സ്‌കൂള്‍ തുറന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഹെഡ്മാസ്റ്ററുടെ മുറിയില്‍ നിന്ന് പുറത്തുവന്ന കെ.എം.കെ. ഒരു ഹാജര്‍ പട്ടിക നീട്ടിക്കൊണ്ട് പറഞ്ഞു: 'ഇന്നുമുതല്‍ ഒമ്പത് സിയുടെ ചാര്‍ജ്ജ് എ.കെ.ബിക്കാണ്.' (സ്‌കൂളില്‍ ഞങ്ങള്‍ മാഷമ്മാര്‍ക്ക് പേരില്ല. ഞങ്ങളിവിടെ ഇനീഷ്യലുകള്‍മാത്രം. കുട്ടികള്‍ക്കിടയില്‍ വേറെ പേരുമുണ്ടാകും. ഞങ്ങളുടെ ഉടുപ്പിനും നടപ്പിനും രീതികള്‍ക്കും തികച്ചും അനുയോജ്യമായ പേര്.)

ഞാന്‍ പട്ടിക വാങ്ങി.

'ഗേള്‍സ് ഡിവിഷനാണ്. ഉത്തരവാദിത്തം കൂടും. വളരെ കേര്‍ഫുളായിരിക്കണം.'

അക്കാലത്ത് മിക്‌സഡ് ക്ലാസ്സിനു പുറമെ ഗേള്‍സിനും ബോയ്‌സിനും പ്രത്യേക ഡിവിഷനുകളുമുണ്ടായിരുന്നു. മറ്റൊരു തമാശ, ലേഡി ടീച്ചേഴ്‌സിനും മെയില്‍ ടീച്ചേഴ്‌സിനും പ്രത്യേക സ്റ്റാഫ്‌റൂമുകളുമുണ്ടെന്നതാണ്.

Nakshatrangal

രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെ ഒരു നാട്ടുമ്പുറത്തുകാരന്റെ സരസതയോടെ കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍, കുടുംബവിശേഷങ്ങള്‍, ഹൃദയത്തില്‍ വേരുകളാഴ്ത്തിയ ദേശങ്ങള്‍, ദേശത്തെക്കാള്‍ വളര്‍ന്നുപന്തലിച്ച വ്യക്തികള്‍, ഗൃഹാതുരതകള്‍, സ്‌കൂള്‍ അനുഭവങ്ങള്‍ എല്ലാം ജൈവസാന്നിധ്യമായി ഓരോ താളിലും നമ്മെ വിസ്മയിപ്പിക്കുന്നു. ഏതൊരു വായനക്കാരനോടും ഹൃദ്യമായി സംവദിക്കുന്ന അക്ബര്‍ കക്കട്ടിലിന്റെ 22 ലേഖനങ്ങളുടെ സമാഹാരം.

വില: 100.00
പുസ്തകം വാങ്ങാം

ഗേള്‍സ്ഡിവിഷനില്‍ ചെന്നപ്പോള്‍ത്തന്നെ അന്ധാളിച്ചുപോയി. എല്ലാം മുഴുത്ത കുട്ടികള്‍. ഇതിനകം ശ്രദ്ധിച്ച ഒരു പ്രത്യേകത, ചെറുപ്പക്കാരായ മാഷമ്മാരെ പെണ്‍കുട്ടികള്‍ അവരുടെ അധ്യാപകരായിട്ടല്ല, ചെറുപ്പക്കാരായിത്തന്നെ കാണുന്നതാണ്. അവര്‍ക്ക് കല്യാണം കഴിക്കാനുള്ള പാകത്തിലുള്ള പ്രായമുള്ളവരാകും പലരും. (ഇങ്ങനെ ശിഷ്യയെ കല്യാണം കഴിച്ച ഒരു മാഷോട് ആ ശിഷ്യ ആദ്യരാത്രിയില്‍ത്തന്നെ 'വേണ്ടസാര്‍... വേണ്ട. വേ...ണ്ട' എന്നുപറഞ്ഞ ഒരു കഥതന്നെയുണ്ടല്ലോ.) ആണ്‍കുട്ടികള്‍ക്കും മാഷമ്മാരുമായുള്ള പ്രായത്തിലെ ചെറിയ അന്തരം ഒരു പ്രശ്‌നമാണ്. മുതിര്‍ന്ന അധ്യാപകര്‍ക്കു കിട്ടുന്ന വിധേയത്വം ചെറുപ്പക്കാരായ അധ്യാപകര്‍ക്ക് കിട്ടിക്കൊള്ളണമെന്നില്ല. (ആണ്‍കുട്ടികള്‍ക്ക് 'ഇവനാര് ഇതൊക്കെ പറയാന്‍' എന്ന മനോഭാവം കാണും.) ഇതെല്ലാം ഒന്നുനേരെയാക്കിയെടുക്കാന്‍ സ്വന്തമായ ഒരു മിടുക്കുതന്നെ വേണം.

ബി.എഡ് കോളേജില്‍ നിന്നു പഠിക്കുന്ന മനശ്ശാസ്ത്രമൊന്നും പലപ്പോഴും സ്‌കൂളില്‍ ആവശ്യം വരില്ലെന്നതാണ് രസകരമായ വസ്തുത. സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മള്‍ ഒരു മനശ്ശാസ്ത്രസമീപനം കൈക്കൊള്ളുകയാണ് വേണ്ടത്. പഠിച്ച മനശ്ശാസ്ത്രം അതുമായി ഇണക്കുകയേ വഴിയുള്ളു.

പെണ്‍കുട്ടികളെ മെരുക്കുന്നതില്‍ ഒരുവിധം വിജയിച്ചു എന്നുപറയാം. അപ്പോഴാണ് ഒരു പ്രശ്‌നം അലട്ടാന്‍ തുടങ്ങിയത്. വളരെ കളര്‍ഫുളായ

വസ്ത്രങ്ങള്‍ ധരിച്ചുവരുന്ന (അന്ന് യൂനിഫോമില്ല) സുന്ദരിയായ ഒരു മുതിര്‍ന്ന പെണ്‍കുട്ടി നോട്ടുകൊടുക്കുന്നതിനിടയില്‍ അതെഴുതിയെടുത്തുകൊണ്ടുതന്നെ ഇടയ്ക്കിടെ തലയുയര്‍ത്തി എന്നെ നോക്കിച്ചിരിക്കുന്നു. എനിക്ക്

'കോങ്കണ്ണു'ണ്ടായിട്ടും ആ ഭാഗത്തേക്ക് നോട്ടം തിരിയുമ്പോള്‍ അവളത് കൃത്യമായി മനസ്സിലാക്കി ആ മുടിഞ്ഞ ചിരിചിരിക്കും. ക്ലാസ്സില്‍ അക്കാര്യം ഞാനും അവളും മാത്രമേ അറിയുന്നുള്ളു. അത് വലിയ അസ്വസ്ഥതയായി.

അങ്ങനെയിരിക്കെ ഒരുച്ചയ്ക്ക് അവള്‍ വന്നു പറഞ്ഞു:

'സര്‍, അമ്മയ്ക്ക് നല്ല സുഖമില്ല. ഒന്നു ഡോക്ടറെ കാണിക്കാന്‍ പോകണം. ഉച്ചയ്ക്കു വീട്ടില്‍ പോകാനനുവദിക്കണം.'
നല്ല മലയാളത്തിലാണ് സംസാരിക്കുക. ആളെപ്പോലെത്തന്നെ സംസാരവും ഭാഷയും കൈപ്പടയുമെല്ലാം നന്ന്.

അധ്യാപക കഥകള്‍

പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപകകഥകളെ ഒരു പ്രസ്ഥാനമാക്കിമാറ്റുന്നത് അക്ബര്‍ കക്കട്ടിലാണെന്ന് പ്രമുഖ നിരൂപകര്‍ . അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഡീയ്യോനും ഏയ്യോനും നാട്ടുകാരുമടങ്ങുന്ന ഒരു ലോകത്തില്‍നിന്ന് ആത്മപരിഹാസത്തോടെ കണ്ടെടുക്കുന്ന അതീവ രസകരവും ചിന്തോദ്ദീപകവുമായ സന്ദര്‍ഭങ്ങള്‍ . ഗ്രാമീണ നിഷ്‌കളങ്കത തുളുമ്പുന്ന കഥകള്‍ ...
പ്രശസ്ത കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ അതിപ്രശസ്തങ്ങളായ അധ്യാപക കഥകളുടെ പുതിയ പതിപ്പ്, കൂടുതല്‍ കഥകളോടെ...

വില: 160
പുസ്‌
കം വാങ്ങാം

ആടിക്കുഴഞ്ഞുള്ള ആ നില്‍പ്പും ആ നോട്ടവും വീണ്ടും അസ്വസ്ഥതയുണ്ടാക്കി.

'ശരി പോയ്‌ക്കോ' എനിക്ക് 'രക്ഷപ്പെടാന്‍' കൂടി, ഞാന്‍ അനുവാദം കൊടുത്തു. മറ്റൊരുദിവസവും ഇതാവര്‍ത്തിച്ചു.

കുട്ടികള്‍ക്കുവരുന്ന കത്തുകള്‍ ഞങ്ങള്‍ 'സെന്‍സര്‍ചെയ്താ'ണ് കൊടുക്കുക. എൃീാന്റെ സ്ഥാനത്ത് പലപ്പോഴും ഏതെങ്കിലും പെണ്‍കുട്ടിയുടെയോ ബന്ധുവിന്റെയോ പേരാവും. കത്ത് പൊട്ടിച്ചാലാണ് പൂച്ച പുറത്തുചാടുക.

ഇവള്‍ക്ക് അന്നൊരു കത്തുവന്നു:
'എന്റെ കരളേ, ഇനി എന്നാണ് നിനക്ക് വരാനാവുക? ആ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും എന്തൊരു സുഖമാണ് നാമനുഭവിച്ചത്. എന്തെങ്കിലുമൊരു സൂത്രം കണ്ടുപിടിച്ച് ഉടനെ ഉച്ചയ്ക്ക് ശേഷം സമ്മതം വാങ്ങി നീ വരണം.'

കത്തു വായിച്ച് നടുങ്ങിപ്പോയി. ആ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും തന്നെയാണ് അവളെന്നോട് സമ്മതം വാങ്ങിപ്പോയത്.

'കുറ്റവിചാരണ' കെ.എം.കെ.യുടെ ചുമതലയിലാണ്. കുട്ടി വിളിപ്പിക്കപ്പെട്ടു. അവള്‍ ഒരു കൂസലുമില്ലാതെ കുറ്റം സമ്മതിച്ചു. ഇത് മുന്‍പും പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നും ആളാരാണെന്നും വരെ കൃത്യമായി പറഞ്ഞു. കെ.എം.കെ. ദേഷ്യംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

കെ.എം.കെ. പറഞ്ഞു: 'രക്ഷിതാക്കളെ വിളിപ്പിച്ചിട്ടൊന്നും കാര്യമില്ല. എല്ലാം പോക്കുകേസാണ്.' ഞാനൊന്നും പറഞ്ഞില്ല. കെ.എം.കെ. അവളോട് അലറി: 'പുസ്തകവുമെടുത്ത് വീട്ടില്‍ പോയ്‌ക്കോ... ഇനി ഇങ്ങോട്ടുവരണ്ട.'

മാഷെക്കൊണ്ട് ഒന്നു വിരട്ടിച്ചശേഷം അവള്‍ക്ക് ഒരു താക്കീതുനല്കി ക്ലാസ്സിലിരുത്താനായിരുന്നു ഞാനുദ്ദേശിച്ചിരുന്നത്. ഏതോ സാഹചര്യങ്ങളാവാം അവളെ ഈ നിലയിലെത്തിച്ചത്.
അവള്‍ പോയി.

പഴയ 'വലിയ മനുഷ്യരു'ടെ കേസും ഇതും ഒഴിച്ചാല്‍ നേരിട്ടിടപെടുന്ന ഒരു 'കുറ്റകൃത്യവും' ഞാന്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്റേതായ രീതിയില്‍ ക്ലാസ്സില്‍വെച്ചുതന്നെ പരിഹരിക്കുകയാണ് പതിവ്.

ഈ പെണ്‍കുട്ടിയെക്കുറിച്ച് അനഭിലഷണീയമായ പലതും പിന്നീട് കേട്ടിരുന്നു. പില്ക്കാലത്ത് ഒരു യാത്രയ്ക്കിടയില്‍ അവളെ കാണാനിടയായി. ഒരു കദനകഥയുടെ പശ്ചാത്തലവുമായി ഒരു ചെറിയ ജോലിയെടുത്ത് കഴിയുകയാണ്. പഴയ പെണ്‍കുട്ടിയേ ആയിരുന്നില്ല അവള്‍.

സമാനമായ മറ്റൊരു സംഭവവും ഓര്‍മവരുന്നു. ഇത് 'അച്ചടക്കസമിതി' കൂട്ടായി കൈകാര്യം ചെയ്ത കേസാണ്. ഈ കേസ്സില്‍ രക്ഷിതാക്കളുടെ പങ്ക് ഞങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്.

ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി ചിലദിവസങ്ങളില്‍ ക്ലാസ്സില്‍ വരുന്നില്ല. അന്വേഷിച്ചപ്പോള്‍ കൃത്യമായി വീട്ടില്‍നിന്ന് പുറപ്പെടുന്നുമുണ്ട്. അവളെ, പലപ്പോഴും അണിഞ്ഞൊരുങ്ങിയ നിലയില്‍ ആരേയോ കാത്തുനില്ക്കുമ്പോലെ അങ്ങാടിയുടെ ആളൊഴിഞ്ഞ കോണില്‍ കണ്ടതായി ചിലര്‍ പറഞ്ഞു. ഒരു കാറോ ഓട്ടോറിക്ഷയോ വന്ന് അവളെ കൊണ്ടുപോകുന്നത് കാണാറുണ്ടെന്ന് മറ്റു ചിലര്‍ അറിയിച്ചു. മറ്റൊരു പ്രത്യേകതയും ഞങ്ങള്‍ കണ്ടുപിടിച്ചു. ബുധനാഴ്ചകളിലാണ് അവളുടെ ഈ 'വിനോദ'യാത്ര. അന്ന് സ്‌കൂളില്‍ യൂനിഫോം ആവശ്യമില്ലാത്ത ദിവസമാണ്. സംഗതി ഗുരുതരമാണെന്നു മനസ്സിലായപ്പോള്‍ ഞങ്ങള്‍ രക്ഷിതാക്കളെ ബന്ധപ്പെട്ടു. അപ്പോഴാണറിയുന്നത്, അവരുടെയും കൂടി പിന്തുണയോടുകൂടിയാണ് ഈ അഴിഞ്ഞാട്ടം. ഈ കുട്ടിയെ നേരെയാക്കാന്‍ നോക്കിയ ഞങ്ങള്‍ എന്തോ തെറ്റുചെയ്യുന്നപോലെയായിരുന്നു അവരുടെ സമീപനം. കുട്ടിക്കാണെങ്കില്‍ എന്തെങ്കിലും കുറ്റംചെയ്യുന്ന മട്ടേയില്ല. അവളേയും സ്‌കൂളില്‍ നിന്നൊഴിവാക്കാനല്ലാതെ ഞങ്ങളുടെ മുമ്പില്‍ വഴികളൊന്നുമുണ്ടായിരുന്നില്ല. പഴയ കേസില്‍ കെ.എം.കെ ചെയ്തത് തന്നെയാണ് ശരി എന്നും എനിക്കു ബോധ്യപ്പെട്ടു. ചിലപ്പോഴെങ്കിലും എല്ലാ വാതിലുകളും അടയും അധ്യാപകരുടെ മുന്‍പില്‍.

നേരത്തെ പറഞ്ഞതിനേക്കാള്‍ ഭീകരമായ ഒരു 'കത്തുപിടിത്തം' എന്റെ സര്‍വീസ് ജീവിതത്തിലുണ്ടായിട്ടുണ്ട്. പിടിച്ചത് ഞാനല്ല, എന്റെ ഒരു സഹപ്രവര്‍ത്തകനാണെന്നുമാത്രം. മറ്റൊരിടത്താണെന്നുമാത്രം. ഒരാണ്‍കുട്ടിയാണ് ഇതിലെ കഥാപാത്രം.

ആണ്‍കുട്ടികള്‍ക്കുവരുന്ന കത്തുകള്‍ സാധാരണ പരിശോധിക്കാറില്ല. അതുകൊണ്ട് ഒരു സഹപ്രവര്‍ത്തകന്‍ ഒമ്പതാം ക്ലാസ്സിലെ പയ്യന് വരുന്ന ഫോറിന്‍ കവറുകള്‍ കൃത്യമായി അവനെത്തിച്ചുകൊടുത്തു. വളരെ പാവപ്പെട്ട ഒരു കുടുംബത്തിലേതാണ് ഈ കുട്ടി. വിദേശത്തുള്ള ഒരമ്മാവന്റെ കത്തുകളാണെന്നാണ് അവന്‍ പറഞ്ഞത്. ആയിടെ എന്തോ സംസാരിക്കുന്ന കൂട്ടത്തില്‍ പയ്യന് ഇടക്കിടെ എത്തുന്ന ഫോറിന്‍കവര്‍ സ്റ്റാഫ് റൂമില്‍ ചര്‍ച്ചാവിഷയമായി. അപ്പോഴാണ് ആരോപറഞ്ഞത്: ആ പയ്യന് അമ്മാവന്മാരേ ഇല്ലല്ലോ!

അടുത്തതവണ കത്തുവന്നപ്പോള്‍ സഹപ്രവര്‍ത്തകന്‍ അത് പൊട്ടിച്ചു. ഓരോ വരിയിലൂടെ കടന്നുപോകുമ്പോഴും വിദഗ്ധമായി കബളിപ്പിക്കപ്പെട്ടതിലുള്ള ദേഷ്യവും സങ്കടവുമായിരുന്നു അയാള്‍ക്ക്. കത്തിലെ ഉള്ളടക്കം ഏതാണ്ടിങ്ങനെ: 'എന്റെ പൊന്നുമോള്‍ റസിയ, ഗള്‍ഫില്‍നിന്ന് അങ്ങോട്ടോടി വരാന്‍ കൊതിയാവുന്നു, എനിക്ക്. നീ തന്ന സുഖം ഇതുവരെ എന്റെ ഭാര്യയില്‍ നിന്നുപോലും എനിക്ക് കിട്ടിയിട്ടില്ല... ഇതാ ഇതോടൊപ്പം ഇരുനൂറുറുപ്പികയുടെ ഒരു ഡ്രാഫ്റ്റ്. ഇനിയും പണം അയച്ചുതരാം.'

'ഈ ചെക്കന് ബ്രോക്കര്‍ പണ്യാ... നിന്റെ ക്ലാസ്സിലെ റസിയ തന്ന്യാ ഈ റസിയ എന്നു തോന്നുന്നു.' കത്തുവായിച്ചുകേട്ട മറ്റൊരു മാഷ് പറഞ്ഞു. 'നവയൗവനവും വന്ന് നാള്‍തോറും വളരുന്ന' പെണ്‍മണിയാണ് റസിയ.

പയ്യനെ വിളിക്കാന്‍ പിന്നെ താമസമുണ്ടായില്ല. ലൈബ്രറിയില്‍ ഒറ്റയ്ക്ക് വിളിച്ച് കവിളടക്കിത്തന്നെ ഒന്നു കൊടുത്തശേഷമാണ് അയാള്‍ ചോദിച്ചത്: 'ഞാനൊരു മണ്ടനാണെന്നു കരുതി, അല്ലേടാ?' അടികൊണ്ട് പയ്യന്റെ മുഖം ചുവന്നുതിണര്‍ത്തിട്ടുണ്ട്. കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്.

'പറഞ്ഞോ, ആരാ ഈ റസിയ ? പറയുന്നതാ നിനക്ക് നല്ലത്.'
'സര്‍ അത്...'

'പറഞ്ഞോ, നമ്മുടെ ക്ലാസ്സിലെ റസിയയല്ലേടാ ഇത്? ഉളുപ്പില്ലാത്തോന്‍. സ്വന്തംക്ലാസ്സിലെ കുട്ടിക്ക്... ഛെ... രണ്ടിനേം ഞാനിന്ന്.... പോയി വിളിച്ചുകൊണ്ടുവാടാ അവളെ. അല്ലെങ്കില്‍ വേണ്ട... ഞാന്‍ തന്നെ വിളിക്കാം.'

അയാള്‍ ദേഷ്യംകൊണ്ട് പരിസരബോധം നഷ്ടപ്പെട്ട നിലയിലാണ്.

'സര്‍ അത് നമ്മുടെ ക്ലാസ്സിലെ റസിയയല്ല.' പൊടുന്നനവെ അവന്‍ പറഞ്ഞു.
'പിന്നെ ആരാ... നിന്റെ വീട്ടിനടുത്തുള്ള വല്ലോര്വാ? ഇനി വീണിടത്ത്ന്ന് ഉരുള്വോന്നും വേണ്ട. നേര്‍മര്യാദക്ക് പറഞ്ഞോ...'
'സര്‍ റസിയ...'
'ആരാടാ ? പറഞ്ഞു തുലക്ക്'

പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ആ ഉത്തരം : 'റസിയ എന്റെ ഉമ്മയാണ് സര്‍.'
നിന്നിടത്ത് നിന്ന് അനങ്ങാന്‍ പറ്റാത്ത സ്ഥിതിയിലായിപ്പോയി മാഷ്.

'സാരല്യ... നീ ക്ലാസ്സില്‍പൊയ്‌ക്കോ. ഈ വിവരം മറ്റാരും അറിയണ്ട.' അയാള്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

പയ്യന്‍ വല്ല അവിവേകവും കാണിച്ചുകളയുമോ എന്നായിരുന്നു പിന്നീട് ഞങ്ങളുടെ പേടി. ഭാഗ്യത്തിന് ഒന്നുമുണ്ടായില്ല. (ഈ സംഭവമാണ് എന്റെ 'ഒരു പ്രതിസന്ധി' എന്ന കഥയ്ക്ക് പ്രേരണയായത്.)

അധ്യാപകലോകം അനുഭവിക്കുന്ന ഇത്തരം നിസ്സഹായതകള്‍ ഒന്നുംരണ്ടുമല്ല. നേരിട്ടിടപെടുന്നതില്‍നിന്ന് ഞങ്ങള്‍ പിന്‍വാങ്ങുമെങ്കിലും കാര്യങ്ങള്‍ സമൂഹത്തിലെ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. അവര്‍ക്ക് ചിലതെല്ലാം ചെയ്യാന്‍ കഴിയുന്നുണ്ടാവും. കഴിഞ്ഞിട്ടുണ്ട്, ചിലതിലൊക്കെ. ദാരിദ്ര്യം, സങ്കീര്‍ണമായ ഗാര്‍ഹിക ചുറ്റുപാടുകള്‍, മാതാപിതാക്കള്‍ക്കിടയിലെ പൊരുത്തക്കേടുകള്‍, ആധുനിക ജീവിതത്തിന്റെ പ്രലോഭനങ്ങള്‍ തുടങ്ങിയവ കുട്ടികളെ വഴിതെറ്റിക്കാം. മറ്റൊരു തലത്തില്‍ സമ്പത്തിന്റെ ധാരാളിത്തവും അമിതലാളനവും കാരണങ്ങളാകാം.
ആട്ടെ, ഒമ്പത് സിയില്‍ നിന്നാണല്ലോ നാം നേരത്തെ ഇറങ്ങിവന്നത്. ഇനി നമുക്ക് മിക്‌സഡ് ക്ലാസ്സായ പത്ത് എച്ചിലേക്ക് വീണ്ടും പോകാം. അവിടെ പല തമാശകളും നടക്കുന്നുണ്ട്.

കുട്ടികളുമായി വളരെ സൗഹൃദത്തിലായിക്കഴിഞ്ഞിരിക്കുന്നു. അതും ഒരു പ്രശ്‌നമായിരിക്കയാണ്. ചെറുതായിപ്പോലും ഒന്നു ശകാരിക്കുകയോ ശാസിക്കുകയോ ചെയ്താല്‍ അവര്‍ക്കത് താങ്ങാനാവുന്നില്ല - പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ക്ലാസ്സെടുത്തുകൊണ്ടിരിക്കെ, പെണ്‍കുട്ടികളുടെ വശത്തുനിന്ന് ആരോ മൂളുംപോലെ... പുസ്തകം മടക്കിവെച്ച് ശ്രദ്ധിച്ചപ്പോള്‍ ഒന്നുമില്ല! പാഠത്തിലേക്ക് കടക്കുമ്പോഴേക്കും വീണ്ടും മൂളല്‍. ഇതു മൂന്നുനാലുതവണ ആവര്‍ത്തിച്ചു. സഹികെട്ട് പറഞ്ഞു: 'മൂളുന്നതാരാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട.് ഇനിമൂളിയാല്‍ ഈ ക്ലാസ്സില്‍നിന്നല്ല, സ്‌കൂളില്‍ നിന്നുതന്നെ ഔട്ടായിരിക്കും.' പിന്നെ ശബ്ദമൊന്നുമുണ്ടായില്ല.

ക്ലാസ് കഴിഞ്ഞപ്പോള്‍ ഡാലിയയും സരിതയും പിറകെ. അവര്‍ വിളിക്കുകയാണ്: 'ഹേയ്...' ഞാന്‍ നിന്നു. 'ഞങ്ങളാ മൂള്യത്. എന്താ? ഇനി ഞങ്ങളെ വഴക്കുപറഞ്ഞാല്‍ മൂളുകയല്ല കൂവും!' - അവര്‍ ക്ലാസ്സിലേക്ക് തിരിച്ചോടി. ഞാന്‍ ചിരിച്ചുപോയി.

ക്ലാസ്സിലെ ഏറ്റവും മിടുക്കികളായ കുട്ടികളാണവര്‍. മലയാളത്തില്‍ അവര്‍ക്ക് ഒരു മാര്‍ക്ക് കുറയ്ക്കണമെങ്കില്‍ കഷ്ടപ്പെടണം. അത്ര ഔട്ട്സ്റ്റാന്റിങ്. ഇങ്ങനെയുള്ള കുട്ടികളുടെ കുസൃതിക്ക് ഒരു സൗന്ദര്യമുണ്ട്. അത് ഞാന്‍ വകവെച്ചുകൊടുത്തിരുന്നു.

ജീവിതസങ്കല്പങ്ങള്‍ ഇത്തരം കുട്ടികളില്‍ മുളപൊട്ടുന്ന കാലത്താണ് അവരെ പഠിപ്പിച്ചത്. അത് പല സന്ദര്‍ഭങ്ങളിലും തിരിച്ചറിയാനാവുന്നുണ്ടായിരുന്നു.

ഒരിക്കല്‍ സി.വി. രാമന്‍പിളളയുടെ മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നുള്ള ഭാഗമെടുക്കുകയാണ.് അതില്‍ കാര്‍ത്ത്യായനിയമ്മ മകള്‍ പാറുക്കുട്ടിയോട് ഇങ്ങനെ പറയുന്നുണ്ട്: 'നിനക്കു വയസ്സു പതിനാറായല്ലോ. നീ ഒരു ഭര്‍ത്താവിനോട് ഇരിക്കുന്നതുകാണാന്‍ എനിക്കു താല്പര്യമില്ലയോ?'

ഇത്രയും വിശദീകരിച്ചെത്തിയപ്പോള്‍ ഡാലിയ മെല്ലെ ഒരു ചോദ്യം: 'പതിനാറെന്താ അത്രവലിയ വയസ്സാ... അപ്പോഴേക്ക് ഇത്ര ധൃതിപിടിക്കാറൊക്കെയായോ?'
ചോദ്യം അവഗണിക്കുക മാത്രമായിരുന്നു വഴി.

ഭീഷ്മശപഥമായിരുന്നു അക്കാലത്ത് ഉപപാഠപുസ്തകം. ശന്തനുരാജാവ് ഗംഗാദേവിയെ വേര്‍പെട്ട ദുഃഖവുമായി കാട്ടില്‍ പോയതും സത്യവതിയെ കണ്ടശേഷം അവളില്‍ അനുരക്തനാവുന്നതും വിശദീകരിച്ചുകൊടുത്തിരുന്നു.

ഡാലിയയും സരിതയും സ്റ്റാഫ്‌റൂമില്‍ എത്തി.

'മാതൃകയാവേണ്ട ആളല്ലേ സര്‍ രാജാവ്. ഭാര്യ മരിച്ച ദുഃഖത്തിലിരിക്കുമ്പോള്‍ അയാള് വേറൊരു പെണ്ണിന്റെ പിന്നാലെ പോയത് ശര്യാ!'- ഒരു വലിയ ന്യായം ചോദിക്കുമ്പോലെ ഡാലിയ ചോദിച്ചു. ഞാന്‍ മിണ്ടിയില്ല.

'രാജാവായാല് നല്ല രസാ ല്ലേ, സര്‍-' സരിതയുടെവകയാണ്.
'അതെന്താ'
'ഷ്ടം പോലെ കല്യാണം കഴിക്കാലോ...'
പൊട്ടിച്ചിരിയോടെ അവര്‍ തിരിഞ്ഞോടി.

(ഡാലിയ-സരിതമാരുടെ ഒരു മിക്‌സാണ് 'ഇന്ന് നമുക്ക് റഷീദയെക്കുറിച്ച് ചിന്തിക്കാം' എന്ന എന്റെ കഥയിലെ റഷീദ.)

നാട്ടിന്‍പുറത്ത് പെണ്‍കുട്ടികള്‍ വളരെയധികം അസ്വാതന്ത്ര്യവും പരിമിതികളും അനുഭവിച്ച ഒരു കാലത്തായിരുന്നു ഞാന്‍ സ്‌കൂളില്‍ കേറുന്നത്. വളരെ ഉയരത്തിലെത്തേണ്ട ചില കുട്ടികള്‍ നേരത്തെ കല്യാണം കഴിച്ച് വളരെ ഒതുങ്ങിപ്പോകുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഇന്നും കുറച്ചൊക്കെ അങ്ങനെയുണ്ടാവാമെങ്കിലും ഏറെ മാറിയിട്ടുണ്ടെന്നുള്ളത് ആശ്വാസകരം തന്നെ.
ഡാലിയ ഇപ്പോള്‍ അധ്യാപികയാണ്. സരിത അടുത്തകാലത്ത് കാണാന്‍ വന്നിരുന്നു-ഭര്‍ത്താവും രണ്ടുകുട്ടികളും ഒപ്പമുണ്ട്. സ്വസ്ഥം ഗൃഹഭരണമാണ്.

തിരിച്ചുപോകുമ്പോള്‍ ഭര്‍ത്താവ് മുന്‍പിലും അവള്‍ പിറകിലുമായി നടക്കുകയാണ്. പെട്ടെന്നവള്‍ തിരിഞ്ഞുനോക്കി കണ്ണിറുക്കിക്കാണിച്ചു. ആ പഴയ നിഷ്‌കളങ്കമായ കുസൃതിച്ചിരിയോടെ. ഞാനും ചിരിച്ചുപോയി.

സുഹൃത്തുക്കളേ, നിര്‍ദോഷമായ ഈ രസികന്‍ കണ്ണിറുക്കലും ചിരിയും ഒരു അധ്യാപകനുമാത്രം അവകാശപ്പെട്ടതാണ്. അതിന്റെ സുഖമൊന്ന് വേറെ!
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പാഠം മുപ്പത് എന്ന പുസ്തകത്തില്‍ നിന്ന്)

പകര്‍ന്നു കിട്ടിയത് വാപ്പയുടെ നര്‍മ്മം

സ്നേഹച്ചൂരല്‍ കൊണ്ടൊരു തലോടല്‍

പാഠം മുപ്പത്- അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മകള്‍

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു