ഫിബ്രവരി 6- സമതുലിതമായ വിമര്‍ശനത്തിലൂടെ സാഹിത്യചരിത്രത്തില്‍ ഇടംനേടിയ എസ്.ഗുപ്തന്‍നായര്‍ ഓര്‍മ്മയായിട്ട് എട്ടാണ്ട് പിന്നിടുന്നു. സാഹിത്യനിരൂപണം കൃതികള്‍ക്കുനേരെയുള്ള കടുത്ത ആക്രമണമാണെന്ന് തെറ്റിദ്ധരിച്ചിരുന്നവരുടെ ഇടയില്‍ ഇളംകാറ്റിനുതുല്യം കടന്നുപോയ പ്രതിഭാധനനായിരുന്നു അദ്ദേഹം.

അധ്യാപകനായും വിവിധ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും പത്രാധിപരായും കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡന്റായുമെല്ലാം അദ്ദേഹം സാംസ്‌കാരിക-ജീവിതമേഖലകളില്‍ നിറഞ്ഞുനിന്നു. വിവേകപൂര്‍ണമായ നിലപാടുകളാണ് സാഹിത്യവിമര്‍ശനത്തില്‍ ഗുപ്തന്‍നായര്‍ എക്കാലവും സ്വീകരിച്ചുപോന്നത്. ലളിതമായ രചനകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. സാഹിത്യചര്‍ച്ചകളില്‍ പക്വതയാര്‍ന്ന സമീപനവും മിതത്വവുമാണ് അദ്ദേഹത്തിന്റെ സവിശേഷതകള്‍. ധാര്‍മ്മികമായ മൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്ന അദ്ദേഹത്തിന്റെ സമീപനം പലപ്പോഴും യാഥാസ്ഥിതികമെന്ന് വിശേഷിപ്പിക്കപ്പെട്ടു. നാടകവും ചരിത്രവും ചെറുകഥയും സംഗീതവും നാടകവുമെല്ലാം അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് വിഷയങ്ങളായി. നാടന്‍പാട്ടുകളും മലയാളഗദ്യശൈലിയും ഭാഷാദേഭങ്ങളുടെ വൈചിത്ര്യവുമെല്ലാം പഠനവിധേയമാക്കി സുഗ്രഹമായി പകരാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. ജീവിതാനുഭവങ്ങളും പ്രസ്ഥാനങ്ങളുമെല്ലാം പ്രതിപാദ്യവിഷയമായ 'മനസ്സാസ്മരാമി'യാണ് അദ്ദേഹത്തിന്റെ ആത്മകഥ.

'ഗുപ്തന്‍നായരുടെ ലേഖനങ്ങള്‍' വാങ്ങാം

പ്രഭാഷകനും പ്രബന്ധകാരനും വിവര്‍ത്തകനും നാടകപ്രവര്‍ത്തകനും നിഘണ്ടുകാരനുമൊക്കെയായി സാഹിത്യജീവിതത്തില്‍ നിറഞ്ഞുനിന്നു അദ്ദേഹം. രാഷ്ട്രീയത്തെ സംബന്ധിച്ചും അദ്ദേഹം പുലര്‍ത്തിയത് സുവ്യക്തമായ നിലപാടുകളാണ്. ദീര്‍ഘകാലം കോളേജ് അധ്യാപകനായിരുന്ന അദ്ദേഹത്തിന് കലാലയ രാഷ്ട്രീയത്തിന്റെ നന്മതിന്മകളെ അടുത്തറിയാനുമായി. കലാലയരാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രൂപവത്കരിക്കപ്പെട്ട വിദ്യാഭ്യാസസുരക്ഷാസമിതിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

അരങ്ങുനിറഞ്ഞുനിന്ന ഒരു നടനുമായിരുന്നു ഗുപ്തന്‍ നായര്‍. 1940 കളിലാണ് അദ്ദേഹം ടി.എന്‍.ഗോപിനാഥന്‍ നായര്‍, കൈനിക്കര കുമാരപിള്ള, പി.കെ.ത്രിവിക്രമന്‍ നായര്‍, എന്‍.സി.കൃഷ്ണപിള്ള എന്നിവരോടൊപ്പം നാടകരംഗത്ത് പ്രവര്‍ത്തിച്ചത്.

തിരുവനന്തപുരത്ത് ഇന്നത്തെ ആര്‍ട്‌സ് കോളേജില്‍ ബി.എ.ഓണേഴ്‌സിന് പഠിക്കുമ്പോള്‍ കുമാരനാശാന്റെ കരുണയെ ആസ്​പദമാക്കി, അധ്യാപകനായ ഡോ. ഗോദവര്‍മ്മ എഴുതിയ നാടകത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്് ചങ്ങമ്പുഴ കൃഷ്ണപിള്ളയായിരുന്നു. ബന്ധുവിന്റെ അസുഖംമൂലം ചങ്ങമ്പുഴയ്ക്ക് നാടകത്തില്‍ അഭിനയിക്കാനാകുമായിരുന്നില്ല. പകരം ഗോദവര്‍മ്മ കണ്ടെത്തിയത് എസ്.ഗുപ്തന്‍ നായരെയായിരുന്നു. പിന്നീട് ഒട്ടേറെ നാടകങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. സഹപാഠിയായിരുന്ന ടി.എന്‍.ഗോപിനാഥന്‍ നായര്‍ രചിക്കുന്ന നാടകങ്ങളിലെല്ലാം നായകനായത് ഗുപ്തന്‍ നായരാണ്. നാടകത്തിനുപുറമേ ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും അദ്ദേഹത്തിന് അങ്ങേയറ്റം താത്പര്യമുണ്ടായിരുന്നു.

1942-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയും മറ്റുമാണ് അദ്ദേഹം സാഹിത്യപ്രവര്‍ത്തനം തുടങ്ങിയത്. 1951-ല്‍ പ്രസിദ്ധീകരിച്ച ആധുനികസാഹിത്യമാണ് ആദ്യഗ്രന്ഥം. ഇസങ്ങള്‍ക്കപ്പുറം എന്ന പുസ്തകം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ദൈര്‍ഘ്യമേറിയതാണ് ഗുപ്തന്‍ നായരുടെ സാഹിത്യജീവിതം. അമൂല്യമാണ് അദ്ദേഹം സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍. 'അസ്ഥിയുടെ പൂക്കളും' 'കാവ്യസ്വരൂപവും' 'സമാലോചനയും പുനരാലോചനയും' 'കേരളവും സംഗീതവും' 'ക്രാന്തദര്‍ശികളും' 'സൃഷ്്ടിയും സ്രഷ്ടാവും' 'വിവേകാനന്ദസൂക്തങ്ങളും' 'ചങ്ങമ്പുഴ- കവിയും മനുഷ്യനും' 'കേസരിയുടെ വിമര്‍ശന'വും 'ഗുപ്തന്‍നായരുടെ തിരഞ്ഞെടുത്ത ലേഖനങ്ങളും' തുടങ്ങി മുപ്പേതാളം കൃതികള്‍ അദ്ദേഹം കൈരളിക്ക് സമര്‍പ്പിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിരുന്നു അദ്ദേഹം.

ഖദര്‍മുണ്ടും ജൂബയും രണ്ടാംമുണ്ടുമണിഞ്ഞ്, നിറഞ്ഞ പുഞ്ചിരിയുമായി വേദികളില്‍ നിറഞ്ഞുനിന്നിരുന്നു ഗുപ്തന്‍ നായര്‍. മൃദുവായ വാക്കുകളിലൂടെയും സൗമ്യമായ നോട്ടത്തിലൂടെയാണ് അദ്ദേഹം മനസ്സുകളിലേക്ക് കടന്നുചെല്ലുന്നത്. ഒരുകുളിര്‍കാറ്റായി, മധുരഗാനമായി സഹൃദയരുടെ ഉള്ളിലെന്നും അദ്ദേഹമുണ്ടാകും.

'ഗുപ്തന്‍നായരുടെ ലേഖനങ്ങള്‍' വാങ്ങാം