സിനിമ ടാക്കീസ് 18
വേരുകള്‍ ഇല്ലാതാകുന്നത് മനുഷ്യന് സ്വത്വം നഷ്ടപ്പെടുന്നതു പോലെത്തന്നെയാണ്. മണ്ണില്‍ തൊടാനാകാതെയും ആകാശത്തെ എത്തിപ്പിടിക്കാനാകാതെയും അലയുന്ന മാതിരിയൊരു തോന്നല്‍. എത്ര ഇല്ലായ്മ മുഖത്തു തേച്ചു കാണിച്ചാലും ആഴത്തിലുറച്ച വേരായിരുന്നു മേലഴിയം. അതാണ് പിഴുതു മാറ്റപ്പെട്ടത്. അതിനു പകരമാകില്ല മറ്റൊരു നാടും. തിപ്പലശ്ശേരി ജന്‍മനാടെന്ന പോലെ പരിഗണിച്ചു. എങ്കിലും അറ്റുപോയ വേരുകള്‍ പുതിയ മണ്ണില്‍ വിളക്കിച്ചേര്‍ക്കാനാകില്ലെന്ന് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തി. ആ തിരിച്ചറിവില്‍ മണ്ണില്‍ കാലുറയ്ക്കാതെ നടന്നു.ഒടുക്കം വേരിലേക്കും മണ്ണിലേക്കും മടങ്ങിപ്പോകാന്‍ വേണ്ടിയാണ് മനുഷ്യന്റെ നട്ടംതിരിയലുകളെല്ലാം. മേലഴിയവും നടുവിലേടത്ത് പറമ്പും ഭൂതകാലത്തിലെ മുറിവുകളായിരിക്കുന്നു. ഇനി ഇടയ്ക്കിടെ ഓര്‍മ്മകളില്‍ വന്നത് തിക്കുമുട്ടിച്ചു ചോരപൊടിച്ചു കൊണ്ടിരിക്കും.
നിറയെ മരങ്ങളും പാറക്കൂട്ടങ്ങളും പറങ്കിമാവുകളും സദാ കാറ്റുമായി തിപ്പലശ്ശേരിയിലൊരു മുല്ലപ്പള്ളിക്കുന്നുണ്ടായിരുന്നു. കുന്നു കയറിപ്പോയാല്‍ കാടിനു നടുവില്‍ ഇടിഞ്ഞുപൊളിഞ്ഞ് പഴമയുടെ മണം പരത്തിയൊരു ശിവന്റമ്പലവും. കാടുപിടിച്ച അമ്പലമുറ്റത്തെ പേരാലിന്റെ ശാഖയിലൊന്നില്‍ തലചായ്ച്ചു കിടന്നാല്‍ പുറംലോകത്തുനിന്ന് താനേ അപ്രത്യക്ഷമാകും. ഒരൊച്ചയുമില്ലാതാകും. സ്വന്തം മുരടനങ്ങിയാല്‍ മാത്രം ശബ്ദമുണ്ടാകുന്നത്രയും ഘനഗംഭീരമായ മൗനം രൂപപ്പെടും. മേലഴിയം ഓര്‍മ്മയെ മുറിപ്പെടുത്തിത്തുടങ്ങിയാല്‍ മുല്ലപ്പള്ളിക്കുന്നു കയറാന്‍ തുടങ്ങും. ആവോളം തണുപ്പും മൗനവും പകര്‍ന്നുതന്ന് മുല്ലപ്പള്ളിക്കുന്ന് കൂട്ടിരുന്നു. എങ്കിലും അതിനൊരിക്കലും നസ്രാണിക്കുന്നിന് പകരമാകാനാവില്ലല്ലോ. കാലുകള്‍ നസ്രാണിക്കുന്നില്‍ അതിവേഗം ഓടിനടന്നു. പറങ്കിമാങ്ങ കടിച്ചുതിന്ന് ചിറിയിലൂടെ പഴഞ്ചാറ് ഷര്‍ട്ടിലേക്കൊഴുകി. കുന്നിന്‍ചെരിവിലെ കരിമ്പാറപ്പുറത്തിരുന്ന് അമ്മപ്പുഴയെ കൈകാണിച്ചു വിളിച്ചു. അതുകണ്ട് അമ്മപ്പുഴ ചിരിച്ചൊഴുകി. ആ ഒഴുക്കും നോക്കി പാറപ്പുറത്തു കിടന്നു. നിലാവ് പെയ്ത് നനഞ്ഞു.
പെരുമ്പിലാവ് കാസിനോയിലെ സെക്കന്റ് ഷോ യാത്രകളായിരുന്നു തിപ്പലശ്ശേരിയിലെ ആശ്വാസം. മണ്ണില്‍ വേരുറപ്പിച്ച കുറേ പച്ച മനുഷ്യരുണ്ടായിരുന്നു തിപ്പലശ്ശേരിയില്‍. അവരുടെ നൂറുനൂറു കഥകള്‍ കേട്ടാണ് രാത്രി പെരുമ്പിലാവ് കാസിനോയില്‍ സിനിമയ്ക്കു പോയിരുന്നത്. സിനിമാ ടാക്കീസിലേക്കു പോകാനുള്ള പതിവു മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പെട്ടെന്ന് തീരുമാനിക്കപ്പെട്ടുള്ള നടത്തങ്ങള്‍ രാത്രിയുടെ ഏകാന്തനീലയ്ക്കും തണുപ്പിനുമൊപ്പം കാസിനോയിലേക്ക് എത്തപ്പെട്ടുകൊണ്ടിരുന്നു.
നായന്‍മാരാലും നായന്‍മാരായി നടിച്ച തീയന്‍മാരാലുമാണ് തിപ്പലശ്ശേരിയിലെ പറയനും പുലയനും അടിമത്തം അനുഭവിക്കേണ്ടിവന്നത്. പരസ്യമായി ജാതി പറഞ്ഞും ജാതീയമായി വിവേചനം കാട്ടിയും താഴ്ന്ന വീടുകളില്‍ നിന്ന് വെള്ളം പോലും കുടിക്കാതെയും ചടങ്ങുകളില്‍ പങ്കെടുക്കാതെയും തരം കിട്ടുമ്പോഴെല്ലാം അവരുടെ മനോബലം തകര്‍ത്തുകൊണ്ടിരുന്നു. പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും രണ്ടുതരം മനുഷ്യരെന്ന വിഭജനമുണ്ടായി. രാഷ്ട്രീയത്തിലും കഷ്ടപ്പെട്ട് പഠിച്ച് സര്‍ക്കാര്‍ സര്‍വീസിലും ഇടം കണ്ടെത്തിയാണ് തിപ്പലശ്ശേരിയിലെ പുതിയ തലമുറ ഉന്നതജാതിയെന്ന് അഭിമാനം കൊണ്ടവരുടെ പറമ്പുകളില്‍ നിന്നും വിടുതി പ്രഖ്യാപിച്ചത്. ആരോടും പോരാടി ജയിക്കേണ്ടിയിരുന്നില്ല, സ്വയം തെളിയിക്കുക മാത്രമായിരുന്നു അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. അതിലവര്‍ വിജയം നേടി.
............................
ഫിലിം സൊസൈറ്റി, ഫിലിം ഫെസ്റ്റിവെല്‍ തുടങ്ങിയ വാക്കുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ഒരു നോട്ടീസ് കൈയില്‍ വന്നുചേര്‍ന്നു. തിപ്പലശ്ശേരിക്കടുത്തുള്ള പട്ടണത്തിലെ ഫിലിം സൊസൈറ്റിയുടെ വാര്‍ഷികമാണ്. വാര്‍ഷികത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവെല്‍ നടക്കുന്നുണ്ട്. ഉദ്ഘാടന ചിത്രം: 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍', ഡയറക്ടര്‍ മജീദ് മജീദി, രാജ്യം: ഇറാന്‍, ഭാഷ: പേര്‍ഷ്യന്‍, ദൈര്‍ഘ്യം: 108 മിനിറ്റ്. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന സിനിമാപ്പേരിനോട് പെട്ടെന്നൊരു ആകര്‍ഷണം തോന്നി. ഇറാനില്‍ നിന്നുള്ള സിനിമയാണ്. ഇറാനിലും സിനിമയുണ്ടെന്ന ആലോചനയുണ്ടായത് അപ്പോഴാണ്. ഇന്ത്യക്കു പുറത്തുനിന്ന് ഹോളിവുഡ് സിനിമകള്‍ മാത്രമാണ് ഇത്രയും കാലത്തെ സിനിമകാണലിനിടെ പരിചയപ്പെട്ടത്. അതിമാനുഷരും അതീന്ദ്രിയ ശേഷിയും ബഹിരാകാശവുമടങ്ങുന്ന അത്ഭുതങ്ങള്‍ കാണിച്ചുതന്ന ഹോളിവുഡ് ആയിരുന്നു സിനിമകാണലിന്റെ സ്വതന്ത്രകാലത്തെ ഏറ്റവും പാരമ്യത്തിലുള്ള കാഴ്ച. അതിനപ്പുറമുള്ളൊരു സിനിമാലോകത്തെപ്പറ്റി ചിന്തിക്കാനുള്ള സാമൂഹിക സാഹചര്യം എന്റെ ജീവിതപരിസരം ആര്‍ജ്ജിച്ചിരുന്നില്ല.
ഇറാനില്‍ മാത്രമല്ല, ലോകത്തെ എല്ലാ രാജ്യങ്ങളിലും സിനിമയുണ്ടാകും. പല ഭാഷ സംസാരിക്കുന്ന സിനിമകള്‍, പല സംസ്‌കാരങ്ങള്‍, മനുഷ്യര്‍, ജീവിതം, ആചാരങ്ങള്‍.. ആ നാടുകളിലെ ജീവിതം സിനിമ കാണിച്ചുതരും. സിനിമ തീര്‍ക്കുന്ന കൗതുകങ്ങള്‍ പിന്നെയും ഏറുകയാണല്ലോ.
ടൗണിലെ പാരലല്‍ കോളേജിനോടു ചേര്‍ന്നുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചെറിയ ഹാളിന്റെ ജനാലകളും വെളിച്ചം വരുന്ന വഴികളും പേപ്പര്‍ വച്ചു മറച്ചാണ് സിനിമാ പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നത്. മുപ്പതിനടുത്ത് ആളുകളുണ്ടായിരുന്നു സിനിമ കാണാന്‍. പരിചയക്കാരാരുമില്ല. എല്ലാവരും ഫിലിം സൊസൈറ്റിയിലെ സ്ഥിരാംഗങ്ങളായിരിക്കണം. ഇന്ത്യക്കു പുറത്തെ സിനിമ കണ്ടു പരിചയമുള്ളവര്‍. കുശലവര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നു മാറി ഒരു മൂലയിലെ കസേരയില്‍ ചെന്നിരുന്നു. ഇങ്ങനെയൊരു സിനിമാ പ്രദര്‍ശനവേദിയില്‍ ആദ്യമായിട്ടാണ്. ഇത് സിനിമകാണലിന്റെ മറ്റൊരു സംസ്‌കാരമാണ്. ആര്‍ഭാടങ്ങളോ അട്ടഹാസങ്ങളോ ആള്‍ത്തിരക്കോ ഇല്ല. പതിയെ സംസാരിക്കുന്ന, ഗൗരവക്കാരായ, എന്നാല്‍ മുഖത്ത് ചെറുപുഞ്ചിരി സൂക്ഷിക്കുന്ന കുറച്ച് മനുഷ്യര്‍. മറ്റൊരു ലോകം സാധ്യമാണെന്നതു പോലെ മറ്റൈാരു തരം സിനിമയും സാധ്യമാണെന്ന് അവര്‍ പറയുന്നു.
പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന സിനിമയെപ്പറ്റി ഒരു ലഘുപ്രഭാഷണം നടന്നു. ഫിലിം സൊസൈറ്റിയിലെ മുതിര്‍ന്ന അംഗമായിരുന്നു സിനിമയെ പരിചയപ്പെടുത്തിയത്. സിനിമ കണ്ട് തഴക്കം ചെന്ന കണ്ണുകളുള്ള ഒരു മനുഷ്യന്‍. വളരെ അനായാസമായി അയാള്‍ സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചും സംസാരിക്കുന്നു. മജീദ് മജീദിയെന്ന പേര് വീണ്ടും കേട്ടു. ലഘുഭാഷണം കഴിഞ്ഞതോടെ സിനിമ തുടങ്ങി. ചുമരില്‍ വലിച്ചുകെട്ടിയ അധികം വലുപ്പമില്ലാത്ത സ്‌ക്രീനില്‍ തെളിഞ്ഞ ചിത്രത്തില്‍ ഷൂസ് തുന്നിക്കൊണ്ടിരിക്കുന്ന കൈകള്‍ക്കൊപ്പം പരിചിതമല്ലാത്ത ഭാഷയില്‍ എഴുത്തുകള്‍ തെളിഞ്ഞു.
സിനിമ പതിയെ മുന്നോട്ടുപോയി. അതുവരെ കണ്ടുപരിചയിച്ച സിനിമകള്‍ക്കില്ലാത്തൊരു ചിത്രഭാഷയായിരുന്നു ആ സിനിമയ്ക്ക്. പരീക്ഷണാര്‍ഥം കയറി പൊടുന്നനെ അതിന്റെ ലാളിത്യത്തില്‍ അകപ്പെട്ടു. പരിസരത്തെ ഒരിലയനക്കവും അറിഞ്ഞില്ല. മറ്റു കാണികളും അതീവ ഗൗരവത്തില്‍ സിനിമ കണ്ടുകൊണ്ടിരുന്നു. അങ്ങനെയുള്ള കാണികള്‍ പുതിയ അനുഭവമായിരുന്നു. ഉറക്കെ ചിരിച്ചും കരഞ്ഞും സിനിമയിലെ സംഭാഷണത്തിനൊപ്പം വര്‍ത്തമാനം പറഞ്ഞും കഥ മുന്‍കൂട്ടി പറഞ്ഞും ശീലിച്ച കാണികളെയാണ് പരിചയം. ടെഹ്‌റാന്‍ നഗരപ്രാന്തത്തിലെ നരച്ച കെട്ടിടങ്ങള്‍ക്കിടയിലൂടെ ഷൂസുകള്‍ മാറ്റിയിട്ടുകൊണ്ട് സാഹ്‌റയും അലിയും സ്‌കൂളിലേക്ക് ഓടി. പിഞ്ഞിക്കീറിയ ഷൂസും അവരുടെ ദൈന്യതയും കണ്ട് കണ്ണു നിറഞ്ഞു. ഓട്ടമത്സരത്തില്‍ മൂന്നാം സ്ഥാനക്കാരനുള്ള സമ്മാനമായ ഒരു ജോടി ഷൂ കിട്ടണമെന്നുള്ള അലിയുടെ ആഗ്രഹത്തിനൊപ്പം മനസ്സു ചേര്‍ത്തു. അലിയുടെ ആഗ്രഹം സഫലമായില്ലെന്നു കണ്ടപ്പോള്‍ അവന്റെയൊപ്പം കരഞ്ഞു.
കുട്ടികളുടെ കൗതുകങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകളില്ലെന്ന് ഓര്‍മ്മപ്പെടുത്തി ഒരു കൂട്ടം കാണികളെ കാഴ്ചയുടെ പുതിയ വിതാനത്തിലേക്കു ചേര്‍ത്തിട്ട് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ പ്രദര്‍ശിപ്പിച്ചു തീര്‍ന്നു. തൃപ്തിയുടെ മുപ്പതു മുഖങ്ങള്‍ ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് ഇറങ്ങിവന്നു. ചെറിയ സന്തോഷങ്ങളും ദു:ഖങ്ങളും കൊണ്ട് തീര്‍ത്ത തീരെ നേര്‍ത്തൊരു നൂലിഴയാണ് ജീവിതം. അതിലെ നിഷ്‌കളങ്കത തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ മനുഷ്യര്‍ക്കുള്ളൂ. അതു തിരിച്ചറിയുമ്പോഴാണ് ഒരു ജോടി ഷൂസോ ഒരു വര്‍ണമത്സ്യമോ അത്യധികം ആനന്ദമനുഭവിപ്പിക്കുന്നതും അതു ജീവിതമായി മാറുന്നതും.
ഇറാനില്‍ നിന്നുള്ള ആ മനുഷ്യന് എന്തോ മാന്ത്രികതയുണ്ട്. മജീദ് മജീദി! ആ പേര് ഇനി മറക്കാനിടയില്ല. കൈവിട്ടു പോകാത്തൊരു കുട്ടിമനസ്സ് അയാള്‍ സൂക്ഷിക്കുന്നുണ്ടായിരിക്കും. വര്‍ണമത്സ്യങ്ങളേയും മഴവില്ലിനേയും കുട്ടിക്കൗതുകത്തോടെ ആ മുതിര്‍ന്ന മനുഷ്യന് ആസ്വദിക്കാനാകുന്നുണ്ടാകണം. മുതിര്‍ന്നവരുടെ സ്ഥായിയായ കനത്തുകെട്ടിയ ഗൗരവമുഖമായിരിക്കില്ല അയാളുടേത്. സാധാരണ മനുഷ്യന്‍ ഉള്ളില്‍ പേറുന്ന ധുരയും അഹന്തയും അയാളെ ഭരിക്കുന്നുണ്ടാകില്ല. മത്സരബോധം അയാളെ ബാധിച്ചിട്ടേയുണ്ടാകില്ല. ഇറാനാണ്, ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും ഏറെ കണ്ടിട്ടുള്ള നാടാണ്. മനുഷ്യജീവിതത്തിന്റെ വലുപ്പത്തെയും നശ്വരതയെയും പറ്റി അതീവ ബോധവാനായിരിക്കണം. ഏതു കോലാഹലങ്ങള്‍ക്കിടയിലും ഒറ്റയ്‌ക്കൊരു ആകാശച്ചുവട്ടിലിരുന്ന് സന്ധ്യകളെ നോക്കാന്‍ അയാള്‍ ശീലിച്ചിരിക്കണം.
ആയിരക്കണക്കിനു മൈലുകള്‍ക്കിപ്പുറത്തു നിന്ന് ആ മനുഷ്യനെക്കുറിച്ചു മാത്രമാണ് ഞാന്‍ ആലോചിക്കുന്നത്. പരസ്പരമറിയാത്ത രണ്ടു മനുഷ്യര്‍. അകലങ്ങളിലിരുന്ന് ഒരാള്‍ മറ്റെയാളെത്തന്നെ ഓര്‍ക്കുന്നു. അതു തന്നെയല്ലേ അയാളുടെ വലുപ്പം. അദ്ദേഹം ആരെക്കുറിച്ചായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നുണ്ടാകുക! ഒരുപക്ഷേ ലോകസിനിമ കാണാനുള്ള ചോദന നല്‍കിയ ആ മനുഷ്യനും എനിക്കുമിടയില്‍ തിരിച്ചറിയാത്തൊരു ഇഴയടുപ്പമുണ്ടായിരിക്കാം. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ പേരറിയാത്ത വിഷാദവും ആനന്ദവും കൊണ്ട് കണ്ണുകള്‍ നിറഞ്ഞിരുന്നു. അതുവരെ കണ്ട സിനിമകളെല്ലാം പിറകിലേക്കായി. ഇടതുതോളിലെ സഞ്ചിയില്‍ പിടുത്തമിട്ട് അരിയങ്ങാടിയിലൂടെ നടന്നു. അരി മാര്‍ക്കറ്റിലെ സ്ഥിരം ചായകുടി കേന്ദ്രമായ നായര്‍ ഹോട്ടലില്‍ എത്തി കൈയും മുഖവും കഴുകി കണ്ണാടിയില്‍ നോക്കിയപ്പോള്‍ അതില്‍ അതുവരെ കാണാത്തൊരു പുതിയ കാണി.
Content Highlights: Cinema Talkies part Eighteen ; Malayalam cinema memories by NP Murali Krishnan