അനേകം ചോദ്യങ്ങള്‍ക്ക് ആത്മഹത്യകൊണ്ട് തിരശ്ശീലയിട്ട എഴുത്തുകാരി രാജലക്ഷ്മി വിടപറഞ്ഞിട്ട്
ജനവരി 18ന് 50 വര്‍ഷം തികയുന്നു. പുതിയ തലമുറയ്ക്ക് അവിശ്വസനീയമാണ് രാജലക്ഷ്മിയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ പലതും. അതേക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുന്നു

സ്ത്രീയുടെ സംഘര്‍ഷഭരിതമായ മനസ്സിന്റെയും സങ്കീര്‍ണ്ണമായ ബോധത്തിന്റെയും തീക്ഷ്ണമായ ആവിഷ്‌കാരങ്ങള്‍ മലയാള ആഖ്യാനാത്മക സാഹിത്യത്തില്‍ ആദ്യമായി നിര്‍വ്വഹിച്ച എഴുത്തുകാരിയാണ് രാജലക്ഷ്മി.

വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍, ബാഹ്യജീവിതവുമായി സന്ധിചെയ്യാനാകാതെ ആന്തരിക ജീവിതത്തിന്റെ അസംഖ്യം സംഘര്‍ഷങ്ങളും ധര്‍മ്മസങ്കടങ്ങളും മുറിവുകളും ആത്മാവിലേറ്റുവാങ്ങിക്കൊണ്ട് തന്റെ ജീവിതത്തിന് സ്വയം വിരാമമിട്ട ഈ എഴുത്തുകാരിയുടെ ഓരോ കൃതിയും അവരുടെ ലൗകിക വ്യക്തിത്വവും രചനാവ്യക്തിത്വവും വേര്‍പ്പെടുത്താനാകാത്തവിധം ഒരൊറ്റ സത്തയായി പരിണമിച്ചതിന് ഉദാഹരണമാകുന്നു.ലൗകിക വ്യക്തിത്വവും രചനാവ്യക്തിത്വവും എഴുത്തുകാരില്‍ പൊതുവെ വേര്‍തിരിഞ്ഞു കാണുന്നു എന്നൊരര്‍ത്ഥം ഇപ്പറഞ്ഞതിനില്ല.

എങ്കിലും ലൗകികജീവിതത്തിലെ അഭാവങ്ങള്‍ പലതിനെയും മറക്കാനും മറികടക്കാനും പല വേദനകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സഹായിക്കുന്ന ഒന്നായി സര്‍ഗാത്മകവ്യക്തിത്വം പരിണമിക്കാറുണ്ട്.

ഭൂരിപക്ഷം പേരിലും ഈ പരിണാമം സംഭവിക്കുന്നു. എഴുത്തുജീവിതം എന്ന പറച്ചില്‍ വാസ്തവത്തില്‍ ഒരു മേനിപറച്ചിലല്ല.

അത് തീര്‍ത്തും മറ്റൊരു ജീവിതമാണെന്ന് നിര്‍ഘോഷിക്കുന്ന ഒരു വസ്തുത മാത്രമാണ്. ആത്മഹത്യയില്‍നിന്നും അസുന്ദര നരഹത്യയില്‍നിന്നും രക്ഷ നല്‍കുന്ന ദിവ്യശക്തി അതാണ് എഴുത്ത്. പക്ഷേ, രാജലക്ഷ്മിയെ സംബന്ധിച്ചിടത്തോളം വിധി നേരെ വിപരീതമായിരുന്നു. ജീവിതത്തിന്റെ വിട്ടുപോകലുകള്‍, ഉരുകിത്തീരലുകള്‍, ഉഗ്രവ്യഥകള്‍ ഇവയില്‍നിന്ന് അവരുടെ ലൗകികവ്യക്തിത്വത്തിനോ, രചനാവ്യക്തിത്വത്തിനോ മോചനമുണ്ടായില്ല.എഴുതാതെ ജീവിക്കാന്‍ കഴിയില്ല എന്ന ഘട്ടത്തിലാണ് രാജലക്ഷ്മി ആത്മഹത്യ ചെയ്തത്. ഇന്നത്തെ സമൂത്തിലാണ് രാജലക്ഷ്മി ജീവിച്ചിരുന്നതെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യുമായിരുന്നോ എന്ന് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. ഇല്ല എന്ന ഉറച്ച ഉത്തരത്തില്‍ എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ചുറ്റുപാടുമുള്ളവരെ വേദനിപ്പിക്കാന്‍ വയ്യ എന്നതായിരുന്നു രാജലക്ഷ്മിയുടെ നിസ്സഹായത. സ്ത്രീയുടെ എഴുത്തിനെ സംശയത്തോടെയും ആശങ്കകളോടെയും നോക്കിക്കൊണ്ടിരുന്ന അക്കാലത്ത് നോവലിലെ കഥാപാത്രങ്ങളുടെ ജീവിതബന്ധം അന്വേഷിക്കാനും ഈ അന്വേഷണം എഴുത്തുകാരിയുടെ നേര്‍ക്കുള്ള ആയുധമാക്കി മാറ്റാനും ആളുകള്‍ ശ്രമിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

എഴുത്തിനു വിഷയം മനുഷ്യജീവിതമായിരിക്കുന്പള്‍ അതില്‍ സ്വാഭാവികമായും എത്രയെത്ര സമാനതകള്‍ കടന്നുകൂടാം. എവിടെ, എന്തു കേട്ടാലും അത് തന്നെക്കുറിച്ചാണെന്നു ചിന്തിക്കുന്നത് മാനസികവിഭ്രാന്തിയില്‍ കവിഞ്ഞ് മറ്റൊന്നുമല്ല. അത്തരം മനോവിഭ്രാന്തികളെ അവഗണിക്കാന്‍ രാജലക്ഷ്മിക്ക് കഴിഞ്ഞില്ല. എതിര്‍ക്കാനും പൊരുതാനും കെല്പുള്ള ഒരു രചനാവ്യക്തിത്വമായിരുന്നില്ല രാജലക്ഷ്മിയുടേത്. ഇന്നത്തെ എഴുത്തുകാരികള്‍ ഒരിക്കലും ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നില്ല. ഒട്ടനേകം പ്രാതികൂല്യങ്ങളോട് പൊരുതിയിട്ടാണ് ഇന്നത്തെ സ്ത്രീ അതിജീവിക്കുന്നത്. എഴുത്ത് എന്ന അപരമായ അതിജീവനത്തിന്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല.

അവിടെ തന്നോടുപോലും അവള്‍ക്ക് പൊരുതേണ്ടതുണ്ട്. തനിക്ക് കഴിയില്ല എന്നുചിന്തിച്ച് പിന്‍വലിയാന്‍ ശ്രമിക്കുന്ന മനസ്സിനെ അതിശക്തമായി എഴുത്തിലേക്ക് പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. വാസ്തവത്തില്‍ ഇതത്ര നിസ്സാരമാണോ? ഒരിക്കലുമല്ല. ഇനി, പോരാടി ജയിച്ചുകഴിഞ്ഞാല്‍, എഴുത്തില്‍നിന്ന് തന്നെ മോചിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന ഉറച്ച ബോധ്യം സ്ത്രീക്ക് കിട്ടിക്കഴിഞ്ഞാല്‍, എഴുത്ത് ആഘോഷമാക്കി കൊണ്ടുനടക്കാന്‍ അവള്‍ക്ക് കഴിയും. അതാണ് ഇന്നത്തെ എഴുത്തുകാരി ചെയ്യുന്നത്.

എന്തെഴുതണം, ആരെക്കുറിച്ചെഴുതണം എന്നു നിര്‍ദ്ദേശിക്കാന്‍ അവള്‍ക്കു മുന്നില്‍ ആരുമില്ല. സൂര്യനു കീഴെയുള്ള എന്തിനെക്കുറിച്ചും എഴുതാം. പരിധികളോ, വിലക്കുകളോ ഇല്ല. എന്തും എഴുതിക്കളയാം എന്ന മട്ടിലൊരു ലഘുത്വം ഇപ്പറഞ്ഞതിനില്ല. മറിച്ച് സൂര്യനു കീഴില്‍ എന്തിനെയും ഉള്‍ക്കൊള്ളാനും സൂക്ഷ്മമായി പുനരാവിഷ്‌കരിക്കാനും തനിക്ക് കഴിയും എന്ന ആത്മവിശ്വാസത്തിന്റെ ഗുരുത്വം ധാരാളമുണ്ടുതാനും.

ഇഴയടുപ്പമില്ലാത്ത വ്യക്തിബന്ധങ്ങള്‍ രാജലക്ഷ്മിയുടെ രചനാലോകത്ത് നമുക്കുകാണാം. കുടുംബത്തിനകത്തും പുറത്തും അസന്തുഷ്ടിയും അവിശ്വാസവും കട്ടപിടിച്ച മനസ്സുകളോടെ കഴിഞ്ഞുകൂടുന്നവരാണ് രാജലക്ഷ്മിയുടെ സ്ത്രീകഥാപാത്രങ്ങളില്‍ ഏറെപ്പേരും.'ഒരു വഴിയും കുറെ നിഴലുകളും' രമണി എന്ന പെണ്‍കുട്ടിയുടെ ഏകാന്തദുഃഖങ്ങളുടെ ആഖ്യാനമാണ് നിര്‍വ്വഹിക്കുന്നത്.

സാമാന മാനസിക പരിപാകങ്ങളോടെ ഒരേ ദ്വീപില്‍ ഒരേ ഭീതിയുടെ തിരമാല പതഞ്ഞുയര്‍ന്നു താഴുന്നതും നോക്കി, തമ്മില്‍ കണ്ടില്ലെങ്കിലും അറിയാതെയറിഞ്ഞ് ഒരേ വിദ്യുത്‌സ്​പന്ദത്തില്‍ വിരല്‍ത്തുമ്പില്‍ തമ്മില്‍ ഇടയ്ക്കു തൊട്ടുനോക്കി നിന്നിരുന്ന രംഗം സുഗതകുമാരി 'രാജലക്ഷ്മിയോട്' എന്ന കവിതയില്‍ ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരെഴുത്തുകാരിക്ക് മറ്റൊരെഴുത്തുകാരിയുമായി രൂപപ്പെടുന്ന ഹൃദയബന്ധത്തിന്റെ അതിതീവ്രവും ആത്മാര്‍ത്ഥവുമായ ആവിഷ്‌കാരമാണിത്.

രാജലക്ഷ്മി അനുഭവിച്ചതുപോലുള്ള ആത്മസംഘര്‍ഷങ്ങളും അവയ്ക്ക് നിദാനങ്ങളായ സാമൂഹിക സാഹചര്യങ്ങളും ഇന്നത്തെ എഴുത്തുകാരികള്‍ക്ക് അത്യന്തം അപരിചിതമാണ്. എന്നാല്‍, രാജലക്ഷ്മിയുടെ രചനാലോകമാകട്ടെ അവിടെയുള്ള ചെറുചലനം പോലും പിടിച്ചെടുക്കാന്‍ പാകത്തില്‍ സുപരിചിതവും. സെന്റിമെന്റ്‌സ് എന്ന വിശേഷണം നല്‍കി പലരും പരിഹസിക്കുന്ന ലോലങ്ങളായ വികാരങ്ങളിലൂടെ സ്ത്രീയുടെ വൈകാരികസത്വത്തിന്റെ അതിസൂക്ഷ്മതലങ്ങളാണ് രാജലക്ഷ്മി അവതരിപ്പിച്ചത്. കര്‍ത്തവ്യങ്ങളും ബാധ്യതകളും കൂട്ടിയും കുറച്ചും കണക്കെടുത്തു കഴിയുമ്പോള്‍ ബാക്കിയാകുന്നതെന്താണ് അതുമാത്രമാണോ സ്ത്രീ എന്ന അന്വേഷണത്തിന് മലയാള സാഹിത്യത്തില്‍ തുടക്കം കുറിച്ചത് രാജലക്ഷ്മിയാണ്.

ഈ അന്വേഷണം 'ആത്മാവിന്റെ വേദനകളാ'യിത്തീര്‍ന്നപ്പോള്‍ അവര്‍ക്ക് ജീവിതം തന്നെ ഉപേക്ഷിക്കേണ്ടിവന്നു. 'കൂരിരുള്‍ക്കയത്തില്‍ താഴാന്‍ ദാഹിച്ച ദീപങ്ങളെ'ക്കുറിച്ചാണ് രാജലക്ഷ്മിയെ ഓര്‍ത്തുകൊണ്ട് ജി. കുമാരപിള്ള പറഞ്ഞത്. മൃതിയുടെ ഇരുട്ടിന് ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത എഴുത്തുജീവിതത്തിന്റെ പ്രഭാസാരത്തിനു മുന്നില്‍ പ്രണമിക്കട്ടെ.

'രാജലക്ഷ്മിയുടെ കഥകള്‍' വാങ്ങാം
'ഞാനെന്നഭാവം' വാങ്ങാം