
ചങ്ങനാശേരി: ബബില്‍ പെരുന്ന ഓര്‍മ്മയാകുന്നതോടെ മാഞ്ഞുപോകുന്നത് കേരളത്തില്‍ വളരെ അപൂര്‍വമായ ഏകാംഗ തെരുവുനാടകവേദിയുടെ ചൈതന്യം. പരമ്പരാഗതമായ നാടകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ബബില്‍, നാടകത്തിന് നടന്മാരുടെ കൂട്ടവും അണിയറയും കെട്ടിയൊരുക്കിയ വേദിയും വേണമെന്ന ധാരണ മാറ്റിയെഴുതി. ബബില്‍ നാടകങ്ങളില്‍ അരങ്ങും അണിയറയും തെരുവ് തന്നെയായിരുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ സാധാരണക്കാരനെപ്പോലെ നിലയുറപ്പിക്കുന്ന ബബില്‍ അഞ്ച് നിമിഷങ്ങള്‍ക്കകം താനൊരു കലാകാരനാണെന്ന് ഒരു വിസിലിലൂടെ ലോകത്തെ ബോധ്യപ്പെടുത്തും. ദൂരെ കേള്‍ക്കാവുന്ന ശബ്ദത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും മറ്റൊരാളായി പകര്‍ന്നാടി ഉത്തരം പറയുകയും ചെയ്യും. ഇതായിരുന്നു ബബില്‍ സ്‌റ്റൈല്‍.
സാമൂഹികതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു ബബില്‍ നാടകങ്ങള്‍. എന്‍ഡോസള്‍ഫാനും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമവും ഭീകരവാദവും മുതല്‍ ആണവായുധവും കുടിവെള്ളക്ഷാമവും വരെ വിഷയമാക്കി.
അസാധാരണമായ ശാരീരികസാന്നിധ്യമാവശ്യമുള്ള തെരുവുനാടക കലയില്‍ സ്വയം സമര്‍പ്പിച്ച ബബില്‍, അതിനിടെയുണ്ടാകുന്ന പരിക്കുകള്‍ വകവെച്ചതേയില്ല. പലയിടത്തും സാമൂഹികവിരുദ്ധരുടെ അക്രമങ്ങള്‍ക്കും അദ്ദേഹം വിധേയനായിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ മുമ്പൊരിക്കല്‍ ഭരണത്തിന്റെ ഒച്ച് വേഗം കളിയാക്കാന്‍ ആമയുടെ വേഷമിട്ട് ചെയ്ത നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇദ്ദേഹം ഒട്ടേറെ കലാസമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
അടുത്തിടെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും ഇദേഹത്തിന് ലഭിച്ചിരുന്നു. ഇത് ഏറ്റുവാങ്ങുന്നതിനുമുന്‍പേയാണ് അഭിനയജീവിതത്തില്‍നിന്നും അപ്രതീക്ഷിതമായ മടക്കം. പരിക്കേറ്റ് കിടക്കവേ 'മാതൃഭൂമി'യോട് സംസാരിക്കുമ്പോള്‍ അരങ്ങിലേക്ക് താന്‍ ഉടനെ മടങ്ങിയെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
Content Highlights: Babil perunna street drama artist