കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റുന്നതില്‍ പരമപ്രധാന പങ്കുവഹിച്ച ജനാധിപത്യവാദിയും ധീരനായ പോരാളിയും നയതന്ത്രജ്ഞനുമായിരുന്നു അയ്യങ്കാളി. അയിത്തജാതിക്കാര്‍ക്ക് വഴിനടക്കാനും വിദ്യാഭ്യാസംനേടാനും സ്വത്തു സമ്പാദിക്കാനും സര്‍വോപരി മനുഷ്യപദവി പ്രാപ്യമാക്കാനുംവേണ്ടി അദ്ദേഹം ചരിത്രത്തില്‍ നടത്തിയ ഉജ്ജ്വലമായ ഇടപെടലുകളെ സ്മരിക്കാതെ കേരളത്തിലെ ഒരുവിഭാഗം ജനങ്ങള്‍ക്കും തങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശത്തെയും പുരോഗമന ഇടങ്ങളെയെയും ആസ്വദിക്കാന്‍ സാധ്യമല്ല. എല്ലാ മലയാളികളെയുമാണ് ആ മഹാനുഭാവന്‍ അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ അഭിസംബോധനചെയ്തത്.

അയിത്തജാതിക്കാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നതുവരെ അദ്ദേഹം പോരാടി. ഈ സമരരൂപങ്ങളില്‍ പൊതുനിരത്തിലേക്ക് അചഞ്ചലമായി ഓടിച്ചുകയറ്റിയ വില്ലുവണ്ടിയും അവര്‍ണശരീരങ്ങളെ വസ്ത്രംധരിപ്പിച്ചുനടത്തിയ ശരീരപരിഷ്‌കരണത്തിലൂന്നിയ വെല്ലുവിളിയും പഞ്ചമിയെന്ന പെണ്‍കുട്ടിയെ ആദ്യമായി അക്ഷരത്തിലേക്ക് എത്തിച്ചതും കല്ലയും മാലയും ഉപേക്ഷിക്കല്‍ സമരത്തിന്റെ ആഹ്വാനവും തൊണ്ണൂറാമാണ്ടുലഹളയും ഒക്കെയുണ്ട്. കേരളം അന്നുവരെ കാണാതിരുന്ന ശക്തമായ സമരങ്ങള്‍! മാത്രമല്ല, 'നമ്മളെ തല്ലുമ്പോള്‍ നോക്കാത്ത ദൈവത്തെ നമുക്ക് തൊഴേണ്ട മക്കളേ' എന്നുപറയുന്ന അദ്ദേഹത്തിലെ ഹിന്ദുമതവിമര്‍ശകനെയും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ജീവിതകാലം മുഴുവന്‍ സമരംചെയ്തുതീര്‍ക്കണം എന്നും അദ്ദേഹം തീരുമാനിച്ചില്ല. അധികാരത്തിന്റെ ഭാഗമാകാനും സമുദായത്തെ പ്രതിനിധാനം ചെയ്യാനും കിട്ടിയ ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. തിരുവിതാംകൂര്‍ സര്‍ക്കാരിനോട് അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം വാദിക്കാനും അത് നടപ്പാക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

ദളിത് സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അയ്യങ്കാളി മുന്‍കൈയെടുത്തു. പെരിനാട് കലാപം ആ അര്‍ഥത്തില്‍ കേരളത്തിലെ ദളിത്സ്ത്രീചരിത്രത്തിലെ സുവര്‍ണപാഠമാണ്. ഭൂമിയുടെമേലുള്ള അവകാശത്തെ വളരെ പ്രാധാന്യത്തോടുകൂടി കണ്ടു. അതിലേക്കായി ഒരു നയതന്ത്രജ്ഞന്‍ എന്നനിലയില്‍ അസാധാരണമായ പാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പല തന്ത്രങ്ങളിലൂടെ, കണക്കുകള്‍ നിരത്തിയും മതപരിവര്‍ത്തനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുമൊക്കെ തിരുവിതാംകൂര്‍ സര്‍ക്കാരിനോട് വിലപേശി തന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അദ്ദേഹം മടിച്ചില്ല.

വിദ്യാഭ്യാസത്തെ സാമുദായിക അവകാശമായിക്കണ്ട് അദ്ദേഹം വാദിച്ചു. കേരളത്തിലെ ആദ്യത്തെ പണിമുടക്കുസമരം, തൊഴിലവകാശങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല. മറിച്ച്, അയിത്തജാതിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുവേണ്ടിയായിരുന്നു.

ഉപജാതിചിന്തകള്‍ക്ക് അതീതമായി അയിത്തജാതിക്കാരെ അദ്ദേഹം സംഘടിപ്പിച്ചു. സാധുജനങ്ങള്‍ എന്നൊരു സംജ്ഞയില്‍ അയിത്തം അനുഭവിക്കുന്ന മുഴുവന്‍ വിഭാഗങ്ങളെയും ഒരുമിപ്പിച്ചുനിര്‍ത്തുകയും ജാതീയമായ അടിച്ചമര്‍ത്തലിനെതിരേ ഒരേസമയം ഭരണാധികാരത്തോടും ഇതര സമുദായത്തോടും കലഹിച്ചുമുന്നേറാന്‍ സമഗ്രമായ രാഷ്ട്രീയപദ്ധതിക്ക് രൂപംകൊടുത്തു. യുക്തിചിന്തയില്‍ അധിഷ്ഠിതമായിരുന്നു അദ്ദേത്തിന്റെ പ്രവര്‍ത്തനം. കൊളോണിയല്‍ ആധുനികത തന്ന വെളിച്ചവും സാധ്യതകളും അദ്ദേഹം ഉപയോഗിച്ചു.

പത്ത് ബി.എ.ക്കാരെ ആഗ്രഹിച്ച അയ്യങ്കാളിയുടെ സമുദായത്തില്‍ ഇന്ന് പതിനായിരക്കണക്കിന് ഗവേഷകരും നൂറുകണക്കിന് അക്കാദമികരുമുണ്ട്. എഴുത്ത്, ചിന്ത, കല, ബിസിനസ്, മോഡലിങ് എന്നിങ്ങനെ സമസ്തമേഖലയിലും അയ്യങ്കാളിയുടെ പിന്‍തലമുറക്കാര്‍ പ്രാഗല്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്നു. അയ്യങ്കാളി കൊളുത്തിയ വെളിച്ചം ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും മറക്കാതിരിക്കുക, ജാതിവ്യവസ്ഥ ഇനിയും ഇല്ലാതായിട്ടില്ല! പ്രത്യക്ഷമായും പരോക്ഷമായും ജാതി പ്രവര്‍ത്തിക്കുന്നതില്‍ ഇന്നും മലയാളിക്ക് മടിയില്ല.

ജാതിയോടും ലിംഗാധികാരങ്ങളോടും കലഹിക്കാനും അവയെ എതിര്‍ത്ത് തോല്‍പ്പിക്കാനും തുല്യനീതിയും സമത്വവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനും നിതാന്തപ്രചോദനമായി അയ്യങ്കാളി എന്ന പിതാമഹന്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

(എം.ജി. സര്‍വകലാശാല ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ayyankali birth anniversary