ഏതു ഡ്രസ്സിട്ടാലും ഇണങ്ങുന്ന ഒരേയൊരാളേ സിനിമയിലുള്ളൂ. അത് മമ്മൂക്കയാണ്. ചില താരങ്ങള്‍ക്ക് ഈ ഡ്രസ്സ് ചേരില്ലെന്നു പറയാറുണ്ട്. മമ്മൂക്കയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു പ്രശ്‌നമുദിക്കുന്നില്ല.

ഓരോ ഡ്രസ്സും അദ്ദേഹത്തിനുവേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നു തോന്നിപ്പോകും. മമ്മൂക്ക ധരിക്കാറുള്ളതുപോലത്തെ ഡ്രസ്സ് വേറെ പലരും ഉപയോഗിക്കുന്നുണ്ടാകാം. പക്ഷേ, പൂര്‍ണമായും അതിന്റെ ഭംഗി ആസ്വദിക്കണമെങ്കില്‍ മമ്മൂക്കയെത്തന്നെ നോക്കണം. മമ്മൂക്ക ധരിക്കാറുള്ള ഷര്‍ട്ട് അഴിച്ചുവെക്കുമ്പോള്‍, മമ്മൂക്ക കാണാതെ ഞാന്‍ അതെടുത്തു ദേഹത്തു ചേര്‍ത്തുവെച്ച് കണ്ണാടിയില്‍ നോക്കും. മമ്മൂക്കയിട്ട ഷര്‍ട്ട് ഞാനിട്ടാല്‍ എങ്ങനെയുണ്ടാകുമെന്നറിയാനാണ് കണ്ണാടിയില്‍ നോക്കുന്നത്. ആ ഷര്‍ട്ടിന് എന്തെങ്കിലും കേടുണ്ടെന്നറിയുന്നത് ഞാനൊക്കെ ഇടുമ്പോഴാണ്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ ചിരിമയം വാങ്ങാം

കഥാപാത്രത്തിന് അനുയോജ്യമായതെല്ലാം പുള്ളിക്ക് ഇണങ്ങും. നമ്മളെ അമ്പരപ്പിച്ചുകൊണ്ട് അതിലേക്കു മാറുകയാണ്. നമ്മള്‍ വിചാരിക്കും, ഇങ്ങനെയൊക്കെയായിരിക്കുമെന്ന്. പക്ഷേ, കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന രീതിയില്‍ കഥാപാത്രത്തിനുവേണ്ടി ശരീരഘടനയെപ്പോലും പാകപ്പെടുത്തിയെടുക്കാന്‍ മമ്മൂക്കയ്ക്കു കഴിയും. മലയാളത്തില്‍ മറ്റാര്‍ക്കും അങ്ങനെ സാധിക്കുമെന്നു തോന്നുന്നില്ല. അത്രയും വേഷപ്പകര്‍ച്ചയുള്ള നടനാണ് മമ്മൂക്ക. ബോഡി ഫിറ്റ്‌നസ് ആര്‍ക്കും പറ്റും. എനിക്കും പറ്റും, ഞാനും എക്‌സര്‍സൈസ് ചെയ്തു സിക്‌സ് പാക്ക് പോലുള്ള സംഭവങ്ങളിലേക്കു കടന്നാല്‍. സിനിമയില്‍നിന്നു ചിലരൊക്കെ ഔട്ടാകുമെന്നു പേടിച്ചിട്ടാണ് അതൊന്നും ചെയ്യാത്തത്!
പാന്റ്‌സും മുണ്ടും ഞാന്‍ ഉപയോഗിക്കാറുണ്ട്. പാന്റ്‌സിനെക്കാളും ഇഷ്ടം മുണ്ടിനോടാണ്. മുണ്ട് ഇഷ്ടപ്പെടാനുള്ള കാരണം മമ്മൂക്കയും ലാലേട്ടനുമാണ്. അവരുടെ സ്റ്റൈലായിട്ടുള്ള മുണ്ടുടുക്കല്‍ കാണാന്‍തന്നെ ഒരു ചന്തമാണ്. കര കാണത്തക്കവിധം ചുളിവുകളില്ലാതെ നല്ല കൃത്യമായി ഉടുക്കാന്‍ അവര്‍ക്കറിയാം. എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. സിനിമയില്‍ അവര്‍ മുണ്ടുടുത്ത് ഓടുകയും ചാടുകയും ഫൈറ്റ് സീനുകളില്‍ അഭിനയിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ വിചാരിക്കും, ഇപ്പോള്‍ അഴിഞ്ഞു താഴേ വീഴുമെന്ന്. ഒരു ചുക്കും സംഭവിക്കില്ല. ഉടുത്ത മുണ്ടിന്റെ കുത്ത് അഴിയണമെങ്കില്‍ അവരുതന്നെ വിചാരിക്കണം. നമ്മള്‍ ഉടുത്താല്‍ കുത്തഴിഞ്ഞ് എപ്പോള്‍ താഴേ വീണെന്നു ചോദിച്ചാല്‍ മതി. നല്ല രീതിയില്‍ മുണ്ടുടുക്കാന്‍ ഇപ്പോഴും ഞാന്‍ പഠിച്ചിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്.

ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മുണ്ടുടുക്കുന്നത്. ഞങ്ങളുടെ കുടുംബവീടിന്റെ തൊട്ടടുത്ത് ഒരു സിനിമാ തിയേറ്ററുണ്ട്-സിന്ധു തിയേറ്റര്‍. അവിടെ ഏതു ഭാഷയിലുള്ള സിനിമ കളിച്ചാലും എനിക്കു ഫ്രീയാണ്. അന്നത്തെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് അമ്പതോ അറുപതോ പൈസയാണ്. കൈയില്‍ കാശില്ലാത്തതുകൊണ്ട് തിയേറ്ററിന്റെ ഡോറില്‍ ടിക്കറ്റ് കീറാന്‍ നില്ക്കുന്ന ചേട്ടനെ മണിയടിച്ച് അതുവഴി ചാടി അകത്തു കയറുകയാണ് പതിവ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും സിനിമാ തിയേറ്ററിലെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എവിടെ പോയാലും വിരുന്നിനായാലും, എന്തിനായാലും അമ്മൂമ്മ രാത്രി കുടുംബവീട്ടിലെത്തിയിരിക്കും. ഞാന്‍ അവിടെ കിടക്കാന്‍ ചെല്ലുമ്പോള്‍ തിയേറ്ററില്‍നിന്നു താരങ്ങളുടെ ഡയലോഗ് കേള്‍ക്കാം, പാട്ടു കേള്‍ക്കാം, ഇടിയുടെ ശബ്ദം കേള്‍ക്കാം, വെടിയൊച്ച കേള്‍ക്കാം. ഓലത്തിയേറ്ററായതുകൊണ്ട് സിനിമയിലെ സൗണ്ട് നന്നായി പുറത്തു കേള്‍ക്കാന്‍ പറ്റും. നസീര്‍, മധു, ജയന്‍, മമ്മൂക്ക, ലാലേട്ടന്‍ തുടങ്ങി ഒരുപാടു താരങ്ങളുടെ ശബ്ദം കേട്ടുകേട്ട് നല്ല പരിചയമായി. കുടുംബവീട്ടിലുള്ളപ്പോള്‍ താരങ്ങളുടെ ശബ്ദം കേട്ടാണ് രാത്രി ഉറങ്ങുന്നത്. മിമിക്രിയിലേക്കു വന്ന സമയത്ത് ഇവരുടെയൊക്കെ ശബ്ദം നന്നായി അനുകരിക്കാന്‍ സാധിച്ചത് ആ അനുഭവത്തില്‍നിന്നാണ്.

പത്താംക്ലാസില്‍ പോയിത്തുടങ്ങിയപ്പോള്‍ത്തന്നെ വീട്ടില്‍ പറഞ്ഞു: 'എനിക്ക് മുണ്ട് മതി'യെന്ന്. അതു കേട്ട ഉടനെ അച്ഛന്റെ കമന്റ് വന്നു; 'മുണ്ടാകുമ്പോള്‍ പാന്റ്‌സിനെക്കാള്‍ ലാഭമാണ്.' എന്നിട്ടും പുതിയ മുണ്ട് വാങ്ങിത്തന്നില്ല. അച്ഛന്റെ പഴയൊരു മുണ്ടെടുത്തു തന്നിട്ട് രണ്ടാക്കി മടക്കി ഉടുത്തോളാന്‍ പറഞ്ഞു. ഞാനന്നു ചെറുതാണ്. മുണ്ടുടുത്തു വലിയ പരിചയമൊന്നുമില്ല. സ്റ്റൈലായിട്ട് ഉടുത്തുനോക്കിയെങ്കിലും സംഗതി കുത്തിനിര്‍ത്താന്‍ പറ്റുന്നില്ല. കുത്തിയ ഉടനെ അഴിഞ്ഞു താഴേ പോകും. പലവട്ടം ഉടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ അച്ഛന്‍ ഇടപെട്ട് ഉടുപ്പിച്ചുതന്നു. വഴിയില്‍ അഴിഞ്ഞുവീഴാതിരിക്കാനായി ഒരു മുന്‍കരുതലെന്നോണം ബെല്‍റ്റിനു പകരം നല്ല വണ്ണമുള്ള ചാക്കുനൂലുകൊണ്ട് കെട്ടി ഉറപ്പിച്ചു. കരിമ്പനടിച്ച് മുഴുവന്‍ കറുത്ത പുള്ളിയാണ്. എന്നാലും കുഴപ്പമില്ല. നല്ല സ്റ്റൈലായി മുണ്ടുടുക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. അത് ഉടുത്തുകൊണ്ടാണ് സ്‌കൂളില്‍ പോകുന്നത്. വഴിയിലൊട്ടിച്ചിരിക്കുന്ന സിനിമാപോസ്റ്ററുകളില്‍ താരങ്ങള്‍ മുണ്ടുടുത്തു നില്ക്കുന്നതു കണ്ട് അതുപോലെ മുണ്ടഴിച്ചിട്ട് ഒരു കൈകൊണ്ട് മുണ്ടിന്റെ അറ്റത്തു പിടിച്ച് ഗമയില്‍ നടന്നുനോക്കും. മടക്കി രണ്ടു കൈകൊണ്ട് രണ്ടു വശത്തേക്കു വിടര്‍ത്തിപ്പിടിച്ചും മടക്കിക്കുത്തിയുമൊക്കെ പല പോസിലാണ് നടപ്പ്.

സ്‌കൂളില്‍ മലയാളം അധ്യാപകന്‍ കൃഷ്ണപിള്ളസാറാണ്. പാഠം വായിച്ചുതുടങ്ങി ഒരിടത്തു നിര്‍ത്തിയിട്ട് ഏതെങ്കിലുമൊരു കുട്ടിയോട് ബാക്കി വായിക്കാന്‍ പറയും. എന്നോടു വായിക്കാന്‍ പറഞ്ഞപ്പോള്‍ പുസ്തകവുമായി ഞാന്‍ എഴുന്നേറ്റു. മുണ്ടഴിഞ്ഞു പോകുമോയെന്ന പേടി കാരണം ഒരു കൈകൊണ്ട് മുണ്ടും വാരിപ്പിടിച്ചു മറ്റേ കൈയില്‍ പുസ്തകവും പിടിച്ചാണ് വായന. കയറിട്ടു കെട്ടിയിട്ടുണ്ടെങ്കിലും വെറുതേയൊരു പേടി. അഴിഞ്ഞുപോയാല്‍ കുഴഞ്ഞില്ലേ. എന്റെ നില്പും വായനയും ഇഷ്ടപ്പെടാതെ കൃഷ്ണപിള്ളസാറ് അടുത്തു വന്നു. 'എന്തിനാടാ, കൈ ഇങ്ങനെ മുണ്ടില്‍ പിടിച്ചിരിക്കുന്നത്. വിടെടാ...' ഞാന്‍ വായന നിര്‍ത്തി മുണ്ടില്‍നിന്നു പിടിവിടാതെ നില്ക്കുകയാണ്. 'പറഞ്ഞതു കേട്ടില്ലേ'ന്നു ചോദിച്ച് അരിശത്തോടെ സാറ് എന്റെ ഷര്‍ട്ട് പൊക്കിയപ്പോള്‍ അരയില്‍ കെട്ടിയ ചാക്കുനൂലു കണ്ട് എല്ലാവരും കളിയാക്കിച്ചിരിച്ചു. അപ്പോഴത്തെ അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. നാണക്കേടുകൊണ്ട് തലപൊക്കാന്‍ പറ്റിയില്ല. അന്ന് മനസ്സിലായി എനിക്കു മുണ്ട് ശരിയാകില്ലെന്ന്. വീട്ടിലെത്തി അമ്മയോടു കാര്യം പറഞ്ഞു: 'ഇനി മുണ്ടുമുടുത്ത് സ്‌കൂളില്‍ പോകില്ല. എനിക്ക് പാന്റ്‌സ് വേണം.'
'അയ്യോ മക്കളേ, അ
തൊന്നും നടക്കില്ലെ'ന്ന് അമ്മ.

എനിക്കൊരു മാമനുണ്ട്, രാജന്‍. അത്യാവശ്യം തടിയും പൊക്കവുമുള്ള ആളാണ്. മാമന്റെ വീട്ടില്‍ പോയി മാമന്റെ ഒരു പാന്റ്‌സ് എടുത്തുകൊണ്ടു പോന്നു. തുന്നല്‍ക്കടയില്‍ കൊടുത്തു, അതു ശരിപ്പെടുത്തിയെടുക്കണമെങ്കില്‍ നല്ല പൈസ കൊടുക്കണം. സാമ്പത്തികബുദ്ധിമുട്ടു കാരണം അങ്ങോട്ടു പോയില്ല. സ്‌കൂളില്‍നിന്നു പഠിച്ച തയ്യല്‍ എക്‌സ്​പീരിയന്‍സ്‌വെച്ച് ചില വേലകളൊക്കെ ഒപ്പിച്ചു. എന്റെ അളവിനനുസരിച്ച് പാന്റ്‌സിന്റെ ഇറക്കം വെട്ടിക്കുറച്ച് തുന്നിയെടുത്തു. ലൂസ് കുറയ്ക്കാന്‍ പറ്റിയില്ല.

അലക്കിത്തേച്ചു നല്ല വടിപോലെ നിര്‍ത്തിയിരിക്കുന്ന പാന്റ്‌സിന്റെ പിന്‍ഭാഗം കണ്ടാല്‍ ആനയുടെ പിന്‍ഭാഗംപോലെയിരിക്കും. അത്രയും ലൂസുള്ള പാന്റ്‌സാണ്. മുണ്ടില്‍നിന്നു മാറി പാന്റ്‌സിലേക്കു വന്നപ്പോഴും കയറ് വേണ്ടിവന്നു. സ്‌കൂളില്‍ ചെന്നപ്പോള്‍ വീണ്ടും കൃഷ്ണപിള്ളസാറ് പിടിച്ചു. 'എന്താടാ ഇത്.... ഇനി കയറ് കെട്ടി വന്നാല്‍ അടിച്ചു നിന്റെ പുറം പൊളിക്കും.' അടിയുടെ അഡ്വാന്‍സായി അപ്പോള്‍ കിട്ടി, രണ്ടെണ്ണം. കൂടെ ഒരു താക്കീതും. 'നിനക്കു യോജിക്കുന്ന ഡ്രസ്സ് മാത്രമേ ഇടാവൂ... കേട്ടോടാ.' ഞാന്‍ തലയാട്ടി. പൈസയില്ലാഞ്ഞിട്ടാണ് ഇങ്ങനെയെന്ന് സാറിനോടു പറയാന്‍ പറ്റ്വോ.

കുറച്ചു കഴിഞ്ഞപ്പോള്‍ മുണ്ടിനോട് വീണ്ടും ആരാധനയായി. അന്നേരം ഒരുവിധം ഉടുക്കാന്‍ പഠിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ മമ്മൂക്കയോടു ചോദിച്ചു: 'എനിക്കൊന്നു മുണ്ടുടുക്കാന്‍ പഠിപ്പിച്ചുതര്വോ?' 'അതൊന്നുമില്ല, ദേ ഇത്രേയുള്ളൂ.' വളരെ ഫാസ്റ്റായി ഇടത്തോട്ട് ഒരു വീശ്, വലത്തോട്ട് ഒരു വീശ്, എളിയിലൊരു കുത്ത്. മമ്മൂക്ക മുണ്ടുടുക്കുന്നതിന്റെ ടെക്‌നിക് പറഞ്ഞുതന്നെങ്കിലും സ്വന്തമായി ഉടുക്കുമ്പോള്‍ സംഗതി പാളും.

കര നേരേയാക്കി മുണ്ടുടുക്കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ട്. നടന്നിട്ടില്ല. എന്തെങ്കിലും ചുളിവു വരും. രാജമാണിക്യത്തില്‍ കറുത്ത നിറത്തിലുള്ള മുണ്ടാണ് മമ്മൂക്ക ഉടുത്തിരുന്നത്. സുഹൃത്തുക്കള്‍ പലരും പറഞ്ഞു: 'എടേയ്, എന്തൊരു മുണ്ടാണത്... സ്റ്റൈലായിരിക്കുന്നല്ലോ.' 'എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട മുണ്ടായിരുന്നു രാജമാണിക്യം മുണ്ട്. മമ്മൂക്കയ്ക്കുവേണ്ടി പ്രത്യേകം പറഞ്ഞു ചെയ്യിച്ചതായിരുന്നു അത്. ഷൂട്ടിങ്് കഴിഞ്ഞപ്പോള്‍ അതില്‍നിന്നും രണ്ടെണ്ണം ഞാനും അടിച്ചോണ്ടു പോന്നു.

വെനീസിലെ വ്യാപാരിയുടെ ലൊക്കേഷനില്‍വെച്ച് എണ്‍പതുകളിലെ ഒരു ഗ്രൂപ്പ് ഫോട്ടോ കാണിച്ചിട്ട് മമ്മൂക്ക, ഇതില്‍ അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ പറ്റ്വോന്ന് ചോദിച്ചു. ഞാന്‍ ആ ഫോട്ടോ കിള്ളിപ്പറിച്ചു നോക്കിയിട്ടും മമ്മൂക്കയെ കണ്ടുപിടിക്കാന്‍ പറ്റിയില്ല.
ഒടുവില്‍ മമ്മൂക്കതന്നെ കാണിച്ചുതന്നു. മെലിഞ്ഞു നീളമുള്ള ഒരു രൂപം. അതിലും മുണ്ടാണ് ഉടുത്തിരിക്കുന്നത്. അപ്പോള്‍, ചെറുപ്പത്തിലേ മമ്മൂക്ക മുണ്ടുടുക്കാന്‍ പഠിച്ചിരിക്കണം.
'ഈ ഗ്രൂപ്പ് ഫോട്ടോ ഏതു സിനിമയിലേതാണ്?' ഞാന്‍ മമ്മൂക്കയോടു ചോദിച്ചു.
'അതൊരു പഴയ സിനിമയാണ്. എനിക്കു ചെറിയ വേഷമായിരുന്നു.'
'മമ്മൂക്ക അന്നു വിചാരിച്ചിട്ടുണ്ടോ?'
'എവിടെ, ഞാനൊന്നും വിചാരിച്ചിട്ടില്ല.'
'എന്റെ ചോദ്യം അതല്ല. ഈ സുരാജ് വെഞ്ഞാറമ്മൂടിന്റെയൊപ്പം അഭിനയിക്കാന്‍ പറ്റുമെന്ന്?'
പൊട്ടിച്ചിരിച്ചുകൊണ്ട് മമ്മൂക്ക പറഞ്ഞു: 'കഷ്ടകാലം നമുക്ക് മുന്‍കൂട്ടി കാണാന്‍ കഴിയില്ലല്ലോ. അങ്ങനെ കാണാന്‍ പറ്റിയിരുന്നെങ്കില്‍ തിരിഞ്ഞുനടക്കാമായിരുന്നു.'

വിശപ്പിന്റെ വില അറിഞ്ഞവനേ ഭക്ഷണത്തിന്റെ രുചി അറിയൂ...
ഭക്ഷണം കൊടുത്ത് അടി വാങ്ങിയ മറ്റൊരു അനുഭവവുമുണ്ട്. മൂകാംബികയില്‍ ചപ്പാത്തി കൊടുത്തു കിട്ടിയതിനെക്കാള്‍ മൃഗീയമായിരുന്നു തിരുവനന്തപുരത്ത് ഒരു കാര്‍ന്നോര്‍ക്ക് പൊതിച്ചോറു കൊടുക്കാന്‍ ചെന്നപ്പോള്‍ കിട്ടിയത്. ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അപൂര്‍വം സന്ദര്‍ഭങ്ങളാണതൊക്കെ.

വടക്കേ ഇന്ത്യയില്‍ പ്രോഗ്രാമിനു പോയി വാഹനാപകടത്തില്‍പെട്ട് കൈയും കാലും ഒടിഞ്ഞ് കമ്പിയൊക്കെയിട്ട് തുന്നിക്കെട്ടി ഒരു പരുവത്തില്‍ വേദന ചവച്ചരച്ച് നാട്ടിലെത്തി വീട്ടിലൊതുങ്ങികൂടിയ നാളുകള്‍ വളരെ സന്തോഷകരമായിരുന്നു. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ രോമാഞ്ചമുണ്ടാകും. ഒരു കാലില്‍ പ്ലാസ്റ്ററിട്ടിരിക്കുന്നു. വലത്തെ കൈയിന്റെ മുട്ടു തുളച്ച് കമ്പിയിട്ട് കെട്ടിപ്പൂട്ടി കഴുത്തിലൂടെ ചരടിട്ട് കെട്ടിത്തൂക്കിയിട്ടിരിക്കയാണ്. നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയില്‍ എങ്ങനെ സന്തോഷിക്കാതിരിക്കും! ഭാഗ്യം പടിക്കല്‍ വന്നുനില്ക്കുകയല്ലേ.

മുറിവുണങ്ങി പ്ലാസ്റ്റര്‍ വെട്ടാന്‍ മാസങ്ങളെടുത്തു. അത്യാവശ്യം ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ തുടങ്ങി. അധികം ദൂരത്തേക്കൊന്നും പോകില്ല. വെഞ്ഞാറമ്മൂട്ടീന്ന് തിരുവനന്തപുരംവരെയേ യാത്രയുള്ളൂ. ഇടയ്ക്ക് നമ്മുടെ ഏരിയയില്‍ വരുന്ന സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുക്കും. ഡബ്ബിങ് വര്‍ക്കുകള്‍ക്കു പോകും.

ഡബ്ബിങ്ങുള്ള ദിവസം രാവിലെ വീട്ടില്‍നിന്നു പോരുമ്പോള്‍ ഉച്ചയ്ക്കു കഴിക്കാനുള്ള ചോറ് അമ്മ പൊതികെട്ടിത്തരും. ഹോട്ടല്‍ ഭക്ഷണം കഴിച്ച് കുഴപ്പത്തിലാകണ്ടെന്നു കരുതി വാഴയില വെട്ടി അതിലാണ് ചോറ് പൊതിഞ്ഞുതരുന്നത്. ലഞ്ച്‌ബ്രേക്കാകുമ്പോള്‍ ഡബ്ബിങ്് തിയേറ്ററിലിരുന്ന് ചോറു കഴിക്കും. അതല്ലെങ്കില്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനകത്തു സുഹൃത്ത് സജിയുടെ ബേക്കറിയുണ്ട്. അവിടെയിരുന്ന് കഴിക്കും.
ഒരു ദിവസം ഡബ്ബിങ്് നേരത്തേ കഴിഞ്ഞു. ഉച്ചയാകുന്നേയുള്ളൂ. ഊണു കഴിക്കാനുള്ള സമയമായിട്ടില്ല. എന്നാല്‍ പിന്നെ വീട്ടില്‍ പോയി വിശാലമായി ഊണു കഴിക്കാല്ലോന്നു വിചാരിച്ചു ഞാന്‍ ബസ്സ്റ്റാന്‍ഡില്‍ വന്നു. കൈയിലുള്ള ചോറുപൊതി തിരിച്ചുകൊണ്ടുപോകണ്ട, അത് സ്റ്റാന്‍ഡില്‍ കടയുള്ള സുഹൃത്തിന് കൊടുക്കാം. പക്ഷേ, അവിടെ ചെന്നപ്പോള്‍ അവനും വീട്ടീന്നു ചോറു കൊണ്ടുവന്നിട്ടൊണ്ട്. 'ഇനിയെന്തു ചെയ്യും...?'
കുറച്ചുനേരം ബേക്കറിയിലിരുന്ന് കഥകളൊക്കെ വിളമ്പി പോകാനെഴുന്നേറ്റപ്പോള്‍ സജി പറഞ്ഞു, 'നീ ഇപ്പോള്‍ വീട്ടില്‍ പോയി കഴിക്കാനൊന്നും നില്ക്കണ്ട. ഞാന്‍ കൊണ്ടുവന്ന ചോറ് നമ്മള്‍ രണ്ടാളുംകൂടെ കഴിക്കുന്നു. നിന്റെ കൈയിലുള്ള പൊതിച്ചോറ് ഏതെങ്കിലും പാവങ്ങള്‍ക്കു കൊടുക്കാം... ഓകെ.'

'ഓകെ.' സജിയുടെവീട്ടീന്നു കൊണ്ടുവന്ന ചോറ് ഞങ്ങള്‍ കഴിച്ചു. എന്റെ കൈയിലുള്ള പൊതി അഴിച്ചതേയില്ല. അതു മാറ്റി വെച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഞാന്‍ കടയുടെ പുറത്തിറങ്ങി. നോട്ടംമുഴുവന്‍ അതുവഴി കടന്നുപോകുന്നവരിലാണ്. വിശന്നു വരുന്നത് ആരാണെന്നറിയില്ലല്ലോ. കുറച്ചുനേരം അങ്ങനെ നിന്നപ്പോള്‍ ഒരാളെ കണ്ടു. മുഷിഞ്ഞ പാന്റും ഷര്‍ട്ടും ധരിച്ച് തലമുടിയൊക്കെ പാറിപ്പറന്നു വളരെ പതുക്കെയാണ് നടപ്പ്. ആളുടെ മുഖം കണ്ടാലറിയാം നല്ല വിശപ്പുണ്ടെന്ന്. അവശനായ ആ മനുഷ്യന്‍ നടന്ന് അടുത്തെത്തിയപ്പോള്‍ ഞാന്‍ മുന്നോട്ടു ചെന്നു. 'നമസ്‌തേ' പറഞ്ഞു. പുള്ളിക്കാരന്‍ പെട്ടെന്ന് നിന്നു. 'ഹ്ഹാ... നമസ്‌തേ.' എന്നെ മൊത്തത്തിലൊന്നു നോക്കിയിട്ട്, മനസ്സിലായപോലെ... 'നിങ്ങടെ പരിപാടി ഞാന്‍ കാണാറുണ്ട്.'
'സന്തോഷം. ചേട്ടന്‍ എവടെ പോണ്?'
'ദാണ്ടെ ആ...' പുള്ളിക്കാരന്‍ പറഞ്ഞു തീരുംമുന്‍പെ ഞാന്‍ ഇടയില്‍ക്കയറി ചോദിച്ചു:

'ഭക്ഷണം കഴിച്ചോ?'
'ഇല്ല...'
അപ്പോള്‍ത്തന്നെ ഞാന്‍ ചോറുപൊതിയെടുത്തു നീട്ടി. 'ചേട്ടന്‍ ഇത് കഴിക്ക്, വീട്ടീന്നു കൊണ്ടുവന്നതാണ്. നമ്മള് വേറെ കഴിച്ചു.'
'നീ എന്നെക്കുറിച്ച് എന്തോന്ന് കരുതിയിരിക്കണത്. മിച്ചം വല്ലതുമുണ്ടെങ്കില്‍ കൈയീ വെച്ചാല്‍ മതി. ഞാന്‍ ആരാന്നു നിനക്കറിയ്വോടാ. കെ.എസ്.ആര്‍.ടി.സിയില്‍നിന്നു മാസം മുപ്പത്തിയേഴായിരം രൂപ ശമ്പളം വാങ്ങുന്ന എന്റെ മുഖത്തു നോക്കി നിനക്കിതു പറയാന്‍ എങ്ങനെ ധൈര്യം വന്നു. നിന്റെ കുടുംബം വിലയ്ക്ക് വാങ്ങാനുള്ള ആസ്തി എനിക്കുണ്ടെടാ. പത്തു വര്‍ഷം ലീവെടുത്തു ദുബായി പോയി കൊറെ ഒണ്ടാക്കി. അതു കഴിഞ്ഞാ പിന്നേം ഇവടെ ഒണ്ടാക്കാന്‍ വന്നത്. അറിയ്വോടാ നിനക്ക്...'
അങ്ങോര് ചോറ് കഴിക്കുന്നതിനു മുന്‍പ് 'ചെറുത് അടിക്കാന്‍' പോയിട്ട് മടങ്ങിവരുന്ന വഴിയാണ് ഞാന്‍ കേറി മുട്ടിയത്. കെ.
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ അകത്തുള്ള വര്‍ക്‌ഷോപ്പിലെ സൂപ്പര്‍വൈസറോ അതിലും മുന്തിയ എന്തോ ഒരു സാധനമാണ്. ഉടുപ്പിലൊക്കെ വര്‍ക്‌ഷോപ്പിലെ കരിപുരണ്ടിരിക്കുകയായിരുന്നു. ഇതൊന്നും നമുക്കറിയില്ലല്ലോ. ഉച്ചമദ്യം കഴിച്ചിരിക്കുന്നതുകൊണ്ട് പെട്ടെന്ന് വയലന്റായി. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ എങ്ങനെയും അവിടുന്നു രക്ഷപ്പെട്ടാ മതിയെന്നായി.
ഞാന്‍ വളരെ വിനീതനായി... 'ചേട്ടാ ഒരബദ്ധം പറ്റിപ്പോയതാ.'
'ഇതാണോ അബദ്ധം. വഴിയേ പോയ എന്നെ തടഞ്ഞുനിര്‍ത്തി ഒരുമാതിരി... ഞാന്‍ അങ്ങനെ നടക്കണ ആളാണെന്ന് നിനക്ക് എങ്ങനെ തോന്നി, എന്റെ ഈ വേഷം കണ്ടിട്ടോ...? മോനെ, ഇതൊന്നും ശരിയല്ല.'
'ക്ഷമിക്കൂ ചേട്ടാ... ചോറ് കളയണ്ടാന്നു കരുതി പറഞ്ഞുപോയതാണ്.'

'നീ ആരെടാ എനിക്കു ചോറ് തരാന്‍?'
ഞാന്‍ ക്ഷമ പറയുന്നതിനനുസരിച്ച് അങ്ങോര് കത്തിക്കയറുകയാണ്.
'വേറെ ആരേം കിട്ടാഞ്ഞിട്ടാണോ നീ എന്നെ പിടിച്ചത്. രണ്ടു തലമുറയ്ക്ക് കഴിയാനുള്ളത് ഞാന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അറിയ്വോടാ നിനക്ക്... ങാ.'
നട്ടുച്ചയ്ക്ക് സ്‌ട്രോങ്ങില്‍ അത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ അടിച്ചതിന്റെ കെട്ടിറങ്ങിപ്പോയി. എന്നെ തെറിപറഞ്ഞു പുള്ളിക്കാരന്‍ വന്ന വഴിയേ തിരിച്ചുനടന്നു. വീണ്ടും പൂശാനുള്ള പോക്കാണ്.
ബസ്സ്റ്റാന്‍ഡല്ലേ, ബഹളം കേട്ട് ആളുകള്‍ കൂടി. ചമ്മി നാണംകെട്ടു നില്ക്കുകയാണ്. സജി പെട്ടെന്ന് അകത്തേക്കു വലിഞ്ഞു. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്. ചമ്മലൊളിപ്പിച്ച് ഞാനും പതിയേ ബേക്കറിയിലേക്കു കയറി.
അങ്ങോര് തിരിച്ചുവരുമ്പോള്‍ മുന്നിലെങ്ങാനും ചെന്നു ചാടിക്കൊടുത്താല്‍ കുഴപ്പമാണ്. രണ്ടാമത് കഴിച്ചതിന്റെ പൈസ ചിലപ്പോള്‍ ഞാന്‍ കൈയില്‍നിന്നു കൊടുക്കേണ്ടിവരും. ബേക്കറിയുടെ മുന്നീന്ന് ആളുകള്‍ മാറിയപ്പോള്‍ ചോറുപൊതി സജിയെ ഏല്പിച്ചിട്ട് ഞാന്‍ മുങ്ങി.
ഭക്ഷണത്തിനുവേണ്ടി കൈനീട്ടുന്ന എത്രയോ പേരെ നമ്മള്‍ കണ്ടിരിക്കുന്നു. ചിലരുടെ ഭക്ഷണജാട കണ്ട് അതിശയപ്പെട്ടിട്ടുമുണ്ട്. വലിയ ഹോട്ടലുകളില്‍ കയറി മുന്തിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി അതില്‍നിന്ന് അല്പം കിള്ളിയെടുത്ത് രുചിച്ചുനോക്കി ബാക്കി മുഴുവനും വേസ്റ്റാക്കിക്കളയുന്നതു കാണുമ്പോള്‍ നെഞ്ച് പൊള്ളും. സിനിമാസൈറ്റുകളില്‍ ഉച്ചഭക്ഷണസമയത്തു വേസ്റ്റ്‌ബോക്‌സില്‍ നോക്കിയാല്‍ കുറെ ഭക്ഷണം കാണാം.
ഉണ്ടായിട്ടും ഒന്നും കഴിക്കാന്‍ പറ്റാതെ ഭക്ഷണത്തിന്റെ രുചി എന്താണെന്നറിയാതെ ആശുപത്രികളിലും മറ്റും കഴിയുന്ന ധാരാളം ആളുകളുണ്ട്. ഭക്ഷണവിഭവങ്ങളുടെ യഥാര്‍ഥരുചി എന്താണെന്നറിയാതെ ജീവിക്കുന്നവരുമുണ്ട്. അത്തരം ആളുകള്‍ ചുറ്റുവട്ടങ്ങളിലുള്ളപ്പോള്‍ രുചിയുള്ള ഭക്ഷണം വയറു നിറയെ കഴിക്കാന്‍ ഭാഗ്യം കിട്ടിയ നമ്മള്‍ അഹങ്കാരികളാകരുത്.
കിട്ടുന്ന ഭക്ഷണം സമാധാനത്തോടെ കഴിക്കാന്‍ പഠിക്കണം. ആവശ്യമുള്ളതേ എടുക്കാവൂ. എടുക്കുന്നതില്‍ ഒരു നുള്ളുപോലും കളയാതിരിക്കാന്‍ നമുക്കു കഴിയണം. വിശപ്പിന്റെ വില അറിഞ്ഞാലേ ഭക്ഷണത്തിന്റെ ശരിയായ രുചി ആസ്വദിക്കാന്‍ പറ്റൂ

(ചിരിമയം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം