ലാം മുകളില്‍ ബാല്‍ക്കണിയെന്ന ഏറ്റവും ഉന്നതമായൊരു ലോകമുണ്ടെന്നും അത് സമ്പന്നരുടെ ലോകമാണെന്നും കേട്ടിരുന്നു. കൂടുതല്‍ പൈസ കൊടുത്ത് ടിക്കറ്റെടുത്താല്‍ പാവങ്ങള്‍ക്കും പണക്കാരെപ്പോലെ ഏറ്റവും ഉയരത്തിലിരുന്ന് മറ്റൊരു വിതാനത്തിലുള്ള കാഴ്ച സാധ്യമാകും. സെക്കന്റ് ക്ലാസിലിരുന്ന് മൂന്ന് സിനിമ കാണാനുള്ള പൈസ എണ്ണിക്കൊടുക്കുന്നതിലെ അതിയായ വിഷമം ഉള്ളിലുണ്ടായെങ്കിലും ബാല്‍ക്കണിയെന്ന അത്ഭുതലോകത്തേക്ക് എത്താനുള്ള അഭിനിവേശം അതിനും മുകളില്‍ നിന്നു. മുകളിലിരുന്ന് താഴേക്കൊരു സിനിമാക്കാഴ്ച! തിരൂര്‍ ഖയാമിലെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ സിനിമാ ടാക്കീസ് തീര്‍ക്കുന്ന അറ്റമില്ലാത്ത അത്ഭുതങ്ങളിലെ മറ്റൊരത്ഭുതം അറിയുകയായിരുന്നു. ആ ഇരിപ്പ് മുന്നില്‍ ഓടിക്കൊണ്ടിരുന്ന സിനിമയ്ക്ക് പുതിയൊരു മുഖം നല്‍കി.

സിനിമാ ടാക്കീസുകളിലേക്കുള്ള യാത്രകളുടെ വിതാനം വലുതായിക്കൊണ്ടിരുന്നു. പരിചയമില്ലാത്ത നാടുകളിലെ പരിചയമില്ലാത്ത മനുഷ്യര്‍ക്കൊപ്പമിരുന്ന് സിനിമ കാണുന്നു. രാമുട്ട്യേട്ടന്റെ പീടികയിലെ മാതൃഭൂമി പേപ്പറിലെ ഇന്നത്തെ സിനിമാ കോളത്തിലെ ടാക്കീസുകളെല്ലാം അടുത്തു വന്നു. നാടുകള്‍ക്കെല്ലാം അകലമില്ലാതാകുന്നു. കാഴ്ചസ്വാതന്ത്ര്യം കിട്ടിയെങ്കിലും സിനിമകാണലിന് പണം സ്വരൂപിക്കുകയെന്നത് വെല്ലുവിളിയായിരുന്നു.ഒരിടവേളയ്ക്കു ശേഷം നസ്രാണിക്കുന്നിലെ പറങ്കിമാവിന്‍ കാട്ടിലേക്കു തന്നെ ആക്രമണം അഴിച്ചുവിട്ടു. മേലഴിയത്തെ ഒട്ടുമിക്ക കുട്ടികളും നസ്രാണിക്കുന്നില്‍ നിന്ന് പറങ്കിയണ്ടി കക്കും. ചെറുകിട മോഷണം. പ്രബലരായ അണ്ടിക്കള്ളന്‍മാരും ഉണ്ടായിരുന്നു. അവര്‍ നസ്രാണിക്കുന്നും അതിനടുത്തുള്ള കാടുകളും കീഴടക്കി അയല്‍ഗ്രാമങ്ങളിലെ പറങ്കിമാവിന്‍ കാടുകളിലും വീട്ടുപറമ്പുകളിലും വരെ കയറി അണ്ടി കക്കും.
 
ഉണ്ണിക്കാടെ പറമ്പില്‍നിന്ന് അണ്ടി പൊട്ടിച്ച് ഉണ്ണിക്കാടെ പീടികയില്‍ തന്നെ കൊണ്ടുപോയി വില്‍ക്കുന്ന വിരുതന്‍മാരുണ്ടായിരുന്നു. സ്വന്തമായി വീട്ടില്‍ ഒരു പറങ്കിമാവിന്‍തൈ പോലും ഇല്ലാത്തവര്‍ എല്ലാ ആഴ്ചയിലും രണ്ടും മൂന്നും കിലോ അണ്ടി വില്‍ക്കാന്‍ കൊണ്ടുവരുന്നതു കാണുമ്പോള്‍ ഉണ്ണിക്കയ്ക്ക് കാര്യം മനസ്സിലാകും. 'ന്റെ കുട്ട്യോള് ന്റെ പറമ്പിന്നന്നെ അണ്ടി പൊട്ടിച്ച് ന്റട്ത്ത് തന്നെ കൊണ്ടന്ന് വിറ്റ് സഹായിക്കാണ്.' എന്ന് ഉണ്ണിക്ക പാതി കളിയായും പാതി കാര്യമായും പറയും. സുധിയും സന്ദീപും നയിക്കുന്ന അണ്ടിക്കള്ളന്‍മാരുടെ പ്രബലസംഘത്തില്‍ സ്ഥിരാംഗത്വം ലഭിച്ചതോടെ അണ്ടിവേട്ട പ്രധാന ധനസമ്പാദന മാര്‍ഗമായി. ക്രിക്കറ്റ് ബോള്‍ വാങ്ങാനും സായിപ്പ്ക്കാന്റെ പീടികയില്‍ നിന്ന് പൊറാട്ട തിന്നാനുമായിരുന്നു ആദ്യമൊക്കെ അണ്ടി കട്ടിരുന്നത്. പിന്നെയത് സിനിമ കാണാന്‍ വേണ്ടിയായി.താമിക്കും മകന്‍ കുഞ്ഞുണ്ണിക്കുമാണ് നസ്രാണിക്കുന്നിന്റെ നോട്ടച്ചുമതല. താമി മുത്തപ്പന്റെ പൂര്‍വികരെ പണ്ടേതോ സായിപ്പ് നോക്കാനേല്‍പ്പിച്ചു പോയതാണെന്നാണ് കേട്ടുകേള്‍വി. നസ്രാണിക്കുന്നിന് അതിരുവേലികളില്ലായിരുന്നു. പാറകളും പറങ്കിമാവുകളും പച്ചപ്പും നിറച്ച് അതങ്ങനെ വിശാലമായി പരന്നുകിടന്നു.

നസ്രാണിക്കുന്ന് ആരുടെയെങ്കിലും മാത്രമാണെന്ന് തോന്നിയിരുന്നില്ല. അത് എല്ലാവരുടേതുമായിരുന്നു. നസ്രാണിക്കുന്നത്ത് എല്ലാ നേരവും ആളനക്കമുണ്ടാകും. രാവിലെയും വൈകുന്നേരവും മേലഴിയത്തു നിന്ന് ആനക്കര താഴ്ത്തേ സ്‌കൂളിലും മേലേ സ്‌കൂളിലും പോകുന്ന കുട്ടികളുടെ തിരക്കാണ് നസ്രാണിക്കുന്നില്‍. അവര്‍ പലപല സംഘങ്ങളായി കുന്നത്തുകൂടി ആടിപ്പാടി ഓടിക്കളിച്ച് പോകും. പകല്‍നേരം മുഴുവന്‍ പറങ്കിമാവിന്‍ തണലിലും കൊമ്പിലും വന്നു കിടന്ന് നേരം പോക്കുന്നവരുണ്ടാകും. ചീട്ടുകളി സംഘങ്ങളുണ്ടാകും. വെയിലാറിയാല്‍ കുന്നത്തെ പാറപ്പുറത്ത് വെറുതേ വന്നിരിക്കുന്നവരില്‍ പല പ്രായക്കാരുണ്ട്. അവര്‍ അമ്മപ്പുഴ ഒഴുകുന്നതും നോക്കി പാറപ്പുറത്ത് കിടക്കും. ഇടയ്ക്ക് തീരെ ചെറിയ വലുപ്പത്തില്‍ പള്ളിപ്പടിയിലൂടെ ബസ്സു പോകുന്നതു കാണാം. ദൂരെ പുഷ്പക്കുന്നിലും പറക്കുളം കുന്നിലും പൊട്ടുപോലെ മനുഷ്യരൂപം കണ്ടാല്‍ ഉറക്കെ കൂവും. കൂവല്‍ അവര്‍ക്ക് കേള്‍ക്കില്ലെന്ന് അറിയാമെങ്കിലും തിരിച്ച് നസ്രാണിക്കുന്നിലെ പൊട്ടുമനുഷ്യരെ കണ്ട് അവരും തിരിച്ച് കൂവുന്നതായി സങ്കല്പിച്ചാണ് ഈ കൂവല്‍.

സൂര്യന്‍ ചുവപ്പുകാണിച്ച് പൊന്നാനിക്കടലില്‍ മറഞ്ഞ ശേഷം നസ്രാണിക്കുന്നില്‍ നില്‍ക്കുമ്പോള്‍ അറിയാത്തൊരു സങ്കടം വന്നു ചേരും. അമ്മപ്പുഴയെയും പെട്ടെന്ന് കാണാതാകും. സൂര്യവെളിച്ചം പോകുമ്പോള്‍ അമ്മപ്പുഴയ്ക്കും സങ്കടമാകുന്നുണ്ടാകും. പിന്നെയും കുറേ നേരം നസ്രാണിക്കുന്നില്‍ ചെറിയ വെട്ടമുണ്ടാകും. പിന്നെ ഇരുണ്ടുതുടങ്ങും. ചെറിയ കാറ്റു വീശും. കാറ്റിന്റെ തണുപ്പറിഞ്ഞ് പാറപ്പുറത്തിരിക്കുമ്പോള്‍ നസ്രാണിക്കുന്നിലേക്ക് നിലാവിറങ്ങി വരും. നക്ഷത്രങ്ങള്‍ തെളിഞ്ഞു തുടങ്ങും. കൈകള്‍ തലയിണയാക്കി പാറപ്പുറത്ത് മലര്‍ന്നുകിടന്ന് നോക്കുമ്പോള്‍ അത്രയുമാഴത്തിലൊരാകാശം. അതും നോക്കിയങ്ങനെ കിടക്കുമ്പോള്‍ പതിയെ ചുറ്റും നിലാവെളിച്ചം പടര്‍ന്നിട്ടുണ്ടാകും. ആ വെളിച്ചത്തില്‍ അമ്മപ്പുഴ പിന്നെയും തെളിഞ്ഞുവരും. വര്‍ഷാവസാനം പറങ്കിമാവുകള്‍ പൂത്തുതുടങ്ങിയാല്‍ സഞ്ചിയും തോട്ടിയുമായി താമിയും കുഞ്ഞുണ്ണിയും കുന്നു കയറും. പിന്നെ നാലഞ്ചു മാസം അവര്‍ നസ്രാണിക്കുന്നിന്റെ രാജാക്കന്‍മാരാകും.

താമിയും കുഞ്ഞുണ്ണിയും കാണാതെയാണ് അണ്ടിക്കള്ളന്‍മാരുടെ മോഷണ പരിപാടി. കുഞ്ഞുണ്ണ്യേട്ടന്‍ ചെറുപ്പമാണ്. നല്ല ആരോഗ്യമുണ്ട്. കുട്ടികള്‍ അണ്ടി കക്കുന്നതു കണ്ടാല്‍ പിന്നാലെ ഓടും. നിന്നില്ലെങ്കില്‍ കല്ലെടുത്ത് കൈയില്‍ പിടിച്ച് പിന്നാലെ ഓടും. ഓട്ടത്തിനിടയില്‍ 'നിന്നോ, അല്ലെങ്കി കാലുമ്മെ എറിഞ്ഞുവീഴ്ത്തും' എന്നു വിളിച്ചുപറയും. ഏറു പേടിച്ച് കുട്ടികള്‍ നില്‍ക്കും. ഏതു വീട്ടിലെയാണ് എന്നു ചോദിച്ച് വീട്ടുകാരോടു വിവരം പറയും എന്ന് കുഞ്ഞുണ്ണ്യേട്ടന്‍ ഭീഷണിപ്പെടുത്തും. പറയല്ലേ എന്നു കുട്ടികള്‍ കാലുപിടിച്ച് പറയും. ഇനി കക്കരുത് എന്ന് ഉപദേശിച്ച്, പോക്കറ്റിലുള്ള അണ്ടി വാങ്ങി സഞ്ചിയിലാക്കി കുഞ്ഞുണ്ണ്യേട്ടന്‍ സ്ഥലം വിടും. പിടിക്കപ്പെട്ടവര്‍ ആ ദിവസത്തേക്കു മാത്രം നന്നാകും. പിറ്റേന്നുമുതല്‍ പഴയ പണി തുടരും.

താമിക്ക് വയസ്സായി. പിറകെ ഓടാന്‍ പറ്റില്ല. അണ്ടി കക്കുന്നത് താമി കണ്ടുവന്നാലും കുട്ടികള്‍ക്ക് യാതൊരു കൂസലുമില്ല. അവര്‍ മോഷണം തുടരും. കണ്ണില്‍ കാണുന്നത്രയും അണ്ടി വേഗത്തില്‍ പൊട്ടിച്ചെടുക്കും. താമി തൊട്ടടുത്തെത്തിയാല്‍ മാത്രം പറങ്കിമാവില്‍ നിന്ന് ചാടിയിറങ്ങി ഓടും. തോട്ടി കഴുത്തിലിട്ട് വലിച്ച് പിടിച്ചുനിര്‍ത്താന്‍ താമി നോക്കും. കുട്ടികള്‍ ചിതറിയോടി രക്ഷപ്പെടും. പക്ഷേ ഒരിക്കല്‍ റഫീക്ക് താമി മുത്തപ്പന്റെ പിടിയില്‍ വീണു. അത് താമിയുടെ മിടുക്കല്ല. റഫീക്കിന് ഒരമളി പറ്റിയതാണ്. സ്ഥിരമായി ബാലമംഗളം വായിച്ച് ഡിങ്കന്റെ കടുത്ത ആരാധകനായിപ്പോയവനാണ് റഫീക്ക്. മായാവിയെക്കാളും കിഷ്‌ക്കുവിനെക്കാളും ഡിങ്കനെ സ്നേഹിച്ച റഫീക്ക്, തനിക്കെന്തെങ്കിലും അപകടം പിണഞ്ഞാല്‍ ഡിങ്കന്‍ വന്നു രക്ഷപ്പെടുത്തുമെന്നു തന്നെ വിശ്വസിച്ചു. പടര്‍ന്നുപന്തലിച്ച് സാമാന്യം ഉയരവും നല്ല കായ്ഫലവുമുള്ള ഒരു പറങ്കിമാവില്‍ ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുകയായിരുന്നു റഫീക്ക്. ട്രൗസറിന്റെ രണ്ടു പോക്കറ്റുകളിലും അണ്ടി നിറഞ്ഞിരുന്നു. ശേഷം മരക്കൊമ്പില്‍ ഒരു സഞ്ചി കൊളുത്തിയിട്ട് പരിസരം മറന്ന് റഫീക്ക് ആഘോഷപൂര്‍വ്വം അണ്ടിശേഖരണത്തില്‍ മുഴുകിക്കൊണ്ടിരിക്കുമ്പോഴണ് താമി മുത്തപ്പന്റെ വരവ്.

ദൂരെ നിന്നേ പറങ്കിമാവ് ഇളകുന്നതു കണ്ടാണ് താമി അങ്ങോട്ടു ചെന്നത്. പറങ്കിമാവിനു താഴെ വന്നുനിന്ന് നോക്കിയപ്പോഴതാ ഒരുത്തന്‍ തോട്ടിയും സഞ്ചിയുമടക്കമുള്ള സന്നാഹങ്ങളുമായി പറങ്കിമാവ് മുച്ചൂടും മുടുപ്പിച്ചു കൊണ്ടിരിക്കുന്നു. 'ഇറങ്ങിവാടാ' താമി മുത്തപ്പന്‍ പറഞ്ഞു. ഒന്നു നോക്കിയതല്ലാതെ റഫീക്ക് ഒന്നും പറഞ്ഞില്ല. പോക്കറ്റും സഞ്ചിയും നിറച്ച് അണ്ടിയാണ്. ഇറങ്ങിയോടാനും വയ്യ. എന്തു ചെയ്യണമെന്ന് ആലോചിച്ച് റഫീക്ക് മരക്കൊമ്പില്‍ തന്നെ ഇരുന്നു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും കേള്‍ക്കാതായപ്പോള്‍ താമി വലിയ തോട്ടി റഫീക്കിന്റെ കഴുത്തിനു നേരെ നീട്ടി. റഫീക്ക് പിന്നെ ഒന്നുമാലോചിച്ചില്ല. കണ്ണുകളടച്ച് തന്റെ ദൈവത്തെ മനസ്സില്‍ സ്മരിച്ചു. അടുത്ത നിമിഷം ഡിങ്കാ...എന്നു വിളിച്ച് രണ്ടു കൈകളും വായുവില്‍ നിവര്‍ത്തി പറങ്കിമാവില്‍ നിന്ന് പറന്നു. അപ്പോഴും ഒരു കൈയില്‍ അണ്ടി നിറച്ച സഞ്ചി മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.

ഭക്തന്റെ വിളികേട്ട് ശക്തരില്‍ ശക്തനും ധീരരില്‍ ധീരനുമായ രക്ഷകന്‍ പങ്കിലക്കാട്ടില്‍ നിന്നും നസ്രാണിക്കുന്നിലേക്ക് പറന്നിറങ്ങി ഇരുകൈകള്‍ കൊണ്ടും തന്നെ വാരിയെടുത്ത് രക്ഷിച്ചു കൊണ്ടുപോകുമെന്ന് റഫീക്ക് കരുതി. പക്ഷേ രക്ഷകന്‍ വിളി കേട്ടില്ല. റഫീക്ക് പറങ്കിമാവിന്റെ ഒന്നുരണ്ട് ചെറിയ കൊമ്പുകളോടെ താമിത്തന്തയുടെ മുമ്പില്‍ നിലം പതിച്ചു. പറങ്കിയണ്ടി ചുറ്റും ചിതറി. വീഴ്ചയില്‍ റഫീക്കിന്റെ കൈയൊടിഞ്ഞു. അതോടെ റഫീക്കിന് പുതിയ പേരു കിട്ടി. 'ഡിങ്കന്‍'. ആ വിളി അവനെ അരസികനാക്കിയില്ല. തനിക്ക് അപകടം പറ്റിയ നേരത്ത് ഡിങ്കന്റെ അത്ഭുതശേഷി എങ്ങനെയോ ക്ഷയിച്ചുപോയതാണെന്നും അല്ലെങ്കില്‍ ഉറപ്പായും വന്നു രക്ഷപ്പെടുത്തുമായിരുന്നെന്നും റഫീക്ക് വിശ്വസിച്ചു. അതോടെ ബാലമംഗളം വിശുദ്ധ ഗ്രന്ഥമായും ഡിങ്കന്‍ ദൈവമായും എലി വാഹനമായും കപ്പ വിശുദ്ധ ഭക്ഷണമായും കണക്കാക്കിപ്പോന്ന റഫീക്ക് മേലഴിയത്തെ ആദ്യകാല ഡിങ്കമത വിശ്വാസികളിലൊരാളെന്ന നിലയില്‍ പേരെടുത്തു. ക്രമേണ റഫീക്ക് എന്ന പേര് എല്ലാവരും മറക്കുകയും ഡിങ്കന്‍ എന്നത് റഫീക്കിന്റെ ഔദ്യോഗിക നാമധേയമായി മാറുകയും ചെയ്തു.

മുന്‍ ലക്കങ്ങള്‍ വായിക്കാം

Content Highlights: Cinema Talkies part Fourteen ; Malayalam cinema memories by NP Murali Krishnan