കൂത്തുപറമ്പിലെ മുരിയാട് വീട്ടില്‍ വെച്ചാണ് അനൂപേട്ടനെ ആദ്യമായി കാണുന്നത്. ഞാന്‍ കോളേജില്‍ പഠിക്കുകയാണ്. ഏറെ ഇരുട്ടിയിരുന്നു അനൂപേട്ടന്റെ വീട്ടിലെത്തുമ്പോള്‍. മുമ്പെങ്ങോ പരിചയപ്പെട്ട ഒരാളോടെന്ന പോലെ അനൂപേട്ടന്‍ ഇരുട്ടിനുറക്കം വരുന്നത് വരെ അന്നെന്നോട് സംസാരിച്ചു. ഏത് മനുഷ്യനും കയറിവരാവുന്ന ഒരു വഴി അനൂപേട്ടനിലുണ്ട്, സ്‌നേഹവും കരുതലും കൊണ്ട് ഈ മനുഷ്യന്‍ എപ്പോഴുമുണ്ടാവും എന്ന് മനസ്സിലായത് അന്നാണ്. ആ വിശ്വസമൊരിക്കലും മാഞ്ഞിട്ടില്ല. ഓരോ തവണയും കോഴിക്കോട്ടെത്തുമ്പോള്‍ ഞാന്‍ കോവൂരുള്ള വാടകവീട്ടിലേക്ക് പോവും. ഉള്ളിലെ വേവലാതികളും സംഭ്രമങ്ങളും വിഷാദങ്ങളും വലുതാക്കിപ്പറഞ്ഞ് ഞാന്‍ അനൂപേട്ടന് മുന്നില്‍ നിരത്തിവെയ്ക്കും. ഞാന്‍ പറയുന്നതൊക്കെ നിശബ്ദമായി കേള്‍ക്കും അനൂപേട്ടന്‍. ഉപരിപ്ലവമായ ഉപദേശങ്ങള്‍ ഒരിക്കലും തന്നിട്ടില്ല. മൂര്യാടുകാരനായി എന്നോട് സംസാരിക്കും.

അനൂപേട്ടന്‍ എന്നും അനൂപേട്ടന്‍ ആയിരുന്നു. ഏത് മനുഷ്യനെയും ഉപാധികളോ മുന്‍വിധികളോ ഒന്നുമില്ലാതെ അനൂപേട്ടന്‍ സ്വീകരിച്ചു, സ്വയം മറന്ന് സഹായിച്ചു. എഴുതിത്തുടങ്ങുന്നവര്‍ക്ക് ഒരു അഭയസ്ഥാനം എപ്പോഴും അനൂപേട്ടനിലുണ്ടായിരുന്നു. തങ്ങളുടെ രചനകള്‍ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി അയച്ചുകൊടുക്കും പലരും. ശാരീരിക അവശതകളും തിരക്കുകളും സ്വന്തമെഴുത്തും ഒക്കെ മറന്ന് വളരെ ഗൗരവത്തില്‍ അവയൊക്കെ വായിക്കും. തിരുത്തലുകള്‍ നിര്‍ദ്ദേശിക്കും. ഞാനടക്കമുള്ള സമകാലീകരായ പല എഴുത്തുകാരും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തങ്ങളുടെ കഥകളും നോവലുകളും ആദ്യം അയച്ചുകൊടുക്കുക അനൂപേട്ടനാണ്. എഴുതിയതിലെ കുറ്റങ്ങളും കുറവുകളും മറ്റാരെക്കാളും നന്നായി അനൂപേട്ടന് തിരിച്ചറിയാനാവുമെന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പുണ്ടായിരുന്നു.

ഒരിക്കലും തന്റെ കഥകള്‍ മഹത്തരമാണെന്ന് സ്വയം പറഞ്ഞുനടക്കുകയോ അഹങ്കരിക്കുകയോ ചെയ്തിട്ടില്ല അനൂപേട്ടന്‍. എന്റെ ചെറിയ ലോകത്തില്‍ എനിക്കറിയാവുന്ന കാര്യങ്ങളേ ഞാന്‍ എഴുതിവെച്ചിട്ടുള്ളൂ എന്ന് എല്ലായ്‌പ്പോഴും വിനയാന്വിതനായി. സ്വന്തം ജീവിതത്തോട് പുലര്‍ത്തിയ സത്യസന്ധതയും ആത്മാര്‍ത്ഥതയും അനൂപേട്ടന്റെ കഥകളിലും ഉണ്ടായിരുന്നു. ശിശുസഹജമായ നിഷ്‌കളങ്കത രചനകളില്‍ നിറഞ്ഞുനിന്നിരുന്നു. അനൂപേട്ടന്റെ മനസ് പോലെ കഥകളിലേറെയും സ്‌നേഹമായിരുന്നു വേരുകളാഴ്ത്തിയത്. ജീവിക്കുന്ന കാലത്തിന്റെ ഞരമ്പ് പിടിച്ച് അസുഖം പ്രവചിക്കുന്ന നന്മയുള്ള ഒരു ഡോക്ടറെ പ്പോലെയായിരിക്കണം എഴുത്തുകാരന്‍ എന്ന് അനൂപേട്ടന് നല്ല ബോധ്യമുണ്ടായിരുന്നു. മൂല്യങ്ങള്‍ കൊഴിയുന്ന കാലത്തിന്റെ സങ്കടക്കൂറുകള്‍ കഥകളിലേക്ക് നിരന്തരം കടന്നുവന്നു. അവഗണിക്കപ്പെട്ടവരും പരാജയപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരും അനൂപേട്ടന്റെ കഥകളിലൂടെ വായനക്കാരുടെ ഏകാന്തതകളിലേക്ക് കയറിവന്നു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, രൂപകം, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍, സുഗന്ധോദ്യാനം, ഡയാന ബ്യൂട്ടിപാലസ്, ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ എന്റെ ജീവിതം, പ്രതിഭാഗം എത്രയോ കഥകള്‍... ആശുപത്രിയില്‍ കിടക്കുമ്പോള്‍ ശരീരത്തളര്‍ച്ചയില്‍ കണ്ണുകളടയവെ ഓര്‍മയുടെ ക്രമഭംഗങ്ങള്‍ക്കിടയില്‍ അനൂപേട്ടന്‍ ആവര്‍ത്തിച്ചുപറയുകയുണ്ടായി: 'ജീവിതത്തില്‍ പരാജയപ്പെട്ടൊരു മനുഷ്യന്റെ കഥ ആരെഴുതി പൂര്‍ത്തിയാക്കും?' ജീവിതത്തില്‍ പരാജയപ്പെട്ടവരുടെ കഥയെഴുതാന്‍ അനൂപേട്ടന്‍ ഇനിയില്ല...

എല്ലാ ഫിലിംഫെസ്റ്റുകളിലും അനൂപേട്ടന്‍ തുടക്കം മുതല്‍ അവസാനം വരെയുണ്ടാവും. വൈകിയെത്തുന്ന എന്നോട് കാണേണ്ട സിനിമകളെക്കുറിച്ച് പറയും. മിക്കവരും ചര്‍ച്ചകളിലും പടവുകളിലും ഇരുന്ന് സമയം കളയുമ്പോള്‍ അനൂപേട്ടന്‍ ഒരു ദിവസം അഞ്ച് സിനിമകള്‍ കണ്ട് ഞങ്ങളെ അല്‍ഭുതപ്പെടുത്തും. ഫിലിം ഫെസ്റ്റിവല്‍ സമയത്ത് സൗജന്യമായി താമസിക്കാന്‍ വേണ്ടിയാണ് തിരുവനന്തപുരത്ത് നിന്നുള്ള സ്വീറ്റിയേച്ചിയെ പ്രേമിച്ച് കല്ല്യാണം കഴിച്ചതെന്ന് തമാശയായി പറയും ഇടയ്ക്കിടെ. സിനിമയോട് അനൂപേട്ടന് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നു. മിക്ക സിനിമകളും കാണും, കൃത്യമായി വിശകലനം ചെയ്യും. പൊട്ടാസ് ബോംബ് എന്ന സിനിമ ഞങ്ങള്‍ ഒന്നിച്ചുകാണുമ്പോള്‍ അനൂപേട്ടന്‍ ഏറെ വിവശനായിരുന്നു. ടൈറ്റിലുകള്‍ വരുമ്പോള്‍ സ്‌കീനില്‍ 'കടപ്പാടി'ല്‍ കൂട്ടത്തില്‍ അനൂപേട്ടന്റെ പേര് കണ്ട് ഞാന്‍ അനൂപേട്ടന്റെ മെലിഞ്ഞ കൈത്തണ്ട പിടിച്ചമര്‍ത്തി. അനൂപേട്ടന്‍ ഒന്നും മിണ്ടാതെ സ്‌ക്രീനിലേക്ക് നിസംഗനായി.

മലയാളത്തിലിറങ്ങുന്ന രചനകളെല്ലാം വായിക്കാന്‍ ശ്രമിക്കുമായിരുന്നു അനൂപേട്ടന്‍. പുതിയ എഴുത്തുകാരുടെ രചനകള്‍ നല്ലതാണെങ്കിലും മോശമാണെങ്കിലും അവരെ വിളിച്ചുസ്‌നേഹം പറയും. ചില പുസ്തകങ്ങള്‍ നീ വായിക്കണം എന്ന് പറയും ഇടയ്ക്കിടയ്ക്ക്. കോവൂരിലുള്ള വീട്ടില്‍ പോയപ്പോള്‍ വിലാസിനി തര്‍ജ്ജുമ ചെയ്ത പെഡ്രോപരാമോ തന്നു. 'മരണത്തിന്റെ പുസ്തകമാണ്.. ഇത്ര മനോഹരമായ തര്‍ജ്ജുമ ചെയ്യുന്ന ആരുണ്ടിപ്പോള്‍ എന്ന് അനൂപേട്ടന്‍ പറഞ്ഞതോര്‍മ വരുന്നു..' ആശുപത്രിയില്‍ കിടക്കവെ ഒരു സുഹൃത്തിനോട് അനൂപേട്ടന്‍ പറഞ്ഞത്രെ: 'കുറച്ച് പുസ്തകങ്ങള്‍ വായിക്കാനുണ്ട്.. അത് വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു....'

അനൂപേട്ടന്റെ മനസ് പോലെ അതിമനോഹരമായിരുന്നു അനൂപേട്ടന്റെ കയ്യക്ഷരവും. വളരെ വൃത്തിയില്‍ എഴുതിയ കുറേ കത്തുകള്‍ നാട്ടിലേക്ക് എന്നെത്തേടി വന്നിട്ടുണ്ട്. അത്രയും ഭംഗിയുള്ള കയ്യക്ഷരം കൊച്ചുബാവയുടേത് മാത്രമേ കണ്ടിട്ടുള്ളൂ. കയ്യക്ഷരം കിട്ടിയിരുന്നെങ്കിലെന്ന് അനൂപേട്ടനോട് കുശുമ്പ് കൂടിയുണ്ട് ഞാന്‍.

തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ അനൂപേട്ടന്‍. ഒരു പാട് എഴുതണമെന്നുണ്ടായിരുന്നു. എഴുതാന്‍ ഏറെയുണ്ടായിരുന്നു. പലതും ബാക്കിവെച്ച് അനൂപേട്ടന്‍ യാത്രയായി.. ഐസിയുവില്‍ ബോധത്തിനും അബോധത്തിനും ഇടയില്‍ അനൂപേട്ടന്‍ കിടക്കുമ്പോള്‍ ഞാന്‍ സ്വയം പറയും: 'ഒരു പാട് കഥകളുമായിട്ടുള്ള തിരിച്ചുവരവിന് മുമ്പുള്ള വിശ്രമമാണ്.. അത്രേയുള്ളൂ..' ഇമ്മ്യൂണിറ്റി കുറയുമ്പോള്‍, പള്‍സ് കിട്ടുന്നില്ല എന്ന് ഡോക്ടര്‍മാര്‍ നിസഹായരാകുമ്പോള്‍ മനസ് കൊണ്ടുറപ്പുവരുത്താന്‍ ശ്രമിക്കും: 'മടങ്ങിവരും അനൂപേട്ടന്‍.. ഞങ്ങളെയൊക്കെ വിട്ട് അങ്ങനെയങ്ങ് പോകാനാവുമോ അനൂപേട്ടന്...'

പ്രായോഗികമായി ജീവിക്കുന്നവരുടെ എണ്ണം വലുതായി വരുന്ന പുതിയ കാലത്ത് സ്‌നേഹിക്കാന്‍ മാത്രമറിയാവുന്നൊരു പഴയ മനുഷ്യനായിരുന്നു അനൂപേട്ടന്‍. ആള്‍ക്കൂട്ടത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ്, സ്‌നേഹത്തിന്റെ നന്മയുടെ വഴികളിലുടെ ഭൂമിയെ നോവിക്കാതെ നടന്നുപോയ ഒരു മനുഷ്യന്‍. ആരോടും ഒച്ചയുയര്‍ത്തിയില്ല, ആരെയും നോവിച്ചില്ല. അസുഖം കൊണ്ട് വലയുമ്പോഴും തന്റെ വേദനകള്‍ ആരോടും പങ്കുവെച്ചില്ല, പങ്കുവെയ്ക്കാനിഷ്ടപ്പെട്ടില്ല. മറ്റുള്ളവരുടെ വേദനകള്‍ കേട്ടുകൊണ്ട്, മറ്റുള്ളവരുടെ കഥകളും നോവലുകളും വായിച്ച് അഭിപ്രായം പറഞ്ഞ്, മറ്റുള്ളവരെ സ്വയം മറന്ന് സഹായിച്ച് വേദനകളെല്ലാം ഉള്ളിലൊതുക്കി. പരാജയപ്പെട്ടൊരു രാഷ്ട്രീയക്കാരനാണ് താനെന്ന് അനൂപേട്ടന്‍ പറയുമായിരുന്നു.

മരണം ഒഴിവാക്കാനാവാത്ത ഒരു യാഥാര്‍ഥ്യമാണ്, നന്മയുള്ള മനുഷ്യരോട് ദൈവത്തിനസൂയയാണ്, അതുകൊണ്ടാണ് പ്രായമെത്തുന്നതിന് മുമ്പേ അനൂപേട്ടനെ കൊണ്ടുപോയത് തുടങ്ങിയ പതിവുവാക്യങ്ങള്‍ പറഞ്ഞ് സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വൈകുന്നേരങ്ങളില്‍ ലോകത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് കോഴിക്കോട്ടെ ആള്‍ത്തിരക്കിലൂടെ നടക്കാന്‍, മസാലദോശയും ചായയും കുടിക്കാന്‍, സിനിമ കണ്ട് തര്‍ക്കിക്കാന്‍, രാത്രികളില്‍ സങ്കടങ്ങളെക്കുറിച്ച് പറയാന്‍, വായിച്ച കഥയെക്കുറിച്ച് സംശയം ചോദിക്കാന്‍, നടക്കാതെ പോകുന്ന സ്വപ്‌നങ്ങളെക്കുറിച്ച് സങ്കടപ്പെടാന്‍, അപകര്‍ഷതയിലും വിഷാദത്തിലും മുങ്ങവെ കൈ പിടിച്ച് അതൊന്നും 'ഒരു പ്രശ്‌നമല്ലടാ..' എന്നാശ്വസിപ്പിക്കാന്‍ ഇനിയൊരിക്കലും നിങ്ങളില്ലെന്ന് വിചാരിക്കുമ്പോള്‍.... അനൂപേട്ടാ.....
(മാധ്യമം ആഴ്ചപ്പതിപ്പ്)

ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍- കെ.വി.അനൂപ് എഴുതിയ കഥ