സത്യത്തില്‍ പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ഉണ്ണിയാര്‍ച്ചയെ അവതരിപ്പിക്കാനായി പോകുന്നത്. സിനിമ ചെയ്യാന്‍ തീരുമാനിച്ചതിനു ശേഷമാണ് കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാനറിയുന്നത്. ക്ലിയോപാട്രയോട് ഉപമിക്കാവുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഐതിഹാസികകഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ എനിക്കു കഴിയുമോ എന്ന വലിയ ചര്‍ച്ചകള്‍ അക്കാലത്ത് ഉണ്ടായതായി ഓര്‍മയുണ്ട്. സംവിധായകന്‍ ഹരിഹരന്‍ എന്റെ മാര്‍ഗദര്‍ശിയും ഗുരുതുല്യനുമാണ്. ലാവ എന്ന സിനിമയിലൂടെ പ്രേംനസീറിന്റെ ജോടിയായി എന്നെ മലയാളത്തിലേക്ക് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. അദ്ദേഹമാണ് എന്നെ വിളിച്ച് ഉണ്ണിയാര്‍ച്ചയുടെ കഥാപാത്രത്തെക്കുറിച്ചു പറയുന്നത്. ഇതേ കഥ മുന്‍പ് സിനിമയാക്കിയപ്പോള്‍ രാഗിണി അവതരിപ്പിച്ച കഥാപാത്രം മലയാളിപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതാണെന്നും പറഞ്ഞു. ആവശ്യമാണെങ്കില്‍ ആ സിനിമ കാണാനും നിര്‍ദേശിച്ചു. എന്നാല്‍ ഉണ്ണിയാര്‍ച്ചയെ എന്റേതായ രീതിയില്‍, മനസ്സിലാക്കി അവതരിപ്പിക്കണമെന്നുണ്ടായിരുന്നു. അതിനായി തിരക്കഥാകൃത്ത് എം.ടിയോടും ഹരിഹരനോടും ചോദിച്ച് ഉണ്ണിയാര്‍ച്ചയുടെ സ്വഭാവഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഉണ്ണിയാര്‍ച്ചയെപ്പോലെ വസ്ത്രം ധരിക്കുക, കളരിപ്പയറ്റു നടത്തുക, അവളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ഉണ്ണിയാര്‍ച്ചയായിരിക്കുക എന്നതെല്ലാം വലിയ അഭിമാനമുണ്ടാക്കുന്നതായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി ഉണ്ണിയാര്‍ച്ച ഇന്നും മനസ്സിലുണ്ട്. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഒരു കഥാപാത്രവുമാണ് അത്.

'ഒരു വടക്കന്‍ വീരഗാഥ' - തിരക്കഥ വാങ്ങാം
'ഒരു വടക്കന്‍ വീരഗാഥ: 25 വര്‍ഷങ്ങള്‍' വാങ്ങാം
ഒരു വടക്കന്‍ വീരഗാഥയ്ക്ക് പിന്നിലെ അനുഭവം

സ്‌കൂള്‍ക്കാലത്ത് ഞാനൊരു കായികതാരമായിരുന്നു. കരാട്ടെയും പഠിച്ചിട്ടുണ്ട്. ആ അനുഭവസമ്പത്ത് ഉണ്ണിയാര്‍ച്ചയുടെ കളരിപ്പയറ്റുരംഗങ്ങളുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം ഗുരുവായൂരില്‍വെച്ച് നടക്കുന്ന സമയത്ത് കളരിയാശാന്റെ കീഴില്‍ എന്നും രാവിലെ അഞ്ചുമണി മുതല്‍ ഒരു മണിക്കൂര്‍ പരിശീലനം നടത്തുമായിരുന്നു. ഏഴുമണിക്കുള്ള ഷൂട്ടിങ്മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു അത്. ദ്രുതഗതിയിലുള്ള ചുവടുവെപ്പുകളും ചലനങ്ങളും ചിട്ടയുമുള്ള പുരാതനമായ ആയോധനകലയാണ് കളരി. പല ചുവടുകളും നൃത്തംപോലെ അനുഭവപ്പെടാറുണ്ട്. ഒരു നര്‍ത്തകി എന്ന മുന്‍പരിചയവും അത്തരം ഭാഗങ്ങളില്‍ സഹായിച്ചിരുന്നു. സിനിമയ്ക്കുശേഷം ഇത്ര മനോഹരമായ ആയോധനകലാഭ്യാസം തുടരണമെന്ന് ആഗ്രഹിച്ചിരുന്നു.

കളരിരംഗങ്ങളില്‍ അതീവശ്രദ്ധ കൊടുത്താണ് അഭിനയിച്ചത്. ഒറിജിനല്‍ ആയുധങ്ങളാണ് അത്തരം സീനുകളില്‍ ഉപയോഗിച്ചിരുന്നത്. ശ്രദ്ധ മാറിയാല്‍ മുറിവേല്ക്കാനും മുറിവേല്പിക്കാനും സാധ്യതയുണ്ട്. ഭാഗ്യവശാല്‍ അത്തരത്തില്‍ അബദ്ധങ്ങളൊന്നും സംഭവിച്ചില്ല.
മമ്മൂട്ടിക്കൊപ്പം ധാരാളം സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നു ആ കാലയളവില്‍. അതുകൊണ്ട് അഭിനയം അനായാസകരമായിരുന്നു. പ്രത്യേകിച്ചും അഭ്യാസപ്രകടനങ്ങളുടെ കോംപിനേഷന്‍സീനുകളില്‍. ഇന്ത്യയിലെതന്നെ വലിയൊരു അഭിനേതാവാണെങ്കിലും വളരെ ലളിതമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്. രംഗങ്ങള്‍ അഭിനയിക്കുന്നതിനു മുന്‍പ് പരസ്​പരം ചര്‍ച്ച ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് ആനന്ദകരമായ ഒരനുഭവമായിരുന്നു. ഓരോ ചെറിയ ചലനങ്ങളടക്കം ഷോട്ടിനു മുന്‍പ് വിശദമായി ചര്‍ച്ച ചെയ്തിരുന്നു ലൊക്കേഷനുകളില്‍. അത്തരമൊരു ടീംസ്​പിരിറ്റിന്റെകൂടി വിജയമാണിത്. ആദ്യസിനിമതൊട്ടുതന്നെ ബാലന്‍ കെ. നായര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അധികവും വില്ലന്‍വേഷങ്ങളാണ് ചെയ്തിട്ടുള്ളതെങ്കിലും സദാ പുഞ്ചിരിക്കുന്ന ഒരു മനുഷ്യനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ ഓര്‍മിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്കു ശേഷവും ആളുകള്‍ എന്നെ ഇപ്പോഴും ഉണ്ണിയാര്‍ച്ചയായി കാണുന്നു, അങ്ങനെ വിളിക്കുന്നു. അഭിനയജീവിതത്തിലെ മറക്കാനാവാത്ത വളരെ സംതൃപ്തി തന്ന ഒരു കഥാപാത്രമാണ് അത്. ഉണ്ണിയാര്‍ച്ചയെ നന്നായി മനസ്സിലാക്കാന്‍ സഹായിച്ച എം.ടി., എന്നെ വിശ്വസിച്ച് ഈ കഥാപാത്രമേല്പിക്കുകയും മാര്‍ഗനിര്‍ദേശം നല്കുകയും ചെയ്ത ഹരിഹരന്‍, മികച്ച പിന്തുണ തന്ന നിര്‍മാതാവ് പി.വി. ഗംഗാധരനും അദ്ദേഹത്തിന്റെ കുടുംബവും, സഹപ്രവര്‍ത്തക എന്നതില്‍ എപ്പോഴും കൂടെ നില്ക്കുകയും സഹായിക്കുകയും ചെയ്ത മമ്മൂട്ടി, ഉണ്ണിയാര്‍ച്ചയായി മാറാന്‍ മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ ഒരുക്കിയവര്‍ എന്നിവരോടാണ് ഈ അവസരത്തില്‍ നന്ദി പറയേണ്ടത്.
പോകുന്നിടത്തെല്ലാം ഉണ്ണിയാര്‍ച്ച എന്ന വിളിപ്പേര് 25 വര്‍ഷമായി നില്ക്കുന്നു. അതാണ് ഈ സിനിമയുടെ മാന്ത്രികശക്തി എന്ന് എനിക്കു തോന്നുന്നു. ഞാന്‍ അഭിനയം നിര്‍ത്തിയിട്ട് 20 വര്‍ഷമായി. പക്ഷേ, ഇപ്പോഴും ആളുകള്‍ എന്റെ അഭിനയത്തെയും ഈ കഥാപാത്രത്തെയും സ്‌നേഹിക്കുന്നു. അവരുടെ ഹൃദയത്തില്‍ ഒരു സ്ഥാനം ലഭിച്ചു എന്നതില്‍ക്കവിഞ്ഞ് ഒരു അഭിനേത്രിക്ക് മറ്റെന്തുവേണം ആനന്ദിക്കാന്‍.
വ്യത്യസ്തമായ ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അതില്‍ ചിലതെല്ലാം പ്രേക്ഷകമനസ്സിലും സിനിമാചരിത്രത്തിലും കാലാകാലം നിലനില്ക്കുന്നു. ഏതൊരഭിനേത്രിയെയും സംബന്ധിച്ച് ഡ്രീം റോള്‍ എന്നൊക്കെ പറയുന്നത് ഒരിക്കലേ സംഭവിക്കൂ. അവിസ്മരണീയമായ അനേകം കഥാപാത്രങ്ങള്‍ക്കു ജീവന്‍ കൊടുക്കാനായതും വലിയ ഒരനുഗ്രഹമാണ്. ഉണ്ണിയാര്‍ച്ചയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നു.

25 വര്‍ഷത്തിനു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ തിളങ്ങുന്ന ഒരധ്യായമായി മാറിയ സിനിമയുടെ ഭാഗമായതില്‍ സന്തോഷം തോന്നുന്നു. ഉണ്ണിയാര്‍ച്ചയ്ക്കു ജീവന്‍ നല്കാന്‍ അവസരം തന്ന സംവിധായകന്‍ ഹരിഹരന്‍, തന്റെ സങ്കല്പത്തിലെ ഉണ്ണിയാര്‍ച്ചയെ അവതരിപ്പിച്ചു ഫലിപ്പിച്ചെന്നു പറഞ്ഞ എം.ടി. വാസുദേവന്‍ നായര്‍, എന്റെ കഠിനാധ്വാനത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത പത്രപ്രവര്‍ത്തകര്‍, ഞാന്‍ ഒരു മലയാളി അല്ലെന്ന കാര്യം മറന്നുപോയി എന്നു പറഞ്ഞ കേരളത്തിലെ ജനങ്ങള്‍ എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. ഈയടുത്ത് സിനിമ കണ്ട എന്റെ മൂന്നു പെണ്‍മക്കള്‍ പറഞ്ഞു, അവരുടെ അച്ഛനെ വിവാഹം കഴിച്ച ഞാനാണ് ഉണ്ണിയാര്‍ച്ചയെന്ന്.

(ഒരു വടക്കന്‍ വീരഗാഥ: 25 വര്‍ഷങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

'ഒരു വടക്കന്‍ വീരഗാഥ' - തിരക്കഥ വാങ്ങാം
'ഒരു വടക്കന്‍ വീരഗാഥ: 25 വര്‍ഷങ്ങള്‍' വാങ്ങാം
ഒരു വടക്കന്‍ വീരഗാഥയ്ക്ക് പിന്നിലെ അനുഭവം