ജൂലായ് 5 - ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മയ്ക്ക് 20 വയസ്സ്.


'മാന്ത്രികപ്പൂച്ച' എന്ന കൃതിയുടെ കാലത്തെ (1968) ബഷീറിന്റെ ജീവിതത്തിലെ ദുഃസ്വപ്നങ്ങളുടെ കാലം എന്നുവിളിക്കാം. രണ്ടാംതവണ ഭ്രാന്താശുപത്രിയില്‍ കഴിയേണ്ടിവന്ന കാലം. രസകരവും ദുഃഖകരവുമായ അനേകം ഓര്‍മകള്‍ മിന്നിമറയുന്നു. ഞാനന്ന് ബഷീറിന്റെ ബേപ്പൂരിലുള്ള വീടിനടുത്താണ് താമസം. എന്ത് കാര്യത്തിനും ഞങ്ങള്‍ പരസ്​പരം ബന്ധപ്പെട്ടിരുന്നു. ബഷീറിന്റെ ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ കാലമായിരുന്നു അത്. ബഷീറിന്റെ പ്രധാന പുസ്തകങ്ങള്‍ ഒട്ടുമുക്കാലും മാര്‍ക്കറ്റില്‍ കിട്ടാനില്ല. ഏറ്റവും വലിയ പുസ്തകമായ 'ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാര്‍ന്നു' എന്ന നോവലിനുതന്നെ മൂന്നു രൂപ വില! പുസ്തകത്തില്‍നിന്നുള്ള വരുമാനംകൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. പറമ്പില്‍നിന്നും കിട്ടുന്ന കുറച്ചു നാളികേരംകൊണ്ട് നിത്യവൃത്തി കഴിക്കേണ്ടിവന്ന ശ്രമകരമായ കാലം. ആ കാലത്താണ് 'മാന്ത്രികപ്പൂച്ച' പുറത്തുവരുന്നത്. തൃശ്ശൂരിലെ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് കോഴിക്കോട്ട് കോര്‍ട്ട്‌റോഡിലുള്ള കറന്റ് ബുക്‌സ് നഗരത്തിലെ സാഹിത്യകാരന്മാര്‍ ഒത്തുചേരുന്ന ഇടമാണ്. ബുക്സ്റ്റാള്‍ മാനേജര്‍ മേനോന്‍ എല്ലാവരുടെയും സുഹൃത്താണ്. മേനോന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. കറന്റ് ബുക്സ്റ്റാള്‍ ഉടമ ആയിരുന്ന യശഃശരീരനായ പ്രൊഫ. തോമസ്, ബഷീറിന്റെ ഉറ്റസുഹൃത്തായിരുന്ന പണ്ഡിതനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മകനാണ്. മുണ്ടശ്ശേരിയുടെ ആഗ്രഹപ്രകാരം തോമസ് ആരംഭിച്ച പുസ്തകശാലയിലേക്ക് ബഷീര്‍ ബുക്സ്റ്റാളില്‍നിന്നും ധാരാളം പുസ്തകങ്ങള്‍ കൈമാറിയിട്ടുണ്ട്. ബഷീര്‍ ബുക്സ്റ്റാള്‍ എറണാകുളത്ത് കോണ്‍വെന്റ് റോഡില്‍ (ഇന്നത്തെ നാഷനല്‍ ബുക്സ്റ്റാള്‍) ആയിരുന്നു. അത് നടത്തിയിരുന്ന കാലത്താണ് ബഷീറിന് ആദ്യമായി മാനസികവിഭ്രാന്തി ഉണ്ടായതും വല്ലപ്പുഴയുടെ തൃശൂരിലുള്ള മെന്റല്‍ സാനിറ്റോറിയത്തില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചതും. ആ കാലത്തെക്കുറിച്ച് ബഷീര്‍ തന്നെ 'പാത്തുമ്മായുടെ ആട്' എന്ന ആത്മകഥാപരമായ രചനയുടെ അവതാരികയില്‍ എഴുതിയിട്ടുണ്ട്. ബഷീറിന്റെ സൗഹൃദവലയം മലയാളത്തിന്റെ ഹൃദയശക്തിയായിരുന്നതായി അതില്‍ കാണാന്‍ കഴിയും. തൃശൂരും എറണാകുളവും ബഷീറിന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടമായിരുന്നു! തൃശൂര്‍ മംഗളോദയം പ്രസിദ്ധീകരണശാലയോട് ചുറ്റിയുള്ള മലയാളസാഹിത്യലോകത്തിന്റെ വളര്‍ച്ച ഫ്യൂഡല്‍ കാലഘട്ടത്തിലെ സാംസ്‌കാരിക നവോത്ഥാനമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ചങ്ങമ്പുഴമുണ്ടശ്ശേരിതകഴികേശവദേവ്ബഷീര്‍എം.പി. പോള്‍ തുടങ്ങിയ ഒരു സംഘം എന്നുതന്നെ വിശേഷിപ്പിക്കാം. എല്ലാവരുടെയും ഒത്തുചേരല്‍ സ്ഥലം തൃശൂര്‍! അല്ലെങ്കില്‍ എറണാകുളം! സാഹിത്യകാരന്മാര്‍ അധികവും രാഷ്ട്രീയപ്രവര്‍ത്തകര്‍കൂടിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും അവര്‍ കര്‍മനിരതരായിരുന്നത് അധികവും തൃശൂരും എറണാകുളത്തുമായിരുന്നു. കാഥികരും കവികളും നിരൂപകരും എല്ലാം ഉണര്‍വോടെ ഉശിരോടെ കാലഘട്ടത്തിന്റെ മാറ്റൊലിക്കവിതകളെഴുതിയും കഥകളെഴുതിയും ഒരു പുതുയുഗപ്പിറവിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാലം! ബഷീര്‍ ബുക്സ്റ്റാള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവരെപ്പറ്റി അജ്ഞാനികളെന്നും മറ്റും ബഷീര്‍ നര്‍മരൂപത്തില്‍ അഭിപ്രായങ്ങള്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു. ബഷീറിന്റെ സഹായികളായി പിന്നീട് പ്രശസ്തരായ രാമു കാര്യാട്ട്, സി.ജെ.തോമസ്, പോഞ്ഞിക്കര റാഫി തുടങ്ങിയവര്‍! കൂട്ടത്തില്‍ ബഷീറിന്റെ ഇളയ സഹോദരന്‍ അബു എന്ന അബൂബക്കറും.

ബഷീര്‍ എഴുതുമ്പോള്‍ ചുറ്റുമുള്ള ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ ഏകാഗ്രചിത്തനായി താന്‍ സൃഷ്ടിക്കുന്ന സംഭവങ്ങളിലും കഥാപാത്രങ്ങളിലും ലയിച്ചുചേര്‍ന്നിരിക്കും. 'പാത്തുമ്മായുടെ ആട്' എഴുതാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു ബുക്സ്റ്റാള്‍ നടത്തുമ്പോള്‍. താന്‍ കഥാപാത്രമായ പ്രസ്തുത സൃഷ്ടിയുടെ അവസാനമായപ്പോഴേക്കും ബഷീര്‍ തികച്ചും മാനസികരോഗി ആയിക്കഴിഞ്ഞിരുന്നു. ചുറ്റുമുള്ള സുഹൃത്തുക്കളോടെല്ലാം തന്നിലേക്കു വരുന്ന ദുഃസ്വപ്നങ്ങളുടെ, ചിന്തകളുടെ പ്രതിഫലനത്തെക്കുറിച്ച് ബഷീര്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു! സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചു! യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കി സത്യം കണ്ടുകിട്ടാന്‍ പണിപ്പെട്ടു! തന്റെ ഹൃദയത്തില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ആരവം മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടോ എന്ന് തിരക്കിക്കൊണ്ടിരുന്നു! അന്തിമകാഹളം കേള്‍ക്കാന്‍ കഴിയുന്നവരെ അന്വേഷിച്ചിറങ്ങിയ ബഷീര്‍ അവസാനം തൃശൂരെ വല്ലപ്പുഴ മെന്റല്‍ സാനിറ്റോറിയത്തില്‍ അഭയം കണ്ടെത്തി. അക്കാലത്ത് നര്‍മത്തില്‍ പൊതിഞ്ഞ തീക്കനല്‍ കണക്കെ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ കാവ്യഭംഗിയോടെ മലയാളഭാഷയ്ക്കു കിട്ടിയ മുതല്‍ക്കൂട്ടുകളാവുകയായിരുന്നല്ലോ?

ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍ രണ്ട് വോള്യങ്ങള്‍ + ഡിവിഡി വാങ്ങാം

പാവപ്പെട്ടവരുടെ വേശ്യ വാങ്ങാം
ന്‌റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് വാങ്ങാം
ബാല്യകാലസഖി വാങ്ങാം
മരണത്തിന്റെ നിഴലില്‍ വാങ്ങാം
ഓര്‍മ്മക്കുറിപ്പ് വാങ്ങാം
ഓര്‍മയുടെ അറകള്‍ വാങ്ങാം
ചെവിയോര്‍ക്കുക! അന്തിമകാഹളം വാങ്ങാം
ജന്മദിനം വാങ്ങാം

കേരളപ്പിറവിയോടുകൂടിയാണല്ലോ ബഷീര്‍ മലബാറുകാരനായിത്തീര്‍ന്നത്. അതേത്തുടര്‍ന്ന് ബഷീറിനെ കൂടുതല്‍ അടുത്തറിയാനും പഠിക്കാനും കഴിഞ്ഞു. ഒരു പുതിയ ജീവിതദര്‍ശനംഒരു ജീവിതമാര്‍ഗരേഖ രൂപപ്പെടുത്താനും എനിക്ക് കഴിഞ്ഞു. നന്മയും തിന്മയും വേര്‍തിരിച്ചുകാണാന്‍ കഴിവുണ്ടാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. സ്‌നേഹത്തിന് എല്ലാറ്റിലും ഉയര്‍ന്ന സ്ഥാനം നല്‍കാനും പഠിപ്പിച്ചത് ബഷീറായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പോരായ്മകളെ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചിരുന്നു.

പറഞ്ഞുവന്നത് 'മാന്ത്രികപ്പൂച്ച'യുടെ കാലഘട്ടത്തെക്കുറിച്ചാണല്ലോ? അക്കാലത്താണ് രണ്ടാമതും ബഷീറിന്റെ മനസ്സിന്റെ താളം തെറ്റിയത്. ബഷീര്‍തന്നെ കാരണം കണ്ടെത്തി വിശകലനം ചെയ്തിട്ടുണ്ട്. ('നേരും നുണയും' എന്ന പുസ്തകത്തില്‍ അവസാനഭാഗം നോക്കുക.)

കറന്റ് ബുക്‌സ് മാനേജര്‍ മേനോന്‍ അന്ന് ഒരു ദിവസം വൈകീട്ട് എന്റെ കൈവശം ബഷീറിന് കൊടുക്കാനായി 'മാന്ത്രികപ്പൂച്ച'യുടെ ഏതാനും കോപ്പികള്‍ തന്നു. അത് ഏല്പിക്കാനായി ഞാന്‍ ബഷീറിന്റെ വീട്ടിലെത്തിയപ്പോള്‍ 'ഭാര്‍ഗവീനിലയം' എന്ന ചലച്ചിത്രത്തില്‍ പി.ജെ. ആന്റണി കൊണ്ടുനടന്ന ബഷീറിന്റെ സന്തതസഹചാരിയായ കലമാന്‍കൊമ്പില്‍ വെള്ളിയില്‍ കെട്ടിയ പിടിയുള്ള കഠാരയും കൈയില്‍ വെച്ച് വായുവില്‍നിന്നും അദൃശ്യമായ രൂപങ്ങളെ ആവാഹിച്ചുപിടിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ആ കാഴ്ച മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ഭീതിയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ആ രംഗം ഒരാരംഭം മാത്രമായിരുന്നു! അന്നു ഞാന്‍ താമസിച്ചിരുന്നത് ബഷീറിന്റെ വീടിന് വളരെ അടുത്തായിരുന്നതിനാല്‍ ഏതുസമയത്തും ഒരു വിളിപ്പാടകലെ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ കാര്യങ്ങളും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും രോഗിയായ ബഷീറിനെ ശുശ്രൂഷിക്കാനും അദ്ദേഹത്തോടെന്റെ വേദനകള്‍ പങ്കിടാനും കഴിഞ്ഞിരുന്നു.

ആ കാലത്തെ ബഷീറിന്റെ സാമ്പത്തികനിലയെക്കുറിച്ച് മുമ്പ് രേഖപ്പെടുത്തിയത് ഓര്‍ക്കുമല്ലോ? 'മാന്ത്രികപ്പൂച്ച' എന്ന കൃതിയുടെ ഏതാനും കോപ്പികള്‍ ഏല്പിച്ചുപോരുമ്പോള്‍ ബഷീറിന്റെ പ്രത്യേക തരത്തിലുള്ള പെരുമാറ്റം ഞാന്‍ ശ്രദ്ധിച്ചു. അന്ന് ബഷീറിന്റെ വീട്ടില്‍ ഭാര്യയുടെ സഹോദരങ്ങള്‍, സഹോദരികള്‍, മകള്‍, ഇഷ്ടസുഹൃത്തായ ഷാന്‍ എന്ന ശുനകന്‍, ഏതാനും കോഴികള്‍, ആട്, പശു, പൂച്ചകള്‍ മുതലായ വളര്‍ത്തുമൃഗങ്ങളും, കോഴികളെയും കുഞ്ഞുങ്ങളെയും തിന്നാന്‍ തരം കാത്തിരിക്കുന്ന കീരി, പനമെരു, പരുന്ത് തുടങ്ങിയവയും ഗേറ്റിനുമുന്നിലുണ്ടായിരുന്ന പറമ്പിലെ വനതുല്യമായ പൊന്തക്കാട്ടിലെ മാളങ്ങളില്‍ സസുഖം വാണിരുന്ന കുറുക്കനും കുട്ടികളും, അണ്ണാന്‍, ചേരകള്‍, കരിന്തേള്‍, ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പുകള്‍, തവളകള്‍, എലികള്‍ എന്നുവേണ്ട ഭൂമിയുടെ അവകാശികളെല്ലാംതന്നെ നിദ്രയിലാണ്ട പാതിരാനേരത്ത് ബഷീര്‍ തന്നിലേക്ക് ഓടിയടുക്കുന്ന ദുഃസ്വപ്‌നങ്ങളില്‍ കാണുന്ന അദൃശ്യരൂപങ്ങളുമായി മല്ലിടുകയായിരുന്നു! ഓരോ ഭീകരരൂപത്തെയും അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന കഠാരയുടെ മൂര്‍ച്ചയേറിയ വായ്ത്തലകൊണ്ടരിഞ്ഞുവീഴ്ത്തിക്കൊണ്ടിരുന്നു. അദൃശ്യരൂപങ്ങളെ ആട്ടി ഓടിക്കാന്‍ തന്നോടൊപ്പം കിടക്കയില്‍ കിടന്നിരുന്ന മകളോട് ആവശ്യപ്പെട്ടപ്പോള്‍ 'ഞാനൊന്നും കാണുന്നില്ലെ'ന്ന് പറഞ്ഞ കൊച്ചുമകളുടെ നേരെ ബഷീര്‍ കഠാര ഓങ്ങി കൈ തട്ടിത്തുറന്ന കതകിന്റെ ചെറിയ വിടവിലൂടെ തന്റെ യജമാനന്റെ നേരെ ആഞ്ഞടുക്കുന്ന അദൃശ്യരൂപങ്ങളെ കണ്ടിട്ടോ എന്തോ, ചാടിവീണ ഷാന്‍ എന്ന ശുനകന്റെ മേല്‍ ശ്രദ്ധപതിഞ്ഞതിനാല്‍ കൊച്ചുമകള്‍ തലനാരിഴ വ്യത്യാസത്തില്‍ കഠാരമുനത്തുമ്പില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു! ബഷീറിന്റെ മകളെ രക്ഷിച്ച സ്‌നേഹസമ്പന്നനായ ശുനകന്‍ ഷാന്‍ ഒരു വലിയ ദുരന്തത്തിന് കടിഞ്ഞാണിടുകയായിരുന്നു!

ജീവനുംകൊണ്ട് ഓടി പടിക്കു പുറത്തുകടന്ന കുടുംബാംഗങ്ങള്‍ ഇരുട്ടിലൂടെ ബഷീറിന്റെ കണ്‍മുന്നില്‍നിന്നും ഓടിരക്ഷപ്പെട്ടു! ഭീകരമായ ആ നിമിഷം ഇന്നും ഓര്‍ക്കുമ്പോള്‍ ഭയംകൊണ്ട് വിറച്ചുപോകുന്നു! നേരിയ വെളിച്ചത്തില്‍ ഒരു ലെങ്കോട്ടിമാത്രം കെട്ടി രണ്ട് കൈകളിലും കത്തിയുമായി നിന്ന് മുറവിളി കൂട്ടുന്ന ബഷീറിന്റെ സമീപത്തേക്ക് ഒറ്റയ്ക്കുപോകാന്‍ ഭയമായിരുന്നു! ആ പാതിരാക്ക് വിദൂരമായ നഗരത്തിലേക്ക് ഫോണ്‍ ചെയ്ത് എം.ടി. വാസുദേവന്‍ നായര്‍, പട്ടത്തുവിള കരുണാകരന്‍, പുതുക്കുടി ബാലന്‍ എന്നിവരെ വിളിച്ചുവരുത്തി ഞങ്ങള്‍ നാലുപേരുംകൂടി ബഷീറിനെ നിര്‍ബന്ധിച്ച് തന്ത്രപൂര്‍വം കാറില്‍കയറ്റി കോഴിക്കോട് നഗരത്തില്‍ പുതുക്കുടി ബാലേട്ടന്റെ വീട്ടില്‍ എത്തിച്ചു. അവിടെനിന്ന് മാനസികരോഗാശുപത്രിയിലേക്കുള്ള യാത്രയും അനുഭവങ്ങളും ബഷീര്‍ തന്നെ എഴുതിയിട്ടുണ്ട്. തന്റെ നേര്‍ക്കടുക്കുന്ന അദൃശ്യരൂപികളെക്കുറിച്ചുള്ള വിഭ്രാന്തിയില്‍ രൂപംകൊള്ളുന്ന മാനസികനിലയില്‍ ബഷീര്‍ എന്തും പ്രവര്‍ത്തിക്കാന്‍ മടിക്കില്ലായിരുന്നു. എല്ലാറ്റിനും കാര്യകാരണസഹിതം വിശകലനം നടത്തി പ്രതിവിധി നിശ്ചയിക്കാനും ശ്രമിച്ചിരുന്നു! ജീവിതത്തോടുള്ള അമിതമായ ആസക്തിയായിരുന്നു കാരണമെന്നും ബഷീര്‍ രേഖപ്പെടുത്തിയിരുന്നു.

ജീവിതം ഒരനുഗ്രഹമാണ് അത് ശാപമാക്കരുത്.

ഈ ഒരു തത്ത്വശാസ്ത്രം സമൂഹത്തോടുള്ള ഒരു ഉപദേശമായിട്ടല്ല ബഷീര്‍ രേഖപ്പെടുത്തിയത്; സ്വന്തം മകളോട് ഒരു പിതാവ് ഉപദേശിച്ച വേദവാക്യമായിട്ടായിരുന്നു. ബഷീറിന്റെ സമ്പൂര്‍ണ കൃതികളുടെ ഒന്നാം പതിപ്പ് പുറത്തിറങ്ങിയപ്പോള്‍ അനാരോഗ്യം കാരണം കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ, ഒരിറ്റു ശ്വാസത്തിനുവേണ്ടി പ്രയാസപ്പെട്ടിരുന്ന കാലത്ത് തന്റെ മകള്‍ക്ക് സമ്പൂര്‍ണകൃതിയുടെ ഒന്നാംപേജില്‍ വിറയാര്‍ന്ന കൈയക്ഷരത്തിലാണ് വരികള്‍ രേഖപ്പെടുത്തിയത്. ബഷീറിന് ജീവിതം എന്നും അനശ്വരമാക്കാന്‍ പണിപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തനിക്കനുവദിച്ച സമയത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. 'അല്ലാഹുവിന്റെ ഖജാനയില്‍ മാത്രമേ അനന്തമായ സമയമുള്ളൂ' എന്ന് ബഷീര്‍ കണ്ടെത്തിയിരുന്നു! ജീവിക്കാന്‍ മറന്നുപോകാതിരിക്കാന്‍ സമയം നമ്മെ ഓര്‍മപ്പെടുത്തുന്നു! നമുക്കനുവദിച്ച സമയം എപ്പോള്‍ വേണമെങ്കിലും അവസാനിച്ചേക്കാം. അത് നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ട് ബഷീര്‍ എന്നും കാതോര്‍ത്തിരുന്നു!

കുതിരവട്ടം ഭ്രാന്താശുപത്രിയുടെ മതില്‍കെട്ടിനകത്തെക്കുറിച്ച് ബഷീര്‍ പറഞ്ഞത് ഇരുണ്ട ഗുഹ (ആഹമരസ ഒീഹല) എന്നാണ്! ബ്രിട്ടീഷുകാര്‍ മാനസികനില തകരാറായവര്‍ക്കുവേണ്ടി മലബാറില്‍ നിര്‍മിച്ച എത്രയോ പഴക്കംചെന്ന ഒരു സെല്ലിലായിരുന്നു ബഷീറിനെ അഡ്മിറ്റ് ചെയ്തത്. അന്ന് ആശുപത്രി സൂപ്രണ്ടും പ്രധാന മാനസികരോഗ വിദഗ്ധനും ഡോ. ശാന്തകുമാര്‍ ആയിരുന്നു. ബഷീറിനെ കുതിരവട്ടം മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടവരില്‍ പ്രധാനികള്‍ മാതൃഭൂമി പത്രാധിപന്മാരായിരുന്ന കെ.പി.കേശവമേനോന്‍, എന്‍.വി. കൃഷ്ണവാരിയര്‍ എന്നിവരായിരുന്നു. രോഗിയായ ബഷീറിനെ കൊണ്ടുപോയവര്‍ പുതുക്കുടി ബാലകൃഷ്ണന്‍ എന്ന ബാലേട്ടന്‍, എം.ടി.വാസുദേവന്‍ നായര്‍ എന്നിവര്‍ ആയിരുന്നു. പട്ടത്തുവിള കരുണാകരനും ഞാനുംകൂടി ബഷീറിന്റെ കൈയിലെ കഠാരയുടെ മുനകൊണ്ട് മുറിവേറ്റ ബഷീറിന്റെ ഭാര്യയെയും കൊണ്ട് നേരെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് പോയി. അവരെ അവിടെ അഡ്മിറ്റ് ചെയ്യിച്ചിട്ട് കുതിരവട്ടം ഭ്രാന്താശുപത്രിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച വെള്ളിത്തിരയിലെന്ന കണക്കെ മനസ്സില്‍ മിന്നിമറയുന്നു! കൈയില്‍ കഠാരയുമായിരിക്കുന്ന ബഷീറിന്റെ മുന്നില്‍ ഞാനും ഡോക്ടര്‍ ശാന്തകുമാറും ആശുപത്രി ജീവനക്കാരായ ഏതാനും പേരും മാത്രം! പകല്‍വെളിച്ചമായതിനാല്‍ ബഷീര്‍ അപ്പോഴേക്കും ശാന്തനായിക്കഴിഞ്ഞിരുന്നു! ബഷീറിനെ ഉറക്കാന്‍ ശക്തിയേറിയ ഔഷധം സിറിഞ്ചില്‍ നിറച്ചുവന്ന നഴ്‌സിനെ 'സ്‌റ്റോപ്പ്' എന്ന അട്ടഹാസവുമായി ബഷീര്‍ തടഞ്ഞു. സൗമ്യനായ ഡോക്ടര്‍ ശാന്തകുമാര്‍ തന്ത്രപൂര്‍വം വിറ്റാമിന്‍ ഇഞ്ചക്ഷനാണെന്നുപറഞ്ഞ് കുത്തിവെച്ച സൂചി എടുത്തുകഴിയുംമുമ്പ് ബഷീര്‍ ഉറക്കം തുടങ്ങിക്കഴിഞ്ഞിരുന്നു! നീണ്ട നിദ്ര. ശാന്തമായി ഒരു പകലും രാത്രിയും ഉറങ്ങി! അടുത്ത ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ പ്രിയപ്പെട്ട കഠാര എനിക്കു തന്നു! തനിക്കിനി ആ മാരകായുധം കാണണ്ടെന്ന ഓര്‍മപ്പെടുത്തലോടെ. കലമാന്‍കൊമ്പില്‍ വെള്ളിയില്‍ കൊത്തുപണികളോടുകൂടിയ മൂര്‍ച്ചയേറിയ ആ കഠാര, ഉടവാള്‍ കിട്ടിയ സന്തോഷത്തോടും സന്താപത്തോടുംകൂടി ഇന്നും എന്റെ പൂര്‍വിക സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍ സൂക്ഷിക്കുന്നു!

അടുത്ത ദിവസം ബഷീര്‍ കണ്ണുതുറന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയാനകവും ദയനീയവുമായിരുന്നു! തന്റെ ചുറ്റുമുള്ള സെല്ലുകളിലെ ഭ്രാന്തന്മാരുടെ അട്ടഹാസം! ദീനരോദനങ്ങള്‍! മോഹങ്ങള്‍, മോഹഭംഗങ്ങള്‍! വൃത്തിഹീനമായ ആ സ്ഥലത്തുനിന്ന് പുറത്തുപോകാന്‍ ഭ്രാന്തമായ മനസ്സ് ബഷീറിനോട് ആവശ്യപ്പെട്ടു. 'എന്നെ ഇവിടെ നിന്ന് രക്ഷിക്കൂ! അല്ലെങ്കില്‍ ഞാന്‍ മതില്‍ ചാടി പുറത്തു പോകും.' ആ ആവശ്യത്തിനു മുന്നില്‍ ഞാന്‍ ഒന്നും ചെയ്യാന്‍ കഴിയാതെ കുഴങ്ങിനിന്നപ്പോഴും ബഷീര്‍ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു! ഡോ. ശാന്തകുമാറിന്റെ അടുത്ത് ഈ ആവശ്യവുമായി ചെന്നപ്പോള്‍ അപരിചിതനോടുള്ള ഒരു സംസാരരീതിയാണ് ഡോക്ടര്‍ കൈക്കൊണ്ടത്. അവസാനം കെ.പി. കേശവമേനോന്‍ ഡോക്ടര്‍ ശാന്തകുമാറുമായി സംസാരിച്ച് ബഷീറിനെ അവിടെനിന്ന് മോചിപ്പിച്ചു! ബേപ്പൂരിലെത്തിയ ബഷീര്‍ രായ്ക്കുരാമാനം തന്റെ തുകല്‍സഞ്ചിയും ആവശ്യത്തിനുള്ള ഏതൊക്കെയോ വസ്തുക്കളുമായി വല്ലപ്പുഴയുടെ സാനിറ്റോറിയത്തിലേക്ക് തനിയെ കയറിച്ചെന്നു! ഒരു ഭ്രാന്തന്‍ സ്വയം ഭ്രാന്താശുപത്രിയിലേക്ക് കയറിച്ചെല്ലുക! വെളിച്ചം വിളക്കന്വേഷിക്കുകയായിരുന്നു!

വല്ലപ്പുഴ മെന്റല്‍ സാനിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്ന ബഷീര്‍ മാനസിക പിരിമുറുക്കത്തില്‍നിന്നും അയവുനേടാന്‍ തന്റെ പ്രിയങ്കരമായ പൂക്കളെയും ചെടികളെയും വൃക്ഷലതാദികളെയും പരിചരിക്കാന്‍ തുടങ്ങി. പൂക്കളോടും പൂമ്പാറ്റയോടും സംസാരിച്ചുകൊണ്ട് മനസ്സില്‍ സംഗീതവുമായി ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു അദ്ദേഹം. ബഷീറിനെ പരിചയപ്പെട്ട ഒരു ഉഗ്രഭ്രാന്തന് ബഷീറിന്റെ ഉപ്പൂപ്പായുടെ ആനയെ തിന്നണമെന്ന് ആഗ്രഹമുണ്ടായിരുന്നു! ആ ഭ്രാന്തന് ആനയെ കൊടുക്കാമെന്ന് ബഷീര്‍ ഏല്‍ക്കുകയും ചെയ്തു! ജീവിക്കാന്‍ വേണ്ടിയുള്ള ആശ! ജീവിതത്തെക്കുറിച്ചുള്ള ആശയാണല്ലോ നാമോരോരുത്തരെയും ജീവിപ്പിക്കുന്ന സത്യം! ആശ നശിച്ചവന് അഭയം മരണം മാത്രമാണ്! മരണം എന്ന യാഥാര്‍ഥ്യത്തിന്റെ മുന്നില്‍ചെന്ന് മുട്ടുമ്പോള്‍ കേള്‍ക്കുന്ന ഇടിമുഴക്കം! ഒരുപക്ഷേ, ശാന്തമായ മന്ദ്രസംഗീതവുമാകാം! രണ്ടും കേട്ടറിഞ്ഞവര്‍ ആരുംതന്നെ ഈ ഭൂമിയില്‍ ജീവിച്ചിരിപ്പില്ല! അനന്തകോടി വര്‍ഷങ്ങളായി ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു! ആര്‍ക്കും ആരോടും പറയാന്‍ കഴിയാതെ, ആ രഹസ്യം അനന്തതയിലവശേഷിക്കുന്നു!

അസുലഭമായി കിട്ടുന്ന ജീവിതത്തില്‍ അവിവേകിയായ മനുഷ്യര്‍, ഞാനും നിങ്ങളും കാട്ടിക്കൂട്ടുന്ന ഭ്രാന്തമായ ചെയ്തികള്‍! നന്മക്കും തിന്മക്കും വേണ്ടിയുള്ള തെരച്ചിലില്‍ എത്തിച്ചേരുന്ന വഴിത്താരകള്‍ ഇരുളടഞ്ഞവയാണെന്ന് അറിയാതെ ഉഴലുന്ന ആത്മാക്കള്‍! അധികാരത്തിനും മറ്റുള്ളവരുടെ മേല്‍ ആധിപത്യം ഉറപ്പിക്കാനും തമ്മില്‍ തമ്മില്‍ പോരാടുന്ന മനുഷ്യന്‍ അറിയുന്നില്ല, താനൊന്നും നേടുന്നുമില്ല, ഒന്നും കൊണ്ടുപോകുന്നുമില്ലെന്ന്! മറ്റുള്ളവരുടെ മനസ്സില്‍ ഒരല്പം ഇടം കിട്ടുന്നവരെ മാത്രം നമുക്കുശേഷം ജീവിക്കുന്നവര്‍ സ്മരിക്കാന്‍ ഇടയാകുന്നതല്ലേ മഹാഭാഗ്യം! അവരല്ലേ മഹാഭാഗ്യവാന്മാര്‍! അക്കൂട്ടത്തില്‍ ബഷീറും ഉള്‍പ്പെടുന്നു! ബഷീര്‍ സ്‌നേഹിച്ചുവളര്‍ത്തിയ ഷാന്‍ എന്ന ശുനകന്‍ രക്ഷിച്ചത് ബഷീറിനെയും കുടുംബത്തെയും! സര്‍വചരാചരങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഒന്നുമാത്രം! സ്‌നേഹം!

(ബഷീര്‍: ഓര്‍മയ്ക്കപ്പുറം എന്ന പുസ്തകത്തില്‍ നിന്ന്)

ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍ രണ്ട് വോള്യങ്ങള്‍ + ഡിവിഡി വാങ്ങാം

പാവപ്പെട്ടവരുടെ വേശ്യ വാങ്ങാം
ന്‌റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് വാങ്ങാം
ബാല്യകാലസഖി വാങ്ങാം
മരണത്തിന്റെ നിഴലില്‍ വാങ്ങാം
ഓര്‍മ്മക്കുറിപ്പ് വാങ്ങാം
ഓര്‍മയുടെ അറകള്‍ വാങ്ങാം
ചെവിയോര്‍ക്കുക! അന്തിമകാഹളം വാങ്ങാം
ജന്മദിനം വാങ്ങാം