• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

അരമണിക്കൂറുകൊണ്ട് തിരക്കഥ വായിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ജോഷിയില്‍ പിറന്ന 'നിറക്കൂട്ട്'-ഡെന്നീസ് ജോസഫ്

Jan 17, 2021, 11:22 AM IST
A A A

ജോഷി വളരെ മാന്യമായി എന്നെ ഡീല്‍ ചെയ്യുന്നു. ഇന്നു വായിക്കാം, നാളെ വായിക്കാം എന്നു പറഞ്ഞ് ആറേഴു ദിവസമായി. അപ്പഴേ എനിക്ക് എന്തോ ഒരു കുഴപ്പം തോന്നി. ഞാന്‍ ഗായത്രി അശോകിനോട് വിളിച്ചുപറഞ്ഞു: 'എടാ, ഇത് ജേസിയെക്കാള്‍ വലിയ കുഴപ്പത്തിലാകാന്‍ പോവുകയാണ്. ജേസി ഒന്നുമില്ലെങ്കിലും വായിച്ചുകേട്ടു. ഇത് ഏഴു ദിവസമായിട്ടും 'ഇന്നാകട്ടെ, നാളെയാകട്ടെ' എന്നും പറഞ്ഞ് ഇരിക്കുന്നതേയുള്ളൂ.'

# ഡെന്നീസ് ജോസഫ്
നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകത്തിന്റെ കവര്‍, ഡെന്നീസ് ജോസഫ്‌
X
നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകത്തിന്റെ കവര്‍, ഡെന്നീസ് ജോസഫ്‌

നിറക്കൂട്ടുകളില്ലാതെ... മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തുവെക്കാൻ സമ്മാനിച്ച കഥകളുടെ, തിരക്കഥകളുടെ രചയിതാവ് ഡെന്നീസ് ജോസഫ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആത്മകഥ വായനക്കാർക്കിടയിൽ പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. സിനിമ എന്ന ജനപ്രിയ സാഹിത്യത്തിന്റെ മാസ്മരികതയെ ആത്മാവിൽ തൊട്ടുകൊണ്ടുള്ള കഥകളാക്കി മാറ്റുന്ന ജാലവിദ്യയിൽ എക്കാലവും ഡെന്നീസ് ജോസഫ് എന്ന പ്രതിഭയുടെ കയ്യൊപ്പുണ്ടാകുമെന്നതിൽ സംശയമില്ല. തന്റെ സിനിമ തന്നെ ജീവിതമാക്കിയ അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നൊരേട്- 'കഥ, തിരക്കഥ: ഡെന്നീസ് ജോസഫ്' വായിക്കാം.

രാജനോട് ജോൺപോൾ പറഞ്ഞു, 'ഡെന്നീസിന് അതു വളരെ വിഷമമാകും. എനിക്ക് വളരെ അടുപ്പമുള്ള ആളാണ് ഡെന്നിസ്. അനിയനെപ്പോലെയാണ്. അവൻ ആഗ്രഹിച്ച് എഴുതിയ തിരക്കഥയാണ്.' രാജൻ എന്റെ കൈയിൽ ഫോൺ തന്നിട്ട് ജോണിനോട് സംസാരിക്കാൻ പറഞ്ഞു. ഞാൻ ജോണിനോട് കെഞ്ചി, 'ജോൺ വന്ന് എഴുതിയില്ലെങ്കിൽ ഈ പ്രോജക്ടുതന്നെ നിന്നുപോകും.'
അങ്ങനെ ഞാൻ പറഞ്ഞതുകൊണ്ടുമാത്രം ജോൺ വരാം എന്നു സമ്മതിച്ചു. ജോൺ വരാം എന്നു തീരുമാനിച്ച ആ രാത്രി ഏതാണ്ട് എട്ടര ആയിക്കാണും. ഷൂട്ടിങ് ഒരു രണ്ടു ദിവസത്തേക്ക് മുന്നോട്ടു മാറ്റാം എന്നു തീരുമാനിക്കപ്പെട്ടു. ഇതിനിടയിൽ ഞാൻ ഒരു അനാവശ്യഘടകമായി മാറി.
തിരക്കഥ അടുത്ത ദിവസം ജോൺ വന്ന് തിരുത്തിക്കൊള്ളും. എനിക്ക് ഒരു റോളുമില്ല. എന്നാൽ, രാവിലെ രാജൻ ലോഡ്ജിലെ മുറിയിൽ വന്ന്
എന്നെ കൂട്ടിക്കൊണ്ടുവന്നിരിക്കുകയാണ്. രാത്രി പത്തുമണി ആയി. അപ്പോഴേക്ക് അവസാനത്തെ ബസ്സും പോയി. എനിക്ക് തിരിച്ചു പോണം. കൈയിൽ നിസ്സാര പൈസയേ ഉള്ളൂ. ദുരഭിമാനംകൊണ്ട് രാജനോട് ഓട്ടോറിക്ഷയിൽ പോകാൻ പൈസ ചോദിക്കാനും മടി. 'എന്നാൽ, പിന്നെ താൻ പൊക്കൊടോ...ഞങ്ങൾ ഇതൊക്കെ ഒന്ന് അറേഞ്ച് ചെയ്യട്ടെ...'എന്ന് രാജൻ പറഞ്ഞു. എന്നാൽ, 'താൻ എങ്ങനെ പോകും?' എന്ന് അന്നത്തെ തിരക്കിനിടയിൽ ചോദിക്കാൻ രാജനും ഓർത്തില്ല.

ഒരു നിർമാതാവ് എന്ന നിലയ്ക്കുള്ള രാജന്റെ ബുദ്ധിമുട്ട് ആലോചിക്കണം. ഇന്നത്തെപ്പോലെ എസ്.ടി.ഡി. ടെലിഫോൺ സൗകര്യമോ മൊബൈൽ ഫോണോ ഒന്നുമില്ല. ഷൂട്ടിങ് തുടങ്ങാനിരിക്കേ തിരക്കഥ തകരാറിലാവുകയാണ്. സാധാരണ ഒരു പരിണതപ്രജ്ഞനായ നിർമാതാവുപോലും ബോധംകെട്ടുപോകുന്ന അവസ്ഥ. അന്നത്തെ അങ്കലാപ്പിൽ രാജൻ 'ശരി' എന്നു പറഞ്ഞു. ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവസാന ബസ്സും പോയിക്കഴിഞ്ഞിരിക്കുന്നു. ഓട്ടോറിക്ഷ പിടിച്ച് ശിവരാമൻ റോഡിന്റെ അങ്ങേയറ്റംവരെ എത്താൻ പൈസയുമില്ല. മഹാരാജാസ് കോളേജിന്റെ ഇപ്പുറമാണ് ബി.ടി.എച്ച്. ഞാൻ അവിടെനിന്ന് നോർത്തുപാലം കയറി ശിവരാമൻ റോഡിലുള്ള എന്റെ ലോഡ്ജുവരെ (നാലര-അഞ്ച് കിലോമീറ്റർ) പെരുമഴയത്ത് നടന്നു.
മുറിയിൽ നിരാശനായി ഇരിക്കുമ്പോൾ അശോക് ആണ് എന്നെ ആശ്വസിപ്പിക്കുന്നത്. 'അതു പോട്ടെ... സാരമില്ല' എന്ന് അവൻ ഇടയ്ക്കിടെ പറയുന്നുണ്ട്.

എന്റെ വിഷമം, തിരക്കഥ കൊള്ളില്ല എന്നു പറഞ്ഞതോ, തിരക്കഥ എഴുതാൻ എനിക്ക് പറ്റാത്തതോ അല്ല. ഞാൻ ഒരു തിരക്കഥാകൃത്താവില്ല എന്ന് എനിക്കു നല്ല ബോധ്യമുണ്ട്. ഇതിനൊക്കെ ഇറങ്ങിത്തിരിച്ചത് നാട്ടുകാരെല്ലാം അറിഞ്ഞു. തുടക്കംമുതലേ വീട്ടുകാർ പരിഹസിച്ചതാണ്. എല്ലാവരുടെയും പരിഹാസം പറച്ചിലിന് അടിവരയിടുന്നതുപോലെയാണല്ലോ കാര്യങ്ങൾ എത്തിയത്!
പല പത്രങ്ങളിലും മാസികകളിലും വാർത്ത അച്ചടിച്ചുവന്നുതുടങ്ങിയിരുന്നു. പുതിയ തിരക്കഥാകൃത്ത് വരുന്നു, ഷൂട്ടിങ് തുടങ്ങുന്നു. നാളെ ഇതെല്ലാം മാറ്റിയെഴുതപ്പെടും. ആ അപമാനത്തിന്റെ ആഴം ഓർത്ത് ഞാൻ വെന്തു.
പിറ്റേന്നു രാവിലത്തെ ഫ്ളൈറ്റിനുതന്നെ ജോൺ എത്തി. കുറെ സീനുകളും കുറെ സംഭാഷണങ്ങളും മാറ്റിയെഴുതി.
ചില സീനുകൾ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് ജോണിനോട് പറഞ്ഞുകൊടുക്കാൻ രാജൻ ആവശ്യപ്പെട്ടു. രണ്ടു ദിവസം ഞാൻ ജോണിന്റെ പാലാരിവട്ടത്തെ വീട്ടിൽ താമസിച്ചു. ജോൺ ഇരുന്ന് എഴുതുന്നു. ഞാൻ പുറത്താകുന്നു. മമ്മൂട്ടിയാണ് ഹീറോ, ശോഭന നായിക. സിനിമ ഈറൻസന്ധ്യ. വലിയ സാമ്പത്തികവിജയം ആയില്ലെങ്കിലും അതൊരു പരാജയമായില്ല. ഇപ്പോഴും ആ സിനിമയുടെ ടൈറ്റിലിൽ കഥ-തിരക്കഥ ഡെന്നിസ് ജോസഫ്, സംഭാഷണം ജോൺപോൾ എന്നു കാണാം. ജോൺപോളിനെപ്പോലെ അന്നത്തെ ഒന്നാംസ്ഥാനക്കാരൻ വന്ന് തിരുത്തിയെഴുതിയപ്പോൾ ആ സിനിമകൊണ്ട് എനിക്ക് ഒരു മെച്ചവും ഇല്ലാതെപോയി. എന്റെ ആദ്യ സിനിമ എന്നു പറയാവുന്ന 'ഈറൻസന്ധ്യ' തരക്കേടില്ലാതെ ഓടിയിട്ടും ഞാൻ അതിൽ അടയാളപ്പെട്ടില്ല.

ആ സിനിമ സഹസംവിധായകൻ ആകാനുള്ള സാധ്യതകൂടി എനിക്ക് ഇല്ലാതാക്കി. പത്മരാജന്റെ നിർമാതാവ് ആയിരുന്ന ഒരാളെ പറഞ്ഞ് വഴിതെറ്റിച്ച്, ഒരു തല്ലിപ്പൊളി തിരക്കഥ എഴുതി കുഴപ്പത്തിലാക്കിയവൻ എന്ന ചീത്തപ്പേരും ബാക്കി. സഹസംവിധായകനായി എവിടെയെങ്കിലും ഗതിപിടിക്കാൻപോലും പറ്റില്ലല്ലോ എന്ന ഭയങ്കരനിരാശ എനിക്കു വന്നു.
ഒരു ദിവസം ഞാൻ പ്രസ്സിൽ ഇരിക്കുമ്പോൾ നിർമാതാവ് ജോയി തോമസ് എന്നെ അന്വേഷിച്ചുവന്നു. ജൂബിലി ജോയി തോമസ് തന്നെ. ജോയി അന്ന് വലിയ പ്രൊഡ്യൂസറാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ ജോയിക്ക് എന്നെ അറിയാം. കോട്ടയത്ത്, എന്റെ അമ്മയുടെ വീടിന്റെ തൊട്ടടുത്താണ് ജോയിയും കുടുംബവും. ജോയിയുടെ സഹോദരികൾ അമ്മയുടെ സമപ്രായക്കാരും സഹപാഠികളും ഒക്കെയാണ്.
ജോയി എന്നോട് ചോദിച്ചു, 'എടാ നീ കഥയൊക്കെ എഴുതുമോ? ഈ വിവരം ഞങ്ങളാരും അറിഞ്ഞില്ലല്ലോ.'
ഞാൻ ചോദിച്ചു, 'ആരാ ജോയിയോട് ഇത് പറഞ്ഞത്? (ജോയിയെയും ജോഷിയെയും സത്യം പറഞ്ഞാൽ ചേട്ടന്മാർ എന്നു വിളിക്കേണ്ടതാണ്. പക്ഷേ, ഞാൻ അവരെ പേരാണ് വിളിച്ചത്. ജോയി എനിക്ക് മൂത്ത ചേട്ടനെപ്പോലെയാണ്).
ജോയി പറഞ്ഞു, 'എടാ, നീ കഥ എഴുതുമെങ്കിൽ അത് എന്നോടു വേണ്ടേ പറയാൻ?'
ഞാൻ പറഞ്ഞു, 'ജോയി, ഞാൻ എഴുതിയിട്ട് ശരിയായില്ലല്ലോ.'
'അല്ലല്ല, നീ നന്നായി എഴുതി. നിന്റെ ചില ടച്ചസ് അതിൽ ഉണ്ടായിരുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. ജേസിയുടെയോ ജോൺ പോളിന്റെയോ അല്ലാത്ത ചില കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. നമുക്ക് ഒരു കഥ വേണം.'

'പിന്നെയും കഥയോ?' എന്ന് മനസ്സ് ചിന്തിച്ചു. അപ്പോൾ മനസ്സിൽ ഒന്നുരണ്ട് കഥകൾ ഉണ്ടായിരുന്നു. ജോഷിയാണ് അവരുടെ സംവിധായകൻ. കഴിവു തെളിയിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നതെങ്കിലും ഞാൻ അകവാൾവെട്ടി പേടിച്ച് ഇരിക്കുകയാണ്.
എഴുതിയ തിരക്കഥ ജേസിയെപ്പോലെ ഒരാൾ കൊള്ളില്ല എന്നു പറഞ്ഞതോടെ അടുത്തത് എഴുതാനുള്ള ഊർജം നഷ്ടപ്പെട്ടുപോയി. ഒന്നാമത്, ഞാൻ ജന്മസിദ്ധിയുള്ള എഴുത്തുകാരനല്ല; സിനിമകൾ കണ്ടതിന്റെയും നോവലുകളും കഥകളും വായിച്ചതിന്റെയും പുറത്ത്, ഒരു മിനിമം ഭാഷാപരിചയത്തിന്റെ ബലത്തിൽ ചെയ്തതാണ് ആദ്യതിരക്കഥ. ദുരനുഭവം വന്നതുകൊണ്ട് വീണ്ടും എഴുതാൻ മടി തോന്നി. പക്ഷേ, ജോയി പറഞ്ഞു, 'അത് സാരമില്ല. നമുക്ക് ഇപ്പോൾത്തന്നെ ഒരു സ്ഥലംവരെ പോകാം.' ഞങ്ങൾ പോയത് വീണ്ടും പഴയ കോരച്ചേട്ടന്റെ അടുത്തേക്കാണ്!
ആദ്യം ഞാൻ നല്ലതാണ്, വലിയ നിലയിൽ എത്തും എന്നു പറഞ്ഞതും, പിന്നീട് ഈ തിരക്കഥ കുത്തുപാളയാകും, ഇതിൽനിന്ന് ഇവനെ മാറ്റണം എന്നു പറഞ്ഞതും കോരച്ചേട്ടൻതന്നെ. വീണ്ടും അങ്ങോട്ടുതന്നെ പോകുന്നത് കണ്ടപ്പോൾ വലിയ നിരാശ തോന്നി. അവിടെ ചെന്നപ്പോൾ കോരച്ചേട്ടൻ പറഞ്ഞു, 'അന്ന് കോമ്പിനേഷൻ തെറ്റിപ്പോയതുകൊണ്ട് സംഭവിച്ചതാണ്. നിങ്ങൾക്ക് അങ്ങനെ എപ്പോഴും സംഭവിക്കണം എന്നില്ല.'
പുതിയ കഥയും നല്ലതായിട്ട് കോരസാർ കണ്ടു. തിരക്കഥ എഴുതൽ ചുമലിലായി. അങ്ങനെ ഞാൻ ഇരുന്ന് തിരക്കഥ എഴുതി.

ജോഷി അന്ന് തേക്കടിയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിലാണ്. 'ഒന്നിങ്ങു വന്നെങ്കിൽ' എന്നാണ് ആ സിനിമയുടെ പേര്. കലൂർ ഡെന്നിസാണ് തിരക്കഥ. മമ്മൂട്ടി, നദിയാ മൊയ്തു, ലിസി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ജൂബിലി ജോയിയുടെ അനുജൻ ജിമ്മി എന്നോടു പറഞ്ഞു, 'നീ തേക്കടിയിൽ പോയി ജോഷിയെ ഈ തിരക്കഥ ഒന്ന് വായിച്ചു കേൾപ്പിക്കണം.' ജിമ്മി തേക്കടിയിൽ ഗസ്റ്റ്ഹൗസിൽ മുറി വിളിച്ചുപറഞ്ഞിരുന്നു. ഞാൻ അവിടെ ചെന്ന് താമസിച്ചു. എനിക്ക് പൈസ തന്നാണ് വിട്ടത്. എല്ലാ ദിവസവും രാത്രി ഷൂട്ടിങ് കഴിഞ്ഞ് ജോഷി എന്നെ വന്ന് കാണും. ജോഷി വളരെ മാന്യമായി എന്നെ ഡീൽ ചെയ്യുന്നു. ഇന്നു വായിക്കാം, നാളെ വായിക്കാം എന്നു പറഞ്ഞ് ആറേഴു ദിവസമായി. അപ്പഴേ എനിക്ക് എന്തോ ഒരു കുഴപ്പം തോന്നി. ഞാൻ ഗായത്രി അശോകിനോട് വിളിച്ചുപറഞ്ഞു: 'എടാ, ഇത് ജേസിയെക്കാൾ വലിയ കുഴപ്പത്തിലാകാൻ പോവുകയാണ്. ജേസി ഒന്നുമില്ലെങ്കിലും വായിച്ചുകേട്ടു. ഇത് ഏഴു ദിവസമായിട്ടും 'ഇന്നാകട്ടെ, നാളെയാകട്ടെ' എന്നും പറഞ്ഞ് ഇരിക്കുന്നതേയുള്ളൂ.'
ഏഴാമത്തെ ദിവസം ജോഷി വന്ന് നമുക്ക് നാളെ വായിക്കാം എന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, 'ജോഷീ, അങ്ങനെയാണെങ്കിൽ വേണ്ട. നിങ്ങൾ ഷൂട്ടിങ് എല്ലാം കഴിഞ്ഞിട്ട് എറണാകുളത്ത് വന്നിട്ട് നമുക്ക് വായിക്കാം.' അപ്പോൾ ജോഷിക്ക് മനസ്സിലായി, ഞാൻ നീരസപ്പെട്ട് പോവുകയാണെന്ന്. ജോഷി പറഞ്ഞു, 'നാളെ നീ സെറ്റിലേക്ക് വാ. നമുക്ക് വായിക്കാം.'

ചീട്ടു വീണിട്ടാണ് ഞാൻ ചെന്നിരിക്കുന്നത്. ജോയിയെക്കാളും രാജനെക്കാളും കോരച്ചേട്ടനെ വിശ്വസിച്ചിരിക്കുന്ന ആൾ ജോഷിയാണ്. എങ്കിലും 'ഈറൻസന്ധ്യ'യോടെ ഭയങ്കര കുഴപ്പംപിടിച്ച ഒരാൾ ആണെന്ന് ആരൊക്കെയോ പറഞ്ഞിട്ട് ജോഷിക്ക് സംശയമായിരുന്നു. നാലഞ്ചു ദിവസം കഴിഞ്ഞ് ഇതങ്ങ് ഉഴപ്പിവിട്ടേക്കാം എന്നായിരുന്നു ജോഷിയുടെ മനസ്സിലിരിപ്പ്. അഞ്ചാറു ദിവസം ആയപ്പോൾ എന്റെ മുഖത്തു നോക്കി പറയാനും മടി. പിറ്റേദിവസം വായിക്കാൻ തീരുമാനിച്ചത് ഒരു പത്തു സീൻ വായിച്ചിട്ട് ഒരു 'ചീ' പറയാൻ വേണ്ടിയാണ് (ഇത് പില്ക്കാലത്ത് ജോഷി എന്നോടു പറഞ്ഞതാണ്). മാത്രമല്ല, അന്ന് അവിടെ കലൂർ ഡെന്നീസുണ്ട്. ഡെന്നിസ് പണി തീർത്ത് പോകാൻ തുടങ്ങുമ്പോൾ ജോഷി പറഞ്ഞു, 'എടേ നീ ഇവിടെ നില്ക്ക്, എനിക്ക് ഒരു ആവശ്യമുണ്ട്.' ഡെന്നിസിന് കാര്യം അറിഞ്ഞുകൂടാ. ജോഷിയുടെ ഉദ്ദേശ്യം കഥ കൊള്ളാമെങ്കിൽ ഡെന്നിസിനെക്കൊണ്ട് വേറെ തിരക്കഥ എഴുതിക്കുക, പത്തു സീൻ വായിച്ചിട്ട് എന്നെ പറഞ്ഞുവിടുക.

ജോഷി സെറ്റിൽ ഇരിക്കുകയാണ്. സെറ്റിൽ ലൈറ്റ് അപ്പ് ചെയ്തു വെച്ചിരിക്കുകയാണ്. മമ്മൂട്ടിയും നദിയാമൊയ്തുവും അഭിനയിക്കാനുള്ള സീനാണ്. ഞാൻ ചെല്ലുമ്പോൾ ട്രോളിയൊക്കെ ഇട്ട് റിഹേഴ്സൽ കഴിഞ്ഞിരിക്കുകയാണ്. ജോഷി ഉടനെ ക്യാമറാമാൻ ആനന്ദക്കുട്ടനോട് പറഞ്ഞു, 'ആനന്ദക്കുട്ടാ, ഒരു അരമണിക്കൂർ... ഞാൻ ദാ വരുന്നു.'
ഞാൻ ഞെട്ടി. അരമണിക്കൂറിനുള്ളിൽ ഒരു ഫുൾ സ്ക്രിപ്റ്റ് വായിച്ചു കേൾക്കുക എന്നു പറയുന്നത് നടപ്പുള്ള കാര്യമല്ല. എന്നെ ഒഴിവാക്കാനാണെന്നു മനസ്സിലായി. ജോഷിയെ തിരക്കഥ വായിച്ചു കേൾപ്പിക്കേണ്ട ആവശ്യമില്ല. അദ്ദേഹം തനിയേ വായിക്കും. ഞാൻ തിരക്കഥ കൈയിൽ കൊടുത്തു. ജോഷി വളരെ നിസ്സാരമായി സീൻ വായിച്ചു, രണ്ടു സീൻ വായിച്ചു, മൂന്നു സീൻ വായിച്ചു... ഒരു പതിനഞ്ചു സീൻ വായിച്ചിട്ട് ജോഷി അസിസ്റ്റന്റ് ഡയറക്ടറിനെ വിളിച്ച് ആനന്ദക്കുട്ടനെ വിളിപ്പിച്ചു, 'ഇന്ന് ഉച്ചവരെ ഷൂട്ടിങ്ങില്ല.'

അങ്ങനെ ഉച്ചയാകുമ്പോഴേക്കും മുഴുവൻ തിരക്കഥയും വായിച്ചു. പുഞ്ചിരിച്ചുകൊണ്ട് ജോഷി പറഞ്ഞു, 'മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്ക് ചെയ്യാൻ കിട്ടിയ ഏറ്റവും മികച്ച സ്ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു.' അതാണ് 'നിറക്കൂട്ട'്- എന്റെ ആദ്യത്തെ സിനിമ. ഞാൻ കഥ-തിരക്കഥ-സംഭാഷണം എഴുതിയ എന്റെ പൂർണതിരക്കഥ.
മമ്മൂട്ടിയാണ് നായകൻ. അത് മലയാളത്തിൽ സൂപ്പർഹിറ്റായി എന്നു മാത്രമല്ല, തമിഴിലും കന്നടയിലും റീമേക്ക് ചെയ്തു. കന്നടയിൽ ജോയി തോമസ് തന്നെയാണ് നിർമിച്ചത്. വിഷ്ണുവർധൻ ആയിരുന്നു കന്നടയിൽ ഹീറോ. തമിഴിലും കന്നടയിലും തെലുങ്കിലും അത് സംവിധാനം ചെയ്തത് ആർ. രംഗരാജനാണ്.

തമിഴിൽ ശിവകുമാറാണ് അഭിനയിച്ചത്. 'മനിതനിൽ മറുപക്കം' എന്നായിരുന്നു പേര്. സൺ ടിവി തുറന്നാൽ കാണാം ഇപ്പോഴും ആ സിനിമയിലെ പാട്ടുകൾ (മലയാളത്തിൽ ശ്യാം സംഗീതം ചെയ്ത 'പൂമാനമേ' എന്നു തുടങ്ങുന്ന പാട്ട് ഇന്നും മലയാളികൾ ഏറ്റുപാടുന്നു). ഇളയരാജ ചെയ്ത അതിലെ എല്ലാ പാട്ടുകളും ഹിറ്റാണ്. ശിവകുമാർ-രാധ ആണ് തമിഴിൽ അഭിനയിച്ചത്. കന്നടയിൽ വിഷ്ണുവർധൻ-രാധയും. തെലുങ്കിൽ ഡോ. രാജശേഖരൻ, ഹിന്ദിയിൽ ധർമേന്ദ്രയും ജയപ്രദയും ആണ് അഭിനയിച്ചത്. ഹിന്ദി ജോഷിതന്നെ സംവിധാനം ചെയ്തു.

കന്നടയിലും തമിഴിലും പടം സൂപ്പർ ഹിറ്റായില്ലെങ്കിലും തരക്കേടില്ലാതെ ഓടി. ഹിന്ദിസിനിമ മോശമായി. അതിന്റെ കാരണം എനിക്ക് അറിയില്ല. അന്നത്തെ വലിയ താരങ്ങളായ ധർമേന്ദ്രയും ജയപ്രദയും അഭിനയിക്കുന്ന സിനിമ എന്നത് എനിക്ക് വലിയ കാര്യമാണ്. കാരണം, 'ഷോലെ' എറണാകുളത്ത് റിലീസ് ചെയ്തപ്പോൾ ഞങ്ങൾ കോളേജിൽനിന്ന് വന്ന് മോണിങ് ഷോയുടെ ക്യൂവിൽ നില്ക്കുന്നു, ടിക്കറ്റ് കിട്ടുന്നില്ല, ആ ക്യൂ അങ്ങനെതന്നെ മാറ്റിനിക്ക് നില്ക്കുന്നു. സെക്കൻഡ് ഷോവരെ ഒറ്റദിവസം ക്യൂവിൽ നിന്നു. അങ്ങനെ കണ്ട 'ഷോലെ'യിലെ ഹീറോയെ പരിചയപ്പെടാനാവുക, അദ്ദേഹം എന്റെ സിനിമയിൽ അഭിനയിക്കുക എന്നത് വലിയ അഭിമാനമായി എനിക്കു തോന്നി.

'നിറക്കൂട്ട'് മലയാളത്തിലെ അക്കാലത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റായി മാറി. അടുത്ത റൈറ്റർ ഇവനാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞാൻ പ്രസ്സിൽ ഇരുന്നു. ഒരാൾപോലും അടുത്ത സിനിമ ചെയ്യാൻ വരുന്നില്ല. ഒരുവിധം സംവിധായകരെല്ലാം ഓഫർ തരുന്നുണ്ട്. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല.

'നിറക്കൂട്ട്' ഓടിയതോടെ മനസ്സിലായി ഇത് 'ചക്ക വീണു മുയൽ ചത്തതാണ്.' അടുത്ത ഒരു സ്ക്രിപ്റ്റ് എഴുതാനോ വിജയിപ്പിക്കാനോ സാധിക്കുമോ? ജോഷിയുമായി അപ്പോഴേക്ക് വളരെ നല്ല അടുപ്പമായിരുന്നു. അതിനാൽ, ജോഷിയുടെ സിനിമകളിൽ സഹസംവിധായകനായി നിന്ന് പണി പഠിക്കാം എന്ന് ഞാൻ തീരുമാനിച്ചു. ഇതിനിടയിൽ അമേരിക്കൻ യാത്രാശ്രമം നടക്കുന്നുണ്ട്. പക്ഷേ, എന്തുകൊണ്ടോ ഒന്നും ശരിയായില്ല. എങ്ങനെയും രക്ഷപ്പെട്ടേ പറ്റൂ. ജോഷിയുടെ അസിസ്റ്റന്റായി പോകാം എന്നു ഞാൻ തീരുമാനിച്ചു. തിരക്കഥ ഒന്നും എനിക്കൊരു പ്രശ്നമല്ല. ജോഷിയും പറയുന്നുണ്ട്, 'ഉടനെ നമുക്ക് ഒരു പടം ചെയ്യണം' എന്നൊക്കെ. പക്ഷേ, നടക്കുന്നില്ല. ജോഷിക്ക് ആ സമയത്ത് ഒരുപാടു സിനിമകളുണ്ട്.
അപ്പോൾ അതാ ഒരാൾ വന്ന് എനിക്ക് അഡ്വാൻസ് തരുന്നു. എസ്.ആർ.എം. റോഡിൽ എന്റെ പ്രസ്സിന്റെ പിറകിൽ ഒരു സിംഗിൾ റൂമിലാണ് അന്ന് താമസിക്കുന്നത്. നോർത്ത് സ്റ്റേഷന്റെ പിറകിലായിട്ടുവരും. അശോക് കല്യാണം കഴിച്ച് മാറിയിരുന്നു. ഞാൻ അവിടെ ഒറ്റയ്ക്ക് ഇരിക്കുകയാണ്. ഒരാൾ എന്നെ കാണാൻ വന്നു: 'ഞാൻ ഒരു ഡയറക്ടർ ആണ്. എന്റെ പേര് ഗോവിന്ദൻ.' സരിത എന്നു പറയുന്ന, പഴയ ഒരു നല്ല സിനിമയുണ്ട്. വിധുബാല അഭിനയിച്ചതാണ്. അദ്ദേഹം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദമെടുത്തിരുന്നു. വലിയ പ്രതീക്ഷ അർപ്പിക്കപ്പെട്ട ഡയറക്ടറാണ് ഗോവിന്ദൻ. സിനിമാമാസികകൾ വായിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെ കണ്ടപ്പോൾത്തന്നെ മനസ്സിലായി. ഞാൻ ഇപ്പോഴും ഓർക്കുന്നു, ഒരു പടം ചെയ്യണം എന്നു പറഞ്ഞ് 5000 രൂപയാണ് അഡ്വാൻസ് തന്നത്. പക്ഷേ, എന്തുകൊണ്ടോ പിന്നെ അത് മുന്നോട്ടുപോയില്ല. ഇത് 1985ലാണ്.

പത്തിരുപത്തെട്ട് വർഷത്തിനുശേഷം ഞാൻ ജോഷി മാത്യു സംവിധാനം ചെയ്ത, എന്റെ ഒരു പടത്തിന്റെ സൗണ്ട് മിക്സിങ്ങിന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നില്ക്കുന്നു. ഒരാൾ റെക്കോഡിസ്റ്റ് ഹരിയെ കാണാൻ വരുന്നു. ഹരിയോട് സംസാരിച്ച് അദ്ദേഹം തിരിച്ചുപോകാൻ നേരം ഞാൻ ഹരിയോട് ചോദിച്ചു, 'ഹരീ, ആ പോയത് ഗോവിന്ദൻ സാറാണോ?' 'അതേ' എന്ന് ഹരി പറഞ്ഞപ്പോൾ ഞാൻ പിറകെ ഓടിച്ചെന്നിട്ട് ചോദിച്ചു, 'സാർ എന്നെ അറിയുമോ?' അദ്ദേഹം അദ്ഭുതത്തോടെ ചോദിച്ചു, 'നിങ്ങൾക്ക് എന്നെ എങ്ങനെ മനസ്സിലായി?' അദ്ദേഹത്തിന് വളരെ സന്തോഷമായി. അടുത്തകാലത്ത് അദ്ദേഹം മരിച്ചു. ഈ സമയത്തുതന്നെ ഒരു പടം ചെയ്യണം എന്നു പറഞ്ഞ് ലെനിൻ രാജേന്ദ്രനും എന്റെ അടുക്കൽ വന്നു. പക്ഷേ, ഇതൊന്നും പ്രോജക്ട് എന്ന നിലയിൽ നടന്നില്ല.

വേറൊരു ശക്തമായ ഓഫറും വന്നു. ഞാൻ ജോഷിയെ തിരക്കഥ വായിച്ചുകേൾപ്പിക്കാൻ തേക്കടിയിൽ പോയി. ജോഷി അന്ന് താമസിക്കുന്നത് 'ആരണ്യനിവാസിൽ' ആണ്. ആരണ്യനിവാസിൽ ജോഷിയുടെ മുറിയിൽ നില്ക്കുമ്പോൾ മോട്ടോർ ബുള്ളറ്റിൽ ഒരു മനുഷ്യൻ അവിടെ വന്നിറങ്ങി. കറുത്ത ജീൻസും ലെതർ ജാക്കറ്റും ലെതറിന്റെതന്നെ ഒരു ഗ്ലൗസും ഇട്ട്. ലെതർ തൊപ്പി വെച്ച് ഹിന്ദിസിനിമയിലെ വില്ലനെപ്പോലെ അയാൾ ബൈക്കിന് മുകളിൽക്കൂടി കാലുവീശി ഇറങ്ങി. ജോഷിയുടെ മുറിയിലേക്ക് വന്നു. ജോഷി എന്നെ കാണിച്ചിട്ട്, 'എടേ, ഇത് ജോയിയുടെ പുതിയ റൈറ്റർ ആണ്' എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ആ എനിക്കറിയാം, ജേസിയുടെ പടമൊക്കെ എഴുതിയ ആളല്ലേ?' ജേസിയുടെ പടം എഴുതിയ ആൾ എന്ന കമന്റുതന്നെ എന്നെ വിഷമിപ്പിച്ചു. ജോഷി എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.

'ഇതാണ് തമ്പി കണ്ണന്താനം. ഇവൻ 'താവളം' എന്നു പറയുന്ന ഒരു പടം സംവിധാനം ചെയ്തു. അടുത്തതായി മമ്മൂട്ടിയുടെ ഒരു പടം ചെയ്യുന്നു.
ശശികുമാർ സാറിന്റെ അസിസ്റ്റന്റാണ്. തമ്പിയുടെ വീട് ഇവിടെ കാഞ്ഞിരപ്പള്ളിക്ക് അടുത്താണ്.'
തമ്പി അന്ന് എന്നോട് പറഞ്ഞു, 'നമുക്കുംകൂടിയൊക്കെ ഒരു പടം ചെയ്യേണ്ടിവരും കേട്ടാ...' തമ്പി അന്ന് മമ്മൂട്ടിയുടെ 'ആ നേരം അല്പദൂരം' എന്നു പറയുന്ന സിനിമയുടെ വർക്കിലാണ്.

ഞാൻ ഒരു സിനിമയുമില്ലാതെ പ്രസ്സിൽ വീണ്ടും ഇരുന്നു. ജോഷിയുടെ ഒരു സിനിമ തുടങ്ങാൻ സമയമായി. ജൂബിലി ജോയി തോമസ് തന്നെയാണ് അതിന്റെ പ്രൊഡ്യൂസർ. കലൂർ ഡെന്നിസിന്റെതാണ് തിരക്കഥ. നേരത്തേ പ്ലാൻ ചെയ്തുവെച്ചതാണ്. മമ്മൂട്ടിയും നദിയാമൊയ്തുവും ആണ് അഭിനയിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും.
ജോഷിയുടെ കൂടെ അസിസ്റ്റന്റായി പോകാം എന്നു തീരുമാനിച്ച് ഷിബുവിനോട് പറഞ്ഞു, 'ഷിബൂ, നിങ്ങൾ ഒരു പത്തിരുപത്തഞ്ചു ദിവസത്തേക്ക് പ്രസ്സിൽ ഇരിക്കണം.' അപ്പോഴേക്കും അമ്പിളി സ്വന്തമായി പ്രവ്ദ സ്റ്റുഡിയോ തുടങ്ങി അങ്ങോട്ട് മാറിയിരുന്നു. പ്രസ്സിന്റെ ചുമതല മുഴുവൻ എനിക്കായിരുന്നു.

അസിസ്റ്റന്റാകുന്ന കാര്യം ജോഷിയോട് ചോദിക്കാൻ വേണ്ടി ഇരിക്കുമ്പോൾ ജോഷിയും ജോയി തോമസുംകൂടി പെട്ടെന്ന് എന്നെ വിളിച്ചു, 'എടാ നീ പ്രസ്സിലുണ്ടോ?' ഞാൻ, 'ഉണ്ട്' എന്നു പറഞ്ഞപ്പോൾ, 'ഞങ്ങൾ പെട്ടെന്ന് അങ്ങോട്ടു വരികയാണെ'ന്നു പറഞ്ഞു. എന്താണെന്ന് എനിക്കു മനസ്സിലായില്ല.
അവർ രണ്ടുപേരുംകൂടി പ്രസ്സിൽ വന്നിട്ട് പറഞ്ഞു, 'കലൂർ ഡെന്നിസിന്റെ പ്രോജക്ടിൽ ചില പ്രശ്നങ്ങളുണ്ട്. അത് ഒന്നു മാറ്റിവെച്ചിട്ട് പകരം അതേ ഡേറ്റിൽ ഒരു പടം, ഇതേ ആർട്ടിസ്റ്റുകളെവെച്ച് തുടങ്ങണം. നീ അന്ന് 'നിറക്കൂട്ടി'ന്റെ സമയത്ത് കൊല്ലത്തു വെച്ച് പറഞ്ഞ ഒരു ചെറിയ കഥ ഉണ്ടല്ലോ. അതങ്ങ് ഡെവലപ് ചെയ്താൽ മതി. അഞ്ചാം ദിവസം ഷൂട്ടിങ് തുടങ്ങാനുള്ളതാണ്.'
ഞാൻ പറഞ്ഞു, 'അത് ഡെവലപ് ചെയ്യാം. പക്ഷേ, അഞ്ചു ദിവസത്തിനുള്ളിൽ...?' ജോഷി പറഞ്ഞു, 'അതൊന്നും സാരമില്ല, നീ വിചാരിച്ചാൽ നടക്കും. നിനക്ക് പറ്റും.'

ജോഷിക്കും ജോയിക്കും ആ കോൺഫിഡൻസ് എന്റെമേൽ ഉണ്ടെങ്കിലും ഞാൻ വിചാരിച്ചാൽ പറ്റില്ലെന്നുള്ള കാര്യവും ഞാൻ ആരാണെന്നും കൃത്യമായിട്ട് അറിയാവുന്നത് എനിക്കു മാത്രമാണ്. 'നിറക്കൂട്ട്' മൂന്നുമൂന്നര മാസം എടുത്താണ് എഴുതിയത്. അഞ്ചു ദിവസംകെണ്ട് ഒരു സ്ക്രിപ്റ്റ് എന്നു പറയുന്നത് ചിന്തിക്കാൻപോലും പറ്റാത്ത കാര്യമാണെന്ന് എനിക്ക് ഉറപ്പാണ്.
ജോഷിയും ജോയിയും ചേർന്ന് എന്നെ കൈയോടെ പിടിച്ച് വീണ്ടും കോരച്ചേട്ടന്റെ അടുത്ത് കൊണ്ടുപോയി.

'നിറക്കൂട്ടുകളില്ലാതെ' വായിക്കാം

Content Highlights: An Excerpt From Nirakkoottukalillathe Autobiography of Script Writer Dennis Joseph published by Mathrubhumi Books

 

PRINT
EMAIL
COMMENT
Next Story

ലെനിന്റെ പുസ്തകവും അച്ഛന്റെ ഫോട്ടോയും

''Every passion borders on the chaotic, but the collector's passion borders .. 

Read More
 
 
  • Tags :
    • Dennis Joseph
    • Books
    • Mathrubhumi
More from this section
Lenin
ലെനിന്റെ പുസ്തകവും അച്ഛന്റെ ഫോട്ടോയും
babil perunna
ഓര്‍മ്മയായത്‌ തെരുവ് വേദിയാക്കി അരങ്ങ് നിറഞ്ഞ ഒറ്റയാള്‍പ്രതിഭ
Tony Morizon
ലോകത്തിന്റെ 'പ്രിയപ്പെട്ടവള്‍'; പോരാളി; ടോണി മോറിസണ്‍
K Madhavan Nair
'ഞങ്ങളുടെ വാക്കു തന്നെയാണ് ഞങ്ങളുടെ കച്ചീട്ട്'; ആ അറസ്റ്റിന്റെ നൂറാം വാര്‍ഷികം
ഫോട്ടോ: മാതൃഭൂമി
'വാക്കിന്റെ ശക്തികൊണ്ട് പ്രതിബന്ധങ്ങളെ അടിപുഴക്കിയെറിഞ്ഞ വി.ടി ഭട്ടതിരിപ്പാട് മൃതിപ്പെടില്ല'- ലീലാവതി ടീച്ചര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.