മാര്‍ച്ച് 30 ഒ.വി. വിജയന്റെ ഒമ്പതാം ശ്രാദ്ധദിനമാണ്. മലയാളഗദ്യത്തിലെ എക്കാലത്തേയും വിസ്മയമായ വിജയനെ തന്റെ ഗുരുനാഥന്‍ എന്ന നിലയ്ക്ക് ഓര്‍മിക്കുകയാണ് ലേഖകന്‍


അമ്പത്തൊമ്പത് വര്‍ഷം മുമ്പ് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍, ജൂണ്‍
മാസത്തിലെ ഒരു ജൂനിയര്‍ ഇന്റര്‍മീഡിയറ്റ് ക്ലാസ്. ഒന്നാമത്തെ പീരിയഡ് ഇംഗ്ലീഷ്.
ഇരുനിറത്തില്‍ മെലിഞ്ഞുനീണ്ട (താടിയും മുടിയും അന്ന്
നീട്ടിവളര്‍ത്തിയിരുന്നില്ല!)
സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ക്ലാസ്സിലേക്ക് ഒഴുകിവന്നു. ''ഒരു പാവം മാഷ്'', ഞങ്ങള്‍ പിറുപിറുത്തു. നൂറ്റമ്പതോളം കുട്ടികളുള്ള ക്ലാസ്സ്. ഹര്‍ഷാരവത്തോടെ ആ സുസ്‌മേരവദനനെ
എതിരേറ്റു.
വിദ്യാര്‍ഥികളില്‍ ആരോ പേരന്വേഷിച്ചു. സ്ത്രൈണഭാവത്തില്‍, പതിഞ്ഞ സ്വരത്തിലായിരുന്നു മറുപടി: ''ഒ.വി.
വിജയന്‍''. ആ പേര് എവിടെയോ വായിച്ചതാണല്ലോ? 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലാണോ, അല്ല 'ജയകേരളം' വാരികയിലോ?
ചെറുകഥകളെഴുതുന്ന
ആ ഒ.വി. വിജയന്‍ തന്നെയാണോ ഇദ്ദേഹം? ക്ലാസ് കഴിഞ്ഞിറങ്ങുമ്പോള്‍ സംശയം തീര്‍ക്കാന്‍ ഞാന്‍ പിന്നാലെ ചെന്നു: 'അതെ'യെന്ന് തലയാട്ടി.
'മൈനര്‍ പോയംസ്'
ആണ് വിജയന്‍ മാസ്റ്റര്‍ പഠിപ്പിച്ചിരുന്നത്. തോമസ് ഗ്രേയുടെ വിശ്രുതമായ
'എലിജി റിട്ടണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്ച്യാഡ് ' എടുക്കും
മുമ്പ് വിലാപകാവ്യങ്ങളെപ്പറ്റി ഹ്രസ്വമായ ഒരു മുഖവുര.
പിന്നെ മാസ്റ്റര്‍ കവിത വിസ്തരിച്ച് വ്യാഖ്യാനിച്ചുതന്നു. വിലാപകാവ്യങ്ങളെക്കുറിച്ച് പറയവെ 'പ്രരോദന'വും 'കണ്ണുനീര്‍ത്തുള്ളി'യും 'രമണനും' കടന്നുവന്നു. വൈലോപ്പിള്ളിക്കവിതകളോടായിരുന്നു മാസ്റ്റര്‍ക്ക്
ഏറെ മമത. ഉറൂബായിരുന്നു ഏറ്റവും പ്രിയപ്പെട്ട കഥാകൃത്ത്. പിന്നീടുള്ള നാളുകളില്‍ വിജയന്‍ മാസ്റ്ററുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞു.
അദ്ദേഹം അധ്യാപകനായിരിക്കെ ഒരിക്കല്‍ കോളേജിലെ സാഹിത്യമണ്ഡലത്തിന്റെ ഉദ്ഘാടകനായി ഉറൂബിനെയും അധ്യക്ഷനായി സുകുമാര്‍ അഴീക്കോടിനെയും പങ്കെടുപ്പിച്ചു. നേതൃത്വം നല്‍കിയിരുന്നത്
വിദ്വാന്‍ സൂര്യമുന്‍ഷിയും (സഞ്ജയന്റെ 'കുസൃതിഡിപ്പോ'യിലെ പ്രമുഖംഗം) കവിയും മലയാളം പ്രൊഫസറുമായ ആര്‍. രാമചന്ദ്രനും
വിജയന്‍ മാസ്റ്ററുമായിരുന്നു. കവിതയും കഥയും ഉപന്യാസവും അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിച്ചിരുന്നു.
1955 ജൂണ്‍ മുതല്‍ 1956 മാര്‍ച്ച് വരെ ഒ.വി. വിജയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ലക്ചററായിരുന്നു. ശരാശരി നിലവാരം പുലര്‍ത്തുന്ന അധ്യാപനം. ഷര്‍ട്ടും ഓവര്‍കോട്ടും ടൈയും പാന്റ്സും തടിച്ച ഫ്രെയിമുള്ള കണ്ണടയുമായിരുന്നു വേഷഭൂഷാദികള്‍. മുത്തച്ഛനാണ്
തന്നെ ഏറ്റവും സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ('തലമുറകള്‍' എന്ന
നോവലിന്റെ സമര്‍പ്പണം: 'കാര്യപ്രാപ്തിയുടെ വിഭക്തിയെ അവഗണിച്ച്, സ്‌നേഹത്തിന്റെ ഭക്തിയില്‍ എന്നെ കൂട്ടിലിട്ട് വളര്‍ത്തിയ ലോലഹൃദയനായ അച്ഛന്, വലിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെടുത്തിയ, അത് ഒരു ശീലമാക്കിയ മുത്തച്ഛന്') എന്‍.വി. കൃഷ്ണവാരിയരും എം. ഗോവിന്ദനുമായിരുന്നു മാസ്റ്ററുടെ
ആചാര്യന്മാര്‍. പി.ടി. ഭാസ്‌കരപ്പണിക്കര്‍ക്കും എ.കെ.ജി.ക്കും വിജയന്‍ മാസ്റ്ററെ വളരെ ഇഷ്ടമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
പല സാഹിതീയമേളകള്‍ക്കും ശിഷ്യന്മാരെ മാസ്റ്റര്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. മടങ്ങുമ്പോള്‍ മിഠായിത്തെരുവിലെ ലക്കിസ്റ്റാറില്‍നിന്ന് ചായയും കട്ട്ലറ്റും. ഉറൂബ്, എന്‍.വി.
കൃഷ്ണവാരിയര്‍, ഇടശ്ശേരി, അക്കിത്തം, തിക്കോടിയന്‍
എന്നീ പ്രഗല്ഭമതികളെ പരിചയപ്പെടുത്തിത്തന്നു. കോളേജിലെ ചില്ലിട്ട ചുമര്‍പത്രം
(ആഴ്ചതോറും) ഞങ്ങള്‍ക്കുവേണ്ടി മാസ്റ്റര്‍ ഏര്‍പ്പെടുത്തി.
വിദ്യാര്‍ഥികളുടെ രചനകള്‍ അതില്‍ വെളിച്ചംകണ്ടു.
മനോഹരമായ ചിത്രങ്ങളും കാര്‍ട്ടൂണുകളും മാസ്റ്റര്‍ വരച്ചുചേര്‍ത്തു. 'മലയാള കവിത
നൂറ്റാണ്ടുകളിലൂടെ' എന്ന ഒരു ചിത്രീകരണം തയ്യാറാക്കി
വാര്‍ഷികത്തിന് ഞങ്ങളെ ക്കൊണ്ടവതരിപ്പിച്ചു.
'ഒരു യുദ്ധത്തിന്റെ ആരംഭം' എന്ന നീണ്ടകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകൃതമായത് അക്കാലത്താണ്.
(ഒക്ടോബര്‍ 9, 1955). ഒരു
സന്ധ്യയ്ക്ക് മാസ്റ്ററുടെ ചെറിയ വാടകവീട്ടില്‍വെച്ച് പ്രസ്തുത
കഥയുടെ കൈയെഴുത്തുപ്രതി കൗതുകപൂര്‍വം വായിച്ചതോര്‍മയിലെത്തുന്നു. കുനുകുനുന്നനെയുള്ള കൈയക്ഷരം; ചില പോറലുകളും.
ക്രിസ്ത്യന്‍ കോളേജില്‍നിന്ന് പിരിച്ചുവിട്ടപ്പോള്‍ നേരെ
ഖസാക്കിന്റെ മൂലഗ്രാമമായ തസ്റാക്കിലേക്കാണ് (പാലക്കാട് ജില്ല) വിജയന്‍ മാസ്റ്റര്‍ യാത്രതിരിച്ചത്. 1956 ഏപ്രിലില്‍ രചനയാരംഭിച്ചിരുന്ന
'ഖസാക്കിന്റെ ഇതിഹാസം' 1968-ല്‍ പൂര്‍ത്തിയാക്കി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആ
നോവല്‍ വരാന്‍ തുടങ്ങി.
കുരുടനായ കടച്ചിക്കൊല്ലന്റെ കുടിലില്‍ വേദാന്തം പഠിക്കാന്‍ ചെന്ന ഖസാക്കിലെ
തുന്നല്‍ക്കാരന്‍ മാധവന്‍
നായരെ കോഴിക്കോട് ബാങ്ക് റോഡില്‍ ക്ഷൗരക്കട നടത്തിയിരുന്ന കേളനില്‍നിന്നാണ് അദ്ദേഹം കണ്ടെത്തിയത്.
അവസാനമായി മാസ്റ്ററെ കണ്ടത് സഹോദരിയും കവയിത്രിയുമായ ഒ.വി. ഉഷയുടെ കോട്ടയത്തുള്ള വീട്ടില്‍ വെച്ചായിരുന്നു. പാര്‍ക്കിന്‍സണ്‍
രോഗത്തിന്റെ കരവലയത്തിലായിരുന്നു എന്റെ ഗുരുനാഥന്‍. അവിടെക്കഴിഞ്ഞ മൂന്നുമണിക്കൂറുകള്‍ ജീവിതത്തിലെ ധന്യ നിമിഷങ്ങള്‍! അധ്യാപന കാലം അദ്ദേഹത്തിന് മധുരനൊമ്പരമായിരുന്നു. ഞാന്‍ ആദരപൂര്‍വം നീട്ടിയ 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ ഇങ്ങനെ എഴുതി: 'അനുഗ്രഹത്തോടെ - വിജയന്‍'.