റ് വര്‍ഷം മുമ്പ് ഒരു കൊച്ചു കഥ എഴുതുമ്പോള്‍ കഥാകൃത്ത് വിചാരിച്ചില്ല അത് നിര്‍ഭാഗ്യകരമാം വിധത്തില്‍ യാഥാര്‍ഥ്യമാവും എന്ന്. ഡല്‍ഹിയില്‍ ഇന്ന് കാണുന്ന കാഴ്ചകളും അവിടെ കേള്‍ക്കുന്ന രോദനങ്ങളുമെല്ലാം ചില കഥകള്‍ക്ക് പ്രവചനസ്വഭാവമുണ്ട് എന്ന് തെളിയിക്കുന്നതാണ്

രാവിലെ വാര്‍ത്താചാനല്‍ തുറന്നപ്പോള്‍ നടുങ്ങിപ്പോയി. വഴിവക്കിലും ആശുപത്രികളുടെ മുന്നിലുമൊക്കെ ഓക്‌സിജന്‍ കിട്ടാതെ മനുഷ്യര്‍ പിടഞ്ഞുവീണ് മരിക്കുകയാണ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നതുകേട്ടപ്പോള്‍. ദൈവമേ, ആറുവര്‍ഷംമുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാനെഴുതിയ 'പ്രാണവായു' എന്ന കഥയിലെ അതേ വരികള്‍.

കഥയില്‍ പറഞ്ഞതുപോലെ കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ പിടഞ്ഞ് തീരുന്ന വിലപ്പെട്ട ജീവനുകള്‍. ദൃശ്യങ്ങള്‍ ചാനലുകളില്‍ മിന്നിമറയുന്നുണ്ട്. നിലവിളികളാണ് എങ്ങും. കൂട്ടിയിട്ട ശവശരീരങ്ങള്‍. ചിതകള്‍ ഒന്നിച്ച് കത്തുന്നു!

ഒരു പ്രഭാഷണത്തിനിടയില്‍ അപ്രതീക്ഷിതമായി പറഞ്ഞുപോയ ചില വാക്കുകളില്‍നിന്നാണ് 'പ്രാണവായു' എന്ന കഥയുടെ പിറവി സംഭവിച്ചത്. 2015 ജൂണ്‍ 16-ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിലെ മലയാളവിഭാഗം സംഘടിപ്പിച്ച 'പരിസ്ഥിതിയും സാഹിത്യവും' എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കവേ ഒടുവില്‍ സ്വാഭാവികമായും 'എന്‍. മകജെ' എന്ന നോവലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പാവം കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥയും വിവരിക്കാനിടയായി. അന്നേരം സദസ്സ് വല്ലാത്ത നിശ്ശബ്ദതയില്‍ ആണ്ടുപോയി. തുടര്‍ന്ന് പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ അപ്രതീക്ഷിതമായി മനസ്സിലേക്ക് കുതിച്ചുവന്ന ഒരു ചിന്ത ഞാന്‍ മൈക്കിലൂടെ പങ്കുവെച്ചു.

'പ്രിയപ്പെട്ടവരേ പത്തുവര്‍ഷം മുമ്പ് കുടിവെള്ളം കടയില്‍ച്ചെന്ന് പണം കൊടുത്ത് വാങ്ങേണ്ടിവരും എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കും. പക്ഷേ, ഇന്ന് നിങ്ങളെല്ലാവരും ചിരിക്കാതെ കുപ്പിവെള്ളം വാങ്ങിക്കുന്നു. പത്തുവര്‍ഷം കഴിഞ്ഞ് ഓക്‌സിജന്‍ ക്യൂനിന്ന് നിങ്ങള്‍ വാങ്ങേണ്ടിവരും എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ഇപ്പോള്‍ ചിരിക്കും. പക്ഷേ, പത്തുവര്‍ഷം കഴിഞ്ഞ്...''

ഞാന്‍ പ്രസംഗം അവസാനിപ്പിച്ചു. ആരും ചിരിക്കുന്നുണ്ടായിരുന്നില്ല. ഒരു നടുക്കം ഹാളിലൂടെ മിന്നിമായുന്നത് എനിക്ക് അനുഭവിക്കാനായി. കസേരയില്‍ ഇരുന്നപ്പോഴും കടുത്തൊരു അസ്വാസ്ഥ്യം എന്നെ മൂടിപ്പൊതിഞ്ഞിരുന്നു. എന്താണ് പറഞ്ഞത്? അങ്ങനെ പറയാമോ? നാട്ടില്‍ തിരിച്ചെത്തിയിട്ടും സ്വാസ്ഥ്യം എനിക്ക് തിരിച്ചുകിട്ടിയില്ല. കഴുത്തില്‍ തൊട്ടാല്‍ കാണാത്തൊരു പാമ്പ് ചുറഞ്ഞതുപോലെ. കിടക്കപ്പൊറുതിയും നഷ്ടമായപ്പോള്‍ രാത്രി എണീറ്റിരുന്ന് ഒരു കൊച്ചുകഥ എഴുതി പ്രാണവായു എന്ന് പേരിട്ട് പിറ്റേന്ന് കാലത്ത് മാതൃഭൂമിക്കയച്ചു. അന്ന് മാതൃഭൂമി വാരാന്തപ്പതിപ്പ് എഡിറ്റു ചെയ്തിരുന്ന സുഭാഷ് ചന്ദ്രന്‍ തൊട്ടടുത്ത ആഴ്ചതന്നെ അത് പ്രസിദ്ധീകരിച്ചു. കഥ വെളിച്ചംകണ്ടു. വെളിച്ചമോ ഇരുട്ടോ?

വാസ്തവത്തില്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ, വിസ്മയിപ്പിക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടായത്. അപൂര്‍വം ചില കഥകള്‍ക്കേ അങ്ങനെ സംഭവിച്ചിട്ടുള്ളൂ. കഥയ്‌ക്കൊപ്പം മെയില്‍ ഐ.ഡി. ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ കത്തുകള്‍ വന്നു. ഫോണിലും വായനക്കാര്‍ നടുക്കവും ഭയവും പങ്കുവെച്ചു. തലശ്ശേരിയിലെ ഡോക്ടറായ ബാബു രാമചന്ദ്രന്‍ വിളിച്ചു: ''ഇത് ഭാവിയുടെ കഥയാണ്. വായിച്ചപ്പോള്‍ പേടിതോന്നി.'' 2015-ല്‍ പ്രസിദ്ധീകരിച്ച 'രണ്ട് മത്സ്യങ്ങള്‍' എന്ന സമാഹാരത്തില്‍ ഈ കഥ ഉള്‍പ്പെട്ടപ്പോഴും ധാരാളം വായനക്കാരുണ്ടായി.

'പ്രാണവായു' എഴുതി, കുറച്ചുമാസങ്ങള്‍ കഴിഞ്ഞാണ് ചൈനയിലെ ചില ഹോട്ടലുകളില്‍ ബില്ലിനൊപ്പം ഓക്‌സിജന്‍ ശ്വസിച്ചതിന്റെ കാശും വാങ്ങുന്നുണ്ടെന്ന വാര്‍ത്ത ഞാന്‍ കണ്ടത്. ഓസ്ട്രേലിയയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറന്ന വാര്‍ത്തയും. പിന്നീടുള്ള വര്‍ഷങ്ങളില്‍ വായിക്കാനിടയായി. കഥയെഴുതുമ്പോള്‍ അങ്ങനെയൊന്നും കേട്ടിരുന്നില്ല.

ഒരുവര്‍ഷം മുമ്പ് ഡല്‍ഹി നഗരത്തിന് ശ്വാസംമുട്ടിയല്ലോ. (ഇപ്പോഴും ഡല്‍ഹിയിലാണ് വലിയ ദുരന്തം). മലിനവായുവിന്റെ കാര്യത്തില്‍ നമ്മുടെ തലസ്ഥാനം ലോകത്തില്‍ ഒന്നാംസ്ഥാനം നേടി. വായുസൂചിക 500 കടന്നാല്‍ അത്യന്തം അപകടകരമാണ് എന്നാണ് കണക്ക്. ഡല്‍ഹിയില്‍ അത് 526 ആയി. അതോടെ നഗരത്തില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറന്നത് വലിയ വാര്‍ത്തയായി. പതിനഞ്ച് മിനിറ്റ് ഓക്‌സിജന്‍ ശ്വസിച്ചാല്‍ 299 രൂപ! ഏഴ് ഫ്‌ലേവറുകളില്‍ ഓക്‌സിജന്‍ ലഭിക്കും. വ്യത്യസ്ത അളവുകളില്‍ ഓക്‌സിജന്‍ കിറ്റുകളും ആളുകള്‍ക്ക് കടകളില്‍ നിന്ന് ലഭിച്ചുതുടങ്ങി. കഥയില്‍ പറഞ്ഞതുപോലെ. അതോടെ സാമൂഹികമാധ്യമങ്ങളില്‍ 'പ്രാണവായു' വീണ്ടും ചര്‍ച്ചാവിഷയമായി.

ഇപ്പോഴിതാ കൊറോണയുണ്ടാക്കിയ ഭീകരാവസ്ഥയില്‍ ഈ കഥ വ്യാപകമായി വീണ്ടും ഷെയര്‍ ചെയ്യപ്പെടുന്നു എന്നറിയുന്നു. ഇതെഴുതുമ്പോഴും നൂറ് കണക്കിന് മെസേജുകള്‍ വരുന്നുണ്ട്. ഈ കഥ ഒരു മുന്നറിയിപ്പായിരുന്നു. പേടിപ്പിക്കലായിരുന്നില്ല. പരക്കംപായുന്ന കുഞ്ഞിനോട്: ''വീഴും, കൈകാലുകള്‍ പൊട്ടിപ്പോകും''. എന്നൊക്കെ ഒരമ്മ പറയുന്നത് ഒരിക്കലം കുഞ്ഞ് വീഴാന്‍ വേണ്ടിയിട്ടല്ലല്ലോ. ആ ഒരു കരുതലാണ് എന്നും കഥകള്‍ക്കുണ്ടാകേണ്ടത് എന്ന് ഞാന്‍ കരുതുന്നു. വഴിവിളക്കുകള്‍പോലെ ഇരുട്ടില്‍ വെളിച്ചം തൂകണം.

അപൂര്‍വം ചില കഥകളുടെ ജാതകമാണിത്. 2013-ലാണ് 'നീരാളിയന്‍' മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതുന്നത്. ഒലിവ് റെഡ്ലി വിഭാഗത്തില്‍പ്പെട്ട കടലാമകളെക്കുറിച്ചുള്ള കഥ. ആഗോളതാപനത്തില്‍ ഈ ആമ വംശം തിരോഭവിക്കുമോ എന്ന ഭീതിയായിരുന്നു ആ കഥയില്‍ പങ്കുവെച്ചത്. ഏഴുവര്‍ഷം കഴിയുമ്പോഴേക്കും ആ കഥ നിര്‍ഭാഗ്യവശാല്‍ ഏതാണ്ട് സംഭവിച്ച പോലെയായി നീലേശ്വരത്തെ മരക്കാപ്പ് കടപ്പുറത്തെ 'നെയ്തല്‍' കടലാമ സംരക്ഷണകേന്ദ്രത്തിലെ പ്രവര്‍ത്തകരുടെ അനുഭവമാണത്. 'മരക്കാപ്പിലെ തെയ്യങ്ങള്‍' എന്ന നോവലില്‍ രണ്ടുദശകം മുമ്പ് ഭാവന ചെയ്ത പലതും പിന്നീട് നടുക്കുന്ന യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ക്ക് കണ്‍മുന്നില്‍ കാണേണ്ടിവന്നിട്ടുണ്ട്.

എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു കഥ വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും ഭാഗ്യമായിരിക്കാം. പക്ഷേ, ഇതൊക്കെ അതേ അളവില്‍ നിര്‍ഭാഗ്യം കൂടിയാണ്.

'പ്രാണവായു'വില്‍ കഥാനായിക ചോദിക്കുന്നുണ്ട്: ''ഒരു തെറ്റും ചെയ്യാത്ത മനുഷ്യര്‍ ഇങ്ങനെ മരണപ്പെട്ടാല്‍... സര്‍ക്കാര്‍ ഇതിനൊക്കെ ഉത്തരം പറയേണ്ടിവരില്ലേ? തിരഞ്ഞെടുപ്പല്ലേ വരാന്‍ പോകുന്നത്?''

കഥാനായകന്‍ പറയുന്നു: ''തിരഞ്ഞെടുപ്പോ? പുറത്തെടുപ്പ് എന്നല്ലേ പറയേണ്ടത്. ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും ജനം സഹിക്കാനാവാതെ ഭരണകൂടത്തെ പുറത്താക്കുകയാണ്. ഇതിനെ തിരഞ്ഞെടുപ്പ് എന്ന് വിളിക്കുന്നതുതന്നെ അസംബന്ധമാണ്. പൗരന് പ്രാണവായു കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തിന് നിലനില്‍ക്കണം?''

ഇനി ജനത്തിന്റെ കാര്യത്തിലേക്ക് വന്നാലോ? ഉരുള്‍പൊട്ടല്‍, പ്രളയങ്ങള്‍, ആഗോളതാപനം, എന്തിന് ഈ മഹാമാരിയില്‍ നിന്നുപോലും മലയാളി എന്തെങ്കിലും പാഠംപഠിക്കുമെന്ന പ്രതീക്ഷ എനിക്ക് തരിമ്പുമില്ല. രണ്ടുകൊല്ലം മുമ്പ് ഓക്‌സിജന്‍ വിഷയമായി മറ്റൊരു കഥ ഞാന്‍ എഴുതിയിരുന്നു. 'ഭാഷാപോഷിണി'യില്‍. മാതൃഭൂമി പ്രസിദ്ധീകരിച്ച 'ചിന്നമുണ്ടി' എന്ന കഥാസമാഹാരത്തിലതുണ്ട്. ആമസോണ്‍ കാട് കത്തുന്ന ഭയാനകദൃശ്യങ്ങള്‍ കണ്ട് ടി.വി.യുടെ മുന്നില്‍ വേവലാതിപ്പെടുന്ന ഭാര്യ. ഭൂമിക്കുവേണ്ട ഓക്‌സിജന്‍ കൂടുതലും കിട്ടുന്നത് ആമസോണില്‍നിന്നാണ് എന്ന് അവള്‍ പരിഭവിക്കുമ്പോള്‍, ഗൂഗിള്‍വഴി 'ആമസോണി'ല്‍ കയറി ആയിരം ലിറ്റര്‍ ഓക്‌സിജന്‍ ബുക്ക് ചെയ്ത് ഭര്‍ത്താവ് പറയുകയാണ്: ''പേടിക്കേണ്ടടീ, ആമസോണില്‍ വേണ്ടത്ര സ്റ്റോക്കുണ്ട്'' എന്ന് ഈ ടിപ്പിക്കല്‍ മലയാളിയെ എന്റെ ഒട്ടേറെയായ പരിസ്ഥിതികഥകളില്‍ ആവര്‍ത്തിച്ചുകാണാം.

ഇരട്ടക്ലൈമാക്‌സ്

ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന 'പ്രാണവായു'വിന് മറ്റൊരു ക്ലൈമാക്‌സ് ഉള്ളകാര്യം വെളിപ്പെടുത്തട്ടെ. 2017-ല്‍ ഏഴാം ക്‌ളാസിലെ കുട്ടികള്‍ക്കുവേണ്ടി സര്‍വശിക്ഷാ അഭിയാന്‍ പ്രസിദ്ധീകരിച്ച 'വേനല്‍പ്പച്ച-എന്റെ പ്രകൃതി പുസ്തക'ത്തില്‍ ഈ കഥ ചേര്‍ത്തപ്പോള്‍ പുതിയ ഒരു പാരഗ്രാഫ് ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്.

കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കണം എന്ന പത്രാധിപ സമിതിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത് ചെയ്തത്. കഴിഞ്ഞവര്‍ഷം കൊച്ചി കോര്‍പ്പറേഷനുവേണ്ടി, കൊച്ചി നഗരത്തിലെ കുട്ടികള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ 'പട്ടണപ്പച്ച-എന്റെ പ്രകൃതി പുസ്തക'ത്തിലും ഇതുണ്ട്. രണ്ട് മികച്ച പുസ്തകങ്ങളുടെയും പത്രാധിപര്‍ പരിസ്ഥിതി ചിന്തകനായ ഡോ. ഉണ്ണികൃഷ്ണനാണ്. കഥയില്‍ കൂട്ടിച്ചേര്‍ത്ത് പാരഗ്രാഫ് ഇങ്ങനെയാണ്: ''അനീഷ മുറിയിലേക്ക് കയറിപ്പോയി. നെഞ്ചിടിപ്പോടെ വരുണ്‍ ഇരുന്നു. അഞ്ചുനിമിഷം കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തേക്ക് വന്നു. വരുണ്‍ ഉത്കണ്ഠയോടെ മുഖമുയര്‍ത്തി. അനീഷ പറഞ്ഞു: ''ഞാനത് ചെയ്യില്ല വരുണ്‍ നമ്മളാരും അത് ചെയ്യില്ല. അവര്‍ സ്വസ്ഥരായി ഉറങ്ങുകയാണ്. നോക്കൂ, രണ്ട് ദിവസത്തിനുള്ളില്‍ കാര്യങ്ങളൊക്കെ നേരെയാകും. നമുക്ക് കാത്തിരിക്കാം.''

അതേ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. ഇരുട്ടുമാറി വെളിച്ചം വരും. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിലുണ്ട്: 'രാവ് കറ്ത്താലും രാവിന്റെയുള്ളില് സൂരിയനുണ്ട്, പുതിയോര് സൂരിയന്‍.

Content Highlights: Ambikasuthan Mangad Malayalam story Pranavayu