ഇന്ത്യൻ സിനിമയുടെ പ്രതിഭയുറ്റ മുഖങ്ങളിൽ ഒന്നായ പ്രേംനസീർ യാത്രയായിട്ട് മുപ്പത്തൊന്ന് സംവത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചേർത്തലക്കാരൻ അബ്ദുൾ ഖാദർ എ്ന്ന ബി.എ വിദ്യാർഥി ലോകറെക്കോഡുള്ള നിത്യഹരിതനായകനായിത്തീർന്നതെങ്ങനെയെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ 'എന്റ ജീവിതം' വിശദമാക്കുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എന്റെ ജീവിതം എന്ന ആത്മകഥയിലെ ആഭിനയമത്സരം എന്ന അധ്യായം വായിക്കാം.
ഇന്റർമീഡിയറ്റ് പാസായി നില്ക്കുകയാണ് ഞാൻ. അടുത്ത വർഷം തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ ബി.എക്ക് ചേരണം. ഒരു വർഷം വെറുതേ പോയതിൽ വളരെ മനഃപ്രയാസമുണ്ട്. ഇനിയെങ്കിലും നന്നായി പഠിക്കണമെന്ന ചിന്തയാണുള്ളിൽ. ബി.എ. പാസായി നല്ലൊരുഉദ്യോഗസ്ഥനാവുക എന്നതായിരുന്നു ലക്ഷ്യം.
സ്കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴുമൊക്കെ നിരവധി നാടകങ്ങളിൽ അഭിനയിക്കുമായിരുന്നെങ്കിലും പിന്നീടതിനോടൊരു താത്‌പര്യം തോന്നിയിരുന്നില്ല. മറ്റുപലരുമാണെങ്കിൽ തുടർന്നും നാടകങ്ങളിലൊക്കെ അഭിനയിക്കുകയും കലാരംഗത്ത് ഉറച്ചുനില്ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുമായിരുന്നു. എന്തുകൊണ്ടോ എനിക്കത്തരം ആഗ്രഹമൊന്നും ഉണ്ടായില്ല. എന്റെ ജീവിതത്തിലുണ്ടായതെല്ലാം യാദൃച്ഛികസംഭവങ്ങളായിരുന്നു. ആ യാദൃച്ഛികസംഭവങ്ങൾതന്നെയാണ് എന്റെ വളർച്ചയ്ക്കു പ്രേരകമായിത്തീർന്നത്.

ഇന്റർമീഡിയറ്റ് പാസായി നില്ക്കുമ്പോൾ തിരുവനന്തപുരത്ത് ഒരു അഭിനയമത്സരം നടക്കുകയുണ്ടായി. പത്രപംക്തികൾ വഴി അതിന്റെ അറിയിപ്പുകൾ ഞാൻ കണ്ടു. പക്ഷേ, അതിൽ പങ്കെടുക്കണമെന്നു തോന്നിയില്ല. അതിനു കാരണമുണ്ട്. സ്ഥലം തിരുവനന്തപുരമാണ്. പ്രശസ്തരും പ്രഗല്ഭരുമായ ധാരാളം കലാകാരന്മാരുണ്ടവിടെ. കേവലം ഒന്നോ രണ്ടോ നാടകത്തിൽ അഭിനയിച്ച എനിക്കവിടെ ശോഭിക്കാൻ കഴിയുമെന്ന വിശ്വാസമില്ലായിരുന്നു. അങ്ങനെ അതു മറന്നിരിക്കുമ്പോഴാണ് ഇതേ വിവരവുമായി സ്നേഹിതന്മാർ വരുന്നത്. അവർ ഒരേ നിർബന്ധം, ഇതിൽ പങ്കെടുക്കണമെന്ന്. ഞാൻ സാധ്യമല്ലെന്നു പറഞ്ഞു. അവർ സമ്മതിക്കുന്ന മട്ടില്ല. നല്ലൊരു വാദപ്രതിവാദംതന്നെ നടന്നു. എന്റെ വാദമൊക്കെ അംഗീകരിച്ചുകൊണ്ടുതന്നെ അവർ പറഞ്ഞു:'ഏതായാലും ഇതിനു ചേരുക. വിജയിക്കുന്നെങ്കിൽ വിജയിക്കട്ടെ. തോറ്റാലും കുഴപ്പമില്ല. പങ്കെടുത്തുവെന്ന ഒരാത്മസംതൃപ്തിയെങ്കിലും കിട്ടുമല്ലോ.'
അങ്ങനെ മനസ്സില്ലാമനസ്സോടെ, അവരുടെ നിർബന്ധത്തിനു വഴങ്ങി പങ്കെടുത്തു. യാതൊരു റിഹേഴ്സലും കൂടാതെത്തന്നെ മത്സരദിവസം സ്ഥലത്തെത്തി. എങ്കിലും മനസ്സിൽ അവിടെ കാണിക്കേണ്ടതെന്തൊക്കെയായിരിക്കണമെന്ന് ചിന്തിച്ചുറച്ചിരുന്നു. ഹരിശ്ചന്ദ്രയിലെ ശോകം, രൗദ്രം, എസ്.പി. പിള്ളയുടെ ഹാസ്യം തുടങ്ങിയവയൊക്കെ ഞാനവിടെ കാണിച്ചു...
സമ്മാനം കിട്ടുകയില്ലെന്ന ഉറച്ച വിശ്വാസത്തോടെത്തന്നെ വേദിയിൽനിന്നും ഞാൻ ഇറങ്ങിപ്പോന്നു. സമ്മാനം കിട്ടുന്ന ഭാഗ്യവാൻ ആരായിരിക്കുമെന്നും ഞാൻ ചിന്തിക്കാതിരുന്നില്ല.
പക്ഷേ, പിറ്റേദിവസത്തെ പത്രം കണ്ടപ്പോൾ ഞാൻ അദ്ഭുതസ്തബ്ധനായിപ്പോയി. അഭിനയമത്സരത്തിൽ ഒന്നാം സമ്മാനം എനിക്കു കിട്ടിയിരിക്കുന്നു. വിശ്വസിക്കാനാവാതെ നിന്നുപോയി. സ്നേഹിതന്മാരൊക്കെ ചുറ്റിനും വളഞ്ഞു. അഭിനന്ദനങ്ങൾകൊണ്ടെന്നെ അഭിഷേകം ചെയ്തു. സത്യത്തിൽ ഈ വിജയത്തിന്റെ ക്രെഡിറ്റു മുഴുവൻ അവർക്കുള്ളതായിരുന്നു. അവർ നിർബന്ധിക്കാതിരുന്നെങ്കിൽ ഞാനതിൽ പങ്കെടുക്കുകപോലുമില്ലായിരുന്നു.
സി.ഐ. പരമേശ്വരൻപിള്ള, ഹസ്സൻ മരയ്ക്കാർ, കെ.വി. നീലകണ്ഠൻ നായർ എന്നിവരായിരുന്നു മത്സര ജഡ്ജസ്. ചലച്ചിത്രനിർമാതാവായ കെ.എം.കെ. മേനോന്റെ ഒരടുത്ത ബന്ധുകൂടിയായിരുന്നു സി.ഐ. മത്സരം കഴിഞ്ഞയുടൻ സി.ഐ. എന്നെ വിളിപ്പിച്ചു. പലതും എന്നോടു ചോദിക്കുകയും പറയുകയും ചെയ്തു. ഭവ്യതയോടെ, ഭയഭക്തിബഹുമാനത്തോടെയാണ് ഞാനദ്ദേഹത്തിന്റെ മുൻപിൽ നിന്നതും സംസാരിച്ചതും. യാത്രപറഞ്ഞു പോരാൻനേരത്ത് അദ്ദേഹം ചോദിച്ചു:
'ഖാദറിന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ?'
ഞാനൊന്നും പറഞ്ഞില്ല. എന്തു പറയണം എന്നറിയാത്തതുകൊണ്ടുതന്നെയാണ് മൗനംപൂണ്ടത്. ആർക്കെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം കാണാതിരിക്കുമോ? അതും സിനിമയുടെ ആദ്യകാലത്ത്. എന്റെ ഉള്ളിന്റെയുള്ളിലുമുണ്ട് ആ മോഹം. പക്ഷേ, അഭിനയിച്ചാൽ ശോഭിക്കുമോ? പിടിച്ചുനില്ക്കാൻ കഴിയുമോ? ഇത്യാദി സംശയങ്ങളും കൂടെത്തന്നെയുണ്ടായിരുന്നു.
'ഏതായാലും കെ.എം.കെ. മേനോനെ ചെന്നൊന്നു കണ്ടുനോക്കൂ,' സി.ഐ. പറഞ്ഞു.
Content Highlights: An Excerpt form the Autobiography Ente Jeevitham by PremNaseer published by Mathrubhumi books