ഴുപതുകളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍, സുഹൃത്ത് രാധാകൃഷ്ണന്റെ മുറിയില്‍, ഞാന്‍ അഭയാര്‍ഥിയായിക്കഴിയുന്ന കാലം. രാധാകൃഷ്ണന്‍ അന്ന് എം.എ. ജോണിന്റെ ശിഷ്യനും പരിവര്‍ത്തനവാദി കെ.എസ്.യു. നേതാവുമായിരുന്നു; ഞാന്‍ സി.പി.ഐ. (എം.എല്‍.) അനുഭാവിയും (ഇന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ബി.ജെ.പി.യുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. ഞാന്‍ ഒരു സീരിയല്‍ നടനും).

അക്കാലത്തൊരിക്കല്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ രാധാകൃഷ്ണന്റെ മുറിയില്‍ വന്നുകൂടി. ഒരുദിവസം രാവിലെ അദ്ദേഹം ഒരു സായാഹ്നപത്രത്തിന്റെ ഓഫീസില്‍ പോയി. കൂടെ ഞാനും മറ്റൊരു സുഹൃത്തും. പത്രാധിപര്‍ കുഞ്ഞിരാമന്‍ നായരെ ചായയും ഉഴുന്നുവടയുമൊക്കെയായി സ്വീകരിച്ചു. ഞങ്ങള്‍ക്കും കിട്ടി ചായയും വടയും.

കുഞ്ഞിരാമന്‍ നായര്‍ പണത്തിന്റെ ആവശ്യം പറഞ്ഞു. പത്രാധിപര്‍ പറഞ്ഞു:

''ഞങ്ങളുടെ വാര്‍ഷികപ്പതിപ്പിലേക്ക് മഹാകവി ഒരു കവിത തന്നു സഹായിച്ചാല്‍ അനുഗ്രഹമായി. തിരക്കില്ല. ഒരുമാസത്തെ സമയമുണ്ട്.''

കുഞ്ഞിരാമന്‍ നായര്‍ ചിരിച്ചു: ''എന്തിനാ ഒരുമാസം? ഒരു കടലാസു തരൂ.''

പത്രാധിപര്‍ ചിരിച്ചുകൊണ്ട് കടലാസെടുത്തുകൊടുത്തു. മഹാകവി ജുബ്ബയുടെ പോക്കറ്റില്‍നിന്ന് ഒരു കറുത്ത മഷിപ്പേനയെടുത്ത് ആ കടലാസില്‍ കുറെ വരികള്‍ കുറിച്ചുനല്‍കി. പത്രാധിപര്‍ അതു വാങ്ങി കണ്ണില്‍വെച്ച് മേശവലിപ്പില്‍ സൂക്ഷിച്ചു. ഒരു കറന്‍സി നോട്ടെടുത്ത് മഹാകവിക്കുകൊടുത്തു. ആ നോട്ടുവാങ്ങി 'മഹാലക്ഷ്മി' എന്നു പറഞ്ഞു കണ്ണില്‍വെച്ച് അദ്ദേഹം ജുബ്ബാക്കീശയിലാഴ്ത്തി.

ആ കവിത ഒന്നു വായിച്ചുനോക്കണമെന്ന് എനിക്കാഗ്രഹമുണ്ടായി. പക്ഷേ, പയ്യന്മാരായ ഞങ്ങളെ നോക്കുകപോലും ചെയ്യാത്ത പത്രാധിപരോട് ചോദിക്കാന്‍ പേടി. പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ മഹാകവിയോടു വിസ്മയത്തോടെ പറഞ്ഞു: ''മാഷ് ആ കവിത രണ്ടാമതൊന്നു വായിച്ചുനോക്കുകപോലും ചെയ്തില്ല!'' പല്ലില്ലാത്ത വായതുറന്ന് ഉറക്കെച്ചിരിച്ച് മഹാകവി പറഞ്ഞു:

''എടാ, വസന്തകാലത്ത് മാനസസരസ്സിലേക്ക് അരയന്നങ്ങള്‍ പറന്നുപോകും. അപ്പോള്‍ ചിറകില്‍നിന്നു തൂവല്‍ കൊഴിയും. അരയന്നങ്ങള്‍ തിരിഞ്ഞുനോക്കാറില്ല. എനിക്കത്രേയുള്ളൂ. വാ, നടക്ക്.''

Content Highlights: Balachandran Chullikkad, P Kunhiraman Nair