3 ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയ '12 years a slave' എന്ന സിനിമയ്ക്ക് ആധാരമായ ആത്മകഥയാണ് സോളമന്‍ നോര്‍ത്തപിന്റെ ഒരു അടിമയുടെ പന്ത്രണ്ടുവര്‍ഷങ്ങള്‍. ആത്മകഥയുടെ മലയാളപരിഭാഷ മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. ആത്മകഥയില്‍ നിന്ന് ഒരു ഭാഗം.


ഒരു അടിമയുടെ പന്ത്രണ്ടു വര്‍ഷങ്ങള്‍ വാങ്ങാം

സൗഹൃദപൂര്‍ണനും ശുദ്ധഹൃദയനും ന്യൂ ഓര്‍ലിയന്‍സിലെ അടിമപ്പുരസൂക്ഷിപ്പുകാരനും ജെയിംസ് എച്ച്. ബര്‍ക്കിന്റെ പങ്കുകച്ചവടക്കാരനോ ഏജന്റോ ഒക്കെയുമായിട്ടുള്ള തിയോഫിലസ് ഫ്രീമാന്‍ ആ പുലരിയില്‍ തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമായിരുന്നു. പ്രായമേറിയ ഒരടിമയുടെ പുറത്ത് ഓര്‍ക്കാപ്പുറത്തുള്ളൊരു ചവിട്ടോ ചെറുപ്പക്കാരനായൊരടിമയുടെ കാതില്‍ ചാട്ടയുടെ ഒരു ചുഴറ്റലോ വീണ് അവരെല്ലാം പ്രഭാതത്തിലേക്കുണര്‍ന്നിട്ട് ഏറെ നേരമായിട്ടില്ല. പുതിയൊരു വാണിജ്യദിനത്തിന്റെ ആവേശത്തിമര്‍പ്പില്‍ തന്റെ കച്ചവട ഉരുക്കളെ വില്പനമുറിയിലേക്ക് ആട്ടിത്തെളിച്ച് തിക്കുംതിരക്കും കൂട്ടി, ഫ്രീമാന്‍.

ആദ്യഘട്ടമെന്ന നിലയില്‍ ഞങ്ങളെ കുളിച്ചു വൃത്തിയാക്കിപ്പിച്ചു. താടിരോമങ്ങളുള്ളവര്‍ ഷേവ് ചെയ്യിക്കപ്പെടുകയും വില കുറഞ്ഞ തരമെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കപ്പെടുകയുമുണ്ടായി. പുരുഷന്മാര്‍ക്കു ഷര്‍ട്ടും പാന്റ്‌സും കോട്ടും ഷൂസും തൊപ്പിയും, സ്ത്രീകള്‍ക്കു പരുത്തിത്തുണിയുടെ ഉടുപ്പും തല മൂടിക്കെട്ടാനായി സ്‌കാര്‍ഫുകളും. ഇടപാടുകാര്‍ക്കു മുന്‍പില്‍ അവതരിക്കപ്പെടുന്നതിനുള്ള പരിശീലനങ്ങള്‍ക്കായി പിന്നീട് ഞങ്ങളെ മുറ്റത്തിന്റെ അതിരിലുള്ള വലിയൊരു മുറിയിലേക്ക് ഒന്നിച്ചുകൂട്ടി. സ്ത്രീകളെയും പുരുഷന്മാരെയും ഉയരമനുസരിച്ച് രണ്ടു വശങ്ങളിലായി തിരിച്ചാണ് നിര്‍ത്തിയിരുന്നത്. എമിലി വരിയുടെ പിന്നറ്റത്തായിരുന്നു. ഫ്രീമാന്‍ സദാ വരിയിലുള്ള ഞങ്ങളുടെ സ്ഥാനത്തെപ്പറ്റി ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. ഓജസ്സോടെയും ചുറുചുറുക്കോടെയും ഇടപാടുകാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടേണ്ടതിനെക്കുറിച്ച് ഭീഷണിസ്വരത്തില്‍, മറ്റു ചിലപ്പോള്‍ പ്രലോഭനങ്ങളിലൂടെയും തെര്യപ്പെടുത്തിക്കൊണ്ടുമിരുന്നു. ചുറുചുറുക്കോടെ ഇരിക്കേണ്ടതെങ്ങനെയെന്നുള്ളതിനുള്ള പരിശീലനങ്ങളായിരുന്നു പകല്‍ മുഴുവന്‍; കണിശതയോടെ സ്വസ്ഥാനങ്ങളിലേക്കു തിരികെ പ്രവേശിക്കുന്നതിനുള്ളതും.

മധ്യാഹ്നത്തില്‍ ഭക്ഷണശേഷം ഞങ്ങള്‍ പിന്നെയും പരേഡിനു വിധേയമാക്കപ്പെട്ടു; തുടര്‍ന്ന് നൃത്തവും. ഫ്രീമാന്റെ ആശ്രിതനായ ബോബ് എന്ന കറുത്തവനായ കുട്ടി വയലിന്‍ വായിച്ചു. ഞാന്‍ അവനരികേ ചേര്‍ന്നുനിന്ന് ധൈര്യം സംഭരിച്ച് 'വിര്‍ജീനിയാ റീല്‍' പാടാനാവുമോയെന്നു തിരക്കി. ഇല്ലെന്ന മട്ടില്‍ തലയിളക്കി അത് എനിക്കു പാടാനാവുമോയെന്നവന്‍ ജിജ്ഞാസയോടെ ചോദിച്ചു. പറ്റുമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ വയലിന്‍ എനിക്കു കൈമാറി. ഞാനാ ഗീതകം മനോഹരമായി ആലപിച്ചു. ആവേശത്തോടെ ഫ്രീമാന്‍ എന്നോടു പിന്നെയും പാടാന്‍ പറഞ്ഞു; ബോബിനോട് ഞാനവനെക്കാള്‍ നന്നായി പാടിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതവനെ അസൂയപ്പെടുത്തിയെന്നു തോന്നി.
തൊട്ടടുത്ത ദിവസം നിരവധി കച്ചവടക്കാരെത്തി ഫ്രീമാന്റെ പുതിയ അടിമക്കൂട്ടത്തെ പ്രകീര്‍ത്തിച്ചു. അക്കൂട്ടത്തിലെ വായാടിയായൊരു മാന്യന്‍ ഞങ്ങളുടെ പല നല്ല ഗുണഗണങ്ങളെക്കുറിച്ചും സവിസ്തരം വര്‍ണിക്കുകയും ചെയ്തു. തലയുയര്‍ത്തിപ്പിടിപ്പിച്ച്, മുന്നോട്ടും പിന്നോട്ടും പതിയെ നടത്തിച്ച്, ഇടപാടുകാര്‍ക്കു ഞങ്ങളുടെ ശരീരഭാഗങ്ങളോരോന്നും കൃത്യമായി നിരീക്ഷിച്ചറിയാനാവുംവിധം തിരിച്ചും മറിച്ചും നിര്‍ത്തി, വായ് തുറപ്പിച്ച് പല്ലുകളൊക്കെ നിരീക്ഷിച്ച് ഒരു ജോക്കി തന്റെ പന്തയക്കുതിരയെ പരിശോധിക്കുന്നതുപോലെ വിസ്തരിച്ച് ചികഞ്ഞു. ചിലരെ മുറ്റത്തിനു പുറകിലെ ചെറിയ വീടിനുള്ളിലേക്കു കൊണ്ടുപോയി വസ്ത്രങ്ങളഴിച്ച് പരിശോധിച്ചു. ഏതെങ്കിലും ഒരു അടിമയുടെ പുറകുവശത്ത് മറുകു കാണപ്പെട്ടാല്‍ അയാള്‍ വഴക്കാളിയും അനിയന്ത്രിതാവേശക്കാരനുമായ ഒരാളെന്നു കണക്കാക്കപ്പെടുകയും വില്പനയെ തടസ്സപ്പെടുത്തുകയും ചെയ്തു. അല്പം കഴിഞ്ഞ് പ്രായമായൊരു മാന്യന്‍ ഒരു കുതിരവണ്ടിക്കാരനെ ആവശ്യപ്പെട്ടുകൊണ്ട് വന്നു. അയാള്‍ക്ക് എന്നിലൊരു താത്പര്യം തോന്നിയപോലെ. ബര്‍ക്കുമായുള്ള സംസാരത്തില്‍നിന്ന് അയാള്‍ ആ നഗരത്തിലെ ഒരു താമസക്കാരനാണെന്ന് മനസ്സിലായിരുന്നു. അയാളെന്നെ വാങ്ങിക്കുന്നത് എനിക്കും താത്പര്യമായിരുന്നു. വടക്കോട്ടുള്ള ഏതെങ്കിലും ചരക്കുകപ്പലില്‍ രഹസ്യമായി കയറി ഇവിടെനിന്ന് രക്ഷപ്പെടുന്നത് എളുപ്പമായിരിക്കുമെന്ന ചിന്ത മാത്രമായിരുന്നു അതിലെ യുക്തി.

ഫ്രീമാന്‍ എനിക്ക് ആവശ്യപ്പെട്ടത് 15,000 ഡോളറായിരുന്നു. അതു വളരെ കൂടുതലാണെന്നായിരുന്നു മാന്യന്റെ അഭിപ്രായം. ഞാന്‍ ആരോഗ്യവാനായ അടിമയാണെന്നും ബുദ്ധിയിലും ശാരീരികഘടനയിലും മികവുറ്റവനാണെന്നും പറഞ്ഞ് ആ വിലപേശലിനു ബര്‍ക്ക് തടയിട്ടു. എന്റെ സംഗീതാഭിരുചിയും അയാള്‍ പുറത്തെടുത്തു. കറുത്തവനായ ഒരടിമയ്ക്ക് അതൊന്നും സവിശേഷഗുണങ്ങളല്ലെന്ന് സൂചിപ്പിച്ച്, പിന്നീട് വരാമെന്നും പറഞ്ഞ് എന്റെ മനസ്സിനെ നിരാശപ്പെടുത്തിക്കൊണ്ട് ആ മാന്യന്‍ പിരിഞ്ഞു. അന്നു പകലില്‍ അവിടെ നിരവധി കച്ചവടങ്ങള്‍ നടന്നു. ഒരു നാഷേ തോട്ടമുടമ ഡേവിഡിനെയും കരോളിനെയും വാങ്ങി. ഞങ്ങളെയെല്ലാം നോക്കി സന്തോഷത്തോടെ പല്ലിളിച്ചുകാട്ടി അവര്‍ വിടചൊല്ലി. പരസ്​പരം പിരിക്കപ്പെട്ടില്ലെന്നതായിരുന്നു അവരുടെ വലിയ ആനന്ദം. ലീതേ ബാറ്റണ്‍റോഗിലെ ഒരു തോട്ടമുടമയുടേതായി. അവള്‍ പോകുമ്പോള്‍ ദേഷ്യംകൊണ്ട് കണ്ണുകള്‍ കലങ്ങിയിരുന്നു. അയാള്‍തന്നെയായിരുന്നു റാന്‍ഡലിനെയും വാങ്ങിയത്. അവനും തറയില്‍ ചാടിമറഞ്ഞ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ഈ സമയമത്രയും എലീസാ ഉറക്കെ കരയുകയും കൈകള്‍ ഞെരിക്കുകയുമായിരുന്നു. അവളെ വാങ്ങിക്കാനെത്തിയവനോട് തന്നെയും എമിലിയെയും ഒരുമിച്ചു വാങ്ങിക്കണമെന്നവള്‍ കേണപേക്ഷിച്ചു. എങ്കില്‍ താന്‍ എക്കാലവും ഏറ്റവും വിശ്വസ്തയായ അടിമയായിരുന്നുകൊള്ളാമെന്നവള്‍ പ്രതിജ്ഞപോലും ചൊല്ലി. തനിക്കതിനുള്ള ആസ്തിയില്ലെന്ന് അയാള്‍ തുറന്നുപറഞ്ഞതോടെ വന്യമായ ദുഃഖത്താല്‍ അവള്‍ അലറിവിളിച്ചു. അതു കണ്ട ഫ്രീമാന്‍ ചാട്ടയുയര്‍ത്തി നിശ്ശബ്ദയായിരിക്കാന്‍ അവളെ ഭീഷണിപ്പെടുത്തി. ആ നിമിഷം കരച്ചില്‍ നിര്‍ത്തിയില്ലെങ്കില്‍ മുറ്റത്തു കൊണ്ടുവന്നു നിര്‍ത്തി നൂറു തവണ ചാട്ടയ്ക്കടിക്കുമെന്നായിരുന്നു ഭീഷണി. എലീസാ കരഞ്ഞ് അയാളുടെ കാലുപിടിച്ചു നോക്കിയെങ്കിലും അതെല്ലാം വൃഥാവിലാവുകയായിരുന്നു. താന്‍ ജീവനോടെയിരിക്കുന്നിടത്തോളം തന്റെ മക്കളോടൊപ്പം കഴിയാനനുവദിക്കണമെന്നു പറഞ്ഞ് നിലവിളിച്ചുകൊണ്ടിരുന്ന എലീസായുടെ മാതൃഹൃദയത്തിന്റെ തേങ്ങലുകളെ അടക്കിനിര്‍ത്താന്‍ ഫ്രീമാന്റെ ഭീഷണികള്‍ക്കും കണ്ണുരുട്ടലുകള്‍ക്കും തെല്ലും കഴിഞ്ഞില്ലെന്നതായിരുന്നു വാസ്തവം. അല്പംപോലും തനിക്ക് മക്കളെ പിരിഞ്ഞിരിക്കാനാവില്ലെന്നും തങ്ങളെ ഒരുമിച്ചു വാങ്ങിക്കണമെന്നും ജീവിതകാലം മുഴുവന്‍ വിനീതയായൊരു അടിമയെപ്പോലെ താന്‍ അത്യധ്വാനം ചെയ്തുകൊള്ളാമെന്നും അവള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചു കേണപേക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ റാന്‍ഡലിനെ മാത്രം ഒഴിവാക്കാന്‍ ധാരണയായി. എലീസാ വികാരഭരിതയായി മകനെ കെട്ടിപ്പുണര്‍ന്നു ചുംബിച്ചു കരഞ്ഞു. അവന്റെ കുഞ്ഞുമുഖം അവളുടെ കണ്ണീരില്‍ നനഞ്ഞു. അതിനിടയിലും ആക്രോശക്കാരിപ്പെണ്ണെന്ന മട്ടില്‍ ഫ്രീമാന്‍ അവളെ ശകാരിക്കുകയും ഒരിടത്ത് അടങ്ങിയിരിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ബാറ്റണ്‍റോഗില്‍നിന്നുള്ള കച്ചവടക്കാരന്‍ ലാഭനഷ്ടക്കണക്കുകള്‍ കൂട്ടിക്കിഴിച്ച് തന്റെ അടിമകളുമായി പുറപ്പെടാനൊരുങ്ങി. റാന്‍ഡല്‍ ഒരുമാത്ര കൂട്ടത്തില്‍നിന്ന് തെന്നിമാറി അമ്മയ്ക്കരികിലേക്ക് ഓടിവന്ന് അവളുടെ കഴുത്തില്‍ കൈയിട്ടുതൂങ്ങി ആശ്വസിപ്പിച്ചു: 'കരയരുത് അമ്മേ, ഞാനൊരു നല്ല കുട്ടിയായിരിക്കും; കരയരുത്.'

എലീസായുടെ കണ്‍തടങ്ങള്‍ തോര്‍ന്നില്ല. അവളവനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് കരഞ്ഞു. ഫ്രീമാന്റെ തുറിച്ചുനോട്ടത്തില്‍ റാന്‍ഡല്‍ ഭഗ്നഹൃദയനായി പിന്തിരിഞ്ഞ് തന്റെ പുതിയ ഉടമയ്‌ക്കൊപ്പം പോയി. ആ കുട്ടിക്കു പിന്നീടെന്തു സംഭവിച്ചുവെന്ന് ദൈവത്തിനു മാത്രമറിയാം. അതിനിഷ്ഠുരമായ ഒരു വേര്‍പാടായിരുന്നുവത്. കരയാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിനുപോലും ധൈര്യമില്ലാതെ നിസ്സഹായനായി ഞാനിരുന്നു.

ആ രാത്രി ഞങ്ങള്‍ക്കെല്ലാം വല്ലാത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മുതുകിനും ശിരസ്സിനും വന്യമായ വേദനയായിരുന്നു. കൊച്ചു എമിലി ചിരിയും കളിയും വെടിഞ്ഞ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. രാവിലെ ഭിഷഗ്വരനെ കൊണ്ടുവന്നെങ്കിലും അയാള്‍ക്കു രോഗം തിരിച്ചറിയാനായില്ല. അദ്ദേഹം എന്നെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനെന്റെ ആശങ്ക പങ്കുവെച്ചു:
വസൂരി!
റോബര്‍ട്ടിന്റെ മരണമായിരുന്നു എന്റെ മനസ്സില്‍.

ആ സംശയം അദ്ദേഹത്തിനും തോന്നിയെങ്കിലും അന്തിമനിവാരണത്തിനായി ആശുപത്രിയിലെ പ്രധാന ഭിഷഗ്വരനെ വരുത്തിച്ചു. കിളരം കുറഞ്ഞ, മുടി കൊഴിഞ്ഞ ഒരാളായിരുന്നു ഡോ. കാര്‍. അദ്ദേഹം ഉടനെതന്നെ എന്നെയും ഹാരിയെയും എലീസായെയും എമ്മിയെയും കുതിരവണ്ടിയില്‍ കയറ്റി നഗരപ്രാന്തത്തിലുള്ള ആശുപത്രിയിലേക്കു കൂടെ കൊണ്ടുപോയി. ഹാരിയും ഞാനും മുകളിലത്തെ നിലയിലായിരുന്നു. ഞാന്‍ വല്ലാതെ തളര്‍ന്നുപോയിരുന്നു. മൂന്നു ദിവസത്തോളം പരിപൂര്‍ണമായും അന്ധനായിപ്പോയി. ആ കിടപ്പില്‍, ഫ്രീമാന്‍ ഞങ്ങളുടെ സുഖവിവരം തിരക്കി പറഞ്ഞയച്ച ബോബിനോട് ഡോ. കാര്‍ മറുപടി പറയുന്നത് ഞാന്‍ രഹസ്യമായി കേള്‍ക്കാനിടയായി: 'വളരെ അപകടകരമാണ് പ്ലാറ്റിന്റെ നില. ഒന്‍പതു മണിവരെ ജീവനോടെയിരിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ അതിജീവിച്ചേക്കും.'

ഒരുള്‍ക്കിടിലത്തോടെ ഞാന്‍ മരണത്തെ പ്രതീക്ഷിക്കാന്‍ തുടങ്ങി. അടിമയായി പിടിക്കപ്പെട്ടതുമുതല്‍ ജീവിതത്തോടെനിക്കു മടുപ്പനുഭവപ്പെടാന്‍ തുടങ്ങിയിരുന്നെങ്കിലും മരണത്തെക്കുറിച്ച് പെട്ടെന്നൊരു വെളിപാടുണ്ടായപ്പോള്‍ എനിക്കു ഭയം തോന്നി. എങ്കിലും അതെന്നെ കൂടുതല്‍ വേദനിപ്പിച്ചത് ആ വിടവാങ്ങല്‍ എന്റെ പ്രിയപ്പെട്ടവര്‍ക്കിടയില്‍വെച്ചായിരിക്കില്ല എന്നതിലായിരുന്നു.

അവിടെ നിരവധി രോഗികളുണ്ടായിരുന്നു. ആശുപത്രിക്കു മുന്‍പില്‍ സദാ ശവപ്പെട്ടിക്കച്ചവടക്കാരുടെ തിരക്കായിരുന്നു. ആരെങ്കിലും മരിച്ചാലുടന്‍ എവിടെനിന്നോ വലിയൊരു മണി മുഴങ്ങും. കെയര്‍ടെയ്ക്കര്‍മാരിലാരെങ്കിലും വന്ന് മൃതശരീരം എടുത്ത് കുശവന്റെ വയലിലേക്കു കൊണ്ടുപോവും. രാവും പകലും ഇങ്ങനെ നിരവധി തവണ മരണത്തിന്റെ മണികള്‍ മുഴങ്ങുന്നതു കേള്‍ക്കാമായിരുന്നു. എന്നിട്ടും എന്റെ സമയം വന്നില്ല. പതിനാറു ദിവസങ്ങള്‍ക്കുശേഷം ഹാരിയോടൊപ്പം ഞാനും അടിമപ്പുരയിലേക്കു മടങ്ങി. വസൂരിക്കുത്തുകളുടെ കറുത്ത പാടുകള്‍ അതിന്റെ ദാരുണമായ ഓര്‍മകള്‍പോലെ ഇന്നും എന്റെ മുഖത്തവശേഷിക്കുന്നുണ്ട്. പിറ്റേന്ന് എലീസായും എമിലിയും പെന്നിലെത്തി. പതിവുപോലെ കച്ചവടക്കാര്‍ക്കു മുന്‍പില്‍ ഞങ്ങള്‍ പ്രദര്‍ശനവസ്തുക്കളായിത്തീര്‍ന്നു. പഴയ മാന്യനായ ഉടമ മുന്‍പയാള്‍ സൂചിപ്പിച്ചിരുന്നതുപോലെ ഒരു കുതിരയോട്ടക്കാരനെ തിരക്കി കൂടിയ തുകയുമായി എനിക്കായി വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. അതുവഴി സ്വാതന്ത്ര്യത്തിനായുള്ള എന്റെ ശ്രമങ്ങള്‍ തുടരാമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, അയാളൊരിക്കലും പിന്നെ അവിടെ വന്നണഞ്ഞില്ല.

ഒരു ദിനം അപ്രതീക്ഷിതമായി ഫ്രീമാന്‍ ഞങ്ങളോടെല്ലാം മുറിയിലൊത്തുചേരാന്‍ നിര്‍ദേശിച്ചു. ഒരു മാന്യന്‍ ഞങ്ങളെക്കാത്ത് അവിടെ നില്പുണ്ടായിരുന്നു. മധ്യവയസ്‌കനായ, കാഴ്ചയില്‍ സുഭഗനായൊരാള്‍. അയാളുടെ മുഖഭാവത്തിലും സ്വരത്തിലും അസാധാരണമായതെന്തോ തോന്നിപ്പിച്ചിരുന്നു. നിരവധി ചോദ്യങ്ങള്‍ ചോദിച്ച് ഞങ്ങള്‍ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് അയാള്‍ ഞങ്ങളെ നിശിതമായി നിരീക്ഷിച്ചു. അയാളോടൊപ്പം ചെന്നാല്‍ എന്തൊക്കെ തൊഴിലുകളാണ് ഞങ്ങള്‍ക്കു ചെയ്യാനാവുക, എന്താണ് ഞങ്ങളുടെ സ്വഭാവസവിശേഷതകള്‍ എന്നൊക്കെ. നിരവധി സമയത്തെ നിരീക്ഷണങ്ങള്‍ക്കുശേഷം ഒടുവില്‍ അയാള്‍ എനിക്കായി ആയിരം ഡോളറും ഹാരിക്ക് 900 ഡോളറും എലീസാക്ക് 700 ഡോളറും വാഗ്ദാനം ചെയ്തു. ഒരുപക്ഷേ, വസൂരിരോഗത്തിന്റെ പരിക്കുകളായിരുന്നിരിക്കണം കുറഞ്ഞ വിലയ്ക്കും എളുപ്പം ഞങ്ങളെ വിറ്റഴിക്കുന്നതിനു ഫ്രീമാനെ പ്രേരിപ്പിച്ചത്. ഞങ്ങള്‍ വില്പനയ്ക്കു തയ്യാറായി.

മകളെ പിരിയാനുള്ള എലീസായുടെ വിലാപം ഹൃദയഭേദകമായിരുന്നു. ഒരു ഭാഷയ്ക്കും വിവരിക്കാനാവാത്തത്രയ്ക്കു വികാരതീവ്രം. അസുഖം തകര്‍ത്തുകളഞ്ഞ ദൈന്യതയ്ക്കിടയിലും അവള്‍ വരിയില്‍നിന്നും കുതറിയോടി മകളുടെ മുഖം തന്റെ കൈകളില്‍ കോരിയെടുത്തു. അരുതാത്തതെന്തോ അപരിഹാര്യമായി വന്നണയുന്നുവെന്ന് മനസ്സിലാക്കിയതുപോലെ എമിലിയും അമ്മയുടെ കഴുത്തില്‍ ഇറുകെ തൂങ്ങി മാറിടത്തില്‍ മുഖം പൂഴ്ത്തി കരഞ്ഞു. പൊഴിഞ്ഞുതീര്‍ന്ന ഒരു കുഞ്ഞുവസന്തത്തിനുമേല്‍ അമ്മയുടെ അവസാനചുംബനംപോലെ; എന്നന്നേക്കുമായി പരസ്​പരം അദൃശ്യരാക്കിക്കൊണ്ട്, ഇഴഞ്ഞ ശബ്ദത്തോടെ തങ്ങളുടെതന്നെ കുഴിമാടങ്ങളിലേക്കു കുഴമണ്ണു വന്നുവീഴുന്നത് കുനിഞ്ഞ ശിരസ്സോടെ കണ്ടുനില്ക്കുന്ന നിസ്സഹായരായ രണ്ടു പേരെപ്പോലെ അവര്‍ വിലപിച്ചുനിന്നു. നിശ്ശബ്ദയാവാന്‍ ഫ്രീമാന്‍ പലവട്ടം ആക്രോശിച്ചുവെങ്കിലും എലീസാ അതു വകവെച്ചില്ല. അവള്‍ കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് കരച്ചില്‍ തുടര്‍ന്നു. ഒടുവില്‍ ഫ്രീമാന്‍ ശാപവാക്കുകളോടെ അവളെ തൊഴിച്ചെറിഞ്ഞു. എലീസാ തറയില്‍ മലര്‍ന്നടിച്ചു വീണു. അയാളുടെ കാലുപിടിച്ച് തങ്ങളെ വേര്‍പിരിച്ചെറിയരുതേയെന്ന് ജീവിതത്തിലൊരിക്കലും ആരും കണ്ടിട്ടില്ലാത്തതുപോലെ അവള്‍ കേണപേക്ഷിച്ചു. എന്തുകൊണ്ടാണ് ആര്‍ക്കും അവരിരുവരെയും ഒന്നിച്ചു വാങ്ങാനാവാത്തതെന്ന് വേദനയോടെ ഞാന്‍ ചിന്തിച്ചു. തന്നെ വാങ്ങിക്കാനെത്തിയ ഉടമയുടെ കാലില്‍ പുണര്‍ന്ന് അവള്‍ അലറിക്കരഞ്ഞു:
'കരുണ കാണിക്കൂ യജമാനനേ, എമിലിയെക്കൂടി വാങ്ങിക്കൂ. അവളെ പിരിഞ്ഞിട്ട് എനിക്ക് പണിയെടുക്കാനാവില്ല. ഞാന്‍ മരിച്ചുപോവും.'

ഫ്രീമാന്‍ അവളെ തടയാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കുതറിമാറി ഉടമയുടെ കാലില്‍ വീണു കരയാന്‍ തുടങ്ങി: 'റാന്‍ഡലിനെ എന്നില്‍നിന്ന് പറിച്ചെടുത്തു, ഇനിയൊരിക്കലും എനിക്കവനെ കാണാനാവില്ലാത്തുപോലെ; ഇപ്പോഴിതാ, പറക്കമുറ്റാത്ത എന്റെ പെണ്‍കുഞ്ഞിനെയും. ഒരു അമ്മയുടെ സ്‌നേഹവും കരുതലുമില്ലാതെ ഈ പിഞ്ചുപൈതലിനു ജീവിക്കാനാവില്ല. എന്റെ ദൈവമേ- നീയിത്രയും ക്രൂരനാവരുതേ..!'
ഒടുവില്‍ മനസ്സലിഞ്ഞ് എമിലിയെ വാങ്ങിക്കാനായി ഉറച്ച് ഉടമ മുന്നോട്ടു വന്ന് ഫ്രീമാനോടു ചോദിച്ചു: 'എത്രയാണ് അവള്‍ക്ക് വില?'
'അവളെ വാങ്ങിക്കാനോ? അവളുടെ വിലയെന്താണെന്നോ?'
ചിരിച്ചുകൊണ്ട് ഫ്രീമാന്‍ പറഞ്ഞു: 'ഞാനിവളെ വില്ക്കുന്നില്ല. ഇവള്‍ വില്പനയ്ക്കുള്ളതല്ല!'
പുതിയ ഉടമ പറഞ്ഞു: 'ഇത്രയും ചെറിയ ഒന്നിനെ എനിക്കാവശ്യമുണ്ടായിട്ടല്ല, അതിലൊരു ലാഭവുമില്ല. പക്ഷേ, ഈ കുട്ടിയെ അതിന്റെ തള്ളയില്‍നിന്ന് പറിച്ചെറിയുന്നത് കഷ്ടമാണെന്നതിനാല്‍ മാന്യമായ ഒരു തുകയ്ക്കാണെങ്കില്‍ ഞാന്‍ വാങ്ങിച്ചോളാം.'

മാനുഷികമായ ആ നിര്‍ദേശത്തിനു മുന്നിലും ഫ്രീമാന്‍ സ്വയം ബധിരനായി നിന്നതേയുള്ളൂ. ഏതൊരു വ്യവസ്ഥയിലായാലും അവളെ വില്ക്കാന്‍ അയാളൊരുക്കമായിരുന്നില്ല. അയാള്‍ക്കറിയാമായിരുന്നു, ആ പെണ്‍കുഞ്ഞ് വളര്‍ന്നുവലുതായാല്‍ കുന്നുകണക്കിനു പണം അവളെയുപയോഗിച്ച് അയാള്‍ക്കു നേടാനാവുമെന്ന്. ന്യൂ ഓര്‍ലിയന്‍സില്‍ നിരവധി പേരുണ്ടാവും എമിലിയെപ്പോലൊരു സുന്ദരിയായ പെണ്‍കുഞ്ഞിനെ 5000 ഡോളറിനുവരെ കൈക്കലാക്കാന്‍. എങ്കിലും ഫ്രീമാന്‍ അവളെ വില്പനയ്ക്കു വെക്കില്ലായിരിക്കും, ആ കൊച്ചു സൗന്ദര്യധാമത്തെ.

ഫ്രീമാന്റെ ഇളക്കമില്ലാത്ത തീരുമാനത്തില്‍ എലീസാ ഒരു ഭ്രാന്തിയെപ്പോലെ തളര്‍ന്നിരുന്നുപോയി.

'എന്റെ കുഞ്ഞില്ലാതെ ഞാന്‍ പോകില്ല; ആര്‍ക്കുമെന്നില്‍നിന്നവളെ പറിച്ചെടുക്കാനാവില്ല' എന്നുള്ള അവളുടെ കരച്ചിലിനെ നിശ്ശബ്ദയായിരിക്കാനുള്ള ഫ്രീമാന്റെ കര്‍ക്കശമാര്‍ന്ന രൗദ്രശബ്ദം ക്രമേണ വിഴുങ്ങി.
അപ്പോഴേക്കും ഹാരിയും ഞാനും മുറ്റത്തു ചെന്ന് ഞങ്ങളുടെ ബ്ലാങ്കറ്റുകളുമെടുത്ത് യാത്രയ്ക്കു തയ്യാറായിക്കഴിഞ്ഞിരുന്നു. എലീസായെ അവളുടെ ഹൃദയഭേദകമായ വിരഹവേദനയ്ക്കിടയിലും കൊണ്ടുപോയേ മതിയാകൂ എന്ന പരിതാപത്തോടെ ഉടമ നിന്നു. ക്ഷമ നശിച്ച ഫ്രീമാന്‍ ഒടുവില്‍ അമ്മയെയും കുഞ്ഞിനെയും ബലം പ്രയോഗിച്ച് വേര്‍പെടുത്തുകയായിരുന്നു.

'അമ്മേ, എന്നെയുപേക്ഷിച്ചു പോവല്ലേ, എന്നെയുപേക്ഷിക്കല്ലേ'യെന്ന് ആ കുഞ്ഞുഹൃദയം ദീനദീനം വിലപിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും ഫ്രീമാന്‍ എലീസായെ തള്ളി മുന്നോട്ടു നടത്താന്‍ തുടങ്ങിയിരുന്നു. കുഞ്ഞുകരങ്ങള്‍ അള്ളിപ്പിടിച്ചു നീട്ടി, 'എന്നെ വിട്ടുപോവല്ലേ അമ്മേ, മടങ്ങിവരൂ' എന്ന് കുഞ്ഞ് പുറകില്‍ വാവിട്ടു കരഞ്ഞു. ആ കരച്ചില്‍ ഉള്ളുലഞ്ഞുനീങ്ങുന്ന അടിമക്കൂട്ടത്തെ കോടമഞ്ഞുപോലെ പൊതിഞ്ഞു, പിന്നെ പതിയപ്പതിയേ മങ്ങാന്‍ തുടങ്ങി, ഒടുവില്‍ അതൊരു വേഴാമ്പലിന്റെ നേര്‍ത്ത രോദനമായി തീര്‍ത്തും നിലച്ചുവീഴുന്നതുവരേക്കും.

പിന്നീടൊരിക്കലും എലീസാ അവളെയും റാന്‍ഡലിനെയും കണ്ടിട്ടുണ്ടാവില്ല. ആ ഓര്‍മകള്‍ക്കുമേല്‍ രാത്രികളും പകലുകളും നിരവധി കൊഴിഞ്ഞുവീണ് അവളുടെ മനസ്സില്‍നിന്നുപോലും അവരൊടുവില്‍ വിസ്മൃതരായിക്കഴിഞ്ഞിട്ടുണ്ടാവുമെന്നു ഞാന്‍ കരുതി. എന്നിട്ടും പരുത്തിപ്പാടങ്ങളിലും കാബിനുള്ളില്‍ ഏകാന്തമാവുന്ന രാത്രികളിലും അവള്‍ തനിയേ അവരോടു സംസാരിച്ചുകൊണ്ടിരുന്നു, അവര്‍ തനിക്കരികെത്തന്നെയുണ്ടെന്നതുപോലെ. ആ ഓര്‍മകളുടെ സാന്ത്വനത്തിലും ഉറക്കത്തിന്റെ ആഴങ്ങളിലുമല്ലാതെ അവളെയൊരിക്കലും സ്വസ്ഥമായിക്കണ്ടില്ല, പിന്നീടൊരിക്കലും.

മുന്‍പ് മനസ്സിലാക്കിയതുപോലെ എലീസാ ഒരു വെറും അടിമപ്പെണ്ണായിരുന്നില്ല. സാമാന്യാവബോധത്താല്‍ ഏതൊരു വിഷയത്തിലും അവള്‍ക്കു നല്ല പൊതുധാരണകളുണ്ടായിരുന്നു. ലഭിക്കുന്ന അവസരങ്ങളെ അവളെപ്പോഴും സമര്‍ഥമായി വിനിയോഗിക്കുകയും ചെയ്തിരുന്നു. മാനസികമായി അവളേറ്റുവാങ്ങാനാഗ്രഹിച്ചിരുന്നത് ഒരു ഉന്നതജീവിതമായിരുന്നു. സ്വാതന്ത്ര്യമായിരുന്നു അവള്‍ക്കു പ്രാണവായു. പകലുകളില്‍ അതവള്‍ക്കു മേഘച്ചാര്‍ത്തുകളും രാവില്‍ അഗ്നിഗോപുരങ്ങളുമായി. തടവുകളുടെ വന്യതകള്‍ക്കിടയിലൂടെയുള്ള നിരന്തരമായ തീര്‍ഥാടനങ്ങളില്‍ അതൊരു ദീപസ്തംഭംപോലെ അവള്‍ക്കു വഴികാട്ടിയായി. എന്നിട്ടും ജീവിതത്തിന്റെ ഒരപ്രതീക്ഷിതനിമിഷത്തില്‍ നിരാശയുടെയും നിഷ്‌കാസനങ്ങളുടെയും പരിരംഭണങ്ങളിലേക്കവള്‍ നിപതിച്ചു. സ്വാതന്ത്ര്യത്തിന്റെ മായക്കാഴ്ചകള്‍ അവളില്‍ അസ്തമിച്ചു. രാവുകളില്‍ കദനങ്ങളും കണ്ണീരും അവളുടെ കവിള്‍ത്തടങ്ങളെ തലോടിനിന്നു. സൗഹൃദങ്ങളെല്ലാം അവള്‍ക്കു ചുറ്റും കൗശലക്കാരായ ശത്രുനിരയായി മാറി.

ഒരു അടിമയുടെ പന്ത്രണ്ടു വര്‍ഷങ്ങള്‍ വാങ്ങാം