അവര്‍ എവിടെ നിന്നാണ് കയറിവരുന്നത് എന്നറിയില്ലായിരുന്നു; എങ്ങോട്ടാണ് ഇറങ്ങിപ്പോവുന്നത് എന്നും. അവരുടെ കൈയിലെ ഏക സമ്പാദ്യം പാടിയാലും പാടിയാലും തീരാത്ത സംഗീതം മാത്രമായിരുന്നു. പാടിപ്പാടിക്കടന്നുപോയ പഥങ്ങളിലൊന്നും അവര്‍ പാടുകള്‍ വീഴ്ത്തിയില്ല. എല്ലാതരത്തിലും മാറിയ ഈ കാലത്ത് ആ ബൊഹീമിയന്‍ ഗായകരെ ഓര്‍ക്കുമ്പോള്‍, എവിടെനിന്നോ കാറ്റില്‍ ഒഴുകിവരുന്നത് അവര്‍ വിതറി കടന്നുപോയ ഏതൊക്കെയോ സ്വരങ്ങള്‍ മാത്രം.

തെക്കേ മലബാറിലെ നേര്‍ച്ചസ്ഥലങ്ങളില്‍ ഖവാലി പാടാന്‍ വന്നിരുന്ന സൂഫികളായ സംഗീതജ്ഞരുടെ പരമ്പരയില്‍പ്പെട്ട ഉസ്താദ് ഹംസജാനെ ഞാന്‍ പരിചയപ്പെട്ടത് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കൊണ്ടോട്ടി നേര്‍ച്ചയ്ക്കും പുതിയങ്ങാടി നേര്‍ച്ചയ്ക്കും പുത്തന്‍പള്ളി നേര്‍ച്ചയ്ക്കും പട്ടാമ്പി നേര്‍ച്ചയ്ക്കുമൊക്കെ ഹംസജാന്‍ എന്ന ഹംസക്ക പാടാന്‍ വന്നിരുന്നു.

പൊന്നാനിക്കാരനായിരുന്നു ഹംസക്ക. പഴയകാലത്ത് പൊന്നാനി, നാടോടികളായ ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ ഇടത്താവളങ്ങളിലൊന്നായിരുന്നു. ഹിന്ദുസ്ഥാനി ക്‌ളാസിക്കല്‍ സ്‌റ്റൈല്‍ തബലവായന മലബാറിലെത്തിച്ച ഉസ്താദ് ബിച്ചമ്മുവും ഖവാലിപ്പാട്ടുകാരനായിരുന്ന സൂഫി സംഗീതജ്ഞന്‍ ബാബുജാനും പൊന്നാനിയിലെത്തിയത് അലഞ്ഞുതിരിയുന്നവരുടെ ഈ സംഗീതമാര്‍ഗത്തിലാണ്. അക്കാലത്ത് പൊന്നാനിയിലെ ചില 'തട്ടിന്‍പുറങ്ങ'ളില്‍ (ക്‌ളബ്ബുകള്‍) രാത്രി പുലരുംവരെയും പുലര്‍ന്നാല്‍ അന്തിവരെയും സംഗീതമായിരുന്നു. പൊന്നാനിക്കാരുടെ 'ഔച്ചിക്ക'യായിരുന്ന അസീസ്ഭായ്, പൊന്നാനി ബാവ, മായിന്‍ പൊന്നാനി, ഇ.കെ. അബൂബക്കര്‍ (ഇ.കെ. ഇമ്പിച്ചിബാവയുടെ സഹോദരന്‍), ഖലീല്‍ റഹ്മാന്‍ തുടങ്ങിയ പ്രഗല്ഭ സംഗീതജ്ഞരൊക്കെ വളര്‍ന്നുവന്നത് ഇത്തരം ക്‌ളബ്ബുകളില്‍ക്കൂടിയാണ്.

ഒട്ടും വ്യവസ്ഥയില്ലാത്ത നാടോടി മാര്‍ഗത്തില്‍ ബാബുജാന്റെ ശിഷ്യനായി ഖവാലി പഠിച്ചുതുടങ്ങിയ ഹംസക്ക കുറേക്കാലം ഉസ്താദ് ബിച്ചമ്മുവിന്റെ കീഴില്‍ തബലയും പഠിച്ചു. സൂഫിയായ ഗുരുവിന്റെ പേരുകൂടി ചേര്‍ത്ത് 'ഹംസജാനാ'യി. പിന്നെ സംഗീതവും ഉന്മാദവും ചേര്‍ന്നുള്ള അലച്ചിലിന്റെ വഴികളില്‍ സൂഫിദര്‍ഗകളില്‍ നിന്ന് ദര്‍ഗകളിലേക്ക് സഞ്ചരിച്ച് അജ്മേറിലെത്തി. അജ്മേര്‍ ഖ്വാജാമൊയ്നുദ്ദീന്‍ ചിഷ്തിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന ഖവാലികള്‍ പാടിയലഞ്ഞ് നേര്‍ച്ചസ്ഥലങ്ങളിലെ മെഹ്ഫിലുകളില്‍ ഖവാല്‍സംഗീതത്തിന്റെ സംഘാനുഭൂതി നിറച്ചു.

ഖവാലിയുടെ യഥാര്‍ഥ അനുഭവം വഴിയമ്പലങ്ങളില്‍ തമ്പടിക്കുന്നവരുടെ സംഘസംഗീതത്തിന്റേതാണ്. 'ഖവാല്‍' എന്ന പ്രധാന ഗായകന് ഖവാലിയില്‍ ആലാപനത്തിന്റെ നേതൃത്വം മാത്രമേയുള്ളൂ. എല്ലായിപ്പോഴും കൈകൊട്ടി താളംപിടിച്ചും ഉച്ചസ്ഥായിയില്‍പ്പോലും ഒരേ ശ്രുതിചേര്‍ത്ത് കൂടെപ്പാടിയും ഒരു വലിയ ഗായകസംഘമുണ്ടാവും കൂടെ. പാട്ടു കൊഴുക്കുന്നതോടെ കേട്ടിരിക്കുന്നവരെല്ലാം കൈകൊട്ടി താളംപിടിച്ച് കൂടെപ്പാടാന്‍ തുടങ്ങും. ഒരു പ്രദേശം മുഴുവന്‍ ഒരൊറ്റ ആലാപനമായി മാറിപ്പോവും. അനാഥവും അനിശ്ചിതവുമായ അലച്ചിലുകളുടെ വേദനകളത്രയും മറന്ന് പലദേശത്തുനിന്നു വന്ന നാടോടികള്‍ സംഗീതത്തിന്റെ സ്‌നേഹഭാഷയില്‍ ഒന്നായിത്തീരും. ഭക്തിയും പ്രണയവും ഇഴചേര്‍ന്നതാണ് ഖവാലി സംഗീതത്തിന്റെ സാഹിത്യം.

ക്‌ളാസിക്കല്‍ ഖവാലിയുടെ സംസ്‌കാരം പഠിപ്പിച്ചുതന്നത് ഹംസക്കയാണ്. പിന്നീട് ഒരു സിനിമയ്ക്കുവേണ്ടി ഖവാലി എഴുതേണ്ടി വന്നപ്പോള്‍ ('സലാല മൊബൈല്‍സ്' എന്ന സിനിമയില്‍ ഗോപീസുന്ദര്‍ സംഗീതം നല്‍കി പാടിയ 'റസൂലുള്ളാ' എന്ന ഗാനം) ആ സംസ്‌കാരം എന്നെ വളരെ സഹായിച്ചു.

ഹിന്ദുസ്ഥാനി സംഗീതസംസ്‌കാരത്തിലുള്‍ച്ചേര്‍ന്ന ഈ സംഘസംഗീതത്തിന്റെ വേരുകളന്വേഷിക്കുമ്പോള്‍ നാമെത്തിച്ചേരുക പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഖ്യാത കവിയും സംഗീതജ്ഞനുമായിരുന്ന അമീര്‍ ഖുസ്രുവിന്റെയും വിശ്രുത സംഗീതകാരനായിരുന്ന വിലായത്തുള്ളാഖാന്റെയും പേരറിയാത്ത അനേകം തുര്‍ക്കി-അഫ്ഗാന്‍ നാടോടികളുടെയും ജീവിതപരിസരങ്ങളിലാണ്. അതിര്‍ത്തികളെ അതിലംഘിച്ചു നടത്തിയ അനന്തമായ അലച്ചിലുകളെ ഈ സൂഫികളും നാടോടികളും അവധൂതരും അതിജീവിച്ചത്, വഴിയമ്പലങ്ങളെ ഗാനശാലകളാക്കി മാറ്റിക്കൊണ്ടാണ്. അതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞ ആ അലച്ചിലിന്റെ സ്‌നേഹസംസ്‌കൃതി പിന്നീട് ഇന്ത്യന്‍ സംഗീതത്തിന്റെ മതേതരമാനവസംസ്‌കാരമായി. അലഞ്ഞുതിരിയുന്നവരുടെ പ്രണയവും ആത്മീയതയും മനുഷ്യസ്‌നേഹവും കോര്‍ത്തുകോര്‍ത്ത് ഖവാലികള്‍ നമ്മുടെ ജീവിതോത്സവങ്ങളെ ആനന്ദഭരിതമാക്കി.

കഥാപ്രസംഗ ജീവിതകാലത്ത് ഈ പരമ്പരയില്‍പ്പെട്ട പലരുമായും അടുത്തിടപഴകാന്‍ എനിക്കവസരമുണ്ടായി. ഉസ്താദ് തിരൂര്‍ ഷാ, വിന്‍സെന്റ് മാഷ്, ചാത്തുക്കുട്ടി ആശാന്‍, തബലിസ്റ്റ് മുഹമ്മദ്ഭായി, പുരന്ദരദാസന്‍, ഉസ്താദ് യൂനസ്, ലീഡര്‍ ബീഡി ഹനീഫക്ക, എ.പി. ഭാര്‍ഗവന്‍, നജ്മല്‍ ബാബു (കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകന്‍), തബലിസ്റ്റ് ഹരിനാരായണന്‍ തുടങ്ങി ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ ഈ ബൊഹീമിയന്‍ പരമ്പര മലബാറില്‍ ഒരു സമാന്തര സംഗീതസംസ്‌കാരം സൃഷ്ടിച്ചിരുന്നു. (ഇവരാരും ഇപ്പോഴില്ല എന്നും വേദനയോടെ ഓര്‍ക്കുന്നു.) ശാസ്ത്രീയസംഗീതമഭ്യസിക്കാന്‍ സവര്‍ണര്‍ക്കുമാത്രം അവകാശവും അവസരവുമുണ്ടായിരുന്ന കാലത്ത് ജാതി, മത, വര്‍ണ, വര്‍ഗഭേദമില്ലാതെ മലബാറിലെ സാധാരണക്കാരെ പാടാനും സംഗീതോപകരണങ്ങള്‍ വായിക്കാനും പഠിപ്പിച്ചത് ഈ ബൊഹീമിയന്‍ സംഗീതജ്ഞരാണ്. ക്രൂരമായ ഒരധികാരവാഴ്ചയുടെ നുകക്കീഴില്‍നിന്ന് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരെയും നാലാംവേദക്കാരെയുമൊക്കെ അവര്‍ സംഗീതസ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിച്ചു. ശിഷ്യരെത്തേടി ഗുരുനാഥന്മാര്‍ ക്‌ളബ്ബുകളിലേക്ക് ചെല്ലുന്ന അലച്ചിലിന്റെ ആ ഗുരുകുലത്തില്‍നിന്നാണ് പാവപ്പെട്ട എത്രയോ കലാകാരന്മാര്‍ സ്വന്തം ശബ്ദത്തിന്റെ സംഗീതം തിരിച്ചറിഞ്ഞതും പാടാന്‍ പഠിച്ചതും. പ്രതിഫലമൊന്നും ചോദിച്ചുവാങ്ങാതെയായിരുന്നു മ്യൂസിക് ക്‌ളബ്ബുകളിലെ സംഗീതപഠനം. വലിയ കോളിളക്കങ്ങളൊന്നുമില്ലാതെ നടന്ന ഒരു നിശ്ശബ്ദ സാംസ്‌കാരികവിപ്‌ളവമായിരുന്നു ഈ സംഗീതനവോത്ഥാനം. അതിനെ പിന്‍പറ്റിയാണ് മലബാറില്‍ ജനകീയ കലാസമിതി പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടത്. കോഴിക്കോടായിരുന്നു ആ സംഗീത കലാനവോത്ഥാനത്തിന്റെ കേന്ദ്രം.

1940 മുതല്‍ കോഴിക്കോട് സജീവമായിരുന്ന പോസ്റ്റ്മാന്‍ സേതുഭായിയുടെ ഈവനിങ് ക്ലബ്ബ്, ഉപ്പ് മൊത്ത വ്യാപാരിയായിരുന്ന സാള്‍ട്ട് മുഹമ്മദ് കോയയുടെ മാളിക, ആലിച്ചന്‍ എന്ന വലിയകം ആലിയുടെ നാലാം ഗേറ്റിലെ മാളിക, അറബിന്റകത്തു കോയയുടെ കല്ലായിയിലെ മാളിക, മഞ്ചുനാഥറാവുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കല്ലായിയിലെ ഹിന്ദുസ്ഥാന്‍ മ്യൂസിക് ക്ലബ്ബ്, ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബ് തുടങ്ങി നഗരത്തിന്റെ ഇടുക്കുകളിലും മുടുക്കുകളിലും പ്രവര്‍ത്തിച്ചിരുന്ന എണ്ണമറ്റ മ്യൂസിക് ക്ലബ്ബുകള്‍ സംഗീതപ്രേമികളുടെ സ്ഥിരം താവളങ്ങളായിരുന്നു. പണ്ഡിറ്റ് ദിലീപ് ചന്ദ്ജോഗി, ഉസ്താദ് ജാന്‍മുഹമ്മദ് സാഹിബ്, പണ്ഡിറ്റ് രാംറാവു മങ്കേഷ്‌കര്‍, തബലിസ്റ്റ് ബങ്കിച്ചന്‍, കാസര്‍കോട്കുമാര്‍, ഉസ്താദ് ഗുല്‍ മുഹമ്മദ് സാഹിബ്, വയലിനിസ്റ്റ് ഹരിശ്ചന്ദ്രബോലെ തുടങ്ങിയ നാടോടികളായ സംഗീതജ്ഞര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ കോഴിക്കോട്ടെത്തിയത് ബൊഹീമിയന്‍ സംഗീതസഞ്ചാരങ്ങളുടെ ഭാഗമായാണ്. അവരില്‍ ജാന്‍ മുഹമ്മദിന്റെ മകനായിപ്പിറന്ന മുഹമ്മദ് സാബിര്‍ ബാബുവാണ് കോഴിക്കോടിന്റെ ചരിത്ര പ്രസിദ്ധമായ സംഗീതപ്രണയങ്ങളില്‍നിന്ന് പില്‍ക്കാലത്ത് ലോകപ്രശസ്തനായിത്തീര്‍ന്ന എം.എസ്. ബാബുരാജ് എന്ന ഹൃദയസംഗീതമാന്ത്രികന്‍. (ബാബുരാജിന്റെ ജീവിതം ഒരു ബൊഹീമിയന്‍ സംഗീതേതിഹാസമാണ്)

അക്കൂട്ടത്തില്‍ എത്രയോ പേരെ ഓര്‍ക്കാനുണ്ടെങ്കിലും വ്യക്തിപരമായി എനിക്ക് മറക്കാനാവാത്ത പേരാണ് ഉസ്താദ് അന്‍വര്‍ഖാന്റേത്. തീവണ്ടികളില്‍ അത്തറും സെന്റും വിറ്റു നടന്ന ലാസറാണ് പിന്നീട് അന്‍വര്‍ ഖാനായത്. അക്കാലത്ത് രാത്രി തങ്ങിയിരുന്ന ക്ലബ്ബുകളില്‍നിന്ന് സംഗീതക്കമ്പം കയറി ലാസര്‍ ബോംബെയ്ക്ക് വണ്ടികയറി. പല ഉസ്താദുമാരുടെയും കൂടെക്കൂടി ഹാര്‍മോണിയവും തബലയും പഠിച്ചു. മതം മാറി. സംഗീതക്ലബ്ബുകളില്‍നിന്ന് ക്ലബ്ബുകളിലേക്കുള്ള അവസാനമില്ലാത്ത അലച്ചിലായിരുന്നു ജീവിതം. ആ തെണ്ടിത്തിരിയലില്‍ അന്‍വര്‍ഖാനു ലഹരിമരുന്നുകളും നിത്യശീലമായി.

ഒരു നേരത്തെ ആഹാരത്തിനും കുറച്ചുലഹരിക്കും വേണ്ടി ഉസ്താദ് അന്‍വര്‍ഖാന്‍ ക്ലബ്ബുകളില്‍വന്നു താമസിക്കുമായിരുന്നു. കുറ്റിപ്പുറത്തെ ഞങ്ങളുടെ ക്ലബ്ബ് (കൈരളി മ്യൂസിക് ക്‌ളബ്ബ്) അദ്ദേഹത്തിന്റെ സ്ഥിരം ഇടത്താവളമായിരുന്നു. ഇത്തിരിലഹരി ഉള്ളില്‍ച്ചെന്നാല്‍, പുലരുംവരെ അദ്ദേഹം ഹാര്‍മോണിയം വായിച്ചു പാടും. പഴയ സൈഗാള്‍, റാഫി ഗാനങ്ങള്‍ തൊട്ട്, ശുദ്ധ ഹിന്ദുസ്ഥാനിരാഗങ്ങളിലുള്ള ഗസലുകളും ഖവാലികളുംവരെ. പോകുമ്പോള്‍ പത്തോനൂറോ കടംവാങ്ങും. തിരിച്ചുതരാത്ത ആ കടമായിരുന്നു ഉസ്താദ് ശിഷ്യരില്‍നിന്നും സ്വീകരിച്ചിരുന്ന ഗുരുദക്ഷിണ.

കുറ്റിപ്പുറത്തും തിരൂരുമൊക്കെ അന്‍വര്‍ഖാന് ശിഷ്യന്മാരുണ്ടായിരുന്നു. എനിക്ക് ഗുരുസ്ഥാനീയനായിരുന്ന ഭാര്‍ഗവേട്ടന്‍ (സിത്താറിസ്റ്റ് എ.പി. ഭാര്‍ഗവന്‍) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ഉസ്താദിനെ സ്ഥിരമായി പോറ്റുവാന്‍ മാത്രം സാമ്പത്തികശേഷിയുള്ളവരായിരുന്നില്ല ശിഷ്യരാരും. പലരും അദ്ദേഹത്തെ കാണാതെ മാറിനടന്നു. ഒടുക്കം ഉസ്താദ് അന്‍വര്‍ഖാന്‍ ഞങ്ങളുടെ ക്ലബ്ബില്‍ ഏതാണ്ട് സ്ഥിരതാമസമായതുപോലെയായി.

ഉസ്താദിനെ എങ്ങനെയാണ് ഒഴിവാക്കേണ്ടത് എന്നൊരു ചിന്ത ഞങ്ങളെയും വല്ലാതെ വിഷമത്തിലാക്കി. ഒടുവില്‍ ചെര്‍പ്പുളശ്ശേരിയിലൊരു കഥാപ്രസംഗം കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ മിച്ചംവന്ന കുറച്ചുരൂപ അദ്ദേഹത്തെ ഏല്‍പ്പിച്ചു ഭാര്‍ഗവേട്ടന്‍ നയത്തില്‍ കാര്യം പറഞ്ഞു:

''കുറച്ചുദിവസം ഞങ്ങളാരും ഇവിടെയുണ്ടാവില്ല. ഉസ്താദ് ഒന്നു നാട്ടില്‍പോയിവന്നോളൂ.''

ഉസ്താദ് വല്ലാതെയായി. തന്നെ ഒഴിവാക്കുകയാണ് എന്നദ്ദേഹത്തിനു മനസ്സിലായി എന്നുതോന്നുന്നു. ഭാര്‍ഗവേട്ടന്‍ കൊടുത്ത നോട്ടുകള്‍ വെറുതേ തിരുപ്പിടിച്ച് ഒരുതരം നിസ്സഹായഭാവത്തോടെ അദ്ദേഹം ഞങ്ങളെ നോക്കിയിരുന്നു.

രാവിലെ ഞങ്ങളുണരും മുമ്പേ ഉസ്താദ് എഴുന്നേറ്റു. ഞങ്ങളെ വിളിച്ചുണര്‍ത്തി യാത്രപറഞ്ഞു. പതിവുള്ളപോലെ, എന്തുകൊണ്ടോ ഞങ്ങളാരും റെയില്‍വേസ്റ്റേഷന്‍വരെ യാത്രയാക്കാന്‍ ചെന്നില്ല. പഴകിപ്പൊളിയാറായ കോണിപ്പടികള്‍ ചുമച്ചുകൊണ്ട് ഇറങ്ങുമ്പോള്‍, ഉസ്താദ്, സൂക്ഷിച്ചിറങ്ങണേ എന്ന് ഓര്‍മപ്പെടുത്താനും ഞങ്ങള്‍ മറന്നു.

അതിനുശേഷം ഉസ്താദ് അന്‍വര്‍ഖാനെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ഗ്രാമീണ്‍ ബാങ്കില്‍ ജോലി കിട്ടി പിന്നീടു ഞാന്‍ കോഴിക്കോട്ട് പെരുവയലില്‍ താമസിക്കുമ്പോള്‍ പത്രത്തിന്റെ പ്രാദേശികപേജില്‍ ചരമക്കുറിപ്പുകളുടെ അപ്രധാനമായ കോളത്തില്‍ ഇങ്ങനെയൊരുവാര്‍ത്ത വായിച്ചു.

'ഹാര്‍മോണിസ്റ്റും തബലിസ്റ്റുമായിരുന്ന അന്‍വര്‍ ഖാന്‍ പാളയത്ത് ബസ്സ്റ്റാന്‍ഡില്‍ മരിച്ചു.'

അറിയാതെ നെഞ്ചു കനംകെട്ടി. ഒറ്റ വാചകത്തിലൊടുങ്ങിയ ജീവിതം സംഗീതവും സുഗന്ധവും കൊണ്ട് ഊരുചുറ്റിയ ഒരു ബൊഹീമിയന്‍ ജന്മത്തിന്റെ അനാഥമായ പര്യവസാനം.

ഓര്‍ത്താല്‍ ഇപ്പോഴും സങ്കടമാണ്. അന്‍വര്‍ഖാന്‍മാത്രമല്ല. സംഗീതവും സ്‌നേഹവുംകൊണ്ട് നാടുചുറ്റിയ സംഗീതജീവിതങ്ങള്‍ മിക്കതും ചരിത്ര പുസ്തകങ്ങളില്‍ പേരുചേര്‍ക്കപ്പെടാതെ അനാഥമായി പുറമ്പോക്കിലൊടുങ്ങി.

രോഗബാധിതനായി ഒറ്റപ്പെട്ടു ജീവിച്ച ഉസ്താദ് ബിച്ചമ്മു താനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉറ്റവരാരുമില്ലാതെ മരിച്ചു. ആര്‍ട്ടിസ്റ്റായ താനൂരിലെ ശിഷ്യന്‍ വത്സന്‍ മാത്രമുണ്ടായിരുന്നു സഹായത്തിന്.

ഹിന്ദുസ്ഥാനി രീതിയില്‍ ജലതരംഗം വായിച്ചു പ്രസിദ്ധനായ പണ്ഡിറ്റ് രാംറാവു മങ്കേഷ്‌കര്‍ ഒടുവില്‍ തീര്‍ത്തും അവഗണിതനായി ഏതോ ക്ലബ്ബില്‍ കിടന്നു മരിച്ചു.

പ്രഗല്ഭ സിത്താറിസ്റ്റും സംഗീതാചാര്യനുമായിരുന്ന വിന്‍സെന്റ് മാഷ് തന്റെ ദുരിതപൂര്‍ണമായ വാര്‍ധക്യ ജീവിതം തിരൂരില്‍ ചീറിപ്പാഞ്ഞുവന്ന ഒരു തീവണ്ടിക്കുമുന്നില്‍ അവസാനിപ്പിച്ചു.

ഇതൊക്കെ ഞാന്‍ നേരിട്ടറിഞ്ഞ കഥകളിലെ ജീവിതംമാത്രം. അറിയപ്പെടാത്ത എത്രയെത്രയോ പേര്‍ കൂടിച്ചേര്‍ന്നതാണ് സംഗീതത്തിന്റെ ഈ പുറമ്പോക്കു ജീവിതചരിത്രം ഇനിയും രേഖപ്പെട്ടിട്ടില്ലാത്ത നമ്മുടെ യഥാര്‍ഥസംസ്‌കാരരേഖ. മേല്‍വിലാസവും നിഴലുമില്ലാതെ നിഷ്‌ക്കളങ്കവും സത്യസന്ധവുമായ സ്‌നേഹം വിതറി മറഞ്ഞ് വ്യവസ്ഥാപിതമല്ലാത്ത ആ സംഗീതം അലഞ്ഞുതിരിഞ്ഞവരുടെ ഒസ്യത്തായി ഇപ്പോഴും കൂടെയുണ്ട്.

Content Highliglights: Alankode Leelakrishnan, Bohemian singers, Kerala