കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൈക്കൂലിക്കാരനായ ജോര്‍ജ് എന്ന ഡോക്ടറെ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ജനകീയ വിചാരണ ചെയ്ത സംഭവം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജനകീയ വിചാരണ വിധിപ്രഖ്യാപനം നടത്തിയ ന്യായാധിപന്‍ അന്തരിച്ച നാടകകൃത്ത് എ. ശാന്തകുമാറിന്റെ സഹോദരന്‍ എ. സോമനായിരുന്നു. തന്റെ നാടകജീവിതത്തെ ഏറെ സ്വാധീനിച്ച ഈ സംഭവത്തെ കുറിച്ച് എ. ശാന്തകുമാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പില്‍ നിന്ന് ഒരു ഭാഗം വായിക്കാം.

നാടകങ്ങളും സമരങ്ങളും എപ്പോഴാണ് പൊട്ടിപ്പുറപ്പെടുക എന്ന് പറയാന്‍ വയ്യ. അപ്പോള്‍ അധികാരിവര്‍ഗം നടുങ്ങിനില്‍ക്കും. ഒരു നിമിഷമെങ്കിലും ഭരണകൂടം നിശ്ചലമാവും. പീഡിതരുടെ മനസ്സില്‍ ഒരു തുള്ളിയെങ്കിലും ആനന്ദക്കണ്ണീര്‍ പൊടിയും.
  ചോയിക്കുട്ടിയേട്ടന്റെ പെട്ടിക്കടയിലിരുന്ന് ലൈന്‍മാന്‍ ശ്രീധരേട്ടന്‍ പത്രം ഉറക്കെ വായിച്ചു:
  'ഡോക്ടറെ ജനകീയ വിചാരണ ചെയ്തു.'
  അവിടെയുള്ളവരെല്ലാം പത്രത്തിന് ചുറ്റും കൂടിനിന്ന് ആര്‍ത്തിയോടെ ആ വാര്‍ത്ത വായിച്ചു. ചായപ്പൊടി വാങ്ങാന്‍ പോയ ഞാനും ആ കൂട്ടത്തിലുണ്ടായിരുന്നു. 1980-ലെ ഒരു പ്രഭാതമായിരുന്നു അത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൈക്കൂലിക്കാരനായ ജോര്‍ജ് എന്ന ഡോക്ടറെ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ പരസ്യമായി ചെരുപ്പുമാലയണിയിച്ച് റോഡിലൂടെ നടത്തിച്ചു. ജനമധ്യത്തില്‍ വെച്ച് വിചാരണ ചെയ്തു. ഞാന്‍ കൈക്കൂലിക്കാരനാണെന്ന് അയാളെക്കൊണ്ട് ഉറക്കെ പറയിച്ചു.
  വിചാരണയിലെ ജഡ്ജി എ. സോമന്‍. പറമ്പില്‍ അരളിയില്‍ വീട്ടില്‍ ഇമ്പിച്ചുണ്ണി മാസ്റ്റര്‍ മകന്‍ സോമനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു...

 വാര്‍ത്ത വായിച്ചവരെല്ലാം എന്റെ മുഖത്തേക്ക് നോക്കി. മനസ്സിലൊരു നിഗൂഢാനന്ദമുണ്ടായിരുന്നെങ്കിലും അവരുടെ മുഖത്ത് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ ചായപ്പൊടി വാങ്ങി വീട്ടിലേക്കോടി. അത് അമ്മയുടെ കൈയില്‍ കൊടുത്തുകൊണ്ട് ഞാന്‍ കാര്യം പറഞ്ഞു. പകച്ചുപോയ അമ്മ അന്ന് ഞങ്ങള്‍ക്ക് ചായ തിളപ്പിച്ചുതന്നില്ല. ഒന്നും മിണ്ടാതെ അലക്കുകെട്ടുമെടുത്ത് പുഴയിലേക്ക് പോയി. ചേച്ചി കരഞ്ഞു. ചെറിയേട്ടന്‍ ഉമ്മറക്കോലായില്‍ കുത്തിയിരുന്നു. അടുത്ത വീട്ടില്‍നിന്ന് ഞാന്‍ ആ പത്രവാര്‍ത്ത വീണ്ടും വീണ്ടും വായിച്ചു. ജനകീയ വിചാരണയുടെ ചിത്രം മനസ്സിന്റെ അരങ്ങില്‍ തെളിഞ്ഞു.

സോമേട്ടനും സഖാക്കളും കോഴിക്കോട് സബ്ജയിലിലാണ്. രാജേട്ടന്‍ വന്നു പറഞ്ഞു. രാജേട്ടനും വിനോദ് മാഷും ഒരുകെട്ട് ബീഡിയുമായി സോമേട്ടനെ കാണാന്‍ ചെന്നു. രാത്രികളില്‍ അമ്മ ഉറങ്ങിയില്ല. ഏട്ടനെക്കുറിച്ച് പറഞ്ഞ് വിലപിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്തു. ഞങ്ങള്‍ക്കും നന്നായുറങ്ങാന്‍ കഴിഞ്ഞില്ല. ഏട്ടന് ജാമ്യം കിട്ടി വീട്ടിലെത്തി. ഒരു ഭാവഭേദവും കൂടാതെയാണ് പടികയറി വന്നത്. അമ്മ വിലപിച്ചു; ശകാരിച്ചു; നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ലെന്ന് പറഞ്ഞ് ഏട്ടന്‍ പുഴയില്‍ കുളിക്കാന്‍ പോയി.

അന്നുച്ചനേരത്തെ ഉച്ചക്കഞ്ഞി കുടിക്കുന്ന സമയത്ത് കാന്താരിമുളക് ചമ്മന്തിയുടെ എരിവ് തൊട്ടുകൂട്ടിക്കൊണ്ട് ഏട്ടന്‍ എന്നോട് ജനകീയ വിചാരണയെക്കുറിച്ച് പറഞ്ഞുതന്നു. കൈക്കൂലിക്ക് പേരുകേട്ട ഡോക്ടര്‍ ജോര്‍ജ്. കൈമടക്കായി കിട്ടുന്ന കവറിന്റെ കനം നോക്കിയേ അയാള്‍ രോഗികളെ പരിഗണിച്ചിരുന്നുള്ളൂ. കൈമടക്ക് നല്‍കാനാവാത്ത രോഗികള്‍ അയാളുടെ വാര്‍ഡില്‍ അര്‍ധപ്രാണനായി കിടന്നു. രാവിലെ എട്ടുമണിക്ക് ഡോക്ടര്‍ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ മുറ്റത്ത് കാറില്‍ വന്നിറങ്ങി. കണ്ണാലെ പുഞ്ചിരിതൂകി സോമേട്ടന്‍ ഡോക്ടറുടെ അടുത്തേക്കുചെന്നു. ''ഡോക്ടര്‍ ജോര്‍ജല്ലേ...?''
  ''യെസ്'' - ഡോക്ടറുടെ മറുപടി.
  ഏട്ടന്‍ ഡോക്ടറുടെ കൈപിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു.
  ''ഈ ആശുപത്രിയിലെ തലമൂത്ത കൈക്കൂലിക്കാരനായ നിങ്ങളെ ഞങ്ങള്‍ ആദരിക്കുന്നു.''
  പറഞ്ഞതിന്റെ അര്‍ഥം അയാള്‍ക്ക് മനസ്സിലാവും മുന്‍പെ, ഏട്ടന്‍ കൈയില്‍ പൊതിഞ്ഞുസൂക്ഷിച്ച ചെരുപ്പുമാല ഡോക്ടറുടെ കഴുത്തിലണിയിച്ചു. ഡോക്ടറുടെ ദേഹത്ത് ജാള്യതയുടെയും അപമാനത്തിന്റെയും വിയര്‍പ്പുകണങ്ങള്‍ പൊടിയും മുന്‍പെ ഏട്ടന്റെ സഖാക്കള്‍ പ്ലക്കാര്‍ഡുകളുമായി തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് ചുറ്റും കൂടി.

'ഞാന്‍ കൈക്കൂലി വീരന്‍ ഡോക്ടര്‍ ജോര്‍ജ്' എന്നെഴുതിയ പ്ലക്കാര്‍ഡ് ഡോക്ടറുടെ കൈയില്‍ ബലമായി പിടിപ്പിച്ചു. പ്രതിഷേധത്തിന്റെയും അമര്‍ഷത്തിന്റെയും മുദ്രാവാക്യശരങ്ങള്‍ ആസ്പത്രിമുറ്റത്ത് പ്രകമ്പനം കൊണ്ടു. ചെരുപ്പുമാലയണിഞ്ഞ ഡോക്ടറെയും കൊണ്ട് ആ പ്രകടനം ആസ്പത്രിമുറ്റം വലംവെച്ചു. പാവപ്പെട്ട മനുഷ്യരുടെ ജീവിതപ്രാരബ്ധങ്ങളില്‍ തേഞ്ഞുപോയ വാററ്റ ചെരുപ്പുകള്‍ ഡോക്ടറുടെ കഴുത്തില്‍ക്കിടന്ന് തുള്ളിക്കളിച്ചു. കാഴ്ച കണ്ട് ഓടിക്കൂടിയ പുരുഷാരത്തിന് നടുവില്‍വെച്ച് ഡോക്ടര്‍ ചെയ്ത അഴിമതികള്‍ എണ്ണിയെണ്ണി ചോദിച്ച് ഏട്ടന്‍ ന്യായാധിപന്റെ വേഷം കെട്ടി.

ഇത് ജീവിതമാണോ, നാടകമാണോ എന്ന് സന്ദേഹിച്ച് അമ്പരന്നുനിന്ന പുരുഷാരത്തിലേക്ക് പൊലീസ് ജീപ്പ് പാഞ്ഞുവന്നു. സമരക്കാര്‍ ഓടിയില്ല. ഇത് പച്ചജീവിതങ്ങളുടെ പ്രാണനുവേണ്ടിയുള്ള പ്രതിഷേധമാണെന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

പൊലീസ് ഡോക്ടറെ മോചിപ്പിച്ചു. സമരക്കാരെ ഇടിവണ്ടിയില്‍ കയറ്റി... ഓടിപ്പോകുന്ന പൊലീസ് വണ്ടിയില്‍നിന്നും അവര്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പാടി... കണ്ടുനിന്ന പുരുഷാരം മനസ്സില്‍ മുഷ്ടിചുരുട്ടി അവരോട് 'ലാല്‍സലാം' പറഞ്ഞു. ഇങ്ങനെയായിരിക്കണം യൗവനങ്ങളെന്ന് ആള്‍ക്കൂട്ടത്തില്‍നിന്ന് ആരോ വിളിച്ചുപറഞ്ഞിരുന്നുവത്രേ.
ജനകീയ വിചാരണയെപ്പറ്റി സോമേട്ടന്‍ എനിക്കു മുന്‍പില്‍ നിവര്‍ത്തിയ വാങ്മയചിത്രങ്ങള്‍ ചൂടും ചൂരുമുള്ള ഒരു നാടകംപോലെ ഞാന്‍ മനസ്സില്‍ കാണുകയായിരുന്നു. ഏട്ടന്റെ കോപ്പയില്‍ ബാക്കിയായ കാന്താരി മുളക് ചമ്മന്തി ഞാന്‍ തൊട്ടുകൂട്ടി.

ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മുടെ യൗവനം അര്‍ഥശൂന്യമാവും. സിരകളിലൊഴുകുന്ന ചൂടുചോരപ്പുഴ വ്യര്‍ഥമാവും. ഒരനീതി നടന്നാല്‍ സൂര്യാസ്തമയത്തിന് മുന്‍പ് അതാരും ചോദ്യം ചെയ്തില്ലെങ്കില്‍ ആ നാട് കത്തിയെരിഞ്ഞുപോവും. എഴുപതുകളിലെയും എണ്‍പതുകളിലെയും യൗവനങ്ങളുടെ ആപ്തവാക്യങ്ങള്‍ കൊണ്ട് ഏട്ടന്‍ എന്റെ സിരകളെ ചൂടുപിടിപ്പിച്ചു... നെരൂദയുടെ കവിതകളിലെ വരികള്‍ രാഷ്ട്രീയ ഉദ്ധരണികളായി എന്റെ മുന്നില്‍ വിതറിയിട്ടു ഏട്ടന്‍. കൂട്ടധര്‍ണകള്‍, സായാഹ്നധര്‍ണകള്‍, ഉപവാസങ്ങള്‍... യാന്ത്രികമായ അനുഷ്ഠാനംപോലുള്ള സമരങ്ങള്‍ക്ക് മറുഭാഷ്യം ചമയ്ക്കുകയായിരുന്നു ജനകീയ വിചാരണ. ഓരോ സമരങ്ങള്‍ക്ക് പിന്നിലും മനുഷ്യന്റെ ജീവിതാസക്തികളുണ്ട്. ജീവിതഗന്ധിയും തീക്ഷ്ണവുമായ പെര്‍ഫോമന്‍സാണ് സമരം. അതുകൊണ്ടായിരിക്കാം നാടകവും സമരമാവുന്നത്. 

Content Highlights: A Santhakumar, A Soman, public trial, Kozhikode Medical Collage