ഡിസംബര്‍ 23- മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ജനിച്ചിട്ട് 108 വര്‍ഷം.

നഷ്ടസൗഭാഗ്യങ്ങള്‍ വേദനയായി ഉള്ളില്‍ നിറച്ച നാട്ടിന്‍പുറത്തുകാരന്‍... ഒരുപാലം വന്നപ്പോള്‍ ചോട്ടിലൂടെ ഒഴുകിയ നദി ശോഷിച്ചുപോയല്ലോയെന്ന് പേടിച്ച പാവം മനുഷ്യന്‍...പാടവും പക്ഷികളും കൊയ്ത്തും മെതിയും കാലവര്‍ഷവുമെല്ലാം കവിതകളിലൂടെ പകര്‍ന്നൊരാള്‍...അതെല്ലാം കൂടിച്ചേര്‍ന്നാല്‍ ഇടശ്ശേരിയെന്ന കവിയായി.

വികസനവും യന്ത്രവത്കരണവുമെല്ലാം നാടിനെ മാറ്റിമറിക്കുമെന്നറിഞ്ഞ ഇടശ്ശേരി അതിന്റെ അനന്തരഫലങ്ങളും കവിതയില്‍ കുറിച്ചുവച്ചു. അവയെല്ലാം ആണ്ടുകള്‍ക്കിപ്പുറത്ത് നാം തിരിച്ചറിയുന്ന നേരുകളായി. കുറ്റിപ്പുറം പാലത്തിനുതാഴെ ശോഷിച്ചുപോയ പേരാറും യന്ത്രങ്ങള്‍ വന്നതോടെ തൊഴില്‍രഹിതരായവരുമെല്ലാം ആ കവിതകളിലെ നൊമ്പരങ്ങളായി. മിത്തുകളും സത്യങ്ങളും ആ കവിതകളില്‍ നിഴലും നിറവും ചേര്‍ത്തു.

'ഇടശ്ശേരികവിതകള്‍ - സമ്പൂര്‍ണ്ണസമാഹാരം' വാങ്ങാം

അമ്മത്തൊട്ടിലിലും അഴുക്കുചാലിലും നൊന്തുപെറ്റ മക്കളെ വലിച്ചെറിയുന്ന നവയുഗത്തിലെ ചില അമ്മമാര്‍ക്കുമുന്നില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് പൂതത്തിനര്‍പ്പിച്ച്, സ്വന്തം കുഞ്ഞിനുവേണ്ടി കരയുന്ന നങ്ങേലിനിന്ന് വിറകൊണ്ടു...
കാല്‍പ്പനികതയില്‍ ഇടറിനിന്ന മലയാളകവിതയെ വഴിമാറ്റി നടത്തിയ കവിയും നാടകകൃത്തുമെല്ലാമായിരുന്നു അദ്ദേഹം. പരുക്കന്‍ ജീവിതസത്യങ്ങളെ അദ്ദേഹം കവിതകളിലൂടെ പിന്തുടര്‍ന്നു. ഒപ്പം തുടുവെയിലുദിക്കുമ്പോള്‍ കുഴഞ്ഞുതൂങ്ങുന്ന പനിനീര്‍പ്പൂവുകളെയും തിരിച്ചറിഞ്ഞു. പാരമ്പര്യത്തിന്റെ നന്മകളാണ് ആ കവിതയുടെ ശക്തി. എന്നാല്‍ കടന്നുവന്ന പുരോഗമനചിന്തകളെ ആട്ടിപ്പായിക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നുതാനും.

''ഒരിറ്റ് കണ്ണീരുപ്പുപുരട്ടാ
തെന്തിന് ജീവിത പലഹാരമെന്ന് ചിന്തിക്കാന്‍ ഇടശ്ശേരിക്കല്ലാതെ മറ്റാര്‍ക്കുകഴിയും. പതിനഞ്ചാം വയസ്സില്‍തന്നെ വക്കീല്‍ ഗുമസ്തനായി ജീവിതഭാരം ചുമലിലേറ്റി ഗോവിന്ദന്‍ നായര്‍. കോഴിക്കോടും പൊന്നാനിയുമെല്ലാം പ്രവര്‍ത്തനമേഖലകളാക്കുമ്പോള്‍ ഉള്ളില്‍ നിറഞ്ഞുനിന്ന സ്വാതന്ത്ര്യബോധത്തിന്റെ അലകളെ അദ്ദേഹം അടക്കിനിര്‍ത്തിയില്ല. സ്വതന്ത്രഭാരതമെന്ന പത്രത്തിലൂടെ അദ്ദേഹവും ജന്മനാടിന്റെ മോചനസമരത്തില്‍ പങ്കാളിയായി. പൊന്നാനി കൃഷ്ണപ്പണിക്കര്‍ വായനശാലയിലൂടെ സാംസ്‌കാരികരംഗത്തും അദ്ദേഹം സജീവമായി.

കുറ്റിപ്പുറത്തെ ഇടശ്ശേരിത്തറവാട്ടിലാണ് ഗോവിന്ദന്‍ നായര്‍ ജനിച്ചത്. ഇടക്കണ്ടി ജാനകിയമ്മയാണ് ഭാര്യ. സതീശ് നാരായണന്‍, കഥാകൃത്ത് ഹരികുമാര്‍, ഗിരിജ രാധാകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, മാധവന്‍, ഡോ. ദിവാകരന്‍, അശോകകുമാര്‍, ഉഷാരഘുപതി എന്നിവരാണ് മക്കള്‍.

എനിക്ക് രസമീ നിമ്‌നോന്നതമാം
വഴിക്ക് തേരിരുള്‍ പായിക്കാന്‍
അതേതിരുള്‍ക്കുഴി മേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെയെന്ന നിശ്ചയദാര്‍ഢ്യം ഇടശ്ശേരിക്കവിത ചൊരിഞ്ഞു. മാതൃത്വത്തിന്റെ നന്മയും ശക്തിയും ആ വരികളിലൂടെ താരാട്ടുപാട്ടായി ഒഴുകി.

ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
ആടിത്തുഴഞ്ഞെത്തുമമ്പിളിക്കലപോലെ'' ശൈശവത്തിന്റെ ലോലഭാവങ്ങള്‍ പൂതപ്പാട്ടിലൂടെ അദ്ദേഹം കുറിച്ചിട്ടു. ഉള്ളിലുറഞ്ഞ പൂതപ്പേടിയെ ജ്വലിപ്പിക്കാനും മറന്നില്ല.
കാതില്‍ പിച്ചളത്തോട, കഴുത്തില്‍
കലപിലെ പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം-
ഒരുകാലത്തെ പേടിപ്പിക്കുന്ന ഓര്‍മ്മകളിലൊന്നായി മാറി. ഭാവഗീതങ്ങളും പുരാണ കഥാസന്ദര്‍ഭങ്ങളും മണ്ണിനോടുള്ള സ്‌നേഹവുമെല്ലാം ആ കവിതകള്‍ക്ക് അലങ്കാരങ്ങളായി. ദാരിദ്ര്യവുവും തൊഴില്‍നഷ്ടവും കുടുംബബന്ധങ്ങളിലെ പൊരുത്തക്കേടുകളുമെല്ലാം കാലാകാലങ്ങളില്‍ അദ്ദേഹം കവിതയ്ക്ക് വിഷയമാക്കി. വേദനകളെ കുഴിവെട്ടിമൂടി ശക്തിയിലേക്ക് കുതിക്കാന്‍ പലര്‍ക്കും ആ കവിതകള്‍ പ്രേരണയായി. അവഗണിക്കപ്പെടുന്ന വാര്‍ധക്യം അദ്ദേഹത്തിന്റെയുള്ളില്‍ തീരാവേദനയായി അവശേഷിച്ചു.

മണ്ണുമായി ബന്ധമുണ്ടായാലേ എഴുത്തിന് ശക്തിയുണ്ടാകൂ എന്ന് വിശ്വസിച്ച കവിയാണ് ഇടശ്ശേരി. കവിതകളുടെ പേരുകള്‍ പോലും മണ്ണുമായി ബന്ധമുള്ളവ തന്നെ.

അധ്വാനവര്‍ഗത്തിന് ശക്തി പകര്‍ന്നവയാണ് ഇടശ്ശേരിയുടെ കവിതകള്‍. കവിതയിലൂടെ വഴികാട്ടാനും സക്തി പകരാനും കഴിഞ്ഞതുകൊണ്ടുതന്നെ അദ്ദേഹം ശക്തിയുടെ കവിയായി വിശേഷിപ്പിക്കപ്പെട്ടു. നെല്ലുകുത്തുകാരിയും കടത്തുകാരനും ചായക്കടക്കാരനും കൃഷിക്കാരനും ചകിരിപ്പണിക്കാരിയും ആ കവിതയിലൂട കരുത്തുനേടി. ഹിംസയുടെയും അഹിംസയുടെയും വകഭേദങ്ങളും ഇടശ്ശേരിക്കവിതകളിലുണ്ട്. നരിയില്‍നിന്ന് രക്ഷ നേടാന്‍ ബുദ്ധപ്രതിമയെ ആയുധമാക്കുന്നതിന്റെ നീതിശാസ്ത്രം കവി വായനക്കാരനുമായി പങ്കിടുന്നു.

പുരോഗമന ആശയങ്ങള്‍ പകര്‍ന്ന ഇടശ്ശേരിയുടെ നാടകമാണ് കൂട്ടുകൃഷി. മദിരാശി ഗവണ്‍മെന്റിന്റെ പുരസ്‌കാരത്തിന് അര്‍ഹമായ നാടകമായിരുന്നു കൂട്ടുകൃഷി. റേഡിയോനാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. 'നിര്‍മ്മാല്യം', മൂവന്തിപ്പൂക്കള്‍ എന്നീ ചിത്രങ്ങളില്‍ ഇടശ്ശേരിക്കവിതകളുണ്ട്.

പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുവരവ് ശക്തമായിരുന്ന കാലത്ത് അതിനെ കവിതകളിലൂടെ ചെറുതായെങ്കിലും പ്രതിരോധിക്കാന്‍ ഇടശ്ശേരിക്കവിതകള്‍ക്ക് കഴിഞ്ഞു. നാട്ടുനന്മകളുടെ വഴിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ചുറ്റും കണ്ട ജീവിതങ്ങള്‍, വേദനകള്‍...അവയെല്ലാമാണ് ആ കവിതകളെ ഇന്നും അനശ്വരമാക്കുന്നത്.

'ഇടശ്ശേരികവിതകള്‍ - സമ്പൂര്‍ണ്ണസമാഹാരം' വാങ്ങാം