ചെറായി: യുവ ബ്ലോഗ് സുഹൃത്തുക്കളുടെ സ്വന്തം കഥാകൃത്ത് 'മനോ' എന്ന കെ.ആര്‍. മനോരാജ് (കണ്ണന്‍-37) ഇനി കണ്ണീരോര്‍മ. ചെറായി എസ്.എം. ഹൈസ്‌കൂളിന് സമീപം കുന്നപ്പിള്ളി വീട്ടിലായിരുന്നു അന്ത്യം. സി.ഐ.ഐ. ഗാര്‍ഡിയന്‍ ഇന്റര്‍നാഷണലിന്റെ കൊച്ചി യൂണിറ്റ് ജീവനക്കാരനായിരുന്നു.

'തേജസ്'
എന്ന ബ്ലോഗിലൂടെ 2009 മുതല്‍ ഓണ്‍ലൈന്‍ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം എഴുത്തും വായനയും ഇഷ്ടപ്പെടുന്ന, സുഹൃദ് ബന്ധങ്ങളെ ഏറെ വിലമതിക്കുന്ന, ഒരു ചെറായിക്കാരന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് ഫലപ്രദമായൊരു ഓണ്‍ലൈന്‍ കൂട്ടായ്മയുണ്ടാക്കിയത് പ്രധാനമായും മനോരാജ് ആയിരുന്നു. അക്ഷരങ്ങളെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന നിഷ്‌കളങ്കനായൊരു നാട്ടിന്‍പുറത്തുകാരന്റെ പ്രകാശപൂര്‍ണമായ ചിരിയായിരുന്നു ഓണ്‍ലൈന്‍ കൂട്ടായ്മകളിലെ നൂറുകണക്കിനാളുകള്‍ക്കെന്നും മനോരാജ്.

'പുസ്തക വിചാരം'
എന്ന ബ്ലോഗില്‍ മലയാളത്തിലിറങ്ങുന്ന ഏറ്റവും പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള റിവ്യൂകള്‍ ഒട്ടും വൈകാതെ പ്രസിദ്ധീകരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു സ്‌നേഹിതരുടെ സ്വന്തം മനോ.

പുസ്തകവിചാരം, തേജസ് എന്നീ ബ്ലോഗുകളിലെ പുസ്തക നിരൂപണക്കുറിപ്പുകള്‍ കണ്ടാണ് കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് വായനക്കാര്‍ പുതിയ പുസ്തകങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നത്. മികച്ച വായനക്കാരെയും എഴുത്തുകാരെയും ഒരുമിപ്പിച്ച് ഫലപ്രദമായ ഓണ്‍ലൈന്‍ പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

ഏതാനും വര്‍ഷം മുമ്പ് മലയാളം ബ്ലോഗെഴുത്തും ബ്ലോഗ് കൂട്ടായ്മകളും സജീവമായപ്പോള്‍ എല്ലായിടത്തും അണിയറക്കാരനായി മനോരാജ് ഉണ്ടായിരുന്നു. മലയാളം ബ്ലോഗിലെ രചനകള്‍ സമാഹരിച്ച് ബൃഹത്തായൊരു ബ്ലോഗെഴുത്ത് സുവനീര്‍ തയ്യാറാക്കിയതിനു പിന്നിലും മനോരാജായിരുന്നു. പുസ്തകങ്ങളോടുള്ള സ്‌നേഹം കൊണ്ടു മാത്രമാണ് മനോരാജ് കൃതി ബുക്‌സ് എന്നൊരു പ്രസിദ്ധീകരണ സംരംഭത്തിനു തുടക്കമിട്ടതും.

'ജീവിതത്തിന്റെ ബാന്റ് വിഡ്തില്‍ നിന്നൊരു കാക്ക' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. 'നൃശംസതകള്‍ മാത്രം നിറയുന്ന ലോകത്ത് മനുഷ്യന്റെ നന്മയും സ്‌നേഹവും കാരുണ്യവും പേര്‍ത്തും ആവിഷ്‌കരിച്ചു കൊണ്ട് പ്രതിരോധം സൃഷ്ടിക്കുകയാണ് മനോരാജ്' എന്നാണ് പുസ്തതകത്തെക്കുറിച്ച് കെ.പി. രാമനുണ്ണി എഴുതുന്നത്.

രോഗം വല്ലാതെ ബുദ്ധിമുട്ടിച്ചതോടെ, ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായത് ഒരവസരമായിട്ടാണ് മനോരാജ് കണ്ടത്. ഏതാനും മാസങ്ങളായി രോഗം മൂലം ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. കേരള കൗമുദി വാരിക (2014), ഈസ്റ്റ് കോസ്റ്റ് (2012), ബൂലോകം ഓണ്‍ലൈന്‍ തുടങ്ങിയവയുടെ കഥാ മത്സരങ്ങളിലടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാട്ടുപച്ച, തര്‍ജനി, മാതൃഭൂമി ഓണ്‍ലൈന്‍, കണിക്കൊന്ന, പുഴ, വര്‍ത്തമാനം പത്രം തുടങ്ങി ഓണ്‍ലൈന്‍ ഇടങ്ങളിലൊക്കെ സാന്നിധ്യമായിരുന്നു.

ഭാര്യ: എടവനക്കാട് വാച്ചാക്കല്‍ തുണ്ടിയില്‍ കുടുംബാംഗം ട്വിന്‍ഷ (തേജസ് മെഡിക്കല്‍സ്). മകന്‍: തേജസ് (രണ്ടാം ക്ലാസ് വിദ്യാര്‍ഥി, ജ്യോതിര്‍മയ വിദ്യാഭവന്‍, പറവൂര്‍). പിതാവ്: പരേതനായ രാജന്‍ (വൈദ്യുതി വകുപ്പ്). മാതാവ് : മനോന്മണി (റിട്ട. അധ്യാപിക). സഞ്ചയനം: ഒക്ടോബര്‍ രണ്ടിന് രാവിലെ 8ന്.

പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ അനുശോചന യോഗം നടന്നു.

മനോരാജിന്റെ ബ്ലോഗ്