ഫാദര്‍ ജോസഫ് വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും' എന്ന ആത്മകഥയില്‍ നിന്ന് ഒരു ഭാഗം


കാര്‍ഷികബന്ധബില്‍ പാസായതോടെ മന്നത്തു പത്മനാഭനും കൂട്ടരും കമ്യൂണിസ്റ്റുകള്‍ക്കെതിരായി തിരിഞ്ഞു. മധ്യതിരുവിതാംകൂറില്‍നിന്ന് ക്രൈസ്തവ-നായര്‍ ഐക്യമുന്നണിയുടെ കാഹളം കേട്ടു. കേരളമാകെ അത് പരന്നു. തനി പിന്തിരിപ്പന്മാരുടെ പ്രവാഹമാണതെന്ന് എനിക്കു തികച്ചും മനസ്സിലായി. കമ്യൂണിസ്റ്റിതര രാഷ്ട്രീയകക്ഷികളോടൊപ്പം ഞാനും ഇരുന്നാലോചിച്ചു. ഒന്നുകില്‍ മന്നത്തിന്റെ കീഴില്‍ ഇരമ്പിക്കയറുന്ന ആ തരംഗത്തെ അനുകൂലിക്കണം; അല്ലെങ്കില്‍ എതിര്‍ക്കണം. എതിര്‍ത്താല്‍ ഞാന്‍ കമ്യൂണിസ്റ്റുകളെ സഹായിക്കുന്നവനാകും. അനുകൂലിച്ചാല്‍ പിന്തിരിപ്പന്‍ശക്തികളോടുകൂടി ഒട്ടിച്ചേര്‍ന്നുവെന്നാകും. കാര്‍ഷികബന്ധബില്‍ രക്ഷിച്ചെടുക്കണമെന്നായിരുന്നു എന്റെ ആന്തരികദാഹം. അത് റദ്ദാക്കണമെന്നായിരുന്നു മന്നംപ്രഭൃതികളുടെ മോഹം. 'പള്ളിയുടെ സ്‌കൂളുകള്‍ ഞങ്ങള്‍ രക്ഷിക്കണമെങ്കില്‍ ഞങ്ങളുടെ ഭൂമി പള്ളി രക്ഷിച്ചുതരണം.' ഇതായിരുന്നു വലിയ ഭൂവുടമകളുടെ നിലപാട്. തന്‍മൂലം ഞാന്‍ പ്രാണസങ്കടത്തിലായി. കമ്യൂണിസ്റ്റുകള്‍ നമ്പര്‍ വണ്‍ ശത്രുവായി കരുതുന്ന ഞാന്‍ എങ്ങനെ ആ ഘട്ടത്തില്‍ അവരുമായി ഒത്തുചേരും? രണ്ടുഭാഗത്തും ചേരാതെ നിഷ്പക്ഷമായി നിന്നെങ്കിലോ എന്നുപോലും എനിക്കു തോന്നിപ്പോയി.

ഫാദര്‍ ജോസഫ് വടക്കന്റെ ആത്മകഥ 'എന്റെ കുതിപ്പും കിതപ്പും' വാങ്ങാം

നാട് രണ്ടു ചേരിയായി ധ്രുവീകരണം പ്രാപിച്ച ആ ഘട്ടത്തില്‍ ആ ധ്രുവീകരണത്തിനു-കമ്യൂണിസ്റ്റ് ചേരിയും ആന്റി കമ്യൂണിസ്റ്റ് ചേരിയുമായി കേരളത്തെ പിളര്‍ക്കുന്നതിനു പ്രധാന പങ്കുവഹിച്ച ഞാന്‍ അനങ്ങാതിരിക്കുകയോ? കമ്യൂണിസ്റ്റുകള്‍ കമ്യൂണിസ്റ്റ് വിരുദ്ധരെയും കമ്യൂണിസ്റ്റുകളെയും തെരുവില്‍വെച്ച് കണ്ടുമുട്ടുകയും കഠാരികള്‍കൊണ്ടു സംസാരിക്കുകയും ചെയ്തിരുന്ന ആ പ്രകോപനാന്തരീക്ഷത്തില്‍ ഞാന്‍ മിണ്ടാതിരിക്കുകയോ? നീണ്ട പ്രാര്‍ഥനയ്ക്കും ദീര്‍ഘചിന്തയ്ക്കും ശേഷം ഞാന്‍ നയം രൂപീകരിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധാശയക്കാരായ ലക്ഷക്കണക്കിനു തൊഴിലാളികളെയും കര്‍ഷകരെയും യുവജനങ്ങളെയും പ്രതിലോമശക്തികളുടെ കൂടാരത്തിലേക്കു ദാനം ചെയ്തുകൂടാ എന്ന് ഞാന്‍ നിശ്ചയിച്ചു. വിമോചനസമരനിരയില്‍ മുന്നില്‍ നില്ക്കണമെന്നും പ്രത്യുത്ഥാനം ചെയ്തുവരുന്ന കമ്യൂണിസ്റ്റിതര ജനശക്തിയെ പിന്തിരിപ്പന്മാരുടെ പിടിയിലേക്കു വിട്ടുകൊടുത്തുകൂടെന്നും ഞാന്‍ ശപഥം ചെയ്തു.

കമ്യൂണിസ്റ്റുകള്‍ രചിച്ച അരാജകത്വത്തോട് ആദ്യം പൊരുതുന്നവര്‍ പിന്നീട് ജന്മി-മുതലാളികള്‍ രചിക്കുന്ന ചൂഷണസമ്പ്രദായത്തോടും പൊരുതാതിരിക്കയില്ലെന്ന് ചരിത്രം എന്നോടു പറഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധരും സാധുക്കളും സാധാരണക്കാരുമായ ജനലക്ഷങ്ങളുടെ ശക്തിയെ സമാശ്രയിക്കാന്‍ നിര്‍ബന്ധിതരായ ജന്മി-മുതലാളികളെയും സ്ഥാപിതതാത്പര്യക്കാരെയും വേണ്ടിവന്നാല്‍ ഒരു രണ്ടാം വിമോചനസമരത്തിലൂടെ നേരെയാക്കാന്‍ ആ സാധുക്കളും സാധാരണക്കാരുമായ ആന്റി കമ്യൂണിസ്റ്റുകള്‍ തയ്യാറാകാതിരിക്കയില്ല എന്നു വ്യക്തമായി ഞാന്‍ കണ്ടു. തന്മൂലം മന്നംപ്രഭൃതികള്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും, പള്ളിപ്രമാണികള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വിമോചനസമരത്തിന്റെ മുന്‍നിരയില്‍ നിന്നുകൊണ്ട് ജനസഹസ്രങ്ങള്‍ക്ക് വഴിയും വെളിച്ചവും കാട്ടിക്കൊടുക്കാന്‍ ഞാന്‍ കച്ചകെട്ടിയിറങ്ങി. പുരോഗമനാശയങ്ങളുള്ള എല്ലാ കമ്യൂണിസ്റ്റിതരരും ഏതാണ്ട് ഈ നയവിശേഷംതന്നെയാണ് വിമോചനസമരവേളയില്‍ സ്വീകരിച്ചത്. കമ്യൂണിസ്റ്റ് മാര്‍ജാരന്റെ നഖം മുറിക്കാനും ജന്മി-മുതലാളി-സ്ഥാപിതതാത്പര്യക്കാരുടെ പല്ലു പറിക്കാനും ഈ പരിപാടിയല്ലാതെ മറ്റൊന്നുംതന്നെ അന്ന് പ്രായോഗികമായിരുന്നില്ല.

എന്റെ ആ നയം ദൂരക്കാഴ്ചയുള്ളതായിരുന്നുവെന്നു പിന്നീടുണ്ടായ പ്രതിഭാസം തെളിയിച്ചു. കമ്യൂണിസ്റ്റുകാര്‍ കൊണ്ടുവന്ന ഭൂനിയമത്തെ തകര്‍ക്കാന്‍ 1959-ല്‍ വിമോചനസമരം നയിച്ച ഭാരതകേസരി മന്നത്തു പത്മനാഭനെ മയൂരസിംഹാസനത്തിലിരുത്തിയ അതേ കര്‍ഷകര്‍തന്നെയാണ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കൊട്ടിയൂര്‍ മേല്‍ച്ചാര്‍ത്ത് റദ്ദാക്കാന്‍ അദ്ദേഹത്തിനെതിരായി ഗര്‍ജിച്ചത്. സ്വകാര്യ സ്‌കൂള്‍ മാനേജര്‍ തുടങ്ങിവെച്ച വിമോചനസമരത്തെ സഹായിക്കാന്‍ അന്ന് 'ഒരണസമരം' തുടങ്ങിയ വിദ്യാര്‍ഥികള്‍തന്നെയാണ് കോളജ് മാനേജര്‍ക്കെതിരേ ഫീസേകീകരണസമരം സംഘടിപ്പിച്ചത്. ഈ രണ്ടു സമരങ്ങളെയും ഞാന്‍ സഹായിച്ചു.

വിമോചനസമരത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മിക്ക സമ്മേളനങ്ങളിലും മന്നത്തു പത്മനാഭനോടൊപ്പം ഞാനും പ്രസംഗിച്ചിരുന്നു. ലക്ഷങ്ങള്‍ പങ്കെടുത്ത തൃശൂര്‍, പാലക്കാട്, കൊല്ലം സമ്മേളനങ്ങളില്‍ പ്രസംഗിക്കവേ കമ്യൂണിസ്റ്റുകാര്‍ കൊണ്ടുവന്ന ഭൂനിയമത്തെ തുരങ്കംവെക്കാന്‍ ജന്മികളും ഭൂവുടമകളും ഗൂഢാലോചന നടത്തരുതെന്നും, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്‍ അറബിക്കടലില്‍ എറിഞ്ഞശേഷം ആധ്യാപകരെ ചൂഷണം ചെയ്യാമെന്നു മാനേജര്‍മാര്‍ സ്വപ്നം കാണരുതെന്നും, വിമോചനസമരം കമ്യൂണിസ്റ്റുകാര്‍ അഴിച്ചുവിട്ട ഭീകരാന്തരീക്ഷത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാനുള്ള കുരുക്ഷേത്രയുദ്ധംമാത്രമാണെന്നും ഉയര്‍ന്ന സ്വരത്തില്‍ ഞാന്‍ പ്രസംഗിക്കുകയും ജനക്കൂട്ടം കൈയടിക്കുകയും ചെയ്തപ്പോള്‍ മന്നത്തു പത്മനാഭന്റെ പ്രസന്നവദനത്തില്‍ പ്രകാശം കുറഞ്ഞുവരാറുണ്ടായിരുന്നു. ഈവിധം ഞാന്‍ പ്രസംഗിച്ചിരുന്നതുകൊണ്ട് എന്നെചില ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതെ നോക്കാനുള്ള രഹസ്യ ചരടുവലികളും അന്നു നടന്നിരുന്നു. വിരുദ്ധമുന്നണിക്കും സോഷ്യല്‍സ്‌കൗട്ടിനും ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന ചങ്ങനാശ്ശേരിയിലേക്കു വിമോചനസമരം രൂക്ഷതപ്രാപിച്ച സന്ദര്‍ഭത്തില്‍ എന്നെ ക്ഷണിക്കുകയുണ്ടായില്ല. വിദ്യാഭ്യാസ ബില്‍ വിരുദ്ധരും ഭൂനിയമവിരുദ്ധരും പള്ളിയും എന്‍.എസ്.എസ്സും ഒറ്റക്കരളായി നീങ്ങുന്ന ആ ഘട്ടത്തില്‍ എന്റെ സാന്നിധ്യം ഉപകാരത്തിലേറെ ഉപദ്രവം ചെയ്‌തെങ്കിലോ എന്ന് സംഘാടകപ്രമാണികള്‍ ഭയപ്പെട്ടിരുന്നു. തൃശൂര്‍ പട്ടണത്തിലെ മുതലാളികള്‍പോലും എന്നെ വിമോചനസമരവേദിയില്‍നിന്നു പുറംതള്ളാന്‍ ചില പാഴ്‌വേലകള്‍ നടത്തിയെന്നതും വിസ്മരിക്കത്തക്കതല്ല.

കമ്യൂണിസ്റ്റുകളുടെ അക്രമങ്ങള്‍ അടിക്കടി വര്‍ധിച്ചുവരികയായിരുന്നു. കലക്ടറേറ്റില്‍നിന്ന് ടൗണ്‍ സര്‍വീസ് ബസ്സില്‍ തൊഴിലാളി ഓഫീസിലേക്കു മടങ്ങിയിരുന്ന തൊഴിലാളി സഹപത്രാധിപര്‍ വര്‍ഗീസ് മേച്ചേരിയെ കമ്യൂണിസ്റ്റ് ഗുണ്ടകള്‍ ബസ് തടഞ്ഞുനിര്‍ത്തി കഠിനമായി മര്‍ദിച്ചു. ഞാനും സഹപ്രവര്‍ത്തകരും മേച്ചേരിയെ കൈത്തണ്ടയില്‍ താങ്ങി ആശുപത്രിയിലേക്കു കൊണ്ടുപോയി. ഭയംകൊണ്ടോ എന്തോ ഒരു ടാക്‌സിക്കാരനും ആ മര്‍ദിതനെ കാറില്‍ കയറ്റാന്‍ സമ്മതിച്ചില്ല.

സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയെപ്പറ്റി ഇനി കൂടുതല്‍ വിവരിക്കണമെന്നില്ലല്ലോ. വരന്തരപ്പിള്ളിയില്‍ കൂട്ടവധം നടന്നു. വേറെ പലതും. പൂര്‍വാധികം സുശക്തമായ ഒരു വോളണ്ടിയര്‍ സേനയെ കരുപ്പിടിപ്പിക്കുകയല്ലാതെ ജനങ്ങളില്‍ രക്ഷാബോധം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് പൂര്‍ണബോധ്യം വന്നു. കേരളത്തിലെ സമാധാനപ്രേമികള്‍ ചേര്‍ന്ന് അഞ്ചു ലക്ഷം അംഗങ്ങളുള്ള ഒരു 'ശാന്തിസേന' ഉണ്ടാക്കണം എന്നു ഞാന്‍ ആഹ്വാനംചെയ്തു. ആ ആവശ്യം മുന്‍നിര്‍ത്തി ജനഹൃദയങ്ങളില്‍ പ്രചോദനം ജനിപ്പിക്കാനായി ഞാന്‍ അനിശ്ചിതകാലത്തേക്ക് ഉപവാസമാരംഭിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിനു യുവജനങ്ങള്‍ ശാന്തിസേനാപ്രതിജ്ഞയില്‍ ഒപ്പുവെക്കാന്‍ തുടങ്ങി. കുമ്പളം, പനമ്പിള്ളി മുതലായ നേതാക്കളടക്കം ആയിരക്കണക്കിനു ജനങ്ങള്‍ എന്നെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ആറാംദിവസം എക്‌സ്​പ്രസ് പത്രാധിപര്‍ കൃഷ്ണന്‍ തന്ന നാരങ്ങാനീര്‍ കുടിച്ച് ഞാന്‍ ഉപവാസം നിര്‍ത്തി. കോണ്‍ഗ്രസ്-പി.എസ്.പി, ലീഗ് നേതാക്കള്‍ തന്ന സംയുക്തമായ ഉറപ്പിനെ തുടര്‍ന്നാണ് ഉപവാസം പിന്‍വലിച്ചത്. അപ്പോഴേക്കും രണ്ടു ലക്ഷത്തിലധികം പേര്‍ ശാന്തിസേനാപ്രതിജ്ഞയില്‍ ഒപ്പുെവച്ചിരുന്നു.

അങ്കമാലി, ചെറിയതുറ, വെട്ടുകാട് കേന്ദ്രങ്ങളിലെ വെടിവെപ്പുകളെത്തുടര്‍ന്ന് വിമോചനസമരാഗ്നി ആളിക്കത്തി. സ്ത്രീകള്‍ വഹിച്ച പങ്കായിരുന്നു വിമോചനസമരത്തിലെ വീരോചിതചിത്രം. വിദ്യാര്‍ഥികള്‍ കാണിച്ച ധീരോദാത്തതയും വിസ്മരിക്കത്തക്കതല്ല. ആയിടെ കേരളം സന്ദര്‍ശിച്ച സുചേതാ കൃപലാനി പല മഹിളായോഗങ്ങളിലും പ്രസംഗിച്ചു. ഞാനും ഒപ്പമുണ്ടായിരുന്നു. അമ്മമാരും പെങ്ങള്‍മാരും ആയിരക്കണക്കിനു അണിനിരന്ന ആ രംഗം കണ്ടു സുചേതാ അദ്ഭുതസ്തബ്ധയായി. ഈ അനുഭവംതന്നെയാണ് കേരളം സന്ദര്‍ശിച്ച ഇന്ദിരാഗാന്ധിക്കും വി.കെ. കൃഷ്ണമേനോനും ധേബാറിനും എല്ലാ ഉണ്ടായത്. തൃശ്ശൂരില്‍വെച്ച് ധേബാര്‍ എന്നെ ആലിംഗനം ചെയ്തു. സുചേതാ കൃപലാനി കൂടുതല്‍ കൂടിയാലോചനകള്‍ക്കായി എന്നെ ഡല്‍ഹിക്കു ക്ഷണിച്ചു.

കൂട്ടത്തില്‍ ഒരു സത്യം വെട്ടിത്തുറന്നു പറയട്ടെ. കമ്യൂണിസ്റ്റുകാര്‍ പല സ്ഥലത്തും അക്രമം ചെയ്തുവെന്നതു ശരിതന്നെ. പക്ഷേ, അങ്കമാലിയില്‍ വെടിനടക്കാന്‍ കാരണമുണ്ടായതു വിമോചനസമരക്കാര്‍ ആയിരുന്നുവെന്നു പിന്നീട് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. മദ്യപിച്ചു ബോധംകെട്ട നൂറുകണക്കിനാളുകള്‍ പോലീസ് സ്റ്റേഷനിലേക്ക് തുരുതുരാ കല്ലേറു നടത്തിയപ്പോള്‍ സഹികെട്ട് പോലീസുകാര്‍ വെടിെവച്ചതാണവിടെ. വെടിയേറ്റ ഒരാള്‍ തൃശൂര്‍ ആശുപത്രിയില്‍ കിടന്നാണു മരിച്ചത്. കണ്ണടയ്ക്കുംമുന്‍പേ ആ ചെറുപ്പക്കാരന്‍ ആവേശപൂര്‍വം എന്നോടു പറയുകയാണ്: 'അച്ചോ, ഞാന്‍ മരിച്ചോട്ടെ; എന്നാലും വിമോചനസമരം നമുക്ക് വിജയിപ്പിക്കണം.' അങ്കമാലിയില്‍ വെടിവെപ്പു നടന്നുവെന്ന് കെ.സി. കിടങ്ങൂര്‍ ഫോണില്‍ എന്നെ അറിയിച്ചു. ഞാനങ്ങോട്ട് ഓടിച്ചെന്നു. അപ്പോഴേക്കും മൃതദേഹങ്ങള്‍ മാറ്റിക്കഴിഞ്ഞിരുന്നു. അങ്കമാലിപ്രദേശമാകെ ശോകമൂകമായിരുന്നു. അനുശോചനപ്രസംഗം നടത്തി പനമ്പിള്ളിയും മത്തായി മാഞ്ഞൂരാനും ഞാനും വെല്ലിങ്ടനും മടങ്ങി.

വരന്തരപ്പിള്ളിസംഭവത്തിനും കളമൊരുക്കിയത് കമ്യൂണിസ്റ്റുകളല്ലായിരുന്നുവെന്ന് പിന്നീടു മനസ്സിലായി. വിമോചനസമരക്കാരില്‍പ്പെട്ട ചില ചട്ടമ്പികള്‍ കുടിച്ചു ലക്കില്ലാതെ ഒരു കമ്യൂണിസ്റ്റ് ജാഥയെ കടന്നാക്രമിക്കുകയാണുണ്ടായത്. രക്ഷയില്ലെന്നു കണ്ടപ്പോള്‍ അവര്‍ കഠാരയെടുത്തു കാച്ചി. അങ്ങനെയാണ് ആറേഴുപേര്‍ വരന്തരപ്പിള്ളിയില്‍ മരിച്ചത്.

വെട്ടുകാടും മറ്റും നടന്ന വെടിവെപ്പുകളുടെ പശ്ചാത്തലം ഞാന്‍ ശരിക്കു പഠിച്ചിട്ടില്ല. ഒരു കാര്യം സത്യമാണ്. കമ്യൂണിസ്റ്റ്ഗുണ്ടകളും വിമോചനസമരഗുണ്ടകളും അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടലുകള്‍ നടത്തിയെങ്കിലും പോലീസ് പൊതുവില്‍ നിഷ്പക്ഷതയും നിത്യജാഗ്രതയുമാണ് കാണിച്ചിരുന്നത്. എല്ലാ പ്രകോപനങ്ങളെയും അവര്‍ ക്ഷമയോടെ സമീപിച്ചു. തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന പിക്കറ്റിങ്ങിന്റെ ചിത്രം ഞാനോര്‍ക്കുകയാണ്. അയ്യായിരത്തോളം സ്ത്രീപുരുഷന്മാരാണ് പിക്കറ്റു ചെയ്യാന്‍ ചെന്നത്. സായുധപോലീസ് പടിക്കല്‍ നിരന്നുനില്ക്കുന്നു. സ്ത്രീകള്‍ ഇരച്ചുകയറി പോലീസിന്റെ ബെല്‍റ്റില്‍ പിടിച്ചുതള്ളുന്നത് ഞാന്‍ കണ്ടു. ഇന്നാണ് പോലീസുകാരുടെ ബെല്‍റ്റു പിടിച്ച് ഉന്തുന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതി.

ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ശുദ്ധഗതിക്കാരായ സ്ത്രീകള്‍! അന്നു കുറെ കഴിഞ്ഞപ്പോള്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടായിരത്തോളം സ്ത്രീകള്‍ കലക്ടറേറ്റിനു മുന്‍പില്‍ ഇരിപ്പായി. തോക്കുപിടിച്ചു പോലീസ് ചുറ്റം വളഞ്ഞുനിന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞു. അപ്പോള്‍ ആ സ്ത്രീകള്‍ കരുതി ആ സ്ഥലത്തുതന്നെ കുറച്ചുദിവസം പാര്‍പ്പിക്കുമെന്ന്. ഒരമ്മൂമ്മ എന്നോട് ചോദിക്കുകയാണ്, 'അച്ചോ, നാളെക്കാലത്ത് അച്ചന്‍ ഇവിടെ കുര്‍ബാന ചൊല്ലിത്തരുമോ?' എന്ന്. എന്നും കുര്‍ബാനയില്‍ സംബന്ധിക്കുന്ന ആ അമ്മയുടെ അടിയന്തരാവശ്യം അതായിരുന്നു. 'ചൊല്ലാം അമ്മൂമ്മേ, സമാധാനമായിട്ടിരിക്ക്,' ഞാന്‍ ആശ്വസിപ്പിച്ചു.

ആ സമരക്കാലത്ത് കലക്ടറേറ്റിന്റെ മുന്‍പിലുള്ള ഒഴിഞ്ഞ പറമ്പില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത വനിതകള്‍ക്കുവേണ്ടി ഞാന്‍ കുര്‍ബാന ചൊല്ലിയിരുന്നുവെങ്കില്‍ സകല മെത്രാന്മാരും എന്നെ അനുമോദിക്കുമായിരുന്നു. പക്ഷേ, 12 കൊല്ലം കഴിഞ്ഞ് നാലയ്യായിരം സ്ത്രീകളും ദശസഹസ്രക്കണക്കില്‍ പുരുഷന്മാരും നോക്കിനില്‌ക്കേ ഞാനൊരു കുര്‍ബാന ചൊല്ലിയപ്പോള്‍ ആകെ പിശകായി. ഇടര്‍ച്ചയായി! ശിക്ഷയായി!

കമ്യൂണിസ്റ്റുകാര്‍ക്കെതിരായി പ്രസംഗിച്ചപ്പോള്‍ മെത്രാന്മാര്‍ എന്നെ അനുഗ്രഹിച്ചു! കുടിയിറക്കിനും മേല്‍ച്ചാര്‍ത്തിനും എതിരായി പ്രസംഗിച്ചപ്പോള്‍ അവരെന്നെ നിരോധിച്ചു. കമ്യൂണിസത്തിനെതിരായി എഴുതിയപ്പോള്‍ അവരെന്നെ സഹായിച്ചു. കോണ്‍ഗ്രസ്സിനെതിരായി എഴുതിത്തുടങ്ങിയപ്പോള്‍ അവരെന്നെ ശിക്ഷിച്ചു.

ആ കഥകളൊക്കെ ഉടനെ ഞാന്‍ വിശദമായി പറയാം. ഇപ്പോള്‍ വിമോചനസമരത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ത്തന്നെ നില്ക്കട്ടെ. കമ്യൂണിസ്റ്റ് മന്ത്രിമാര്‍ കമ്യൂണിസ്റ്റിതരരും പ്രതിപക്ഷപ്രവര്‍ത്തകരുമായി ഭാഷണബന്ധം പുലര്‍ത്തി ഭരണം നടത്തുകയും താഴെ നിരപ്പിലെ ലക്കും ലഗാനുമില്ലാത്ത അനുയായികളെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് അഴിച്ചുവിടാതെ നിയന്ത്രിച്ചുനിര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ വിമോചനസമരം ശക്തിപ്പെടുമായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. അതുപോലെ കാലാനുകൂലമായ ഭൂപരിഷ്‌കാരങ്ങളെയും വിദ്യാഭ്യാസപരിഷ്‌കാരങ്ങളെയും സംസ്‌കാരോചിതമായ സ്വീകരണമനഃസ്ഥിതിയോടെ കാണാന്‍ ജന്മികള്‍ക്കും സ്‌കൂള്‍ മാനേജര്‍മാര്‍ക്കും കഴിഞ്ഞിരുന്നുവെങ്കില്‍ 'ശഠനോടു ശാഠ്യം' എന്ന പ്രമാണംവെച്ച് തെരുവിലിറങ്ങാന്‍ കമ്യൂണിസ്റ്റുകള്‍ ഒരുങ്ങുമായിരുന്നില്ല. എന്തിനിതൊക്കെ പറയുന്നു? കഴിഞ്ഞതെല്ലാം കഴിഞ്ഞു.

മന്ത്രിസഭ 1959 ജൂലായ് 31 നാണല്ലോ പിരിച്ചുവിട്ടത്. ആ കര്‍ക്കടകത്തിലെ മഴത്തുള്ളികള്‍ക്ക് നല്ല ചൂടുണ്ടായിരുന്നു. തൃശൂരില്‍ പൂമല കുരിയനെന്ന വോളണ്ടിയറെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നു. അടുത്ത ദിവസം പൈലപ്പനെന്ന കമ്യൂണിസ്റ്റുകാരനെ വിമോചനസമരക്കാരും കുത്തിക്കൊന്നു. പൈലപ്പന്റെ വധത്തെക്കുറിച്ച് എനിക്കോ വെല്ലിങ്്ടനോ സത്യമായും യാതൊരറിവും ഉണ്ടായിരുന്നില്ല. അറിഞ്ഞിരുന്നു എങ്കില്‍ ഞങ്ങള്‍ അതിനു സമ്മതിക്കുമായിരുന്നില്ല. തികച്ചും സമാധാനപരമായി സമരം ചെയ്യണമെന്നു ഞങ്ങള്‍ ശപഥം ചെയ്തിരുന്നു. പകരത്തിനുപകരം തല്ലാന്‍ വിമോചനസമരവേളയില്‍ ഞാനോ വെല്ലിങ്ടനോ ആരോടും ഉപദേശിച്ചിട്ടില്ല. അരിയങ്ങാടിയിലെ സി.ഡി. ഫ്രാന്‍സിസിന്റെ പീടികയില്‍ ചില കമ്യൂണിസ്റ്റ് ഗുണ്ടകള്‍ എത്തുകയും ദേഹോപദ്രവങ്ങള്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഞാന്‍ ഭദ്രാസനദൈവാലയത്തില്‍നിന്ന് ഓടിയെത്തുകയും ആദ്യം കൈയില്‍ കിട്ടിയ ഒരാളുടെ ചെകിടിന് ഒരടികൊടുക്കുകയും ചെയ്തു. അപ്പോഴത്തെ കോപാന്ധതയില്‍ വന്ന ഒരപാകതയായിരുന്നു അത്. അന്നു രാത്രി അതിഭയങ്കരമായ ഒരു പന്തംകൊളുത്തിപ്രകടവും ഞങ്ങള്‍ നടത്തി. പിന്നീട് തൃശൂര്‍ പട്ടണം ഒരുവിധം ശാന്തമായി. വഴിയാത്രക്കാരെ ആക്രമിക്കുക, പീടിക കയ്യേറുക മുതലായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കു ശമനം കിട്ടി.

പൈലപ്പന്റെ മരണത്തെത്തുടര്‍ന്ന് വളരെ ക്ലേശിക്കേണ്ടിവന്നത് വെല്ലിങ്ടനാണ്. അദ്ദേഹത്തെ ഒന്നാംപ്രതിയാക്കി പോലീസ് കൊലക്കേസ് ചാര്‍ജു ചെയ്തു. അറസ്റ്റില്‍പ്പെടാതെ പ്രവര്‍ത്തനം തുടരാനായി ഞാന്‍ വെല്ലിങ്ടനെ സ്ഥലംമാറ്റി. മതിലകത്തിനു പടിഞ്ഞാറ് കടലോരത്തെ വേലാണ്ടിയുടെ വീട്ടില്‍ മുടിയും താടിയും കളഞ്ഞു വെല്ലിങ്്ടണ്‍ ഒളിച്ചിരിപ്പായി.

മന്ത്രിസഭ ഡിസ്മിസ് ചെയ്യപ്പെടുകയും പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ഘട്ടത്തില്‍ പല സ്ഥലത്തും കമ്യൂണിസ്റ്റുകാര്‍ അക്രമങ്ങള്‍ നടത്തി. വിമോചനസമരസമിതിയുടെ ജില്ലാ പ്രസിഡന്റും ഡി.സി.സി. പ്രസിഡന്റുമായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ആക്രമണത്തിനു വിധേയനായത് ആ അവസരത്തിലാണ്.

അടുത്ത ദിവസം ഞാന്‍ പോലീസ് ഐ.ജി. കൃഷ്ണമേനോനെ ചെന്നുകണ്ടു. വെല്ലിങ്്ടന്റെ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കാമെന്ന് അദ്ദേഹം ഏറ്റു. ക്രൈംബ്രാഞ്ചുകാര്‍ സത്യം കണ്ടെത്തി. വെല്ലിങ്്ടനെ കൊലക്കേസില്‍നിന്ന് ഒഴിവാക്കി. ഞാന്‍ ഉടനെ മതിലകത്തു പോയി. ഓലപ്പുറം ഫ്രാന്‍സിസ് വെല്ലിങ്്ടനെ കൊണ്ടുവന്നു. കെ. കരുണാകരന്‍, പി.പി. ജോര്‍ജ് എന്നിവരും എന്നോടൊപ്പം ഉണ്ടായിരുന്നു.

വിമോചനസമരം തീര്‍ന്നതോടെ തൊഴിലാളി ദിനപ്പത്രത്തിന്റെ കടം വര്‍ധിച്ചു. ആവേശം മൂത്തപ്പോള്‍ ഞാന്‍ പല പുതിയ പദ്ധതികളും നടപ്പാക്കിയിരുന്നു. ഇംഗ്ലീഷില്‍ കേരള ടെംപസ്റ്റ് എന്ന പേരില്‍ ഒരു വാരിക തുടങ്ങി. തൊഴിലാളി ചൂടുള്ള വാര്‍ത്തകളോടെ ഒരു സായാഹ്നപ്പതിപ്പ് ആരംഭിച്ചു. സാമ്പത്തികസഹായം ചെയ്യാന്‍ പറയത്തക്ക ആരുമുണ്ടായിരുന്നില്ല.

ആരെയും ഞാന്‍ അഭിമാനം വിട്ട് ആശ്രയിക്കാനും പോയില്ല. ഒരു നയാപ്പൈസപോലും അമേരിക്കയില്‍നിന്ന് ഞാന്‍ സ്വീകരിച്ചില്ല. വന്‍കിട മുതലാളികളുടെ സംഭാവനകള്‍ അരമനവഴിക്കാണ് ശേഖരിച്ചിരുന്നത്. അമേരിക്കയില്‍നിന്ന് ആ അവസരത്തില്‍ ലക്ഷക്കണക്കിനു ഡോളര്‍ വരുത്തിയവരെ എനിക്കറിയാം. കേരളത്തിലെ ഒരു വൈദികന്‍ അമേരിക്കയില്‍ ചെന്ന് ഫാദര്‍ വടക്കന്‍ എന്ന പേരില്‍ ചുറ്റിക്കറങ്ങി ലക്ഷക്കണക്കിനു ഡോളര്‍ പിരിച്ചു. 1965-ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ എനിക്കതു മനസ്സിലായി. അങ്ങനെ വന്‍തുകകള്‍ പിരിക്കാനുള്ള സാധ്യതകള്‍ അന്നുണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍ എന്റെ ആന്റി കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് മുതലായ വന്‍കിട പത്രങ്ങളില്‍ പല റിപ്പോര്‍ട്ടുകളും വരാറുണ്ടായിരുന്നു. ആ പത്രങ്ങളുടെ ഡല്‍ഹിയിലെ ലേഖകന്മാര്‍ പലതവണ എന്നെ കണ്ടു സംഭാഷണം നടത്തിയിരുന്നു.

തൊഴിലാളിക്ക് ആ ഘട്ടത്തില്‍ 29,000 രൂപ കടമുണ്ടായിരുന്നുവെന്നാണ് എന്റെ ഓര്‍മ. കടക്കാര്‍ ശരണംകെടുത്താന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ 30,000 രൂപയുടെ ധനസഹായത്തിനായി ഒരപേക്ഷ മാര്‍പാപ്പയ്ക്ക് അയച്ചു. ഭാഗ്യവശാല്‍ ആ അപേക്ഷ സ്വീകരിക്കപ്പെടുകയും സംഖ്യ വരുകയും ചെയ്തു. തൃശൂര്‍ ബിഷപ്പു മുഖേനയാണ് ആ സംഭാവന തൊഴിലാളിക്കു വന്നത്. ഒന്നുരണ്ട് ഉദാരമനസ്‌കരായ കടക്കാര്‍ സംഖ്യ പിന്നീട് തന്നാല്‍ മതിയെന്ന് സമ്മതിച്ചു. അതുകൊണ്ട് തൊഴിലാളി സ്ഥലം വാങ്ങി. റോമില്‍നിന്ന് കിട്ടിയ രൂപയല്ലേ, ആ പുതിയ സ്ഥലം തൃശ്ശൂര്‍ മെത്രാന്റെ പേരിലാവട്ടെ എന്നു ഞാന്‍ കരുതി. ബിഷപ്പ് മനസ്സില്ലാമനസ്സോടെ അത് സമ്മതിക്കുകയും ചെയ്തു. അതുകൊണ്ടാണ് തൊഴിലാളിയുടെ അടിസ്ഥാനഭൂമി മെത്രാന്റെയും പിന്നീടു നിര്‍മിച്ച കെട്ടിടം തൊഴിലാളിയുടേയുമായിത്തീരാന്‍ ഇടവന്നത്. കടംവന്നപ്പോള്‍ 1978-ല്‍ അതു വിറ്റു. പത്രം നിര്‍ത്തുകയും ചെയ്തു.

ഫാദര്‍ ജോസഫ് വടക്കന്റെ ആത്മകഥ 'എന്റെ കുതിപ്പും കിതപ്പും' വാങ്ങാം