അങ്ങനെ പത്തൊമ്പതു കൊല്ലത്തെ ദാമ്പത്യജീവിതം അവസാനിച്ചു. ഒരു മാതൃകാപത്‌നിയായിരുന്നു ലക്ഷ്മി. വെയ്ക്കുവാനും വിളമ്പുവാനും കല്പിക്കുവാനും കാര്യങ്ങള്‍ നടത്തുവാനും ശേഷിയുള്ള ഒരു കുടുംബിനി. വീട്ടുചെലവിനില്ലാതെ കഷ്ടപ്പെടുന്ന സമയത്തുകൂടി, അതില്ലെന്നു പറഞ്ഞാല്‍ ഞാന്‍ വേദനപ്പെടുമല്ലോ എന്നു വിചാരിച്ചു മിണ്ടാതിരിക്കും. എന്തെങ്കിലും പൊടിക്കയ്യുപയോഗിച്ച് എനിക്കിഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുകയും ചെയ്യും. പുസ്തകങ്ങള്‍ വായിക്കുവാനും വര്‍ത്തമാനങ്ങള്‍ അറിയുവാനും ലക്ഷ്മിക്ക് വലിയ ഇഷ്ടമായിരുന്നു. എന്റെ അഭിപ്രായത്തോട് യോജിക്കാത്ത അവസരങ്ങളില്‍കൂടി എതിരഭിപ്രായം പറയുവാനൊരുങ്ങുകയില്ല. അങ്ങനെ ചെയ്താല്‍ എനിക്കത് വേദനയുണ്ടാക്കുമോ എന്നു കരുതി മിണ്ടാതിരിക്കും. എന്നാല്‍ ലക്ഷ്മിയുടെ കള്ളച്ചിരിയില്‍നിന്നറിയാം എന്റെ അഭിപ്രായത്തോട് യോജിച്ചിട്ടില്ലെന്ന്.

ദീനംപിടിച്ച് അവശയായി കിടക്കുമ്പോള്‍ ഒരുദിവസം എന്നോട് പറഞ്ഞു: 'ഞാന്‍ മരിച്ചുപോയാലും അങ്ങയെ വിട്ടുപോകയില്ല, ഞാന്‍ അടുക്കല്‍ തന്നെയുണ്ടാകും. അത് വിശ്വസിച്ചോളൂ.'

ആ വാക്കുകള്‍ പലപ്പോഴും ഓര്‍മയില്‍ വരും. അതു ശരിയാണെങ്കിലും അല്ലെങ്കിലും, ലക്ഷ്മിയുടെ സ്വരൂപം എന്റെ മനസ്സില്‍നിന്നു മാഞ്ഞിരുന്നില്ല. ഉടുത്ത വസ്ത്രങ്ങളും ധരിച്ച ആഭരണങ്ങളും ഉപയോഗിച്ച സാധനങ്ങളും എല്ലാം പൂര്‍വ്വാധികം പ്രിയപ്പെട്ടതായി തോന്നി. അവയിലെല്ലാം ലക്ഷ്മിയെ കണ്ടുംകൊണ്ട്, ചുറ്റും ആളുകളുണ്ടെങ്കിലും ഏകാകിയായി, ഞാന്‍ ദിവസം കഴിച്ചുകൂട്ടി.

ദിനന്തോറും ലക്ഷക്കണക്കിന് മരണം ലോകത്തില്‍ സംഭവിക്കുന്നു. അതു നമ്മെ അസ്വസ്ഥരാക്കുന്നില്ല. അതൊരു സാധാരണ സംഭവമല്ലേ എന്നു വിചാരിച്ചു ലോകവ്യാപാരങ്ങളില്‍ നിമഗ്നരായി നാം ദിവസം കഴിച്ചുകൂട്ടുന്നു. നമുക്ക് പ്രിയപ്പെട്ടവരെ മരണം അപഹരിക്കുമ്പോഴാണ് അതിന്റെ ക്രൂരതയും, അതുണ്ടാക്കുന്ന നഷ്ടവും അനുഭവപ്പെടുന്നത്. അപ്പോള്‍ നാം നിരാശരായി ജീവിതത്തെ വെറുക്കുന്നു. വിധിയെ പഴിക്കുന്നു. നികത്തുവാന്‍ വയ്യാത്ത ഒരു വിടവു ജീവിതത്തില്‍ വന്നുചേര്‍ന്നതായി തോന്നുന്നു. എത്രയോ ആളുകളെ ചുറ്റും കാണുന്നുണ്ടെങ്കിലും നാം തനിയെയാണെന്ന തോന്നല്‍ മനസ്സിലുണ്ടാകുന്നു. മറ്റുള്ളവരുടെ സാന്ത്വനവാക്കുകള്‍ ആ സമയത്ത് നാം ശ്രദ്ധിക്കുന്നില്ല. വേദനയില്‍ വെന്തുരുകി, തനിയെ ഒരിടത്തിരുന്ന്, എന്നെന്നേക്കുമായി പിരിഞ്ഞുപോയ ആ പ്രിയപ്പെട്ട രൂപത്തെ മനസ്സില്‍ കണ്ടുകൊണ്ട് കഴിഞ്ഞുപോയ കാലത്തെപ്പറ്റി ചിന്തിച്ചു കണ്ണീര്‍ വാര്‍ക്കുന്നതായിരിക്കും അപ്പോഴത്തെ സ്ഥിതിയില്‍ സ്വല്പമെങ്കിലും ആശ്വാസമുണ്ടാക്കുക.
സര്‍വ്വശക്തന്റെ കാരുണ്യം എന്നിലില്ലാതായിപ്പോയോ എന്നുപോലും ഞാന്‍ സംശയിച്ചു. അതെന്റെ ഭോഷത്വമല്ലേ? ഈശ്വരന്റെ നിശ്ചയങ്ങള്‍ക്കുണ്ടോ വല്ല തെറ്റും അനീതിയും? കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്നതിനനുസരിച്ച് ആ മഹച്ഛക്തിയുടെ പിഴവില്ലാത്ത നിയമവും പ്രവര്‍ത്തിക്കുന്നു. അറിയുവാന്‍ വയ്യാത്തതിനെ നമ്മുടെ എളിയ ബുദ്ധികൊണ്ട് അറിവാന്‍ ശ്രമിക്കുമ്പോള്‍ കാര്യകാരണങ്ങളുടെ ബന്ധവും സംഭവങ്ങളുടെ അര്‍ഥവും മനസ്സിലാകാതെ നാം അമ്പരക്കുന്നു. സാധാരണ മനുഷ്യര്‍ക്കില്ലാത്ത ശക്തി ഋഷികള്‍ക്കും ജ്ഞാനികള്‍ക്കുമുണ്ടെന്നു കേട്ടിട്ടുണ്ട്. നമുക്കറിവാന്‍ കഴിയാത്ത പലതും ദിവ്യശക്തികൊണ്ട് അവര്‍ക്കറിയുവാന്‍ സാധിക്കുമത്രെ. മനുഷ്യനില്ലാത്ത പല ശക്തികളും ചെറിയ പ്രാണികളില്‍ കാണുന്നുണ്ട്. ചില ആണ്‍പാറ്റകള്‍ക്ക് എത്രയോ അകലെ പറക്കുന്ന പെണ്‍പാറ്റകളെ മണത്തറിയുവാന്‍ കഴിയും. മധുരസാധനങ്ങള്‍ എവിടെവെച്ചാലും ലവലേശം വഴിതെറ്റാതെ അതറിഞ്ഞു ചെല്ലുവാന്‍ ഉറുമ്പിനു സാധിക്കുന്നു. മനുഷ്യനില്ലാത്ത ശ്രവണശക്തി ചില പ്രാണികള്‍ക്കുണ്ടെന്നു ഗവേഷണം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിടത്തും നില്ക്കാതെ മൂവ്വായിരം നാഴികയിലധികം പറന്നെത്തുവാന്‍ കഴിയുന്ന വര്‍ണപ്പാറ്റകളുണ്ടെന്ന് പ്രാണിശാസ്ത്രജ്ഞന്മാര്‍ പറയുന്നു. നമുക്ക് വിചാരിക്കുവാന്‍ വയ്യാത്ത എന്തോ ഒരത്ഭുതശക്തി പ്രാണികള്‍ക്കുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. ഇതെല്ലാം ജീവിതത്തിന്റെ അഗാധരഹസ്യത്തേയും അനന്തമാഹാത്മ്യത്തേയുമല്ലേ വെളിപ്പെടുത്തുന്നത്?

രാത്രി ആകാശത്തിലേക്കു നോക്കുമ്പോള്‍ നമ്മുടെ മനസ്സിലുദിക്കുന്ന വികാരങ്ങള്‍ അവാച്യമാണ്. കോടിക്കണക്കായ നക്ഷത്രങ്ങളെ നാം കാണുന്നു. എന്നാല്‍ നമ്മുടെ കണ്ണിനു ഗോചരമല്ലാത്ത കോടിക്കണക്കായ നക്ഷത്രങ്ങള്‍ പിന്നെയുമുണ്ട്. ഇതെല്ലാം നമ്മുടെ നിസ്സാരതയും സൃഷ്ടിയുടെ മാഹാത്മ്യവും ഈശ്വരന്റെ ശക്തിയുമല്ലേ വെളിപ്പെടുത്തുന്നത്! എന്നാല്‍ ഈ വിചാരങ്ങളൊന്നും എന്റെ മനസ്സിന്നു ശാന്തതയുണ്ടാക്കിയില്ല. മരണത്തിന്റെ രഹസ്യമറിയുവാന്‍ ഞാന്‍ വെമ്പുകയാണ്.
വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ
എന്ന ഗീതാവാക്യവും എനിക്കാശ്വാസം തന്നില്ല.
പ്രവൃത്തിയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധ്യമല്ലാതായി. എന്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നും തോന്നിത്തുടങ്ങി. പുസ്തകങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ലഭിക്കുവാന്‍ കഴിയാത്ത മനഃശാന്തി തേടി ഞാന്‍ പുതുശ്ശേരിയിലെ അരവിന്ദാശ്രമത്തില്‍ ചെന്നു.

എന്റെ പ്രിയസുഹൃത്തായ എസ്. ദൊരസ്വാമി അരവിന്ദനെ ദര്‍ശിക്കുവാന്‍ ഇടയ്ക്കിടെ പുതുശ്ശേരിയില്‍ പോവുക പതിവായിരുന്നു. അദ്ദേഹമാണ് ആശ്രമത്തിലേക്ക് പോകുവാനും ശ്രീ അരവിന്ദനെ ദര്‍ശിക്കുവാനും എനിക്ക് സൗകര്യമുണ്ടാക്കിയത്.

1925 ആഗസ്ത് മാസത്തില്‍ ഒരു ദിവസം കാലത്തു ഞാന്‍ പുതുശ്ശേരിയിലെത്തി. ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ഭവനത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അന്നു കാലത്തു പതിനൊന്നു മണിക്കാണ് അരവിന്ദനെ കാണുവാന്‍ നിശ്ചയിച്ചത്. നിശ്ചിതസമയത്തിനു മുമ്പായി ഞാന്‍ ആശ്രമത്തിലെത്തി.

അരവിന്ദഘോഷിനെ ദര്‍ശിക്കുവാന്‍ പോകുന്നവര്‍ വിവരം അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നായിരുന്നു അന്നുണ്ടായിരുന്ന നിശ്ചയം. അരവിന്ദഘോഷ് ഒരു വിപ്ലവകാരിയായിരുന്നുവല്ലോ. രാഷ്ട്രീയകാര്യങ്ങളില്‍നിന്നു വിരമിച്ച് ആദ്ധ്യാത്മികചിന്തയില്‍ ലയിക്കുവാന്‍ തുടങ്ങീട്ടുകൂടി ബ്രിട്ടീഷ് ഗവണ്‍മെന്റിനു സംശയം തീര്‍ന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നവരെപ്പറ്റിയുള്ള വിവരമറിയുവാന്‍ അവര്‍ പോലീസിനു നിര്‍ദ്ദേശം നല്കിയിരുന്നത്. അതനുസരിച്ച് എന്റെ വരവിന്റെ ഉദ്ദേശവും എത്ര ദിവസം അവിടെ പാര്‍ക്കുന്നുണ്ടെന്നും പോലീസിനെ മുന്‍കൂട്ടി അറിയിച്ചു.

അരവിന്ദഘോഷിന്റെ ഒരു ഇളയ സഹോദരന്‍ അന്ന് ആശ്രമത്തില്‍ പാര്‍ക്കുന്നുണ്ട്. അദ്ദേഹം അവിടെയുണ്ടായിരുന്ന ചിലരെ എനിക്ക് പരിചയപ്പെടുത്തി. കുറേനേരം അവരുമായി സംസാരിച്ചിരുന്നു. അരവിന്ദന്റെ സന്നിധിയിലേക്കു പോകുവാന്‍ സമയമായപ്പോള്‍ എന്നെ ഒരാള്‍ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. അതു മാളികയുള്ള ഒരെടുപ്പായിരുന്നു. കോണിവരെ അദ്ദേഹം എന്റെ ഒരുമിച്ചുവന്നു. പിന്നെ മാളികയിലേക്കു കയറിപ്പോകുവാന്‍ എന്നോടു പറഞ്ഞു. പിന്നീട് പതിവാക്കിയതുപോലെ, കൊല്ലത്തിലൊരിക്കല്‍ ദര്‍ശനം നല്കുന്ന സമ്പ്രദായമല്ലായിരുന്നു അന്ന്. ദിവസേന ഉച്ചയ്ക്ക് കുറേനേരം അദ്ദേഹം മാളികയിലെ വരാന്തയില്‍ വന്ന് ഇരിക്കും. ദര്‍ശനസമയം അതാണ്. ഞാന്‍ അവിടെ പോയ ദിവസം അദ്ദേഹം എന്നെ മാത്രമേ കാണുവാന്‍ നിശ്ചയിച്ചിരുന്നുള്ളൂ. അതുകൊണ്ട് ഏകദേശം അരമണിക്കൂറിലധികം അദ്ദേഹവുമായി സംഭാഷണം നടത്തുന്നതിന് എനിക്ക് അവസരം ലഭിച്ചു.

കോണി കയറി വരാന്തയിലെത്തിയപ്പോള്‍ വാതിലിന്റെ സമീപത്ത് ഒരു കസേലയില്‍ അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു. വേറെയാരും അവിടെയുണ്ടായിരുന്നില്ല. കുറേ കസേലകള്‍ രണ്ടു വരിയായി ഇട്ടിരുന്നു. കൂപ്പുകൈയോടെ ഞാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അടുത്തൊരു കസേലയില്‍ ഇരിക്കുവാന്‍ കൈകൊണ്ടു കാണിച്ചു.

അന്ന് അദ്ദേഹത്തിന് ഏകദേശം അന്‍പത് വയസ്സായിരിക്കണം. സ്വല്പം സ്ഥൂലിച്ച ദേഹം. തലയും താടിയും നീട്ടിയിട്ടുണ്ട്. ഒരു വെളുത്ത വസ്ത്രം ധരിച്ച് ഒരങ്കവസ്ത്രംകൊണ്ട് ദേഹം മൂടിയിരിക്കുന്നു. സംസാരിക്കുന്നത് വളരെ ശാന്തസ്വരത്തില്‍, ഓരോ വാക്കുകളും നിര്‍ത്തിയിട്ടാണ്. ഇടക്കിടെ വല്ലതും ഊന്നിപ്പറയുമ്പോള്‍ കൈകൊണ്ട് ആംഗ്യം കാണിക്കും. ശാന്തിയും ഗൗരവവും പ്രകാശിച്ചിരുന്ന ആ മുഖത്ത് പുഞ്ചിരി കാണുക ചുരുക്കം.

എന്താണ് അദ്ദേഹത്തോട് ചോദിക്കേണ്ടത്. എങ്ങനെയാണ് സംഭാഷണം തുടങ്ങേണ്ടത്, എന്നറിയാതെ കുറച്ചൊരു പരിഭ്രമം എനിക്കുണ്ടായി. അത് സ്വല്പനേരത്തേക്കു മാത്രമായിരുന്നു. മരണത്തിനു ശേഷമുള്ള സ്ഥിതി എന്തെന്നറിയുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. മരണത്തോടുകൂടി എല്ലാം അവസാനിച്ചുവോ? അതോ മറ്റൊരു ലോകത്തിലേക്കുള്ള മാര്‍ഗം മാത്രമാണോ അത്. മരിച്ചുപോയവരുടെ പ്രേതങ്ങളുമായി സംസാരിച്ച കഥകള്‍ ഞാന്‍ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. അത് വിശ്വാസയോഗ്യമാണോ? പ്രേതങ്ങളെ കാണുക സാധ്യമാണോ? മറുലോകത്തില്‍ മറ്റൊരു രൂപത്തിലും പരിതഃസ്ഥിതിയിലുമുള്ള പ്രേതങ്ങള്‍ക്ക് ഈ ലോകത്തില്‍ അവര്‍ ഒരു കാലത്ത് സ്‌നേഹിച്ചിരുന്ന ആളുകളെക്കുറിച്ച് വല്ല വിചാരങ്ങളുമുണ്ടാകുമോ? അവരുമായുള്ള ബന്ധം തുടര്‍ന്നുപോകുവാന്‍ അവര്‍ ഇഷ്ടപ്പെടുമോ? ഇങ്ങനെ പലതും ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ഒരു ചോദ്യത്തിന്ന് ഉത്തരം പറയുമ്പോഴേക്കും മറ്റൊന്നു ചോദിക്കും. അങ്ങനെ എന്തെല്ലാമോ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എന്റെ ചില ചോദ്യങ്ങള്‍ എത്രയും ബാലിശമായി അദ്ദേഹത്തിനു തോന്നിയിരിക്കണം.

മരണത്തോടുകൂടി എല്ലാം അവസാനിക്കുന്നില്ലെന്നും, മരണം ഒരു സ്ഥിതിമാറ്റം മാത്രമാണെന്നും, ചില പ്രത്യേക പരിതഃസ്ഥിതിയില്‍ പ്രിയപ്പെട്ടവരുമായി മരണത്തിനു ശേഷം സമ്പര്‍ക്കം സാധ്യമാണെന്നും അദ്ദേഹം എന്നോടു പറഞ്ഞു.

മരണം ഒരു സ്ഥിതിമാറ്റം മാത്രമാണെന്നും ഈ ദേഹം ഉപേക്ഷിച്ചതിനു ശേഷവും ജീവിതം മറ്റൊരു പ്രകാരത്തില്‍ തുടര്‍ന്നുപോകുമെന്നും ആദ്ധ്യാത്മികകാര്യങ്ങളില്‍ പരിജ്ഞാനമുള്ള മറ്റൊരു മഹാനും എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു. 'ഞാന്‍ നിങ്ങളോട് സംസാരിക്കുന്നതുപോലെ പ്രേതലോകത്തിലുളളവരോട് സംസാരിക്കുവാന്‍ എനിക്കു സാധിക്കും.' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അത് സാധ്യമല്ലെന്ന് പറയുവാന്‍ എനിക്ക് ധൈര്യമുണ്ടായില്ല. എന്നാല്‍ അത് വിശ്വസിക്കുവാന്‍ എനിക്ക് പ്രയാസമായിരുന്നു.

അരവിന്ദനോട് യാത്ര പറഞ്ഞ് പിരിഞ്ഞപ്പോള്‍ ഒരു ശിഷ്യന്‍ കുറേ പുഷ്പങ്ങള്‍ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ മുമ്പില്‍വെച്ച് തൊഴുതു പോകുന്നതുകണ്ടു. അരവിന്ദന്റെ സന്നിധിയില്‍നിന്ന് താഴോട്ട് ഇറങ്ങി വരുമ്പോള്‍ എന്തെല്ലാം വികാരങ്ങളും വിചാരങ്ങളുമാണ് എന്റെ മനസ്സിലുണ്ടായിരുന്നത് എന്നിപ്പോള്‍ ഓര്‍മ്മയില്ല. എന്തോ ഒരു മങ്ങിയ വെളിച്ചം, അകലെ കാണുന്നതുപോലെ തോന്നി. ഉണ്ണലും ഉറങ്ങലും, വാങ്ങലും കൊടുക്കലും, വെറുക്കലും സ്‌നേഹിക്കലും മാത്രമല്ല ഈ ജീവിതം. അവയില്‍നിന്നെല്ലാം വിട്ട്, അവയേക്കാളെല്ലാം ഉയര്‍ന്നുനില്ക്കുന്ന എന്തോ ഒരു അര്‍ത്ഥം, ഒരു ഉദ്ദേശ്യം, അതിനുണ്ടെന്ന് എനിക്ക് ബോധ്യമായി.

ആ കാലത്തും അതിനുശേഷവും മരണാനന്തരസ്ഥിതിയെപ്പറ്റി അറിയുവാനുള്ള ആഗ്രഹം എനിക്കു കൂടിക്കൂടിവന്നു. ആ വിഷയത്തെക്കുറിച്ച് അനവധി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു. 'മരണത്തിനു മുമ്പ്', 'മരണസമയം', 'മരണത്തിനുശേഷം' എന്നീ പേരുകളില്‍ ഒരു ഫ്രഞ്ച് ഗ്രന്ഥകാരന്‍ എഴുതിയ മൂന്നു പുസ്തകങ്ങള്‍ എന്നെ ഒട്ടധികം ആകര്‍ഷിച്ചു. അനുഭവങ്ങളേയും സംഭവങ്ങളേയും ആസ്​പദമാക്കി, ശാസ്ത്രീയരീതിയില്‍ എഴുതിയ പുസ്തകങ്ങളാണ് അവയെല്ലാം; വെറും അഭിപ്രായങ്ങളല്ല. ഇംഗ്ലണ്ടില്‍നിന്നു പ്രസിദ്ധപ്പെടുത്തുന്ന 'സ്​പിരിച്വലിസ്റ്റ്' വാരികയും ഞാന്‍ പതിവായി വായിച്ചിരുന്നു. വിശ്വസിക്കുവാന്‍ പ്രയാസമായ പലതും അതില്‍ കണ്ടിരുന്നുവെങ്കിലും എന്നെ ഇരുത്തി ചിന്തിപ്പിച്ച ചില സംഭവങ്ങളെപ്പറ്റിയും ഞാനതില്‍ വായിക്കുകയുണ്ടായി.

വിവേകാനന്ദസ്വാമിയുടെ 'പ്രസംഗങ്ങളും പ്രബന്ധങ്ങളും' അടങ്ങിയ ഏഴു പുസ്തകങ്ങള്‍ ഞാന്‍ പല പ്രാവശ്യം വായിച്ചിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്കിടെ മനസ്സിനുത്സാഹമുണ്ടാക്കുവാന്‍ ഞാന്‍ അവ പാരായണം ചെയ്യും. ആത്മശാന്തി തേടുന്നവര്‍ക്ക് അഭയം കൊടുക്കുന്ന മനോഹരഗ്രന്ഥങ്ങളാണ് അവയെല്ലാം. ആദ്ധ്യാത്മികകാര്യങ്ങള്‍ ശാസ്ത്രീയമായും പ്രായോഗികമായും സാധാരണക്കാരന്ന് മനസ്സിലാകത്തക്കരീതിയില്‍ പ്രതിപാദിക്കുവാനുള്ള അസാധാരണശക്തി വിവേകാനന്ദസ്വാമിക്കുണ്ടായിരുന്നുവെന്നു പ്രസിദ്ധമാണല്ലോ.

ഭഗവദ്ഗീതയുടെ മഹനീയസന്ദേശത്തില്‍നിന്നുള്ള ആശ്വാസം നേടുവാനും ഞാന്‍ ശ്രമിച്ചു. ഗീത ദിവസേന ഞാന്‍ പാരായണം ചെയ്തിരുന്നില്ല. വിഷമഘട്ടങ്ങള്‍ നേരിടുമ്പോള്‍ മനക്കരുത്തുണ്ടാക്കുവാന്‍ പറ്റിയ ഭാഗങ്ങള്‍ എടുത്തു വായിക്കുകയാണ് ചെയ്തിരുന്നത്.

നമുക്കറിവില്ലാത്തതോ അറിയുവാന്‍ പ്രയാസമുള്ളതോ സാധ്യമല്ലാത്തതോ ആയ വിഷയങ്ങളെക്കുറിച്ചു തിട്ടമായ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നതു സാഹസമാണ്. നമ്മുടെ അനുഭവത്തില്‍പ്പെടാത്ത കാര്യങ്ങളെക്കുറിച്ചു വല്ലവരും പറഞ്ഞുകേള്‍ക്കുമ്പോള്‍ അതു വിഡ്ഢിത്തമാണെന്നും അസംഭാവ്യമാണെന്നും പറയുന്നത് ശരിയല്ല. അസംബന്ധമാണെന്ന് ഒരുകാലത്ത് വിശ്വസിക്കപ്പെട്ടിരുന്ന പലതും ഇപ്പോള്‍ വാസ്തവമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രകൃതിനിയമത്തിനെതിരാണെന്ന് വിചാരിച്ചിരുന്ന ചില സംഗതികള്‍ പ്രകൃതിനിയമങ്ങള്‍ക്കനുസൃതമാണെന്നും ഇപ്പോള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞിരിക്കുന്നു.

പ്രസിദ്ധശാസ്ത്രജ്ഞനായ കോപ്പര്‍നിക്കസ്സിന്റെ കാലത്തിനുമുമ്പ് സൂര്യന്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നുവെന്നാണല്ലോ ലോകം വിശ്വസിച്ചിരുന്നത്. 1543-ല്‍ കോപ്പര്‍നിക്കസ്സിന്റെ കണ്ടുപിടുത്തം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അതു ലോകത്തെക്കുറിച്ചു നമുക്കുണ്ടായിരുന്ന അറിവില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കി. സൂര്യന് ഇളക്കമില്ലെന്നും ചുറ്റിത്തിരിയുന്നത് ഭൂമിയാണെന്നും കോപ്പര്‍നിക്കസ്സ് വാദിച്ചപ്പോള്‍ ജനങ്ങളില്‍ അബദ്ധമായ ധാരണകള്‍ പരത്തിയെന്ന കുറ്റം അദ്ദേഹത്തില്‍ ചുമത്തി. അതുപോലെ തങ്ങളുടെ പുതിയ കണ്ടുപിടുത്തംകൊണ്ടു ലോകരെ അനുഗ്രഹിച്ച ഗലീലിയോ, ബ്രൂണോ മുതലായ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായ സ്വാതന്ത്ര്യം പരിപാലിക്കുവാനായി അന്നുണ്ടായിരുന്ന അധികാരിവര്‍ഗങ്ങളുടെ ദ്രോഹം അനുഭവിക്കേണ്ടിവന്നു. ഇന്ന് അവരുടെ അഭിപ്രായങ്ങള്‍ ശാസ്ത്രതത്ത്വങ്ങളായി ലോകം അംഗീകരിച്ചിരിക്കുന്നു.

യാതൊരു സംശയത്തിനും ഇടവരാത്തവിധം മരണത്തിനുശേഷമുള്ള സ്ഥിതിയെപ്പറ്റി അറിയുവാന്‍ ഒരു കാലത്ത് സാധിക്കുമായിരിക്കാം. ഇന്ന് ആ നില എത്തിയിട്ടില്ല. അനുഭവസമ്പന്നന്മാരായ ശാസ്ത്രജ്ഞന്മാര്‍ പറയുന്നതു വിവേചനബുദ്ധിയോടെ സ്വീകരിക്കുവാനേ തരമുള്ളൂ. ചില വിശ്വാസങ്ങള്‍ സാധാരണമായിത്തീര്‍ന്നിട്ടില്ല എന്ന കാരണത്താല്‍ അവയെ അവഗണിക്കുന്നത് ന്യായീകരിച്ചുകൂടാ. അനുഭാവത്തോടെ പരിശോധിക്കേണ്ടതും ഗാഢമായി ചിന്തിക്കേണ്ടതും ആവശ്യമാണ്.

(കഴിഞ്ഞ കാലം - ആത്മകഥയില്‍ നിന്ന്)

കഴിഞ്ഞ കാലം വാങ്ങാം
Bygone Days- കഴിഞ്ഞ കാലത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വാങ്ങാം