സിനിമ ടാക്കീസ്‌- 15

രുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യമാസത്തില്‍ മലയാള സിനിമയുടെ കളക്ഷന്‍ ചരിത്രത്തെയും റിലീസ് സംസ്‌കാരത്തെയും മാറ്റിമറിച്ച് നായകസങ്കല്പങ്ങളുടെ പരിപൂര്‍ണതയെന്ന ടാഗ് ലൈനോടെ അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിച്ച സിനിമ പുറത്തിറങ്ങിയ അതേ വേളയിലാണ് കിന്നാരത്തുമ്പികള്‍ റിലീസായതും. ഇടക്കാലത്തെന്നോ നട്ടവെയില്‍ വന്ന് കേരളത്തില്‍ വറ്റിപ്പോയ നീലജലാശയത്തെ ഷക്കീലയും മറിയയും രേഷ്മയും സിന്ധുവുമെല്ലാം ചേര്‍ന്ന് പുതിയ സഹസ്രാബ്ദത്തില്‍ വീണ്ടെടുത്തു തരികയായിരുന്നു. റോഡു നീളെ ഇവരുടെ പടങ്ങള്‍. പത്രപ്പരസ്യങ്ങളിലും സിനിമാ മാസികകളിലും ഈ നായികമാരുടെ ആകര്‍ഷകമായ മേനിയും സദാ വികാരവിവശമായ മുഖവും നിറഞ്ഞു. നായികമാര്‍ പലരായിരുന്നെങ്കിലും കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ളയാളുടെ പേരില്‍ അറിയപ്പെടാനായിരുന്നു ഈ സിനിമകളുടെ നിയോഗം. അങ്ങനെ സിനിമാ മേഖലയിലെ ഈ പുതിയ ഉടലെടുപ്പിനെ കേരളീയര്‍ ഷക്കീലപ്പടങ്ങള്‍ എന്നു തുല്യം ചാര്‍ത്തി.

ക്ലാസ് വ്യത്യാസമില്ലാതെ ഷക്കീലപ്പടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ടാക്കീസുകള്‍ മത്സരിച്ചു. കുടുംബചിത്രങ്ങള്‍ മാത്രം കളിച്ച് പേരെടുത്ത ടാക്കീസുകള്‍ പോലും മറ്റു പടങ്ങള്‍ക്ക് കിട്ടാത്ത ആള്‍കൂട്ടത്തെ കണ്ട് ഷക്കീലപ്പടങ്ങളെ തങ്ങളുടെ പുണ്യപുരാതന കൊട്ടകയിലേക്ക് സ്വാഗതം ചെയ്തു. കേരളത്തിലെ ആബാലവൃദ്ധം ആണുങ്ങളും ഈ ഒറ്റവികാരത്തിനും പേരിനും മുന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നു. കാതര, തങ്കത്തോണി, മഞ്ഞുകാലപക്ഷി, രാക്കിളികള്‍, വേഴാമ്പല്‍, ലയതാളങ്ങള്‍, കാദംബരി എന്നിങ്ങനെ മലയാളിത്തം വഴിഞ്ഞൊഴുകിയ പേരുകളുമായി ഷക്കീലപ്പടങ്ങള്‍ കാണികളെ സ്വാഗതം ചെയ്തു. വിപ്ലവകരമായ ഈ സാമൂഹികമാറ്റത്തില്‍ ഭാഗഭക്കാകാതെ എങ്ങനെ തിളയ്ക്കുന്ന യുവരക്തമാകും! അസാധ്യം, അചിന്തനീയം. യുവാവാകുക തന്നെ. ഇറങ്ങിത്തിരിച്ചു.

ആദ്യമായി എ പടം കാണാന്‍ പോകുന്നതിന്റെ അങ്കലാപ്പും പേടിയും പരിഭ്രമവുമൊക്കെയുണ്ട്. ആരെങ്കിലും കാണുമോ? മേലഴിയത്തുനിന്ന് അധികം ദൂരെയല്ല എ പടം കളിക്കുന്ന ടാക്കീസ്. പരിചയക്കാര്‍ ആരെങ്കിലും ഉണ്ടാകുമോ. കണ്ടാല്‍ എന്താകും സ്ഥിതി! നാണക്കേട് ഉറപ്പ്. പക്ഷേ പടം കണ്ടേ തീരൂ. പടം കണ്ടാല്‍ സ്വയം വലിയ ആളായെന്ന തോന്നലുണ്ടാകും, കൂട്ടുകാര്‍ക്കിടയിലും വലിയ ആളാകാം. എന്തും വരട്ടേയന്ന ധൈര്യത്തില്‍, അതേസമയം ഒന്നും വരല്ലേ എന്ന പ്രാര്‍ഥനയില്‍ ആ സാഹസവൃത്തിക്ക് സ്‌കൂള്‍ സ്‌റ്റോപ്പില്‍നിന്ന് ബസ് കയറി. നാലാമത്തെ സ്‌റ്റോപ്പാണ്. പക്ഷേ ആ രണ്ടു കിലോ മീറ്റര്‍ അകലത്തിന് അന്ന് ആവശ്യത്തില്‍ കൂടുതല്‍ ദൂരം തോന്നിച്ചു. സമയം നീങ്ങുന്നില്ല. ബസ് ഇഴയുന്നു. സ്‌റ്റോപ്പ് എത്തുന്നില്ല. ടാക്കീസിന്റെ മുമ്പില്‍ സ്റ്റോപ്പുണ്ട്. അവിടെ ചെന്നിറങ്ങിയാല്‍ ആള്‍ക്കാര്‍ക്ക് കാര്യം മനസ്സിലാകും. അതുകൊണ്ട് അതു വേണ്ടെന്നുവച്ചു. 

ടാക്കീസിനു തൊട്ടു മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങി റോഡരികു ചേര്‍ന്നു നടന്നു. കഷ്ടി 200 മീറ്റര്‍ ദൂരമേയുള്ളൂ ടാക്കീസിലേക്ക്. പക്ഷേ അതെല്ലാം മൈല്‍ കണക്കിന് ദൂരമായി അനുഭവപ്പെട്ടു. വലിയ മനുഷ്യരാകാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ആ കൗമാര സംഘത്തില്‍ നാലു പേരാണുള്ളത്. അതില്‍ ഒരാള്‍ മുമ്പ് എ പടം കണ്ട് കഴിവു തെളിയിച്ചവനാണ്. പക്ഷേ, ധൈര്യമില്ലാത്ത മൂന്നു പേര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ പരിചയസമ്പന്നന്റെ ആത്മവിശ്വാസവും ചോര്‍ന്നു. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടയ്ക്ക് പിന്നിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടാണ് സംഘത്തിന്റെ നടത്തം. ആളുകളൊന്നും നോക്കുന്നില്ല. അവര്‍ക്കൊക്കെ അവരുടേതായ പണികളും തിരക്കുകളുമുണ്ട്. പക്ഷേ എല്ലാവരും തങ്ങളെത്തന്നെയാണ് നോക്കുന്നതെന്ന് ഓര്‍ത്ത് വ്യാകുലപ്പെടാനാണ് ആ നേരം നടത്തക്കാര്‍ക്കു തോന്നിയത്. തമ്മില്‍ ഒന്നും മിണ്ടാതെ, പരസ്പരം നോക്കുക പോലും ചെയ്യാതെ അവര്‍ നടന്നു. മണ്‍തരിയെ പോലും നോവിക്കാതെയുള്ള ആ നടത്തം ഒടുവില്‍ ടാക്കീസിനു മുമ്പില്‍ എത്തി നിന്നു.

ഇനി എന്തു ചെയ്യണമെന്നതില്‍ എല്ലാവരിലും ഒരുതരം അങ്കലാപ്പ് രൂപപ്പെട്ടു. ടിക്കറ്റ് കൊടുത്തു തുടങ്ങിയിട്ടില്ല. കൗണ്ടറില്‍ ഇടത്തരം ക്യൂവുണ്ട്. എല്ലാവരും മുതിര്‍ന്നവര്‍. ഗേറ്റിനകത്ത് കയറാതെ പാത്തും പതുങ്ങിയും റോഡരികില്‍ തന്നെ നിന്നു. സ്ഥിരമായി സിനിമയ്ക്ക് പോകുന്നതാണ്. എടപ്പാളിലെയും പൊന്നാനിയിലെയും തിരൂരിലെയും കുറ്റിപ്പുറത്തെയും കൂറ്റനാട്ടെയുമെല്ലാം ടാക്കീസുകളില്‍ പോകുന്നതാണ്. വരദയിലും പലതവണ വന്നിട്ടുള്ളതാണ്. പക്ഷേ ഈയൊരു വൈഷമ്യഘട്ടം മുമ്പൊന്നുമുണ്ടായിട്ടില്ല. മാത്രമല്ല, അതെന്തൊരു സന്തോഷമുളവാക്കുന്ന സംഗതിയാണ്. ഓരോ തവണ കയറിച്ചെല്ലുമ്പോഴും ആദ്യമായിട്ടാണെന്നൊരു പുതുമയാണ് തോന്നാറ്. പക്ഷേ ടാക്കീസ് ഗേറ്റിനകത്തേക്ക് കയറാനാകാതെ ഇത്തരമൊരു വിഷമസന്ധിയില്‍ പെട്ടു പോകുമെന്ന് കരുതിയതേയില്ല.

തെല്ലുനേരം കഴിഞ്ഞപ്പോള്‍ ഉയരുന്ന ഹൃദയമിടിപ്പുകളെ പതിഞ്ഞ താളത്തിലേക്ക് വലിച്ചിട്ടുകൊണ്ട് ആശ്വാസത്തിന്റെ മണി വരദ ടാക്കീസില്‍ മുഴങ്ങി. ആദ്യ എ പടത്തിന്റെ സൈറണ്‍. ഇനി കൗണ്ടറിലെത്തി ടിക്കറ്റ് എടുത്താല്‍ ടാക്കീസിലെ ഇരുട്ടിലേക്കു കയറാം. പിന്നെയൊന്നും പേടിക്കണ്ട. അവിടെ എല്ലാവരും അവരവരുടെ ലോകം രൂപപ്പെടുത്തി അതിനകത്തു തനിച്ചായിരിക്കും. അതുവരെ കാര്യങ്ങളെല്ലാം നേര്‍വഴി വന്നതിന്റെ സന്തോഷത്തില്‍ ഗേറ്റിനകത്തേക്കു കടന്നു. ആ നിമിഷം! ആ ഒരൊറ്റ നിമിഷം! അതുവരെയുള്ള ആശ്വാസങ്ങളെയെല്ലാം തല്ലിക്കെടുത്തി കക്ഷത്തൊരു കുടയും തിരുകി ആ മനുഷ്യന്‍ കൈയകലത്തില്‍ തൊട്ടുമുമ്പില്‍. മുഖാമുഖം. മേലഴിയത്തെ പാവത്താനായ, അധികമാരോടും ദീര്‍ഘമായി സംസാരിച്ചു കണ്ടിട്ടില്ലാത്ത മോഹനേട്ടന്‍. വിവാഹിതന്‍, രണ്ടു കുട്ടികളുടെ അച്ഛന്‍. കണ്ടാല്‍ ചിരിക്കുമെന്നല്ലാതെ മുമ്പ് അധികം മിണ്ടിയിട്ടില്ല. അന്നും മിണ്ടിയില്ല. ഗേറ്റിന് പുറത്തേക്കു പോകണോ, അകത്തേക്കു കയറണോ എന്ന് രണ്ടുപേരും ഒരുപോലെ ആശങ്കപ്പെട്ടു. പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നു. 

തേഡ് ക്ലാസ് ടിക്കറ്റെടുത്ത് കൂട്ടുകാര്‍ക്കൊപ്പം ടാക്കീസിലെ മുന്‍നിരയിലേക്ക് കയറി. അതിനിടെ മറ്റേതോ നിരയിലെ സീറ്റിലേക്ക് മോഹനേട്ടനും അപ്രത്യക്ഷനായിരുന്നു. മലയാള സിനിമ കനത്ത വാണിജ്യ പ്രതിസന്ധി നേരിടുന്ന കാലഘട്ടമായിരുന്നിട്ടുപോലും ആ സി ക്ലാസ് ടാക്കീസിലെ മാറ്റിനി ഷോയ്ക്ക് സാമാന്യം നല്ല ആളുണ്ടായിരുന്നു. സിനിമ കാണാനെത്തിയവരില്‍ പ്രായപൂര്‍ത്തിയാകാത്തവരായി അധികം പേരില്ലായിരുന്നു. ചെറിയ നാണക്കേടു തോന്നി. പ്രായപൂര്‍ത്തിയാകാത്ത ഞങ്ങളുടെ നിരയ്ക്കു പിറകില്‍ മൂന്നും നാലും തവണ പ്രായപൂര്‍ത്തിയായി കൈയില്‍ കുടയും വടിയും പിടിച്ച് പ്രതീക്ഷാനിര്‍ഭരമായ മുഖവുമായി വല്ല്യപ്പന്‍മാരുടെ വന്‍ പട. അതു കണ്ടപ്പോള്‍ ചിരി പൊട്ടി. ചിരി ആത്മവിശ്വാസത്തിനു വഴിമാറി. തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി എല്ലാവരും ഒരേസമയം കനത്ത മൗനത്തിലും ചിലര്‍ ധ്യാനത്തിലുമായി. ദീര്‍ഘനിശ്വാസം വിട്ടുണര്‍ന്നപ്പോള്‍ എല്ലാവരുടെയും മുഖത്ത് തെളിഞ്ഞ ഒരേ ഭാവത്തിലുള്ള പുഞ്ചിരിയില്‍ കാര്യമെന്തെന്ന് പരസ്പരം വായിച്ചെടുത്തു. ആ നേരം അവര്‍ ഷക്കീല ചേച്ചിയെ ധ്യാനിക്കുകയായിരുന്നു. 

ടാക്കീസിലെ വിളക്കുകള്‍ അണഞ്ഞു. സ്‌ക്രീനില്‍ എഴുത്തുകള്‍ തെളിഞ്ഞു. എ പടം കണ്ട് വലിയ മനുഷ്യരായി രൂപമാറ്റം സംഭവിക്കാന്‍ പോകുന്നവരും അനേകം തവണ ശരീരകാമനകള്‍ കണ്ട് അങ്ങേയറ്റം വിശുദ്ധരാക്കപ്പെട്ടവരുമായ രണ്ടു വിഭാഗം മനുഷ്യര്‍ പ്രതീക്ഷയോടെ സ്‌ക്രീനിലേക്ക് കണ്ണു നട്ടിരുന്നു. സ്‌ക്രീനില്‍ കറുത്ത പ്രതലത്തില്‍ മഞ്ഞ നിറത്തില്‍ കാത്തിരുന്ന പേര് തെളിഞ്ഞു. 'മാമി'. സാധാരണ പടങ്ങളിലേതു പോലുള്ള സംഭാഷണ ശകലങ്ങളും കഥാരംഭ സൂചനകളും തന്നെയായിരുന്നു മാമിയിലും. അല്ലെങ്കിലും തുടക്കത്തിലേ വലിയ സംഭവവികാസങ്ങളൊന്നും പ്രതീക്ഷിക്കുന്നതു ശരിയല്ലല്ലോ. വരട്ടെ, എല്ലാം പതിയെ വരട്ടെ. കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. അധികം സീനുകള്‍ കഴിയുന്നതിനു മുമ്പ് ആ രൂപം സ്‌ക്രീനില്‍ തെളിഞ്ഞു. ആദ്യമായി ആ ശരീരം സ്‌ക്രീനില്‍ കണ്ടിരിക്കുന്നു. വിശുദ്ധീകരണ ക്രിയകള്‍ ഇവിടെ ആരംഭിക്കുന്നു. പരിചയസമ്പന്നര്‍ ഷക്കീല ചേച്ചിയെ കണ്ട സന്തോഷത്തില്‍ പ്രത്യേക ശബ്ദം കേള്‍പ്പിച്ച് ചിരിച്ചു. എത്ര പിടിച്ചുവച്ചിട്ടും ഉള്ളിലൊതുക്കാനാകാതെ പുറത്തുചാടിയതാണ് ആ സവിശേഷ ശബ്ദവീചികള്‍. അവര്‍ കിന്നാരത്തുമ്പികള്‍ മുതല്‍ ഷക്കീലയുടെ ഒറ്റ പടവും വിടാതെ കാണുന്നവരും കൗമാരകാലത്ത് നീലക്കുയിലും ജീവിതനൗകയും രാരിച്ചന്‍ എന്ന പൗരനുമടക്കം കറുപ്പിലും വെളുപ്പിലുമുള്ള സകല ചലനചിത്രങ്ങളും കൊട്ടകയിലെ തറടിക്കറ്റിലിരുന്ന് കാണുകയും പില്‍ക്കാലത്ത് കുടുംബപ്രാരാബ്ധത്താല്‍ ആണ്ടിലോ ആവണിക്കോ ഒറ്റപ്പടം എന്ന നിലയിലേക്ക് സിനിമകാണല്‍ ചുരുങ്ങിപ്പോകുകയും ചെയ്തവരായിരിക്കണം. ഇപ്പോള്‍ ജീവിതസായാഹ്നത്തില്‍ മറ്റു തിരക്കുകളില്‍ നിന്നെല്ലാമകന്ന് മലയാള സിനിമയില്‍ പുതുതായി ഉടലെടുത്ത സവിശേഷമായ നീലരാശിയുടെ ചിറകിലേറി സിനിമാ ടാക്കീസുകളിലേക്കുള്ള പുന:പ്രവേശം ആഘോഷിക്കുകയാണ് ആ പ്രാചീനമനുഷ്യര്‍. രജിസ്റ്റര്‍ ചെയ്യാത്ത ഷക്കീല ഫാന്‍സ് അസോസിയേഷനിലെ മെമ്പര്‍മാരായ അവര്‍ സായംകാലത്ത് ജീവജലമേകിയ ദൈവികരൂപത്തെ ആവേശത്തോടെ വരവേല്‍ക്കുകയാണ്.

കഥ പറഞ്ഞ് മാമി മുന്നോട്ടുപോകുന്നതിനിടെ ഷക്കീലചേച്ചി എണ്ണതേയ്ക്കാന്‍ തുടങ്ങി. അതോടെ ഞങ്ങള്‍ പുതിയ കാണികളില്‍ നനുത്ത വികാരം മൊട്ടിട്ടു തുടങ്ങി. പാദം മുതല്‍ കാല്‍മുട്ടുവരെയും കൈകളിലും എണ്ണയിടലോടു എണ്ണയിടല്‍. അത് തീരുന്നേയില്ല. ശ്ശെ, ഇതെന്ത് പരിപാടി! നമ്മളും തേയ്ക്കാറുണ്ടല്ലോ എണ്ണ, ഇതെന്തൊരു തേയ്ക്കല്‍ എന്ന് ആദ്യകാഴ്ചക്കാരില്‍ അലോസരം. പരിചയസമ്പന്നര്‍ കൈയും കെട്ടിയിരുന്ന് ഗൗരവത്തില്‍ സിനിമ കാണുന്നു. ഷക്കീലചേച്ചി കുളിക്കാന്‍ കയറി. കാണികളില്‍ വീണ്ടും പ്രതീക്ഷയേറി. സ്റ്റൂളില്‍ ഇരുന്ന് ഒന്നുരണ്ടു തവണ ദേഹത്ത് വെള്ളമൊഴിച്ച ശേഷം ഒരു പയ്യനെ വിളിക്കുന്നു. 'ആ ഇപ്പൊ തുടങ്ങും' എന്ന ഭാവത്തില്‍ ഞങ്ങളും. പയ്യന്‍ വന്ന് വെള്ളം കോരിയൊഴിക്കാന്‍ തുടങ്ങി. അതങ്ങനെ കുറച്ചു കപ്പായി. പയ്യനോട് പുറം തേച്ചുകൊടുക്കാന്‍ ഷക്കീലചേച്ചി പറഞ്ഞു. മൂന്നാമതും പ്രതീക്ഷയായി.

അവന്‍ പുറം തേച്ചുകൊടുക്കാന്‍ തുടങ്ങി. അതോടെ ഷക്കീല ചേച്ചി വികാരവതിയായി. കാണികളില്‍ വീണ്ടും പ്രതീക്ഷ. പക്ഷേ, അത്രമേല്‍ തരളിതയായിട്ടും ചേച്ചി പയ്യനെ മറ്റൊന്നിനും പ്രേരിപ്പിക്കുന്നില്ല. വല്ലാത്തൊരു ചെയ്ത്ത്! പയ്യന്‍ വീണ്ടും കപ്പില്‍ വെള്ളം നിറയ്ക്കുന്നു, ഒഴിക്കുന്നു, പുറം തേയ്ക്കുന്നു. വേറെയൊന്നും സംഭവിക്കുന്നില്ല. ഇതെന്തൊരു കുളി, നമ്മളും കുളിക്കാറുണ്ടല്ലോ! ഇനിയും ഉരച്ചാല്‍ പുറത്തെ തൊലിപൊട്ടി ചോര വരുമല്ലോ, ഇവര്‍ക്ക് കുളിയെന്നാല്‍ പുറത്ത് വെള്ളം നനയ്ക്കുക എന്ന കര്‍മ്മം മാത്രമാണോ..! കാണികളെ, അതും കളങ്കമേശാത്ത നവംനവങ്ങളായ ഈ കൗമാരകാണികളെ ഇങ്ങനെ പരീക്ഷിക്കണോ ചേച്ചീ.. നിരാശയില്‍ കാടുകയറിപ്പോയ ചിന്തകളില്‍ വെളിച്ചം പകര്‍ന്ന് മാമിയുടെ ഇടവേളയായി.

മൂത്രമൊഴിക്കാന്‍ തോന്നിയെങ്കിലും പുറത്തിറങ്ങിയില്ല. മോഹനേട്ടനും ഇനി വീട്ടീല്‍ ചെന്നിട്ടായിരിക്കും മൂത്രമൊഴിക്കുക. ഇനി ഈ ടാക്കീസെങ്ങാനും ഇടിഞ്ഞുപൊളിഞ്ഞു വീഴുമോ എന്നായി അടുത്ത ആശങ്ക. അങ്ങനെയെങ്കില്‍ എ പടം കാണാന്‍ വന്നതാണെന്ന് എല്ലാവരുമറിയും. എങ്ങനെ മരിച്ചുവെന്ന് വിശദീകരിക്കുമ്പോള്‍ പടിഞ്ഞാറങ്ങാടി വരദയില്‍ സിനിമ കാണാന്‍ പോയി ടാക്കീസ് തകര്‍ന്നുവീണിട്ടായിരുന്നു എന്ന് ആള്‍ക്കാര്‍ പറയും. ആ നേരം പരസ്പരം പറയില്ലെങ്കിലും പിന്നീട് ആള്‍ക്കാര്‍ ഒറ്റയ്ക്കാകുമ്പോള്‍ വരദയില്‍ കളിച്ചിരുന്ന പടത്തെപ്പറ്റി ആലോചിക്കും, 'ഉം..എ പടം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു അവന്റെ അന്ത്യം. സുഖമരണം. ഇങ്ങനെ വേണം, മരണമായാല്‍'. പക്ഷേ ഇവിടെ നേരവസ്ഥയിലോ, ഇന്റര്‍വെല്‍ വരെ എണ്ണയിടലും പുറംതേയ്ക്കലും മാത്രം. കഷ്ടപ്പെട്ടു വന്ന് പ്രത്യേകിച്ചൊന്നും കാണാന്‍ കഴിയാത്തതിലെ അതിയായ നിരാശ മനസ്സിലാക്കിയെന്നോണം 'എല്ലാം ഇന്റര്‍വെലിനു ശേഷമാണ് മോനേ' എന്ന് കൂട്ടത്തിലെ പരിചയസമ്പന്നന്റെ പറച്ചില്‍. അത് കേട്ടപ്പോള്‍ വീണ്ടും പ്രതീക്ഷയായി. 

ഇടവേളയ്ക്കു ശേഷമാകട്ടെ എണ്ണയിടല്‍ പോയിട്ട് ഒരു എണ്ണക്കുപ്പി പോലും സ്‌ക്രീനില്‍ വന്നില്ല. കുളി കഴിഞ്ഞ് ഷക്കീല ചേച്ചി ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം കുടുംബ കലഹത്തിനും സ്വത്ത് കൈക്കലാക്കാനും പ്രതികാരത്തിനുമായി ഇറങ്ങിപ്പുറപ്പെട്ടു. പ്രതീക്ഷയറ്റ് രണ്ടാം പകുതി കണ്ടുകൊണ്ടിരിക്കുന്നവരുടെ മുന്നിലേക്ക് 'എനിക്ക് സി.ബി.ഐ പടത്തില്‍ മാത്രമല്ലടാ ഇവിടെയുമുണ്ടെടാ പിടി' എന്ന് പ്രതാപചന്ദ്രന്റെ മാരക എന്‍ട്രിയും. പിന്നെ അദ്ദേഹത്തിന്റെ കഥാപാത്ര വിശദീകരണവും കുടുംബകലഹവും ക്വട്ടേഷനും പോര്‍വിളിയും അടിയും ഇടിയും വെടിയും ഒടുക്കം അങ്ങേരുടെ പുകയും കണ്ടതോടെ പടം തീര്‍ന്നു. വചനമുണ്ടാകുന്നതിനും മുന്‍പത്തെ കനത്ത ഏകാന്തതയും നൈരാശ്യവും പിടികൂടിയ നാലു കൗമാരക്കാര്‍ വരദ ടാക്കീസിന്റെ മുന്‍നിരയിലെ കസേരക്കൈ ഊന്നാക്കി താടിയില്‍ കൈകൊടുത്ത് ഇരുന്നു. പിറകിലെ കാണികളെല്ലാം തിരക്കിട്ട് ഇറങ്ങിപ്പോയിരുന്നു. വല്ലാത്ത അപശബ്ദത്തോടെ ടാക്കീസില്‍ മുഴങ്ങിയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ എഴുതിക്കാണിച്ചു കൊണ്ടിരുന്നു. പശ്ചാത്തലസംഗീതം നിലച്ച് അവസാന പേരും സ്‌ക്രീനിനു മുകളിലേക്കു കയറിപ്പോയി. ഒരു കാണിയും ഇനി ടാക്കീസില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കി എണീറ്റ് പുറത്തേക്ക് നടന്നു.

മുന്‍ ലക്കങ്ങള്‍ വായിക്കാം

Content Highlights: Cinema Talkies part Fifteen ; Malayalam cinema memories by NP Murali Krishnan