കഴിഞ്ഞ ദിവസം 94-ാമത്തെ വയസ്സില്‍ അന്തരിച്ച എഴുത്തുകാരി പി.ഡി.ജെയിംസിനെക്കുറിച്ച്


പി.ഡി.ജെയിംസിന്റെ പുസ്തകം ആദ്യമായി കയ്യിലെടുത്തപ്പോള്‍ അവര്‍ ഒരു സ്ത്രീയാണെന്ന് അറിയുമായിരുന്നില്ല. മലയാള രീതിയിലുള്ള ഇത്തരമൊരു പേരിന് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നില്ല അവര്‍. ഫില്ലിസ് ഡൊറോത്തി ജെയിംസ് എന്ന പി.ഡി.ജെയിംസ് അഗതാ ക്രിസ്റ്റിക്കു ശേഷം ഇംഗ്ലീഷില്‍ കുറ്റകഥകളുടെ റാണിയായി അറിയപ്പെട്ടു. സാമ്പ്രദായികമായ രീതിയില്‍ കുറ്റകഥകളാണ് അവര്‍ എഴുതിയിരുന്നതെങ്കിലും സാഹിത്യ രചനകളുടെ മൂല്യങ്ങള്‍ അവരുടെ നോവലുകള്‍ സ്വാംശീകരിച്ചിരുന്നു. എന്നാല്‍ കൊലകള്‍,തുടര്‍ന്നുള്ള അന്വേഷണം,കുരുക്കഴിക്കല്‍ അതിന്റെ പരിണാമം എന്നിങ്ങനെ ആ ഗണത്തില്‍ പെടുന്ന രചനകളുടെ സമ്പ്രദായം പിന്തുടരുന്ന കഥകളുമാണ് അവ. പാരമ്പര്യ രീതിയില്‍ ഒരു സ്ഥിരം അന്വേഷകനെയും ,ഇന്‍സ്‌പെകടര്‍ ആഡം ഡാള്‍ഗ്ലീഷ്,അവര്‍ കഥകളില്‍ പ്രതിഷ്ഠിച്ചു. രണ്ടു നോവലുകളില്‍ വനിത ഡിറ്റക്ടീവ് ആയ കോര്‍ഡീലിയ ഗ്രേ കുടി കടന്നുവന്നുവെങ്കിലും ആ കഥാപാത്രത്തെ അവര്‍ പിന്നീട് അവതരിപ്പിക്കുകയൂണ്ടായില്ല. കഥകളുടെ ടി.വി.രൂപത്തില്‍ ഈ കഥാപാത്രത്തിന്റെ രൂപ ഭാവങ്ങള്‍ മാറ്റി മറിച്ചതു കൊണ്ടായിരുന്നുവത്രെ ഇത്.

കുറ്റകഥകളുടെയും സാഹിത്യ നോവലുകളുടെയും ഇടയില്‍ ഒരു ഇടമുണ്ടെങ്കില്‍ അവിടെയാവും പി.ഡി.ജെയിംസിന്റെ കഥകള്‍ സ്ഥാനം തേടുന്നത്. എന്നാല്‍ അവ കുറ്റകഥകളാണ് താനും. സാഹിത്യാംശങ്ങള്‍ ഏറിയോ കുറഞ്ഞോ നില്‍ക്കുന്നതിനനുസരിച്ച് കഥകള്‍ കുറ്റാന്വേഷണത്തിന്റെ ഭാഗത്തേക്കോ സാഹിത്യത്തിന്റെ ഭാഗത്തേക്കോ ചാഞ്ഞു നില്‍ക്കുന്നു. ചിലപ്പോള്‍ ഇവയിലേതാണ് ഇത് എന്ന് തിരിച്ചറിയുക പ്രയാസകരമാണ് വായനക്കാരന്. ഉംബര്‍ട്ടോ എക്കോയുടെ 'നെയിം ഓഫ് ദ റോസ്' കുറ്റാന്വേഷണ കഥയായും വായിക്കാം. എന്നാല്‍ മധ്യകാലത്തെ സന്യാസി മഠവും മതസ്​പര്‍ധയും അവിടത്തെ ഗ്രന്ഥപ്പുരയും ഒക്കെയാണ് കഥയ്ക്ക് റോസാപ്പൂവിന്റെ മണം നല്‍കുന്നത്. രഹസ്യങ്ങളുടെ കുരുക്കഴിയുന്നതിലെ രസം തന്നെയാകണം എത്രയോ കാലമായി കുറ്റാന്വേഷണ കഥകളിലേക്ക് വായനക്കാരെ അടുപ്പിക്കുന്നത്. എന്നാല്‍ കഥ മാത്രമല്ല കാര്യം,കഥന രീതി കൂടിയാണ്. മോശപ്പെട്ട എഴുത്തിനെ പ്ലോട്ട് കൊണ്ട് മറച്ചുപിടിക്കാനാവില്ലെന്ന് ജെയിംസ് കരുതി.

വലിയ പ്രശസ്തി നേടിയവയാണ് കെയ്‌ഗോ ഹിഗാഷിനോ എന്ന ജാപ്പനീസ് നോവലിസ്റ്റിന്റെ 'ദി ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ്' 'സാല്‍വേഷന്‍ ഓഫ് എ സെയിന്റ്' എന്നിവ. 'സസ്‌പെക്ട് എക്‌സ്' അടുത്തിടെ വലിയ തോതില്‍ കാണികളെ നേടിയ ഒരു മലയാള സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടോ എന്ന് അന്വേഷിച്ചു നോക്കാവുന്നതാണ്. എന്നാല്‍ അവ നല്ല വായനാണനുഭവമായിരുന്നില്ല. പ്ലോട്ടുണ്ട് എന്നാല്‍ അവയില്‍ ജാപ്പനീസ് സമൂഹം, അവിടത്തെ നഗരങ്ങള്‍, തിരക്ക്, വാഹനങ്ങള്‍, സര്‍ക്കാര്‍ സംവിധാനം, പൊതുവെ ജീവിതം എത്ര മാത്രം ഉണ്ട് എന്ന് ചോദിച്ചാല്‍ കുറവാണ് എന്നാണ് ഉത്തരം. മറ്റൊരു ദേശത്തെ വായനക്കാരനെ മുന്നില്‍ കാണാത്തതു കൊണ്ടു മാത്രമായിരിക്കില്ല ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുക. ഒരു പക്ഷെ എഴുത്തുകാരന്‍ ആ ഭാഷയിലെ രചനകളുട ഒരു സമ്പ്രദായം പിന്തുടര്‍ന്നതാവാം. എന്നാല്‍ പി.ഡി. ജെയിംസിന്റെ കഥകള്‍ ഈ വഴിയല്ല പിന്തുടരുന്നത്. ക്രൈം നോവലുകള്‍ക്ക് നിശ്ചയിക്കപ്പെട്ട നിയന്ത്രണങ്ങളും രീതികളും സമ്പ്രദായങ്ങളും സ്വീകരിച്ചു കൊണ്ടു തന്നെ ഗൗരവത്തോടെയുള്ള നോവല്‍ രചിക്കാമെന്ന് അവര്‍ കരുതുകയും അങ്ങനെസാധ്യമാണെന്ന് തെളിയിക്കുകയും ചെയ്തു. രസകരമായ വായനയ്ക്ക് കയ്യിലെടുക്കാവുന്ന ഡിറ്റക്ടീവ് നോവല്‍ നല്ല നോവല്‍ കുടിയായിരിക്കണം എന്ന പക്ഷക്കാരിയായിരുന്നു അവര്‍. അത് അവര്‍ പാലിക്കാന്‍ ശ്രമിച്ചിരുന്നു.

സാഹിത്യ നോവലുകള്‍ രചിക്കുന്നതിന് മുന്നോടിയായാണ് ഫില്ലിസ് 'കവര്‍ ഹെര്‍ ഫെയ്‌സ്' എന്ന ആദ്യ നോവല്‍ രചിച്ചത്. പ്രശസ്തരായ ഫേബര്‍ ആന്റ് ഫേബര്‍ അത് പ്രസിദ്ധീകരിച്ച ശേഷം അവര്‍ ഈ മണ്ഡലത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. ജോലിക്ക് പോകും മുമ്പ് രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് രണ്ടു വര്‍ഷം കൊണ്ട് എഴുതിത്തീര്‍ത്തതായിരുന്നു ഈ കൃതി. സ്ത്രീകളായ എഴുത്തുകാര്‍ക്ക് എവിടെയും നേരിടേണ്ടി വരാവുന്ന കടമ്പകള്‍ ഫില്ലിസിന്റെ മുന്നിലും ഉയര്‍ന്നിരുന്നു. ബൂദ്ധിമതിയായിരുന്നുവെങ്കിലും ഹൈസ്‌ക്കൂളിനപ്പുറംം ഫില്ലിസിന്റെ ഔപചാരിക വിദ്യാഭ്യാസം മുന്നേറുകയുണ്ടായില്ല.പെണ്‍കുട്ടികള്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കേണ്ടെന്ന അഭിപ്രായമായിരുന്നു അച്ഛന്. രണ്ടാം യുദ്ധകാലത്ത് മാഞ്ചസ്റ്ററില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകായിരുന്നു ഫില്ലിസിന്റെ ജോലി.അവര്‍ ഒരു ഡോക്ടറെയാണ് വിവാഹം ചെയ്തത്.രണ്ടാം ലോക യുദ്ധ വേദിയില്‍ നിന്ന് മാനസിക പ്രശ്‌നങ്ങളുമായാണ് അദ്ദേഹം തിരിച്ചു വന്നത്.രണ്ട് കുട്ടികളെ നോക്കുന്നതിനു പുറമെ ഈ ബുദ്ധിമുട്ട് കൂടി അവരുടെ ജീവിതത്തില്‍ ഇരുണ്ട നിറങ്ങള്‍ കലര്‍ത്തിയിരിക്കണം.ബ്രീട്ടീഷ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ജോലി കിട്ടിയ ശേഷം അവര്‍ വിവിധ ചുമതലകള്‍ വഹിക്കുകയുണ്ടായി.നേഷണല്‍ ഹെല്‍ത്ത് സര്‍വീസിലായിരുന്നു അവര്‍ ആദ്യം ജോലി ചെയ്തത്.തുടര്‍ന്ന് പോലീസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് സര്‍വീസിലും ക്രിമിനല്‍ പോളിസി വിഭാഗത്തിലും അവര്‍ പ്രവര്‍ത്തിച്ചു.

നീലകണ്ഠന്‍ പരമാരയ്‌ക്കോ കോട്ടയം പുഷ്പനാഥിനോ ഒരിക്കലും സ്വപ്‌നം കാണാന്‍ വയ്യാത്ത തരത്തിലുള്ള അംഗീകാരങ്ങള്‍ പി.ഡി.ജെയിംസിനെ തേടിയെത്തുകയുണ്ടായി.പ്രഭ്വിയുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട് അവര്‍ അതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ പ്രഭു സഭയില്‍ അംഗമായി .ബി.ബി.സി.യുടെ ഭരണ സമിതിയില്‍ പെടുന്നതിനോ ബുക്കര്‍ പ്രൈസ് നിശ്ചയിക്കുന്ന സമിതിയില്‍ അംഗമാകുന്നതിനോ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവോ കുറ്റകഥകളുടെ സൃഷ്ടാവ് എന്ന പേരോ അവര്‍ക്ക് തടസ്സമായില്ല.എഴുത്തുകാരി എന്ന പദവി മാത്രമാണ് അവരെ ഇവിടങ്ങളിലേക്കൊക്കെ എത്തിച്ചത്..

കുറ്റകൃത്യങ്ങളെ പന്‍പറ്റി നന്മ തിന്മകളെക്കുറിച്ച് ആലോചിക്കുവാനും സമുഹത്തിന്റെ അവസ്ഥയെ വിചാരണ ചെയ്യുവാനും കുററകഥകള്‍ എമ്പാടും അവസരങ്ങള്‍ തുറന്നിടുന്നുവെങ്കിലും മലയാളികളുടെ സാധാരണ ജീവിത പരിസരങ്ങളുമായി ബന്ധമുള്ള നല്ല കുറ്റകഥകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. സിനിമകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ടെങ്കിലും. നമ്മുടെ ബോധ്യങ്ങള്‍ മാറ്റിവെച്ചു കൊണ്ടാണ് നാം സിനിമ കാണാന്‍ ഇരിക്കുന്നത് എന്നതു കൊണ്ട് സിനിമയില്‍ ഇത് എളുപ്പമായെന്നു വരാം.സിനിമയിലെ കോടതിയല്ലല്ലോ യഥാര്‍ത്ഥ കോടതി.ശരിയായ അന്വേഷണ നടപടികളെക്കുറിച്ചുള്ള അറിവില്ലായ്മ,നിയമ പരിഞ്ജാനത്തിന്റെ കുറവ് , മടി ഇവയൊക്കെ നല്ല നോവലുകളുടെ പിറവിക്ക് തടസ്സമാവുന്ന കാരണങ്ങളാകാം.ഇന്ത്യയിലെ മറ്റു ഭാഷകളിലും ഇതാണോ സ്ഥിതിയെന്ന് അറിയില്ല. മുംബൈ അധോലോകം വളരെ വലുതാണെന്ന് നമുക്കറിയാം.വിക്രം ചന്ദ്ര അതേക്കുറിച്ച് എഴുതിയ 'സേക്രഡ് ഗെയിംസ്' പ്രശസ്തമാണ്.എന്നാല്‍ മറ്റൊരു തരം നോവലുകള്‍ എഴുതി അഖിലേന്ത്യ പ്രശസ്തി ആര്‍ജിച്ചിട്ടുള്ള ചേതന്‍ ഭഗത്തിന്റെ രചനകള്‍ക്ക് സമാന്തരമായി, കുറ്റ കൃത്യങ്ങള്‍ അരങ്ങേറുന്ന വേദിയില്‍ നിന്ന് കഥകള്‍ കണ്ടെടുക്കാന്‍ ഇന്ത്യയില്‍ ഇംഗ്ലീഷില്‍ എഴുതുന്നവരുടെ കൂട്ടത്തില്‍ നിന്നും എഴുത്തുകാര്‍ ഉണ്ടാവുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടണ്ടത്. അതിന് വ്യാപാര സാധ്യതകള്‍ ഉണ്ടായിട്ടും.ഇംഗ്ലീഷുകാരനായ എച്ച്.ആര്‍.എഫ്.കീറ്റിംഗിന്റെ കുറ്റകഥകളുടെ പശ്ചാത്തലം മുംബൈ ആണ്. ഇന്‍സ്‌പെക്ടര്‍ ഘോട്ടെ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. എന്നാല്‍ ഈ നോവലുകള്‍ രചിയ്ക്കും മുമ്പ് കീറ്റിംഗ് മുംബൈയില്‍ അഥവാ ബോംബെയില്‍ കാല്‍ കുത്തിയിട്ടു പോലുമുണ്ടായിരുന്നില്ല.അദ്ദേഹം തന്റെ കഥകളുടെ രംഗ ഭൂമി നേരിട്ടു കാണുമ്പോഴേക്കും പുസ്തകങ്ങള്‍ വില്‍ക്കാനും വായനക്കാര്‍ അവ വായിക്കാനും തുടങ്ങിയിരുന്നു.