ഒറ്റപ്പാലം: അറിവിന്റെ ഔന്നത്യത്തില്‍ ജ്ഞാനംതേടിയുള്ള നിതാന്തമായ യാത്ര. ജീവിതത്തില്‍ ലാളിത്യത്തിന്റെ പ്രതിരൂപം. മുംബൈയിലെ ആനന്ദഭവന്‍ ആശ്രമത്തില്‍ സ്വാമി കാശികാനന്ദഗിരിയെ കാണാന്‍ നാനാഭാഗത്തുനിന്നുമെത്തുന്നവര്‍ ഹൃദയത്താല്‍ ഇത് ശരിവെക്കും. പതിറ്റാണ്ടുകള്‍നീണ്ട ജ്ഞാനയാത്ര അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കുന്നു. മഴപെയ്താല്‍ വെള്ളം കയറുന്ന പഴയ കെട്ടിടത്തിലെ ആശ്രമജീവിതംതന്നെ ഇതിനുതെളിവ്.

വേദവ്യാസനുശേഷം ഏറ്റവുമധികം സംസ്‌കൃതശ്ലോകങ്ങള്‍ രചിച്ചയാളെന്ന് വിശേഷിക്കപ്പെടുന്ന കാശികാനന്ദഗിരി അദ്വൈതവേദാന്തത്തിലൂടെ ആഴത്തില്‍ സഞ്ചരിച്ച മഹാമനീഷിയാണ്. ആദിശങ്കരദര്‍ശനമുള്‍ക്കൊള്ളുന്നവരുടെ ആചാര്യനായ കാശികാനന്ദ, ദ്വൈതവാദികളായ പണ്ഡിതന്‍മാരെ തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയ കഥകളും പറഞ്ഞുകേള്‍ക്കാം. സംസ്‌കൃത പണ്ഡിതന്മാര്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് 'ദ്വാദശ ദര്‍ശന കാനന പഞ്ചാനന്‍' പദവി നല്‍കി.

ആചാര്യന്മാരുടെ ആചാര്യനെന്ന മഹാമണ്ഡലേശ്വര്‍ പദവിയും ജ്ഞാനത്തിനുള്ള അംഗീകാരംതന്നെ. പരിവ്രാജനംചെയ്ത് ഉലകം ചുറ്റിയവന്‍, ചതുര്‍വേദങ്ങളും വ്യാഖ്യാനങ്ങളുമുള്‍പ്പെടുന്ന ശ്രുതികളെ അറിഞ്ഞവന്‍, ബ്രഹ്മാനന്ദം മാത്രം സ്വീകാര്യനായവന്‍, ആസ്തികവും നാസ്തികവുമായ 12 ദര്‍ശനങ്ങളുടെ പഞ്ചമുഖങ്ങള്‍ കണ്ടവന്‍ എന്നിങ്ങനെ കാശികാനന്ദയുടെ പേരിനൊപ്പം വിശേഷണങ്ങള്‍ ഏറെയുണ്ട്.
കാറല്‍മണ്ണ ഗ്രാമത്തിലെ പുന്നശ്ശേരിപൊതുവാട്ടില്‍ ജനിച്ച നാരായണനാണ് പിന്നീട് സന്ന്യാസം സ്വീകരിച്ച് കാശികാനന്ദഗിരിയായത്. യു.പി.സ്‌കൂളിലെ പഠനത്തിനുശേഷം തൂത അന്തിമഹാകാളന്‍കാവില്‍ അല്പകാലം വാദ്യവൃത്തി ചെയ്തിരുന്നു. 15-ാം വയസ്സില്‍ കാല്‍നടയായി മൂകാംബികയിലേക്ക് യാത്രയായി. പിന്നെ, വാരാണസിയിലേക്ക്. ഇവിടെവെച്ച് തന്റെ മാര്‍ഗം അദ്ദേഹം തിരിച്ചറിഞ്ഞു.

ആചാര്യന്മാരില്‍നിന്ന് സംസ്‌കൃതപഠനവും യാത്രകളുമായി പിന്നത്തെ കാലം. ഇതിനിടയിലാണ് ദക്ഷിണാമൂര്‍ത്തിമഠത്തിലെ നൃസിംഹാനന്ദഗിരി മഹാമണ്ഡലേശ്വരില്‍ നിന്ന് സന്ന്യാസദീക്ഷ സ്വീകരിക്കുന്നത്. ഇവിടെനിന്ന് ന്യായശാസ്ത്രപഠനവും തുടര്‍ന്നു. വാരാണസി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ ബിരുദപഠനകാലത്താണ് അദ്ദേഹത്തിന്റെ പ്രതിഭയുടെയും പാണ്ഡിത്യത്തിന്റെയും സ്ഫുരണങ്ങള്‍ ആദ്യം ലോകമറിയുന്നത്.

അദ്വൈതസിദ്ധി എന്ന ഗ്രന്ഥത്തെ ആസ്​പദമാക്കിയുള്ള പരീക്ഷയില്‍ എല്ലാത്തിലും ശ്ലോകരൂപേണ ഉത്തരമെഴുതി മുഴുവന്‍ മാര്‍ക്കുംനേടിയയാള്‍ കോളേജില്‍ എല്ലാവര്‍ക്കും അത്ഭുതമായി. വൈസ്ചാന്‍സലര്‍ പണ്ഡിതന്മാരെ പേപ്പര്‍ കാണിച്ചു. ഇന്നും യൂണിവേഴ്‌സിറ്റിയില്‍ ഈ ഉത്തരപേപ്പര്‍ ചില്ലിട്ടുസൂക്ഷിക്കുന്നു. വാരാണസി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ ആദ്യ ബിരുദ ബാച്ചിലെ മികച്ചവിദ്യാര്‍ഥിക്കുള്ള 'സര്‍വപ്രഥമ സുവര്‍ണ പുരസ്‌കാരം' ഇന്ത്യന്‍ പ്രസിഡന്റില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങി.

നാല്പതുവര്‍ഷംമുമ്പാണ് മുബൈയിലെ ആശ്രമത്തിലേക്ക് മാറിയത്. വേദാന്തം, ഉപനിഷത്ത്, ന്യായശാസ്ത്രം തുടങ്ങിയവയിലായി 200 ഓളം പുസ്തകങ്ങള്‍ രചിച്ച കാശികാനന്ദഗിരി ഭഗവദ് ഗീതയ്ക്കടക്കം രചിച്ച വ്യാഖ്യാനങ്ങള്‍ ശ്രദ്ധേയമാണ്.

വൈഷ്ണവ, ശൈവ സമ്പ്രദായങ്ങളുടെ സമന്വയമാണ് കാശികാനന്ദഗിരിയുടെ ഭാഗവത വ്യാഖ്യാനങ്ങളെന്ന് ശിഷ്യന്‍കൂടിയായ സ്വാമി നിര്‍മലാനന്ദഗിരി വിലയിരുത്തുന്നു. വടക്കേ ഇന്ത്യയില്‍ പൊതുവേ ശങ്കര സമ്പ്രദായത്തിലുള്ള സ്വാമിമാര്‍ ഭാഗവതം കൈകാര്യം ചെയ്യാറില്ല. ഒപ്പമിരിക്കുന്നവരെ നര്‍മോക്തികള്‍കൊണ്ട് ജീവിതക്ലേശങ്ങള്‍ മറക്കാന്‍ സദാ പ്രേരിപ്പിച്ചിരുന്ന സ്വാമി ശൈശവസഹജമായ നിഷ്‌കളങ്കത എന്നും പുലര്‍ത്തിയെന്ന് കുറേകാലം മുംബൈയില്‍ ഒപ്പമുണ്ടായിരുന്ന നിര്‍മലാനന്ദഗിരി ഓര്‍മിച്ചു.

സ്വാമി സന്ദീപാനന്ദഗിരി, പ്രേമാനന്ദഗിരി എന്നീ മലയാളികളും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. നിത്യചൈതന്യയതിയുമായി സ്വാമിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

'ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല
(2014 ഫെബ്രുവരി 2 നു അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ സ്വാമി കാശികാനന്ദ ഗിരി മഹരാജ് നടത്തിയ പ്രഭാഷണത്തിന്റെ ഏകദേശ ആശയം.)
'ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല. സംസ്‌കൃതത്തിലെ 'ഹി' ധാതുവിനോട് 'ന'. 'ത' എന്നു രണ്ട് പ്രത്യയങ്ങള്‍ ചേര്‍ന്നുണ്ടായ പദമാണു ഹിന്ദു. ഹിംസ, ഹീനത്വമൊക്കെയാണു 'ഹി' എന്ന ശബ്ദത്തിന്റെ വിവക്ഷ. അതില്ലാത്തവനാണു ഹിന്ദു. ഏതു മതസ്ഥനായാലും ഹിംസയും, ഹീനത്വവുമില്ലെങ്കില്‍ അവന്‍ ഹിന്ദുവായിത്തീരുന്നു.

പക്ഷിമൃഗാദികളും, സസ്യങ്ങളുമുള്‍പ്പെടെ എല്ലാ ജീവജാലത്തിനും അറിവുണ്ട്. ആ ബോധം, ക്ഷുത്പിപാസകള്‍ ശമിപ്പിക്കാനും, വംശം നിലനിര്‍ത്താനുള്ള കാമത്തിനുമാണു അവറ്റകള്‍ ഉപയോഗിക്കുന്നതു. പശുപക്ഷിമൃഗാദികള്‍ക്ക് വിശേഷാല്‍ ജ്ഞാനമില്ല. എന്നാല്‍ മനുഷ്യനു അതുണ്ട്. ആ ജ്ഞാനം അഥവാ അറിവ് സ്വത്വത്തെ തിരിച്ചറിയാന്‍ വേണ്ടിയുള്ളതാണു. എന്നാല്‍ കാമക്രോധാദികള്‍ കൊണ്ട് മനുഷ്യന്‍ ആ ജ്ഞാനത്തെ മറച്ചുവയ്ക്കുന്നു. ആ അറിവ് പുര്‍ണ്ണവും ആനന്ദദായകവുമാണെങ്കിലും തന്റെ സ്വരൂപത്തെ കണ്ടെത്താന്‍ ശ്രമിക്കാതെ ഏറെപ്പേരും ക്ഷുത്പിപാസാദികളും കാമവും ശമിപ്പിച്ച് മൃഗങ്ങളെപ്പോലെ ജീവിക്കുവാനാണു ആഗ്രഹിക്കുന്നതു. ഉന്നതമായ ഒരു അറിവ് അവനവനില്‍ ഉണ്ടായിട്ടും താഴ്ന്ന, മൃഗതൃഷ്ണകള്‍ സാധിച്ചാല്‍ മാത്രം മതിയെന്നു വച്ച് ആ അറിവിനെ ഉപയോഗപ്പെടുത്താതിരിക്കുകയോ ദുരുപയോഗം ചെയ്യുകകയോ ചെയ്യുന്നു. അതുകൊണ്ടു അവനു ശാന്തിയോ സമാധാനമോ ലഭിക്കുന്നില്ല. ഒക്കേയും ദു:ഖങ്ങള്‍ മാത്രമേയുള്ളു.

പക്ഷിമൃഗാദികള്‍ അവരവരുടെ അറിവ് നേരെ ഉപയോഗിക്കുന്നതു കാണാം. ദാഹമുണ്ടായാല്‍ അവ വെള്ളമുള്ള സ്ഥലം അന്വേഷിച്ചു കണ്ടെത്തും. അതിനു അവയ്ക്ക് ലജ്ജയില്ല. വെള്ളം കണ്ടെത്താന്‍ ഒരു ജീവിയെ അതിന്റെ ഉള്ളിലുള്ള ബോധമാണു സഹായിക്കുന്നതു. അല്ലാതെ അവയൊരു പാഠശാലയിലും പോയിപ്പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് കാപട്യമില്ല. എന്നാല്‍ പഠിപ്പുള്ള മനുഷ്യന്റെ കാര്യം അങ്ങനെയല്ല. അറിവു കാപട്യം കാണിക്കുവാനാണു അവന്‍ ഉപയോഗിക്കാറുള്ളതു. വിശന്നാല്‍ അഭിമാനം കൊണ്ട് അതു പറയില്ല. വിശന്നിരിക്കുമ്പോള്‍ അതു പറയാതിരിക്കുന്നതു അവന്റെ ശരിയായ രൂപമല്ല. അങ്ങനെ അനവധി കൃത്രിമരൂപങ്ങളിലൂടെയാണു മനുഷ്യന്‍ ജീവിക്കുന്നതു. ഇതിനൊക്കെ പിന്നില്‍ അവനു ശരിയായ ഒരു തെളിഞ്ഞരൂപമുണ്ട്. അതു കണ്ടെത്തുകയാണു മനുഷ്യന്റെ ജീവിതലക്ഷ്യം. അതിനു വേണ്ടിയാണു പക്ഷിമൃഗാദികള്‍ക്ക് ഇല്ലാത്ത വിശേഷാല്‍ ജ്ഞാനം മനുഷ്യനുള്ളതു. തന്റെ ശരിയായ രൂപം തിരിച്ചറിഞ്ഞാല്‍ മനുഷ്യന്‍ ആനന്ദിക്കും. ഭയങ്ങള്‍ അകന്നുപോകും. സമസ്തവുമായി സമന്വയത്തില്‍ എത്തും. അപ്പോള്‍ മുന്‍പ് ആര്‍ത്തിയോടെ സമീപിച്ച തൃഷ്ണകള്‍ അവന്റെ കാല്പാദത്തില്‍ ദാസ്യം ചെയ്യുന്നതു കാണാം. അയൊക്കെ തൃപ്തിയോടെ, ഭയമില്ലാതെ ആസ്വദിക്കാം.

കലിയുഗത്തില്‍ ആനന്ദം നേടാനുള്ള വഴി യജ്ഞങ്ങളോ, തപസ്സോ അല്ല. അതിനുള്ള കെല്പ് ഇന്നത്തെ മനുഷ്യര്‍ക്കില്ല. പ്രണവമാണു കലിയുഗത്തിലെ നല്ല വഴിയെന്നു അറിവുള്ളവര്‍ പറയുന്നു. 'ഓം' എന്ന ശബ്ദമാണു പ്രണവം. അതിനെ അതിന്റെ പുര്‍ണ്ണതയില്‍ ധരിക്കണമെങ്കില്‍ നല്ല ശിക്ഷണം ആവശ്യമാണു. അതിനുള്ള സാഹചര്യങ്ങളും സൌകര്യങ്ങളും ഇന്നു തുലോം കുറവാണു.

പ്രണവസാധനയിലേക്കുള്ള ആദ്യപടി അന്ത:ക്കരണശുദ്ധിയായാണു. ആ യോഗ്യതയുണ്ടെങ്കിലേ ഒരുവനു മുന്നോട്ട് പോകാനാവൂ. അന്തക്കരണശുദ്ധിക്കു വേണ്ടി എല്ലാവര്‍ക്കും പരിശ്രമിക്കാവുന്നതാണു. പ്രണവത്തേക്കുറിച്ചോര്‍ക്കുന്നതും, പ്രണവം ബാഹ്യമായും ആന്തരികമായും ഉച്ചരിക്കുന്നതും, അതു തന്നെ ലക്ഷ്യമായിക്കരുതി ജീവിക്കുന്നതും അന്ത:ക്കരണ ശുദ്ധിയുണ്ടാക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന സത്ഫലങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കും. ഫലമില്ലാത്ത ഒന്നില്‍ ഏറെക്കാലം മനസര്‍പ്പിക്കാന്‍ മനുഷ്യനു കഴിയില്ല. പ്രണവം ഫലം തരും എന്നുള്ളതുകൊണ്ടാണു അതേപ്പറ്റി ആചാര്യന്മാര്‍ പ്രവചനങ്ങള്‍ പറയുന്നതു. അനുഭവങ്ങള്‍ ഉള്ളവര്‍ പറയുന്നതിനെ വിശ്വസിക്കാം.

(കടപ്പാട്: അശോകന്‍ കര്‍ത്താ, സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ)

'ഹിന്ദുധര്‍മ്മരഹസ്യം' വാങ്ങാം


കാശികാനന്ദഗിരി; അറിവിന്റെ ഗിരി കയറിയ സന്ന്യാസി
പത്തനംതിട്ട: ഒട്ടേറെ ആചാര്യന്‍മാരുടെ സാന്നിധ്യവും വാക്കുകളുംകൊണ്ട് ധന്യമായ ചെറുകോല്‍പ്പുഴ മണല്‍പ്പുറത്ത് അന്ന് അസാധാരണമായ ദിനമായിരുന്നു. എല്ലാ ആചാര്യന്‍മാരുടെയും ആചാര്യനായ മഹാമണ്ഡലേശ്വര്‍ സ്വാമി കാശികാനന്ദഗിരി മഹാരാജ് പ്രകാശസാന്നിധ്യമായി എത്തിയ നിമിഷം. ഭാരതത്തിലെ എല്ലാ സന്ന്യാസിപരമ്പരകളും ആചാര്യനായി ബഹുമാനിക്കുന്ന ഈ ആചാര്യന്‍ മണ്ണിലേക്കിറങ്ങി വന്ന് ലാളിത്യത്തിന്റെ പ്രതീകമായി. എത്രയും ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴും അറിവിന്റെ അങ്ങേയറ്റം കടന്നിട്ടും അദ്ദേഹം മെതിയടി ചവിട്ടി വിനീതനായി നിന്നു.

ശ്രീശങ്കരനും തപോവനത്തിനും ചിന്മയാനന്ദനും രംഗനാഥാനന്ദനും ശേഷം മലയാളനാട്ടില്‍ നിന്ന് ഭാരതത്തിന്റെ അധ്യാത്മികഗിരിയിലേക്ക് കയറിച്ചെന്ന കാശികാനന്ദഗിരി അദ്ദേഹത്തിന്റെ പേരുപോലെ അറിവിന്റെ ഗോപുരമായിരുന്നു. ലളിതമായി വേദാന്തം പറഞ്ഞ് അദ്ദേഹം ജനത്തിന്റെ മനസ്സിലിറങ്ങി. എല്ലാവര്‍ക്കും അറിയാവുന്ന വാത്മീകിയുടെ കഥയാണ് പറഞ്ഞത്. മഹത്തുക്കളുടെ സാന്നിധ്യംകൊണ്ട് കാട്ടുകള്ളന്‍പോലും മഹര്‍ഷിയായ കഥ. നല്ലതിലേക്ക് വളരാന്‍ ഇത്തരം മഹദ്‌സാന്നിധ്യങ്ങളിലേക്ക് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

തന്റെ ഗംഭീരമായ ജീവിതത്തിന്റെ വഴികളും അദ്ദേഹം സ്​പര്‍ശിച്ചു. നര്‍മ്മദാ നദീതീരത്ത് അലയുന്ന സമയത്ത് തീര്‍ഥാനന്ദജി എന്ന ഭിക്ഷു തന്നെ ആകര്‍ഷിച്ചത് അദ്ദേഹം ഓര്‍ത്തു. ചട്ടമ്പിസ്വാമികളെപ്പോലെ വന്യജീവികളെ വിളിച്ചുവരുത്തി ഭക്ഷണം കൊടുത്തിരുന്ന തീര്‍ഥാനന്ദ എല്ലാ ജീവികളിലും ഒരേ ചൈതന്യമുണ്ടെന്ന് പഠിപ്പിച്ചു. കാശികാനന്ദഗിരി മഹാരാജിന്റെ അസാധാരണമായ ജീവിതത്തിലെ ഇത്തരം സന്ദര്‍ഭങ്ങള്‍ വിശ്വാസികള്‍ ആദരവോടെ കേട്ടിരുന്നു.

എന്നും ലളിതവാക്കുകളും മഹത്തായ ആശയങ്ങള്‍കൊണ്ടും ഇന്ത്യയിലെ സഭകളെ അമ്പരപ്പിച്ച സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. 1924ല്‍ ഒറ്റപ്പാലത്ത് ശ്രീകൃഷ്ണജയന്തിദിനത്തിലായിരുന്നു ജനനം. 15-ാം വയസ്സില്‍ തന്റെ വഴി സന്ന്യാസത്തിന്റേതെന്ന തിരിച്ചറിവില്‍ അദ്ദേഹം യാത്ര തുടങ്ങി. ആദ്യം മൂകാംബികയിലേക്ക്. എല്ലാം വാഗ്‌ദേവതയ്ക്ക് സമര്‍പ്പിച്ച് അറിവിന്റെ വഴി തേടി സഞ്ചാരം.

ഹിമാലയം വരെ നീളുന്ന യാത്രയില്‍ അദ്ദേഹം ആചാര്യന്‍മാരുടെയും മഹത്തുക്കളുടെയും വാക്കുകള്‍ കേട്ട് പഠിച്ചു. സംസ്‌കൃതം പഠിച്ച് വേദാന്തത്തിന്റെ വെളിച്ചം കണ്ടു. വാരാണസിയില്‍ എത്തിയ അദ്ദേഹം രാഷ്ട്രപതിയുടെ സര്‍വപ്രഥമ സുവര്‍ണ പുരസ്‌കാരം നേടി.
പഠിക്കുമ്പോള്‍ അദ്ദേഹം ഗുരുക്കന്മാരെ അത്ഭുതപ്പെടുത്തി. പഠനവും രചനയും തുടര്‍ന്നു. ന്യായം, വേദാന്തം, വ്യാകരണം എന്നിവയില്‍ രചനകള്‍ പുറത്തുവന്നു. ബി.എ. സംസ്‌കൃതത്തിന് അദ്ദേഹം പഠിക്കുമ്പോള്‍ എം.എ.യ്ക്ക് അദ്ദേഹത്തിന്റെ പുസ്തകം പഠിക്കാനുണ്ടായിരുന്നു. സ്വാമിയുടെ ഉത്തരക്കടലാസുകള്‍ വെറും കടലാസ് അല്ലെന്ന് സര്‍വകലാശാലയ്ക്ക് മനസ്സിലായി. ഇത് എക്കാലത്തും മറ്റുള്ള കുട്ടികള്‍ക്ക് പാഠമാകാന്‍ അവര്‍ ഫ്രെയിം ചെയ്തുവെച്ചു.

140 പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം 20 ദര്‍ശനങ്ങളെക്കുറിച്ചും രചന നടത്തി. ശ്രീശങ്കരനും മാധ്വാചാര്യനും ശേഷം ഇത്രയും ദര്‍ശനങ്ങളില്‍ രചന നടത്തിയത് ഇദ്ദേഹം മാത്രമാണ്. തന്റെ കൃതികള്‍ കാശികാനന്ദ തന്നെയാണ് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇത് വ്യാസന് സമാനമായ അറിവെന്ന് സന്ന്യാസലോകം രേഖപ്പെടുത്തി.

സന്ന്യാസത്തിലും അറിവിലും ജാതിയും മതവും ലിംഗവിവേചനവും പാടില്ലെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം വലിയ ആദരവോടെയാണ് ലോകം കേട്ടത്. സ്ത്രീകള്‍ക്ക് ആചാര്യപദവിയും സന്ന്യാസവും നിഷിദ്ധമല്ലെന്ന ഭാരതീയപാരമ്പര്യം അദ്ദേഹം വിളിച്ചുപറഞ്ഞു. അദ്വൈതവിജയ വൈജയന്തി, സന്ന്യാസവിധിവിചാരം എന്നിവ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായമാണ്.

ഹരിദ്വാര്‍ ആശ്രമത്തിലായിരുന്നു സമാധി. ഗംഗയില്‍ ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഭൗതികശരീരം ജലസമാധിയിരുത്തും എന്നാണ് ശിഷ്യന്‍മാര്‍ അറിയിച്ചത്.

സ്വാമിയുടെ ഓര്‍മകളില്‍ ശിവരാമന്‍

ചെര്‍പ്പുളശ്ശേരി: അമ്മാവന്‍ സ്വാമി കാശികാനന്ദഗിരിയെക്കുറിച്ച് ചെര്‍പ്പുളശ്ശേരി തൂത അന്തിമഹാകാളന്‍ പൊതുവാട്ടില്‍ ശിവരാമന് (72) മനസ്സുനിറയെ ഓര്‍മകള്‍. തൂത അന്തിമഹാകാളന്‍ പൊതുവാട്ടില്‍ കരുണാകരപൊതുവാളിന്റെയും ലക്ഷ്മിക്കുട്ടി പൊതുവാള്‍സ്യാരുടെയും അഞ്ചുമക്കളില്‍ ഇളയവനായ നാരായണനാണ് പില്‍ക്കാലത്ത് മഹാജ്ഞാനിയായ കാശികാനന്ദഗിരിയായി മാറിയത്. നാരായണന്റെ ജ്യേഷ്ഠസഹോദരിയായ ജാനകിപൊതുവാള്‍സ്യാരുടെ മകനാണ് പുന്നശ്ശേരി പൊതുവാട്ടില്‍ ശിവരാമന്‍.

15-ാം വയസ്സില്‍ മൂകാംബികക്ഷേത്രദര്‍ശനത്തിന് തിരിച്ച അമ്മാവന്‍ നാരായണനെക്കുറിച്ച് കുറച്ചുകാലം വിവരമൊന്നുമുണ്ടായിരുന്നില്ല. പത്തുകൊല്ലത്തിനുശേഷം ഗൃഹസ്ഥാശ്രമത്തിന്റെ ഭാഗമായാണ് തറവാട്ടിലെത്തി മൂന്നുദിവസം താമസിച്ചത്. അന്ന് ശിവരാമന് വയസ്സ് 10. അമ്മാവനെ പിന്നീട് നേരില്‍ കാണുന്നത് കഴിഞ്ഞവര്‍ഷം ലക്കിടി തപോവനാശ്രമത്തിലെത്തിയപ്പോഴാണ്. അന്ന് ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ചത്. സഹായി പരിഭാഷപ്പെടുത്തി.

തൂതപ്പുഴ, തൂത ഭഗവതിക്ഷേത്രം, വാഴേങ്കട, താന്‍ വാദ്യാടിയന്തരക്കാരനായിരുന്ന തൂത അന്തിമഹാകാളന്‍ക്ഷേത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി ആരാഞ്ഞു. അരമണിക്കൂറോളം സംസാരിച്ചശേഷം അദ്ദേഹം രചിച്ച സംസ്‌കൃതത്തിലുള്ള ഏതാനും ഗ്രന്ഥങ്ങളും തന്നു -ശിവരാമന്‍ പറഞ്ഞു. വെള്ളിയാഴ്ചരാവിലെ തപോവനവുമായി ബന്ധമുള്ള കാറല്‍മണ്ണയിലെ എം.വി. വിശ്വനാഥനാണ് അദ്ദേഹം സമാധിയായ വിവരമറിയിച്ചത്.