ഭാസിയണ്ണനു സിനിമയില്‍ തിരക്കുകൂടിയതോടെ അടൂരിലേക്കുള്ള വരവും കുറഞ്ഞു. ഷൂട്ടിങ് ഉണ്ടെങ്കില്‍ മാത്രമാണു നാട്ടിലേക്കു വരിക. വന്നാല്‍ത്തന്നെ തിരുവനന്തപുരത്തു റോസ്‌കോട്ടില്‍ തങ്ങും. അന്ന് അവിടെ സി.വിയുടെ മൂത്ത പുത്രി ഗൗരിക്കുട്ടിയമ്മയും മകന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ പത്മനാഭന്‍കുട്ടിയും ഭാര്യ രാജിയും സഹോദരി സുശീലയും ഭര്‍ത്താവ് കുട്ടന്‍ നായരുമാണു താമസം. ഗൗരിക്കുട്ടിയമ്മയുടെ മകന്‍ റോസ്‌കോട്ട് കൃഷ്ണപിള്ളയും കുടുംബവും ഡല്‍ഹിയിലായിരുന്നു അന്നു താമസം.

തിരുവനന്തപുരം വിട്ടാല്‍ അടൂരില്‍ ഒന്നു മിന്നിമറഞ്ഞാലായി. അങ്ങനെ ഓണത്തിനും സംക്രാന്തിക്കും വീട്ടില്‍ വരുമ്പോള്‍ കിട്ടുന്ന അപൂര്‍വസന്ദര്‍ഭങ്ങളിലാണ് അമ്മ വിവാഹക്കാര്യം ആവര്‍ത്തിച്ചു മുന്നില്‍ വെക്കുക. അപ്പോഴൊക്കെ വരട്ടെ എന്നു മാത്രം പറഞ്ഞു വിഷയം മാറ്റാനായിരിക്കും ശ്രമം. വിവാഹക്കാര്യം ചോദിക്കുമ്പോഴൊക്കെ അമ്മയുടെ മനസ്സില്‍ ചില സങ്കല്പങ്ങളും അതിനെയും കവച്ചുവെക്കുന്ന ചില സംശയങ്ങളും ഉണ്ടായിരുന്നു. അതു മനസ്സിലാക്കിത്തന്നെയായിരുന്നു ഭാസിയണ്ണന്റെ ഒഴിഞ്ഞുമാറല്‍.

'എന്റെ ഭാസിയണ്ണന്‍: അടൂര്‍ ഭാസിയുടെ കലയും ജീവിതവും' വാങ്ങാം

സിനിമാനടന്മാര്‍, പ്രത്യേകിച്ച് അവിവാഹിതര്‍കൂടിയാണെങ്കില്‍ ഗോസിപ്പുകള്‍ പ്രചരിക്കുക, പ്രചരിപ്പിക്കുക എന്നതു സര്‍വസാധാരണമാണ്. ആദ്യകാലത്ത് ഉഷാകുമാരി എന്നൊരു നടിയുണ്ടായിരുന്നു. പിന്നീട് അവര്‍ നായികനടിയായി. ഇവരുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അക്കാലത്ത് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പേരുചേര്‍ത്തു ചില കഥകള്‍ ചില സിനിമാപ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായി എന്നുവരെ ചില മഞ്ഞപ്പത്രങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തയും വന്നിരുന്നു.

നടക്കാതെപോയ വിവാഹങ്ങളെക്കുറിച്ചു കഥകള്‍ മെനയാന്‍ ഭാസിയണ്ണന്‍ അന്നു പ്രത്യേക താത്പര്യം കാട്ടിയിരുന്നു. സന്തതസഹചാരിയായിരുന്ന വീരരാഘവന്‍ നായരുമൊത്തു പെണ്ണുകാണാന്‍ പോയപ്പോഴുണ്ടായ അനുഭവം ഭാസിയണ്ണന്‍ ഇങ്ങനെയാണ് കുടുംബ സൗഹൃദ സദസ്സുകളില്‍ വിളമ്പിയിരുന്നത്:
'അമ്മയുടെ നിര്‍ബന്ധം കാരണം വീരനുമൊത്തു പെണ്ണുകാണാന്‍ പോയി. വീട്ടിലെ ആണുങ്ങളുമായി സംസാരിച്ചിരിക്കേ, പെണ്ണിന്റെ അമ്മ കടന്നുവരുന്നു. അവരെ കണ്ടമാത്രയില്‍ ഞാന്‍ വീരനോടു പറഞ്ഞു, ആശാനേ നമുക്കു പോകാം. മറുത്തൊന്നും പറയാതെ പുറത്തിറങ്ങിയ വീരനോടു ഞാന്‍ രഹസ്യവും വിളമ്പി, ആ പെണ്ണിന്റെ തള്ള എന്റെ കൂടെ പഠിച്ചതാ.'

സ്വയം കഥാപാത്രമാക്കി കെട്ടുകഥകള്‍ ചമച്ചിരുന്നെങ്കിലും വിവാഹം കഴിക്കാതിരുന്നതില്‍ അവസാനകാലത്തു പശ്ചാത്താപമുണ്ടായിരുന്നുവെന്നാണ് എന്റെ വിശ്വാസം.
എന്നാല്‍, എന്തുകൊണ്ടാണു താന്‍ കല്യാണം കഴിക്കാതിരുന്നതെന്നു വിശദീകരിച്ച് അണ്ണന്‍ ഒരിക്കലൊരു ലേഖനം എഴുതിയിരുന്നു. ഒരു വേദനയുടെ നീര്‍ച്ചാല്‍ മനസ്സില്‍നിന്നു മായ്ക്കാനാവാഞ്ഞിട്ടാണോ കല്യാണത്തില്‍നിന്നുള്ള പിന്‍മാറ്റമെന്നും എനിക്കറിഞ്ഞുകൂടാ.

ആ ലേഖനത്തില്‍നിന്ന്:
ആ സംഭവത്തെക്കുറിച്ചു പറയാന്‍ എനിക്കിപ്പോഴും ഭയമാണ്. അകാരണമായ ഒരു ഭീതി. എങ്കിലും പറയാം. എന്റെ മൂത്ത സഹോദരി, ഓമനയമ്മ എന്നാണു പേര്. അവരുടെ മകളെ പാട്ടു പഠിപ്പിക്കുന്ന ഒരു പാട്ടുവാധ്യാരുണ്ടായിരുന്നു. ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയൊക്കെ പാസായി ഞാന്‍ വെറുതേ നടക്കുന്ന കാലം. അതിനിടയ്ക്ക് ഒരു ദിവസം ചേച്ചി താമസിക്കുന്ന വീട്ടില്‍ ചെന്നു. എന്നെ കണ്ടപ്പോള്‍ പാട്ടുവാധ്യാര്‍ ചോദിച്ചു: 'ഓമനയമ്മേ, ഇതാരാ?'

'ഒടപ്പെറന്നോനാ,' ചേച്ചി പറഞ്ഞു. എന്നെ കണ്ടപ്പോള്‍ അവര്‍ മനസ്സില്‍ കണ്ടത് എനിക്കൊരു കല്യാണാലോചനയാണ്. അവരുടെ ഭര്‍ത്താവ് ഒരു പോലീസുകാരനാണ്. അയാളുടെ വീടു ഹരിപ്പാട്ടാണ്. വാസുപിള്ള എന്നു പേരും. ഭര്‍ത്താവിന്റെ വീട്ടിനടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയെയാണ് അവര്‍ എന്റെ പ്രതിശ്രുതവധുവായി കണ്ടെത്തിയത്. പോരെങ്കില്‍ ആ കുട്ടിയെ അവര്‍ കുറെക്കാലം പാട്ടു പഠിപ്പിച്ചിട്ടുമുണ്ട്.

അങ്ങനെ ചേച്ചിയും ചേച്ചിയുടെ പാട്ടുവാധ്യാരും പാട്ടുവാധ്യാരുടെ ഭര്‍ത്താവും കൂടി എനിക്കു കല്യാണാലോചന തുടങ്ങി. ഇതൊന്നും ഞാനറിയുന്നില്ല. ഒരു ദിവസം ചേച്ചി എന്നെ വിളിച്ചുപറഞ്ഞു, 'നീ വീയപുരംവരെ പോയിവരണം. വാസുപിള്ള കൂടെ വരും.' സത്യത്തില്‍ എനിക്കു ചേച്ചിയെ ഭയമാണ്. അപ്പോള്‍ ചേച്ചി പറഞ്ഞാല്‍ കേള്‍ക്കാതിരിക്കുന്ന പ്രശ്‌നമില്ല. കാര്യമൊക്കെ വാസുപിള്ള പറഞ്ഞുമനസ്സിലാക്കി. ഞങ്ങളൊന്നിച്ചു വീയപുരത്തിനു പോയി.

ആ വീട്ടില്‍ ചെന്നുകയറി. കാരണവര്‍ ഞങ്ങളെ സ്വീകരിച്ചു. അദ്ദേഹം ഒരു ഈസി ചെയറില്‍ കിടക്കുകയാണ്. ഞങ്ങളിരുന്നു. ഞാന്‍ പതുക്കെ പുറത്തേക്കു കണ്ണോടിച്ചു. കക്ഷി അവിടെങ്ങാനും ഉണ്ടോ എന്നറിയാന്‍തന്നെയാണു നോക്കിയത്. സൂത്രത്തിലാണ് എന്റെ നോട്ടം. ഇതിനിടയ്ക്കു കാരണവര്‍ ഒരദ്ഭുതവിദ്യ പ്രകടിപ്പിക്കുന്നതു കണ്ടു ഞാന്‍ അന്തംവിട്ടുപോയി. കാരണവരുടെ കസേരയുടെ അടുത്ത് ഒരു ചെറിയ ഭരണി ഇരിപ്പുണ്ട്. മണല്‍ തുണിയില്‍ കെട്ടി ആ കിഴികൊണ്ടു ഭരണി അടച്ചിരിക്കുകയാണ്. കാരണവര്‍ ആ കിഴി എടുത്തുമാറ്റി. ഭരണി വലതുകൈയിലെടുത്തു. ഇടതുകൈ മടക്കി മലര്‍ത്തിപ്പിടിച്ചു. കൈയുടെ മുട്ടുമുതല്‍ ഉള്ളംകൈയില്‍വരെ ഭരണിയില്‍നിന്നുള്ള ഒരു പൊടി ഒരു കറുത്ത വരപോലെ നീളത്തിലിട്ടു. ഇടതുകൈ പൊക്കി മൂക്കിനോടടുപ്പിച്ചു. കൈയുടെ മുട്ടുമുതല്‍ ഉള്ളം കൈവരെ ഒരൊറ്റ വലിയാണ്. പൊടിയെല്ലാം അകത്ത്. അച്ഛനാണേ, അമ്മയാണേ ഇതു സത്യമാണ്; അതിശയോക്തിയോ തമാശയോ അല്ല. അതിനു മുന്‍പും അതിനുശേഷവും ഇങ്ങനെ ആരെങ്കിലും പൊടി വലിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല.

പൊടി വലിച്ചുകഴിഞ്ഞു ഭരണി അടച്ചുവെച്ചു. കിഴിയെടുത്തു മുകളില്‍ സ്ഥാപിച്ചു. പൊടി മൂക്കിലിരിക്കുന്ന വിമ്മിട്ടത്തോടെ എന്നെ നോക്കിപ്പറഞ്ഞു, 'നോക്കൂ, അതാണെന്റെ മകള്‍.' ഞാന്‍ നോക്കി. പുതിയ പാവാടയും ജംബറുമിട്ട് അതിസുന്ദരിയായ ഒരു പെണ്‍കുട്ടി വെള്ളം കോരുന്നു. അതിസുന്ദരി എന്നു പറഞ്ഞത് അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ത്തന്നെയാണ്. അത്ര സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. പെണ്ണിനെ എനിക്കിഷ്ടപ്പെട്ടു.

അടുത്ത പരിപാടി മനോഹരമായ ഊണായിരുന്നു. ഊണിനോടു പണ്ടേ എനിക്കു ഭ്രമമാണ്. ശാപ്പാട്ടുരാമന്‍ എന്നു പറഞ്ഞാലും തെറ്റില്ല. ഒരു ദിവസം ഇരുപതോ മുപ്പതോ പ്രാവശ്യം ഊണു കഴിക്കേണ്ടതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്നു വെട്ടിത്തുറന്നൊരു ചോദ്യം. ഇഷ്ടപ്പെട്ടെന്ന് ഒരു ചിരിയിലൂടെ ഞാന്‍ അറിയിച്ചു. കല്യാണം ഉറപ്പിക്കാമെന്ന മട്ടില്‍ ഞങ്ങള്‍ തിരിച്ചുപോന്നു. വീട്ടില്‍ വന്നപ്പോള്‍ ചേച്ചിയും ചോദിച്ചു, പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന്. ഇഷ്ടപ്പെട്ടു എന്നു പറയുകയും ചെയ്തു.

അന്നു രാത്രി കടമ്പനാട്ട് ഒരു നാടകമുണ്ടായിരുന്നു. ഹാസ്യനടനും നാടകകൃത്തുമായ കെ.പി. രാമന്‍പിള്ളയുടെ നാടകം. പെണ്ണുകണ്ട സന്തോഷവുമൊക്കെക്കൂടി ആയപ്പോള്‍ നാടകം കണ്ടുകളയാമെന്നു തീരുമാനിച്ചു. അങ്ങനെ ഞാനും പാട്ടുവാധ്യാരുടെ ഭര്‍ത്താവായ വാസുപിള്ളയും സുഹൃത്തായ ഇന്‍സ്‌പെക്ടര്‍ മാത്യുവും കൂടി നാടകത്തിനു പോയി. പോയവഴിക്കും നാടകഹാളില്‍വെച്ചും ഞാനും മാത്യുവും പെണ്ണുകാണാന്‍ പോയ കാര്യവും മറ്റും സംസാരിച്ചുകൊണ്ടിരുന്നു.

നാടകം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ വന്നു മാത്യുവിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ഇപ്പോള്‍ വരാമെന്നു പറഞ്ഞ്, ഇന്‍സ്‌പെക്ടര്‍ മാത്യു വാസുപിള്ളയെയും കൂട്ടി പുറത്തേക്കു പോയി. നാടകം കഴിഞ്ഞു ഞാന്‍ മറ്റു ചിലരോടൊപ്പം തിരിച്ചുപോന്നു. പക്ഷേ, വീട്ടില്‍ എത്തുംമുന്‍പ് ഒരു വാര്‍ത്ത കേട്ടു. ഇന്‍സ്‌പെക്ടര്‍ മാത്യുവിനെയും വാസുപിള്ളയെയും മറ്റു ചില പോലീസുകാരെയും ശൂരനാട്ട് വെട്ടിയരിഞ്ഞിട്ടിരിക്കുന്നു എന്ന്. എന്റെ സപ്തനാഡിയും തളര്‍ന്നുപോയി.

ആ ഷോക്ക് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തകര്‍ത്ത ഒന്നായി മാറുകയായിരുന്നു. കല്യാണാലോചന അതോടെ നിന്നു. അല്ലെങ്കില്‍ എനിക്കതേപ്പറ്റി ചിന്തിക്കാന്‍ വയ്യെന്നായി. കല്യാണാലോചന ഇതല്ല, മറ്റേതു വന്നാലും എന്റെ മനസ്സില്‍ വസൂരിക്കുത്തുള്ള വാസുപിള്ളയുടെ മുഖം പ്രത്യക്ഷപ്പെടും. അതോടെ ഞാന്‍ തളരും. ഞാന്‍ കല്യാണം കഴിക്കാത്തതിന്റെ രഹസ്യം ഇതല്ലാതെ മറ്റൊന്നുമല്ല.

ഓമനക്കന്റെ മരണം
അമ്മ ഞങ്ങളോടു വിടപറയുന്നതിനു മുന്‍പാണ് ഓമനക്കന്റെ ദേഹവിയോഗം. 1981-ല്‍ കാലില്‍ ചെറിയൊരു മുറിവുണ്ടായതാണു കാരണം. അതു സെപ്റ്റിക് ആയി. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. രോഗം മുര്‍ച്ഛിച്ചു മരിക്കുന്ന ദിവസമാണ് ഭാസിയണ്ണനു ചെന്നൈയില്‍നിന്ന് എത്താന്‍ പറ്റിയത്. സൊസൈറ്റി പേവാര്‍ഡിലെ ഓമനക്കന്റെ മുറിയിലെത്തിയ ഭാസിയണ്ണന്‍ ഏതാണ്ടു രണ്ടു മണിക്കൂര്‍ ഓമനക്കന്റെ കിടക്കയ്ക്കരികില്‍ സംസാരിച്ചിരുന്നു.
ഭാസിയണ്ണന്‍ പൊയ്ക്കഴിഞ്ഞു ഡോ. പി.എ. തോമസ് പറഞ്ഞു: 'രോഗി ഇനി കുറെ വിശ്രമിക്കട്ടെ... ഏറെ ചിരിച്ചതല്ലേ.'
അന്നു വൈകീട്ട് ഓമനക്കന്‍ ഞങ്ങളോടു വിടപറഞ്ഞു.


എന്നും സ്‌നേഹം നിറച്ച് സുകുമാരിയമ്മ


യശഃശരീരയായ സുകുമാരിയമ്മയെ ഇവിടെ സ്‌നേഹപൂര്‍വം സ്മരിക്കുകയാണ്. വേലുത്തമ്പിദളവ എന്ന മലയാളസിനിമയിലാണ് ഭാസിയണ്ണനും സുകുമാരിയമ്മയും തമ്മില്‍ പരിചയപ്പെടുന്നത്. സുകുമാരിയമ്മയുടെ അച്ഛന്റെ സഹോദരീപുത്രന്‍ സത്യപാലന്റേതായിരുന്നു ആ ചിത്രം.

സത്യപാലന്‍ സംവിധായകനും അടൂര്‍ ഭാസി സഹസംവിധായകനും. സംവിധാനത്തിനു പുറമേ നടിമാരില്‍ ചിലരെ മലയാളം പഠിപ്പിക്കുന്ന ജോലിയും സഹസംവിധായകന്റേതായിരുന്നു. വേലുത്തമ്പിദളവ വന്‍വിജയമായിരുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഉജ്ജ്വല അഭിനയത്തിനു പുറമേ ഭാസി-സുകുമാരി താരജോടികളുടെ രംഗപ്രവേശവും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഭാസി -സുകുമാരി താരജോടിയെ പ്രേക്ഷകര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. ആ സൗഹൃദം കൂടുതല്‍ ദൃഢമായിക്കൊണ്ടിരുന്നു. ഭാസിയണ്ണന്റെ ആരോഗ്യ ആഹാര കാര്യങ്ങളില്‍പ്പോലും അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഭാസിയണ്ണന്റെ ഡ്രൈവറും പ്രൈവറ്റ് സെക്രട്ടറിയുമായ കൃഷ്ണന്‍ വഴിയാണു ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്കുക. സുകുമാരിയമ്മയുടെ ഡ്രൈവര്‍ കൃഷ്ണനുമായുള്ള പ്രഭാത ഡയലോഗ് ടെലിഫോണിലൂടെ പതിവുപരിപാടിയായിരുന്നു.
എന്നും രാവിലെ കൃത്യമായി ഫോണില്‍ വിളിക്കും. തുടര്‍ന്നു പോലീസിന്റെ ചോദ്യംചെയ്യല്‍പോലെ ചോദ്യവര്‍ഷം.
'എപ്പോള്‍ ഉണര്‍ന്നു?'
'ബെഡ് കോഫി കുടിച്ചോ?'
'രാവിലെ ഇഡ്ഡലി ആയിരുന്നോ? ദോശ ആയിരുന്നോ?'
'എവിടെയാണ് ഷൂട്ടിങ്?'
കൃഷ്ണന്‍ ഇതിനെല്ലാം ഉത്തരം പറഞ്ഞിരിക്കും. പക്ഷേ, സംഭാഷണം അവസാനിക്കുമ്പോള്‍ ഒരു ആത്മഗതമുണ്ട്. ഇവരാര്, ഭാര്യയോ അമ്മയോ?
എന്നാല്‍, അവരുടെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി കൃഷ്ണനു ലേശംപോലും സംശയമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ബഹുമാനവും വിശ്വാസവുമായിരുന്നു.
ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനു കേരളത്തിലേക്കോ മറ്റോ പോകുകയാണെങ്കില്‍ രണ്ടു ദിവസം മുന്‍പേ വിളി തുടങ്ങും. കൊണ്ടുപോകേണ്ട സാധനങ്ങളുടെ നീണ്ട പട്ടികയായിരിക്കും നിര്‍ദേശങ്ങള്‍ മുഴുവനും.

സംവിധായകന്‍ ഭീംസിങ്് വിവാഹം കഴിച്ച് അവര്‍ ഒരുമിച്ചു താമസമാക്കിയശേഷവും ഈ സ്‌നേഹാന്വേഷണം തുടര്‍ന്നു. സുകുമാരിയമ്മയെപ്പോലെ ഭീംസിങ്ങിനും ഭാസിയണ്ണന്റെ കാര്യത്തില്‍ അതീവതാത്പര്യമായിരുന്നു.

ഓണം, പൊങ്കല്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ ഭാസിയണ്ണന് ഊണു സുകുമാരിയമ്മയുടെ വീട്ടിലായിരിക്കും. മേശയ്ക്കരികില്‍ ഇരുന്നു ചോറും കൂട്ടാനും അവര്‍തന്നെയാണു വിളമ്പുക. കൃഷ്ണന്‍ മാറിനിന്നു രസിക്കുന്നുണ്ടാവും. ഭീംസിങ് ഉണ്ടായിരുന്ന കാലത്ത് അദ്ദേഹവും ഇതിന്റെ ഭാഗമായിത്തീരുമായിരുന്നു.
ഒരിക്കല്‍ കക്ഷത്തില്‍ പരു വന്നു കീറി രണ്ടാഴ്ചയോളം ചെന്നൈയിലെ ഒരു ആശുപത്രിയില്‍ ഭാസിയണ്ണന്‍ കിടന്നു. അന്ന് അവധിയെടുത്തു ചെന്ന എനിക്കായിരുന്നു ആശുപത്രി ഡ്യൂട്ടി. അന്നു ചന്ദ്രാജിയും കുടുംബവും ചെന്നൈയില്‍ താമസമാക്കിയിട്ടില്ല. ബോംബെയിലാണ്. അതുകൊണ്ടു ഭാസിയണ്ണനുള്ള ഭക്ഷണം സുകുമാരിയമ്മയുടെ വീട്ടില്‍നിന്നാണ്. അവര്‍തന്നെയാണു കൊണ്ടുവരിക. ചിലപ്പോള്‍ ഭീംസിങ്ങും ഉണ്ടാവും.

ഒരിക്കല്‍ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിനായി കൊല്ലത്തു വന്നപ്പോഴാണു സുകുമാരിയമ്മ അടിയന്തരമായി എന്നെ വിളിച്ചത്. 'അടൂര്‍ക്കു പോകണം, അമ്മയെ കാണണം, അപ്പുവുംകൂടി വരണം,' എന്നു പറഞ്ഞു. ഞാന്‍ കോട്ടയത്തുനിന്നെത്തി ഞങ്ങള്‍ ഒരുമിച്ച് അടൂര്‍ക്കു പോയി. എപ്പോള്‍ കേരളത്തില്‍ വന്നാലും അവര്‍ അടൂരിലെത്തി അമ്മയെ കണ്ടശേഷമേ മടങ്ങാറുണ്ടായിരുന്നുള്ളൂ. തിരിച്ചു കൊല്ലത്ത് എത്തിയശേഷം ഞാന്‍ ഏറെ നാളായി ചോദിക്കാന്‍ ആഗ്രഹിച്ചിരുന്ന ചോദ്യം ചോദിച്ചു. അത് അവര്‍ തീരേ പ്രതീക്ഷിച്ചിരുന്നില്ല. അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവര്‍ പറഞ്ഞു:
'ഞാന്‍ വളരെ ശുഷ്‌കാന്തിയോടും ഉത്തരവാദിത്വത്തോടും കൂടിയാണു ഭാസിയണ്ണന്റെ കാര്യങ്ങള്‍ നോക്കുന്നത്. മദിരാശിയില്‍ ഉള്ളപ്പോഴെല്ലാം ദിവസവും കൃഷ്ണനെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. ഇത് ആരും ആവശ്യപ്പെട്ടിട്ടല്ല. എന്റെ സ്വാമി (ഭീംസിങ്) എന്നോടു പറഞ്ഞതനുസരിച്ചു ഞാന്‍ ചെയ്യുന്നു. എനിക്കു മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.'

ആ സംസാരം അധികം ദീര്‍ഘിച്ചില്ല. ദീര്‍ഘിപ്പിക്കാന്‍ അവര്‍ താത്പര്യപ്പെട്ടില്ല എന്നു പറയുകയാവും ശരി. പക്ഷേ, അടുത്ത ഓണത്തിനു ഭാസിയണ്ണന്‍ അടൂരില്‍ വന്നപ്പോള്‍ പരിഭവത്തില്‍ അമ്മയോടു പറഞ്ഞു: 'എന്നെ ആരും കല്യാണം കഴിപ്പിക്കാന്‍ നോക്കണ്ട,' എന്ന്.
അമ്മയ്ക്ക് ആദ്യം കാര്യം മനസ്സിലായില്ല. പോയിക്കഴിഞ്ഞപ്പോഴാണു കൊല്ലത്തെ അഭിമുഖത്തെപ്പറ്റി ഞാന്‍ വിശദീകരിച്ചത്. എന്റെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചിട്ടാകണം, അമ്മ ഒന്നും പറഞ്ഞില്ല. അതോടെ ആ അധ്യായം തീര്‍ന്നു. പിന്നീടു മരിക്കുന്നതുവരെ ആരും ഇതേക്കുറിച്ച് ഉരിയാടിയിട്ടില്ല.

ചൂടന്‍ ഗോസിപ്പുകളുടെ കാലം


'അടൂര്‍ ഭാസിയും ശ്രീലതയും പ്രണയബദ്ധരാണ്. വിവാഹിതരാകാന്‍ പോകുന്നു,' അന്നത്തെ ഏറ്റവും ചൂടുള്ള വാര്‍ത്തയായിരുന്നു അത്. ഇരുവര്‍ക്കും വീട്ടിലിരിക്കാന്‍ സാധിക്കാത്ത വിധമുള്ള അന്വേഷണങ്ങളും അടക്കംപറച്ചിലുകളും. ഇതിനെക്കുറിച്ച് ഒളിഞ്ഞുള്ള ചൂടേറിയ ചര്‍ച്ചകള്‍ കുടുംബത്തിലുമുണ്ടായി എന്നതാണു സത്യം. ചില സിനിമാപ്രസിദ്ധീകരണങ്ങളിലും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു.

ഇതിനെക്കുറിച്ചു ശ്രീലത ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്:
'അന്നു ഗോസിപ്പുകളുടെ ഒരു പ്രവാഹംതന്നെയായിരുന്നു. ക്ഷമ നശിച്ച് ടെലിഫോണിലൂടെയാണു ചിലരുടെ ചോദ്യം. മറ്റു ചിലര്‍ നേരിട്ടു കാണുന്ന മാത്രയില്‍ ഒരു മുഖവുരയുമില്ലാതെ 'എന്നാണു വിവാഹം' എന്നുവരെ ചോദിക്കാന്‍ തുടങ്ങി.

'എന്നോടു പലരും ചോദിച്ചു. ഞാന്‍ പറഞ്ഞു, അതിനെന്താ കുഴപ്പം. അദ്ദേഹം കേരളത്തിലെ പ്രശസ്തമായ സാഹിത്യത്തറവാട്ടിലെ അംഗമാണ്. പ്രശസ്തനായ പിതാവിന്റെ മകന്‍. അതിലും പ്രശസ്തനായ മുത്തച്ഛന്റെ ചെറുമകന്‍. പക്ഷേ, ഒരു കാര്യം പറയട്ടെ. ഞങ്ങള്‍ രണ്ടുപേരും ഇതേക്കുറിച്ചു ഗൗരവമായി ഇതേവരെ ചിന്തിച്ചിട്ടുപോലുമില്ല എന്നതാണു സത്യം.'
ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തോട് ഇതേപ്പറ്റി നേരിട്ടു ചോദിച്ചു: 'ഭാസിച്ചേട്ടന്‍ എന്തേ വിവാഹം കഴിക്കാത്തത്?'

'ഒരു ഭാര്യയുടെ ചൊല്‍പ്പടിക്കു നില്ക്കാന്‍ എന്നെ കിട്ടില്ല എന്നായിരുന്നു ഭാസിച്ചേട്ടന്റെ മറുപടി.'
പ്രേംനസീര്‍-ഷീല ജോടികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള താരജോടികളാണ് ശ്രീലത-ഭാസി. നൂറിലധികം ചിത്രങ്ങളില്‍ അടൂര്‍ ഭാസിയുടെ നായികയായി വിവിധ വേഷങ്ങളില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ശ്രീലത ആ ഓര്‍മകള്‍ അയവിറക്കിക്കൊണ്ടു പറയുന്നു:
'അടൂര്‍ ഭാസി എന്ന നല്ല മനുഷ്യനോടൊത്തുള്ള അഭിനയമാണ് എന്നെ സിനിമാതാരമാക്കിയത്. ആ നല്ല ഓര്‍മകള്‍ എന്നും എന്നോടൊപ്പം ഉണ്ടാവുകയും ചെയ്യും.
1964-ല്‍ ചേര്‍ത്തലയില്‍ കെ.പി.എ.സിയുടെ യുദ്ധകാണ്ഡം എന്ന നാടകം അരങ്ങേറുകയാണ്. ആ നാടകത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. രണ്ടു സിനിമാതാരങ്ങള്‍ നാടകം കാണാനെത്തി. പ്രേംനസീറും അടൂര്‍ ഭാസിയും. നാടകത്തിന്റെ ഇടവേളയില്‍ കര്‍ട്ടനു പിന്നില്‍ ഞാനവരെ നോക്കിനിന്നു. അന്നു വിചാരിച്ചില്ല, അതിലൊരാളുടെ നായികയായി ഞാനും മലയാളസിനിമയുടെ ഭാഗമാകുമെന്ന്.

1967 അവസാനം അച്ഛന്റെ സഹോദരി കുമാരി തങ്കത്തിന്റെ ഉപദേശപ്രകാരമാണു സിനിമയിലഭിനയിക്കാന്‍ പോകുന്നത്. അന്നെനിക്കു 15 വയസ്സാണ്. സിനിമയില്‍ അഭിനയിക്കാന്‍ എന്തോ താത്പര്യം തോന്നിയില്ല. പക്ഷേ, അമ്മയ്ക്കു നിര്‍ബന്ധമായിരുന്നു. അടൂര്‍ ഭാസിയുടെ കൂടെ അഭിനയിക്കാനാണ് അവസരം ലഭിച്ചത്. ചിത്രം വിരുതന്‍ ശങ്കു. കോമഡിവേഷമായിരുന്നു. കോമഡി ചെയ്യാന്‍ അന്ന് ആത്മവിശ്വാസമില്ലാതിരുന്നതുകൊണ്ട് ആ വേഷം വേണ്ടെന്നുവെച്ചു. പിന്നീട് എം. കൃഷ്ണന്‍ നായര്‍ നിര്‍ബന്ധിച്ചതുമൂലം പഠിച്ച കള്ളനില്‍ ഭാസിച്ചേട്ടന്റെ കൂടെത്തന്നെ അഭിനയിച്ചു. ആദ്യ സീനില്‍ പ്രേംനസീറും ഭാസിച്ചേട്ടനുമുണ്ട്. ഒരാനയുടെ അടിയില്‍ക്കൂടി നടക്കണം. ഞാനാകെ പേടിച്ചുപോയി. നസീര്‍സാര്‍ എന്റെ പേടി കണ്ടു ഷോട്ട് മാറ്റാന്‍ പറഞ്ഞു. ആ സിനിമയില്‍ ഭാസിച്ചേട്ടന്റെ നായികയായി ഞാന്‍ സിനിമാനടിയായി.

മലയാളസിനിമയില്‍ ഒരു താരജോടി പിറക്കുകയായിരുന്നു. 1968 മുതല്‍ 1980 വരെ 12 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഇരുനൂറോളം ചിത്രങ്ങളില്‍ ഞാനഭിനയിച്ചിട്ടുണ്ട്. അതില്‍ നൂറിലധികം ചിത്രങ്ങളില്‍ ഭാസിച്ചേട്ടന്റെ നായികയായിരുന്നു. ആദ്യമൊക്കെ അദ്ദേഹം എന്തെങ്കിലും തെറ്റുപറ്റിയാല്‍ ശാസിക്കുമായിരുന്നു. പിന്നെ ഒരുപാടു പ്രോത്സാഹിപ്പിക്കും.
കരുവാറ്റ എന്ന ഗ്രാമത്തില്‍ ജനിച്ച് ഒരു നാടകനടിയായി അഭിനയമാരംഭിച്ച ഞാന്‍, ശ്രീലത എന്ന ഇന്നത്തെ സിനിമാതാരമായതിന്റെ പിന്നില്‍ ഭാസിച്ചേട്ടന്റെ സഹകരണവും നല്ല മനസ്സും മാത്രമായിരുന്നു. ഒരുപാടു ഗുണഗണങ്ങളുള്ള വ്യക്തിയായിരുന്നു ഭാസിച്ചേട്ടന്‍. മിക്കവാറും ചിത്രങ്ങളില്‍ അദ്ദേഹംതന്നെയായിരുന്നു കോമഡി രംഗങ്ങള്‍ എഴുതിയിരുന്നത്. സ്‌ക്രിപ്റ്റ് നോക്കി സന്ദര്‍ഭമനുസരിച്ചു മാറ്റിയെഴുതും. ആരണ്യകാണ്ഡം എന്ന സിനിമയില്‍ 'അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാം ഓരോന്നായ്' എന്ന ഗാനം എഴുതിയതും ഭാസിച്ചേട്ടനായിരുന്നു. ഞാന്‍ വിവാഹം കഴിച്ചത് ഒരു ആയുര്‍വേദ ഡോക്ടറെയാണ്. അന്നു ഭാസിച്ചേട്ടന്‍ പറഞ്ഞുതന്ന അങ്ങാടിമരുന്നുകളുടെ വിവരം അങ്ങനെ യഥാര്‍ഥജീവിതത്തില്‍ പ്രയോജനപ്പെടുകയും ചെയ്തു.
സ്വന്തം ആരോഗ്യത്തെപ്പറ്റി ശ്രദ്ധയില്ലാത്ത ആളായിരുന്നു ഭാസിച്ചേട്ടന്‍. ഒരുപക്ഷേ, വളരെ നേരത്തേതന്നെ വിട്ടുപോയതിന്റെ കാരണവും അതുതന്നെയാവാം.
അമേരിക്ക, ദുബായ് എന്നിവിടങ്ങളിലൊക്കെ ഞങ്ങള്‍ ഒന്നിച്ചു പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയിട്ടുണ്ട്. യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കാണാന്‍ പോയതൊക്കെ മറക്കാനാകാത്ത അനുഭവങ്ങളാണ്.

ഒരിക്കല്‍ ബോംബെയില്‍ ഷണ്‍മുഖാനന്ദ ഹാളില്‍ ഒരു പരിപാടി. ഞാനും ഭാസിച്ചേട്ടനുമുണ്ട്. സംഘാടകര്‍ ഭാസിച്ചേട്ടനറിയാതെ അടൂര്‍ ഭാസിയുടെ കഥാപ്രസംഗം എന്നുവെച്ചു നോട്ടീസ് അച്ചടിച്ചു. ഭാസിച്ചേട്ടന്‍ ആകെ വിഷമിച്ചു. ഞാന്‍ കഥാപ്രസംഗകനായല്ല ഇവിടെ വന്നത് എന്നു സദസ്സില്‍ പറഞ്ഞു. പ്രേക്ഷകര്‍ ബഹളംവെച്ചു. പരിപാടി ആകെ അലങ്കോലമായി.
തിരികെ വരുമ്പോള്‍ ഭാസിച്ചേട്ടന്‍ എന്നോടു പറഞ്ഞു. നാട്ടില്‍ ചെന്ന് നസീറിനോടൊന്നും പറഞ്ഞേക്കല്ലേ എന്ന്. പക്ഷേ, പിറ്റേന്നു ലൊക്കേഷനില്‍വെച്ചു കണ്ടപ്പോള്‍ പ്രേംനസീര്‍ ചോദിച്ചു, ബോംബെപരിപാടി ആകെ കുളമായി അല്ലേ എന്ന്.

ഞങ്ങള്‍ ഇവിടെ എത്തുന്നതിനുമുന്‍പുതന്നെ വാര്‍ത്ത ഇവിടെയെത്തിയിരുന്നു!'

(എന്റെ ഭാസിയണ്ണന്‍ എന്ന പുസ്തകത്തില്‍ നിന്ന്)


പുസ്തകം വാങ്ങാം