സിനിമ ടാക്കീസ്- 8
 
ചെറുപ്പത്തിലേ അച്ഛന്‍ മരിക്കുകയെന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം പില്‍ക്കാല വളര്‍ച്ചയെ ആകെ ബാധിക്കും. അതിഭീകരമായ അനാഥത്വം വന്നു ചേരും. 'മുട്ടായി വാങ്ങിക്കോ' എന്നു പറഞ്ഞ് പത്തു പൈസ കൈയില്‍ തരാന്‍ ആരുമില്ലാത്ത അവസ്ഥ വരും. യാത്രകളോ സിനിമകളോ ഉണ്ടാവില്ല. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുമായി സഞ്ചാരം ഒതുങ്ങും. ആകെയൊരു അരക്ഷിതാവസ്ഥ പിടിപെടും. അതുമാറാന്‍ കുട്ടി അമ്മയോ അച്ഛനോ ആകുന്ന കാലം വരെ കാത്തിരിക്കേണ്ടി വരും.
 
കൂടുതല്‍ ഭക്ഷണമോ മാറിയുടുക്കാന്‍ തുണിയോ തരാന്‍ അമ്മയ്ക്ക് പാങ്ങില്ല. ഉടുക്കാനുള്ളത് മൂത്തവര്‍ക്ക് പാകമാകാതെ വരുമ്പോഴും പുസ്തകങ്ങള്‍ അവര്‍ പഠിച്ച് തീരുമ്പോള്‍ അവകാശം പോലെയും ഓരോ വര്‍ഷവും കൈമാറി കിട്ടും. ഉള്ള ഭക്ഷണം എട്ടു പാത്രങ്ങളിലായി പകുത്തുവയ്ക്കപ്പെടും. പോക്കറ്റ് മണിയെന്ന വാക്ക് വീട്ടില്‍ ജനിച്ചിരുന്നില്ല. കുഞ്ഞമ്മാമന്‍ പറഞ്ഞാണ് ആദ്യമായത് കേട്ടത്. അന്നത് കേട്ടപ്പോള്‍ എന്താണെന്ന് പിടികിട്ടിയില്ല. പോക്കറ്റ് മണി വേണോ, എന്നു കുഞ്ഞമ്മാമന്‍ ചോദിച്ചപ്പോള്‍ ഇഷ്ടപ്പെടാത്ത എന്തോ സാധനമായിരിക്കുമെന്നു കരുതി വേണ്ടെന്നു പറഞ്ഞു. 
 
സ്‌കൂളില്‍ പോകുമ്പോള്‍ പുസ്തകവും ഉച്ചക്കഞ്ഞിപ്പാത്രവും മാത്രമാണ് കൈയിലുണ്ടാകുക. പെന്‍സിലോ പറങ്കിയണ്ടിയോ അല്ലാതെ ചില്ലറപ്പൈസയൊന്നും പോക്കറ്റിലുണ്ടാകാറില്ല. ഇന്റര്‍വെലിനു വിട്ടാല്‍ കഴിവതും മുട്ടായിക്കടയ്ക്കടുത്തു പോകില്ല. കൈയില്‍ പൈസയുള്ള കൂട്ടുകാര്‍ ചിലപ്പോള്‍ മുളകുപൊടിയിട്ട പകുതിനാരങ്ങയോ ജ്യോതി മുട്ടായിയോ പുളിയച്ചാറോ പൊടിയച്ചാറോ പങ്കു തരും. അങ്ങനെ പൈസ തീര്‍ത്തും അന്യമായിരുന്ന പോക്കറ്റിനോടാണ് നസീമ ടീച്ചര്‍ ഒരു രൂപ ചോദിക്കുന്നത്. കഞ്ഞിക്കോ സ്റ്റാമ്പിനോ ആയി ചെറിയ ഫീസ് ചോദിക്കുമ്പോഴൊക്കെ എല്ലാവരും കൊടുത്തു തീര്‍ന്നാലും ഇനി ആരൊക്കെ കൊടുക്കാനുണ്ട് എന്ന ചോദ്യത്തിനു മുമ്പില്‍ 'നാളെ കൊണ്ടരാം' എന്നു പറഞ്ഞ് നാണക്കേടോടെ എഴുന്നേറ്റു നില്‍ക്കേണ്ടി വരാറുണ്ട്. ആ നാളെ എന്നത് നീളെ നീളെ എന്നാണെന്ന് ടീച്ചര്‍ക്ക് നന്നായറിയാം. അതുകൊണ്ട് അവരത് മുഖവിലയ്‌ക്കെടുക്കാറില്ല.
 
പക്ഷേ ഇപ്പോള്‍ നസീമ ടീച്ചര്‍ ചോദിച്ചിരിക്കുന്ന ഒരു രൂപ കഞ്ഞിക്കോ സ്റ്റാമ്പിനോ പരീക്ഷയ്‌ക്കോ ഒന്നുമല്ലായിരുന്നു. അത് എല്ലാവരും കൊടുക്കണമെന്നുമില്ല. താത്പര്യമുള്ളവര്‍ മാത്രം. സംഗതിയിതാണ്, സ്‌കൂളില്‍ സിനിമ കാണിക്കുന്നു. ഹൊ! സന്തോഷമേ, നീ എത്ര വേഗത്തിലാണ് ഓടിവന്ന് എത്താമരക്കൊമ്പിലേക്ക് ചാടിക്കയറിപ്പോകുന്നത്. വീട്ടില്‍നിന്ന് പൈസ കിട്ടുമോ എന്നതിന് യാതൊരുറപ്പുമില്ല. പക്ഷേ ഒന്നുമാലോചിക്കാതെ പേരു കൊടുത്തു. നസീമ ടീച്ചര്‍ അതിശയത്തോടെ നോക്കി. 'പേരു തരുന്നതൊക്കെ നല്ലത്, പൈസ കൊണ്ടുവരുന്നവര്‍ക്കേ സിനിമ കാണാന്‍ പറ്റൂ' എന്ന് എന്നെപ്പോലുള്ളവരെ ഉദ്ദേശിച്ച് പറഞ്ഞ ശേഷം പേരെഴുതിയെടുത്തിട്ട് ടീച്ചര്‍ ക്ലാസില്‍ നിന്നു പോയി. 
 
സ്‌കൂളു വിട്ടപാടേ ഇറങ്ങിയോടി. നസ്രാണിക്കുന്നിനോടുള്ള പതിവു വര്‍ത്തമാനത്തിനൊന്നും അന്നു നിന്നില്ല. നടന്നു തീരാത്തത്രയും ദൂരമുണ്ടായിരുന്നു മാവും പറങ്കിമാവും കരിമ്പാറകളും നിറഞ്ഞ നസ്രാണിക്കുന്നിന്. മരത്തില്‍ കയറിയും പാറപ്പുറത്തിരുന്നും മാങ്ങയ്‌ക്കെറിഞ്ഞും പറങ്കിയണ്ടി കട്ടു പൊട്ടിച്ചും ഓടിത്തൊട്ടു കളിച്ചും അന്നേരം തൂറാന്‍ മുട്ടുമ്പോള്‍ താഴെയുള്ള ഞാവല്‍ക്കാട്ടിലോ പടര്‍ന്നുപന്തലിച്ച ഇരുട്ടുള്ള പറങ്കിമാവിന്‍ചോട്ടിലോ ഇരുന്നു കാര്യം സാധിച്ച് നട്ട വേനലിലും വറ്റാത്ത എരുമത്തടത്തില്‍ ചന്തി കഴുകി വീണ്ടും വന്നു കളിച്ചും ഏറെ നേരമെടുത്തിട്ടാണ് കുന്നിറങ്ങാറ്. പക്ഷേ അന്നത്തെ വൈകുന്നേരം നസ്രാണിക്കുന്ന് മുന്നില്‍ തീരെ ചെറുതായി. ഒന്നും പറയാതെ ഇവനിതെങ്ങോട്ടാണ് ഓടിപ്പോകുന്നതെന്ന് നസ്രാണിക്കുന്നും പറങ്കിമാവുകളും അതിശയിച്ചു. എരുമത്തടത്തില്‍ കല്ലെറിയാനും കാലിട്ടു കളിക്കാനും നില്‍ക്കാതെ പോകുന്നതുകണ്ട് അതു തലയുയര്‍ത്തി പാഞ്ഞുപോകുന്ന കുട്ടിയെ നോക്കി.
 
സാധാരണ കുന്നുകളിലെ പാറപ്പുറത്ത് വറ്റാത്ത ജലാശയങ്ങളോ കുഴിയോ ഉണ്ടെങ്കില്‍ സീത കുളിച്ചതാണെന്നോ ഭീമന്റെ കാല്‍പാദം പതിഞ്ഞതാണെന്നോ ഉള്ള കെട്ടുകഥകളാല്‍ സമ്പന്നമാക്കപ്പെടാറുണ്ടല്ലോ. പിന്നെ തീര്‍ത്ഥം നുണയാന്‍ ഭക്തരുടെ പ്രവാഹമായിരിക്കും. ഭാഗ്യവശാല്‍ നസ്രാണിക്കുന്നിലെ എരുമത്തടത്തിന് അങ്ങനെയൊരു കഥയുടെ പിന്‍ബലമുണ്ടായില്ല. പ്രകൃതിയില്‍ സ്വാഭാവികമായുണ്ടാകുന്ന ഉയര്‍ച്ചതാഴ്ചയില്‍ അല്പം കുഴിഞ്ഞ ഭാഗത്ത് സദാ ഉറവുള്ള പ്രദേശമായി നസ്രാണിക്കുന്നത്തെ കുട്ടികളുടെ സൈ്വര്യവിഹാരത്തിനൊപ്പം അതങ്ങനെ ശാന്തമായി കിടന്നു. ആനമല മുതല്‍ കാറ്റാടിക്കടവു വരെ അന്നു കണ്ട വിശേഷങ്ങള്‍ പറഞ്ഞുതരാറുള്ള അമ്മപ്പുഴയോടും ഒന്നും പറയാന്‍ നില്‍ക്കാതെ കൈവീശി കാണിച്ചു ചിരിച്ചുകൊണ്ട് ഓടി. അതുകണ്ട് 'ഇതു പതില്ലാത്തതാണല്ലോ' എന്നമാന്തിച്ച് അമ്മപ്പുഴ പതിയെ മഴവില്‍ പാലത്തിനടിയിലൂടെ ചെമ്പിക്കലേക്കൊഴുകി.
 
കുന്നിറങ്ങി കുത്തനെ എറക്കമുള്ള എടോഴിയിലൂടെ ഓടി വീട്ടിലെത്തിയാണ് നിന്നത്. കിതപ്പിനിടെ സ്‌കൂളില്‍ സിനിമ കാണിക്കുന്ന കാര്യം അമ്മയോട് പറഞ്ഞു. ആ കിതപ്പും കണ്ണിലെ തിളക്കവും അമ്മയിലേക്ക് പടര്‍ന്നില്ല. യാതൊരു അത്ഭുതവും കാണിക്കാതെ നിന്ന അമ്മ പ്രത്യേകിച്ചൊരു മറുപടി പറഞ്ഞതുമില്ല. ചെയ്തുകൊണ്ടിരുന്ന അരിചേറല്‍ തുടരുകയും ചെയ്തു. അതുകണ്ട് പെട്ടെന്ന് മുഖം വല്ലാതായെങ്കിലും സിനിമ കാണുമെന്നു തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാല്‍ കൂടുതല്‍ നിരാശ പടര്‍ന്നില്ല. ഒരു രൂപയെന്ന വലിയ ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. സിനിമ കാണുമ്പോള്‍ തിന്നാന്‍ പുളിയച്ചാറോ പൊടിയച്ചാറോ വാങ്ങണമെന്ന അത്യാഗ്രഹവും അതിനുപിന്നാലെ ഉണ്ടായി. പിന്നീടുള്ള ദിവസങ്ങളില്‍ കുഞ്ഞുട്ടിക്കാടെ റേഷന്‍ പീടികയിലും ഉണ്ണിക്കാടെ പീടികയിലും പോകാന്‍ അതിയായ താത്പര്യം കാണിച്ചു. സാധനം വാങ്ങിയാല്‍ മിക്കവാറും അങ്ങോട്ടായിരിക്കും പൈസ കൊടുക്കാനുണ്ടാകുക. അങ്ങോട്ടു കൊടുക്കാനുള്ള പൈസയെഴുതി റേഷന്‍ കാര്‍ഡിന്റെ മൂലകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞിട്ടുണ്ട്. അതു വീണ്ടും നോക്കുമ്പോള്‍ എത്ര പൈസ തരാനുണ്ടെന്ന് കുഞ്ഞുട്ടിക്കായ്ക്കു തന്നെ സംശയം തോന്നും. ഉണ്ണിക്കാടെ പീടികയില്‍ നിന്ന് സാധനം വാങ്ങിയാല്‍ കടം പറയേണ്ടിവരികയല്ലതെ ഇങ്ങോട്ട് ബാക്കി തരികയെന്നൊരു രീതി ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ നോക്കിയാല്‍ ഈ പീട്യേപോക്കില്‍ നിന്ന് സിനിമ കാണാനുള്ള പൈസ കണ്ടെത്താന്‍ പാടാണ്. എങ്കിലും അതില്‍ തന്നെ ആശ വച്ചു. അല്ലാതെ വേറെ വഴിയില്ലല്ലോ. 
 
അപൂര്‍വമായി പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങളുടെ ഫലമായി കൈയില്‍ തടഞ്ഞ അഞ്ചും പത്തും പൈസകള്‍ പോക്കറ്റിലേക്കു മാറ്റി. ഒരാഴ്ചക്കാലത്തെ കഷ്ടപ്പാടിനൊടുവില്‍ ലക്ഷ്യത്തിലെത്തി. അങ്ങനെ തീവ്രമായി ആഗ്രഹിച്ച ആ ദിവസം വന്നെത്തി. സ്‌കൂളില്‍ പോകാന്‍ അത്രയും കാലം സവിശേഷ താത്പര്യമൊന്നും തോന്നിയിട്ടില്ല. പെട്ടെന്നൊരു ദിവസം സ്‌കൂളിന് ദിവ്യത്വം കൈവന്നു. ചോറ്റുപാത്രത്തിലെ ചില്ലറക്കിലുക്കത്തിന്റെ മേളത്തില്‍ ചെമ്പാപ്പന്റെ വീടിനു മുന്നിലെ എടോഴിയെയും നസ്രാണിക്കുന്നിനെയും ഓടിത്തോല്‍പ്പിച്ച് സ്‌കൂളിലെത്തി. ചെന്നപാടേ പൈസ നസീമ ടീച്ചറെ ഏല്‍പ്പിച്ചു. 'ആ ഇതിനൊക്കെ പെട്ടെന്ന് പൈസ കിട്ടുമല്ലേ' എന്ന് സ്റ്റാമ്പിന്റെയും പരീക്ഷാ ഫീസിന്റെയും നീണ്ടുപോകലുകളെ ഓര്‍മ്മിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു. ഇടഭിത്തികളില്ലാത്ത നീളന്‍ ഹാളിലെ ക്ലാസ് മുറികളെ പകുത്തിരുന്ന പരമ്പുകള്‍ മാറ്റി ജനാലകള്‍ കടലാസുകൊണ്ട് മറച്ച് ടാക്കീസു പോലെയാക്കിയാണ് സിനിമാ പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നത്. ഓരോ ഡിവിഷനിലെയും കുട്ടികളെ എണ്ണമെടുത്ത് അകത്തേക്കു കയറ്റിവിട്ടു. എല്ലാത്തിലും ഒന്നാമതെത്തണമെന്നു വാശിയുള്ള കുറേ കുട്ടികള്‍ മുമ്പിലേക്കു പാഞ്ഞ് ചുമരിനോടു ചേര്‍ത്തുകെട്ടിവച്ചിരുന്ന തുണിസ്‌ക്രീനിന്റെ നേരെ ചുവട്ടില്‍ തന്നെ പോയിരുന്നു. ബാക്കിയുള്ള കുട്ടികള്‍ അതിനു പിറകില്‍പിറകിലായി ഇരുന്നു.
 
നിലത്ത് ഇരിപ്പുറപ്പിച്ച ശേഷം പിറകിലേക്കു നോക്കിയപ്പോള്‍ സിനിമ കാണിച്ചുതരാനെത്തിയ മനുഷ്യനെയും സിനിമ കാണിക്കുന്ന യന്ത്രവും കണ്ടു. അയാള്‍ യന്ത്രത്തില്‍ എന്തോ തിരുപ്പിടിച്ചുകൊണ്ട് നില്‍ക്കുന്നു. ദൂരെനിന്നു കണ്ടപ്പൊഴേ സിനിമ കാണിച്ചുതരുന്ന മനുഷ്യനെ ഇഷ്ടമായി. അയാളുടെയടുത്ത് ഒരു വലിയ പെട്ടിയും സഞ്ചിയുമുണ്ടായിരുന്നു. അയാള്‍ യന്ത്രത്തില്‍ തിരിച്ച് എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് തുണിസ്‌ക്രീനില്‍ വെള്ളയും മഞ്ഞയും നിറത്തില്‍ അക്കങ്ങളും വരകളും മിന്നിമാഞ്ഞുപോയി. കുട്ടികളെല്ലാം കയറിക്കഴിഞ്ഞപ്പോള്‍ വാതിലുകളടച്ചു. ടീച്ചര്‍മാര്‍ ഏറ്റവും പിറകില്‍ ബെഞ്ചുകളില്‍ ഇരുന്നു. ഇരുട്ടില്‍ കുട്ടികള്‍ അപശബ്ദങ്ങളും വിക്രിയകളും കാട്ടി. വികൃതികള്‍ ഇടികൂടി കുത്തിമറിഞ്ഞു. സിനിമ കാണിച്ചുതരുന്ന മനുഷ്യന്‍ ഫിലിം റോള്‍ എടുത്ത് യന്ത്രത്തില്‍ ഘടിപ്പിച്ചു. അതിലാണ് സിനിമയുള്ളത്. ഫിലിം റോള്‍ യന്ത്രത്തില്‍ കയറ്റി കറക്കും. അപ്പോള്‍ മുമ്പിലെ തുണിസ്‌ക്രീനില്‍ സിനിമ വരും. കുറ്റിപ്പുറം മീനയില്‍ കണ്ട പൊടിതിന്നുന്ന വെളിച്ചക്കുഴലിനെ പ്രതീക്ഷിച്ച് പിറകോട്ടു നോക്കിയിരുന്നു. വെളിച്ചക്കുഴല്‍ വന്നു. തുണിയില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു. കുട്ടികള്‍ ബഹളം നിര്‍ത്തി. സിനിമയുടെ പേര് എഴുതിക്കാണിച്ചു.'സ്വന്തമെവിടെ ബന്ധമെവിടെ'. 
 
സിനിമ മുന്നോട്ടുപോയി. മോഹന്‍ലാല്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അധികം ഇടിയൊന്നുമില്ലാത്തതു കൊണ്ട് സിനിമ വലിയ രസം തോന്നിയില്ല. ആകെയുള്ളത് ലാലു അലക്‌സും മോഹന്‍ലാലും കൂടിയുള്ള ഒരു ഇടിയാണ്. എങ്കിലും മഞ്ചീരത്ത് വളപ്പിലെ ടീവിയിലേതിനേക്കാള്‍ വലുപ്പത്തില്‍ സിനിമ കാണാന്‍ കഴിഞ്ഞുവെന്നതിലെ സന്തോഷം. സിനിമാ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ സിനിമ കണ്ടവരെന്നും കാണാത്തവരെന്നുമുള്ള രണ്ടു സംഘങ്ങള്‍ സ്‌കൂളില്‍ രൂപപ്പെട്ടു. സിനിമ കാണാത്തവര്‍ക്കു മുന്നില്‍ കണ്ടവര്‍ ഹീറോകളായി. സിനിമയുടെ കഥപറച്ചിലും അനുഭവവിവരണവും ദിവസങ്ങളോളം നീണ്ടു. സിനിമ കാണിക്കുന്ന യന്ത്രത്തെപ്പറ്റിയും സംസാരമായി. കൂട്ടായ ചര്‍ച്ചയില്‍ നിന്ന് അതിന്റെ പേരും കിട്ടി, 'പ്രൊജക്ടര്‍'. എന്നാലും അതില്‍നിന്ന് സിനിമ സ്‌ക്രീനില്‍ വരുന്നത് എങ്ങനെയായിരിക്കുമെന്ന് എല്ലാവരും ഒരുപോലെ അത്ഭുതപ്പെട്ടു.
 
പിറ്റേ വര്‍ഷവും സിനിമയുമായി അയാള്‍ സ്‌കൂളില്‍ വന്നു. മുന്‍വര്‍ഷത്തേതു പോലെ കഷ്ടപ്പെട്ട് പൈസ സംഘടിപ്പിച്ച് നസീമ ടീച്ചറെ ഏല്‍പ്പിച്ചു. അക്കൊല്ലം കുട്ടികളെയെല്ലാം രസിപ്പിച്ച ഒരു ഗംഭീരന്‍ സിനിമയായിരുന്നു, അയാള്‍ കാണിച്ചുതന്നത്. 'നാടോടിക്കാറ്റ്'. സിനിമ കാണാന്‍ മുന്‍വര്‍ഷത്തേക്കാള്‍ കാണികളുമുണ്ടായിരുന്നു. ആര്‍ത്തുചിരിച്ചും കൈയടിച്ചും ആവേശത്തോടെ എല്ലാവരും സിനിമ കണ്ടു. എല്ലാവര്‍ക്കും സിനിമ നന്നായി ഇഷ്ടപ്പെട്ടു. തുടര്‍ന്നുള്ള ഇന്റര്‍വെല്‍ നേരങ്ങളെ നാടോടിക്കാറ്റ് സജീവമാക്കി. സിനിമ കഴിഞ്ഞ ഉടന്‍ ശോഭനയെ മനസ്സാ വരിച്ചിരുന്നു. കൂട്ടുകാരോട് നാടോടിക്കാറ്റിലെ കഥയും തമാശകളും ഇടിയും പറഞ്ഞു രസിക്കുമ്പോഴും ശോഭനയെപ്പറ്റി ഒന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പറഞ്ഞാല്‍ വേറെ പലര്‍ക്കും ശോഭനയോട് ഇഷ്ടമുണ്ടായിരിക്കും. അതു കേള്‍ക്കാന്‍ താത്പര്യമില്ല. ശോഭനയോടുളള ഇഷ്ടവും വൈശാഖസന്ധ്യേ പാട്ടും സ്വന്തം ഉടമസ്ഥാവകാശമായി കണ്ടുപോന്നു.
 
കാണാമറയത്തും ഏപ്രില്‍ 18 ഉം കണ്ടപ്പോള്‍ തൊട്ട് തുടങ്ങിയതാണ് ശോഭനയോടുള്ള പ്രണയം. ദൂരദര്‍ശനില്‍ ശോഭനയുടെ പടം ഉണ്ടെങ്കില്‍ കാണാന്‍ പോകാന്‍ പ്രത്യേക സന്തോഷമാണ്. ഓരോ സിനിമയിലും ശോഭന കൂടുതല്‍ കൂടുതല്‍ സുന്ദരിയായിക്കൊണ്ടിരുന്നു. ക്ലാസിലെ ജനലില്‍ വലിഞ്ഞുകയറി താഴേക്കുവീണ് ഇരുമ്പുകമ്പി നെറ്റിയിലടിച്ച് വിശ്രമജീവിതം നയിക്കുന്ന വേളയിലായിരുന്നു സ്‌കൂളില്‍ 'സന്‍മസ്സുള്ളവര്‍ക്ക് സമാധാനം' വന്നത്. മുറിവ് ഉണങ്ങിയല്ലോ, പൊയ്‌ക്കോട്ടെ എന്നു ആവര്‍ത്തിച്ചു പറഞ്ഞു നോക്കിയെങ്കിലും വീട്ടില്‍നിന്ന് അനുമതി കിട്ടിയില്ല. 
സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം കളിക്കാനാകാതെ മുടങ്ങിപ്പോകണേ എന്നും ഫിലിം റോള്‍ പ്രൊജക്ടറില്‍ കുരുങ്ങി ആകെ പ്രശ്‌നമാകണേയെന്നും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. കൂട്ടുകാരെല്ലാം സിനിമ കണ്ടു. എല്ലാവര്‍ക്കും സിനിമ നന്നായി ഇഷ്ടപ്പെട്ടു. എനിക്കാകട്ടെ, അതിഭയങ്കരമായ നഷ്ടബോധം തോന്നി. നാടോടിക്കാറ്റിനെക്കാള്‍ ഭയങ്കര കഥയാണെന്നും മോഹന്‍ലാല്‍ സൂപ്പര്‍ അഭിനയമാണെന്നുമെല്ലാം കൂട്ടുകാര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഏയ്, എന്നാലും നാടോടിക്കാറ്റിന്റെയത്രയൊന്നും വരില്ലെന്ന് ഞാന്‍ വാദിച്ചുനോക്കി. അങ്ങനെ സന്‍നസ്സുള്ളവര്‍ക്ക് സമാധാനം ഉണ്ടാക്കിയ നഷ്ടബോധം ആ വര്‍ഷം മുഴുവന്‍ നീണ്ടുനിന്നു.
 
അടുത്തതവണയും സിനിമ വന്നു. പതിവുപോലെ മോഹന്‍ലാലിന്റെ സിനിമ, 'ചെപ്പ്'. നാടോടിക്കാറ്റ് പോലെയും സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം പോലെയും ചെപ്പ് ആര്‍ക്കുമത്ര രസിച്ചില്ല. മാത്രമല്ല, മോഹന്‍ലാല്‍ മരിക്കുകയും ചെയ്യും. മോഹന്‍ലാല്‍ മരിക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാനേ പറ്റാത്ത കാര്യമായിരുന്നു. ഇനി സിനിമ എത്രയൊക്കെ നന്നായാലും മോഹന്‍ലാല്‍ മരിച്ചാല്‍ പിന്നെന്തു കാര്യം. അതുകൊണ്ട് ചെപ്പിനെപ്പറ്റി അത്ര ചര്‍ച്ചയുമുണ്ടായില്ല. എങ്കിലും സിനിമയിലെ മരണം ശരിക്കുമുള്ളതാണോ എന്നത് വലിയ സംശയമായി അവശേഷിച്ചു. ഓരോരുത്തരും അവരവര്‍ക്കറിയാവുന്ന വിധത്തില്‍ മരണത്തെക്കുറിച്ച് വാചാലരായി. മരണത്തെക്കാള്‍ വലിയ ആകാംക്ഷ സിനിമയിലെ ഇടിയും ഉമ്മവെപ്പും ശരിക്കുമുള്ളതാണോ എന്നതായിരുന്നു. കൂടുതല്‍ താത്പര്യമുള്ള കാര്യമായതുകൊണ്ട് ക്ലാസില്‍ വട്ടം കൂടിയിരുന്നായിരുന്നു ഇൗ ചര്‍ച്ച.
 
എടാ അതൊക്കെ ക്യാമറാ ട്രിക്കാടാ എന്നു പറഞ്ഞിട്ട് ഷിഹാബ് ബിജുവിനെയും കൂട്ടി അഭിനയിച്ചു കാണിച്ചു. 'ദാ, നോക്ക്. ആണും പെണ്ണും ഇങ്ങനെ മുഖം, ദാ ഇത്രേം അടുപ്പിക്കും. അപ്പൊ ക്യാമറ പെട്ടെന്ന് അങ്ങട് നീക്കും. അപ്പൊ മ്മക്ക് തോന്നും അവര് ഉമ്മ വച്ചെന്ന്. പക്ഷേ ശരിക്കും ഉമ്മ വച്ചിട്ടൂല്ല്യ'. വിശദീകരിച്ചവന്റെ പാണ്ഡിത്യം കണ്ട് 'ഭയങ്കരം തന്നെ' എന്ന് എല്ലാവരും മൂക്കത്തു വിരല്‍വച്ചു. എന്നിട്ട് ഈ ക്യാമറാ ട്രിക്കിനെപ്പറ്റി മനസ്സിലാക്കിയ കാര്യം ഓരോരുത്തരും സ്വന്തം അറിവാക്കി മറ്റുള്ളവരോട് പറഞ്ഞുനടന്നു. ചെപ്പിന്റെ പ്രദര്‍ശനത്തോടെ സ്‌കൂളിലെ സിനിമാ പ്രദര്‍ശനം നിലച്ചു. പ്രൊജക്ടറുമായി പിന്നെ അയാള്‍ സ്‌കൂളില്‍ വന്നില്ല. പിറ്റേക്കൊല്ലം ടീച്ചറോട് അന്വേഷിച്ചെങ്കിലും ഇപ്രാവശ്യം സിനിമ ഇല്ല എന്നു മാത്രം പറഞ്ഞു. അയാള്‍ വേറെ എവിടെയെങ്കിലുമൊക്കെ സിനിമ കാണിക്കുന്നുണ്ടാകും. അതോ ഇനി അയാള്‍ സിനിമ കാണിക്കുന്ന ജോലി അവസാനിപ്പിച്ചിട്ടുണ്ടാകുമോ! ഏയ്, അതുണ്ടാകില്ല, നല്ല ജോലിയല്ലേ. നാടുനീളേ നടന്ന് സിനിമ കാണിച്ച് ആള്‍ക്കാരെ രസിപ്പിക്കാം. പൈസയും കിട്ടും. അയാളുടെയടുത്ത് ഒരുപാട് സിനിമയുണ്ടായിരിക്കും. തോന്നുമ്പോഴൊക്കെ പ്രൊജക്ടര്‍ ഓണാക്കി ഇഷ്ടമുള്ള സിനിമ കാണാം. എന്തു രസമായിരിക്കും. അയാളുടെ വീട്ടില്‍ ജീവിക്കാനായെങ്കില്‍! എങ്കിലും സ്‌കൂളിലേക്ക് പിന്നീടൊരിക്കലും തിരിച്ചുവരാതെ ആ സിനിമകളും പ്രൊജക്ടറും കൊണ്ട് അയാളെങ്ങോട്ടായിരിക്കും പോയിട്ടുണ്ടാകുക!
 
Content Highlights: Cinema Talkies part Eight; Malayalam cinema memories by NP Murali Krishnan