തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാന്റെ ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്നു അക്കാമ്മ. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായ ധീര വനിത

1909 ഫെബ്രുവരി 14-ന് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്റ്. തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു. കാഞ്ഞിരപ്പളി സെയിന്റ് മേരീസ് സ്‌കൂളില്‍ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ല്‍ അത് രാജിവച്ചു. 1952ല്‍ എം.എല്‍.എ ആയിരുന്ന വി.വി. വര്‍ക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വര്‍ക്കി എന്ന പേര്‍ സ്വീകരിയ്ക്കുകയും ചെയ്തു. ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് സഹോദരിയാണ്.

കവടിയാറില്‍ രാജ്ഭവനുസമീപം അക്കാമ്മ ചെറിയാന്റെ പ്രതിമ കാണുന്നവരില്‍ അധികമാര്‍ക്കുമറിയില്ല, അത് തിരുവിതാംകൂറിലെ ഝാന്‍സി റാണിയായി അറിയപ്പെട്ട സ്വാതന്ത്ര്യസമരത്തിലെ വീരനായികയാണെന്ന്. 1948-51-ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായിരുന്നു അക്കാമ്മ. കാഞ്ഞിരപ്പള്ളിയില്‍നിന്ന് എതിരില്ലാതെയാണ് അവര്‍ ജയിച്ചത്.

തിരുവിതാംകൂറില്‍ ദേശസേവികാസംഘം രൂപവത്കരിച്ചത് അക്കാമ്മയാണ്. പിന്നീട് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന അക്കാമ്മ 1967-ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1939-തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ജനാധിപത്യപ്രക്ഷോഭംനടക്കുന്ന കാലം. സ്റ്റേറ്റ് കോണ്‍ഗ്രസിനെയും യൂത്ത് ലീഗിനെയും നിരോധിച്ചതോടെ ഡിക്ടേറ്ററെന്ന പദവിയിലാണ് സമരനേതാവിനെ നിയോഗിച്ചത്.

സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ 11 ഡിക്ടേറ്റര്‍മാരെ തുറങ്കിലടച്ചു. 12-ാമത് ഡിക്ടേറ്ററായാണ് കാഞ്ഞിരപ്പള്ളി ഹൈസ്‌കൂള്‍ പ്രഥമാധ്യാപികയായ അക്കാമ്മ എത്തുന്നത്. മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിവസം, അക്കാമ്മയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍ രാജകൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്തു. മാര്‍ച്ച് കൊട്ടാരത്തിനടുത്തുവരെയെത്തി. പട്ടാളം വെടിയുതിര്‍ക്കാന്‍ ഒരുങ്ങവേ അതിനെ വെല്ലുവിളിച്ച് അക്കാമ്മ പ്രഖ്യാപിച്ചു: 'ഞാനാണ് നേതാവ്. എനിക്കുനേരെ ആദ്യം വെടിയുതിര്‍ക്കൂ'. അക്കാമ്മയ്‌ക്കൊപ്പം ആ സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാള്‍ അവരുടെ ഇളയസഹോദരി റോസമ്മയായിരുന്നു. കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസംബര്‍ 24-ന് അറസ്റ്റുചെയ്ത് ജയിലിലടച്ചു.

വെറും 29 വയസ്സ് മാത്രം പ്രായമുള്ള അക്കാമയുടെ ധീരത കേട്ടറിഞ്ഞ ഗാന്ധിജി അവരെ 'തിരുവിതാംകൂറിന്റെ ഝാന്‍സി റാണി' എന്ന് വിശേഷിപ്പിച്ചു. ശരിക്കും അവര്‍ ഝാന്‍സിറാണിയാവുകയായിരുന്നു. നേതാക്കളും അണികളും ഒന്നൊന്നായ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പ്രതികരണത്തിന്റെ കൊടുങ്കാറ്റായി അവരാഞ്ഞടിച്ചു.

1982 മെയ് 5 ന്  അനാരോഗ്യം മൂലം അവര്‍ അന്തരിച്ചു. ജീവിതം ഒരു സമരം എന്ന അവരുടെ ആത്മകഥ ഏറെ പ്രശസ്തമാണ്.

Content Highlights: akkamma cheriyan death anniversary