സിനിമ ടാക്കീസ് 5
 
മ്മുടെ ചിഹ്നം എന്നെഴുതി മുന്‍ തെരഞ്ഞെടുപ്പുകളിലെന്നോ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റേയും കൈപ്പത്തിയുടേയും ചിത്രം വരച്ചിട്ടിരുന്ന കുമ്മായം പൊടിഞ്ഞുപോയി മണ്‍കട്ട പുറത്തുവന്ന പീടികച്ചുമരിന്റെ പഴമയിലും പുതുതായി ഒട്ടിച്ച സിനിമാ പരസ്യം വഴിവക്കിലൂടെ പോകുന്നവരുടെ ശ്രദ്ധയാകര്‍ഷിച്ച് നിറഞ്ഞുനിന്നു. 
 
എടപ്പാളിലെയും കൂടല്ലൂരിലെയും കുറ്റിപ്പുറത്തെയും ടാക്കീസുകളിലെ പോസ്റ്ററുകളാണ് പരിസരത്തെ ചുമരുകളില്‍ സ്ഥാനം പിടിച്ചിരുന്നത്. പക്ഷേ അത് അത്ര അടുത്തൊന്നുമല്ല. എടപ്പാളിലെ ടാക്കീസുകളുടെ പോസ്റ്റര്‍ കാണണമെങ്കില്‍ മേലഴിയത്തുനിന്ന് നാലഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് പാലപ്രയിലോ കണ്ടനകത്തോ പോകണം. അല്ലെങ്കില്‍ അത്രതന്നെ ദൂരത്തുള്ള മൊതയങ്ങാടിയില്‍. കൂടല്ലൂര്‍ ശ്രീധറിലെയാണെങ്കില്‍ ആലുഞ്ചോട്ടില്‍ കുഞ്ഞുട്ടിക്കാന്റെ റേഷന്‍പീടികയുടെ മതിലിലും. അത്രയും ദൂരം നടന്നുചെന്ന് പോസ്റ്റര്‍ കാണുമ്പോഴത്തെ കൗതുകത്തിന് അതിരുകളില്ലായിരുന്നു. 
 
അമ്മ റേഷന്‍പീടികയില്‍ പോകാന്‍ പറയുമ്പോഴത്തെ സന്തോഷം അവിടെ ചുമരില്‍ രണ്ടു വശത്തായി ഒട്ടിച്ചിരിക്കുന്ന കുറ്റിപ്പുറം മീനയിലെയും കൂടല്ലൂര്‍ ശ്രീധറിലെയും പോസ്റ്ററുകളായിരുന്നു. പോസ്റ്ററില്‍ നോക്കി നടന്‍മാരോടും നടിമാരോടുമെല്ലാം വര്‍ത്തമാനം പറഞ്ഞാല്‍ അവരും തിരിച്ച് വിശേഷം ചോദിക്കും. ചിരിച്ചാല്‍ അതിലും സുന്ദരമായി ഇങ്ങോട്ടു നോക്കി ചിരിക്കും. എന്തു ഭംഗിയാണവര്‍ക്കെല്ലാം. ഈ സിനിമാ നടിമാരെയെല്ലാം കല്യാണം കഴിക്കണം. 
 
കുശലാന്വേഷണങ്ങള്‍ കഴിഞ്ഞ്, 'ഇനി അടുത്തയാഴ്ച കാണാം' എന്നു യാത്ര പറഞ്ഞ് നടന്നുതുടങ്ങിയാല്‍ കണ്ണില്‍നിന്ന് മറയുന്നതുവരെയും പോസ്റ്ററിലേക്ക് തിരിഞ്ഞുനോക്കും. തലയില്‍ അരിസഞ്ചിയുമേറ്റിയുള്ള തിരിഞ്ഞുനോക്കലില്‍ കഴുത്തു വേദനിക്കും. അതു കാര്യമാക്കാതെ നോട്ടം തുടരും. ഒരാഴ്ച കഴിഞ്ഞ് റേഷന്‍പീടികയില്‍ ചെല്ലുമ്പോള്‍ പഴയ പോസ്റ്ററിനു മീതേ പുതിയ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ടാകും. അടുത്തയാഴ്ച കാണാമെന്നു പറഞ്ഞവരെല്ലാം പുതിയ പോസ്റ്ററിന്റെ അടിയിലാണിപ്പോള്‍. പഴയ പോസ്റ്ററിനെ ഓര്‍ത്താല്‍ സങ്കടം വരും. ഒരിത്തിരി പോലും പുറത്തുകാണാതെ മുഴുവനായി മറച്ചാണ് പുതിയ പോസ്റ്ററിന്റെ നില്പ്. 
 
സിനിമ മാറ്റുന്ന ദിവസം പോസ്റ്ററൊട്ടിക്കുന്നയാളെ കണ്ടിരുന്നെങ്കില്‍ പഴയ പോസ്റ്ററെല്ലാം കീറിയെടുത്ത് വീട്ടില്‍ കൊണ്ടുപോകാമായിരുന്നു. പക്ഷേ അയാളെ കാണാറേയില്ല. പുതിയ പോസ്റ്ററിനടിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും ഉര്‍വശിയും രജനീകാന്തും വിജയകാന്തും സത്യരാജും ഖുശ്ബുവുമൊക്കെ ഞെരിഞ്ഞമരുന്നുണ്ടാകും. ഓര്‍ത്താല്‍ തന്നെ സങ്കടം വരും. ഒരിക്കല്‍ അമ്മവീടായ പൂക്കാട്ടിരിയിലേക്ക് പോകുമ്പോഴാണ് കണ്ണുകളിലാകെ വിസ്മയം നിറച്ച ആ കാഴ്ച കാണുന്നത്. ഇത്രയും നാളും അങ്ങനെയൊരു സംഗതി കണ്ടിട്ടില്ലായിരുന്നു. വളാഞ്ചേരി സ്റ്റാന്‍ഡിലേക്ക് ബസ്സുകള്‍ കയറുന്ന കവാടത്തിന്റെ ഇടതു മതിലിലാണ് അത്ഭുതം കാത്തുവച്ചിരുന്നത്. വളാഞ്ചേരി കാര്‍ത്തികയില്‍ ദിവസേന മൂന്നു കളികളെന്നെഴുതി വായില്‍ കയറുമായി മോഹന്‍ലാല്‍ കാറു കെട്ടിവലിക്കുന്ന വിഷ്ണുലോകം സിനിമയുടെ പടുകൂറ്റന്‍ പോസ്റ്റര്‍! 
 
സിനിമാ പോസ്റ്ററുകള്‍ക്കിത്രയും വലുപ്പമോ. പേപ്പറില്‍ എത്ര ചെറുതാണ്. ഇതുവരെ മൊതയിലും പാലപ്രയിലും ആലുഞ്ചോട്ടിലും ഒട്ടിച്ചുകണ്ട പോസ്റ്ററുകള്‍ക്കൊന്നും ഇത്ര വലുപ്പമില്ല. അതിന്റെ മൂന്നാലിരട്ടിയുണ്ട്. പോസ്റ്റര്‍ ഒന്നാകെ കീറിക്കൊണ്ടുപോയി ശ്രീകൃഷ്ണാ ടാക്കീസിന്റെ മുന്നില്‍ സ്ഥിരമായി ഒരു പ്രദര്‍ശനവസ്തു പോലെ വയ്ക്കണമെന്നു തോന്നി. ശ്രീകൃഷ്ണയില്‍ സിനിമ കാണാന്‍ വരുന്നവരെല്ലാം അതുകണ്ട് അത്ഭുതം കൂറട്ടെ. കണ്‍മുന്നില്‍ വളാഞ്ചേരി പട്ടണം പെട്ടെന്ന് വലുതായി. അവിടത്തെ ടാക്കീസുകളായ ശ്രീകുമാറും കാര്‍ത്തികയും ബബ്‌ലുവുമെല്ലാം വലിയ ലോകങ്ങളായി. അമ്മവീട്ടിലേക്കുള്ള യാത്രകളെല്ലാം പ്രിയപ്പെട്ടതായി. വളാഞ്ചേരി സ്റ്റാന്‍ഡില്‍ നിന്ന് പൂക്കാട്ടിരിയിലേക്കുള്ള ബസ്സിലിരിക്കുമ്പോള്‍ വീണ്ടുമതേ മട്ടിലുള്ള പോസ്റ്റര്‍ കാണുമെന്നുള്ള പ്രതീക്ഷയില്‍ വഴിവക്കിലെ മതിലുകളില്‍ തന്നെ നോക്കിയിരുന്നു.
 
വളാഞ്ചേരിയിലേതു പോലെ വലിയ പോസ്റ്റര്‍ പിന്നെ കാണുന്നത് തൃശ്ശൂരില്‍ നിന്നാണ്. അച്ഛനു ശ്വാസംമുട്ട് കൂടി തൃശ്ശൂര്‍ മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നപ്പോള്‍ തെക്കുംപറമ്പിലെ ഉണ്ണ്യേട്ടന്റെ കൂടെയാണ് തൃശ്ശൂരില്‍ പോകുന്നത്. ആദ്യത്തെ ദൂരയാത്ര. തൃശ്ശൂരിലെ മതിലുകളിലെല്ലാം നിറയെ സിനിമാ പോസ്റ്ററുകള്‍. എല്ലാം റിലീസ് പടങ്ങളുടേത്. അതും അടുത്തടുത്തായി ഒട്ടിച്ചിരിക്കുന്നു. മതിലില്‍ നിരനിരയായി പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് ആദ്യമായി കാണുകയായിരുന്നു. മേലഴിയത്തൊക്കെ ഒരു ടാക്കീസിലെ ഒറ്റ പോസ്റ്ററേ ഒട്ടിച്ചു കണ്ടിട്ടുള്ളൂ. റീലീസ് പടങ്ങളുടെ പോസ്റ്റര്‍ പേപ്പറിലല്ലാതെ കാണുന്നതും ആദ്യമായിട്ടായിരുന്നു. അടുത്തുള്ള ടാക്കീസുകളിലേക്കൊക്കെ പടമെത്തണമെങ്കില്‍ റിലീസായി നാലും അഞ്ചും മാസം കഴിയണം. 
 
ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കി. സര്‍ഗം, കമലദളം, ജോണിവാക്കര്‍, അഹം, മുഖമുദ്ര, സത്യപ്രതിജ്ഞ, മൈഡിയര്‍ മുത്തച്ഛന്‍, ഫസ്റ്റ്‌ബെല്‍.. എല്ലാം പുതിയ സിനിമകള്‍. അരികുജനാലകളെ സ്‌നേഹിച്ചു തുടങ്ങി. ഭൂമിയില്‍ വളാഞ്ചേരിയെക്കാള്‍ വലിയ ലോകമുണ്ടെന്നും അതിനു പേര് തൃശ്ശൂര്‍ എന്നാണെന്നുമുള്ള പുതിയ അറിവ് ആ ദിവസം കിട്ടി. അച്ഛന്‍ അസുഖമായി കിടക്കുന്നതുകൊണ്ടു മാത്രം ബസ്സിന്റെ സൈഡ് സീറ്റില്‍ ഇരുന്ന് റിലീസ് പടങ്ങളുടെ പോസ്റ്ററുകള്‍ കാണാനായതിലെ ഉത്ക്കടമായ ആനന്ദം ഉള്ളില്‍ തന്നെ സൂക്ഷിച്ചു. അല്ലെങ്കില്‍ ഇത്രയും വലിയ സന്തോഷം നാട്ടില്‍ ബസ്സിറങ്ങിയാലുടന്‍ കണ്ണില്‍കണ്ടവരോടെല്ലാം നടന്നു പറയേണ്ടതാണ്.
 
ബസ്സിലെ അരികു സീറ്റിലിരുന്നാല്‍ സിനിമാ പോസ്റ്ററിനൊപ്പം ചിലപ്പോള്‍ സിനിമാ ടാക്കീസും കാണാം. സിനിമാ പോസ്റ്റര്‍ കാണുന്നതിലെ പതിന്‍മടങ്ങ് സന്തോഷമാണ് ടാക്കീസ് കാണുന്നതിന്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ നിന്ന് വീട്ടിലേക്കുള്ള ബസ്സില്‍ കയറിയാല്‍ വലതുവശത്തെ സീറ്റിലിരിക്കുന്നത് മീനാ ടാക്കീസ് കാണാനാണ്. ഗേറ്റിനുള്ളിലൂടെ പകുതി കെട്ടിടവും അതിന്റെ നെറുകയില്‍ മീനാ ടാക്കീസ് എന്ന എഴുത്തും മുന്‍വശത്തെ ചുവരില്‍ ഒട്ടിച്ച പോസ്റ്ററും കാണാം. ഉച്ചയ്ക്കാണെങ്കില്‍ മീനയിലേക്ക് മാറ്റിനി കാണാന്‍ ആളുകള്‍ കയറിപ്പോകുന്നതും കാണാം, ഭാഗ്യവാന്‍മാര്‍. എടപ്പാള്‍ ഗോവിന്ദ ടാക്കീസ് റോഡുവക്കിലാണ്. ബസ്സിലിരുന്നാല്‍ നന്നായി കാണാം. നീളന്‍ കെട്ടിടം. രണ്ടു വശത്തും മൂന്നു വാതിലുകള്‍. മുന്‍ വശത്ത് ഓപ്പറേറ്ററുടെ റൂം. പുറത്ത് അതിനു മുകളിലാണ് ഗോവിന്ദയില്‍ കളിക്കുന്ന പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത്. ഭരതം കളിച്ചപ്പോള്‍ മോഹന്‍ലാല്‍ തംബുരു പിടിച്ച് കച്ചേരി അവതരിപ്പിക്കുന്ന പോസ്റ്ററായിരുന്നു. ജഗദീഷിനെ സൂചിവയ്ക്കുന്ന സീന്‍ ആയിരുന്നു ഇന്‍ ഹരിഹര്‍ നഗറിന്. മുകേഷും അശോകനും സിദ്ധിഖും ഗീതാ വിജയനും ചെറിയ വലുപ്പത്തില്‍ പോസ്റ്ററിലുണ്ട്.
 
ഭരതവും ഇന്‍ ഹരിഹര്‍ നഗറും ഗോവിന്ദയില്‍ നിന്നാണ് കണ്ടത്. ഭരതം കാണുമ്പോള്‍ അടുത്തിരുന്നവരെല്ലാം കരയുന്നു. അതുകണ്ട് ഞാനും കരഞ്ഞു. തീയിനു നടുവിലിരുന്ന് 'രാമഗഥ ഗാനലയം' പാടുമ്പോള്‍ മോഹന്‍ലാലിന് പൊള്ളില്ലേ എന്നതായിരുന്നു വലിയ ആവലാതി. തിരക്കു കാരണം ഗോവിന്ദയുടെ മുന്‍വരിയിലിരുന്നാണ് ഇന്‍ ഹരിഹര്‍ നഗര്‍ കണ്ടത്. ഗോവിന്ദയുടെ സ്‌ക്രീനില്‍ അന്ന് മുകേഷിനും സിദ്ധിഖിനും അശോകനും ജഗദീഷിനുമെല്ലാം സാമാന്യത്തിലധികം വണ്ണം തോന്നിച്ചു. ഭരതം കണ്ടതു പോലെയല്ല, അന്ന് ടാക്കീസില്‍ വലിയ ചിരിയായിരുന്നു. പെരുമ്പലത്തു നിന്ന് തൃത്താലയ്ക്ക് ബസ്സില്‍ പോകുമ്പോള്‍ വലതുവശത്ത് കൂടല്ലൂര്‍ ശ്രീധറും ഇടതുവശത്ത് തൃത്താല ബാബുവും കാണാം. രണ്ടും ഓല ടാക്കീസുകളാണ്. കൂട്ടക്കടവ് കഴിഞ്ഞാല്‍ ശ്രീധര്‍ ടാക്കീസ് കാണാനായി ബസ്സിന് പുറത്തേക്ക് തല നീട്ടിത്തുടങ്ങും. തൃത്താല ഹൈസ്‌കൂളാണ് ബാബുവിലേക്കുള്ള തലനീട്ടല്‍ തുടങ്ങാനുള്ള അടയാളം.
 
വീടിന്റെയടുത്ത് ആകെ ഒട്ടിക്കുന്നത് കുറ്റിപ്പുറം മീനയിലെ പോസ്റ്ററാണ്. മുട്ടായിയും അല്ലറചില്ലറ ചെറിയ സാധനങ്ങളും വില്‍ക്കുന്ന കുഞ്ഞിമാനിക്കയുടെ ചെറിയ ഓലപ്പീടികയുടെ ചുമരില്‍ കാര്‍ഡ് ബോര്‍ഡില്‍ കയറിട്ടു പിറകിലേക്ക് വലിച്ചുകെട്ടി അതിലാണ് പോസ്റ്ററൊട്ടിക്കുന്നത്. വ്യാഴാഴ്ച രാത്രി ശ്രീകൃഷ്ണയിലെ പോസ്റ്ററൊട്ടിച്ചു കഴിഞ്ഞാലുള്ള മറ്റൊരാകാംക്ഷയാണ് മീനയില്‍ നാളെ ഏതായിരിക്കും സിനിമയെന്നത്. ചിലപ്പോള്‍ ഒരേ സിനിമയായിരിക്കും രണ്ടു ടാക്കീസിലും കളിക്കുക. വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നാല്‍ മറ്റു ദിവസങ്ങളിലേതു പോലെ പായയുടെ കൈകള്‍ക്ക് പിന്നെയും ചടച്ചുകിടത്താന്‍ അവസരം കൊടുക്കാതെ ചാടിയെണീക്കും. വീട്ടില്‍ നിന്നാല്‍ വടക്കേ പറമ്പിലെ മരങ്ങള്‍ക്കും ചെടികള്‍ക്കും കാട്ടുപടര്‍പ്പുകള്‍ക്കുമിടയിലൂടെ കുഞ്ഞിമാനിക്കാടെ പീടികയിലെ പോസ്റ്ററിന്റെ ഒരു ഭാഗം കാണാം. കുറച്ചു നേരം അതില്‍ നോക്കിനിന്ന് ഏത് പടമാണ് ഒട്ടിച്ചിരിക്കുന്നതെന്ന് ഊഹിക്കും. പിന്നെ ഓടിപ്പോയി മാറിയ പടത്തിന്റെ പോസ്റ്റര്‍ കാണും. റോഡിലൂടെ ആരെങ്കിലും നടന്ന് അടുത്തെത്തുന്നതു വരെ പോസ്റ്ററില്‍ നോക്കിനില്‍ക്കും. അവര്‍ കണ്ടാല്‍ ഇതില്‍ എന്താണിത്ര നോക്കാനുള്ളത് എന്നായിരിക്കും ചോദ്യം. അതൊന്നും പറഞ്ഞാല്‍ നിങ്ങക്ക് മനസ്സിലാകില്ല എന്നു നാവില്‍ വരുമെങ്കിലും ഒന്നും പറയാതെ ഓടിപ്പോകും.
 
കുഞ്ഞിമാനിക്കയുടെ പീടികച്ചുമരില്‍ വ്യാഴാഴ്ച രാത്രി വരെ പഴയ സിനിമയായിരിക്കും. വെള്ളിയാഴ്ച രാവിലെ പുതിയ പോസ്റ്റര്‍! ആരായിരിക്കും ഈ അത്ഭുതപ്രവൃത്തിക്കു പിന്നില്‍. അയാളെ കണ്ടവരായി ആരുമില്ല. ചിലപ്പോള്‍ കണ്ടിട്ടുണ്ടാകുമെങ്കിലും ആരുമത്ര ശ്രദ്ധ കൊടുത്തിട്ടുണ്ടാകില്ല. അയാള്‍ അദൃശ്യനായി തന്നെ തുടര്‍ന്നു. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാവിലെ പോസ്റ്റര്‍ കാണാനായി റോഡില്‍ ചെന്നപ്പോള്‍ യാദൃശ്ചികമായി അയാളെ കണ്ടു. സാധാരണ ഇതിലും നേരത്തെ പോസ്റ്റര്‍ ഒട്ടിച്ചുപോകാറുള്ളതാണ്. അതല്ലെങ്കില്‍ തലേന്നു രാത്രി ഒട്ടിച്ചിട്ടുണ്ടാകും. അന്നെന്തോ വൈകിയതു കാരണമാണ് നേരില്‍ കാണാനായത്.
 
പോസ്റ്ററിനു പിറകില്‍ മൈദമാവു തേച്ച് പീടികച്ചുമരിലെ കാര്‍ഡ്‌ബോര്‍ഡ് ചതുരത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന അയാളുടെ പ്രവൃത്തി ആരാധനയോടെ നോക്കിനിന്നു. പോസ്റ്ററിന്റെ മറുപുറത്ത് പശ തേയ്ക്കുമ്പോള്‍ ഇപ്പൊ മറിക്കും, ഇപ്പൊ മറിക്കും മറുപുറം കാണും എന്ന ആകാംക്ഷയിലാണ് നോക്കിനില്‍പ്പ്. ഒട്ടിച്ചുതീര്‍ന്നാല്‍ മീനയിലെ പുത്തന്‍പടം കാണാം. ആകാംക്ഷ സഹിക്കാതെ പശ തേച്ചുകൊണ്ടിരുന്ന മനുഷ്യനോട് പേടിച്ചുപേടിച്ചാണെങ്കിലും ചോദിച്ചു. 'ഏതാ പടം?' അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടിക്കൗതുകത്തെ അയാള്‍ പരിഗണിച്ചു. 'വിജയകാന്തിന്റെ ക്യാപ്റ്റന്‍ പ്രഭാകരന്‍' ഹൊ! ഒരു മുതിര്‍ന്ന മനുഷ്യന്‍ ചെറിയ കുട്ടിയുടെ ചോദ്യത്തെ മാനിച്ചിരിക്കുന്നു. സിനിമയുടെ പേര് ചോദിച്ചപ്പോള്‍ നായകന്റെ പേരു കൂടി ചേര്‍ത്ത് പറഞ്ഞുതന്നിരിക്കുന്നു. തീര്‍ച്ചയായും അയാള്‍ വലിയ മനസ്സിന് ഉടമയായിട്ടുള്ള മഹാനാണ്. അയാള്‍ക്ക് സിനിമയെപ്പറ്റി എല്ലാം അറിയാമായിരിക്കും. 
 
പോസ്റ്ററൊട്ടിച്ച ശേഷം പശ നിറച്ച ചെറിയ ബക്കറ്റ് ഹാന്‍ഡിലില്‍ കൊളുത്തിയിട്ട് അയാള്‍ ധൃതിയില്‍ സൈക്കിള്‍ ചവിട്ടിപ്പോയി. ചങ്ങാത്തം കൂടാന്‍ ആഗ്രഹിച്ചെങ്കിലും അയാളെ പിന്നെ കാണാന്‍ കിട്ടിയില്ല. അയാള്‍ എപ്പോള്‍ വരുമെന്നും പോസ്റ്റര്‍ ഒട്ടിച്ചുപോകുമെന്നും അറിയില്ല. ചിലപ്പോള്‍ വൈകി വരും. അല്ലെങ്കില്‍ നേരത്തെ എപ്പോഴെങ്കിലും വന്ന് ഒട്ടിച്ചു പോയിട്ടുണ്ടാകും. പേരോ നാടോ ചോദില്ലെങ്കിലും അയാള്‍ വീരപുരുഷന്റെ രൂപം പ്രാപിച്ച് ഉള്ളില്‍ പടര്‍ന്നുപന്തലിച്ചു നിന്നു.
 
Content Highlights: Cinema Talkies part Five; Malayalam cinema memories by NP Murali Krishnan