തീപിടിച്ച ഓർമകളുടെ കനലുകൾ വേർതിരിച്ചെടുക്കുകയാണ് കെ. ഷെരീഫ്. തീ വരുന്ന വഴി മനുഷ്യബന്ധങ്ങളുടെ വൈകാരികതയെ പകുത്തുകൊണ്ടാണെന്ന് ഈ കുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു.
ഓർമയിൽ തെളിയുന്ന ആദ്യത്തെ 'തീ' വിറകടുപ്പിലെ തീ തന്നെയാണ്. വീട്ടിൽ വൈദ്യുതിയില്ലാത്ത കാലത്തെ കരിഞ്ഞ അടുക്കള. ഇരുട്ടു തൂങ്ങുന്ന ഉറികൾ. ചുമരുകളിൽ നിന്നും കരികുഴഞ്ഞ വിയർപ്പ് ഒലിച്ചിറങ്ങുന്നു. തീ കാണുന്നതിനു മുമ്പ് ഉമ്മയെ കാണുന്നു. ഉമ്മ തീയോട് അഭിമുഖം നിൽക്കുന്നു; ഉണരാത്ത തീയെ ഉണർത്തുന്നു, ആളുന്ന തീയെ മെരുക്കുന്നു, തീയോട് വർത്തമാനം പറയുന്നു, പ്രാകുന്നു..! തീയുള്ള അടുപ്പിൽ നിന്നും തീയില്ലാത്തതിലേക്ക് വെറും കൈകൾകൊണ്ട് കനലുകൾ കോരിയിടുന്നു. അത്രയ്ക്ക് തീത്തഴമ്പുള്ളതായിരുന്നു ഉമ്മയുടെ കൈകൾ.
വീട്ടിൽ 'തീയില്ലാത്ത' നനഞ്ഞ ദിവസങ്ങളിൽ അയൽപക്കത്തുനിന്നും തീ കടംവാങ്ങി കൊണ്ടുവരുമായിരുന്നു. ഉണങ്ങിയ ചകിരിപൊളിയിൽ ഒന്നോ രണ്ടോ കനലുകൾ കോരിയിട്ട് കെട്ടുപോകാതെ നോക്കാൻ അത് ഊതിയൂതി വീട്ടിലെ അടുപ്പിലെത്തിക്കുന്നു.
വിറക്
കീറിയെടുത്ത മരക്കഷ്ണങ്ങളും ഉണങ്ങിയ ഓലക്കണ്ണികളും ചിരട്ടകളും ചകിരിപ്പൊളികളും ചുള്ളിക്കമ്പുകളും കൊതുമ്പും... അടുപ്പിൽ വിറകായി. ചിരട്ടകൾ കത്തിയാളുന്നതിന്റെ ശബ്ദവും രൂപവും ചെറുപ്പത്തിൽ ഏറെ നേരം ഞാൻ നോക്കിനിന്നു. ഓരോ വിറകും ഓരോ തരം ഒച്ചയിലും നിറത്തിലും രൂപത്തിലും എരിഞ്ഞു. നന്നായുണങ്ങിയ ചുള്ളിക്കമ്പുകളിൽ തീ പെരുമാറുന്നത് കാണുന്നതിനേക്കാൾ കേൾക്കുന്നതായിരുന്നു എനിക്കിഷ്ടം. എരിയുന്ന വിറകുകൊള്ളിയിൽ നിന്നും ബീഡികത്തിക്കുന്ന ഉപ്പയെ ഓർമ്മ വരുന്നു.
തീപ്പെട്ടി
മെരുങ്ങിയ തീയുടെ ലളിത മനോഹരമായ ശില്പസൗന്ദര്യമാണ് ഒരു തീപ്പെട്ടിക്കോലിന്! തീപ്പെട്ടി എനിക്ക് ഇന്നും വിസ്മയകരമായ ഒരു ദൃശ്യാനുഭവമാണ്. തീ കത്തിക്കാനുള്ളത് എന്നതിലപ്പുറം മറ്റു ചില ഇടപാടുകൾ കൂടെ ഉണ്ടായിരുന്നു കുട്ടിക്കാലത്തെ തീപ്പെട്ടികൾക്ക്; തീപ്പെട്ടി ചിത്രങ്ങളുടെ ശേഖരണം, കുട്ടിക്കളിവീടുണ്ടാക്കാനുള്ള 'മൺകട്ട' നിർമ്മാണത്തിനുള്ള 'ബ്ലോക്ക്', തീപ്പെട്ടിച്ചൊട്ട് കളി, ചെറിയ സുഷിരങ്ങൾ തുളച്ച തീപ്പെട്ടിയിൽ വണ്ടിനെ പിടിച്ചിട്ട് ഉണ്ടാക്കുന്ന 'സ്റ്റേഷൻ കിട്ടാത്ത റേഡിയോ'! അങ്ങിനെ പലതരം തീപ്പെട്ടി പരിപാടികൾ. ഗൾഫിൽ നിന്ന് വരുമ്പോൾ അമ്മാവൻ കൊണ്ടുവന്ന തീ പെട്ടിയിലെ ചുവന്ന തീപ്പെട്ടിക്കൊള്ളികൾ ഇന്നും ഓർമ്മയിൽ കരിയാതെ നിൽക്കുന്നു.
പടക്കങ്ങൾ
മെരുക്കപ്പെട്ട തീയുടെ അലംകൃതമായ ആവിഷ്കാരങ്ങളാണ് പടക്കങ്ങളും പൂത്തിരികളും. ചെറിയ ചുവന്ന ബീഡിപ്പടക്കം, ഓലപ്പടക്കം, റാട്ട്, കമ്പിത്തിരി, ഇളനീർത്തിരി, വാണം, പാമ്പിൻഗുളിക അങ്ങിനെ തെളിയുന്നു ഓർമ്മയിലെ പടക്കങ്ങൾ. സ്കൂൾ കാലത്തെ മധ്യവേനലവധികളിൽ മെടഞ്ഞ ഓലയും ഈന്തിൻപട്ടയും കെട്ടിയുണ്ടാക്കിയ കുട്ടിക്കടകളിൽ പടക്കക്കച്ചവടം പൊടിപൊടിച്ചു! പൈസയില്ലാത്തവർ കശുവണ്ടി കൊണ്ടുവന്നാലും പടക്കം കച്ചവടം ചെയ്യും. വിഷുക്കാലവും ചെറിയ പെരുന്നാൾ തലേന്നുമായിരുന്നു നാട്ടിലെ പടക്കനാളുകൾ.
ചുറ്റിത്തിരിയുന്ന റാട്ട്, പൊട്ടിച്ചിരിക്കുന്ന കമ്പിത്തിരികൾ, ആരവങ്ങളോടെ ആളിയുയരുന്ന ആഹ്ലാദങ്ങളുടെ ഇളനീർത്തിരികൾ... ഓരോന്നും ഓരോ വിധത്തിലുള്ള സന്തോഷങ്ങൾ നൽകി പെട്ടെന്ന് കത്തിയണഞ്ഞ് ഇരുട്ട് ബാക്കിയാക്കുന്നു. കത്തിയമർന്ന ഇളനീർത്തിരിയുടെ കരിഞ്ഞ കൂട് തീർന്നുപോയ ആഘോഷങ്ങൾക്കുശേഷമുള്ള വിഷാദ നേരങ്ങളെ പ്രതീകവത്‌കരിക്കുന്നു.
ബാല്യസ്മൃതികളുടെ ചെമ്മൺവഴിയിൽ വേനലിൽ കരിഞ്ഞ കടന്നക്കല്ലിൽ ഒരു മെലിഞ്ഞ ചുവന്ന പടക്കം, ഉറക്കത്ത് വിതുമ്പുന്ന കുട്ടിയെ പോലെ പൊട്ടാതെ എരിയുന്നു!
പുര കത്തുന്നു!
ഓർമ്മയുടെ അങ്ങേയറ്റത്ത് തണുത്ത് കോച്ചുന്ന ആ മകരപ്പാതിരയിൽ അസാധാരണമായ ബഹളങ്ങൾ കേട്ട് ഞാൻ ഞെട്ടിയുണർന്നു നോക്കുമ്പോൾ വീട്ടുകാരെല്ലാം പുറത്തേക്ക് ഓടുന്നു. തിടുക്കത്തിൽ ഓടുമ്പോൾ മുണ്ടുരിഞ്ഞുപോയ ജ്യേഷ്ഠൻ ഉടുത്തത് പുതച്ച കരിമ്പടമായിരുന്നു. തണുത്തും ഭയന്നും വിറച്ചുകൊണ്ട് ഞാനും മുറ്റത്തിറങ്ങി നോക്കി. ഭയാനകമായ ആ കാഴ്ച കണ്ടു; വീടിനു പിറകിലെ ചെറിയ കുന്നിൻ മുകളിലെ ആകാശം ഉലപോലെ ചുവന്നിളകുന്നു. ചുറ്റും തീപ്പൊരികളുടെ കൊടുങ്കാറ്റ്, പൊട്ടിത്തെറിക്കുന്ന ഓട്ടിൻകഷ്ണങ്ങളും കരിഞ്ഞ മരക്കഷ്ണങ്ങളും; അയൽപക്കത്തെ ബന്ധുവീട് ആളിക്കത്തുകയാണ്. പാതിരായ്ക്ക് മൂത്രമൊഴിക്കാനായി വീടിനോട് ചേർന്നുള്ള കക്കൂസിലോട്ട് പോകവെ, കാഴ്ചക്കുറവുള്ള ചേച്ചിയുടെ കൈയ്യിലെ മണ്ണെണ്ണ വിളക്കിൽ നിന്നും പിടുത്തംവിട്ട തീ അയയിൽ ആറിയിട്ട പാവാടക്കയറിലൂടെ കയറിപ്പോയി. അവരത് അറിഞ്ഞില്ല. മൂത്രമൊഴിച്ച് തിരിച്ച് വരുമ്പോഴേയ്ക്കും തീ അയയിൽ നിന്നും 'അട്ട'ത്തേക്ക് ഇഴഞ്ഞു കയറിപ്പോയിരുന്നു. പുര കത്തുന്ന കാര്യം വീട്ടുകാർ അറിയുമ്പോഴേക്കും ചുറ്റുമുള്ള നാട്ടുകാരും ഓടിയെത്തി. വരുന്നവർ കൈയ്യിൽ വാഴത്തടിയോ വെള്ളമോ മണ്ണോ കരുതിയിരുന്നു. അവർ ആകുന്ന വിധം തീയോട് പൊരുതി. എന്നാൽ അപ്പോഴേക്കും ചുവരുകൾ ഒഴികെ മറ്റെല്ലാം കത്തിപ്പോയി. പിടുത്തംവിട്ട തീയുടെ രൗദ്രത അന്നാണ് ആദ്യമായി അറിയുന്നത്.
കരിയിലകളിൽ പൂനാളങ്ങൾ
കുളിരുകാലങ്ങളിലെ വീട്ടുപറമ്പിൽ അടിച്ചുകൂട്ടിയിട്ട കരിയിലകളിൽ ഇളകിയാടുന്ന തീ നാളങ്ങളാണ് കണ്ടതിൽ ഏറ്റവും മനോഹരമായ തീ കാഴ്ച. ധാരാളം കശുമാവുകൾ ഉണ്ടായിരുന്ന പറമ്പതിരുകൾ മഞ്ഞുകാലത്ത് പൊഴിഞ്ഞ കരിയിലകളാൽ സമൃദ്ധമായിരുന്നു. സ്കൂൾ വിട്ട് വന്നാൽ വൈകുന്നേരം ഉമ്മയോടൊപ്പം പറമ്പിലിറങ്ങി തെങ്ങിൻ കൊലച്ചിലിന്റെ ചൂലുകൊണ്ട് ചപ്പ് (കരിയിലകൾ) അടിച്ചുകൂട്ടി പലയിടത്തായി കൂമ്പാരമിടും. പിറ്റേന്ന് പുലർച്ചയ്ക്ക് കുളുർന്ന് വിറച്ച് തീപ്പെട്ടിയുമായി പറമ്പിലെത്തി ഇലക്കൂമ്പാരങ്ങൾ ഓരോന്നായി എരിയിക്കും. വലിയ ഇനം കാട്ട് പൂവുപോലെ തീ നാളം ഉയരുമ്പോൾ ചുറ്റുമിരുന്നും നിന്നും ഞങ്ങൾ തീ കായുന്നു. തെളിഞ്ഞ തീയിൽ നിന്നും മഞ്ഞുമരങ്ങൾക്കിടയിലൂടെ നീലപ്പുക ഉയരുന്നു.
വിളക്ക്
തകരം കൊണ്ടുള്ള ചെറിയ മണ്ണെണ്ണ വിളക്കുകളായിരുന്നു കുട്ടിക്കാലത്തെ രാത്രികൾക്ക് വെളിച്ചമായത്. മുട്ടവിളക്കുകൾ എന്ന ചില്ലുവിളക്കുകളും പല വലുപ്പത്തിൽ ഉണ്ടായിരുന്നു. ഉമ്മറക്കോലായിൽ കഴുക്കോലിൽ തൂക്കിയിട്ട കുപ്പിവിളക്കായിരുന്നു വീട്ടിലെ വലിയ വിളക്ക്.
സ്നേഹിച്ചു മെരുക്കിയാൽ വെറുമൊരു മെഴുകുതിരി നൂലിൽ ആർദ്രനാളമായി നൃത്തമാടുന്ന തീ, പകയൂതി അഴിച്ചുവിട്ടാൽ ആളുകൾ ഉറങ്ങുന്ന പുരകളെയും തെരുവുകളെയും ദേശങ്ങളെത്തന്നെയും കത്തിച്ച് ചാമ്പലാക്കുന്നത് നമ്മളെത്ര കണ്ടു!
വെറുപ്പിന്റെ കൈയ്യിലെ തീ കുപ്പിബോംബു മുതൽ ആറ്റംബോംബുവരെ എന്തെല്ലാം രൂപത്തിൽ മനുഷ്യനു മീതെ ആളിക്കത്തിയിരിക്കുന്നു!
'നാള'ത്തിന്റെ അങ്ങേയറ്റത്തെ വിപരീത പദമാണ് നരകം. വിശപ്പിൽ അന്നത്തിനായും ഇരുട്ടിൽ വെളിച്ചമായും തണുപ്പിൽ പുതപ്പായും മനുഷ്യന് കൂട്ടുനിന്ന തീ സമനില തെറ്റുമ്പോൾ നരകമാകുന്നു; അടി കാണാത്ത ആഴത്തിൽ അലറിമറിയുന്ന ഭ്രാന്തൻ തീ!
Content Highlights: Artist K Shareef writes about the flaming memories of fire in his life