ഇക്കഴിഞ്ഞ 8-ാം തീയതി മദിരാശിയിലെ എന്റെ പുതിയ വീടിന്റെ പാലുകാച്ചായിരുന്നു. വീടുപണി തീര്‍ന്നിട്ടില്ല. ആ ദിവസം നടത്തിയില്ലെങ്കില്‍ വളരെ മാസങ്ങള്‍ കഴിഞ്ഞേ അങ്ങനെയൊരു സമയം കിട്ടൂ എന്നറിയിച്ചതിനെത്തുടര്‍ന്നാണ് അന്ന് പാലുകാച്ചിയത്. എല്ലാ വീടുകളും എന്റെ അമ്മയാണ് പാലുകാച്ചിയത്. ഇത് അങ്ങനെയല്ലാതായി മാറി. അമ്മയ്ക്ക്, സുഖമില്ലാതെ കിടക്കുകയാണ്.മോഹന്‍ലാലിന്റെ കൃതികള്‍
'ദൈവത്തിനുള്ള തുറന്ന കത്തുകള്‍' വാങ്ങാം
'AN ACTOR'S BLOG BOOK' വാങ്ങാം
'മോഹന്‍ ലാലിന്റെ യാത്രകള്‍' വാങ്ങാം

വീടിന്റെ താഴേയുള്ള ഒരു മുറിയിലാണ് ഞാന്‍ എനിക്കു പ്രിയപ്പെട്ട ഒരുപാടു സാധനങ്ങള്‍ വെച്ചിട്ടുള്ളത്. അതില്‍ ചിലത് കാണുവാനായി ഞാന്‍ താഴേക്കു പോയി. ഇരുട്ടായിരുന്നു. തപ്പിത്തടഞ്ഞ് എനിക്കു വേണ്ട സാധനം എടുത്ത് മടങ്ങുമ്പോള്‍ ഒരു മൂലയില്‍ അദ്ദേഹം നില്ക്കുന്നു. പരിചിതമായ ആ മുഖം, ആ ഗന്ധം, ആ ശ്വാസം. അതെ, ദൈവംതന്നെ. മുന്‍പ് തീവണ്ടിയില്‍വെച്ചു കണ്ട അതേ വേഷത്തില്‍, അതേ പ്രായത്തില്‍. കുറച്ചു നേരം ഞങ്ങള്‍ മിണ്ടാതെ നിന്നു. എന്റെ നില്പു കണ്ട് അദ്ദേഹം മന്ദഹസിച്ചു. അപ്പോള്‍ ആ ഇരുട്ടുമുറിയില്‍ പ്രകാശം പരന്നു. ഒരു പ്രത്യേക തരം സുഗന്ധം വ്യാപിച്ചു.
'എന്താണ്.. ഒരുപാട് നാളായല്ലോ?' അദ്ദേഹം ചോദിച്ചു.

'ശരിയാണ്, എന്നും കാണണമെന്ന് കരുതും. പക്ഷേ... പലപല പ്രശ്‌നങ്ങള്‍.' എനിക്ക് ഉത്തരംമുട്ടിപ്പോയി...

തൊട്ടപ്പുറത്തു കിടന്ന ഒരു സ്റ്റൂള്‍ വലിച്ചിട്ട് അതിലിരുന്ന് അദ്ദേഹം ചോദിച്ചു: 'എന്താണ് നിന്റെ പ്രശ്‌നം... അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍?'
എനിക്കു മാത്രമറിയാവുന്ന എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ച് ചര്‍ച്ച ചെയ്തു... ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. അത്രയ്ക്കും ഹൃദയത്തില്‍ തട്ടിയ ചില കാര്യങ്ങള്‍, കമന്റുകള്‍, ചിലയാളുകളുടെ പെരുമാറ്റങ്ങള്‍, പിന്നെ അമ്മയുടെ അസുഖം. എല്ലാം.
എല്ലാം ക്ഷമയോടെ കേട്ടതിനുശേഷം മധുരമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു:
'ലാലൂ... ഭൂമിയില്‍ പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരില്ല...

ജനനംമുതല്‍ തുടങ്ങുന്നു മനുഷ്യന്റെ സമരങ്ങള്‍. അതില്‍ ദൈവത്തിന് ഒന്നും ചെയ്യാനില്ല. സ്വയം പോരാടി ജയിക്കുകയോ തോല്ക്കുകയോ ചെയ്യുക. അത്രയേ ഉള്ളൂ...'

ഞാന്‍ മിണ്ടാതെ നിന്നു.

'നിനക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ,' അദ്ദേഹം ചോദിച്ചു.

അപ്പോള്‍ എന്റെ മനസ്സില്‍ കുറെക്കാലമായി കയറിക്കൂടിയിരുന്ന ഒരു സംശയം ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ചു. ഞാന്‍ പറഞ്ഞു:
'ദൈവമേ, ഒരു മനുഷ്യന്‍ ജനിച്ച്, അവന്റെ കടമകളും സുഖദുഃഖങ്ങളും ആഘോഷങ്ങളുമായി വളര്‍ന്ന്... തന്റെ ജീവിതത്തെ രസിക്കാന്‍ അല്ലെങ്കില്‍ മനസ്സിലാക്കാന്‍ തുടങ്ങുമ്പോഴേക്കും അവന് ഈ ഭൂമിയില്‍നിന്നു തിരിച്ചു പോവേണ്ടിവരുമല്ലോ... അങ്ങ് കൊടുക്കുന്ന ഈ ആയുസ്സുകൊണ്ട് ഒന്നുമാവുന്നില്ല. എല്ലാവര്‍ക്കും വേണ്ട ഈ ഭൂമിക്ക്, ഈ സുഖത്തിന് അത്യാവശ്യം വേണ്ടവര്‍ക്ക് ആയുസ്സു നീട്ടിക്കൊടുത്തുകൂടേ! സോര്‍ബ ദ ഗ്രീക്കിലെ നായകന്‍ (എനിക്കു പ്രിയപ്പെട്ട നോവലിലെ നായകന്‍) സോര്‍ബ മരിക്കുംമുന്‍പേ ദൈവത്തോടു പറയുന്നുണ്ട്, 'ദൈവമേ, എന്നെപ്പോലുള്ള ജീവിതം ആഘോഷിക്കുന്ന മനുഷ്യര്‍ക്ക് ചുരുങ്ങിയത് ഇരുനൂറു വര്‍ഷമെങ്കിലും ആയുസ്സു തരണം.' 'അതൊരു ശരിയായ പ്രാര്‍ഥനയല്ലേ..?' ഞാന്‍ ചോദിച്ചു...
അദ്ദേഹം മന്ദഹസിച്ചു. നിലാവുപോലെ വീണ്ടും പ്രകാശം പരന്നു... എന്നിട്ട് ശാന്തനായി അദ്ദേഹം പറഞ്ഞു:
'ലാലൂ... ജീവിച്ച വര്‍ഷങ്ങളെക്കുറിച്ചും ഇനി ജീവിക്കാനുള്ള വര്‍ഷങ്ങളെക്കുറിച്ചുമാണ് നിങ്ങള്‍ ആകുലപ്പെടുന്നത്... ജീവിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ല. എത്ര വര്‍ഷം ജീവിച്ചു എന്നതിലല്ല കാര്യം. എങ്ങനെ ജീവിച്ചു എന്നതാണ്. ഒരു നല്ല കൈ കിട്ടിയിട്ട് നന്നായി കളിക്കുന്നതിലല്ല, ചീത്ത കൈ കിട്ടിയിട്ട് അതു വെച്ച് നന്നായി കളിക്കുന്നതിലാണ് കാര്യം.. അതാണ് മനോഹരമെന്ന് നമ്മള്‍ ചീട്ടുകളിയെക്കുറിച്ചും പറയാറില്ലേ...
ജീവിതത്തിലും അതാണ് ശരി. ദിവസങ്ങളുടെ ആയുസ്സേ ചിത്രശലഭങ്ങള്‍ക്കുള്ളൂ, ഒരു രാത്രിയുടെ ആയുസ്സേ പാതിരാപ്പൂവിനുള്ളൂ, നിമിഷങ്ങളുടെ ദൈര്‍ഘ്യമേ മഴവില്ലിനുള്ളൂ. അവയൊന്നും നിന്നെപ്പോലെ പരാതിപ്പെടുന്നില്ലല്ലോ?'

അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് എന്റെ തല കുനിഞ്ഞുപോയി... എന്റെ തലയില്‍ കൈവെച്ച് അദ്ദേഹം പറഞ്ഞു, 'എനിക്കറിയാം.. നീ ജീവിക്കുന്ന ഓരോ നിമിഷത്തെയും സ്‌നേഹിക്കുന്ന ആളാണ്... ഇനിയും ഇനിയും സ്‌നേഹിക്കൂ... സംഭവിച്ചതിനെക്കുറിച്ചും വരാനിരിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാതിരിക്കൂ... അപ്പോള്‍ നിനക്ക് ഞാന്‍ നല്കിയ ആയുസ്സുതന്നെ അധികമാകും.'

അരങ്ങില്‍ കൃത്യസമയത്ത് വരുന്നതുപോലെത്തന്നെ പ്രധാനമാണ് കൃത്യസമയത്ത് വിടപറയുന്നതും...
'കാലത്തിനു മുന്‍പ് വരരുത്.
കാലം കഴിഞ്ഞും നില്ക്കരുത്.
നീ, ഓരോ നിമിഷത്തിലെയും
തേനുണ്ണാനുണ്ടാവുക...'

ഇതു പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ഇടംകാലുകൊണ്ട് ആ സ്റ്റൂള്‍ തട്ടി പഴയപടിയിട്ടു. അടുത്ത നിമിഷം മറഞ്ഞു...
മറഞ്ഞിട്ടും ആ ഇരുട്ടുമുറിയില്‍ വെളിച്ചം ശേഷിച്ചിരുന്നു... സുഗന്ധം ശേഷിച്ചിരുന്നു- പൂവുകള്‍ കൊഴിഞ്ഞിട്ടും സുഗന്ധം ശേഷിക്കുന്നതുപോലെ...

(ദൈവത്തിനുള്ള തുറന്ന കത്തുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

മോഹന്‍ലാലിന്റെ കൃതികള്‍
'ദൈവത്തിനുള്ള തുറന്ന കത്തുകള്‍' വാങ്ങാം
'AN ACTOR'S BLOG BOOK' വാങ്ങാം
'മോഹന്‍ ലാലിന്റെ യാത്രകള്‍' വാങ്ങാം