ഫാദര്‍ ജോസഫ് വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും' എന്ന ആത്മകഥയില്‍ നിന്ന് ഒരു ഭാഗം


കേരളത്തിലെ പെണ്‍കുട്ടികളെ ഇറ്റലിയിലേക്കും ജര്‍മനിയിലേക്കും കയറ്റിയയയ്ക്കുന്ന ഏജന്റുമാരില്‍ ഒരാള്‍ കുണ്ടുകുളം മെത്രാനായിരുന്നു. നൂറുകണക്കിനു പെണ്‍കുട്ടികളെ വിദേശത്തേക്കു വിട്ട പുല്ലഴി കേന്ദ്രത്തിന്റെ തലവന്‍ ഈ മെത്രാനാണ്. ഈ തുറയില്‍ ദശലക്ഷക്കണക്കിനു രൂപ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടികളെ അയയ്ക്കുന്ന ഈ ഏര്‍പ്പാടിനെ ഞാന്‍ പരസ്യമായി എതിര്‍ത്തു. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഇറ്റലിയിലേക്കു പോയിരുന്ന എം.എക്കാരി ഒരു മലയാളികന്യാസ്ത്രീ അയച്ച കത്ത് തൊഴിലാളി സണ്‍ഡേ സപ്ലിമെന്റില്‍ ഞാന്‍ പ്രസിദ്ധപ്പെടുത്തി.
ഇന്ത്യന്‍ പെണ്‍കുട്ടികളെ പാശ്ചാത്യരാജ്യങ്ങളിലേക്ക് അയയ്ക്കുന്നതില്‍ അടങ്ങിയ നാനാതരം അപാകതകളെയും അവരനുഭവിക്കുന്ന വിഷമതകളെയും വിവേചനങ്ങളെയും കുറിച്ച് ഏറ്റവും വസ്തുനിഷ്ഠമായും ഹൃദയസ്​പൃക്കായും വിവരിച്ച ഒരു രേഖയായിരുന്നു ഈ കത്ത്. ആ കന്യാസ്ത്രീയെ വിട്ടത് ഇന്ത്യയിലെ പ്രൊനുണ്‍ഷിയോ ആയിരുന്ന കാപ്രിയോ തിരുമേനിയുടെയും കര്‍ദിനാള്‍ പാറേക്കാട്ടില്‍ തിരുമേനിയുടെയും ആശിസ്സുകളോടെയാണ്. കന്യാസ്ത്രീ കൊടുങ്കാറ്റുണ്ടാക്കിയ ഈ കത്തയച്ചത് ആത്മീയപിതാവായ ഒരു കപ്പൂച്ചിയന്‍ വൈദികനാണ്. ആ വൈദികന്‍ എന്നെ വന്നു കണ്ടു.

ഫാദര്‍ ജോസഫ് വടക്കന്റെ ആത്മകഥ 'എന്റെ കുതിപ്പും കിതപ്പും' വാങ്ങാം


ഭാരതഭൂമിക്ക് അപമാനം വരുന്ന ഒരു കയറ്റിയയയ്ക്കലിനെപ്പറ്റി ഭാരതസഭയുടെ സാരഥികള്‍ പറഞ്ഞുവിട്ട വിദഗ്ധയായ ആ കന്യാസ്ത്രീ മനസ്സാക്ഷിശാന്തിക്കായി തുറന്നുപറഞ്ഞ വസ്തുതകളാണ് ഞാന്‍ പ്രസിദ്ധപ്പെടുത്തിയത്. തൊഴിലാളി സപ്ലിമെന്റില്‍ വന്ന ഈ പെണ്‍വ്യാപാരവാര്‍ത്ത യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ പത്രങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിദഗ്ധരും ദേശാഭിമാനികളുമായ ചില വൈദികരാണ് ഈ മലയാളലേഖനം ഇംഗ്ലീഷിലാക്കി ആ അന്തര്‍ദേശീയ പത്രങ്ങള്‍ക്ക് അയച്ചതെന്ന് പിന്നീടു ഞാന്‍ മനസ്സിലാക്കി. ലണ്ടന്‍ ടൈംസ് ഈ ലേഖനത്തിന്റെ നീതീകരണാര്‍ഥം അവരുടെ സ്വന്തം ലേഖകന്റെ പ്രത്യേക ലേഖനവും പ്രസിദ്ധീകരിച്ചു. ലോകമാകെ ഭൂകമ്പമായി. കേരളീയ പെണ്‍കുട്ടികളെ പടിഞ്ഞാറോട്ടു കയറ്റിയയച്ച ബിഷപ്പ് കുണ്ടുകുളത്തിനെയും അദ്ദേഹത്തിന്റെ സന്തതസഹചാരി ഫാ. വിളങ്ങാടനെയും ഏറ്റുമാനൂരിലെ കുപ്രസിദ്ധ പുത്തന്‍പുര അച്ചനെയും പ്രോത്സാഹിപ്പിച്ചിരുന്ന ആളും മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിയും പിന്നീട് റോമന്‍ കൂരിയയില്‍ വമ്പിച്ച സ്വാധീനം ചെലുത്തത്തക്കവണ്ണം സ്ഥാനംകിട്ടിയ ആളുമായ ആര്‍ച്ചുബിഷപ്പ് കാപ്രിയോയും അപാകതയും അപമാനവും നിറഞ്ഞ ഈ 'വ്യാപാര'ത്തിനു കൂട്ടുനിന്ന മറ്റു പല മഹാരഥന്മാരും പ്രതിക്കൂട്ടിലായി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ 'പെണ്‍പിള്ളവ്യാപാര'ത്തെപ്പറ്റി പ്രതിഷേധധ്വനി മുഴങ്ങി. റോം അസ്വസ്ഥമായി. ഉടനെ ഈ പ്രശ്‌നത്തെപ്പറ്റി അന്വേഷിക്കാന്‍ മാര്‍പാപ്പ ഒരു പൊന്തിഫിക്കല്‍ കമ്മീഷനെ വെച്ചു.
ഇതിനെല്ലാം അടിസ്ഥാനമിട്ടത് തൊഴിലാളിയിലെ കത്താണ്. തൊഴിലാളി പ്രഥമതഃ പ്രസിദ്ധീകരിച്ചതും ലോകപ്രസിദ്ധമായതുമായ ആ കത്തിന്റെ പരിപൂര്‍ണരൂപം താഴെ ചേര്‍ക്കട്ടെ:

റോമ,
12-11-1969
ഡിയര്‍ റവ. ഫാദര്‍
സ്‌നേഹപൂര്‍വം അയച്ച കത്തിനും പ്രത്യേകമായ ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും ഹൃദയംഗമമായ നന്ദി. വീട്ടിലെ വിവരങ്ങളെല്ലാം വിശദമായി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷവും കൃതജ്ഞതയുമുണ്ട്. കഴിഞ്ഞമാസം പത്താംതീയതി അയച്ചെങ്കിലും ഈ നാട്ടിലെ പോസ്റ്റോഫീസില്‍ എപ്പോഴും സ്‌ട്രൈക്ക് നടക്കുന്നതുകൊണ്ട് വളരെ താമസിച്ചാണ് കിട്ടിയത്. ഈ കത്ത് എന്ന് അവിടെ എത്തിച്ചേരുമെന്ന് അറിഞ്ഞുകൂടാ.
'കത്തോലിക്കരുടെ തലസ്ഥാന'ത്തെക്കാള്‍ നൂറിരട്ടി ഭേദമാണു നമ്മുടെ നാട്. ഇവിടെ വരുന്നവരെല്ലാം ഇതു പറഞ്ഞാണ് തിരിച്ചുപോകുക. തിരുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പരിശുദ്ധപിതാവിനെ കാണാനും കഴിയും. എന്നാലും ചിലപ്പോള്‍ ഓര്‍ത്തുപോകും നമ്മുടെ പൂര്‍വികന്മാര്‍ അടക്കപ്പെട്ടിരിക്കുന്ന സെമിത്തേരിയില്‍, ഇതിനെക്കാള്‍ ഭയഭക്തിയോടെ ശാന്തമായിരുന്നു പ്രാര്‍ഥിക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും കഴിയുമെന്ന് എന്റെ ബോധ്യത്തില്‍നിന്നു ഞാന്‍ എഴുതുകയാണ്.
പിന്നെ വത്തിക്കാന്‍ സൂനഹദോസ് ഇവിടെയാണോ നടന്നതെന്ന് ഇവിടെ വരുന്നവര്‍ സംശയിച്ചേക്കും. കാരണം, ആ ഡിക്രികളില്‍ പറഞ്ഞിരിക്കുന്ന ഒരൊറ്റ വാചകമെങ്കിലും ഇവര്‍ യഥാര്‍ഥത്തില്‍ അനുസരിച്ചിട്ടുണ്ടെന്നു പറയാന്‍ തോന്നുന്നില്ല. യാഥാസ്ഥിതികത്വത്തിന്റെ മൂര്‍ത്തീകരണമാണിവിടം. ഇവര്‍ക്കു പുതുമയോടെല്ലാം വെറുപ്പാണ്. എത്ര നല്ലതാണെന്നു വ്യക്തമായാലും, പഴയത് എത്ര ചീത്തയാണെങ്കിലും, ഒരുപക്ഷേ, അനീതിയും പാപവുമാണെങ്കിലും ശരി ചത്താലും കൈവിടില്ല. ഇതാണ് കത്തോലിക്കരുടെ തലസ്ഥാനമായ 'റോമ.'
കര്‍ത്താവിന്റെ വരവിനൊരുങ്ങിയ യൂദായോടു ചേര്‍ന്നുപോകും. യേശുവിന്റെ വാക്യങ്ങള്‍ക്ക് അവര്‍ യാതൊരു വിലയും കല്പിച്ചില്ലല്ലോ. അതുപോലെത്തന്നെ യേശുവിന്റെ സുവിശേഷോപദേശങ്ങള്‍ ഇവിടെയും വിലപ്പോകില്ല. പുറമേയുള്ള മിനുക്കുപണിയില്‍ മാത്രം ശ്രദ്ധിക്കുന്നു.
എനിക്ക് ഇവിടെ ധാരാളം ജോലിയുണ്ട്. വായിക്കാനും പഠിക്കാനും കഴിയുന്നില്ല. എല്ലാം വായിക്കാനും അറിയാനും ആഗ്രഹിക്കുന്ന ബുദ്ധിയും മനസ്സുമാണ് എനിക്കുള്ളത്. കുറച്ചു കഴിഞ്ഞാല്‍ സമയം കിട്ടുമെന്നു ഞാന്‍ ആശിക്കുന്നു. അടുത്തകാലത്തു കേരളത്തില്‍നിന്ന് ഒരു (കൊള്ളരുതാത്ത എന്നുതന്നെ പറയട്ടെ) അച്ചന്‍ പറഞ്ഞുവിട്ട കുറെ യുവതികളെ ഞാന്‍ കണ്ടു; പരിചയപ്പെട്ടു. ആശയങ്ങള്‍ നന്നായി കൈമാറാന്‍ അവസരം കിട്ടിയില്ല. കിട്ടാനായി ശ്രമിക്കും.
ദൈവാനുഗ്രഹത്താല്‍ ഈ കുട്ടികളെ ഇങ്ങോട്ടു പറഞ്ഞയച്ച അച്ചനെ ഞാനറിയുകയില്ല. കുട്ടികളില്‍നിന്നും ഇവിടത്തെ സഭകളില്‍നിന്നും ഒരുപോലെ പണം പോക്കറ്റിലാക്കി കുട്ടികളെ 'വില്ക്കുകയാണ്' (എന്നുതന്നെ പറയട്ടെ) അദ്ദേഹത്തിന്റെ തൊഴില്‍. ഇങ്ങനെ ഇവിടെ വരുന്ന കുട്ടികള്‍ ഏകദേശം ആയിരത്തില്‍ കവിയുമെന്നു തോന്നുന്നു. അവരെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അങ്ങയെ ഞാന്‍ നിരന്തരം അനുസ്മരിച്ച് പ്രാര്‍ഥിക്കുന്നു. ദൈവംതന്നെ അങ്ങയുടെ ജോലിയെ വിജയത്തിലെത്തിക്കട്ടെ. പറഞ്ഞതുപോലെ കാശുരൂപം ഞാന്‍ അന്വേഷിച്ചുതരുന്നുണ്ട്. സ്‌ട്രൈക്ക് കാരണം താമസം വന്നേക്കും.
അടുത്ത ദിവസം ഈ ആശുപത്രിയിലെ ജോലിക്കാരെല്ലാം സ്‌ട്രൈക്ക് തുടങ്ങുന്നു. ഇതു മൂന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ വന്നതിനുശേഷം പട്ടാളം സംരക്ഷണത്തിനായി വരുന്നത്. നല്ല ബഹളമാണ് എപ്പോഴും. ജര്‍മനിയിലും ബെല്‍ജിയത്തിലും ഓസ്‌ട്രേലിയയിലുമെല്ലാം മഠങ്ങളില്‍ കന്യാസ്ത്രീകള്‍ ഇല്ലാഞ്ഞിട്ട് ഗവണ്‍മെന്റിന് അവരുടെ ആശുപത്രികളെല്ലാം വിട്ടുകൊടുത്തുവരുന്നു. എനിക്കതില്‍ വലിയ അദ്ഭുതമില്ല. ഇവര്‍ പറയുന്നത് ഈ പുതിയ തലമുറ ചീത്തയായതുകൊണ്ടും, ഭൗതികമായതുമാത്രം ആഗ്രഹിച്ചു കഴിയുന്നതുകൊണ്ടുമാണെന്നാണ്. പക്ഷേ, അങ്ങനെ താറടിക്കാന്‍ പറ്റില്ല. ഇവരുടെ മഠങ്ങള്‍ വന്നുകണ്ടാല്‍, ഈ തീരുമാനത്തില്‍ കണ്ണുമടച്ചു വന്നുചേരാന്‍ പറ്റില്ല. നേരേമറിച്ചു സന്ന്യാസത്തിന്റെ അര്‍ഥം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്ന് ഇവിടെ ദൈവവിളി കുറവായത് എന്ന തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ പ്രചോദനം കിട്ടും. യഥാര്‍ഥമായ സന്ന്യാസത്തിനു സാക്ഷ്യംവഹിക്കാന്‍ ഇന്ന് ഒരു മഠത്തിനും, ഒരു സന്ന്യാസിക്കും ഇവിടെ സാധിക്കുന്നില്ല. സന്ന്യാസികളില്‍നിന്നും അവരുടെ സ്ഥാപനങ്ങളില്‍നിന്നും വേണമല്ലോ സന്ന്യാസമെന്തെന്നു കാണാനും പഠിക്കാനും. ഗാന്ധിജിക്കു ക്രിസ്തുവിന്റെ തനിച്ഛായ പകര്‍ത്തിയ ക്രിസ്തുശിഷ്യനെ ക്രിസ്ത്യാനിയില്‍ കാണാന്‍ കഴിയാത്തതുപോലെ ഇവിടത്തെ സന്ന്യാസികളും ഒരുത്തമസന്ന്യാസിയെ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ പരാജയപ്പെട്ടിരിക്കയാണ്. ഗാന്ധിജി അന്വേഷിച്ചതുപോലെ ഈ പുതിയ തലമുറയും അന്വേഷിക്കുന്നുണ്ട്. ആത്മാര്‍ഥമായി, എന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ അഭിപ്രായം ഇക്കാര്യത്തില്‍ എന്താണ്?

ഇനി എന്തുണ്ട് നാട്ടിലെ വിശേഷങ്ങള്‍. ജോലിയെല്ലാം തലയിലേറ്റി ഉറക്കം കളയരുത്. സാധുക്കള്‍ക്കുവേണ്ടി അങ്ങു ചെയ്തുവരുന്ന സേവനങ്ങളെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. നമ്മുടെ നാട് എല്ലാവിധത്തിലും ഉയര്‍ന്നുവരുമെന്ന് എനിക്ക് ഈ സമരത്തിനിടയിലും പ്രതീക്ഷയുണ്ട്. അങ്ങയെപ്പോലുള്ള പത്തുപേര്‍ നാട്ടിലുണ്ടെങ്കില്‍! സാധുക്കളുടെ കണ്ണുനീര്‍ ഒപ്പിക്കളയുന്നവരുടെ കൈകള്‍ കനകതുല്യമാണ്. അല്ല,അതിനെക്കാള്‍ വിശിഷ്ടമാണല്ലോ.
നേരം വൈകി. ഞാന്‍ ഒട്ടേറെ എഴുതിപ്പോയി. എന്തൊക്കെയോ, എന്തോ എഴുതി. മറ്റാര്‍ക്കും ഇത്രയധികം എഴുതാറില്ല. എഴുത്തിലും സൂക്ഷിക്കണമല്ലോ.
എന്റെ പുരോഗമനാശയങ്ങളെ അങ്ങു തള്ളുകയില്ലെന്ന് എനിക്കറിയാം. സ്വര്‍ണക്കൂട്ടില്‍ കുടുങ്ങിയ ഒരു ചെറുപക്ഷിയെപ്പോലെയാണ് ഞാനിവിടെ. വള്ളത്തോളിന്റെ ഭാഷയില്‍ അതു ബന്ധനംതന്നെ. അങ്ങനെ കഴിയുന്നു. എന്റെ മനസ്സിലെ ആശയങ്ങള്‍ പറയാന്‍ നിവൃത്തിയില്ലാതെ തങ്ങിക്കിടക്കുന്നു. ഇവിടെ ആരോടും പറഞ്ഞാല്‍ ഇഷ്ടപ്പെടുകയില്ല. പഴയതുമാത്രം ഇഷ്ടപ്പെടുന്നവരാണിവര്‍. ഈ പാവപ്പെട്ട നമ്മുടെ കുട്ടികളെയും ആ വിധത്തില്‍ അവര്‍ വളര്‍ത്തിയെടുക്കുന്നു.
പ്രാര്‍ഥിക്കണേ! നന്ദിയോടെ
പ്രാര്‍ഥനയുടെ ഐക്യത്തില്‍
മിശിഹായില്‍ എളിയ സഹോദരി
സിസ്റ്റര്‍ .......
റോമ,
20-2-1970

ഡിയര്‍ റവ. ഫാദര്‍,
ഉയിര്‍പ്പുതിരുന്നാളിന്റെ സര്‍വവിധ മംഗളങ്ങളും ആശംസിക്കുന്നു, ആദ്യമായിത്തന്നെ. കാശുരൂപത്തിന്റെ കാര്യം പറഞ്ഞിരുന്നുവല്ലോ. ഇവിടെയെല്ലാം അന്വേഷിച്ചു. അച്ചന്‍ പറഞ്ഞ കാശുരൂപം കിട്ടാനില്ല. മാതാവിന്റെയും ലിമായിലെ റോസായുടെയും തിരുഹൃദയത്തിന്റെയും അമലോദ്ഭവമാതാവിന്റെയും ജോണ്‍ മാര്‍പാപ്പയുടെയും പോള്‍ മാര്‍പാപ്പ തുടങ്ങിയവരുടെയും ധാരാളം ഇരിപ്പുണ്ട്. അന്തോണീസ് പുണ്യാളന്റെയും കണ്ടതായിട്ടോര്‍ക്കുന്നു. പക്ഷേ, ഇത് ഈ റോമില്‍ ഒട്ടുമുക്കാലും കടകളില്‍ കയറിയിറങ്ങി ചോദിച്ചിട്ടും കിട്ടാനില്ല... ഞാന്‍ ഇവിടെനിന്നു മറ്റൊരു സ്ഥലത്തേക്ക് ഉടനെത്തന്നെ പോകും. എവിടെയെന്നു തീര്‍ച്ചയാക്കിയിട്ടില്ല. ജര്‍മനിയിലേക്കോ അമേരിക്കയിലേക്കോ ആകാം.
ഇവിടെ വന്നത് വാസ്തവത്തില്‍ ദൈവത്തിന്റെ പ്രത്യേക പരിപാലനവിശേഷത്തിനാലാണ് എന്നു തോന്നുന്നു. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളാനുള്ള ഒരു വിളിയാണിത്. ദൈവത്തിന്റെ പാവങ്ങളെ കഷ്ടപ്പെടുത്തുന്ന കാഴ്ച കാണാനാണ് ഞാനിവിടെ വന്നത്. പണ്ട് ആഫ്രിക്കയില്‍നിന്നു ധാരാളം അടിമകളെ യൂറോപ്യന്മാര്‍ക്കു വേല ചെയ്യാനായി വിറ്റിരുന്നുവല്ലോ. നമ്മുടെ തിരുസഭ അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് ഇന്ത്യയില്‍നിന്നാണ് ഈ കയറ്റുമതിയും വില്പനയും നടക്കുന്നത്. ഒരു കുട്ടിക്ക് മൂവായിരം, നാലായിരം രൂപയെങ്കിലും (ചുരുങ്ങിയത്) നമ്മുടെ വാഴ്ത്തപ്പെട്ട അച്ചന്മാര്‍ക്കും, വന്ദ്യരായ പിതാക്കന്മാര്‍ മുതലായവര്‍ക്കും വില്ക്കുമ്പോള്‍ കിട്ടുന്നുണ്ട്. അത് അവരുടെ വായില്‍നിന്നുതന്നെ എനിക്കു കിട്ടി. പണത്തിന്റെ കിലുക്കത്തില്‍ അലിഞ്ഞുചേരുന്ന മനസ്സാക്ഷിയേ നമ്മുടെ പിതാക്കന്മാര്‍ക്കും അച്ചന്മാര്‍ക്കും ഉള്ളൂ. യൂദാസ് ഒരു പ്രാവശ്യമേ കര്‍ത്താവിനെ മുപ്പതു വെള്ളിക്കാശിനു വിറ്റുള്ളൂ. എന്നാല്‍ നമ്മുടെ പിതാക്കന്മാരും അച്ചന്മാരും എത്ര പ്രാവശ്യമാണ് പണം വാങ്ങി യേശുവിനെ വിറ്റുകൊണ്ടിരിക്കുന്നത്! എല്ലാം അതിന്റെ തനിനിറത്തില്‍ കാണാന്‍ ഇവിടെ വന്നതുകൊണ്ട് കഴിഞ്ഞു.
ഈ വില്പനക്കാരായ അച്ചന്മാരും പിതാക്കന്മാരും തമ്മില്‍ ചേര്‍ച്ചയില്ല. കാരണം, അത്രയും കുറച്ചു പണമല്ലേ മറ്റൊരച്ചനയച്ചാല്‍ തന്റെ പോക്കറ്റില്‍ വീഴുകയുള്ളൂ. ഞാന്‍ ഇവരുടെ വായില്‍നിന്നുതന്നെ കേട്ടു എന്തിനാണ് ചില അച്ചന്മാരെ ഇവര്‍ എതിര്‍ക്കുന്നതെന്ന്. അവര്‍ പറയുന്ന എതിര്‍പ്പിന്റെ കാര്യം രണ്ടാണ്.
1. ഞാന്‍ കുട്ടിയൊന്നിന് ഇത്ര പണം പോക്കറ്റില്‍ വാങ്ങുമ്പോള്‍ ഇന്നയിന്ന അച്ചന്മാര്‍ കുട്ടി ഒന്നിന് അതിനെക്കാള്‍ കൂടുതല്‍ പണം വാങ്ങുന്നു. അതായത് വില്പനയില്‍ ഒരു തുല്യവില എല്ലാവരുംകൂടി നിശ്ചയിച്ചുവെക്കുന്നില്ലത്രേ. 2. ഞാന്‍ കോളേജില്‍ കയറിവരും, ബുദ്ധിയുള്ളവരുമായ മിടുക്കികളായ പെണ്‍കുഞ്ഞുങ്ങളെ യൂറോപ്യന്‍മാരുടെ കക്കൂസ് കഴുകാനും, അവരുടെ മുറികള്‍ തുടയ്ക്കാനും, വസ്ത്രം തിരുമ്മാനും വിടുമ്പോള്‍, ഇന്ന് അച്ചന്മാര്‍ ഇതൊന്നും ഗൗനിക്കുന്നില്ല. പഠിച്ചവരെയും പഠിക്കാത്തവരെയും അവരുടെ പരിചാരകവൃത്തി ചെയ്യാന്‍ വിടുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള തല്ലുപിടുത്തത്തിന്റെ അടിസ്ഥാനം! വന്ദ്യരായ പിതാക്കന്മാരും അച്ചന്മാരും നേരിട്ട് എന്നോടു പറഞ്ഞ വാക്കുകളാണിവ. ഇവരുടെ മേന്മയേറിയ മനസ്സാക്ഷിയെ വേദനിപ്പിക്കുന്നത് ഇതൊന്നുമാത്രമാണ്.
പാലസ്റ്റീനായിലെ, കര്‍ത്താവിന്റെ കാലത്തെ പ്രീശന്‍മാരെക്കാള്‍ കൂടുതലായി ഒരു വലിയ ഉപവി ചെയ്യുന്നതായി ഇവര്‍ ഭാവിച്ചുനടക്കുകയും ചെയ്യുന്നു. അതെന്താണെന്നോ? 'കെട്ടിക്കാനും മഠത്തില്‍ ചേരാനും, പഠിക്കാനും വഴിയില്ലാതെ വീട്ടില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പെണ്‍കുട്ടികളെ യൂറോപ്പിലേക്ക് അടിമജോലി ചെയ്യാന്‍ വില്ക്കുന്നത് ഒരു വലിയ ഉപവിയാണ്. അവരുടെ അപ്പനും അമ്മയ്ക്കും ഒരു വലിയ ആശ്വാസമാണ് ഞങ്ങളുടെ ഈ വില്പനകൊണ്ടു കിട്ടുന്നത്.'
യൂറോപ്യന്മാരെല്ലാം മാലാഖമാരാണെന്നും, യൂറോപ്പു മുഴുവന്‍ സ്വര്‍ഗമാണെന്നുമുള്ള പ്രചാരണം നാട്ടിലെങ്ങും നടത്തുന്നതിന്റെ ഫലമായി കുട്ടികള്‍ ഇവിടെ മഠത്തില്‍ ചേരാന്‍ വരുന്നു. കുട്ടികള്‍ ഇവിടെ വരുമ്പോള്‍ രണ്ടു കൊല്ലത്തേക്ക് ഇവരെ പല സ്ഥലങ്ങളും കൊണ്ടുപോയി കാണിച്ചും മറ്റും തലയില്‍ കയറ്റി ഇവിടുത്തെ വക്രഗതിക്കാരായ സിസ്റ്റേഴ്‌സും അച്ചന്മാരും കൊണ്ടുനടക്കും. എന്തിനെന്നോ? കുറെക്കൂടി കുട്ടികളെ കിട്ടാനും, വന്നവര്‍ നാട്ടിലേക്കു തിരിച്ചുപോകാതിരിക്കാനും, നാട്ടില്‍ നല്ലൊരു പ്രചരണം കിട്ടാനുമായി. എല്ലാം കണ്ടു ഭ്രമിച്ച നമ്മുടെ മണ്ടിപ്പിള്ളേര്, വീട്ടിലേക്ക് എഴുതും ഇവിടെ സ്വര്‍ഗമാണെന്നും, കന്യാസ്ത്രീകള്‍ മാലാഖമാരാണെന്നും. ഡോക്ടറാക്കാമെന്നും വക്കീലാക്കാമെന്നും എന്‍ജിനീയറാക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളും കൊടുക്കും. അതോടെ നാട്ടിലുള്ള കുട്ടികളെല്ലാം യൂറോപ്പിലേക്കു വരാനുള്ള ഒരുക്കമായി. പിതാക്കന്മാര്‍ക്കും മറ്റും തങ്ങളുടെ കയറ്റുമതിക്കു പേരും കൊടുക്കും.

കന്യാസ്ത്രീയാകുന്നതിനു മുന്‍പോ ചിലേടത്ത് അതിനു മുന്‍പോ കുട്ടികള്‍ വാസ്തവം കണ്ടുതുടങ്ങും. അതോടെ കുഞ്ഞുങ്ങള്‍ക്ക് നിരാശയായി. തങ്ങളെയും വിട്ടവരെയും ശപിക്കാന്‍ തുടങ്ങും. പിന്നെ വെറും നിരാശയുടെ ജീവിതമായി മാറുന്നു. വീട്ടിലേക്ക് ആദ്യമേ സ്വര്‍ഗമെന്ന് എഴുതിയതുകൊണ്ടും, അപ്പനും അമ്മയ്ക്കും തങ്ങളുടെ വിഷമങ്ങളറിയിച്ചാല്‍ തീരാദുഃഖമാവില്ലേ എന്നോര്‍ത്തും, അവര്‍ ഇവിടെ സന്തോഷമാണെന്നുതന്നെ തുടര്‍ന്നെഴുതും. പലരും തൂങ്ങിച്ചാകാന്‍ അവസരം നോക്കി നടക്കുന്നു. ഞങ്ങളെ യൂറോപ്പിലേക്കു വിട്ടതിനെക്കാള്‍ ഭേദം ഞങ്ങളെ വിട്ട അച്ചന്മാരും പിതാക്കന്മാരും ഒരുപിടി കയറുകൊണ്ട് ഞങ്ങളെ കെട്ടിത്തൂക്കിയിട്ട് കൊല്ലുകയായിരുന്നു എന്ന് ഈ കുഞ്ഞുങ്ങള്‍ പറഞ്ഞുവരുന്നു. ആധ്യാത്മികമായി യാതൊരറിവും ഇവര്‍ക്കിവിടെ കൊടുക്കുന്നില്ല.

ഇവിടത്തെ യൂറോപ്യന്‍ ബിഷപ്പുമാര്‍ക്കും മോണ്‍സിഞ്ഞോര്‍മാര്‍ക്കും വലിയ താത്പര്യമാണു നമ്മുടെ നാട്ടില്‍നിന്നു പെണ്‍പിള്ളേരെ കിട്ടാന്‍. കാരണമെന്താണെന്നോ, പറയാം. ദൈവവിളിയില്ലാഞ്ഞിട്ടു കുട്ടികളെ ഇവിടങ്ങളില്‍ കിട്ടാനില്ല. ഉള്ള ചെറുപ്പക്കാരായ സിസ്റ്റേഴ്‌സ്, കൗണ്‍സിലിന്റെ പേരിലല്ല, അല്ലാതെതന്നെ ജോലികൊണ്ടു തളര്‍ന്നും, വേണ്ടാത്തവിധത്തില്‍ അധിക പങ്കു പിഴച്ചും ഇറങ്ങിപ്പോകുന്നു. അങ്ങനെ മഠങ്ങളുടെ വക ആശുപത്രികളും (ഭ്രാന്താശുപത്രികളും, മറ്റ് ആശുപത്രികളും) ഹോട്ടലുകളും നിന്നുപോകുന്നു. ഇവര്‍ക്ക് ഇത്രയേ ആഗ്രഹമുള്ളൂ. ആശുപത്രികളിലും ഹോട്ടലുകളിലും കൂലി കൊടുക്കാതെ, ജീവിതകാലം മുഴുവന്‍ അവരുടെ ഇഷ്ടത്തിനൊത്തു പണിയെടുക്കുന്നവരെ, വേലക്കാരിപ്പിള്ളേരെ വേണം.

വേലക്കാരെ ഈ നാട്ടില്‍നിന്നും നിയമിച്ചാല്‍ അക്രമകൂലി കൊടുക്കണം. അങ്ങനെ ഭാവിയില്‍ അവര്‍ തെണ്ടികളായിത്തീരും. അതുകൊണ്ടു കണ്ട ഒരുപായമാണ് കേരളത്തില്‍നിന്നു കുട്ടികളെ ഇറക്കുമതി ചെയ്യുകയെന്നത്. ദൈവവിളി ഉണ്ടെങ്കിലും ഇല്ലെങ്കിലും കന്യാസ്ത്രീകളുടെ ഉടുപ്പിടുവിക്കും ഇവര്‍. വ്രതവും ചെയ്യിക്കും. ദൈവികമായ യാതൊന്നും പഠിപ്പിക്കില്ല. മിണ്ടുന്നതെല്ലാം ചെയ്യണമെന്ന് അനുസരണവ്രതത്തിലും എന്തു ജോലിയും ചെയ്തു കൂലി വാങ്ങാതെ കൈയുംകെട്ടി നടക്കണമെന്ന ദാരിദ്ര്യവ്രതത്തിലും ഇവരെ പഠിപ്പിക്കും.
അങ്ങനെ കൂലി കൊടുക്കാതെ ഇവര്‍ക്കു തോന്നുന്നതും, ഇവര്‍ സ്വയം ചെയ്യാന്‍ അറയ്ക്കുന്നതുമായ ജോലി ചെയ്യാന്‍ വേണ്ടിയാണ് കേരളത്തില്‍നിന്നു മൂവായിരവും നാലായിരവും ആറായിരവും മറ്റും രൂപ കൊടുത്തു കുട്ടികളെ ഇവര്‍ വാങ്ങുന്നത്. അവരെക്കൊണ്ട് ഒരു വര്‍ഷം ജോലിയെടുപ്പിച്ചാല്‍ നേടാനുള്ള തുകയേ ഉള്ളോ ഇത്? ഇവിടുത്തെ തൂപ്പുകാര്‍ക്കു കുറഞ്ഞതു മാസം എണ്ണൂറു രൂപയുണ്ട്. കുട്ടികളെ മറ്റു യാതൊന്നും പഠിപ്പിക്കയില്ല. ഭാഷപോലും നന്നായി പഠിപ്പിക്കില്ല. രാവിലെ മുതല്‍ വൈകീട്ടുവരെയും ഉടുപ്പിട്ടു കഴിഞ്ഞാല്‍ വെള്ളക്കാരുടെയും മറ്റുള്ളവരുടെയും കക്കൂസ് കഴുകലും വസ്ത്രം തിരുമ്മിക്കൊടുക്കലും മുറിതുടയ്ക്കലുമാണ്.
മറ്റുള്ളവര്‍ ഇട്ടുപഴകിയ സാധനങ്ങള്‍ ദാരിദ്ര്യാരൂപി പഠിപ്പിച്ച് ഇവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്തുവരുന്നു (ഷൂസ്, വസ്ത്രങ്ങള്‍ മുതലായവ). പ്രാര്‍ഥനക്കുറവുമൂലം ജോലിതന്നെയാണ് പ്രാര്‍ഥന എന്നു പറയാം. ഇവിടെയുള്ള മറ്റ് ഇന്ത്യക്കാരികളുമായി ബന്ധം അനുവദിക്കുകയുമില്ല. കാരണം, ഭയമാണ്. അവര്‍ കൂടിയാലോചിച്ചെങ്ങാനും മഠം വിട്ടു നാട്ടില്‍പ്പോയാലോ എന്ന്. നമ്മുടെ ഇവിടെയുള്ള നാട്ടുകാരച്ചന്മാരുമായി സംസാരിക്കാനും അനുവദിക്കില്ല. മിക്ക സഭകളിലും ചേര്‍ന്നിട്ടുള്ള കുട്ടികളുടെ സ്ഥിതി ഇതാണ്. ഇപ്പോള്‍ ഏകദേശം മൂവായിരത്തിലധികം കുട്ടികള്‍ കന്യാസ്ത്രീകളായും നോവിസ്റ്റായും ഇറ്റലിയില്‍ത്തന്നെയുണ്ട്. എല്ലാവരുംതന്നെ മനസ്സുനൊന്തു കഴിയുന്നു. എല്ലാം തീരേ അബ്‌നോര്‍മലാണ്. ചിലരെല്ലാം ഭ്രാന്തുപിടിച്ചും കിടപ്പുണ്ട്. തീരെ ഭ്രാന്തായിട്ടു ജോലിയെടുപ്പിക്കാന്‍ നിവൃത്തിയില്ലാത്ത രണ്ടുമൂന്നു കുട്ടികളെ നാട്ടിലേക്കു വിട്ടിട്ടുണ്ട്. ഒരു കുട്ടി തൊടുപുഴയില്‍ ഇപ്പോള്‍ ചെന്നെത്തിയിട്ടുണ്ടെന്ന് അറിവുകിട്ടി.

അങ്ങ് വലിയൊരു ഒരുപകാരമായിരിക്കും നാട്ടിനു ചെയ്യുക, ഈ വഴിപിഴച്ച ജീവിതത്തിലേക്കു നമ്മുടെ കുട്ടികള്‍ വരാതെ അവരെ തടയുമെങ്കില്‍. ഞാന്‍ ഈ പറഞ്ഞതെല്ലാം പരമാര്‍ഥം മാത്രമാണ്. നമ്മുടെ രക്തം ഇവിടെ ചവിട്ടപ്പെടുന്നതുകണ്ട് സഹിക്കാഞ്ഞിട്ട് എഴുതുകയാണ്. അങ്ങു പോകുന്നിടത്തെല്ലാം ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങള്‍ അറിയിക്കുക... നമ്മുടെ നാട്ടില്‍ പണിയില്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികളെയും കൊണ്ട് നമുക്ക് വല്ല റോഡുപണിയെങ്കിലും തുടങ്ങാം. മഹാത്മാഗാന്ധിയുടെ രക്തവാഹിനിയില്‍ക്കൂടി ഒഴുകിയ ഭാരതരക്തംതന്നെയല്ലേ നമ്മുടേതും? കുട്ടികളെ യൂറോപ്പിലേക്കു വിട്ടില്ലെങ്കില്‍ ഇവിടത്തെ സന്ന്യാസസഭ നിന്നുപോകുംപോലും! തിരുസഭയെ സഹായിക്കാന്‍വേണ്ടിയാണുപോലും കുട്ടികളെ യൂറോപ്പിലേക്കയയ്ക്കുന്നത്! നീതിക്കുവേണ്ടിയുള്ള കരച്ചില്‍ ദൈവത്തിന്റെ പക്കല്‍ എന്നു ചെന്നെത്തും? ഈ അടിമക്കുഞ്ഞുങ്ങളെ ആരു മോചിപ്പിക്കും?

ഇവിടത്തെ ചെറുപ്പക്കാരായ ഇന്ത്യക്കാരെല്ലാം ഈ അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയപ്പോള്‍ ഏറ്റവും സൂത്രശാലിയായ ഒരു കച്ചവടക്കാരന്‍ അച്ചന്‍ പ്രത്യേകം സൂത്രം കണ്ടുപിടിച്ചു. സേക്രഡ് കോണ്‍ഗ്രിഗേഷനില്‍ ചെന്നു പറഞ്ഞു: 'ഇന്ത്യക്കാരായ കുട്ടികള്‍ പല മഠങ്ങളിലും വിഷമിക്കുന്നുണ്ടെന്നു പരാതിയുണ്ട്. അതെല്ലാം ഉണ്ടോ ഇല്ലയോ എന്നറിയാനും, ഉണ്ടെങ്കില്‍ നിവാരണം വരുത്താനുമായി ഒരച്ചനെ ഏര്‍പ്പാടു ചെയ്യണം.' പിന്നീട് തന്നെത്തന്നെ അതിലേക്കു നിയമിക്കാനായി വേണ്ട ശിപാര്‍ശയും ശരിയാക്കി.
അങ്ങനെ ആ വിദ്വാന്‍തന്നെ ആ ഉദ്യോഗത്തില്‍ കയറിപ്പറ്റി. ഇപ്പോള്‍ ജര്‍മനിയില്‍ ചുറ്റിപ്പറ്റി നടന്ന് വീണ്ടും പിള്ളേരെ വിടാന്‍ അഡ്രസ് ശേഖരിച്ചും പണം വാങ്ങി പോക്കറ്റ് നിറച്ചും നടക്കുകയാണ്. ചെന്നിടത്തെല്ലാം കുട്ടികളെ ഒന്നുകൂടി ഞെരുക്കാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ട്. അവര്‍ ഒന്നിച്ചുകൂടി? എതിര്‍ക്കാതിരിക്കാനായി നാനാഭാഗത്തേക്കും അവരെ സ്ഥലംമാറ്റി വിടാനും ഉത്തരവു കൊടുത്തു. അവര്‍ ചത്താലും ആരും അറിയാന്‍ പോകുന്നില്ല. ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. നല്ലവണ്ണം പ്രാര്‍ഥിക്കണമേ. ഇനിയാരും ഈ അടിമജോലിയില്‍ പെടാതിരിക്കാനും ആത്മാവ് നശിക്കാതിരിക്കാനും അങ്ങയാല്‍ കഴിയുന്നതു ചെയ്യുമല്ലോ. ഈ കണ്‍കെട്ടുവിദ്യയില്‍ നീറുന്ന കുഞ്ഞുങ്ങളെ രക്ഷിക്കണേ!

അങ്ങേയ്ക്കു സൗഖ്യമെന്നു വിശ്വസിക്കുന്നു. പ്രാര്‍ഥനയുടെ ഐക്യത്തില്‍
മിശിഹായില്‍ എളിയ സഹോദരി
സിസ്റ്റര്‍...
ഈ കത്ത് തൊഴിലാളിയില്‍ വന്നതോടെ ആ നിഷ്‌കളങ്കകന്യാസ്ത്രീയെ മതാധികാരികള്‍ കേരളത്തിലേക്കു മടക്കിവിളിച്ചു. ഇന്ന് ആ സന്ന്യാസിനി ഒരുതരം വിലങ്ങിടത്തിലാണ്. ആ അഭ്യസ്തവിദ്യയെ, തള്ളപ്പൂച്ച കുട്ടിയെ ഇല്ലം കടത്തുന്നതുപോലെ മഠാധികൃതര്‍ ഓരോരോ വിദൂരമഠങ്ങളിലെ കനത്ത ഭിത്തികള്‍ക്കുള്ളില്‍ മാറിമാറി താമസിപ്പിച്ചുകൊണ്ടിരിക്കയാണ്.
കന്യാസ്ത്രീയുടെ ഈ കത്ത് പത്രമാഫീസില്‍ കിട്ടുംമുന്‍പുതന്നെ പടിഞ്ഞാറോട്ടു പമ്പകടത്തുന്ന കേരളീയ പെണ്‍കുട്ടികളുടെ കഥ എനിക്കറിയാമായിരുന്നു. ഞാന്‍ 1961-ല്‍ ജര്‍മനിയില്‍ ചെന്നപ്പോള്‍ കേരളത്തില്‍നിന്നു പത്തു കുട്ടികളേ അവിടെയുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ആ സംഖ്യ രണ്ടായിരത്തില്‍ കൂടും.

പശ്ചിമജര്‍മന്‍ ഗവണ്‍മെന്റ് എനിക്കു ഫ്രൈബര്‍ഗിലേക്ക് ഒരു സന്ദര്‍ശനം വെച്ചു. ഒരു ടെലിവിഷന്‍ പരിപാടിയും നിശ്ചയിച്ചിരുന്നു. തലേദിവസം ടെലിവിഷന്‍ ഭാഷണത്തിന്റെ റിഹേഴ്‌സല്‍ നടന്നു. പിറ്റേന്നാണ് സാക്ഷാല്‍ ടെലവൈസിങ്. അപ്പോള്‍ എന്റെ ദ്വിഭാഷി പറഞ്ഞു: 'ഈ നഗരത്തിനടുത്ത് ഏതാനും ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വന്നിട്ടുണ്ട്. അച്ഛനെ അവര്‍ക്കറിയാം. അതിനാല്‍ നമുക്കങ്ങോട്ടു പോകാം.' ഞാന്‍ സമ്മതിച്ചു. കാര്‍ വന്നു. ഓടിച്ചിരുന്നത് ഒരു കന്യാസ്ത്രീ. അന്നാണു ജീവിതത്തില്‍ ആദ്യമായി ഒരു സ്ത്രീ എന്റെ വലത്തെ കൈ കടന്നുപിടിച്ച് 'ഹസ്തദാനം' ചെയ്തത്. ഷോക്കേറ്റപോലെ എന്റെ ശരീരമാകെ തരിച്ചു. എന്നാലും ആ കന്യാസ്ത്രീഡ്രൈവറുടെ കാറില്‍ക്കയറി ഞാന്‍ പോയി. കാര്‍ പാര്‍ലറിനു മുന്‍പില്‍ നിര്‍ത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുണ്ട് ഓടിയകലുന്നു. ആ കുട്ടി കോണിപ്പടികളും മുറികളും അടിക്കുന്ന അടിമപ്രവൃത്തി ചെയ്യുകയായിരുന്നു. അടിമപ്രവൃത്തിയെന്ന് ആ കുട്ടിക്കു തോന്നിയതാണ്. അകത്തുചെന്നപ്പോള്‍ പത്തു പെണ്‍കുട്ടികള്‍ നില്ക്കുന്നു. എല്ലാം മലയാളികള്‍. തൃശൂരിലെയും എറണാകുളത്തെയും കൊച്ചുങ്ങള്‍. എന്നെ കണ്ടപ്പോള്‍ ഓടിയതോ? തൊഴിലാളിയുടെ പ്രിന്ററും പബ്ലിഷറുമായ പോള്‍ വളപ്പിലയുടെ സഹോദരി കുമാരി. ആ കുട്ടിയെ കൊച്ചുകാലംമുതല്‍ എനിക്കു പരിചയമായിരുന്നു.
ഞാന്‍ അവരോടു പലതും ചോദിച്ചു (ജര്‍മന്‍കന്യാസ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട്). അവര്‍ അന്ന് 1961-ല്‍ പലതും എന്നോടു പറഞ്ഞു. അന്നുമുതലേ ഇന്ത്യന്‍ പെണ്‍കുട്ടികളെ പടിഞ്ഞാറോട്ടു കെട്ടുകെട്ടിവിടുന്നതിനോട് എനിക്കു മാനസികമായ ഒരമര്‍ഷം ഉണ്ടായിവന്നു.
1971-ല്‍ പത്തു കൊല്ലങ്ങള്‍ക്കുശേഷം ആ കന്യാസ്ത്രീയുടെ കത്ത് ധൈര്യസമേതം തൊഴിലാളിയില്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരണ തന്നത് 1961-ലെ ഈ അനുഭവമാണ്.

ഒരു സത്യം ഞാന്‍ പറയട്ടെ. എനിക്കു ബിഷപ്പ് കുണ്ടുകുളത്തിനോടു വ്യക്തിപരമായി ഒരു വിരോധവുമില്ല. വത്തിക്കാന്‍ സൂനഹദോസിനെത്തുടര്‍ന്നു രൂപതയില്‍ രൂപവത്കരിച്ച പ്രീസ്റ്റ് സെനറ്റിലേക്കു തൃശൂരില്‍നിന്ന് ആദ്യമായി അദ്ദേഹത്തെയും എന്നെയുമാണു വൈദികര്‍ രഹസ്യവോട്ടുപ്രകാരം തിരഞ്ഞെടുത്തത്. അദ്ദേഹം തന്റെ മെത്രാഭിഷേകച്ചടങ്ങില്‍ ചെയ്യാനുള്ള പ്രസംഗം എഴുതി തയ്യാറാക്കാന്‍ എന്നെയാണ് ഏല്പിച്ചിരുന്നത്.

പക്ഷേ, പെണ്‍കുട്ടികളെ കയറ്റിയയയ്ക്കുന്നതിനെ ഞാന്‍ എതിര്‍ക്കുകയാണെന്നു വന്നപ്പോള്‍ അദ്ദേഹം സ്വാഭാവികമായും എന്നെ വെറുത്തു. ചുണ്ടില്‍ പുഞ്ചിരിയും കരളില്‍ കരാളവിഷവുമായി പെരുമാറാന്‍ തുടങ്ങി.

എന്നെ വിശ്വാസികളുടെ മുന്‍പില്‍ വിലയിടിച്ചുകാണിക്കാനുള്ള ആസൂത്രിതമായ ഒരു നീക്കം ആരംഭിച്ചു. ഞാന്‍ സ്ത്രീലമ്പടനാണെന്നും ധനവഞ്ചകനാണെന്നും രാജ്യത്തുടനീളം പരത്തുകയെന്നതായിരുന്നു ഭക്തക്രിസ്ത്യാനികളുടെ പിന്നത്തെ പരിപാടി. കരുണയറ്റ, കഠിനതയുറ്റ ഒരാക്രമണംതന്നെ ഞാന്‍ നേരിടേണ്ടിവന്നു.

ഫാദര്‍ ജോസഫ് വടക്കന്റെ ആത്മകഥ 'എന്റെ കുതിപ്പും കിതപ്പും' വാങ്ങാം