സ്വാതന്ത്ര്യസമര സേനാനിയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്‍പത്‌ വര്‍ഷം പിന്നിടുകയാണ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സി റാണിയുടെ പേരിലുള്ള ഝാന്‍സി റെജിമെന്റിന്റെ കേണലായിരുന്നു ലക്ഷ്മി. നേതാജിയുടെ ആസാദ് ഹിന്ദ് സര്‍ക്കാരില്‍ വനിത ശിശുക്ഷേമ മന്ത്രിയായും ക്യാപ്റ്റന്‍ ലക്ഷ്മി പ്രവര്‍ത്തിച്ചു. പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്ന അവര്‍ സി.പി.എമ്മിന്റെയും ജനാധിപത്യ മഹിള അസോസിയേഷന്റെയും നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. 

പ്രശസ്ത അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്റെയും പൊതു പ്രവര്‍ത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ ആനക്കര വടക്കത്തു വീട്ടില്‍ എ.വി. അമ്മുക്കുട്ടിയുടെയും മകളായി  1914 ഒക്റ്റോബര്‍ 24 ന് മദ്രാസിലായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ വിദേശോല്‍പന്നങ്ങളുടെ ബഹിഷ്‌കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവയായ ക്യാപ്റ്റന്‍ ലക്ഷ്മി പാവപ്പെട്ടവരെ സേവിക്കാനായി വൈദ്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദവും പിന്നീട് ഗൈനക്കോളജിയില്‍ ഡിപ്ലോമയും നേടി. 

captain Lakshmi
ക്യാപ്റ്റന്‍ ലക്ഷ്മി നേതാജിയോടൊപ്പം

1941 ല്‍ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റന്‍ ലക്ഷ്മി അവിടെയുള്ള ദരിദ്രര്‍ക്കായി ഒരു ക്ലിനിക്ക് തുടങ്ങി.1942ല്‍ ബ്രിട്ടീഷുകാര്‍ സിംഗപ്പൂരില്‍ ജപ്പാനു കീഴടങ്ങിയപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിലായി അവരുടെ ശ്രദ്ധമുഴുവന്‍. അതോടൊപ്പം ഇന്ത്യന്‍ യുദ്ധത്തടവുകാരുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ജപ്പാന്റെ പിന്തുണ നേടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭാഗമാവുകയും ചെയ്തിരുന്നു.

1943ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഐ.എന്‍.എയുമായി അവര്‍ അടുക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കാന്‍ സുഭാഷ് ചന്ദ്രബോസ് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നതും വനിതാസേന വിഭാഗത്തിലെ അംഗമാകുന്നതും.

ഏറെ വൈകാതെ പരിശീലനം സിദ്ധിച്ച വനിതകളുടെ സേനാവിഭാഗം സിംഗപ്പൂരില്‍ പോരാട്ടത്തിന് തയ്യാറായി. കേണല്‍ പദവിയിലായിരുന്നു പ്രവര്‍ത്തനം എങ്കിലും ''ക്യാപ്റ്റന്‍ ലക്ഷ്മി'' എന്ന പേരില്‍ അവര്‍ അറിയപ്പെട്ടു. 1947 മാര്‍ച്ച് 4ന് ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്ന അവരെ പിന്നീട് മോചിപ്പിക്കുകയായിരുന്നു.

ഇന്ത്യയിലുടനീളം സഞ്ചരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ഇളക്കി വിടുകയും ഐ.എന്‍.എ.യുടെ പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തുകയും ചെയ്തു. 1947 മാര്‍ച്ചില്‍ മറ്റൊരു ഐ.എന്‍.എ. പ്രവര്‍ത്തകനായ കേണല്‍ പ്രേം കുമാര്‍ സെഗാളിനെ അവര്‍ വിവാഹം കഴിച്ച് കാണ്‍പൂരില്‍ സ്ഥിരതാമസമായി.

വൈദ്യശാസ്ത്ര രംഗം കൈയൊഴിയാതെ തന്നെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി വനിതാ പ്രസ്ഥാന രംഗത്തും അവര്‍ പിന്നീട് സജീവമായി. 1971 ല്‍  ഇവര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. അതിനുശേഷം 1981 ല്‍ ഇ.എം.എസിന്റെ  നിര്‍ദ്ദേശപ്രകാരം ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ ഉപാധ്യക്ഷയായി അവര്‍ സ്ഥാനമേറ്റു.

1984ല്‍ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം മുറുകിയ സമയത്ത് ക്യാപ്റ്റന്‍ ലക്ഷ്മി സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്തു. 2002 ല്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു. 1998 ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ രാജ്യം പത്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി മകളാണ്. 2012 ജൂലൈ 23 ന് ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു.

Content Highlights: captain Lakshmi Sahgal death anniversary