''വേദനയിലും ഞാന്‍ പ്രിയപ്പെട്ടവരെ അടുത്ത് വിളിച്ചു. പുഞ്ചിരിക്കാനും എന്തോ പറയാനും ശ്രമിച്ചു. മരിച്ചുപോയ അമ്മയും ഏട്ടനും അകലെയെവിടെയോ നിന്ന് എന്നെ നോക്കി പുഞ്ചിരിക്കും പോലെ എനിക്ക് തോന്നി. എന്തെന്നറിയില്ല. 'മരിക്കില്ല' എന്ന ആത്മവിശ്യാസത്തില്‍ എന്റെ ബോധം മറഞ്ഞു.''

2013 സപ്തംബര്‍ 15 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എ ശാന്തകുമാര്‍ എഴുതിയ ലേഖനം വീണ്ടും വായിക്കാം.

പ്രിയപ്പെട്ടവരുടെ രോഗങ്ങങ്ങള്‍ക്ക് സാക്ഷിയായി നില്‍ക്കുമ്പോള്‍ സ്വന്തം രോഗങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട് ആസ്പത്രി വാര്‍ഡില്‍ തടവില്‍ക്കഴിയുമ്പോള്‍, ആകസ്മികവും അനിര്‍വചനീയവുമായ ജീവിതാവസ്ഥകളെ യോര്‍ത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്: ജീവിതമേ... ഇത് അരങ്ങാണ്.

ചുഴികളും ചുഴലികളും നിറഞ്ഞ രോഗാവസ്ഥകളില്‍ ഒരുപാട് തവണ സാക്ഷിയും പ്രതിയുമായി നില്‍ക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. ഒരു നാടകക്കാരനായതുകൊണ്ടോ നാടകീയ മുഹൂര്‍ത്തങ്ങളുടെ പിരിമുറുക്കങ്ങള്‍ അതിജീവിച്ച് ശുഭാന്തമായ നാടകങ്ങള്‍ അരങ്ങില്‍ അനുഭവിച്ചു തീര്‍ത്തതുകൊണ്ടോ എന്താണെന്നറിയില്ല ഇത്തരം ഘട്ടങ്ങളില്‍ ഏതോ ശുഭാപ്തി വിശ്വാസം എന്റെ അതിജീവനത്തിന് കാരണമായിട്ടുണ്ട്. ഡോക്ടര്‍ തരുന്ന വിവിധ വര്‍ണങ്ങളിലുള്ള ഗുളികകള്‍ സ്വര്‍ഗീയോദ്യാനത്തിലെ കുഞ്ഞുപൂക്കളായി ഞാന്‍ സങ്കല്‍പ്പിച്ചു. ഇഞ്ചക്ഷന്‍ വേദനാനിര്‍ഭരമെങ്കിലും സുഖകരമായ ആദ്യസുരതമായി അനുഭവിച്ചു. മരുന്നിന്റെ മയക്കത്തില്‍ കാണുന്ന സ്വപ്നങ്ങളിലൊക്കെ മനോഹരങ്ങളായ നാടകങ്ങള്‍ ദര്‍ശിച്ചു. ഓക്കാനത്തിനും ഛര്‍ദിക്കും ശേഷം കഴുകി വൃത്തിയാക്കിയ വാഷ്‌ബേസിനെ ഓര്‍ത്തു.

ജനിച്ച്, മുപ്പത്തഞ്ച് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ആദ്യമായി ആസ്പത്രിയില്‍ കിടന്നത്. ശരീരത്തിന്റെ വളരെ സെന്‍സിറ്റീവായ ഭാഗത്ത് ഇന്‍ഫക്ഷന്‍ ബാധിച്ചായിരുന്നു ആ കിടത്തം. എപ്പിഡെര്‍മല്‍ ക്രോണിറ്റിസ് എന്നാ യിരുന്നു ആ രോഗത്തിന്റെ പേരെന്ന് തോന്നുന്നു.

കോഴിക്കോട് ബീച്ചാസ്പത്രിയിലെ പന്ത്രണ്ടാം വാര്‍ഡില്‍. കടലിനഭിമുഖമായി, കടല്‍ക്കാറ്റ് സദാ വന്നുപേയ്‌ക്കൊണ്ടിരിക്കുന്ന വാര്‍ഡായിരുന്നു അത്. ആസ്പത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് കടല് കാണാം. കാറ്റാടിമരങ്ങള്‍ കാണാം. കടലിലും കാറ്റാടി മരങ്ങളിലും പെയ്യുന്ന മഴയും വെയിലും നിലാവും കാണാം. വൃഷണസഞ്ചിയുടെ തൊലിപ്പുറത്തെ പഴുപ്പ് വളരെ അപകടകരമാണെന്നും അത് അന്തര്‍ഭാഗത്തേക്ക് പടര്‍ന്നാല്‍ മരണം ഉറപ്പാണെന്നും പരിശോധനക്ക് വന്ന ഡോക്ടര്‍ കൂടെയുണ്ടായിരുന്ന വൈദ്യശാസ്ത്ര വിദ്യാര്‍ഥികളോട് വിശദീകരിച്ചത് ഞാന്‍ കേട്ടു. ശ്വാസമെടുക്കുമ്പോള്‍ പോലും കഠിനമായ വേദന. ഒന്ന് തിരിഞ്ഞു കിടക്കണമെങ്കില്‍ പോലും വേദനയുടെ പര്‍വതം കയറിയിറങ്ങണം. എന്റെ രോഗത്തിന്റെ ഗൗരവം ഞാന്‍ തിരിച്ചറിഞ്ഞു. പഴുപ്പ് ഒരു രജതരേഖ പോലെ ഉള്ളിലേക്ക് പടരുന്നതും തലച്ചോറുവരെ ചെന്നെത്തുന്നതും അസ്തമയസൂര്യന്റെ പഴുത്ത വര്‍ണമായി ഇരുള്‍മൂടി പോവുന്നതും ഒന്നും കരുതിവെക്കാതെ ജീവിതത്തില്‍നിന്ന് യാത്രാമൊഴി പറയുന്നതും വെറുതെ ഞാനോര്‍ത്തു. സങ്കടത്തിന്റെ പുളിപ്പ് കലര്‍ന്ന കണ്ണീര്‍ മിഴികളില്‍ നിറഞ്ഞു തുളുമ്പി.

അപ്പോള്‍, കടല്‍ക്കരയില്‍ മഴപെയ്യുന്നതും കാറ്റടിക്കുന്നതും ഞാന്‍ കണ്ടു. കാറ്റാടി മരത്തിന്റെ ഒരു ചില്ലയില്‍ ഏതോ കുട്ടി പറത്തിവിട്ട ഒരു പട്ടം ചരട് പൊട്ടി കുരുങ്ങിക്കിടക്കുന്നു. കലഹപ്രിയനായ ഗൃഹനാഥനെപ്പോലെ കാറ്റുവന്ന് മരച്ചില്ലകളോട് കലഹിക്കുന്നു. മരച്ചില്ലയില്‍ കുരുങ്ങിയ പട്ടം കാറ്റില്‍ പിടയുന്നു. അതിലേക്ക് നോക്കാനാവാതെ ഞാന്‍ കണ്ണടച്ചെങ്കിലും, കണ്ണ് തുറക്കുമ്പോഴൊക്കെ പിടയുന്ന പട്ടത്തിലായിരുന്നു എന്റെ നോട്ടം ചെന്നുതറച്ചത്. പട്ടത്തിന്റെ പിടച്ചില്‍ പോലെ എന്നില്‍ വേദന പിടഞ്ഞുകൊണ്ടിരുന്നു.

ആ പട്ടം എപ്പോള്‍ മരച്ചില്ലകളില്‍നിന്ന് മുക്തമായി എങ്ങോട്ടെന്നില്ലാതെ സ്വതന്ത്രമായി പറക്കുമോ, അപ്പോള്‍ എ ന്റെ രോഗം ഭേദമാവും. ഒരു കുട്ടിയുടെ ശുഭാപ്തി വിശ്വാസം പോലെ ഞാനോര്‍ത്തു. ഓരോ ദിവസം ഉണരുമ്പോഴും, ഞാന്‍ ആ പട്ടം സ്വതന്ത്രമായോ എന്ന് നോക്കും. അതവിടെത്തന്നെയുണ്ട്. രോഗപീഡകളില്‍ മനുഷ്യരില്‍ ബാലസഹജമായ ആധിയും ഉത്കണ്ഠയും നിറയുമല്ലോ. കാറ്റില്‍ പിടഞ്ഞു കൊണ്ടുതന്നെ... ആ പിടച്ചിലിനൊപ്പം എന്റെ വേദനയും. പഴുപ്പ് പടരുകയാണ്. വേദനാസംഹാരികളൊന്നും ഏശാതെയായി. സജലങ്ങളായ കണ്ണുകള്‍ കാറ്റാടിമരത്തില്‍ തന്നെ. അവിടെ കിളികള്‍ പറന്നുവന്നിരിക്കുന്നു. ചിറകിട്ടടിക്കുന്നു. കൊക്കുരുമ്മുന്നു. ഉല്ലാസത്തോടെ വീണ്ടും പറന്നുപോകുന്നു. ആ കാഴ്ചകള്‍ നോക്കി ഞാനെന്റെ രോഗപീഡകള്‍ മറക്കാന്‍ ശ്രമിച്ചു. ആകാശത്തിലെ പറവകള്‍ക്ക് ആസ്പത്രികളില്ല, ഭിഷഗ്വരന്‍മാരില്ല, മരുന്നും മന്ത്രവുമില്ല. അവ ജീവിതത്തെ ഓഷധമാക്കി രോഗം മാറ്റുന്നു, മുറിവുണക്കുന്നു. ജീവിതം ജീവിച്ചുതന്നെ തീര്‍ക്കുന്നു. ഈ പക്ഷിജീവിതങ്ങാംക്ക് മുന്നില്‍ മനുഷ്യന്‍ എത്ര ദുര്‍ബലന്‍...! വൈദൃശാസ്ത്രത്തിന്റെ ആകാശസാധ്യയതകള്‍ അവന് മുന്നില്‍ നിവര്‍ന്നുകിടന്നിട്ടും കുഞ്ഞുശരീരത്തിലെ താളപ്പിഴകളില്‍ അവനെന്തുമാത്രം വ്യാകുലനാവുന്നു. ഞാനെന്റെ രോഗകത്തെക്കുറിച്ചുള്ള ആധികള്‍ അങ്ങനെ മായ്ച്ചുകളയാന്‍ ശ്രമിച്ചു.

എങ്കിലും, വേദനാസംഹാരികാഠം തുടരെത്തുടരെ ആവശ്യപ്പെട്ട് ഞാന്‍ നഴ്സിനെ ശല്യം ചെയ്തു. അവ കഴിച്ച് മയക്കത്തിലാണ്ടു. മയക്കത്തില്‍ അര്‍ഥമില്ലാത്ത സ്വപ്‌നങ്ങള്‍... മരിച്ചുപോയ ചങ്ങാതിയും ഏട്ടനും സ്വപ്നങ്ങളില്‍വന്ന് തലോടി. കൂടെ പോരുന്നോ എന്നവര്‍ ചോദിക്കുന്നു. പോകരുതെന്ന് ജീവിച്ചിരിക്കുന്ന ചങ്ങാതിമാര്‍ സ്വപ്നത്തില്‍വന്ന് പറയുന്നു. എഴുതാനും അവതരിപ്പിക്കാനും ബാക്കിവെച്ച നാടകങ്ങള്‍ എന്നെ ജീവിതത്തിലേക്ക് മാടിവിളിക്കുന്നു. ഞാന്‍ ഞെട്ടിയുണരുന്നു. കടല്‍ക്കരയിലെ കാറ്റാടിമരത്തില്‍ കുരുങ്ങിക്കിടന്ന പട്ടം അപ്പോഴും സ്വതന്ത്രമാവാന്‍ പിടയുന്നു. വീണ്ടും കണ്ണടച്ച് മയക്കത്തിലേക്ക്. വേദന പെരുകിവരികയാണ്. ഡോക്ടര്‍ പറഞ്ഞു: ധൈര്യമായിരിക്കൂ... രോഗം ഭേദമാവുമെന്ന് ഉറച്ച് വിശ്വസിക്കൂ... അങ്ങനെത്തന്നെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. വേദനയിലും ഞാന്‍ ഭാര്യയോടും മകളോടും കൂട്ടുകാരോടും തമാശ പറയാന്‍ ശ്രമിച്ചു. എന്റെ രോഗത്തെ ഞാന്‍ തന്നെ നിസാരവത്കരിക്കാന്‍ ശ്രമിച്ചു. ശരീരം ശാഠ്യക്കാരനായ ഒരു കുട്ടിയെപ്പോലെയാണ്. അധികം ലാളിച്ചാല്‍ അത് അനാവശ്യമായി ശാഠ്യം പിടിച്ചുകൊണ്ടിരിക്കും. പണ്ടാരോ പറഞ്ഞത് ഓര്‍മ വന്നു. അത് പറഞ്ഞത് മരിച്ചുപോയ എന്റെ ചങ്ങാതിയായിരുന്നു, അജയന്‍. ഒരപകടത്തില്‍പ്പെട്ട് സ്‌പൈനല്‍കോഡ് ഇഞ്ച്വറിയില്‍ അരയ്ക്ക് കീഴെ തളര്‍ന്ന് പതിമൂന്ന് വര്‍ഷം ജീവിച്ച അജയന്‍ എന്ന എന്റെ നാടകച്ചങ്ങാതി. പാതിജീവനുമായി ജീവിതത്തെ സ്‌നേഹിച്ചും വിധിയോട് കലഹിച്ചും ഇച്ഛാശക്തിയോടെ ജീവിതം ഘോഷിച്ച അജയന്‍. നാടകം അവന്റെ ഇഷ്ടതട്ടകമായിരുന്നു. ഗ്രാമീണ അരങ്ങുകളില്‍ നാടകം കളിച്ച് തിമിര്‍ത്താടുമ്പോഴായിരുന്നു അവന്റെ ജീവിതത്തില്‍ നാടകീയമായ വഴിത്തിരിവ് സംഭവിച്ചത്. ഒരുനാള്‍ തെങ്ങില്‍നിന്ന് വീണ് അരയ്ക്ക് കീഴെ ജീവനറ്റു. അവനെ കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയപ്പോള്‍, വികാര തീവ്രമായ ഒരു നാടകത്തിന്റെ ക്ലൈമാക്‌സ് പോലെ അജയന്‍ പാതി തളര്‍ന്നു കിടക്കുന്നു. അവന് മുന്നില്‍ നിറകണ്ണുകളോടെ വിങ്ങലടക്കി നില്‍ക്കുമ്പോഴും അജയന്‍ ചിരിക്കുകയായിരുന്നു. തകരാന്‍ കൂട്ടാക്കാത്ത ആത്മവിശ്വാസം നിറഞ്ഞ ചിരി. നഷ്ടമായ പാതിജീവന്‍ തിരിച്ചുകിട്ടാന്‍ അജയന്‍ ആസ്പത്രികള്‍ കയറിയിറങ്ങിയതും മെഡിക്കല്‍ സയന്‍സിന്റെ പരീക്ഷണങ്ങള്‍ക്കായി കിടന്നുകൊടുത്തതും അതേ നിറചിരിയോടെയായിരുന്നു. പാതിജീവനുമായി കിടക്കുന്ന അവന്റെ പുഞ്ചിരി കാണാന്‍ അശക്തനായതുകൊണ്ടോ അവനെ കാണുമ്പോള്‍ സഹതാപഭാവം മുഖത്ത് വിടരുമെന്ന ഭയം കൊണ്ടോ ഞാന്‍ കുറേക്കാലത്തേക്ക് അവനെ അഭിമുഖീകരിച്ചില്ല. വര്‍ഷങ്ങാംക്ക് ശേഷം അവനെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ എന്നെ വരവേറ്റത് അവന്റെ മുച്ചക്ര സൈക്കിളായിരുന്നു. ഇടതു കൈകൊണ്ട് ആര്‍ക്കോ കത്തെഴുതാന്‍ ശ്രമിക്കുകയാണ് അജയന്‍. 

കാര്യമന്വേഷിച്ചപ്പോഠം അവന്‍ പറഞ്ഞു:
''ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. വലതു കൈയുടെ ശേഷി നഷ്ടപ്പെടുന്നത്. വലതു കൈ നഷ്ടമായാലും പ്രിയപ്പെട്ടവര്‍ക്ക് കത്തെഴുതണം. അതിനായി എഴുതി ശീലിക്കുകയാണ്. ഇടതുകൈ വഴങ്ങുമോ എന്നറിയണമല്ലോ...''
ഇച്ഛാശക്തിയുടെ അണയാത്ത അഗ്‌നി മനസ്സില്‍ സൂക്ഷിച്ച് അവന്‍ ഇടതുകൈകൊണ്ട് കത്തെഴുതി തീര്‍ക്കുന്നത് അമ്പരപ്പോടെ ഞാന്‍ കണ്ടു. പിന്നെ ഒരു സര്‍ക്കസ്സുകാരനെപ്പോലെ കട്ടിലില്‍ നിന്നെഴുന്നേറ്റു. വീല്‍ചെയറിലേക്ക് കയറിയിരിക്കുന്നതും വീല്‍ചെയര്‍ ഉരുട്ടി അടുക്കളയിലേക്ക് നീങ്ങിയതും ഒരേ ഇരിപ്പില്‍ മീന്‍ മുറിച്ചതും പരിപ്പ് കഴുകിയതും അടുപ്പിലെ തീ ആവേശത്തോടെ ഈതിക്കത്തിച്ച് അരി വേവിച്ചതും അമ്പരപ്പും കാതുകവും കലര്‍ന്ന് ഞാന്‍ നോക്കിയിരുന്നു. അപ്പോഴും അവന്‍ സംസാരി ച്ചുകൊണ്ടിരുന്നു. നാടകത്തെപ്പറ്റി, ജീവിതത്തെപ്പറ്റി. ഒരു കൊച്ചു മുറിവ് പറ്റിയാല്‍ ഒന്നും ചെയ്യാതെ മൂടിക്കിടക്കുന്ന അലസരായവര്‍ക്ക് അജയന്‍ ഒരാശ്ചര്യമാണ്. ശരീരം തളര്‍ന്നാലും മനസ്സ് ഉണര്‍ന്നിരിക്കണം. ഉണര്‍ന്ന മനസ്സിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന് അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു. അതെ, പാതി തളര്‍ന്നിട്ടും അവന്‍ വൃദ്ധരായ മാതാപിതാക്കഠംക്ക് തണലായി. ഏക സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു.

ജീവിതം ഒരു അരങ്ങാണെന്ന് വിശ്വസിച്ച അജയന്‍ അവനു വേണ്ടി ഒരു നാടകമെഴുതാന്‍ എന്നോടാവശ്യപ്പെട്ടു. അവന്റെയുള്ളില്‍ സ്വകാര്യ ലഹരിയായി നാടകം അപ്പോഴും നുരഞ്ഞു പൊന്തിയിരുന്നു. നാടകത്തിന് ആത്മാവുണ്ടെങ്കില്‍ അത് നടന്റെ മനസ്സിനെ ദീപ്തമാക്കുകയും സിരകളെ ഉണര്‍ത്തുകയും ചെയ്യുമെന്നും ആ ദീപ്ത ജ്വാലകളില്‍ എന്റെ തളര്‍ന്നു പോയ സിരകള്‍ ഉണരുമെന്നും ഞാന്‍ വിശ്വസിക്കുന്നെന്ന് അജയന്‍ പറഞ്ഞപ്പോള്‍ അവനു വേണ്ടി നാടകമെഴുതാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആവേശകരവും ആഹ്ലാദകരവുമായ കാര്യങ്ങള്‍ രോഗങ്ങാള്‍ക്കുള്ള പാതിമരുന്നാണെന്ന് അവന്റെ ഡോക്ടര്‍ പറഞ്ഞതും അവനോര്‍മിപ്പിച്ചപ്പോള്‍ എന്റെ മനസ്സില്‍ അവനു വേണ്ടിയുള്ള നാടകം നിറഞ്ഞു തുളുമ്പി. അവനുവേണ്ടി നാടകം പിറന്നു. കേരളത്തിനകത്തും പുറത്തും മുപ്പതിലേറെ വേദികളില്‍ ഞങ്ങള്‍ നാടകവുമായി പാഞ്ഞുനടന്നു. വീല്‍ച്ചെയറിലിരുന്ന് അജയന്‍ തിമിര്‍ത്താടി. നാടകത്തിനിടയില്‍ അവന്‍ പാതി തളര്‍ന്ന ശരീരം മറന്നു. താനൊരു പൂര്‍ണമനുഷ്യനാണെന്ന് വിശ്വസിച്ചു. നാടകയാത്രകള്‍ക്കിടയില്‍ കാണാത്ത സ്ഥലങ്ങള്‍ കണ്ടു. കാണില്ലെന്ന് കരുതിയ ചങ്ങാതിമാരെ കണ്ടു. അതിനിടയില്‍ ആവേശത്തോടെ അവന്‍ പറഞ്ഞു കൊണ്ടിരുന്നു, തന്നെ തള്ളിയിട്ട് തളര്‍ത്തിക്കിടത്തിയ വീട്ടുമുറ്റത്തെ തെങ്ങില്‍ ഒന്നുകൂടി കയറണം! ഇങ്ങനെയൊരാഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ് അപകടത്തിന് ശേഷവും പതിമൂന്ന് വര്‍ഷം താന്‍ ജീവിച്ചതെന്ന് അവന്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ തിയേറ്ററിലേക്ക് എന്നെ കൊണ്ടുപോകുമ്പോള്‍ മനസ്സ് നിറയെ അജയന്റെ ഇച്ഛാശക്തി നിറഞ്ഞ ജീവിതവും വാക്കുകളുമായിരുന്നു. അത് പോസിറ്റീവ് എനര്‍ജി പ്രസരിപ്പിച്ച് എന്നില്‍ ധൈര്യം പകര്‍ന്നിരുന്നു. എഴുതാന്‍ ബാക്കിയായ നാടകങ്ങളെഴുതണം. നാടകത്തിന്റെ രാപകലുകളില്‍ തിമിര്‍ത്താടണം. അപകടകാരിയായ രോഗത്തെ അതിജീവിച്ച് തിരിച്ചു പോകാമെന്ന വിശ്വാസം അവിശ്വസനീയമാംവിധം മനസ്സില്‍ നിറഞ്ഞു. പാതിജീവനായാലും എഴുതാനുള്ള കൈകളെങ്കിലും ബാക്കി കിട്ടുമെന്നുതന്നെ ഉറച്ച് വിശ്വസിച്ചു. നാടകത്തിന്റെ അരങ്ങുപോലെ ഓപ്പറേഷന്‍ തിയേറ്റര്‍ ദീപാലംകൃതമായിരുന്നു. പച്ചപശ്ചാത്തലം. പച്ചവസ്ത്രങ്ങള്‍. പച്ച ആഹ്ലാദദായകമായ നിറമാണ്. ഞാന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആസ്വദിക്കാന്‍ തുടങ്ങി. നഴ്സ് എന്റെ വസ്ത്രങ്ങള്‍ മാറ്റുന്നു. നഗ്നതയില്‍ എനിക്ക് ലജ്ജ തോന്നിയില്ല. ഡോക്ടര്‍ കത്തിയുമായി എന്റെ മുന്നില്‍... എനിക്ക് പേടി തോന്നിയില്ല. ജീവനെടുക്കാനല്ല, ജീവന്റെ വീണ്ടെടുപ്പിനാണല്ലോ ഡോക്ടര്‍ കത്തിയേന്തുന്നത്. എന്റെ വേദനയിലൂടെ ഡോക്ടര്‍ കത്തി പായിച്ചു. മരവിപ്പിക്കുക പോലും ചെയ്യാതെ... പഴുപ്പ് ബാധിച്ച ഭാഗമാകെ ഡോക്ടറുടെ കത്തിത്തുമ്പിലേക്ക് പടര്‍ന്നുകയറുന്നത് ഞാനറിഞ്ഞു. ചോരയൊഴുക്ക്... വേദനയുടെ കടലിരമ്പം... മിന്നല്‍... ഞാന്‍ പാതിയെഴുതിയ നാടകത്തിന്റെ ബാക്കിയെപ്പറ്റി ചിന്തിച്ചു. ഓരോ രംഗങ്ങളും വേദനയോടൊപ്പം മനസ്സില്‍ മിന്നല്‍ പോലെ മിന്നിമറഞ്ഞു. അബോധത്തിലേക്ക്' ഈര്‍ന്നിറങ്ങി. ഉറക്കമിളച്ച് കളിച്ച നാടകത്തിന് ശേഷം ഉറങ്ങും പോലെ...

ഉണര്‍ന്ന പ്പോഠം വാര്‍ഡിലായിരുന്നു. ഡോക്ടര്‍ പറഞ്ഞു, ഓപ്പറേഷന്‍ ചെയ്ത ഭാഗം ഉണങ്ങണം... ഇല്ലെങ്കില്‍... ബാക്കി പറഞ്ഞത് അശുഭകരമായ കാര്യമായിരുന്നു. ഭാര്യ തേങ്ങി. പക്ഷേ... ഞാന്‍ ഭയപ്പെട്ടില്ല. ഞാന്‍ കടല്‍ക്കരയി ലെ കാറ്റാടി മരത്തിലേക്ക് നോക്കി. കുരുങ്ങിക്കിടന്ന പട്ടം കുരുക്കഴിഞ്ഞ് എങ്ങോട്ടോ പറന്നു പോയിരുന്നു! കാറ്റാടിമരത്തില്‍ കാറ്റ് വട്ടംചുറ്റുന്നതും പക്ഷികള്‍ പറന്നുവന്നിരിക്കുന്നതും പറന്നുപോകുന്നതും നോക്കി... മുറിവുണങ്ങുന്നതും കാത്ത് ഒരു മാസം കൂടി അതേ വാര്‍ഡില്‍ അതേ ബെഡ്ഡില്‍... മുറിവുണങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഡോകടര്‍ പുഞ്ചിരിയോടെ പറഞ്ഞു. കടപ്പുറത്ത് ഒരു കുട്ടി പട്ടം പറത്തുന്നു. ചരട് അവന്റെ കൈയില്‍ ഭദ്രമാണ്... പട്ടം അവന്റെ കൈകള്‍ക്കനുസരിച്ചാണ് പറക്കുന്നത്. കുട്ടിയുടെ കൈയടക്കത്തില്‍, മനോനിയന്ത്രണ ത്തില്‍, ഇച്ഛാശക്തിയില്‍ പട്ടം ആകാശത്തേക്ക് പറക്കുന്നു...

A Shanthakumar
ശാന്തകുമാര്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം

വര്‍ഷങ്ങാംക്ക് ശേഷം, വീണ്ടും എനിക്കെന്റെ ശരീരത്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഇത്തവണ സ്വന്തം ഹൃദയമായിരുന്നു എന്റെ ജീവിതത്തെ നാടകീയമായി സംഘര്‍ഷഭരിതമാക്കിയത്. ഒരു നാടകത്തിന്റെ ഫൈനല്‍ റിഹേഴ്സലിന് ശേഷം മടങ്ങുമ്പോഠം കൈകളില്‍ വേദന പടര്‍ന്നതും നെഞ്ച് പുകഞ്ഞതും വയറ് വീര്‍ത്തതും ശ്വാസം തിങ്ങിയതും വിയര്‍ത്തുകുളിച്ചതും ഒരുമിച്ചായിരുന്നു. എനിക്കുറപ്പായി. മനുഷ്യരെ ആകസ്മികമായി പരേതരാക്കുന്ന ഹൃദയത്തിന്റെ മായാജാലം എന്റെ ശരീരത്തിലും അരങ്ങേറുന്നു. അടുത്തുള്ള ഡോക്ടറെ കണ്ടു. ഹൃദയത്തിന്റെ ഭീകരമായ പിണക്കം തിരിച്ചറിഞ്ഞതുകൊണ്ടാവാം അദ്ദേഹം സ്വന്തം കാറില്‍ എന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലെ ബെഡ്ഡില്‍ ഓക്‌സിജന്‍ട്യൂബ് ഘടിപ്പിച്ചു കിടത്തി. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് കടല്‍ക്കരയില്‍ ചരട് പൊട്ടാതെ പട്ടം പറത്തിയ ആ പഴയ കുട്ടിയെയായിരുന്നു. എന്തെന്നില്ലാത്ത ഒരാത്മവിശ്വാസം എന്നില്‍ നിറഞ്ഞു. എങ്കിലും മോണിറ്ററില്‍ എന്റെ ഹൃദയ സ്പന്ദനങ്ങളുടെ ഗ്രാഫ് അപകടകരമാംവിധം താഴ്ന്നുകൊണ്ടിരിക്കുകയാണ്.

അടുത്തുണ്ടായിരുന്ന ഭാര്യയുടെയും കൂട്ടുകാരുടെയും മുഖത്ത് റെഡ്‌സിഗ്‌നല്‍ മിന്നിമറയുന്നത് ഞാന്‍ കണ്ടു. അവരുടെ ആശ്വാസ വാക്കുകള്‍ ഒരു യാത്രാമൊഴിയായി എനിക്ക് തോന്നി. ''ചില നേരങ്ങളില്‍ മനുഷ്യര്‍ക്ക് അവരുടെ ശരീരത്തിലുള്ള നിയന്ത്രണം നഷ്ടപ്പെടും. പിന്നെയെല്ലാം വിധിയുടെ കൈകളില്‍.'' പൗലോ കൊയ്‌ലോയുടെ ''ആല്‍ക്കെമിസ്റ്റ്'' എന്ന നോവലിലെ വാചകങ്ങള്‍ ഓര്‍മയിലെത്തി. വേദനയിലും ഞാന്‍ പ്രിയപ്പെട്ടവരെ അടുത്ത് വിളിച്ചു. പുഞ്ചിരിക്കാനും എന്തോ പറയാനും ശ്രമിച്ചു. മരിച്ചുപോയ അമ്മയും ഏട്ടനും അകലെയെവിടെയോ നിന്ന് എന്നെ നോക്കി പുഞ്ചിരിക്കും പോലെ എനിക്ക് തോന്നി. എന്തെന്നറിയില്ല. ''മരിക്കില്ല' എന്ന ആത്മവിശ്വാസത്തില്‍ എന്റെ ബോധം മറഞ്ഞു.

കണ്ണ് തുറന്നപ്പോഠം സി.സി.യു.വില്‍. ഡോക്ടര്‍ പറഞ്ഞു: മേജര്‍ അറ്റാക്ക് ആകുമായിരുന്നു. കഷ്ടിച്ച് രക്ഷപ്പെട്ടു. ദൈവത്തിന്റെ പരീക്ഷണങ്ങള്‍ എന്നാണ് ഞാനിതിനെ വിളിക്കുക. കുത്തഴിഞ്ഞ ജീവിതം ചിട്ടപ്പെടുത്തിക്കോളൂ എന്ന ദൈവത്തിന്റെ താക്കീതാണ് രോഗങ്ങളായി മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത്.

ആന്‍ജിയോഗ്രാം റിസല്‍ട്ടിന്റെ കമ്പ്യൂട്ടര്‍സ്‌കെച്ച് ഡോക്ടര്‍ എനിക്ക് കാണിച്ചുതന്നു. ഹൃദയഭിത്തിയില്‍ അജ്ഞാതലിപികള്‍ പോലെ കറുത്ത അടയാളങ്ങള്‍. ശരീരത്തിലേക്ക് ആവാഹിച്ചെടുത്ത പുകയും കൊഴുപ്പും രചിച്ച കറുത്ത അക്ഷരക്കൂട്ടങ്ങള്‍. പഴയ ലിറ്റില്‍ മാഗസിനിലെ കറുത്ത കവിതകള്‍ പോലെ. ആരാണ് എന്റെ ഹൃദയഭിത്തിയില്‍ ശ്യാമവര്‍ണമാര്‍ന്ന അജ്ഞാതലിപികളില്‍ കവിത രചിച്ചത്...? ഞാന്‍ തന്നെ. ഞാനറിയാതെ ഞാന്‍ ഹൃദയഭിത്തിയില്‍ കുറിച്ച അജ്ഞാത കവിതകളാണതെന്ന് എനിക്ക് തോന്നി. ഹൃദയം നൊന്തപ്പോള്‍ അറിയാതെ പിറന്ന കവിതകള്‍, ഹൃദയത്തിലേക്കുള്ള ചോരയൊഴുക്ക് നിര്‍ത്തുന്ന തടയണകള്‍... ഞാന്‍ എന്റെ രോഗത്തെ കവിതയാക്കി മാറ്റാന്‍ ശ്രമിച്ചു. ഞാന്‍ ഡയറിയില്‍ ഇതൊക്കെ കുറിച്ചിട്ടത് ഡോക്ടര്‍ കണ്ടു. അദ്ദേഹം പുഞ്ചിരിച്ചു. ആന്‍ജിയോപ്പാസ്റ്റി സര്‍ജറിക്ക് വേണ്ടി കാത്ത്‌ലാബിലെ പച്ചക്കട്ടിലില്‍ മലര്‍ന്നു കിടക്കുമ്പോള്‍, സര്‍ജറി ക്ക് മുന്‍പ് എന്റെ മുഖം മൂടുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ഹൃദയത്തിലെ തടയണകള്‍ പൊട്ടിക്കട്ടെ... അജ്ഞാത കവിതകള്‍ മായ്ച്ചു കളയട്ടെ... ഇനി ശുദ്ധീകരിക്കപ്പെട്ട ഹൃദയവുമായി പുതിയ കവിതകളെഴുതു..

Content Highlights: A Santha Kumar Mathrubhumi weekly article