സാമാന്യമായ പെരുപ്പത്തെയും പ്രാധാന്യത്തെയും അതിശയോക്തിയില്‍ സൂചിപ്പിക്കുന്ന പദമാണ് യമണ്ടന്‍. പല മലയാള പദങ്ങളും ആവശ്യത്തിന് വ്യവഹരിക്കപ്പെടാതെ ശോഷിക്കുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുമ്പോള്‍ ഈ വാക്കിന് ആധുനികകാലത്തും ജനകീയത കൂടിക്കൂടിവരുകയാണ്. യമണ്ടന്‍ സിനിമ, യമണ്ടന്‍ പോസ്റ്റ്, യമണ്ടന്‍ കോഴി, യമണ്ടന്‍ പദ്ധതികള്‍... അങ്ങനെ എവിടെനോക്കിയാലും ഈ കക്ഷിയെ കാണാം.

യമണ്ടന്‍ എന്ന വാക്കിന്റെ വേരിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലേക്കും ഒന്നാം ലോകയുദ്ധത്തിലേക്കും വരെ നീളമുണ്ട്.

ഇന്ത്യന്‍ ചരിത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ വേണ്ടത്ര പരിഗണനയോ ഇടമോ ലഭിക്കാത്ത സ്വാതന്ത്ര്യസമരസേനാനികളും ധീരദേശാഭിമാനികളുമുണ്ട്. അത്തരത്തിലുള്ള ഒരാളാണ് തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന ചെമ്പകരാമന്‍ പിള്ള. ബ്രിട്ടീഷ് ഭരണകൂടത്തെ ഭാരതത്തില്‍നിന്ന് കെട്ടുകെട്ടിക്കുക എന്നത് ജീവിതവ്രതമാക്കിയ വ്യക്തിയായിരുന്നു ചെമ്പകരാമന്‍ പിള്ള. അതിന് സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് 'ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി' എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപംനല്‍കി. 

ഒന്നാം ലോകയുദ്ധവേളയില്‍ ജര്‍മന്‍ നാവികസേനയുടെ ഭാഗമായി രണ്ടാം കപ്പിത്താനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. ജര്‍മന്‍ നാവികസേനയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച, ലോകപ്രസിദ്ധിയാര്‍ജിച്ച അതിഭീമാകാരമായ ഒരു അന്തര്‍വാഹിനിക്കപ്പലിന്റെ പേരാണ് എംഡന്‍ (Emden). നാവികയുദ്ധത്തില്‍ എംഡന്‍ വന്നാല്‍ ശത്രുക്കള്‍ക്ക് പരാജയമുറപ്പ്! എംഡന്റെ വിനാശകരമായ ആക്രമണത്തെ നേരിടാന്‍ ഇംഗ്ലീഷുകാര്‍ ഒരു പ്രത്യേക കപ്പല്‍പ്പടയ്ക്കുതന്നെ അക്കാലത്ത് രൂപംനല്‍കിയിരുന്നു.

ചെമ്പകരാമന്‍ പിള്ളയുടെ സ്വാധീനപ്രകാരം ഇന്ത്യയിലെ ബ്രിട്ടീഷ് കടല്‍ത്താവളങ്ങളെ നശിപ്പിക്കാന്‍ ഈ കപ്പല്‍ ചെന്നൈയിലേക്കും പുതുച്ചേരിയിലേക്കുമൊക്കെ എത്തിയിട്ടുണ്ട്. എംഡന്‍ എന്ന ആംഗലേയപദത്തില്‍നിന്ന് മലയാളത്തിലേക്ക് രൂപംമാറിയ പദമാണ് യമണ്ടന്‍.

Content Highlights: Chempakaraman Pillai, Emden ship